മഞ്ഞുരുകും കാലം : ഭാഗം 43

Manjurukumkalam

രചന: ഷംസീന

ദീപുവിന് നാളത്തെ ക്ലാസ്സ്‌ ടെസ്റ്റിനുള്ളത് പഠിക്കുമ്പോഴാണ് അമ്മ ഫോണുമായി വന്നത്.... "ഗോപുവാണ് നിന്നോടെന്തോ പറയാനുണ്ടെന്ന്... " രാധ ഫോൺ അവന്റെ കയ്യിൽ കൊടുത്ത് അവിടെ നിന്നും പോയി... ഇവനെന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നതെന്ന് ചിന്തിച്ചു കൊണ്ട് ദീപു ഫോൺ ചെവിയോട് ചേർത്തു... "ഹലോ... " ദീപു ഗൗരവത്തിൽ തന്നെ ചോദിച്ചു... "നീ മനുഷ്യനെ കടിച്ചു കീറുവോ... " അവന്റെ ശബ്‍ദത്തിലെ ഗൗരവം മനസ്സിലാക്കിയ ഗോപു ചോദിച്ചു... "വേണ്ടിവന്നാൽ... അല്ല നീ വിളിച്ച കാര്യം പറ... " ഗോപേട്ടാ എന്ന് വിളിച്ചിരുന്ന ദീപു രണ്ട് ദിവസം അവനോടൊപ്പം ഇടപഴകയപ്പോൾ അത് എടാ പോടാ എന്ന ബന്ധത്തിലേക്ക് വരെയെത്തി... പണമില്ലാ എന്നുള്ള അപകർഷാ ബോധം കൊണ്ട് സുഹൃത്ത് ബന്ധങ്ങൾ പോലും നന്നേ കുറവായിരുന്നു ദീപുവിന്... അതിന് പകരമായി ദൈവം കൊടുത്തതാണ് ദീപുവിനെ എന്നാണ് അവൻ വിശ്വസിക്കുന്നത്... "അതുണ്ടല്ലോ നിന്റെ പെങ്ങളെവിടെ...? " "എന്റെ പെങ്ങളല്ലേ നിന്റെ വീട്ടിലുള്ളത്... "

ഗോപു ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായെങ്കിലും ദീപു അവനെ കളിപ്പിക്കാനായി ചോദിച്ചു... "എടാ അത് നിന്റെ ചേച്ചി,, ഞാൻ നിന്റെ അനിയത്തിയുടെ കാര്യമാണ് ചോദിച്ചത്... പറഞ്ഞു വരുമ്പോ എന്റെ ഭാവി വധുവായി വരും... " ഗോപു നാണത്തോടെ പറഞ്ഞു.. "എന്തോ...എങ്ങനെ.. നിന്റെ പൂതി കൊള്ളാലോ... പൊന്നുമോനെ ഇതൊന്നും നടക്കാൻ പോണില്ല... കാശിയേട്ടൻ അറിഞ്ഞാൽ മുളയിലേ നുള്ളികളയും നിന്റെ ഈ പ്രേമത്തെ..." "വളർന്നു വരുന്ന കാമുകനെ നീ തുടക്കത്തിലേ തല്ലിക്കെടുത്തല്ലെ... നീയൊന്ന് ആലോചിച്ചു നോക്ക്... നിന്റെ രണ്ട് പെങ്ങന്മാരും ഒരു വീട്ടിൽ ആവുമ്പോ നിനക്ക് അവരെ കാണാൻ വരുന്നതിന്റെ വണ്ടിക്കൂലി ലഭിക്കാമല്ലോ..." ഗോപുവിന്റെ ഉപായം കേട്ട് സത്യം പറഞ്ഞാൽ ദീപുവിന് ചിരി വരുന്നുണ്ടായിരുന്നു... എന്നാൽ ഇപ്പോൾ ചിരിക്കുന്നത് തടിക്ക് നല്ലതല്ലെന്നവന് നന്നായി അറിയാം...

