മഞ്ഞുരുകും കാലം : ഭാഗം 44

Manjurukumkalam

രചന: ഷംസീന

"എടാ വിഷ്ണു നീ പെട്ടന്നൊന്നിങ്ങ് വന്നേ,,, വരുമ്പോ കുറച്ചു മധുരവും വാങ്ങിച്ചോ... " സുജ ധൃതിയിൽ ഫോണിലൂടെ പറയുന്നത് കേട്ട് വിഷ്ണുവിന് കാര്യം മനസ്സിലായില്ല... "ചേച്ചി സമാധാനത്തോടെ കാര്യം പറ... എന്തിനാ ഇപ്പൊ മധുരമൊക്കെ..." അവൻ ശാന്തനായി ചോദിച്ചു... "നീ പറഞ്ഞതങ്ങോട്ട് കേട്ടാൽ മതി..കടയടച്ചു വേഗം ഇങ്ങ് വാ..." "ഇവൾക്കെന്താ വട്ടായോ,,, ആകെ തിരക്ക് പിടിച്ചിരിക്കുന്ന നേരത്താണ് ഓരോ കുഞ്ഞുകളി..." സുധ ഫോൺ വെച്ചതും പിറുപിറുത്തു കൊണ്ടവൻ കടയും അടച്ചു വീട്ടിലേക്ക് പോയി.. പോവുന്ന വഴിയിൽ ബേക്കറിയിൽ കയറി കുറച്ചു സ്വീറ്റ്സ് വാങ്ങാനും അവൻ മറന്നില്ല.... വീട്ടിലെത്തിയതും അവൻ ആദ്യം തിരഞ്ഞത് ശ്രുതിയെയാണ്.. അവൾ കട്ടിലിൽ ഉറങ്ങി കിടക്കുന്നത് കണ്ടതും അവൻ ആശ്വാസത്തോടെ മധുരവുമായി അടുക്കളയിലേക്ക് ചെന്നു... "ചേച്ചിയെന്തിനാ മധുരം വാങ്ങിച്ചു കൊണ്ട് വരാൻ പറഞ്ഞേ... ഇന്നിവിടെ ആരെങ്കിലും വരുന്നുണ്ടോ...!" അവൻ സ്ലാബിലേക്ക് കയറിയിരുന്ന് കൊണ്ട് ചോദിച്ചു...

"ഇന്നിവിടെ ആരും വരുന്നില്ല... എന്നാൽ കുറച്ചു ദിവസം കഴിഞ്ഞാൽ ഇവിടെ പുതിയൊരാൾ വരും... " "പുതിയൊരാളോ,,, അതാരാ...? " സുജ ചിരിച്ചു കൊണ്ട് പറഞ്ഞതും അവൻ ആലോചിച്ചു... "ചേച്ചി വട്ട് കളിപ്പിക്കാതെ പറഞ്ഞേ,,, ഉള്ള കച്ചവടവും മെനക്കെടുത്തിയിട്ടാ കടയിൽ നിന്നിങ്ങോട്ട് പോന്നത്..." ദേഷ്യം വന്ന വിഷ്ണു ഒച്ചയെടുത്തു.. "നീ ചെറുക്കനെ വട്ട് കളിപ്പിക്കാതെ കാര്യം പറഞ്ഞേ സുജേ... " കഴുകി കൊണ്ടിരുന്ന പാത്രം സ്റ്റാൻഡിലേക്ക് വെച്ച് കൊണ്ട് സുധ പറഞ്ഞു... "ഞാൻ പറയുന്നതെന്തിനാ... പറയേണ്ട ആള് തന്നെ പറയട്ടെ... നീ മുറിയിലോട്ട് പൊക്കോ വിഷ്ണു കാര്യം എന്താണെന്ന് ശ്രുതി പറയും... " "ഒരു മനുഷ്യനെ ഇങ്ങനെ വട്ട് പിടിപ്പിക്കരുത് കേട്ടോ... " സുജയെ നോക്കി കെർവിച്ചു കൊണ്ടവൻ മുറിയിലേക്ക് പോയി... മുറിയിൽ ചെന്നതും ചെറു പുഞ്ചിരിയോടെ കട്ടിലിൽ ഇരിക്കുന്ന ശ്രുതിയെ കണ്ടവൻ വാതിൽ ചേർത്തടച്ചു... "അല്ല നിങ്ങൾക്കൊക്കെ എന്താ പറ്റിയെ.. ഞാൻ പോകുന്നത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ... " "അതിന് ആര് പറഞ്ഞു കുഴപ്പമുണ്ടെന്ന്... "

