മഞ്ഞുരുകും കാലം : ഭാഗം 48

Manjurukumkalam

രചന: ഷംസീന

രണ്ട് ദിവസങ്ങൾക്ക് ശേഷം രാത്രിയിൽ അരികിലിരുന്നാരോ തേങ്ങുന്നത് പോലെ തോന്നിയതും രാധമ്മ കണ്ണുകൾ തുറന്നു എഴുന്നേറ്റിരുന്നു.... ആ ഇരുട്ടിനിടയിലും അവർ മനസ്സിലാക്കിയിരുന്നു തന്റെ മകളുടെ സാമീപ്യം.. "മോളെ... " എങ്ങലോടെ വിളിച്ചു കൊണ്ടവർ അവളെ തന്റെ മാറോട് ചേർത്ത് പിടിച്ചു... അവളും അമ്മക്കിളിയുടെ ചൂടിലേക്ക് പതുങ്ങിയിരുന്നു....മുറിയിൽ കരച്ചിൽ ചീളുകൾ ശ്രദ്ധിച്ച മാഷ് പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തു...അമ്മയുടെ മാറിൽ കിടന്നു കണ്ണീർ വാർക്കുന്ന ദിവ്യയുടെ അരികിലേക്ക് അയാളും വന്നിരുന്നവളെ ചേർത്ത് പിടിച്ചു... "അമ്മയ്ക്കും അച്ഛനും എന്നോട് ദേഷ്യമാണോ...? " രാധയുടെ മാറിൽ നിന്നും തലയുയർത്തിയവൾ ചോദിച്ചു... "ഞങ്ങൾക്കെന്തിനാ കുഞ്ഞേ നിന്നോട് ദേഷ്യം..നീ ഞങ്ങളുടെ പൊന്നുമോളല്ലേ...സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു ഇനി അതോർത്തു പാഴാക്കാനുള്ളതല്ല മുന്നോട്ടുള്ള ജീവിതം...

എന്റെ മോള് പഠിച്ചു വലിയൊരു നിലയിലെത്തണം... കണ്ണടയുന്നതിന് മുന്നേ അച്ഛനത് കാണണം..." "അച്ഛാ... " അവൾ അച്ഛനെ ഇറുകെ പുണർന്നു വിതുമ്പി... "മോള് പോയി കിടന്നോ വെറുതെ ഉറക്കം കളയേണ്ടാ... " അവളുടെ എങ്ങലടികളുടെ തീവ്രത കുറഞ്ഞതും മാഷ് പറഞ്ഞു... "ഞാൻ.. ഞാനിന്നിവിടെ കിടന്നോട്ടെ അച്ഛന്റേയും അമ്മയുടെയും അടുത്ത്.. അവിടെ മുറിയിൽ ഒറ്റക്ക് കിടക്കാൻ പേടിയാവുന്നു... " "അതിനെന്താ മോളെ... കയറികിടക്ക്... " ഭയത്തോടെ പറയുന്ന ദിവ്യയെ നോക്കികൊണ്ട് അദ്ദേഹം പറഞ്ഞു....തന്റെ അരികിൽ കിടക്കുന്ന ദിവ്യയുടെ നെറുകിൽ രാധയുടെ കൈ വിരലുകൾ വാത്സല്യത്തോടെ ഇടതടവില്ലാതെ ഒഴുകി കൊണ്ടിരുന്നു... മാഷിന്റെ ക്ഷീണിച്ച കൈകളുടെ തലോടൽ അവൾക്കുള്ള താരാട്ടു പാട്ടായി... ദിവസങ്ങൾക്ക് ശേഷം ഭയത്തിന്റെ നേരിയ കണിക പോലുമില്ലാതവൾ നിദ്രയെ പുൽകി... **********

