മഞ്ഞുരുകും കാലം : ഭാഗം 46

Manjurukumkalam

രചന: ഷംസീന

ദീപുവിനെ പിറ്റേദിവസം രാത്രിയോട് കൂടെ മുറിയിലേക്ക് മാറ്റി...കണ്ണുകൾ തുറന്നതും മറ്റുള്ളവരുടെ ദയനീയമായ നോട്ടം സഹിക്കാൻ കഴിയാതെ അവൻ കണ്ണുകളെ ഇറുകെ മൂടി... അവന്റെ അരികിലിരുന്ന് മുടിയിഴകളിൽ തഴുകി രാധമ്മ പതം പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു.. ദീപ്തിയും ആകെ തളർന്നു അവശയായി അവനടുത്ത് നിൽപ്പുണ്ടായിരുന്നു...അവനെ മുറിയിലേക്ക് മാറ്റിയതറിഞ്ഞു പോലീസ് മൊഴിയെടുക്കാനായി വന്നിരുന്നു.... നടന്നതെല്ലാം അവൻ ഓർത്തെടുത്ത് പറഞ്ഞുകൊടുത്തു... വീണ്ടും വീണ്ടും ദിവ്യയുടെ കരച്ചിൽ ചീളുകൾ കാതിൽ അലയടിക്കുന്നതായവന് തോന്നി... തനിക്കവളെ ആ മനുഷ്യ മൃഗങ്ങളുടെ കയ്യിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം അപ്പോഴും അവനെ അലട്ടുന്നുണ്ടായിരുന്നു...തന്റെ നിർബന്ധം മൂലമാണ് ആ വഴി സ്കൂളിലേക്ക് പോയതെന്നോർക്കേ അവന്റെ ഉള്ളിൽ കുറ്റബോധം വന്നു നിറഞ്ഞു...

തന്റെ ഒരു നേരത്തെ വിവരമില്ലായ്മയാണ് ഈ അപകടമെല്ലാം വിളിച്ചു വരുത്തിയതെന്നോർക്കേ അവൻ സ്വയം ഉരുകി കൊണ്ടിരുന്നു... "ഗോപു നീയെന്താ ഇവിടെ വന്നു നിൽക്കുന്നേ... " രാത്രി ഏറെയായിട്ടും icu വിനു മുന്നിൽ തളർന്നിരിക്കുന്ന ഗോപുവിനെ കണ്ടതും കാശി അടുത്തേക്ക് വന്നു ചോദിച്ചു... "ഏയ്‌ ഒന്നുമില്ല ഏട്ടാ,,, ഞാൻ വെറുതെ... " അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... "വാ മുറിയിലേക്ക് പോവാം... " ഇരുവരും നിശബ്‍ദമായ ഇടനാഴിയിലൂടെ നടന്നു നീങ്ങി... "ദിവ്യക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞതല്ലേ പിന്നെ എന്തിനാ ടെൻഷൻ... " കാശി പറയുന്നത് കേട്ട ഗോപു പതർച്ചയോടെ അവനെ നോക്കി... "എന്നോട് ദീപു പറഞ്ഞിട്ടുണ്ടായിരുന്നു എല്ലാം.. പക്ഷേ അതെല്ലാം നിന്റെ നേരമ്പോക്ക് മാത്രമാണെന്നാണ് കരുതിയിരുന്നത്,,, എന്നാൽ അതല്ല എന്ന് എനിക്ക് ഈ ചുരുങ്ങിയ ദിവസം കൊണ്ട് ബോധ്യപ്പെട്ടു..."