ശ്രുതി ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു... "അപ്പൊ ഒരു കുഴപ്പവും ഇല്ലെ... പിന്നെന്തിനാ സ്വീറ്റ്സൊക്കെ കൊണ്ടു വരാൻ പറഞ്ഞത്... " "എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിലാണോ സ്വീറ്റ്സ് കൊണ്ടുവരാൻ പറയുക,, ഈ വിഷ്ണുവേട്ടൻ എന്താ പിച്ചും പേയും പറയുന്നേ..." അവൾ അവനെ ഓരോന്നും പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു.... "എങ്കിൽ പറ ഇത്രയും കാലം ഇല്ലാത്തൊരു പൂതിയെന്താ ഇന്ന് ഇവിടുള്ളവർക്ക്... " "അതിന് ഇവിടുള്ളവർക്കല്ലല്ലോ ദേ അകത്തു കിടക്കുന്ന ആൾക്കല്ലേ പൂതിയൊക്കെ... " ശ്രുതി അവന്റെ കയ്യെടുത്ത് തന്റെ വയറിലേക്ക് ചേർത്തു വെച്ചു... ആദ്യം മനസ്സിലായില്ലെങ്കിലും അവൾ ഇരു മിഴികളും ചിമ്മി പുഞ്ചിരി തൂകിയപ്പോൾ അവന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു... ഇരുവരും സന്തോഷത്താൽ തുടികൊട്ടിയ നിമിഷം അവനവളെ ഇടനെഞ്ചിലേക്ക് ചേർത്ത് പിടിച്ചിരുന്നു...

അപ്പോഴും അവന്റെ വലതു കരം അവളുടെ ഉദരത്തെ തഴുകി കൊണ്ടിരിക്കുന്നുണ്ടായിരുന്നു.... **** "സീ മിസ്റ്റർ വിഷ്ണു...കഴിഞ്ഞ തവണത്തെ പോലെ തന്നെയാണ് ഇപ്പോഴും ശ്രുതിയുടെ കണ്ടീഷൻ... ആ സിസ്റ്റ് യുട്രസിൽ ഉള്ളിടത്തോളം ദിവസം ഇതുപോലെ വയറ് വേദനയും ബ്ലീഡിങ്ങും ഉണ്ടായി കൊണ്ടിരിക്കും... അത് നീക്കം ചെയ്യുക എന്നതല്ലാതെ വേറൊരു ഓപ്ഷനും ഇല്ല ..." "അപ്പോൾ ഡോക്ടർ എന്റെ കുഞ്ഞ്... " തളർന്ന സ്വരത്തിലവൻ ചോദിച്ചു.. "ഞാൻ മുന്നേ പറഞ്ഞത് പോലെ കുഞ്ഞിനെക്കാൾ വളർച്ചയുണ്ട് സിസ്റ്റിന് അതുകൊണ്ട് തന്നെ സ്വഭാവികമായി അത് നീക്കം ചെയ്യുമ്പോൾ കുഞ്ഞിനേയും അബോർട്ട് ചെയ്യേണ്ടി വരും..." "ഡോക്ടർ... " "ഈയൊരു സാഹചര്യവുമായി നമ്മൾ പൊരുത്തപ്പെട്ടേ മതിയാവൂ വിഷ്ണു... താൻ കൂടെ ഇങ്ങനെ തളർന്നാൽ അകത്തു കിടക്കുന്ന തന്റെ വൈഫിന് ആര് സപ്പോർട്ട് കൊടുക്കും... നിങ്ങൾ ചെറുപ്പമല്ലേ ഇതല്ലെങ്കിൽ മറ്റൊരു കുഞ്ഞ്..ബി കൂൾ..." തന്റെ മുന്നിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ എങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അവർക്കും അറിയില്ലായിരുന്നു...