അതിരാവിലെ ഫോണിലെ അലാറം മുഴങ്ങിയതും ദീപ്തി ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറന്നു... തന്റെ മാറോട് ചേർന്ന് കിടക്കുന്ന കാശിയെ ഉണർത്താതെ തന്നെ അവൾ എഴുന്നേറ്റ് ഫ്രഷാവാൻ കയറി... അടുക്കളയിൽ തലേ ദിവസം അരച്ച് വെച്ചിരുന്ന മാവെടുത്ത് പാകത്തിന് ഉപ്പു ചേർത്ത് കലക്കിയെടുത്തു... ഇഡലി ചെമ്പിൽ വെള്ളം അടുപ്പിലേക്ക് വെച്ചു... തിളച്ചു വന്നതും നെയ് പുരട്ടിയ തട്ടെടുത്ത് വെച്ച് അതിലേക്ക് ഇഡലി മാവ് കോരിയൊഴിച്ചു.... "മോള് നേരത്തേ എഴുന്നേറ്റോ... " അങ്ങോട്ട് വന്ന രാധ ഉറക്കച്ചടവോടെ ചോദിച്ചു... "അമ്മക്ക് കുറച്ചു നേരം കൂടെ കിടന്നു കൂടായിരുന്നോ...!ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കില്ലേ... " സാമ്പാറിനുള്ള പരിപ്പ് കഴുകുന്നതിനിടയിൽ ദീപ്തി അമ്മയോട് പറഞ്ഞു... "നീയിവിടെ കിടന്നിങ്ങനെ കഷ്ടപ്പെടുമ്പോൾ ഞാനെങ്ങനാ അവിടെ സമാധാനത്തോടെ കിടക്കുന്നേ..."

പറയുന്നതിനിടയിൽ ഫ്രിഡ്ജിൽ നിന്നും പച്ചക്കറി എടുത്തു കൊണ്ടവർ അരിഞ്ഞു തുടങ്ങി... " നിങ്ങൾക്കൊക്കെ വേണ്ടി ഇങ്ങനെ കഷ്ടപ്പെടാനും എനിക്ക് സന്തോഷമേയുള്ളൂ... " "ആ ഞാൻ നിന്നോട് പറയാൻ വിട്ടു... " "എന്താ അമ്മേ... " "ദിവ്യ ഇന്നലെ ഞങ്ങളുടെ കൂടെയാണ് കിടന്നത്... പാവം രാത്രി ഞങ്ങളുടെ അടുത്ത് വന്നു കുറേ കരഞ്ഞു...അവിടെ കിടന്നോട്ടെ എന്ന് ചോദിച്ചപ്പോൾ നിരസിക്കാൻ തോന്നിയില്ല..." അവർ തന്റെ കണ്ണുകൾ നേര്യതിന്റെ തുമ്പാൽ തുടച്ചു... "ഞാൻ പറഞ്ഞിരുന്നില്ലേ അമ്മേ അവൾക്ക് മാറ്റം ഉണ്ടാവുമെന്ന്.. ഇതൊരു തുടക്കം മാത്രമായി കണ്ടാൽ മതി... പതിയെ പതിയെ അവൾ നമ്മുടെ പഴയ ദിവ്യയായിക്കോളും..." വേദനയോടെ നിൽക്കുന്ന രാധയെ അവൾ വന്നു ചേർത്ത് പിടിച്ചു... "എന്താ അമ്മയും മോളും കൂടി ഒരു സ്വകാര്യം..." ഇരുവരുടേയും നിൽപ്പ് കണ്ട് പുഞ്ചിരിയോടെ മല്ലികാമ്മ ചോദിച്ചു...

"സ്വകാര്യമൊന്നുമല്ല മല്ലികാമ്മേ,,, ഞങ്ങൾ ദിവ്യയുടെ കാര്യം സംസാരിക്കുവായിരുന്നു... അവളിന്നലെ അമ്മയുടേയും അച്ഛന്റേയും കൂടെയാണ് കിടന്നതെന്ന്..." "രാവിലെ തന്നെ നല്ല വാർത്തയാണല്ലോ... " "അതെ...എന്റെ കൊച്ച് പഴയത് പോലെ ചിരിച്ച് കളിച്ചു നടക്കുന്നത് കണ്ടാൽ മതി... ഇപ്പൊ ആ ഒരൊറ്റ പ്രാർത്ഥനയെ ഉള്ളൂ...." രാധയിൽ നിന്നൊരു നെടുവീർപ്പുയർന്നു... "എല്ലാം ശെരിയാകും രാധമ്മേ... ദൈവം എന്നൊരാൾ മുകളിലുണ്ടല്ലോ.... നമ്മുടെ വിഷമങ്ങളെല്ലാം നീങ്ങി സന്തോഷം വന്നു ചേരും അധികം വൈകാതെ..." മല്ലികാമ്മ അവരെ ആശ്വസിപ്പിച്ചു... "രണ്ട് പേരും വർത്തമാനം പറഞ്ഞു നിൽക്കാതെ എന്നെ വന്നൊന്ന് സഹായിച്ചേ നേരം ഒത്തിരിയായി..." ദീപ്തി കെർവോടെ പറഞ്ഞതും അവരിരുവരും അവളോടൊപ്പം ജോലികളിൽ സഹായിച്ചു... എല്ലാം റെഡിയായതും ദീപ്തി കാശിക്കുള്ള ചായയുമെടുത്ത് മുറിയിലേക്ക് ചെന്നു... "ഓഫീസിൽ പോവുമ്പോൾ ഇടാനുള്ളത് അവിടെ അയൺ ചെയ്തു വെച്ചിട്ടുണ്ട്... കാശിയേട്ടൻ വേഗം ചെന്ന് കുളിക്കാൻ നോക്ക്... "

