മഞ്ഞുരുകും കാലം : ഭാഗം 54

Manjurukumkalam

രചന: ഷംസീന

"എന്റെ കൊച്ചേ താനിങ്ങനെ കരയാൻ മാത്രം ഞാൻ കാലാ കാലത്തേക്ക് നാട് വിട്ട് പോവുകയൊന്നും അല്ലല്ലോ... ഏറിപ്പോയാൽ ഒരു രണ്ട് മാസം അതിനുള്ളിൽ ഞാനിങ്ങോട്ട് തിരിച്ചു വരില്ലേ... ഇതിപ്പോ ഒഴിച്ചു കൂടാനാവാത്ത ഒരു കോൺഫ്രൻസ് ആയത് കൊണ്ടാണ് അല്ലെങ്കിൽ തന്നെ ഈ അവസ്ഥയിലിട്ട് ഞാൻ പോവില്ലായിരുന്നു..." ദീപ്തിയോട് വാത്സല്യത്തോടെ പറയുമ്പോഴും അവന്റെ കൈകൾ അവളുടെ വയറിൽ തലോടുന്നുണ്ടായിരുന്നു... കാശി എത്രയൊക്കെ പറഞ്ഞിട്ടും ദീപ്തി കരച്ചിൽ നിർത്താൻ തയ്യാറായില്ല... പെട്ടന്നാണ് കാശിക്ക് ഡൽഹിയിൽ നടക്കുന്ന ഒരു കോൺഫ്രൻസിലേക്ക് ക്ഷണം ലഭിച്ചു മെയിൽ വരുന്നത്... അവൻ കുറേ ഒഴിവു കഴിവുകൾ പറഞ്ഞു പിന്തിരിയാൻ നോക്കിയെങ്കിലും ഓർഗനൈസേഴ്സ് അതിന് സമ്മതിച്ചില്ല... തന്റെ ബിസിനെസ്സിനും ഇത് ഗുണം ചെയ്യും എന്നുള്ളത് കൊണ്ട് കാശി വരാമെന്നേറ്റു...

രണ്ട് മാസത്തെ കോൺഫ്രൻസ് ആണ്... ഇന്ത്യയിലേയും വിദേശത്തേയും നിരവധി കമ്പനികളുടെ എംഡിമാർ ഇതിൽ പങ്കെടുക്കുന്നുണ്ട്...അതുകൊണ്ട് തന്നെ കാശിയുടെ കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചക്ക് ഇതൊരു മുതൽ കൂട്ടവുമെന്ന് അവനുറപ്പുണ്ടായിരുന്നു.... "ദീപ്തി... താൻ എന്നെ ധർമ സങ്കടത്തിൽ ആക്കല്ലെടോ... ഒരു നല്ല കാര്യത്തിന് പോവുമ്പോൾ ഇങ്ങനെ കരഞ്ഞുകൊണ്ട് യാത്രയാക്കല്ലേ..." കാശി നിസ്സഹായതയോടെ പറഞ്ഞതും ദീപ്തി സാരിയുടെ തലപ്പ് കൊണ്ട് കണ്ണും മുഖവും തുടച്ച് കൊണ്ട് അവനെ നോക്കി... "കാശ്യേട്ടൻ പൊക്കോ.. നിക്ക് സങ്കടമൊന്നുമില്ല... " അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തന്റെ വയറും താങ്ങി കട്ടിലിൽ നിന്നും എഴുന്നേറ്റു... "ഉറപ്പാണെ...? " കാശി ഒരുറപ്പിനായി വീണ്ടും ചോദിച്ചതും അവൾ തന്റെ വിരഹ വേദന കടിച്ചമർത്തി നേർമയിലൊന്ന് മൂളി... കാശി അവളുടെ നെറ്റിയിൽ തന്റെ അധരങ്ങൾ പതിപ്പിച്ചു... ഏറെ നേരം അവരങ്ങനെ നിന്നു... താഴെ നിന്നും ഗോപുവിന്റെ ഉച്ചത്തിലുള്ള വിളി കേട്ടപ്പോഴാണ് ഇരുവരും അകന്നു മാറിയത്...

