മഞ്ഞുരുകും കാലം : ഭാഗം 51

Manjurukumkalam

രചന: ഷംസീന

കാശിയുടെ പുതിയ ടെക്സ്റ്റയിൽസ് ഷോപ്പിന്റെ ഉദ്ഘാടനമാണ് ഇന്ന്... അച്ഛന്റെ മരണ ശേഷം സാഹചര്യങ്ങളാൽ അടച്ചു പൂട്ടേണ്ടി വന്ന കടയുടെ റീ ഓപ്പണിംഗ്... അതിന്റെ എല്ലാ സന്തോഷവും അവനുണ്ടായിരുന്നു...പണ്ടത്തെ കാശിയിൽ നിന്നും ഇപ്പോഴത്തെ കാശിയിലേക്കുള്ള മാറ്റം പലരും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്.... മാണിക്യമംഗലം വീട്ടിലെ ഭ്രാന്തൻ എന്ന പട്ടം ചൂടി നടക്കുമ്പോഴും ആരും പ്രതീക്ഷിച്ചു കാണില്ല അവൻ അതിൽ നിന്നും ഉയർത്തെഴുന്നേറ്റ് ഇന്നീ കാണുന്ന നിലയിലെത്തുമെന്ന്... കാശിയുടെ കഠിന പ്രയത്നം കൊണ്ട് ഇപ്പോൾ ഇന്ത്യയിലെ തന്നെ നമ്പർ വൺ കമ്പനികളിൽ ഒന്നാണ് മാണിക്യമംഗലം ഗ്രൂപ്സ്... കാശി അതിരാവിലെ എഴുന്നേറ്റ് ദീപ്തിയോടൊപ്പം അമ്പലത്തിലേക്ക് പോയി... അവന്റെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം തന്റെ കൂടെ ചേർന്നു നിൽക്കുന്ന തന്റെ പാതിയാണെന്നും ജീവിതമാകുന്ന ഈ യാത്രയിൽ അവളെ തന്നിൽ നിന്നും അടർത്തി മാറ്റരുതേ എന്നവൻ സർവ്വേശ്വരനോട്‌ പ്രാർത്ഥിച്ചു...

അമ്പലത്തിൽ നിന്നും നേരെ പോയത് കടയിലേക്കായിരുന്നു... അപ്പോഴേക്കും ഗോപു മറ്റുള്ളവരേയും കൂട്ടി ഷോപ്പിലേക്ക് വന്നിരുന്നു...ഉദ്ഘാടനത്തിനുള്ള സമയമായതും കാശി മുന്നോട്ട് വന്നു... തട്ടിൽ നിന്നും റിബ്ബൺ മുറിക്കാനായി വെച്ചിരുന്ന കത്രിക എടുത്തവൻ ദീപ്തിയുടെ നേരെ നീട്ടി...ആശ്ചര്യം അവനെ തന്നെ നോക്കി നിന്നു... "നോക്കി നിൽക്കാതെ മുറിക്ക് ദീപ്തി... " കാശി കത്രിക അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു... "മല്ലികാമ്മേ ഞാൻ... " അവൾ ദയനീയതയോടെ വിളിച്ചു... "ഈ കർമത്തിന് എന്തു കൊണ്ടും യോഗ്യ നീയാണ്...ഇന്നിത് വീണ്ടും തുറന്നു പ്രവർത്തിക്കാൻ കാരണമായ മൂല ഘടകവും നീയാണ്... അതുകൊണ്ട് മടിച്ചു നിൽക്കാതെ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചു മുറിക്കാൻ നോക്ക്..." മല്ലികാമ്മയും കൂടി പറഞ്ഞതും മറ്റൊരു നിർവാഹമില്ലാതെ അവൾ റിബ്ബൺ കട്ട്‌ ചെയ്തു...