ധൃതിയിൽ പറയുന്നതിനൊപ്പം അവൾ ചായ അവന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു... "ഹാ നിൽക്ക് പെണ്ണേ... എന്താ ഇത്രയും ധൃതി...." പോവാൻ തുടങ്ങുന്നവളുടെ കയ്യിൽ പിടിച്ചവൻ പിടിച്ചു നിർത്തി... "വിട്ടേ കാശിയേട്ടാ,,, പിടിപ്പതു പണിയുണ്ട് അടുക്കളയിൽ... " "അവിടെ അമ്മമാരുണ്ടല്ലോ...! താൻ കുറച്ചു സമയം എന്റെ കൂടെ ഇരിക്ക്..." "കൊച്ചു കുട്ടികളെ പോലെ വാശി പിടിക്കാതെ പോയി കുളിക്കാൻ നോക്ക്...ഇന്ന് വൈകീട്ട് ഇത്തിരി നേരത്തേ വരണേ ...." "അതെന്തേ... " ദീപ്തി പറയുന്നത് കേട്ടതും അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു... "നമുക്കെല്ലാവർക്കും കൂടെയൊന്ന് പുറത്തു പോവാം...ഒത്തിരി നാളായില്ലേ ഇങ്ങനെ വീടും ഹോസ്പിറ്റലുമായി കഴിയുന്നു.. ദിവ്യക്കും സന്തോഷമാവും..." അവൾ കാശിയുടെ നെഞ്ചിലേക്ക് ചാരി നിന്നു... "ഞാൻ നോക്കട്ടെ... പറ്റുവാണേൽ നേരത്തേ വരാം ഇല്ലെങ്കിൽ താൻ എല്ലാവരെയും കൂട്ടി പൊക്കോ വണ്ടി ഞാൻ അയക്കാം... "

"അതൊന്നും പറഞ്ഞാൽ പറ്റില്ല കാശ്യേട്ടനും വന്നേ പറ്റൂ.... " ദീപ്തി അവനെ തട്ടിമാറ്റി മുഖം വീർപ്പിച്ചിരുന്നു... "ഓ ശെരി ഇനി അതിന് പിണങ്ങണ്ടാ... " കാശി അവളുടെ വീർപ്പിച്ചു വെച്ച കവിളിൽ ഒരു കുത്തു വെച്ചു കൊടുത്തു... ദീപ്തി പരിഭവം മറന്നു ചിരിച്ചതും അവൻ ഇറുകെ അവളെ പുണർന്നു.... ******* രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കാനായി എല്ലാവരും മേശക്ക് ചുറ്റുമിരുന്നു... പക്ഷേ ദിവ്യ മാത്രം അവിടേക്ക് വന്നില്ല...അവരുടെയെല്ലാം മുഖം വാടി തുടങ്ങിയതും ചെറു പുഞ്ചിരിയോടെ ദിവ്യ അവിടേക്ക് വന്നു കസേര വലിച്ചിട്ടിരുന്നു....അതിനിടയിൽ കുറുമ്പോടെ ദീപുവിന്റെ തലക്കിട്ടൊരു കിഴുക്ക് വെച്ചു കൊടുത്തു.... അമ്പരന്നു തന്നെ നോക്കിയിരിക്കുന്നവരെ കണ്ടതും അവൾ അവരെ നോക്കി നേർമയിൽ പുഞ്ചിരിച്ചു.... ദിവ്യ അരികിൽ വന്നിരുന്നതും കാശി അവളുടെ പ്ലേറ്റിലേക്ക് ഇഡലി വെച്ചു കൂടെ സാമ്പാറും ഒഴിച്ചു കൊടുത്തു..

