മഞ്ഞുരുകും കാലം : ഭാഗം 53

Manjurukumkalam

രചന: ഷംസീന

ദീപ്തിയോട് കാറിൽ ഇരിക്കാൻ പറഞ്ഞിട്ട് അവൻ ഓഫീസിലേക്ക് കയറി... അത്യാവശ്യമുള്ള രണ്ട് മൂന്ന് ഫയൽസ് എടുത്തിട്ടവൻ തിരികെ വന്നു... "ഇനി പോവാം... " അവളെ നോക്കി പറഞ്ഞിട്ടവൻ കാർ സ്റ്റാർട്ട്‌ ചെയ്തു.... "കാശിയേട്ടാ വണ്ടിയൊന്നൊതുക്കിക്കേ..." കുറച്ചു ദൂരം പിന്നിട്ടതും അവൾ അവന്റെ കൈകളിൽ തട്ടി ദൃതിയിൽ പറഞ്ഞു... "ചുമ്മാതിരി പെണ്ണേ... നിർത്താൻ പോകുവല്ലേ... " വീണ്ടുമവൾ തിരക്ക് കൂട്ടിയതും അവൻ കടുത്ത സ്വരത്തിൽ പറഞ്ഞു... പക്ഷേ അതിലെ സ്നേഹം ദീപ്തിക്ക് വേർതിരിച്ചെടുക്കാൻ കഴിയുമായിരുന്നു... "ദേ ആ കടയിലേക്കൊന്ന് നോക്കിക്കേ കാശിയേട്ടാ..ചനച്ചു തുടങ്ങിയ നല്ല വെള്ളരി മുവാണ്ടൻ മാങ്ങ.. ഓടിപ്പോയി ഒരു അഞ്ചാറു കിലോ മേടിച്ചോണ്ട് വാ.. " കൊതിയോടെ അവൾ പറയുന്നത് കേട്ടതും കാശി കണ്ണുകൾ തള്ളി കൊണ്ടവളെ നോക്കിയിരുന്നു... "അഞ്ചാറു കിലോയോ.. നീയെന്താ അച്ചാറ് കമ്പനി തുടങ്ങാൻ പോവുന്നുണ്ടോ...?" കാശി അവളെ നോക്കി പുരികം ചുളിച്ചു.. "പ്ലീസ് കാശ്യേട്ടാ... എനിക്ക് കൊതിയായിട്ടല്ലേ.. "

അവളിരുന്ന് ചിണുങ്ങാൻ തുടങ്ങിയതും നിവർത്തിയില്ലാതെ കാശി അത് വാങ്ങിക്കാനായി പോയി... "താൻ പറഞ്ഞ അഞ്ചാറ് കിലോയോന്നും അവിടെയില്ല.. കിട്ടിയത് വാങ്ങിച്ചിട്ടുണ്ട്... ഇനി ഇത് പോരെങ്കിൽ ഞാൻ രാത്രി പുറത്ത് പോവുമ്പോൾ വാങ്ങിച്ചു കൊണ്ടുവരാം..." അവൻ കവർ അവളുടെ കയ്യിലേക്ക് കൊടുക്കുന്നതിനിടയിൽ പറഞ്ഞു... "തല്ക്കാലത്തേക്ക് ഇത്രയും മതി..വേണമെങ്കിൽ ഞാൻ പറയാം... " അവൾ കൊതിയോടെ അതിൽ നിന്നൊരെണ്ണം എടുത്ത് കഴിക്കാൻ തുടങ്ങി...പെട്ടന്ന് കാശി മാങ്ങ അവളുടെ കയ്യിൽ നിന്നും വാങ്ങി അവളെ നോക്കി കണ്ണുരുട്ടി... "കഴുകുക പോലും ചെയ്യാതെയാണോ കഴിക്കുന്നേ ദീപ്തി.. " അവൻ ബോട്ടിലിൽ നിന്നും വെള്ളമെടുത്ത് മാങ്ങ കഴുകി അവൾക്ക് തന്നെ തിരികെ നൽകി... അവളത് കൊതിയോടെ ആസ്വദിച്ചു കഴിക്കുന്നത് ഒരു ചെറു പുഞ്ചിരിയോടെ നോക്കി കണ്ട് അവൻ വണ്ടിയെടുത്തു... ************ "നിക്ക് വേണ്ട കാശ്യേട്ടാ... ഒന്നും കഴിക്കാൻ തോന്നുന്നില്ല...ഭക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ ഓക്കാനം വരുന്നു..."