"ഏഴാം മാസത്തിലെ ചടങ്ങുകൾ നടത്താൻ നാളെ അച്ഛനും അമ്മയും ഇങ്ങോട്ട് വരും മുറപ്രകാരം നിന്നെ കൊണ്ടുപോകാൻ... അപ്പോൾ അവരുടെ കൂടെ നല്ല കുട്ടിയായി പോവണം... പിന്നെ ഇവിടെ നിന്ന് വിട്ട് നിൽക്കുമ്പോൾ എന്നെ കുറിച്ചുള്ള ചിന്തകളും കുറഞ്ഞോളും..." അവൻ ദീപ്തിയെ ചേർത്ത് പിടിച്ചു... "അങ്ങനെ കുറയുന്നതാണോ എനിക്ക് കാശ്യേട്ടനെ കുറിച്ചുള്ള ചിന്തകൾ..." അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുടങ്ങിയതും പറഞ്ഞത് അബദ്ധമായിപ്പോയെന്ന് അവന് മനസ്സിലായി... "ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല ദീപ്തി പറഞ്ഞത്.. താനിങ്ങനെ എഴുതാപ്പുറം വായിക്കാതെ...എനിക്കറിയാവുന്നതല്ലേ അത് തനിക്കെന്നോടുള്ള സ്നേഹം ഒരു നിമിഷം കാണാതെ ഇരിക്കുന്നത് കൊണ്ടോ അല്ലെങ്കിൽ എന്നെ കുറിച്ച് ഓർക്കാത്തത് കൊണ്ടോ പോവുന്നതല്ലെന്ന്... പിന്നെന്തിനാ ഈ പരിഭവം... അച്ഛന്റേയും അമ്മയുടേയും ദീപുവിന്റെയുമൊക്കെ കൂടെ കൂടുമ്പോൾ ഈ വിഷമമെല്ലാം മാറുമെന്നാ ഞാൻ ഉദ്ദേശിച്ചത്..." പറഞ്ഞു കഴിഞ്ഞതും ദീപ്തി കാശിയെ ഇറുകെ പുണർന്നു...

"ഏയ്‌.. ദീപ്തി പതിയെ..നമ്മുടെ കുഞ്ഞിന് വേദനയെടുക്കും കേട്ടോ..." കാശി ശാസനയോടെയും അതിലുപരി കുറുമ്പോടെയും പറഞ്ഞതും അവൾ അവനിൽ നിന്നും അകന്നു മാറി... കാശി ദീപ്തിയേയും കൂട്ടി ഉമ്മറത്തേക്ക് വന്നു... "ഇവളെ ഞാൻ ചെറിയമ്മയെ ഏൽപ്പിക്കുവാണ്... പൊന്നു പോലെ നോക്കിക്കോണേ..." കാശി അവളെ ചെറിയമ്മയുടെ അടുത്തേക്ക് നിർത്തി കൊണ്ട് പറഞ്ഞു.. "ഒന്ന് പോടാ ചെക്കാ... നീ നോക്കുന്നതിനേക്കാളും ഭംഗിയായി ഞാനെന്റെ മോളെ നോക്കും.. അല്ലേ...?" ചെറിയമ്മ ചോദിച്ചതും തന്റെ സങ്കടത്തിനിടയിലും അവളൊന്ന് ചിരിച്ചു... ഇരുവരോടും യാത്ര പറഞ്ഞു കാശി കാറിൽ കയറി... അവന്റെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ നോക്കി നിന്നു... അവൻ പോയിക്കഴിഞ്ഞതും അവൾ വിതുമ്പി കൊണ്ട് മല്ലികാമ്മയുടെ തോളിലേക്ക് ചാഞ്ഞു...അവരുടെ കണ്ണുകളും നിറയാൻ വെമ്പി നിൽക്കുകയായിരുന്നു എന്നിരുന്നാലും അവർ ദീപ്തിയെ ചേർത്തു പിടിച്ചു സ്വാന്തനിപ്പിക്കാൻ മറന്നില്ല.... **********

പിറ്റേന്ന് ചടങ്ങനുസരിച്ചു ദീപ്തിയുടെ വീട്ടിൽ നിന്നും മാഷും അമ്മയും ദീപുവും അവളെ കൂട്ടി കൊണ്ടു പോവാനായി വന്നു....നിരവധി മധുര പലഹാരങ്ങളും പഴങ്ങളുമൊക്കെ ആയിട്ടായിരുന്നു അവരുടെ വരവ്...വീട്ടുകാർ മാത്രം മതിയെന്നത് ദീപ്തിയുടെ തീരുമാനമായിരുന്നു അതുകൊണ്ട് തന്നെ അവരാരും അതിന് എതിർപ്പും പറഞ്ഞില്ല... മഞ്ഞ നിറത്തിൽ പച്ച കസവു വരുന്ന സാരിയുടുപ്പിച്ചു തലയിൽ നിറയെ പൂക്കൾ ചൂടിച്ച് അണിയിച്ചൊരുക്കിയ ദീപ്തിയെ മല്ലികാമ്മ നടുമുറ്റത്തേക്ക് കൊണ്ടുവന്നു....അവളെ ദീപുവും ഗോപുവും ചേർന്ന് അലങ്കരിച്ചൊരു നീളൻ കസേരയിലേക്കിരുത്തി... അവളുടെ മുന്നിൽ വിവിധ തരത്തിലുള്ള മധുര പലഹാരങ്ങളും പഴങ്ങളും നിരത്തി വെച്ചിട്ടുണ്ടായിരുന്നു.... കൂടാതെ ഒരു കുഴിയുള്ള പാത്രത്തിൽ മഞ്ഞളും ചന്ദനവും ചേർത്ത് അരച്ചതും മറ്റൊരു പാത്രത്തിൽ നിറയെ വർണങ്ങളിലുള്ള കുപ്പി വളകളും നിരത്തി വെച്ചു.... ആദ്യം മാഷ് തന്നെ അവളുടെ അടുത്തേക്ക് വന്നു കയ്യിൽ കുപ്പി വളകൾ അണിയിച്ചു... ഇരുകവിളുകളിലും മഞ്ഞളും ചന്ദനവും തേച്ചു കൊടുത്തു....