"അങ്ങനെയുള്ള ഒരു ലാഭവും എനിക്ക് വേണ്ട മോനേ... നീ ഫോൺ വെച്ചേ എനിക്കെ ഒത്തിരി പഠിക്കാനുണ്ട്.... " "ഓ നീ വലിയൊരു പഠിപ്പിസ്റ്റ്... ഞാനും പ്ലസ് ടു ഒക്കെ കഴിഞ്ഞ ഇവിടെ വരെയെത്തിയത്.. ആ എന്നോട് നീ പഠിപ്പിനെ കുറിച്ചൊന്നും പറയേണ്ടാ.. " "ആയിക്കോട്ടെ ബോസ്സ്...പിന്നെയുണ്ടല്ലോ.. " ദീപു വേറെന്തോ പറയാൻ വന്നപ്പോഴേക്കും ദിവ്യ ഫോൺ തട്ടിപ്പറിച്ചു കാൾ സ്പീക്കറിൽ ഇട്ടിരുന്നു... "ശൂ.. " അവൾ ചുണ്ടിനു കുറുകെ ചൂടുവിരൽ വെച്ച് മിണ്ടരുതെന്ന് കാണിച്ചു... "ഹലോ.. ദീപു നീയെന്താടാ പറയാൻ വന്നത്..." ദീപുവിന്റെ ശബ്‍ദമൊന്നും കേൾക്കാതായപ്പോൾ ഗോപു ചോദിച്ചു... "ഏയ്‌ ഒന്നുമില്ല നീ പറഞ്ഞോ... " ദീപു ദിവ്യയെ നോക്കി പേടിയോടെ പറഞ്ഞു... "ആ ഞാൻ പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാൽ... നിന്റെ പെങ്ങളെ നീ എനിക്ക് കെട്ടിച്ചു തരുവാണേൽ സ്ത്രീധനമായിട്ട് ഒന്നും തരേണ്ട.. സ്ത്രീ തന്നെയാണ് ധനം എന്നാണല്ലോ പഴമക്കാർ പറയുന്നത്..

പിന്നെ നീ നിന്റെ പെങ്ങന്മാരെ കാണാൻ വരുമ്പോൾ അവരോടൊപ്പം ഇവിടെ നിന്നൊ... നിന്റെ ഭാര്യയേയും പിള്ളേരേയും കൂട്ടിക്കോ...നോ പ്രോബ്ലം..." ഇതെല്ലാം കേട്ട ദിവ്യ ദീപുവിനെ തുറിച്ചു നോക്കി കൊണ്ടിരുന്നു... "നീ തീർന്നെടാ ഗോപു... " അവൻ ഗോപുവിനെ മനസ്സിൽ നന്നായൊന്ന് സ്മരിച്ചു... "എടാ നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ... " "പിന്നെ എല്ലാം നല്ലത് പോലെ ക്ലിയർ ആയി തന്നെ കേൾക്കുന്നുണ്ട്... ഇനി കല്യാണം എപ്പോ വേണമെന്ന് മാത്രം ചേട്ടൻ പറഞ്ഞാൽ മതി..." ഗോപുവിനുള്ള മറുപടി ദിവ്യ കൊടുത്തതും ആട് ക പോലുമില്ലെന്ന് പറയുന്നത് പോലെ അവൻ ഫോൺ കട്ട്‌ ചെയ്ത് പോയിരുന്നു.... "അപ്പൊ ഇതാണല്ലേ രണ്ട് പേരുടെയും പരിപാടി... നിനക്കെന്ത് കമ്മീഷൻ കിട്ടിയെടാ എന്നെ വളക്കാൻ... " ദിവ്യ അവനു നേരെ ശബ്‍ദമുയർത്തി... "അയ്യോ, എന്റെ പൊന്നു ദിവ്യേ നീ പതിയെ പറ.. അച്ഛനെങ്ങാനും കേട്ട് കൊണ്ടു വന്നാൽ പിന്നെ എല്ലാം തീർന്നു... " ദീപു ഭയത്തോടെ ചുറ്റും നോക്കി... ചുമരുകൾക്ക് പോലും ചെവിയുള്ള കാലമല്ലേ...