.അവൾ ആസ്വദിച്ചു കഴിക്കുന്നത് നിറഞ്ഞ മനസ്സാലെ അവരെല്ലാം നോക്കിയിരുന്നു... കാശി തന്റെ പ്ലേറ്റിൽ നിന്നും ഒരുരുള എടുത്ത് അവളുടെ നേരെ നീട്ടി... കൊച്ചു കുഞ്ഞുങ്ങളെ പോലെ അവൾ വാ തുറന്നു അത് വാങ്ങി കഴിച്ചു... ദിവ്യയോട് ഒരു പ്രത്യേകതരം സ്നേഹവും വാത്സല്യവുമാണ് കാശിക്കുള്ളതെന്ന് അവർക്കെല്ലാം അറിയാമായിരുന്നു... ദിവ്യക്ക് അപകടം സംഭവിച്ചപ്പോൾ ഏറെ വിഷമിച്ചതും അവനായിരുന്നു...ദിവ്യക്ക് കാശി വാരി കൊടുക്കുന്നത് കണ്ടപ്പോൾ ഗോപുവിനും ദീപുവിനും കുശുമ്പ് കയറി... അടുത്ത ഉരുളക്കായി വാ തുറന്നിരിക്കുന്ന ദിവ്യയെ തട്ടി മാറ്റി കാശിയുടെ കയ്യിൽ അവരത് വാങ്ങി കഴിച്ചു.... അവസാനം മൂവരും അടിയായി തുടങ്ങിയതും കാശി തന്നെ അവരെയെല്ലാം ഓടിച്ചു വിട്ടു....വൈകീട്ട് നേരത്തേ റെഡിയായി നിന്നാൽ ബീച്ചിൽ പോവാമെന്ന് പിള്ളേരോട് പറഞ്ഞിട്ട് കാശി ഓഫീസിലേക്ക് പോയി.... ************

ദീപുവും ഗോപുവും നേരത്തേ തന്നെ റെഡിയായി കാശി വരുന്നതും നോക്കി നിന്നു... ഗോപുവിന്റെ കണ്ണുകൾ ഇടയ്ക്കിടെ ദിവ്യയുടെ മുറിയുടെ ഭാഗത്തേക്ക് പാളി വീഴുന്നുണ്ടായിരുന്നു... താനൊഴികെ മറ്റെല്ലാവരോടും ദിവ്യ സാധാരണ പോലെ സംസാരിക്കുന്നുണ്ട് കുറുമ്പ് കാണിക്കുന്നുണ്ട് പക്ഷേ തന്നോട് ഒന്ന് മിണ്ടുന്നു കൂടിയില്ല എന്തിനേറെ പറയുന്നു താൻ എന്നൊരാൾ അവിടെ ഇല്ലാത്തത് പോലെയാണ് അവളുടെ പെരുമാറ്റം... ദിവ്യയുടെ അവഗണന ഗോപുവിനെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു.... അഞ്ചു മണിയോട് കൂടെ കാശി വന്നതും അവരെല്ലാവരും ബീച്ചിലേക്ക് പുറപ്പെട്ടു... കടല് കണ്ടാൽ തുള്ളിചാടി കൊണ്ട് അവിടേക്ക് ഓടുന്ന ദിവ്യ ഇന്ന് ദീപ്തിയുടെ കയ്യിൽ തൂങ്ങി നടന്നു...മുഖം മറക്കാനെന്ന പോലെ തലയിലൂടെ ഇട്ടിരുന്ന ഷാൾ അവൾ ഒന്നുകൂടെ വലിച്ചിട്ടു... "ഇന്നെന്തു പറ്റി അവരുടെ കൂടെ കൂടുന്നില്ലേ... "

