മഞ്ഞുരുകും കാലം : ഭാഗം 47

Manjurukumkalam

രചന: ഷംസീന

കാർ ഇടറോഡ് കടന്നു വീട്ടിലേക്ക് തിരിഞ്ഞതും ആളുകൾ ഓരോരുത്തരായി വാഹനത്തിന്റെ പിന്നാലെ കൂടി...ദീപ്തി തന്റെ തോളിൽ മുഖം കറുത്ത ഷാൾ കൊണ്ട് മറച്ചു കിടക്കുന്ന ദിവ്യയെ ദയനീയമായി നോക്കി... എന്നാൽ ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചു കൊണ്ടവൾ ഗാഡമായ നിദ്രയിൽ ആയിരുന്നു... കാർ വീടിന്റെ ഉമ്മറത്തെത്തി നിന്നതും ദീപ്തി അവളെ തട്ടിവിളിച്ചു.... "മോളെ എഴുന്നേൽക്ക് വീടെത്തി... " ദിവ്യ ഞെട്ടി പിടഞ്ഞു കൊണ്ട് എഴുന്നേറ്റ് ചുറ്റും നോക്കി.... അവളുടെ കണ്ണുകളിൽ കണ്ട ഭയം ദീപ്തിയെ നൊമ്പരപ്പെടുത്തി....കണ്ണുകൾ നിറഞ്ഞതും ഇടം കണ്ണിൽ നിന്നുമൊരു ചുടു ബാഷ്പം മടിയിലേക്ക് വീണൊളിച്ചു... "ഇറങ്ങ്... " തുറന്നു പിടിച്ച ഡോറിനുള്ളിലൂടെ കാശി അകത്തേക്ക് നോക്കി പറഞ്ഞതും ദിവ്യ ദീപ്തിയുടെ കയ്യിൽ മുറുകെ പിടിച്ചു... മറ്റുള്ളവർ തന്നെ കാണുമ്പോൾ അവരുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നാലോചിച്ചു ദിവ്യക്ക് അതിയായ ആശങ്ക ഉടലെടുക്കുന്നുണ്ടായിരുന്നു...

"ഇറങ്ങെടാ,,, മോളെ കാത്തല്ലേ വെയ്യാതിരുന്നിട്ടും അച്ഛനും അമ്മയും ഉമ്മറത്തു നിൽക്കുന്നത്...നിന്റെ എല്ലാ വേദനകളേയും മറക്കാൻ അവരെക്കാൾ നല്ലൊരു മരുന്ന് ഈ ഭൂമിയിൽ വേറെയില്ല...വാ..." ഉമ്മറപ്പടിയിൽ വിങ്ങുന്ന മനസ്സോടെ നിൽക്കുന്ന മാഷിനേയും രാധയേയും നോക്കി ദീപ്തി പറഞ്ഞു... നന്നേ നേർത്തു പോയിരുന്നു അവളുടെ സ്വരം പോലും.... ദീപ്തി പകർന്നു കൊടുത്ത ആത്മ വിശ്വാസം മുറുകെ പിടിച്ചു കൊണ്ട് ദിവ്യ കാറിൽ നിന്നും പുറത്തേക്കിറങ്ങി...അവളെ കണ്ടതും ഇടവഴിയിലും മുറ്റത്തും കൂടി നിൽക്കുന്നവരുടെ മുഖം ചുളിഞ്ഞു...അവരുടെ മുഖത്തെ വ്യത്യസ്ഥ തരം ഭാവങ്ങൾ വായിച്ചെടുത്ത ദിവ്യ തന്റെ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു... ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നതും കൈകൾ ചുരിദാറിന്റെ ടോപ്പിൽ മുറുകി.... അവളുടെ അവസ്ഥ തിരിച്ചറിഞ്ഞ കാശി തുറിച്ചു നോക്കുന്ന ആളുകൾക്കിടയിൽ നിന്നും അവളെ പൊതിഞ്ഞു പിടിച്ചു അകത്തേക്ക് കയറി... ഉമ്മറത്തു വാ സാരിതുമ്പിനാൽ മൂടി വിതുമ്പുന്ന അമ്മയെയും അച്ഛനേയും നോക്കാൻ കഴിയാതെ അവൾ കാശിയോടൊപ്പം വീടിനകത്തേക്ക് കയറി... ദീപ്തി കാറിൽ നിന്നും സാധനങ്ങളെല്ലാം എടുത്തു അമ്മയേയും മാഷിനേയും കൂട്ടി അകത്തേക്ക് നടന്നു ...