"ഏട്ടാ... " അവൻ സങ്കോചത്തോടെ വിളിച്ചു... "ആദ്യം ദിവ്യ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ,,,തുടർന്നും നിനക്ക് ഈ ഇഷ്ടം ഉണ്ടെങ്കിൽ ഏട്ടൻ ഉണ്ടാവും നിന്റെ കൂടെ...." കാശി അവന്റെ തോളിലൊന്ന് തട്ടി... അത്രയും നേരം പിടിച്ചു നിന്ന കണ്ണുനീർ ഗോപു തന്റെ ഏട്ടന്റെ തോളിലേക്ക് ഒഴുക്കി... അവനെ ആശ്വസിപ്പിക്കാനെന്നോണം കാശിയുടെ കൈകൾ അവനെ തലോടുന്നുണ്ടായിരുന്നു... **** ദീപു പഴയ ആരോഗ്യ സ്ഥിതി വീണ്ടെടുത്തെങ്കിലും ദിവ്യയുടെ കാര്യത്തിൽ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.... അവൾ അപ്പോഴും അപകട നില തരണം ചെയ്തിട്ടില്ലായിരുന്നു...പ്രതികളെ പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞു സ്റ്റേഷനിൽ നിന്നും എസ് ഐ വിളിച്ചതനുസരിച്ചു അവിടേക്ക് പോകുവാണ് കാശിയും മാഷും... "ആ കാശി നാഥൻ വരൂ.... " അവരെ കണ്ടതും എസ് ഐ അകത്തേക്ക് ക്ഷണിച്ചു... "സർ വരാൻ പറഞ്ഞത്... "

മാഷിനെ കസേരയിലേക്ക് പിടിച്ചിരുത്തി കാശിയും അപ്പുറത്തെ കസേരയിലേക്കിരുന്ന് കൊണ്ട് ചോദിച്ചു... "പ്രതികളെ പിടിച്ചിട്ടുണ്ട് അറിഞ്ഞു കാണുമല്ലോ... ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട് ഇനി മറ്റുള്ള നടപടികളിലേക്ക് നീങ്ങണം...." അയാൾ വിശദീകരിച്ചു... "ഓക്കേ സർ,,, ഇനി ഞങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലും ഫോർമാലിറ്റിസ്... " "നോ കാശി,, ഇനിയൊന്നുമില്ല... പിന്നെ പെൺകുട്ടി ഇതുവരേയും അപകടനില തരണം ചെയ്യാത്തത് കൊണ്ട് ആ സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചു നമുക്ക് പ്രതികളെ കോടതിയിൽ ഹാജരാക്കാം..." "ന്റെ കുട്ടിക്ക് നീതി ലഭിക്കണം അത്രയേ ഉള്ളൂ...ഇനി ഒരുപെൺകുട്ടിക്കും ഇതുപോലൊരു അവസ്ഥ വരരുത്..." മാഷ് വിതുമ്പലോടെ പറഞ്ഞു... "മാഷേ... " കാശി അദ്ദേഹത്തെ ചേർത്ത് പിടിച്ചു... "മാഷ് ധൈര്യമായിട്ട് പൊക്കോളൂ അവർക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങി കൊടുത്തിരിക്കും... എനിക്കും വളർന്നു വരുന്നുണ്ട് രണ്ട് പെൺകുഞ്ഞുങ്ങൾ..." എസ് ഐ വികാരഭരിതനായി... "എങ്കിൽ ശെരി സർ ഞങ്ങൾ ഇറങ്ങുന്നു..."