ഷോപ്പിന്റെ ഉള്ളിലേക്ക് പ്രവേശിച്ചാൽ ആദ്യ നോട്ടം ചെന്നെത്തുന്നത് കാശിയുടെ അച്ഛന്റേയും അമ്മയുടേയും വലിയൊരു ചിത്രത്തിലേക്കാണ്... കാശി അതിന് മുന്നിൽ ചെന്നു നിന്ന് വിളക്കിൽ തിരി കൊളുത്തി പ്രാർത്ഥിച്ചു... പിന്നീട് ഗോപുവും ദീപുവും ചേർന്ന് അഥിതികൾക്കെല്ലാം മധുരം കൊടുത്തു... ഉദ്ഘാടന ദിവസമായത് കൊണ്ട് വമ്പൻ ഓഫറുകളായിരുന്നു ഷോപ്പിൽ ഒരുക്കിയിരുന്നത്... ഷോപ്പിനകത്ത് ആളുകളുടെ തിക്കും തിരക്കും അധികരിച്ചപ്പോൾ ദീപ്തി പുറത്തേക്കിറങ്ങി നിന്നു... "എന്തേ ഇവിടെ വന്നു നിൽക്കുന്നെ...? " മാറി നിൽക്കുന്ന ദീപ്തിയെ കണ്ട് കാശി അടുത്തേക്ക് വന്നു... "മ്മ്ച്ചും... " ചുമ്മൽ കൂച്ചി കൊണ്ടവൾ അവന്റെ തോളിലേക്ക് ചാഞ്ഞു... "പറയെടോ,,,വയ്യേ തനിക്ക്... പനിയുണ്ടോ...?" കാശി വെപ്രാളത്തോടെ അവളുടെ കഴുത്തിലും നെറ്റിയിലുമെല്ലാം തൊട്ടു നോക്കി...

"എന്റെ പൊന്നു കാശിയേട്ടാ നിക്കൊന്നും ഇല്ല...ചെറിയൊരു തലവേദന അത്രേ ഉള്ളൂ..." "അത്രേ ഉള്ളൂ...? " വിശ്വാസം വരാതെ വീണ്ടുമവൻ ചോദിച്ചതും അവൾ ചിരിയോടെ തലയാട്ടി.. "എന്നാൽ വാ അകത്തെ എന്റെ മുറിയിലേക്കിരിക്കാം... " "വേണ്ട കാശിയേട്ടാ,, അകത്തേക്ക് കയറുമ്പോൾ തന്നെ എന്തോ ഒരു വിമ്മിഷ്ടം... വയറിൽ നിന്നും എന്തൊക്കെയോ ഉരുണ്ട് മുകളിലേക്ക് വരുന്ന പോലെ..." "രാവിലെ ഒരു ചായ പോലും കുടിക്കാതെ ഇറങ്ങിയതല്ലേ താൻ അതിന്റെയാവും... അതെങ്ങനാ പറഞ്ഞാ അനുസരണ വേണ്ടേ... " അവൻ ദേഷ്യത്തോടെ പറഞ്ഞിട്ട് അവളിൽ നിന്നും മുഖം തിരിച്ചു... "കാശിയേട്ടാ,, പിണങ്ങല്ലേ...ഞാനൊന്ന് പറഞ്ഞോട്ടെ..." "ഇവിടെ നിൽക്ക് ഞാൻ ദീപുവിനെയോ ഗോപുവിനെയോ പറഞ്ഞു വിടാം അവരുടെ കൂടെ വീട്ടിലേക്ക് പൊക്കോ... " അവളെ അവഗണിച്ചു കൊണ്ട് അവൻ അകത്തേക്ക് ചെന്നു...