പുറത്തു നിൽക്കുന്ന ആളുകൾ അകത്തേക്ക് വന്നു സഹതപിക്കുന്നത് ഒഴിവാക്കാനെന്നോണം അവൾ മുൻ വശത്തെ വാതിൽ ഉറക്കെ അടച്ചു മുദ്രയിട്ടു... മുറ്റത്തു കൂടി നിന്നിരുന്നവർ പരസ്പരം എന്തൊക്കെയോ പിറുപിറുത്തു രംഗമൊഴിഞ്ഞു.... കാശി ദിവ്യയെ മുറിയിലാക്കി പുറത്തേക്കിറങ്ങി....അവൻ പോയെന്ന് കണ്ടതും ദിവ്യ മുറിയുടെ വാതിൽ അടച്ചു അലമാരയിൽ പതിപ്പിച്ചിരുന്ന നിറം മങ്ങിയ കണ്ണാടിയിലേക്ക് നോക്കി...പാതിയും പൊള്ളിയടർന്ന മുഖം കാണുന്തോറും ശരീരത്തിലൂടെ പുഴുക്കൾ അരിക്കുന്നത് പോലെ തോന്നി... ഇടതൂർന്ന് നിതംബം മറഞ്ഞു കിടന്നിരുന്ന മുടി ഇപ്പോൾ കഴുത്തോളം മാത്രമേ ഉള്ളൂ... അവൾ തനിക്കത്രയും ഇഷ്ടപ്പെട്ട മുടിയിഴകളിൽ തലോടി കൊണ്ട് മിഴിനീർ വാർത്തു.... ഓർമ്മകൾ കൊടുങ്കാറ്റ് പോലെ മനസ്സിൽ ആഞ്ഞു വീശിയതും മുന്നിൽ കാണുന്ന കണ്ണാടിയിൽ അവൾ തന്റെ കൈകളാൽ പ്രഹരമേൽപ്പിച്ചു... മുറിയിൽ നിന്നും ദിവ്യയുടെ കരച്ചിൽ ചീളുകൾ പുറത്തേക്ക് പതിച്ചതും ആ അമ്മ മനം വേദനയാൽ പിടഞ്ഞു കൊണ്ടിരുന്നു....

ഇനിയും തന്റെ കുഞ്ഞിന്റെ നിലവിളി കേട്ട് നിൽക്കാൻ കഴിയില്ലെന്നുറപ്പായതും വ്യഗ്രതയോടെ അവിടേക്ക് പോകാൻ ഒരുങ്ങിയ രാധമ്മയെ കാശി പിടിച്ചു വെച്ചു... "അമ്മ ഇപ്പോൾ അവിടേക്ക് പോവേണ്ടാ... കുറച്ചു സമയം അവൾ തനിച്ചിരിക്കട്ടെ... സങ്കടമെല്ലാം പെയ്തൊഴിയുമ്പോൾ അവൾ നിങ്ങളുടെ അരികിലേക്ക് തന്നെ വരും ഉറപ്പ്..." കാശി അത്രയും ഉറപ്പോടെ പറഞ്ഞതും അവർ തന്റെ വേദന കടിച്ചമർത്തി മുറിക്ക് പുറത്തു നിന്നു....തന്റെ പൊന്നുമോൾടെ അവസ്ഥ ആലോചിച്ചു മാഷിന്റെ ഉള്ളവും അഗ്നിപോലെ ചുട്ടു പൊള്ളുന്നുണ്ടായിരുന്നു....എന്നാൽ ദിവ്യയാകട്ടെ തന്റെ നശിച്ച ഓർമകളിൽ നിന്നും ഓടിയൊളിക്കാനുള്ള ശ്രമത്തിലായിരുന്നു... **** "ദീപു.... " ദീപ്തി വാത്സല്യത്തോടെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി... ദീപ്തിയെ കണ്ടതും ദീപുവിന് അടുത്തായി ഇരുന്നിരുന്ന ഗോപു എഴുന്നേറ്റു.... അവന്റെ കണ്ണുകൾ പുറത്തേക്ക് നീണ്ടു... ഒരു വേള തന്റെ പ്രിയപ്പെട്ടവളെ കാണാൻ അവന്റെ മിഴികളും തുടിച്ചിരുന്നു.... "ചേച്ചി എപ്പോൾ എത്തി... ദിവ്യ,,, ദിവ്യ അവൾ വന്നോ.... "