പറഞ്ഞിട്ടവൾ ബെഡിലേക്ക് ചാഞ്ഞു... "അതൊന്നും പറഞ്ഞാൽ പറ്റില്ല.. എന്തെങ്കിലും കഴിച്ചേ പറ്റൂ ഇല്ലേൽ അത് നമ്മുടെ കുഞ്ഞിന് കൂടെ ദോഷം ചെയ്യും... " കാശി അവളെ നിർബന്ധിച്ചു താഴേക്ക് കൊണ്ടുപോയി...ഭക്ഷണത്തിന് മുന്നിൽ ചിണുങ്ങി കൊണ്ടിരിക്കുന്ന ദീപ്തിയെ കണ്ട് ഗോപു ചിരിയടക്കി പിടിച്ചു... "ഏട്ടത്തിക്ക് വേണ്ടെങ്കിൽ നിർബന്ധിക്കേണ്ട ഏട്ടാ... പാവം വയ്യാത്തോണ്ടല്ലേ... " ഗോപു അവളുടെ പക്ഷം ചേർന്നതും കാശി അവനെ നോക്കി കണ്ണുരുട്ടി... "അതല്ല ഞാൻ പറഞ്ഞു വന്നത് ഏട്ടത്തിക്ക് വയ്യാത്തത് കൊണ്ട് ഏട്ടൻ വാരി കൊടുക്കുകയാവും നല്ലതെന്നാണ്.." അവന്റെ പെട്ടന്ന് കളം മാറ്റി ചവിട്ടിയതും ദീപ്തി അവനെ നോക്കി പല്ല് കടിച്ചു... "I 'am സോറി ഏട്ടത്തി... ഈ കാര്യത്തിൽ എനിക്കെന്നല്ല ദൈവത്തിന് പോലും ഒന്നും ചെയ്യാൻ പറ്റില്ല... " ഗോപു താൻ കഴിച്ച പ്ലേറ്റും എടുത്ത് പെട്ടന്ന് തന്നെ അവിടെ നിന്ന് സ്ഥലം കാലിയാക്കി.. "ഇതിപ്പോ ഇത്ര ദിവസം കുഴപ്പമില്ലായിരുന്നല്ലോ... പെട്ടന്നിപ്പോ ഇങ്ങനെ തോന്നാഞ്ഞെന്താ...

എന്തായാലും നാളെ ഹോസ്പിറ്റലിൽ പോവുന്നുണ്ടല്ലോ അപ്പൊ ഇക്കാര്യം കൂടെ പറഞ്ഞേക്ക്... ഇപ്പൊ ഈ കഞ്ഞി കുടിക്ക്... കുടിക്കാവുന്ന ചൂടേ ഉള്ളൂ... അതാവുമ്പോ ശർദ്ധിക്കും എന്നുള്ള പേടിയും ഇല്ല... " മല്ലികാമ്മ കയ്യിലുള്ള കഞ്ഞി അവളുടെ അടുത്തേക്ക് വെച്ചു... "നിക്ക് വേണ്ടാഞ്ഞിട്ടാ മല്ലികാമ്മേ... " ദീപ്തി അവരെ നോക്കി മുഖം ചുളിച്ചു...അത് കേട്ടതും അവർ കസേര വലിച്ചിട്ടു അവളുടെ അടുത്തേക്കിരുന്നു... "അതൊന്നും പറഞ്ഞാൽ പറ്റില്ല വാ തുറന്നേ... " ഒരു സ്പൂൺ കഞ്ഞിയെടുത്ത് അവളുടെ നേരെ നീട്ടിയതും മറുത്തൊന്നും പറയാതെ അവളത് വാങ്ങി കഴിച്ചു... "ആഹാ അപ്പൊ എന്നോട് മാത്രമേ വാശി കാണിക്കുന്നുള്ളൂ അല്ലേ..." കാശി അവളെ നോക്കി പുരികം പൊക്കി കപട ഗൗരവത്തോടെ ചോദിച്ചു... "നീ കുട്ടിയെ അതും ഇതും പറഞ്ഞു വിഷമിപ്പിക്കാതെ എഴുന്നേറ്റ് പോയേ കാശി..." മല്ലികാമ്മ സ്വരം കടുപ്പിച്ചതും കാശി പിന്നീടൊന്നും മിണ്ടാതെ അവരേയും നോക്കിയങ്ങനെ ഇരുന്നു... ******** "ദീപ്തി കാശി നാഥൻ... "

