മഞ്ഞുരുകും കാലം : ഭാഗം 5

Manjurukumkalam

രചന: ഷംസീന

പതിവ് പോലെ ദീപ്തി പിറ്റേന്ന് ജോലിക്ക് പോയി.. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കൂട്ടിന് ജയയേയും കിട്ടി.. "നിനക്കെന്താ ദീപ്തി ഭ്രാന്തയോ എടുത്തുചാടി ഇങ്ങനൊരു തീരുമാനം എടുക്കാൻ.." ഉള്ളിലെ നീരസം അതുപോലെ തന്നെ ജയ പ്രകടമാക്കി.. "എടുത്തുചാടി എടുത്ത തീരുമാനം ഒന്നുമല്ല ചേച്ചി... ഒരുപാട് ആലോചിച്ചു.. ഈ തീരുമാനമാണ് ശെരിയെന്നു തോന്നി... " "ശെരിയാണ് പോലും.. ദീപ്തി ഇന്നത്തെ കാലത്ത് വിഷ്ണുവിനെ പോലൊരു ചെറുപ്പക്കാരനെ കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെയാണ്.. അതാണ് നീ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്.. നീയിന്നലെ വിളിച്ചു പറഞ്ഞപ്പോൾ ശെരിക്കും ഞാൻ ഞെട്ടി പോയി.." ജയ പറഞ്ഞപ്പോൾ ദീപ്തിയൊന്ന് ചിരിച്ചു.. "ജീവിതം ഇങ്ങനെയൊക്കെ തന്നെയല്ലേ ചേച്ചി.. മോഹിച്ചതൊന്നും കിട്ടിക്കോളണം എന്നില്ലല്ലോ.. "

"മ്മ് നിനക്കതൊക്കെ പറയാം..കാരണം നിന്റെ മാത്രം തീരുമാനമായിരുന്നല്ലോ ഇത്..." "എല്ലാം അറിഞ്ഞിട്ടും ചേച്ചിയും എന്നെ കുറ്റപ്പെടുത്തുവാണോ.." "ഞാൻ കുറ്റപ്പെടുത്തിയതല്ല ദീപ്തി..എന്റെ ജീവിതാനുഭവത്തിൽ നിന്നും പറഞ്ഞതാണ്.." "എനിക്ക് മുന്നിൽ ഇതല്ലാതെ വേറൊരു വഴിയും ഉണ്ടായിരുന്നില്ല... ആരുടേയും ശാപം ഏറ്റു വാങ്ങാൻ കഴിയാത്തത് കൊണ്ടാ.. ഞാൻ.." അവൾ വിതുമ്പലടക്കാൻ പ്രയാസപ്പെട്ടു.. "ദീപ്തി.. " "ചേച്ചി വാ.. ഇനിയും ഇവിടെ നിന്നാൽ കടയിൽ എത്താൻ വൈകും.." ജയയുടെ സഹതാപത്തോടെയുള്ള നോട്ടം താങ്ങാൻ കഴിയാതെ ദീപ്തി കാലുകൾ വലിച്ചു മുന്നോട്ട് നടന്നു.. കടയിൽ എത്തിയതും സ്ഥിരമുള്ള തിരക്കുകളിലേക്ക് ഊളിയിട്ടു.. മനസ്സിലെ മായാത്ത ഓർമ്മകൾ മണ്ണിട്ടു മൂടി എന്നന്നേക്കുമായി.. വൈകീട്ട് വീട്ടിൽ എത്തിയതും അമ്മയുടെ കയ്യിൽ നിന്നും ചെറു ചൂടുള്ള കട്ടൻകാപ്പിയും വാങ്ങിച്ചു കുടിച്ചു തൊടിയിലേക്കൊന്നിറങ്ങി.. അമ്മക്കവിടെ ചെറുതായൊരു പച്ചക്കറി തോട്ടം ഉണ്ട്..