വെപ്രാളം പൂണ്ട സ്വരത്തിൽ ചോദിച്ചു കൊണ്ട് ദീപു കട്ടിലിൽ എഴുന്നേറ്റിരുന്നു... "മ്മ് മുറിയിലുണ്ട്... " "എന്നെയൊന്ന് അവിടേക്ക് കൊണ്ടുപോവാമോ... " ദയനീയമായ ദീപുവിന്റെ വാക്കുകൾ ദീപ്തിയിൽ വേദനയുളവാക്കി... "ഇപ്പോൾ അവളെ കാണാനായി അവിടേക്ക് പോവേണ്ട ദീപു ... കുറച്ചു നേരം തനിച്ചിരിക്കട്ടെ അവൾ..." അവളെ കാണാൻ പോകാനായി തുനിഞ്ഞ ദീപുവിനോടായി പറഞ്ഞുകൊണ്ട് ദീപ്തി അവനരികിലേക്കിരുന്നു... "അവൾക്ക് എന്നോട് ദേഷ്യമായിരിക്കും അല്ലേ അതല്ലേ ചേച്ചി അവളെ കാണാൻ പോവേണ്ടെന്ന് പറഞ്ഞത്.... " അവന്റെ ഉള്ളിലെ സങ്കടം അണപൊട്ടി പുറത്തേക്കൊഴുകി... "അല്ല ദീപു...നിങ്ങളെയൊക്കെ ഫേസ് ചെയ്യാൻ അവൾക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും... അപ്പോൾ അവൾക്ക് നമ്മൾ കുറച്ചുകൂടെ സമയം കൊടുക്കണം... ഈ അവസ്ഥയോട് അവളുടെ മനസ്സും പൊരുത്തപ്പെട്ടു വരേണ്ടതുണ്ട്...." ദീപ്തി നെടുവീർപ്പോടെ പറഞ്ഞു നിർത്തി.... "ഗോപു ചെറിയമ്മയെവിടെ ഇവിടെങ്ങും കണ്ടില്ല.... " ദീപ്തി വിഷയം മാറ്റാനെന്ന പോലെ ചോദിച്ചു...

"ചെറിയമ്മ ഓഫീസ് വരെ ഒന്ന് പോയി...മേനേജരുടെ മോൾക്കെന്തോ അസുഖം അയാൾ ലീവ് ആണത്രേ അതുകൊണ്ട് ചെറിയമ്മ അവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് നോക്കാൻ പോയേക്കുവാണ്...." ഗോപു പുറത്തേക്ക് നീണ്ട കണ്ണുകളെ പിൻവലിച്ചു കൊണ്ട് പറഞ്ഞു.... "നിങ്ങള് വല്ലതും കഴിച്ചായിരുന്നോ...? " "മ്മ്ഹ്... " ഇരുവരും ഒരുപോലെ പറഞ്ഞു... "എങ്കിൽ വാ ഇന്ന് ചേച്ചി വിളമ്പി തരാം നിങ്ങൾക്ക്... " ദീപ്തി ഉത്സാഹത്തോടെ പറഞ്ഞതും ഗോപു അതിനെ നിരസിച്ചു... "വേണ്ട ഏട്ടത്തി ദിവ്യ കൂടെ വന്നു നമുക്ക് ഒരുമിച്ചിരുന്ന് കഴിക്കാം..." "ഞാൻ പറഞ്ഞില്ലേ ഗോപു അവൾക്ക് കുറച്ചു കൂടെ സമയം വേണം നമ്മളുമായി ഇടപഴകാൻ... അവളുടെ മനസ്സിൽ നിന്നും പൂർണമായി ആ ദുഷിച്ച ഓർമ്മകൾ പോയ്‌ മറഞ്ഞാലേ പഴയ ദിവ്യയായി അവളെ തിരികെ കിട്ടൂ അത് വരെ നമുക്കും കാത്തിരിക്കാം... " ദീപ്തി ഒരുവിധം അവരെ പറഞ്ഞു മനസ്സിലാക്കി ഭക്ഷണം കഴിക്കാനായി കൊണ്ടുപോയി... കാശ്ശിയും മാഷും അവിടെ ഇരുന്ന് ഊണ് കഴിക്കുന്നുണ്ടായിരുന്നു....