കുറച്ചു കഴിഞ്ഞതും കീ വിരലിലിട്ടു കറക്കി ഗോപു ദീപ്തിയുടെ അടുത്തേക്ക് വന്നു... "ഏട്ടത്തി പോവാം... " അവൻ പറഞ്ഞതും അവൾ ചെന്ന് കാറിൽ കയറി... "ചേച്ചി കാശിയേട്ടനോട് എന്തെങ്കിലും പറഞ്ഞിരുന്നോ... " സീറ്റ് ബെൽറ്റ് ഇടുന്നതിനിടയിൽ ഗോപു നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു... "ഇല്ല,, എന്തേ അങ്ങനെ ചോദിക്കാൻ... " "അല്ല എന്റെ അടുത്ത് വന്നിട്ട് ഒരൊറ്റ ചാട്ടമായിരുന്നു,,, ഏട്ടത്തിയെ കൊണ്ടു വിടെടാ എന്നും പറഞ്ഞ്..." "മ്മ്.. അപ്പൊ കാശി നാഥൻ സീരിയസ് ആണല്ലേ... കാണിച്ചു തരാം... " അവൾ ആത്മഗതിച്ചു... "ഏട്ടത്തി എന്തെങ്കിലും പറഞ്ഞായിരുന്നോ... " അവളുടെ ചുണ്ടനക്കം ശ്രദ്ധിച്ച ഗോപു ചോദിച്ചു... "ഏയ്‌....ഇല്ലല്ലോ,,,നീ നേരെ നോക്കി വണ്ടി ഓടിക്ക്‌... " സംഭാഷണത്തിന് വിരാമമിട്ടു കൊണ്ട് ദീപ്തി പുറത്തേക്ക് നോക്കിയിരുന്നു.... *********** അന്ന് രാത്രി ഏറെ വൈകിയാണ് കാശി വീട്ടിലേക്കെത്തിയത്...ദീപ്തിയടക്കം എല്ലാവരും കിടന്നത് കൊണ്ട് അവൻ കയ്യിലുണ്ടായിരുന്ന സ്പേർ കീ ഉപയോഗിച്ചു വാതിൽ തുറന്നു അകത്തേക്ക് കയറി...

സാധാരണ കാശി വരാൻ വൈകുന്ന ദിവസങ്ങളിൽ മുറിയിൽ ബെഡ്‌ ലാമ്പിന്റെ വെളിച്ചം ഉണ്ടാവാറുള്ളതാണ് പക്ഷെ ഇന്നത് പോലും ഇല്ലെന്ന് കണ്ടതും അവന്റെ മുഖം ചുളിഞ്ഞു... "പെണ്ണ് അപ്പോൾ ശെരിക്കും പിണക്കത്തിലാണല്ലോ..." അവൻ പതിയെ ചുണ്ടുകൾ അനക്കി... രാവിലെ അമ്പലത്തിലേക്കിറങ്ങുന്നതിന് മുന്നേ കുറേ തവണ നിർബന്ധിച്ചതായിരുന്നു അവൻ അവളെ ചായ കുടിക്കാനായിട്ട്.. എന്നിട്ട് അവളതിന് കൂട്ടാക്കാതെ അമ്പലത്തിലേക്കും അവിടെ നിന്ന് ഷോപ്പിലേക്കും വന്നു.. അതിന്റെ ദേഷ്യമാണ് ദീപ്തി തലവേദനിക്കുന്നു എന്ന് പറഞ്ഞപ്പോൾ അവൻ കാണിച്ചത്...പിന്നീട് ഓരോ തിരക്കുകളിലേക്കും നീങ്ങിയപ്പോൾ ആ കാര്യം തന്നെ മറന്നു പോയിരുന്നു.. അവൻ അവളുടെ പിണക്കം മാറ്റിയെടുക്കണം എന്ന ഉദ്ദേശത്തോടെ മുറിയിലെ ലൈറ്റ് ഓൺ ചെയ്തു... എന്നാൽ അവിടെ ദീപ്തി ഉണ്ടായിരുന്നില്ല...