അവന്റെ തോളിലൊന്ന് തട്ടി ഡോക്ടർ ലേബർ റൂമിലേക്ക് പോയി.... വിഷ്ണു മുഖം മറച്ചു ശബ്‍ദമില്ലാതെ തേങ്ങി... ആശിച്ചു മോഹിച്ചു ഒരു പോന്നോമനയെ തന്നപ്പോൾ അതിനെ ഇത്ര വേഗം ദൈവം അങ്ങോട്ട് തന്നെ തിരിച്ചെടുക്കുമെന്ന് ആരും നിനച്ചിരുന്നില്ല... ആ നിമിഷം താൻ ആരാധിച്ച ദൈവങ്ങളോട് പോലും അവന് ദേഷ്യം തോന്നി...ഉടുത്തിരുന്ന മുണ്ടിന്റെ തലപ്പ് കൊണ്ട് മുഖം അമർത്തി തുടച്ചു കൊണ്ടവൻ കൺസൽറ്റിംഗ് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.... വിങ്ങുന്ന മുഖവുമായി ഇറങ്ങി വരുന്ന വിഷ്ണുവിനെ കണ്ടതും സുധ കരച്ചിലടക്കി പിടിച്ചു നിന്നു... അത്രമേൽ അവരും ആഗ്രഹിച്ചിരുന്നു ഒരു പേരക്കുട്ടിയെ.... "ശ്രുതിയുടെ കൂടെ വന്നവർ... " കുറച്ചു സമയത്തിന് ശേഷം അകത്ത്‌ നിന്നും നഴ്സ് വിളിച്ചു ചോദിച്ചു... വിഷ്ണു ഓടികിതച്ചു അവിടേക്ക് ചെന്നു... "ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട് പേഷ്യന്റിനെ കുറച്ചു കഴിഞ്ഞാൽ മുറിയിലേക്ക് ഷിഫ്റ്റ്‌ ചെയ്യും... " പറഞ്ഞുകൊണ്ടവർ വാതിൽ അടച്ചു.... വിഷ്ണുവിന്റെ നെഞ്ചോന്ന് വിങ്ങി..പുറമെ അത് അറിയാതിരിക്കാൻ അവൻ നന്നേ പാടുപെട്ടു...

അത്രമാത്രം അവൻ തളർന്നു പോയിരുന്നു... സതീഷ് അവനെ കൂട്ടികൊണ്ട് ക്യാന്റീനിലേക്ക് പോയി... ഒരു ചുടു കട്ടൻ വാങ്ങിച്ചുകൊണ്ട് അതവന്റെ മുന്നിലേക്ക് നീക്കിവെച്ചു.... "ഇത് കുടിക്ക്.." "എനിക്ക് വേണ്ട സതീഷേട്ടാ... ഒരു തുള്ളി വെള്ളം എനിക്ക് ഇറങ്ങില്ല.." അവൻ കൈ തലക്ക് താങ്ങി കുനിഞ്ഞിരുന്നു... "ടാ വിഷ്ണു നീയും കൂടെ ഇങ്ങനെ തളർന്നാൽ എങ്ങനെയാ... അപ്പോൾ അകത്തു കിടക്കുന്ന ശ്രുതിയുടെ അവസ്ഥ നീയൊന്ന് ആലോചിച്ചു നോക്കിക്കേ.. ഇത്രയും ദിവസം വയറ്റിൽ ചുമന്ന ആ ജീവന്റെ തുടിപ്പ് ഇല്ലാതാവുൾ ഉണ്ടാവുന്ന വേദന ആരേക്കാളും കൂടുതൽ അവൾക്കല്ലേ ഉണ്ടാവുക..." "എനിക്ക്... എനിക്ക് സഹിക്കാൻ കഴിയുന്നില്ലേ സതീഷേട്ടാ... ഇതിന് മാത്രം എന്ത് പാപമാ ഞങ്ങൾ രണ്ട് പേരും ചെയ്തത്.." തൊണ്ടക്കുഴിയിലൊരു ഗദ്ഗദം വന്നു തടഞ്ഞു നിന്നു... "അങ്ങനെയൊന്നും ചിന്തിക്കേണ്ട... ആ കുഞ്ഞിന് ചിലപ്പോൾ അത്രയേ ആയുസ്സ് കാണുകയുള്ളൂ.. നീ ഞങ്ങളുടെ അവസ്ഥ തന്നെ ഒന്ന് നോക്കിയേ...വർഷങ്ങൾ കാത്തു കാത്തിരുന്നല്ലേ ഞങ്ങൾക്കൊരു കുഞ്ഞിനെ ദൈവം കനിഞ്ഞത്..