ദീപ്തി അവരെ അവിടെ പിടിച്ചിരുത്തി പ്ലേറ്റ് മുന്നിലേക്ക് വെച്ചു കൊടുത്തു ഭക്ഷണം വിളമ്പി...ചിരിയും കളിയും തമാശയുമായി നിറഞ്ഞു നിന്നിരുന്ന തീൻ മേശ അന്ന് വളരെ മൂകമായിരുന്നു.... പരസ്പരം ആരും ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു കഴിച്ചെഴുന്നേറ്റു....എല്ലാവരും കഴിച്ചു കഴിഞ്ഞതും ദീപ്തി ദിവ്യക്കുള്ള ഭക്ഷണവുമായി മുറിയിലേക്ക് പോയി...ദിവ്യയെ ഒരു നോക്ക് കാണാനായി ദീപ്തി പോയ വഴിയേ കണ്ണുകൾ പായിച്ച ഗോപു കണ്ടു കട്ടിലിൽ തിരിഞ്ഞിരിക്കുന്ന പെൺ രൂപത്തെ...ഒരിക്കലെങ്കിലുമവൾ തിരിഞ്ഞു നോക്കിയെങ്കില്ലെന്നവൻ അതിയായി ആഗ്രഹിച്ചു...എന്നാൽ അവന്റെ പ്രതീക്ഷകളെ മറച്ചു കൊണ്ട് ദീപ്തി മുറിയുടെ വാതിൽ ചാരിയിട്ടു.... ഗോപുവിന്റെ നിരാശപൂണ്ട മുഖം കണ്ട ദീപുവിന്റെ കണ്ണുകളും കലങ്ങി... കാരണം അവനറിയാമായിരുന്നു ഇന്ന് തന്റെ ജീവനേക്കാളേറെ ഗോപു ദിവ്യയെ സ്നേഹിക്കുന്നുണ്ടെന്ന്.... *****

ഹാളിലെ തറയിൽ ഷീറ്റ് വിരിച്ചു അതിൽ കിടന്നു കളിക്കുന്ന സുജയുടെ കുഞ്ഞിന്റെ മേലെയായിരുന്നു ശ്രുതിയുടെ ശ്രദ്ധ മുഴുവനും.... ഒരു നിമിഷത്തേക്കെങ്കിലും അവൾ അത് തന്റെ കുഞ്ഞായിരുന്നെങ്കിലെന്ന് വ്യാധാ മോഹിച്ചു.... കൈകൾ ശൂന്യമായ ഉദരത്തിലേക്ക് നീണ്ടു...മനസ്സിൽ നിർവചിക്കാൻ കഴിയാത്തൊരു വേദന ഉടലെടുത്തതും അവൾ കണ്ണുകളടച്ചു സോഫയിലേക്ക് ചാഞ്ഞു... മിഴികോണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇടതടവില്ലാതെ പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു.... "ശ്രുതി ഞാൻ മാമേടെ വീട് വരെ ഒന്ന് പോകുവാണ്... അവിടെ ദിവ്യയെ കൊണ്ടു വന്നിട്ടുണ്ടെന്ന് താൻ അമ്മ വന്നാൽ ഒന്ന് പറഞ്ഞേക്ക്...." വിഷ്ണു പറഞ്ഞുകൊണ്ട് ധൃതിയിൽ മുറ്റത്തേക്കിറങ്ങി...ശ്രുതി കണ്ണുകൾ തുറന്നു നോക്കുമ്പോഴേക്കും അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തിരുന്നു... "വിഷ്ണുവേട്ടാ ഞാനും വരുന്നു... എനിക്കെന്തോ ഇവിടെ ഇരുന്നിട്ട് വല്ലാത്തൊരു മടുപ്പ്..." "എന്നാൽ കയറ്..." വിഷ്ണു എതിർപ്പൊന്നും പറയാതെ അവളോട് കയറാനായി പറഞ്ഞതും ശ്രുതി മോളെ സുജയെ ഏൽപ്പിച്ചു വിഷ്ണുവിനോടൊപ്പം ബൈക്കിൽ കയറി...