കടലിൽ കളിക്കുന്ന ഗോപുവിനെയും ദീപുവിനേയും നോക്കിക്കൊണ്ട് ദീപ്തി ദിവ്യയോട് ചോദിച്ചു... "അവിടെ നിറയെ ആളുകളാണ്...അവർ എന്നെ കണ്ടാൽ എന്റെ മുഖം കണ്ടാൽ ഭയപ്പെട്ടാലോ..." "അങ്ങനെയൊന്നും ഉണ്ടാവില്ല കുട്ടീ... അതെല്ലാം നിന്റെ തോന്നലാണ്... നീയൊന്ന് ചെന്ന് നോക്കിക്കേ അവരാരും നിന്നെ ശ്രദ്ധിക്കുക കൂടിയില്ല...എല്ലാവരും നമ്മളെ പോലെ തന്നെ എൻജോയ് ചെയ്യാനല്ലേ ഇവിടെ വന്നിരിക്കുന്നത് അല്ലാതെ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടു പിടിക്കാനല്ലല്ലോ..." ദീപ്തി വളരെ ശാന്തമായ സ്വരത്തിൽ അവളോട് പറഞ്ഞു... "ഗോപു...ഒന്നിങ്ങു വന്നേ..." "എന്താ ഏട്ടത്തി... " ദീപ്തിയുടെ വിളികേട്ടവൻ കിതച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ഓടി വന്നു ചോദിച്ചു.... "ദേ ഇവളേയും കൂടെ കൊണ്ടുപോക്കെ... അവളിവിടെ ചടഞ്ഞു കൂടി ഇരുപ്പാണ്..." അവൾ ദിവ്യയെ നോക്കി പറഞ്ഞതും അവളുടെ ചുണ്ടുകൾ കൂർത്തു...

"അതിനെന്താ ഏട്ടത്തി എപ്പോ കൊണ്ടുപോയെന്ന് ചോദിച്ചാ പോരെ.. ദീപു,,, എടാ പെട്ടന്നൊന്നിങ് വന്നേ..." ദീപ്തിയോട് പറഞ്ഞുകൊണ്ട് അവനുറക്കെ ദീപുവിനെ വിളിച്ചു... "എന്താ ഗോപു... " ദീപു ചോദിച്ചതും അവൻ കണ്ണുകൾ കൊണ്ടെന്തോ ആംഗ്യം കാണിച്ചു... ദീപു ഒരു കള്ളച്ചിരിയോടെ ദിവ്യയുടെ കൈകൾക്കിടയിലൂടെ അവന്റെ കയ്യിട്ട് പിടിച്ചു ഗോപു അവളുടെ കാലിലും...ദിവ്യ കുതറി മാറാൻ നോക്കുന്നുണ്ടെങ്കിലും അവർ മുറുകെ പിടിച്ചതുകൊണ്ട് അവൾക്ക് ഓടാൻ കഴിഞ്ഞില്ല...അവരിരുവരും അവളെ പൊക്കിയെടുത്തു വെള്ളത്തിൽ കൊണ്ടിട്ടു....നനഞ്ഞ കോഴിയെ പോലെ അവൾ വെള്ളത്തിൽ നിന്നും എഴുന്നേറ്റ് ചിണുങ്ങി... കരയിൽ നിന്ന് പൊട്ടി ചിരിക്കുന്ന ഗോപുവിന്റെയും ദീപുവിന്റെയും ശരീരത്തിലേക്കവൾ വെള്ളം തെറിപ്പിച്ചു കൊണ്ടിരുന്നു... പിന്നീട് മൂവരും വെള്ളത്തിൽ കിടന്ന് ആർത്തുല്ലസിച്ചു... ************ ആർത്തലച്ചു വരുന്ന തിരമാലയിലേക്ക് നോക്കിയിരിക്കുന്ന ദീപ്തിയുടെ അരികിലായി കാശി വന്നിരുന്നു... അവന്റെ സാമീപ്യം അറിഞ്ഞതും അവൾ പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി...

അവന്റെ കൈകൾക്കിടയിലൂടെ കോർത്തു പിടിച്ചു കൊണ്ട് തോളിലേക്ക് ചാഞ്ഞു.... ഒരു വാക്ക് പോലും ഉരിയാടാതെ മൗനം കൊണ്ടവർ ആ സായാഹ്നം പ്രണയാർദ്രമാക്കി...ഇരുവരുടേയും നോട്ടം വെള്ളത്തിൽ തുള്ളിക്കളിക്കുന്ന ഒരു കൊച്ചു മിടുക്കിയിലേക്ക് നീണ്ടു... അവളുടെ കുറുമ്പ് കാണുമ്പോൾ അവരുടെ ചൊടികൾ വിരിഞ്ഞു ഏറെ മനോഹരമായി.... "നമുക്കും വേണ്ടെടോ അതുപോലൊരു സുന്ദരിക്കുട്ടി.... " ആ കുഞ്ഞിനെ തന്നെ നോക്കിക്കൊണ്ട് കാശി നേർമയോടെ ചോദിച്ചു... "വേണ്ടേ... ഇപ്പോഴേ തീരുമാനിച്ചോ പെൺകുഞ്ഞു മതിയെന്ന്... " ദീപ്തി അവന്റെ തോളിൽ നിന്നും തലയുയർത്തി നോക്കി.... "ആദ്യത്തേത് പെൺകുഞ്ഞ് മതി അതാവുമ്പോൾ അച്ഛന്മാരോട് ഒരു പ്രത്യേക അടുപ്പവും സ്നേഹവുമൊക്കെ ഉണ്ടാവും... തനിക്ക് തന്റെ അച്ഛനോടുള്ളത് പോലെ...പലപ്പോഴും നിങ്ങളുടെ സ്നേഹം കണ്ട് എനിക്ക് തന്നെ അസൂയ തോന്നിയിട്ടുണ്ട്...