"എന്നാൽ സത്യം പറ എന്ന് തുടങ്ങിയതാ അങ്ങേർക്ക് എന്നോടുള്ള പ്രേമം... " ദിവ്യ അവനെ നോക്കി കണ്ണുരുട്ടി... "എന്ന് മുതലാണെന്നൊന്നും എനിക്കറിയില്ല,, എന്നോട് ഈയടുത്താണ് പറയുന്നേ... അപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് ഇതൊന്നും നടപടിയാവുന്നതല്ലെന്ന്... കേൾക്കണ്ടേ ഇനി അനുഭവിച്ചോട്ടെ.... " ദീപു അവനെ കയ്യൊഴിഞ്ഞത് പോലെ അഭിനയിച്ചു... "അനുഭവിക്കാൻ ഒന്നുമില്ല,, ഞാൻ നാളെ കാശ്യേട്ടന് വിളിക്കുന്നുണ്ട്... പുന്നാര അനിയന്മാരുടെ ലീലാവിലാസങ്ങൾ പറയാൻ... " "ദിവ്യേ നീ വേണ്ടാത്തതൊന്നും ചിന്തിക്കല്ലേ.... പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ...!" അവൻ കെഞ്ചി കൊണ്ടിരുന്നു... എന്നിട്ടും ദിവ്യ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല.... ദീപു ഇതേ കാര്യം തന്നെ ആവർത്തിച്ചപ്പോൾ അവൾ അവന്റെ മുന്നിലേക്കൊരു കണ്ടീഷൻ വെച്ചു... "സമ്മതിച്ചു ഞാൻ പറയുന്നില്ല,, പകരം നീയെനിക്കൊരു ഹെല്പ് ചെയ്യണം..." "എന്ത് ഹെല്പ്... " ക്ഷമ നശിച്ചവൻ ചോദിച്ചു.... "ഹാ പറയാടാ... നാളെ വെക്കേണ്ട അസ്സിഗ്മെന്റ് ഉണ്ടല്ലോ അത് നീയെനിക്ക് ചെയ്ത് തരണം ഇത്രേ ഉള്ളൂ സിംപിൾ..."

"ഇത്രേ ഉള്ളൂ അല്ലേ..." ദീപു ദയനീയമായി ചോദിച്ചതും അവൾ തിരിച്ചു ഇളിച്ചു കാട്ടി... "കുട്ടിപിശാഷ് അവസരം മുതലെടുക്കുകയാ..." അവൾ അപ്പുറത്തേക്ക് പോയതും അവൻ മനസ്സിൽ പറഞ്ഞു... കുറച്ചു സമയത്തിനുള്ളിൽ തന്നെ ദിവ്യ ഒരു ലോഡ് പേപ്പറുമായി തിരികെ വന്നു... "എന്നാൽ പണി തുടങ്ങിക്കോ...ഞാനൊന്ന് ഉറങ്ങട്ടെ ഭയങ്കര ക്ഷീണം... രാവിലെ കാണാവേ,, ഗുഡ് നൈറ്റ്‌..." ദീപുവിനെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് ദിവ്യ ഉറങ്ങാൻ പോയി... "എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു ഗോപു... " അവൻ ഗോപുവിനെ നന്നായൊന്ന് സ്മരിച്ചു അസ്സിഗ്മെന്റ് എഴുതാനായി തുടങ്ങി.... ***** ദിവസങ്ങൾക്ക് ശേഷം.... ഓരോരുത്തരും അവരവരുടെ തിരക്കുകളിലേക്ക് ഊളിയിട്ടു.... ദീപുവും ദിവ്യയും ഇപ്പോൾ പ്ലസ്ടുവാണ്... ഗോപു ഡിഗ്രി ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് സപ്ലിയൊന്നുമില്ലാതെ കംപ്ലീറ്റ് ചെയ്തു...

കാശിയെ പോലെ എം ബി എ എടുത്ത് ബിസിനെസ്സ് രംഗത്തേക്ക് ചുവടുറപ്പിക്കാൻ തന്നെയാണ് അവന്റെയും തീരുമാനം.....മാഷിപ്പോൾ സ്വന്തമായൊരു വരുമാന മാർഗത്തിനായി വീട്ടിൽ വെച്ച് തന്നെ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് ട്യൂഷൻ എടുത്ത് കൊടുക്കുന്നുണ്ട്... ആദ്യമൊക്കെ കുട്ടികൾ കുറവായിരുന്നു എങ്കിലും ഇപ്പോൾ ഇരുപത്തിയഞ്ചിൽ അധികം കുട്ടികൾക്ക് മാഷ് അറിവ് പകർന്നു നൽകുന്നുണ്ട്... കാശി പുതിയ ഷോപ്പിന്റെ വർക്കുകളുടെ തിരക്കിലാണ്... അന്ന് പണം കൊടുത്തതിനു ശേഷം നീലിമയുടെ വിവരമൊന്നും ഉണ്ടായിട്ടിണെന്കാശിയും അവളെ കുറിച്ചാന്യോഷിക്കാൻ ശ്രമിച്ചില്ല... "താനെന്താടോ ഇന്ന് എഴുന്നേൽക്കുന്നൊന്നും ഇല്ലെ..? ഓഫീസിൽ പോവേണ്ടതല്ലേ..." കടയിലേക്ക് പോകാൻ റെഡിയായ വിഷ്ണു കട്ടിലിൽ ചുരുണ്ട് കൂടി കിടക്കുന്ന ശ്രുതിയെ നോക്കി ചോദിച്ചു...