ബൈക്കിൽ അവനോട് ചേർന്നിരുന്നു പുറത്തു മുഖം അമർത്തി കിടക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു അവൾക്ക്.... ഇളം തണുത്ത കാറ്റ് ശരീരത്തിലൂടെ പടരുമ്പോൾ ഉള്ളിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന കനലിന്റെ ചൂടും കുറയുന്നതായി തോന്നിയിരുന്നു... "നമ്മളിതെവിടെക്കാ പോവുന്നത് വിഷ്ണുവേട്ടാ.... " ദീപ്തിയുടെ വീട്ടിലേക്കുള്ള ഇടറോഡ് തിരിയാതെ നേരെ പോവുന്നത് കണ്ട വിഷ്‌ണുവിനോടായവൾ ചോദിച്ചു... "നിനക്കല്ലേ വീട്ടിലിരുന്നു മടുത്തു തുടങ്ങിയെന്നു പറഞ്ഞത് അതുകൊണ്ട് നമുക്ക് ടൗണിലൊക്കെ ഒന്ന് കറങ്ങിയിട്ട് വരാം... ഈ അവസ്ഥയിൽ നിന്നേയും കൊണ്ട് ദീപ്തിയുടെ വീട്ടിലേക്ക് പോയാൽ ശെരിയാവത്തില്ല...." വിഷ്ണു പറയുന്നത് കേട്ടതും ശ്രുതിയുടെ ചൊടിയിലൊരു പുഞ്ചിരി വിടർന്നു.... തന്റെ മനസ്സിലെ വേദനകളെ തന്നേക്കാൾ മുന്നേ മനസ്സിലാക്കുന്ന വ്യക്തിയാണ് വിഷ്ണുവെന്ന് അവൾക്ക്‌ ഒന്നുകൂടെ ബോധ്യമായി....

അബോർഷൻ ആയതിന് ശേഷം ഡിപ്രഷനിലേക്ക് വീണു പോകുമായിരുന്ന തന്നെ തളരാതെ ചേർത്ത് പിടിച്ചതും രാവോ പകലോ എന്നില്ലാതെ തനിക്ക് വേണ്ടി ഉറക്കമൊഴിച്ചു കൂട്ടിരുന്നതും അവൾ ആ നിമിഷം ഓർത്തു പോയി....തന്റെ വേദനകളെ മനപ്പൂർവം തടങ്കലിലാക്കി അവൾക്ക് വേണ്ടി പുഞ്ചിരിയുടെ മുഖം മൂടി എടുത്തണിഞ്ഞ വിഷ്ണുവിനോടവൾക്ക് അതിയായ പ്രണയം തോന്നി....ഇടതടവില്ലാതെ അവളുടെ അധരങ്ങൾ അവന്റെ പുറം മേനിയിൽ പതിഞ്ഞു കൊണ്ടിരുന്നു....അവന്റെ അധരങ്ങൾ പുഞ്ചിരി തൂകി.. ദിവസങ്ങൾക്ക് ശേഷമുള്ള അവരുടെ പ്രണയനിമിഷങ്ങൾ ഇരുവരും നൊമ്പരങ്ങളെല്ലാം മറന്നു ആസ്വദിച്ചു തുടങ്ങിയിരുന്നു..... ഒരു കഫേക്ക് മുന്നിൽ എത്തിയതും വിഷ്ണു ബൈക്ക് ഒതുക്കി ശ്രുതിയോട് ഇറങ്ങാനായി പറഞ്ഞു... ശേഷം അവളുടെ കൈകളിൽ കൈ കോർത്തു പിടിച്ചു അതിനുള്ളിലേക്ക് കയറി.... അവൾക്കേറ്റവും ഇഷ്ടമുള്ള കോൾഡ് കോഫിക്ക് തന്നെ ഓർഡർ കൊടുത്തു.... "വിഷ്ണുവേട്ടന് എന്നോട് നീരസം വല്ലതുമുണ്ടോ....? "