കാശി മാഷിനേയും കൂട്ടി സ്റ്റേഷനിൽ നിന്നും ഇറങ്ങി.... പുറത്ത് നിൽക്കുന്ന പ്രതികളുടെ വൃദ്ധരായ മാതാപിതാക്കളെ കണ്ട് കാശിയും മാഷും ഒന്ന് നിന്നു... അവർ കരഞ്ഞുകൊണ്ട് ഇവരുടെ അടുത്തേക്ക് ഓടി വന്നതും മാഷ് വെറുപ്പോടെ മുഖം തിരിച്ചു.... "സാറേ,,, ഞങ്ങടെ കൊച്ചുങ്ങളെ വെറുതെ വിടാൻ പറയണം... അവർ പെട്ടന്നുള്ള എടുത്തു ചാട്ടത്തിൽ ചെയ്തു പോയതാണ് മാപ്പാക്കണം.. " അവർ കാശിയേയും മാഷിനേയും നോക്കി അപേക്ഷിച്ചു... "ഈ തെറ്റിന് അവർ മാപ്പർഹിക്കുന്നില്ല....ഇന്നവരെ വെറുതെ വിട്ടാൽ നാളെയും അവർ ഇതുപോലൊരു അല്ലെങ്കിൽ ഇതിനേക്കാൾ വലിയ കുറ്റകൃത്യങ്ങൾ ചെയ്യില്ലാ എന്ന് നിങ്ങൾക്കുറപ്പുണ്ടോ...നിങ്ങളുടെ പെൺ മക്കൾക്ക് ആർക്കെങ്കിലുമാണ് ഈ ഒരവസ്ഥ വന്നതെങ്കിലോ അവർക്കും നിങ്ങൾ ക്ഷമ നൽകി പറഞ്ഞു വിടുമോ.." കാശി അവരുടെ നേരെ കുപിതനായി ചോദിച്ചു.... കുറ്റബോധം കൊണ്ടവരുടെ തല താണു.. "മറുപടി ഇല്ലാ അല്ലേ..." മാഷ് പുച്ഛത്തോടെ ചോദിച്ചു...

"നിങ്ങൾക്കറിയോ ന്റെ ചിറകിന് കീഴിൽ കോഴി കുഞ്ഞുങ്ങളെ പോലെ പൊതിഞ്ഞു പിടിച്ച ന്റെ കുട്ട്യോളെ ആണ് അവർ യാതൊരു ദയയും കൂടാതെ പിച്ചിച്ചീന്തിയത്....ന്റെ കുട്ടി ഇപ്പോഴും ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലാണ്... ഒരച്ഛനെന്ന നിലയിൽ ന്റെ കുട്ടിയോട് ഇത് ചെയ്ത ആ മൃഗങ്ങളോട് എനിക്കൊരിക്കലും പൊറുക്കാൻ കഴിയില്ല.... എന്റെ മകൾക്ക് നീതി ലഭിക്കുന്നത് വരെ ഞാൻ പോരാടുക തന്നെ ചെയ്യും...വരൂ കാശി നമുക്ക് പോവാം..." തന്റെ ഉള്ളിലെ അമർഷം മുഴുവനും കടിച്ചമർത്തി മാഷ് കാശിയേയും കൂട്ടി നടന്നു നീങ്ങി... ***** ദിവസങ്ങൾക്ക് ശേഷം ഡോക്ടറുടെ കേബിനിൽ അദ്ദേഹത്തെയും കാത്തിരിക്കുകയാണ് കാശിയും ദീപ്തിയും... ഇതിനിടയിൽ ദീപുവിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞു വിട്ടെങ്കിലും ദിവ്യയെ icu വിൽ നിന്നും മാറ്റിയിരുന്നില്ല... ബോധം തെളിഞ്ഞിട്ടുണ്ടെങ്കിലും അവൾ ആരേയും കാണാൻ കൂട്ടാക്കിയിരുന്നില്ല...

അതിന്റെ വിഷമം എല്ലാവർക്കും ഉണ്ട് താനും... ദൃതിയിൽ മുറിയിലേക്ക് കയറിവരുന്ന ഡോക്ടറേ കണ്ടതും കാശിയും ദീപ്തിയും ബഹുമാനത്തോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... "ഹ നിങ്ങളിരിക്ക് പിള്ളേരെ... " എന്നുമില്ലാത്തൊരു ഉത്സാഹത്തോടെ അദ്ദേഹം പറഞ്ഞു ശേഷം കസേരയിലേക്കിരുന്നു... " ഇനിയും ഈ അന്തരീക്ഷത്തിൽ ദിവ്യ തുടരുന്നത് ചിലപ്പോൾ മെന്റലി വീക്ക്‌ ആവാൻ ചാൻസ് കൂടുതലാണ് അതുകൊണ്ട് തന്നെ ദിവ്യയെ ഡിസ്ചാർജ് ചെയ്യുകയാണ്....ഞാൻ മുന്നേ പറഞ്ഞത് പോലെ നല്ല കേറിങും സ്നേഹവും കൊടുത്താൽ നമുക്ക് ദിവ്യയെ പഴയത് പോലെ ആക്കാൻ സാധിക്കും... ഇപ്പോൾ അവളുടെ ചിന്തകൾ മുഴുവനും അന്നത്തെ ഇൻസിഡന്റിനെ ചുറ്റിപറ്റിയാണ്... അതുകൊണ്ട് തന്നെ പരമാവധി ദിവ്യയെ തനിച്ചു വിടാതെ കൂടെ ഒരാൾ ഉണ്ടാവാൻ ശ്രദ്ധിക്കുക.... അങ്ങനെ ഒരു സംഭവം നടന്നു എന്ന രീതിയിൽ പെരുമാറാതിരിക്കുക...മുഖം പകുതിയും പൊള്ളി പോയത് കാരണം അവൾക്ക് നിങ്ങളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് കാണും പതിയെ പതിയെ അതെല്ലാം മാറ്റിയെടുക്കുക... "