തന്നെ പറ്റിക്കാൻ വേണ്ടി ഒളിച്ചിരിക്കുകയാവും എന്ന് കരുതി അവൻ കട്ടിലിനടിയിലും ബാത്റൂമിലുമെല്ലാം അവളെ തിരഞ്ഞു... അവളുടെ പൊടി പോലും കിട്ടിയില്ല... അവളെ തിരക്കി മുറിക്ക് പുറത്തേക്ക് പോവാൻ തുടങ്ങുമ്പോഴാണ് കട്ടിലിലൊരു ചുവന്ന വർണ കടലാസിൽ പൊതിഞ്ഞ ഒരു ബോക്സ്‌ ഇരിക്കുന്നത് കണ്ടത്... ആകാംഷയോടെ അവനതെടുത്ത് തുറന്നു നോക്കി...ഒരു ജോഡി കുഞ്ഞു ശൂ ആയിരുന്നു അതിനുള്ളിൽ... ശൂ കയ്യില്ലെടുത്ത് തിരിച്ചും മറിച്ചും നോക്കിയെങ്കിലും അവനതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞില്ല...അവനത് ബെഡിലേക്കിട്ട് വീണ്ടും ദീപ്തിയെ തിരയാനായി പോവുമ്പോഴാണ് ശൂസിൽ നിന്നും മറ്റൊരു വർണ്ണക്കടലാസ് കൂടെ പുറത്തു ചാടിയത്... അവനതെടുത്തു തുറന്നു നോക്കി ഒരു പ്രേഗ്നെൻസി ടെസ്റ്റ്‌ കാർഡായിരുന്നു അത്...

അതിലെ രണ്ട് ചുവന്ന വരകൾ കാണെ അവന്റെ ഉള്ളം സന്തോഷത്താൽ തുടികൊട്ടി... അതേ നിമിഷം തന്നെ രണ്ട് മൃദുലമായ കരങ്ങൾ അവനെ പിന്നിൽ നിന്നും ചുറ്റി വരിഞ്ഞു... "നമ്മുടെ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അംശം...അതെ കാശിയേട്ടാ നമ്മളൊരു അച്ഛനും അമ്മയും ആവാൻ പോവുന്നു..." അവൾ ആർദ്രമായി പറഞ്ഞതും പിന്നിൽ നിന്നും അവളെ തന്റെ മുന്നിലേക്ക് വലിച്ചു ഇറുകെ പുണർന്നു കഴിഞ്ഞിരുന്നു കാശി...ഇരുവരുടേയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി... ഏറെ നേരം അവരാ നിൽപ്പ് തുടർന്നു... "കാശിയേട്ടാ... " പ്രണയത്തോടെ അവൾ വിളിച്ചു... "മ്മ്.. " "ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ...? " അതിന് മറുപടിയായി പൊടുന്നനെ കാശി അവളുടെ അധരങ്ങൾ കവർന്നു... എത്ര ചുംബിച്ചിട്ടും മതിയാവാത്തത് പോലെ അവൻ വീണ്ടും വീണ്ടും അവളുടെ മൃദുലമായ അധരങ്ങളെ നുണഞ്ഞെടുത്തു... അവളുടെ ശ്വാസം വിലങ്ങിത്തുടങ്ങിയെന്ന് കണ്ടതും അവൻ അവളെ തന്നിൽ നിന്നും മോചിപ്പിച്ചു... "ഇനി പറ എനിക്ക് തന്നോട് ദേഷ്യമുണ്ടോ... "