നഴ്സ് ടോക്കൺ വിളിച്ചതും ദീപ്തിയും കാശിയും കൺസൾട്ടിങ് മുറിയിലേക്ക്‌ കയറി... "ബേബിക്ക് വെയിറ്റ് കുറവാണല്ലോ ദീപ്തി... ഈയിടെയായി ഫുഡൊന്നും കഴിക്കാറില്ലെന്ന് തോന്നുന്നു..." ഡോക്ടർ അവളുടെ ഫയൽ പരിശോധിച്ച് കൊണ്ട് അവരെ ഇരുവരേയും നോക്കി പറഞ്ഞു... "ഫുഡ്‌ കഴിക്കാൻ മടിയാണ് ഡോക്ടർ... നിർബന്ധിച്ചാൽ വേണമെങ്കിൽ കഴിക്കും ഇല്ലെങ്കിൽ അതുമില്ല..." ദീപ്തി പറയാൻ തുടങ്ങും മുൻപേ കാശി പറഞ്ഞു... "ഒമിറ്റിങ് ടെന്റൻസിയോ മറ്റോ തോന്നാറുണ്ടോ...? " "ഉണ്ട്... " "എങ്കിൽ ഒരു ടാബ്‌ലെറ്റ് എഴുതാം,,, ആവശ്യമെങ്കിൽ ഭക്ഷണം കഴിക്കുന്നതിന്റെ അര മണിക്കൂർ മുൻപ് കഴിക്കുക...പിന്നെ ഇപ്പൊ കഴിക്കുന്ന അയേൺ ടാബ്‌ലെറ്റും വൈറ്റമിൻ ടാബ്‌ലെറ്റും തന്നെ കണ്ടിന്യു ചെയ്താൽ മതി...ഇനി ഒമ്പതാം മാസത്തിൽ വന്നാൽ മതി അപ്പോഴൊരു സ്കാനിംഗ് ഉണ്ട്... സ്കാനിങ്ങിന് പോവുമ്പോൾ തന്നെ റിസപ്ഷനിൽ ബുക്ക്‌ ചെയ്‌തോളൂ..." "Ok ഡോക്ടർ... " ഡോക്ടറുടെ നിർദ്ദേശമെല്ലാം കേട്ട ശേഷം അവർ പുറത്തേക്കിറങ്ങി... "താനിവിടിരിക്ക് ഞാൻ മരുന്ന് വാങ്ങിച്ചിട്ട് വരാം..."

ദീപ്തിയെ വെയിറ്റിങ് ഏരിയയിൽ ഇരുത്തി കാശി മരുന്ന് വാങ്ങിക്കാനായി പോയി... അവൾ വരുന്നവരേയും പോവുന്നവരേയും നോക്കിയിരുന്നു... അധികവും ഗർഭിണികളും കുഞ്ഞുങ്ങളുമാണ്... മറ്റുള്ള അസുഖവുമായി വരുന്നവർ നന്നേ കുറവാണെന്ന് തന്നെ പറയാം... അവൾ ഓരോരുത്തരെയും നോക്കി കൊണ്ടിരിക്കുമ്പോഴാണ് അവളുടെ അടുത്തേക്ക് ജയ വന്നത്... "ദീപ്തി..." "ജയേച്ചി... " ദീപ്തി പുഞ്ചിരിയോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... ഒരുപാട് നാള് കൂടി കണ്ട സന്തോഷം ഇരുവരുടേയും മുഖത്തുണ്ടായിരുന്നു... "ഇതിപ്പോ എത്രാം മാസമായി... " ജയ അവളുടെ വയറിലേക്ക് കൈ വെച്ചു കൊണ്ട് അതിയായ ആകാംഷയോടെ ചോദിച്ചു... "ഏഴ്... " അവളും ഒരു പുഞ്ചിരിയോടെ തന്നെ മറുപടി പറഞ്ഞു... "നീ തനിച്ചാണോ... കാശിയില്ലേ കൂടെ...? " ജയ അവളുടെ കൂടെ ആരെയും കാണാതെ വന്നതും ചോദിച്ചു... "ഉണ്ട് ചേച്ചി... മരുന്ന് വാങ്ങിക്കാൻ പോയേക്കുവാ... "

"ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങിച്ചു വരണമെങ്കിൽ നേരം പാതിരയാവും അത്രക്കും തിക്കും തിരക്കുമുണ്ടാകും അതിന്റെ മുന്നിൽ... നീയിരിക്ക്,, എന്നുണ്ട് എന്തുണ്ട് വിശേഷം,,, നിന്റെ കാശ്യേട്ടൻ എങ്ങനെ മാറി തുടങ്ങിയോ..." ജയ അവളെ പിടിച്ചു കസേരയിലേക്കിരുത്തി അപ്പുറത്തായി അവളും ഇരുന്നു... "മാറാതെ പിന്നെ ഞാനീ വയറും വീർപ്പിച്ചു ഇവിടിങ്ങനെ ഇരിക്കുമോ... " ദീപ്തി ജാള്യതയേതുമില്ലാതെ പറഞ്ഞു.. അത് കേട്ടപ്പോൾ ജയക്കും ചിരിവന്നു... "ശെരിയാണ് ഞാൻ പെട്ടന്നത് ഓർത്തില്ല... " ജയ അല്പം ചമ്മലോടെ പറഞ്ഞു... "അല്ല കുറേ നാളായിട്ട് ചേച്ചിയുടെ ഒരു വിവരവും ഉണ്ടായിരുന്നില്ലല്ലോ... ഞാൻ കാശ്യേട്ടനോട് എപ്പോഴും പറയും ചേച്ചിയുടെ കാര്യം... ഒരു വിളി പോലും ഇല്ല അങ്ങോട്ട് വിളിച്ചാലോ സ്വിച്ച് ഓഫും.. " ദീപ്തി ജയയുടെ മുന്നിൽ തന്റെ പരാതി കെട്ടഴിച്ചു... "ഒന്നും പറയേണ്ടന്റെ കൊച്ചേ..ചേട്ടന്റെ അമ്മ ഒന്ന് മുറ്റത്ത് വീണു... വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചു... അത്രയും ദിവസം അമ്മയുടെ പിന്നാലെ സ്നേഹം കൊണ്ട് മൂടി നടന്നിരുന്ന മക്കൾക്കും മരുമക്കൾക്കുമൊന്നും പിന്നീട് അമ്മയെ വേണ്ടാതായി...

പിന്നെ ഞാനും ചേട്ടനും വേണ്ടി വന്നു അമ്മയെ നല്ലൊരു ഡോക്ടറേ കൊണ്ടു വന്നു കാണിക്കാൻ... അവിടെ നിന്നങ്ങോട്ട് മരുന്നും മന്ത്രങ്ങളുമായി പോയി... കാണിക്കാത്ത ഡോക്ടർമാരില്ല ചെയ്യാത്ത ചികിത്സകളില്ല എന്നിട്ടും അമ്മക്ക് ആ അവസ്ഥയിൽ നിന്ന് യാതൊരു മാറ്റവും വന്നില്ല... അവസാനം ഇവിടെ പുതിയൊരു ഡോക്ടർ വന്നിട്ടുണ്ടെന്ന് കേട്ടു ഇങ്ങോട്ട് പോന്നു... ഇപ്പൊ അമ്മക്ക് ചെറുതായിട്ട് എണീറ്റിരിക്കാനൊക്കെ കഴിയുന്നുണ്ട് അത് തന്നെ വലിയ ആശ്വാസം... ഇതിനിടയിൽ ഫോൺ എടുക്കാനോ ആർക്കെങ്കിലും വിളിക്കാനോ ഒന്നിനും സമയം ഉണ്ടായിരുന്നില്ല കുട്ടീ....." പറഞ്ഞു കഴിഞ്ഞതും ജയയിൽ നിന്നൊരു നെടുവീർപ്പുയർന്നു... "മോള്... " ദീപ്തി അമ്മൂട്ടിയെ ഓർമ വന്നതും ചോദിച്ചു... "ഞാനും ചേട്ടനും മാറി മാറി അമ്മയുടെ അടുത്ത് നിൽക്കുന്നത് കൊണ്ട് അവളെ എന്റെ വീട്ടിൽ കൊണ്ടു ചെന്നാക്കി..