"ഓക്കേ ഡോക്ടർ... " ഡോക്ടർ പറയുന്നതത്രയും വളരെ ശ്രദ്ധയോടെ കേട്ടിരുന്ന കാശി മറുപടി പറഞ്ഞു.... "എങ്കിൽ ശെരി നിങ്ങൾ മുറിയിലേക്ക് പൊക്കോളൂ ദിവ്യയെ കുറച്ചു കഴിയുമ്പോൾ അവിടേക്ക് കൊണ്ടുവരും... " അവർ ക്യാബിൻ വിട്ട് പുറത്തേക്കിറങ്ങി...കുറച്ചു കഴിഞ്ഞതും ദിവ്യയെ മുറിയിലേക്ക് കൊണ്ടുവന്നു... ആ സമയം അവിടെ കാശിയും ദീപ്തിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.... മാഷും രാധയും ദീപുവിനേയും കൂട്ടി വീട്ടിലേക്ക് മടങ്ങിയിരുന്നു... ദിവ്യയെ കണ്ടതും ദീപ്തി കാശിയുടെ ഷർട്ടിൽ മുറുകെ പിടിച്ചു കണ്ണുകൾ ഇറുകെ അടച്ചു....അവളുടെ പാതി വെന്ത മുഖം അവളുടെ ഉള്ളറകളിൽ തുളഞ്ഞു കയറി.... ഹൃദയം പോലും നിലച്ചു പോകുന്ന അവസ്ഥ....കാശി തന്റെ മാറിൽ മുഖം ചേർത്ത് വിതുമ്പുന്ന ദീപ്തിയെ ചേർത്ത് പിടിച്ചു... "ഡോക്ടർ ഇപ്പൊ വരും അത് കഴിഞ്ഞു പോവാം..." നഴ്സ് ദിവ്യയെ ബെഡിലേക്ക് കിടത്തിയ ശേഷം മുറിവിട്ട് പോയി... ദിവ്യ അവരെ നോക്കാൻ കഴിയാതെ തിരിഞ്ഞു കിടന്നു...കണ്ണുകൾ അപ്പോഴും തോരാതെ പെയ്യുന്നുണ്ടായിരുന്നു തീരാ വേദനയുടെ അവശേഷിപ്പെന്ന പോലെ...