ഒന്നും മിണ്ടാതെ മുന്നിലിരിക്കുന്ന കടലാസ് പേപ്പറിലേക്ക് മിഴികൾ താഴ്ത്തിയിരിക്കുന്ന വിഷ്ണുവിനോടവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.... "എന്തേ അങ്ങനെ തോന്നിയോ...?" വിഷ്ണുവിന്റെ നെറ്റി ചുളിഞ്ഞു.... "ഏയ്‌ ഞാൻ വെറുതെ,,, വിഷ്ണുവേട്ടൻ മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ.... " "ഞാനാണോ മിണ്ടാത്തത് താനല്ലെ എന്നോട് മിണ്ടാത്തത്... എത്ര നാളായി താൻ എന്നോടൊന്ന് മിണ്ടിയിട്ട് അടുത്തിടപെഴുകിയിട്ട് എന്നെ വിഷ്ണുവേട്ടാ എന്നൊന്ന് വിളിച്ചിട്ട്...." ഇടർച്ചയോടെ അവൻ പറഞ്ഞു തുടങ്ങിയപ്പോഴാണ് ശ്രുതിയും താൻ ചെയ്ത തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കിയത്... ഇത്രയും ദിവസം തന്റെ വേദനയുടെയും സങ്കടത്തിന്റെയും ഇടയിൽ താൻ വിഷ്ണുവേട്ടനെ കുറിച്ചൊന്ന് ഓർത്തതു പോലുമില്ല... എന്തിനേറെ അദ്ദേഹം അനുഭവിക്കുന്ന വേദന പോലും മനസ്സിലാക്കാൻ ശ്രമിച്ചില്ല... അവൾക്ക് സ്വയം പുച്ഛവും അവക്ജ്ഞയും തോന്നി...

"സോറി വിഷ്ണുവേട്ടാ,,,, ഞാൻ എന്റെ വേദനകൾക്കും നഷ്ടങ്ങൾക്കും ഇടയിൽ ഏട്ടന്റെ വിഷമവും വേദനയും മനസ്സിലാക്കാൻ ശ്രമിച്ചില്ല.... സോറി..." അവൾ വേദനയോടെ പറഞ്ഞതും വിഷ്ണു അവളുടെ ഇരു കൈകളും തന്റെ കൈക്കുള്ളിലായി പൊതിഞ്ഞു പിടിച്ചു... "സാരമില്ലെടോ...!എനിക്കതിൽ ഒട്ടും വിഷമമില്ല... തന്റെ വിഷമവും സങ്കടവുമെല്ലാം എന്റേതും കൂടിയല്ലേ.... എപ്പോഴും സന്തോഷം മാത്രം ഉണ്ടായാൽ എന്ത് ജീവിതമാടോ.. ഇടയിൽ ഇതുപോലുള്ള സങ്കടങ്ങളും ദൈവം തരുന്നതല്ലേ... ചിലപ്പോൾ അതിനേക്കാൾ നല്ലത് ഈശ്വരൻ നമുക്കായി കരുതി വെച്ചിട്ടുണ്ടാവും... കാത്തിരിക്കാം പ്രാർത്ഥനയോടെ അതിലുപരി ഒരു മനസ്സോടെ.." വിഷ്ണുവിന്റെ വാക്കുകൾ കേട്ടതും അവളുടെ മിഴികൾ ഈറനണിഞ്ഞു... മറുപടിയായവൾ വേദനകളെല്ലാം മറന്നു തെളിച്ഛമുള്ളൊരു പുഞ്ചിരി അവനായി പകുത്തു നൽകി... ഇരുവരുടേയും മനസ്സിലെ കാർമേഘങ്ങൾ നീങ്ങിത്തുടങ്ങി... കുറച്ചധികം സമയം കൂടെ അവിടെ ചിലവഴിച്ച ശേഷമവർ വീട്ടിലേക്ക് മടങ്ങി........... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story