ശേഷം മധുരം നൽകി തന്റെ പൊന്നു മകളുടെ നെറുകയിൽ കൈ വെച്ചു അനുഗ്രഹിച്ചു....പിന്നീട് ഓരോരുത്തരായി വന്നു ദീപ്തിക്ക് മധുരം നൽകുകയും വളകൾ അറിയിക്കുകയും ചെയ്തു...ഗോപു ഈ മനോഹരമായ നിമിഷങ്ങളെല്ലാം വീഡിയോ കാളിലൂടെ കാശിക്കും ദിവ്യക്കും കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു.... ചന്ദനവും മഞ്ഞളും മുഖത്ത് ചാലിച്ചു പുഞ്ചിരിയോടെ ഇരിക്കുന്ന ദീപ്തിയെ കാശി ഇമ വെട്ടാതെ നോക്കിയിരുന്നു.... അത് കണ്ട് ഗോപുവും ദിവ്യയും കളിയാക്കുന്നുണ്ടെങ്കിലും അവൻ അവളിൽ മതിമറന്നിരിക്കുകയായിരുന്നു... സമയമായതും ദീപ്തി മല്ലികാമ്മയോട് യാത്ര പറഞ്ഞു... "ന്റെ കുട്ടിയെ പിരിഞ്ഞിരിക്കുന്നതിൽ മല്ലികാമ്മക്ക് വിഷമമുണ്ട്...എന്നാലും വിളിച്ചാൽ ഓടിയെത്താവുന്ന ദൂരത്തിലാണല്ലോ എന്നാലോചിക്കുമ്പോൾ സമാധാനവുമുണ്ട്... സന്തോഷത്തോടെ പോയി വാ... പൂർണ ആരോഗ്യത്തോടെയുള്ള ഒരു പൊന്നോമനയെ തന്ന് ദൈവം എന്റെ കുട്ടികളെ അനുഗ്രഹിക്കട്ടെ.." അവർ അവളുടെ നെറുകിൽ തലോടി യാത്രയാക്കി....

കാറിൽ കയറിയതും നിറക്കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന ഗോപുവിനും മല്ലികാമ്മക്കും നേരെ അവൾ കൈ വീശി കാണിച്ചു.... കല്യാണം കഴിഞ്ഞു നാളുകളിത്രയായിട്ടും ആദ്യമായിട്ടാണ് ഇവരെയെല്ലാം വിട്ട് തന്റെ വീട്ടിലേക്ക് പോവുന്നതെന്നോർക്കേ അവളുടെ മിഴികളും സജലമായി... *********** "നിങ്ങളിവിടെ കൊച്ചിനേയും കളിപ്പിച്ചു കൊണ്ടിരിക്കുവാണോ മനുഷ്യാ,,, ഇന്നുറക്കമൊന്നും ഇല്ലെ..." തന്റെ വയറിൽ കയറ്റിയിരുത്തി കുഞ്ഞിനെ കൊഞ്ചിക്കുന്ന വിഷ്ണുവിനെ കണ്ടതും മുറിയിലേക്ക് കടന്നു വന്ന ശ്രുതി ചോദിച്ചു... മോൾക്ക് തലേന്ന് രാത്രി ചെറുതായിട്ടൊരു മേല് കാച്ചിൽ ഉണ്ടായിരുന്നത് കൊണ്ട് അവൾ ഉറങ്ങാതെ വാശി പിടിച്ചു കരയുവായിരുന്നു.... അതുകൊണ്ട് തന്നെ ശ്രുതിക്കും ഉറക്കം കിട്ടിയിരുന്നില്ല... മോളെ തോളിലിട്ടും താരാട്ട് പാടിയും നേരം വെളുപ്പിച്ചു എന്ന് തന്നെ പറയാം.. എന്നിട്ടിപ്പോൾ പനി വിട്ടപ്പോഴോ അച്ഛനും മോളും ഉറങ്ങാതെയിരുന്ന് കളിയും ചിരിയും.... ശ്രുതി അവരെയൊന്ന് നോക്കി...പിന്നീടൊരു കോട്ടുവാ ഇട്ട് തളർച്ചയോടെ കട്ടിലിലേക്ക് കിടന്നു...