അതിന് വെള്ളം ഒഴിച്ചു കൊടുത്തും തടം പിടിച്ചും സമയത്തെ തള്ളി നീക്കി.. ഇന്ന് അമ്പലത്തിൽ ദീപാരാധന തൊഴാൻ പോവാമെന്ന് ദിവ്യ പറഞ്ഞിരുന്നു.. അതിനാൽ തന്നെ വേഗം തൊടിയിൽ നിന്നും കയറി കുളിച്ചു ഒരു ദാവണിയും എടുത്ത് ചുറ്റി ദിവ്യയുടേയും ദീപുവിന്റെയും കൂടെ അമ്പലത്തിലേക്ക് പോയി.. നിറയെ ദീപങ്ങളാൽ അലങ്കരിച്ച അമ്പലത്തിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ ഉള്ളിൽ കുഞ്ഞു തണുപ്പ് വന്ന് പൊതിയുന്നതറിഞ്ഞു.. പരിചയക്കാരോട് ചിരിച്ചും കുശലം പറഞ്ഞും അമ്പല നടയിലെത്തി ഭഗവാന്റെ മുന്നിൽ കൈകൂപ്പി മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു.. തനിക്ക് വേണ്ടി ഇന്നുവരെ ഒരു കാര്യം പോലും ഭാഗവാനോട് ആവശ്യപെട്ടിട്ടില്ല.. ഇക്കാലമത്രെയും ചോദിച്ചത് തന്റെ അച്ഛനും അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും വേണ്ടിയാണ്.. ഇന്നും മനസ്സുരുകി അവർക്ക് വേണ്ടി തന്നെയായിരുന്നു പ്രാർത്ഥിച്ചത്.. തൊഴുതു കഴിഞ്ഞ് പ്രസാധവും വാങ്ങി ദീപുവിന്റെയും ദിവ്യയുടേയും നെറ്റിയിൽ തൊട്ടു കൊടുത്തു..

ദീപ്തിയും ചന്ദനം എടുത്ത് നെറ്റിയിലും കഴുത്തിലും തൊട്ടു.. ഇലച്ചീന്തിൽ ഉണ്ടായിരുന്ന തെച്ചിപ്പൂ എടുത്ത് മുടി ചുരുളിൽ വെക്കുമ്പോഴാണ് തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന വിഷ്ണുവിനെ ദീപ്തി കണ്ടത്.. വിഷ്ണുവിനെ കണ്ടതും ദീപ്തിയുടെ കണ്ണുകൾ പിടച്ചു.. അവനിൽ നിന്നും നോട്ടം മാറ്റി മാറി പോവാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും വിഷ്ണു അവളെ വിളിച്ചത്.. "ദീപ്തി.. " അവൾ കുറച്ച് നേരം ആലോചിച്ചു നിന്നതിനു ശേഷം അവന്റെ നേരെ തിരിഞ്ഞു.. "എനിക്കൊന്ന് സംസാരിക്കണം.. ഒരു പത്തു മിനിറ്റ്.. " വിഷ്ണു പറഞ്ഞപ്പോൾ ദിവ്യയും ദീപുവും അവളിൽ നിന്നും കുറച്ച് മാറി നിന്നു.. "അമ്മ നിന്നോട് അരുതാത്തതെന്തെകിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു..ദീപു പറഞ്ഞിട്ടാണ് ഞാൻ എല്ലാം അറിയുന്നത്.. അമ്മക്കിതിന് എങ്ങനെ കഴിഞ്ഞെന്ന് എനിക്കിപ്പോഴും അറിയില്ല.."

അവനൊന്ന് നെടുവീർപ്പിട്ടു.. "അമ്മായി പറഞ്ഞതിൽ തെറ്റൊന്നും ഇല്ല വിഷ്ണുവേട്ട.. എന്തിനാ വെറുതെ ഞങ്ങളുടെ വീടിന്റെ ഭാരം കൂടെ ഏട്ടൻ തലയിൽ ചുമക്കുന്നേ.." "അതെനിക്കൊരു ഭാരമാണോ ദീപ്തി.. ഞാൻ ഇന്നീ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിൽ ഏറിയ പങ്കും അമ്മാവനാണ്.. അദ്ദേഹം ചെയ്ത സഹായങ്ങളൊന്നും അമ്മയെ പോലെ എനിക്ക് അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയില്ല.." "എന്റെ അച്ഛൻ തിരിച്ചു കിട്ടും എന്ന് കരുതിയല്ല മറ്റുള്ളവർക്ക് സഹായം ചെയ്തത്...അതിന്റെ കടപ്പാടിന്റെ പുറത്ത് വിഷ്ണുവേട്ടൻ ജീവിതം നശിപ്പിക്കേണ്ട.. അതെന്റെ അച്ഛന്റെ കടമായി കണ്ടാൽ മതി.. പറ്റുമെങ്കിൽ എത്രയും വേഗം അമ്മായിയുടെ ആഗ്രഹം പോലെ വിവാഹം കഴിച്ചു കുടുംബമായി ജീവിക്കണം.." "ദീപ്തി..എടോ എനിക്ക് തന്നെ മ.." "നേരം ഒരുപാടായി.. പോവട്ടെ,, അമ്മ അന്യോഷിക്കും.. "