അതുപോലെ നിങ്ങളുടെ ജീവിതത്തിലും വീണ്ടുമൊരു കുഞ്ഞ് അധികം വൈകാതെ വരും... ദൈവത്തെ പഴിചാരാതെ മനസ്സുരുകി പ്രാർത്ഥിക്ക്..." സതീഷനിൽ നിന്നുള്ള വാക്കുകൾ വീണ്ടും അവനിൽ പ്രതീക്ഷയുടെ വിത്തുകൾ പാകി... നീറുന്ന മനസ്സോടെയെങ്കിലും അവൻ അവിടെ നിന്നും എണീറ്റ് ശ്രുതിയുടെ അടുത്തേക്ക് നടന്നു... അവന്റെ അവസ്ഥ കണ്ട സതീശന്റെ മിഴികളും ഈറനണിഞ്ഞു.... മുറിയിലേക്ക് ഷിഫ്റ്റ്‌ ചെയ്ത ശ്രുതി എല്ലാവരിൽ നിന്നും മുഖം മറച്ചുകൊണ്ട് തിരിഞ്ഞു കിടന്നു... വിഷ്ണു വരുന്നത് കണ്ടതും അവിടെ ഉണ്ടായിരുന്ന സുജയും സുധയും മുറിവിട്ട് പുറത്തിറങ്ങി... കുറച്ചു നേരം അവളുടെ കിടപ്പ് നോ ക്കി നിന്ന വിഷ്ണു തന്റെ മനസ്സിന് കരുത്ത് പകർന്നു അടുത്ത് ചെന്നിരുന്നു...അവൻ തോളിൽ സ്വാന്തനാമെന്നോണം പിടിച്ചതും പൊട്ടി കരഞ്ഞു കൊണ്ടവൾ അവന്റെ വയറിലേക്ക് മുഖം പൂഴ്ത്തി... "വിഷ്ണുവേട്ടാ നമ്മുടെ കുഞ്ഞ്... കുഞ്ഞ്...പോയി.. അല്ല... എന്റെ.. അടുത്ത്.. നിന്ന്... തട്ടിപ്പറിച്ചു.... വിഷ്ണുവേട്ടാ..." കരച്ചിലിനിടയിലും അവൾ പുലമ്പി കൊണ്ടിരുന്നു....

നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞ തങ്ങളുടെ ജീവന്റെ തുടിപ്പിനെയോർത്ത് ഇരു ഹൃദയവും അലമുറയിട്ട് കരഞ്ഞു കൊണ്ടിരുന്നു.... പരസ്പരം സ്വാന്തനമേകാൻ കഴിയാതെ അവരുടെ ഉള്ളം നീറി.... ***** പതിവുപോലെ സ്കൂളിലേക്ക് പോവുകയാണ് ദീപുവും ദിവ്യയും...ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് ഇരുവരും നേരത്തെയിറങ്ങിയെങ്കിലും സ്കൂളിന്റെ അവിടേക്കുള്ള ബസ് പോയിരുന്നു... ഇനിയുള്ള ബസ് ഒരു മണിക്കൂർ കഴിഞ്ഞിട്ടേയുള്ളൂ... അതുകൊണ്ട് തന്നെ അവർ ഒരു ഊടു വഴിയിലൂടെ സ്കൂളിലേക്ക് നടന്നു... "എടാ ദീപു ഒന്ന് പതിയെ നടക്കേടാ... എനിക്ക് വയ്യാട്ടോ കാലൊക്കെ കെഴക്കുന്നു..." പിറകിലായിരുന്ന ദിവ്യ വിളിച്ചു പറഞ്ഞു... "മര്യാദക്ക്‌ നടന്നോ എനിക്കൊന്നും വയ്യാ നിന്നെ ചുമക്കാൻ... " അവൻ ദേഷ്യത്തോടെ പറഞ്ഞു... "എന്നെ ചുമക്കേണ്ട,, ഈ ബാഗ് എങ്കിലും ഒന്ന് പിടിക്കെടാ... "