അത്രക്കും പവിത്രമാണ് ഒരച്ഛൻ മകൾ ബന്ധം..." അവൻ ദീപ്തിയുടെ മടിയിലേക്ക് ചാഞ്ഞു... "അമ്മ പറയുന്നത് കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ ഞാൻ എപ്പോഴും അച്ഛന്റെ കൂടെയായിരിക്കുമെന്ന്... അച്ഛനോടൊപ്പം ആയിരിക്കുമത്രേ കഴിപ്പും കിടപ്പുമെല്ലാം...വലുതായപ്പോഴും അതിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല സ്കൂളിലും കോളേജിലുമെല്ലാം പോയിരുന്നത് അച്ഛന്റെ കയ്യിൽ തൂങ്ങി.... പിള്ളേരെല്ലാം കളിയാക്കാറുണ്ടായിരുന്നു ഇത്ര വലുതായിട്ടും അച്ഛന്റെയൊപ്പം സ്കൂളിൽ വരുന്നത് കാണുമ്പോൾ... പക്ഷേ എന്റെ സന്തോഷം അതൊക്കെയായിരുന്നു... അച്ഛന്റെ അപകടം എന്നെ ഏറെ തളർത്തി... പിന്നെ പഠിപ്പെല്ലാം ഉപേക്ഷിച്ചു കൂടപ്പിറപ്പുകളുടെ വിശപ്പകറ്റാൻ രാവന്തിയോളം ഓടിപ്പാഞ്ഞു... ഏറെ തളർന്നു വരുന്ന ദിവസങ്ങളിലും അച്ഛന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുമ്പോൾ ഉള്ളിൽ പുതുമഴ പെയ്തു തോർന്നത് പോലൊരു കുളിരും തണുപ്പുമായിരിക്കും...

വർഷങ്ങൾക്ക് ശേഷവും പഴയത് പോലെ അച്ഛന്റെ കയ്യിൽ തൂങ്ങി നടക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല... പക്ഷേ അവിടേയും ദൈവം എന്നെ കൈവിട്ടില്ല... മല്ലികാമ്മയുടെയും കാശ്യേട്ടന്റെയും രൂപത്തിൽ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു... ഇനി ഒരൊറ്റ ആഗ്രഹമേ ഉള്ളൂ എന്റെ ദിവ്യയും ദീപുവും പഠിച്ചു മിടുക്കരായി വലിയൊരു നിലയിൽ എത്തുന്നത് കാണണം.. എന്നാലേ ഒരു ചേച്ചിയെന്ന നിലയിൽ എന്റെ കടമ പൂർണമാവുകയുള്ളൂ..." അകലെ ഒരു പൊട്ടുപോലെ കാണുന്ന ദിവ്യയേയും ദീപുവിനേയും നോക്കിക്കൊണ്ടവൾ വാത്സല്യത്തോടെ പറഞ്ഞു... "അതിനിടയിൽ ഈ പാവപ്പെട്ടവനെ മറന്നു പോവരുത്... " കുസൃതിയോടെ പറയുന്ന കാശിയുടെ കൈ തണ്ടയിൽ നോവാത്ത വിധം അവളൊരു തല്ല് വെച്ചു കൊടുത്തു...കാശി ചുണ്ടുകൾ കൂർപ്പിച്ചു കെർവിച്ചു നോക്കിയപ്പോൾ അവന്റെ പരിഭവം തീർക്കാനെന്നോണം അവളുടെ നേർത്ത അധരങ്ങൾ കാശിയുടെ വിരിഞ്ഞ നെറ്റിയിൽ അമർന്നു........... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story