"ഇന്ന് വയ്യ വിഷ്ണുവേട്ടാ... മേലാകെ ഒരു കുളിരും തണുപ്പും... " അവൾ പുതപ്പ് ശരീരത്തിലേക്ക് ഒന്നുകൂടെ വലിച്ചിട്ടു... "ഇതിന് പച്ച മലയാളത്തിൽ മടി എന്ന് പറയും... " അവൻ തമാശ രൂപേണ പറഞ്ഞു... "ഒന്ന് പോയേ വിഷ്ണുവേട്ടാ ഇത് അതൊന്നും അല്ല,, രണ്ട് ദിവസമായി വല്ലാത്ത ക്ഷീണവും മടുപ്പുമൊക്കെയാ... " അവൾ അവശതയോടെ എഴുന്നേറ്റിരുന്നു... "അത് തനിക്ക് തോന്നുന്നതാവും... കുളിച്ചൊന്ന് ഫ്രഷായാൽ എല്ലാ ക്ഷീണവും പമ്പ കടക്കും... എന്നിട്ട് ഓഫീസിൽ പോവാൻ നോക്കിക്കേ..." വിഷ്ണു അവളെ കട്ടിലിൽ നിന്നും എഴുന്നേൽപ്പിക്കാൻ നോക്കി.... "വയ്യാത്തോണ്ടല്ലേ വിഷ്ണുവേട്ടാ... ഞാൻ നാളെ പൊക്കോളാം ഓഫീസിൽ ഇന്ന് ലീവാണെന്ന് പറഞ്ഞിട്ടാണ് ഇന്നലെയെ ഓഫീസിൽ നിന്ന് പോന്നത്... " അവൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി... "ആഹാ,,അപ്പൊ എല്ലാം പ്ലാൻ ചെയ്തിട്ടുള്ള ഇരിപ്പാണല്ലേ...

എന്തായാലും ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു... ഇനിയും ഇത്പോലെ മടിപിടിച്ചു ഓഫീസിൽ പോവാതിരുന്നാൽ ഞാൻ വടിയെടുക്കും..." കപട ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് വിഷ്ണു അവളുടെ നെറ്റിയിലൊരു കുഞ്ഞുമ്മയും കൊടുത്ത് കടയിലേക്ക് പോയി.... പല്ല് തേപ്പും കുളിയുമെല്ലാം കഴിഞ്ഞ് അടുക്കളയിലേക്കെത്തിയ ശ്രുതി അവിടെ നിന്ന് ദോശ ചുടുന്ന സുധയെ കണ്ടതും പരുങ്ങി .... "പരുങ്ങുകയൊന്നും വേണ്ടാ വിഷ്‌ണു എന്നോട് പറഞ്ഞു നിനക്ക് വയ്യായ്കയോ മറ്റോ ആണെന്ന്... അതുകൊണ്ട് ഞാൻ തന്നെ അടുക്കളയിൽ കയറാമെന്ന് വിചാരിച്ചു..." പരിഭവമേതുമില്ലാതെ സുധ പറഞ്ഞു... "ഇനി ഞാൻ ചെയ്‌തോളാം അമ്മ മുറിയിലേക്ക് അടുത്തേക്ക് പൊക്കോളൂ..." അവൾ സുധയുടെ കയ്യിൽ നിന്നും സ്പൂൺ വാങ്ങി ദോശയിലേക്ക് നെയ്യൊഴിച്ചു... നെയ്യ് ദോശയിൽ കിടന്ന് മൊരിയുന്ന മണം അവളുടെ നാസികയിലേക്ക് കയറിയതും വാ പൊത്തി പിടിച്ചു കൊണ്ടവൾ പുറത്തേക്കോടി..