"എന്താടോ വയ്യേ... " വിഷ്ണു കുഞ്ഞിനെ രണ്ട് പേർക്കുമിടയിലേക്ക് കിടത്തി കൊണ്ട് ചോദിച്ചു... "ഉറക്കം ശെരിയാവാത്തത് കൊണ്ടാണെന്ന് തോന്നുന്നു വല്ലാത്ത തലവേദനയും ക്ഷീണവും.. " അവൾ പറയുന്നത് കേട്ടതും വിഷ്ണു അവളുടെ കഴുത്തിലും നെറ്റിയിലും തൊട്ടു നോക്കി... "ചെറിയൊരു ചൂടുണ്ട്...!ചിലപ്പോൾ മോൾടെ അടുത്ത് നിന്നും പകർന്നതാവും..." "ആണോടി കുറുമ്പി..." കുഞ്ഞിന്റെ കവിളിൽ നോവത്ത വിധം നുള്ളി കൊണ്ട് ശ്രുതി കൊഞ്ചലോടെ ചോദിച്ചു ഇറുകെ പുണർന്നു... തന്റെ അമ്മയുടെ ചൂട് അറിഞ്ഞതിനാൽ ആവണം ശ്രുതിയുടെ മാറിൽ മുഖമിട്ടുരക്കാൻ തുടങ്ങി കുറുമ്പി.. കുഞ്ഞ് പാലിനായി പരതുന്നത് കണ്ടതും ശ്രുതി ചെറു ചിരിയോടെ നൈറ്റിയുടെ സിബ്ബഴിച്ചു തന്റെ പൊന്നോമനക്കായി പാൽ ചുരത്തി.... "അവളുടെ കുടിപ്പ് കണ്ടാൽ തോന്നും ഇന്നത്തെ ദിവസം പാല് തന്നെ കുടിച്ചിട്ടില്ലെന്ന് അല്ലേ വിഷ്ണുവേട്ടാ..... " വേഗത്തിൽ പാല് വലിച്ചു കുടിക്കുന്ന കുഞ്ഞിനെ നോക്കിയവൾ പറഞ്ഞു....മോളുടെ തൂളൻ മുടിയിഴകളിൽ ശ്രുതി തന്റെ കൈകൾ ചലിപ്പിച്ചു കൊണ്ടിരുന്നു...

ആ വാൽസല്യ ചൂടിൽ കുഞ്ഞുറങ്ങിയതും വിഷ്ണു അവളേയും കുഞ്ഞിനേയും ചേർത്ത് പിടിച്ചു... "ഇനി എന്റെ കുഞ്ഞ് ഉറങ്ങിക്കോ.. " തന്നെ നോക്കി കുറുമ്പോടെ പറയുന്നവന്റെ താടിതുമ്പൊന്ന് പിടിച്ചു വലിച്ചു കുലുങ്ങി ചിരിച്ചവൾ.... "സ്സ്... " അവനിൽ നിന്നൊരു എങ്ങൽ ഉയർന്നു.. പിന്നീടതൊരു പുഞ്ചിരിയിലേക്ക് വഴിമാറി.... വിഷ്ണു അവളുടെ ക്ഷീണം മുറ്റി നിൽക്കുന്ന മുഖത്തൊന്ന് തലോടി... ശ്രുതി ആ പരുക്കൻ കൈകൾ പിടിച്ചു വെച്ചു അതിൽ ഉമ്മവെച്ചു.... "ഉറങ്ങിക്കോ... " വിഷ്ണു പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ചെറു പുഞ്ചിരിയോടെ അവൾ കണ്ണുകളടച്ചു.... വിഷ്ണുവിന്റെ കൈകൾ അവൾക്കായി താരാട്ട് പാടി... തന്റെ ജീവനായ ശ്രുതിയേയും ജീവന്റെ ജീവനായ മോളേയും ചേർത്ത് പിടിച്ചു അവനും എപ്പോഴോ ഉറക്കെത്തിലേക്ക് വഴുതി വീണിരുന്നു.......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story