അവിടെയാവുമ്പോ അച്ഛനും അമ്മയും ഒറ്റക്കല്ലേ അവർക്കൊരു കൂട്ടും ആയി... " "മോളെ ഒന്ന് കാണണമെന്നുണ്ടായിരുന്നു.. ഇനിയിപ്പോ ആ വഴിക്കോ മറ്റോ പോവുന്നുണ്ടെങ്കിൽ കയറി കാണാം അല്ലേ... " ചെറു പുഞ്ചിരിയോടെ പറയുന്നവളെ ജയ കണ്ണെടുക്കാതെ നോക്കിയിരുന്നു... അവൾ പതിയെ ദീപ്തിയുടെ കവിളിൽ തലോടി... "നിന്റെ മുഖത്തെ ഈ തിളക്കവും പുഞ്ചിരിയും കാണാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ ഞാൻ...കുറച്ചു വൈകിയാണെങ്കിലും അത് കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം... നാളുകൾ കൂടി മനസ്സ് നിറഞ്ഞു.." പറയുമ്പോൾ ജയയുടെ ശബ്‍ദം ഇടറുന്നുണ്ടായിരുന്നു.... "അതിന് ഞാൻ ചേച്ചിയോട് ഈ ജീവിത കാലം മുഴുവൻ കടപ്പെട്ടിരിക്കും... ചേച്ചിയുടെ ഒരൊറ്റ വാക്കിനു പുറത്താണ് ഞാൻ ഈ കാശ്യേട്ടനുമായുള്ള വിവാഹത്തിന് സമ്മതം മൂളിയത്... ആ തീരുമാനം ഞാൻ ജീവിതത്തിൽ ചെയ്ത നല്ല കാര്യങ്ങളിൽ ഒന്നായിരുന്നു... മരിക്കുവോളം മറക്കില്ല ചേച്ചി... ചേച്ചി കാശ്യേട്ടനെ എന്നിലേക്ക് ചേർത്ത് വെച്ചില്ലായിരുന്നെങ്കിൽ ഇന്നെനിക്ക് ഈ സൗഭാഗ്യങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ലായിരുന്നു...

.അതിനെനിക്ക് ചേച്ചിയോട് എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാവില്ല... " ദീപ്തി പഴയതെല്ലാം ആലോചിച്ചു നിറ കണ്ണുകളോടെ ജയയുടെ കൈകൾ കവർന്നു കൊണ്ട് പറഞ്ഞു... "ഇതിനൊരു നന്ദി പറച്ചിലിന്റെയോ കടപ്പാടിന്റെയോ യാതൊരു ആവശ്യമില്ല ദീപ്തി...നമ്മളിലേക്ക് വന്നു ചേരാൻ ഉള്ളതാണെങ്കിൽ മുന്നിൽ എന്ത് തടസ്സം തന്നെ ഉണ്ടായാലും അതിനെയെല്ലാം തട്ടി മാറ്റി അത് നമ്മളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും... ഞാൻ അതിന് വെറുമൊരു നിമിത്തം ആയെന്ന് മാത്രം..." ജയയുടെ വാക്കുകൾ കേട്ടതും ദീപ്തി അവളെ ആലിംഗനം ചെയ്തു...അതിലുണ്ടായിരുന്നു ദീപ്തിക്ക് അവളോടുള്ള അതിയായ സ്നേഹവും കടപ്പാടും... അല്ലെങ്കിലും നല്ല സുഹൃത്തുക്കൾക്കിടയിൽ ഒരു നന്ദി പറച്ചിലിന്റെയോ കടപ്പാടിന്റെയോ ആവശ്യമില്ല... ഇതുപോലെ എല്ലാ സങ്കടങ്ങളിലും ചേർത്ത് നിർത്തി ഞാനില്ലേ കൂടെ എന്ന് പറഞ്ഞാൽ മതിയാവും മനസ്സ് നിറയാൻ........... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story