ഇതെന്ത് കൂത്ത് എന്ന് ചിന്തിച്ചു കൊണ്ട് സ്റ്റൗ ഓഫ്‌ ചെയ്ത് സുധ പിറകെയും... തെങ്ങിൻ ചുവട്ടിൽ നിന്ന് ഒക്കാനിക്കുന്ന ശ്രുതിയുടെ പുറം സുധ തടവി കൊടുത്തിരുന്നു... കുറച്ചൊരാശ്വാസം തോന്നിയതും അവൾ നിവർന്നു നിന്നു... ശ്രുതിയുടെ മുഖത്തെ വിളർച്ചയും ക്ഷീണവുമെല്ലാം കണ്ട സുധക്ക് കാര്യം പിടികിട്ടി... അവർ നിറഞ്ഞ ചിരിയോടെ ശ്രുതിയേയും ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു... അപ്പോഴും അമ്മ എന്തിനാണ് തന്നെ നോക്കി ലജ്ജയോടെ ചിരിച്ചതെന്നുള്ളതിന്റെ കാരണം തിരയുകയായിരുന്നു ശ്രുതി... "എടി സുജേ...നീയൊന്നിങ് വന്നേടി..." സുധ അവളെ പിടിച്ചു സോഫയിൽ ഇരുത്തിയ ശേഷം അതീവ സന്തോഷത്തോടെ സുജയെ വിളിച്ചു... "എന്താ അമ്മേ രാവിലെ തന്നെ വിളിച്ചു കൂവുന്നേ... " സുജ കുഞ്ഞിനേയും എടുത്ത് കൊണ്ട് അവിടേക്ക് വന്നു...

"നീയറിഞ്ഞോ നമ്മുടെ ഈ കാന്താരിക്ക് കൂട്ടിന് ഒരാള് കൂടി വരാൻ പോകുവാ... " കാര്യം മനസ്സിലാവാതെ സുജയും ശ്രുതിയും മുഖത്തോട് മുഖം നോക്കി... "എടി പൊട്ടിക്കാളി നീയൊരു അമ്മായി ആകാൻ പോകുവാണെന്ന്... " "ആണോ ശ്രുതി... " വിശ്വാസം വരാത്തത് പോലെ സുധ കണ്ണ് മിഴിച്ചു ചോദിച്ചു.. അവൾ ആണെന്നും അല്ലെന്നും പോലെ തലയാട്ടി... "കുളി തെറ്റിയിട്ട് ഇപ്പൊ എത്രയായി... " സുജ ചോദിച്ചപ്പോഴാണ് ശ്രുതിയും ആ കാര്യം ഓർത്തത്... അവളുടെ ഉള്ളും സന്തോഷം കൊണ്ട് തുടിക്കൊട്ടി... "അതിപ്പോ രണ്ടാഴ്ചയോ മറ്റോ കഴിഞ്ഞു... " ശ്രുതി ഓർത്തെടുത്തു...

"എന്നാലും ഉറപ്പിക്കുന്നതിന് മുന്നേ അമ്മ ഇവിടെ അടുത്തുള്ള ക്ലിനിക്കിൽ ഇവളേയും കൊണ്ട് പോയൊന്ന് ചെക്ക് ചെയ്തുവാ.. എന്നിട്ട് നമുക്ക് വിഷ്ണുവിനോടും മറ്റും വിളിച്ചു പറയാം..." സുജ പറഞ്ഞതനുസരിച്ച് സുധ അവളേയും കൊണ്ട് അടുത്തുള്ള ക്ലിനിക്കിലേക്ക് പോയി... നേരമില്ലാത്തൊരു നേരത്ത് വീട്ടിൽ നിന്ന് അമ്മയുടെ കാൾ കണ്ടതും അവൻ നെറ്റിച്ചുളിച്ചു.... രാവിലെ ശ്രുതി വയ്യാണ്ട് കിടക്കുന്നത് കണ്ട് പോന്നതാണ് ഇനി അവൾക്ക് ക്ഷീണം കൂടുകയോ മറ്റോ... അവന്റെ ഉള്ളിൽ വേണ്ടാത്ത ഓരോ ചിന്തകൾ മുളപൊട്ടി...ആ വെപ്രാളത്തോടെ തന്നെ അവൻ ഫോണെടുത്തു... "ഹലോ... " ......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story