"ഓ നാശം നടക്കങ്ങോട്ട്... " അവൻ അവളുടെ ബാഗ് വാങ്ങി തന്റെ അപ്പുറത്തെ തോളിലേക്കിട്ടു...വിജനമായ ഒരു ഊടു വഴിയിലൂടെയാണ് ഇരുവരും നടക്കുന്നത്...ഉള്ളിൽ ഭയം ഉണ്ടായിരുന്നെങ്കിലും എങ്ങനെയും സ്കൂളിൽ എത്തിയാൽ മതി എന്ന ചിന്തയോടെ അവർ മുന്നോട്ട് നടന്നു.. പാതി വഴിയിൽ എത്തിയപ്പോൾ അവരെ വഴി തടഞ്ഞു രാഗേഷും അവന്റെയൊരു കൂട്ടുകാരനും വന്നു നിന്നു.. അവരെ കണ്ട ദിവ്യ പേടിയോടെ ദീപുവിന്റെ കൈ പിടിച്ചു പിന്നിലേക്ക് മറഞ്ഞു നിന്നു... രാഗേഷും കൂട്ടുകാരനും ഒരു തരം വഷളൻ ചിരിയോടെ അടുത്തേക്ക് വന്നു...അവരിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം വമിക്കുന്നുണ്ടായിരുന്നു... "രാകേഷ് വഴിയിൽ നിന്ന് മാറ് ഞങ്ങൾക്ക് പോവണം... " ദീപു രൂക്ഷമായി പറഞ്ഞു.... "ദിവ്യയുടെ മറുപടി കിട്ടിയാൽ ഞങ്ങൾ പോവാം... " കുഴഞ്ഞ ശബ്‍ദത്തിൽ അവൻ പറഞ്ഞു...

ചുറ്റും ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലാത്തത് അവരിൽ ഭയം നിറച്ചു... "അവൾ നേരത്തെ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത് അതിൽ മാറ്റമൊന്നുമില്ല.... " ദീപു ദിവ്യയെ പിറകിലേക്ക് മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... പെട്ടന്നാണ് രാഗേഷിന്റെ കൂടെ ഉണ്ടായിരുന്നവൻ ഒരു വടിയെടുത്ത് ദീപുവിനെ അടിച്ചിട്ടത്.... "ആഹ്... " വേദന കൊണ്ട് പുളഞ്ഞവൻ നിലത്തേക്ക് വീണു... "ദീപു... " നിലവിളിച്ചു കൊണ്ടവൾ അവന്റെ അരികിലേക്കിരുന്നു... "നീ ഇവരുടെ കയ്യിൽ പെടാതെ ഓടിക്കോ ദിവ്യേ..." പാതി ബോധത്തിലും അവൻ അവളുടെ സുരക്ഷയോർത്ത് വ്യാകുലതപ്പെട്ടു... ചുറ്റും രക്ഷക്കായി ആരെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞ ദിവ്യ ആരേയും കാണാതെ വന്നതും തങ്ങളുടെ നിസ്സഹായവസ്ഥ ഓർത്തു ആർത്തു കരഞ്ഞു... അവിടെ നിന്നും ഓടാൻ തുനിഞ്ഞ അവളെ രാകേഷ് മുടിയിൽ പിടിച്ചു വലിച്ചു പൊന്തക്കാട്ടിലേക്ക് മറഞ്ഞിരുന്നു.......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story