ചുണ്ടുകൾ തുടച്ചു കൊണ്ടവൻ പ്രണയാർദ്രമായി ചോദിച്ചതും നാണത്താൽ ദീപ്തി മുഖം അവന്റെ ഇടനെഞ്ചിലേക്ക് ഒളിപ്പിച്ചിരുന്നു... *********** പിറ്റേന്ന് തന്നെ ഈ സന്തോഷ വാർത്ത കാശി എല്ലാവരോടും പറഞ്ഞു...ദീപുവിനും ഗോപുവിനുമായിരുന്നു ഏറെ സന്തോഷം...വിവരമറിഞ്ഞു കുറെയേറെ മധുരപ്പലഹാരങ്ങളുമായി മാഷും രാധയും ദീപ്തിയെ കാണാനായി വന്നു... നാളുകൾക്ക് ശേഷം കുടുംബത്തിൽ ഒരു സന്തോഷം നടന്നത് എല്ലാവരും കൂടെ ആഘോഷിക്കാൻ തന്നെ തീരുമാനിച്ചു...രാധമ്മയും മല്ലികാമ്മയും ചേർന്ന് സദ്യക്കുള്ളത് തയ്യാറാക്കാനായി അടുക്കളയിലേക്ക് ചെന്നു... കൂട്ടത്തിൽ കാശിയും പിള്ളേരും ഉണ്ട്... ദീപ്തി സഹായത്തിനായി അവിടേക്ക് വന്നെങ്കിലും കാശി അവളെ അവിടെ നിന്നും ഓടിച്ചു വിട്ടു... ഉമ്മറത്ത് ചാരു കസേരയിലിരിക്കുന്ന അച്ഛന്റെ അരികിൽ ചെന്നിരുന്നു ദീപ്തി... "ഈ സന്തോഷത്തിൽ പങ്കു ചേരാൻ എന്റെ ദിവ്യ മോളും കൂടെ വേണ്ടതായിരുന്നു ... " അയാൾ തന്റെ മകളെ കുറിച്ചോർത്തുള്ള വേദനയിൽ പറഞ്ഞു... "അച്ഛാ..." ദീപ്തി വിഷമത്തോടെ വിളിച്ചു...

"പുറത്തു പോയി പഠിക്കാൻ അവൾക്ക് അനുവാദം കൊടുത്തെങ്കിലും പോയിക്കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിങ്ങലായിരുന്നു മനസ്സിനുള്ളിൽ.... പക്ഷേ ഫോൺ വിളിക്കുമ്പോഴുള്ള അവളുടെ സന്തോഷവും ഉത്സാഹവുമൊക്കെ കാണുമ്പോൾ ആ പിടച്ചിൽ മാറാറും ഉണ്ട്... നിന്റെ ജീവിതം ഒരു കര പറ്റിയത് പോലെ അവളുടേതും കൂടിയായാലേ അച്ഛന് മനഃസമാദാനം കിട്ടുകയുള്ളൂ..." അദ്ദേഹത്തിൽ നിന്നൊരു നെടുവീർപ്പുയർന്നു...ദീപ്തി അച്ഛന്റെ അടുത്തേക്ക് നീങ്ങിയിരുന്നു ആ ക്ഷീണിച്ച കൈകൾ തന്റെ കൈക്കുള്ളിലേക്ക് വെച്ചു പൊതിഞ്ഞു പിടിച്ചു... "അച്ഛൻ സമാധാനമായിട്ടിരിക്ക്....കുറച്ചു വേദനകൾ സമ്മാനിച്ചാലും ദൈവം അവൾക്കായി നല്ലതെന്തെങ്കിലും കരുതി വെച്ചിട്ടുണ്ടാവും... മനസ്സിൽ നന്മയുള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല അതിന്റെ ഏറ്റവും ഉത്തമ ഉദാഹരമാണ് കാശിയേട്ടൻ... അച്ഛന് തന്നെ അറിയാവുന്നതല്ലേ ഏത് അവസ്ഥയിൽ നിന്നുമാണ് കാശിയേട്ടൻ ഇന്നീ കാണുന്ന കാശിയിലേക്ക് എത്തിയതെന്ന്... മനസ്സിൽ ശുഭാപ്തി വിശ്വാസമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള ഊർജം ലഭിക്കുമെന്ന് അച്ഛൻ തന്നെയല്ലേ പറയാറുള്ളത്.... ദിവ്യക്ക് അത് ആവോളം ഉണ്ട്.,,,