കാശി ദീപ്തിയെ തന്നിൽ നിന്നും അടർത്തി മാറ്റി ദിവ്യയുടെ അരികിലേക്ക് പറഞ്ഞുവിട്ടു.. "മോളെ.... " ദീപ്തി അവളുടെ അരികിൽ ചെന്നിരുന്ന് വിളിച്ചു.... ദിവ്യ വിളി കേൾക്കുന്നില്ലെന്ന് കണ്ട ദീപ്‌തി അവളെ ബലമായി തിരിച്ചു കിടത്തി... അപ്പോഴേക്കും ദിവ്യ പൊട്ടിക്കരഞ്ഞു പോയിരുന്നു.... ദീപ്തി അവളെ മാറോടടക്കി പിടിച്ചു.... "ഞാൻ ചീത്തയായില്ലേ ചേച്ചി,,, എന്നെ എന്നെ....ഇനി ഒന്നിനും കൊള്ളത്തില്ല.. ഞാൻ ചീത്തയായില്ലേ..." അവളുടെ എങ്ങലടികൾ ഉയർന്നു..കരച്ചിൽ ചീളുകൾക്കിടയിൽ അവളുടെ വാക്കുകൾ മുറിഞ്ഞു പോയി.... "ആര് പറഞ്ഞു നീ ചീത്തയായെന്ന് ന്റെ മോൾക്ക് ഒന്നും സംഭവിച്ചിട്ടില്ല..എല്ലാം ഒരു ദുസ്വപ്നം ആണെന്ന് കരുതി മറന്നു കളയണം...കാലം ആ നീചന്മാർക്കുള്ള ശിക്ഷ നടപ്പാക്കിയിരിക്കും...." ദീപ്തി അമർഷത്തോടെ പറഞ്ഞു... ദിവ്യ കണ്ണുകൾ തുടച്ചു ആത്മസംയമനം വീണ്ടെടുത്തു അവരെ നോക്കി..

"ചേച്ചി ഞാൻ,, ഞാൻ വീട്ടിലേക്കില്ല...എന്നെ വേറെ എവിടേയെങ്കിലും ആക്കിയാൽ മതി... പാതി പൊള്ളിയ എന്റെ മുഖം കാണുമ്പോൾ ചിലപ്പോൾ ദീപു പേടിച്ചാലോ.... അമ്മയ്ക്കും അച്ഛനും വിഷമമായാലോ...ഗോപു,,, ഗോപു ചേട്ടൻ എന്നെ കളിയാക്കിയാലോ... ഞാനില്ല ചേച്ചി... " ദിവ്യ സ്വബോധം നഷ്ടപ്പെട്ടത് പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു... "നിന്നെ കാത്തല്ലേ അവരെല്ലാം അവിടെ ഇരിക്കുന്നത് നീ വരും എന്ന പ്രതീക്ഷയോടെ... അപ്പോൾ അവരെ നമ്മൾ വേദനിപ്പിക്കണോ... നിനക്കൊന്നും സംഭവിച്ചിട്ടില്ല നീ ഞങ്ങളുടെ പഴയ ദിവ്യ തന്നെയാണ് അതിൽ മാറ്റമൊന്നുമില്ല... ഇപ്പോൾ തന്നെ ദീപു കുറേ നേരം കൂടി എന്നെ വിളിച്ചു കൊണ്ടിരിക്കുവാണ് എപ്പോഴാ എത്തുക എന്ന് ചോദിച്ച്... അവിടേക്ക് മോള് വരാൻ കൂട്ടക്കുന്നില്ല എന്ന് പറഞ്ഞാൽ അവർക്കും വിഷമമാവില്ലേ..."

കാശി ദിവ്യയുടെ അടുത്തേക്ക് ചേർന്നിരുന്നു അവളുടെ കൈകൾ കവർന്നു ആർദ്രമായി പറഞ്ഞു... എന്നാലും ദിവ്യയുടെ ഉള്ളിൽ എന്തോ വല്ലാത്തൊരു ഭാരം വന്നു കുമിഞ്ഞു കൂടിയിരുന്നു.... തന്റെ മുഖം കാണുമ്പോൾ അല്ലെങ്കിൽ തന്നെ കാണുമ്പോൾ അവർ അറപ്പോടെ മുഖം തിരിക്കുമോ എന്നവൾ ഭയപ്പെട്ടു....വല്ലാത്തൊരു അപകർഷാ ബോധം അവളെ വേട്ടയാടി കൊണ്ടിരുന്നു.... കാശ്ശിയുടെയും ദീപ്തിയുടെയും ഒരുപാട് നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ ദിവ്യ സമ്മതം മൂളി... ഡോക്ടർ വന്നു ഡിസ്ചാർജ് ഷീറ്റ് തന്നതും ബില്ലും മറ്റും സെറ്റ് ചെയ്തു കാശി അവരെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു.......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story