അവൻ പറയാൻ തുടങ്ങുന്നത് മനസ്സിലായ പോലെ ദീപ്തി ഒഴിഞ്ഞുമാറി.. തന്നെ കാത്ത് നിൽക്കുന്ന ദീപുവിന്റെയും ദിവ്യയുടേയും അടുക്കലേക്ക് പോയി..ഇരുവരും ദീപ്തിയുടെ കയ്യിൽ പിടിച്ചു അമ്പലത്തിലെ പടിക്കെട്ടുകൾ ഇറങ്ങി.. "നീയെന്തിനാ ദീപു വിഷ്ണുവേട്ടനോട് അമ്മായി വീട്ടിൽ വന്നു ബഹളം വെച്ച കാര്യം പറയാൻ പോയേ.." "അത്.. ചേച്ചി.. ഞാൻ ചേച്ചിയുടെ വിഷമം കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.. അതാ. അല്ലാതെ വിഷ്ണുവേട്ടനെ സങ്കടപ്പെടുത്താൻ വേണ്ടി മനപ്പൂർവം ചെയ്തതൊന്നും അല്ല.. " "പറയേണ്ടിയിരുന്നില്ല ദീപു..വിഷ്ണുവേട്ടന് സങ്കടമായിട്ടുണ്ട്..." "ആ സമയത്ത് ഞാൻ അതൊന്നും ഓർത്തില്ല..ഇനി ഇതുപോലൊന്നും ചെയ്യില്ല ചേച്ചി.." ദീപു അവളുടെ കൈകൾ കൂട്ടിപിടിച്ചു.. "സാരമില്ല പോട്ടെ..നമ്മൾ എന്ത് പ്രവർത്തിക്കുമ്പോഴും ഒരു നൂറ് വട്ടമെങ്കിലും ആലോചിക്കണം.. കേട്ടല്ലോ.."

"മ്മ്... " "എന്നാൽ നടക്ക്... " "ചേച്ചി ഞാനൊരു കാര്യം ചോദിച്ചോട്ടെ..? " വരമ്പത്തേക്കിറങ്ങിയതും ദിവ്യ ചോദിച്ചു.. "ചോദിക്ക്... " മുന്നോട്ട് നടക്കുന്നതിനിടയിൽ ദീപ്തി പറഞ്ഞു.. "ചേച്ചി വിഷ്ണുവേട്ടനെ മറന്ന് വേറെ ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാവുമോ..?" ചോദ്യം കേട്ടതും ദീപ്തി നടത്തം നിർത്തി ദിവ്യയുടെ നേരെ തിരിഞ്ഞു.. "ഇതാണോ നിന്റെ ചോദ്യം... " ദീപ്തിയവളെ കപട ഗൗരവത്തിൽ നോക്കി.. "ചേച്ചി ചോദിച്ചതിന് ഉത്തരം പറ.. " ദീപുവും കൂടി ദിവ്യയുടെ ഭാഗം ചേർന്നു.. "അങ്ങനെ ചോദിച്ചാൽ,, ഇല്ല എന്നൊന്നും പറയുന്നില്ല.. എന്നാലും ഈ അടുത്ത കാലത്തൊന്നും ഉണ്ടാവില്ല.. നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാതെ ഞാൻ എന്റെ സുഖ ജീവിതം തേടി പോവില്ല.." ദീപ്തി പറഞ്ഞപ്പോൾ ഇരുവരും അവളെ മുന്നിലൂടെയും പിന്നിലൂടെയും ഇറുകെ പുണർന്നു..അവളും തന്റെ കൂടപ്പിറപ്പുകളെ ചേർത്ത് പിടിച്ചു.. ഒരിക്കലും തനിച്ചാക്കില്ല എന്ന ഉറപ്പോടെ............. തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story