അവളുടെ ഭാവി ഇനി എങ്ങനെ ആകുമെന്നും അല്ല എങ്ങനെ ആയിരിക്കണമെന്നും അവൾക്ക് നല്ല നിശ്ചയമുണ്ട്... അതുകൊണ്ട് അച്ഛൻ അവളുടെ കാര്യം ഓർത്ത് ടെൻഷൻ ആവുകയേ വേണ്ടാ..." അവൾ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ മനസ്സിനെ ശാന്തമാക്കാൻ ഉതകുന്നതായിരുന്നു...അയാൾ വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി... സദ്യ തയ്യാറായതും എല്ലാവരും ഒരുമിച്ചു കഴിക്കാനിരുന്നു... ഇത്തവണയും കാശിയുടെ ആദ്യ ഉരുള ദീപ്തിക്കുള്ളതായിരുന്നു... പിന്നീടുള്ളത് ദീപുവിനും ഗോപുവിനും ആ കൂട്ടത്തിൽ ദിവ്യയുടെ കുറവ് കാശിക്കും നല്ലത് പോലെ അനുഭവപ്പെടുന്നുണ്ടായിരുന്നു... രാത്രിയിൽ ദീപ്തിയുടെ മടിയിൽ തല ചായ്ച്ചു കിടക്കുകയാണ് കാശി... അവളുടെ നീളൻ വിരലുകൾ അവന്റെ മുടിയിഴകളെ മാടിയൊതുക്കി കൊണ്ടിരുന്നു...രണ്ടുപേരുടെയും ഉള്ളം ശാന്തമായിരുന്നു...

കാറും കോളും ഒഴിഞ്ഞ തെളിഞ്ഞ ആകാശം പോലെ പ്രകാശം നിറഞ്ഞതായിരുന്നു... "ലോകത്തിലെ നിർവചിച്ചെടുക്കാൻ കഴിയാത്ത വികാരങ്ങളിൽ ഒന്നെന്താണെന്നറിയാമോ ദീപ്തിക്ക്..." അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു... "താൻ ഒരു അച്ഛനാവാൻ പോവുകയാണെന്നുള്ള സന്തോഷ വാർത്തയറിയുന്നത്.... അപ്പോഴുണ്ടാകുന്ന അയാളുടെ സന്തോഷം ചിലപ്പോൾ ഈ ലോകം തന്നെ വെട്ടിപ്പിടിച്ചാലും കിട്ടുമോ എന്ന് സംശയമാണ്..... പത്തു മാസം അമ്മയാണ് ആ ജീവന്റെ തുടിപ്പിനെ ഉദരത്തിൽ ചുമക്കുന്നതെങ്കിൽ അത് കഴിഞ്ഞ് അവൾ അല്ലെങ്കിൽ അവൻ വളരുന്നത് അച്ഛന്റെ നെഞ്ചിലെ ചൂട് തട്ടിയായിരിക്കും....

ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛന്റെ ശബ്‍ദവും സാമീപ്യവും വേർതിരിച്ചറിയാൻ കഴിയുമെന്ന് കേട്ടിട്ടില്ലേ താൻ.....അപ്പോൾ മുതൽക്കേ തന്നെ ആ കുഞ്ഞും അച്ഛനും തമ്മിൽ ആഴത്തിലുള്ള ആത്മബന്ധം ഉടലെടുത്തിട്ടുണ്ടാവും....വിഷ്ണു അച്ഛനാവാൻ പോവുന്നു എന്നറിഞ്ഞപ്പോൾ ഞാനും ആശിച്ചിരുന്നു ഒരു കുഞ്ഞിന് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചിരുന്നു ഈശ്വരന്മാരോട്... പക്ഷേ അധികം കാത്തിരിപ്പിന്റെ ആവശ്യം വന്നില്ല അപ്പോഴേക്കും ഒരു ജീവന്റെ തുടിപ്പിനെ നമുക്ക് തന്ന് ദൈവം അനുഗ്രഹിച്ചു...." വീണ്ടും വീണ്ടും ഓരോ കാര്യങ്ങൾ വാ തോരാതെ പറയുന്നവനെ ദീപ്തി കൗതുകത്തോടെ നോക്കിയിരുന്നു...ഇടക്കെപ്പോഴോ അവളുടെ കണ്ണുകളെ നിദ്ര പുൽകിയിരുന്നു... അപ്പോഴും അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിലൂടെ ഇടതടവില്ലാതെ ഒഴുകുന്നുണ്ടായിരുന്നു............. തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story