മഞ്ഞുരുകും കാലം : ഭാഗം 55

Manjurukumkalam

രചന: ഷംസീന

ഒത്തിരി നാള് കൂടി വീട്ടിലേക്ക് വന്നതിന്റെ എല്ലാ സന്തോഷവും ദീപ്തിക്കുണ്ടെങ്കിലും കാശിയുടെ അസാന്നിധ്യം അവളെ വല്ലാതെ അലട്ടി കൊണ്ടിരുന്നു..ഒരു ദിവസത്തിൽ രണ്ട് മൂന്ന് തവണ അല്ലെങ്കിൽ അതിൽ കൂടുതൽ കാശി ദീപ്തിക്ക് വിളിക്കുമെങ്കിലും അവൻ അടുത്തില്ലാത്തത് അവളിൽ വല്ലാത്തൊരു മനോവിഷമത്തിനിടയാക്കി...ഒന്നിലും ഉത്സാഹമില്ലാതെ അവൾ എവിടെയെങ്കിലും ചടഞ്ഞു കൂടിയിരിക്കും.... "നീയിങ്ങനെ ചടഞ്ഞു കൂടിയിരിക്കാതെ ആ മുറ്റത്തേക്കൊക്കെ ഒന്ന് ഇറങ്ങി നടന്നേ... ഏത് സമയവും ഇങ്ങനെ ആലോചിച്ചിരുന്നോളും ... ഈ സമയത്ത് ഇതൊന്നും അത്ര നല്ലതല്ലെന്ന് അറിഞ്ഞൂടെ നിനക്ക്... കൊച്ചു കുട്ടിയൊന്നും അല്ലല്ലോ... " മുറ്റത്തെ അഴയിൽ നിന്നും ഉണങ്ങിയ തുണികൾ എടുക്കുന്നതിനിടയിൽ കപട ഗൗരവത്തോടെ രാധമ്മ പറഞ്ഞതും ദീപ്തി മുഖം കൂർപ്പിച്ചു തിണ്ണയിൽ നിന്നും എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി..... അമ്മയെ ബോധിപ്പിക്കാനെന്നോണം മുറ്റത്തൂടെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു..

ഇടയ്ക്കിടെ കയ്യിലുള്ള ഫോണിലേക്കും നോക്കുന്നുണ്ട്... കാശിയുടെ മെസ്സേജോ അല്ലെങ്കിൽ അവൻ ഓൺലൈനിൽ ഉണ്ടോ എന്നൊക്കെ നോക്കുവാണ്... ദീപ്തിയെ മുറ്റത്ത് കണ്ടത് കൊണ്ട് റോഡിലൂടെ പോവുന്ന പരിചയക്കാർ അവളോട് കുശലാന്യോഷണം നടത്തുന്നുണ്ടായിരുന്നു.... ഇടവഴിയിലൂടെ ഒരു പൊതിയും പിടിച്ചു ഓടി കിതച്ചു വരുന്ന ദീപുവിനെ കണ്ടതും അവൾ നടത്തം നിർത്തി അവനടുത്ത് വരുന്നതും നോക്കി നിന്നു... "ദാ ചേച്ചി പെണ്ണേ കഴിച്ചു നോക്ക്... " അവൻ കയ്യിലുള്ള പൊതി അവളുടെ നേരെ നീട്ടി.. "ഇതെന്താടാ... " തുറന്നു നോക്കുന്നതിനിടയിൽ അവൾ ആകാംഷ അടക്കാൻ കഴിയാതെ ചോദിച്ചു... "പുഴയുടെ അക്കരെ ഒരുപാട് ഞാവൽപ്പഴം പഴുത്തു നിൽപ്പുണ്ടായിരുന്നു... ചേച്ചിയല്ലേ ഇന്നലെ കൂടി പറഞ്ഞത് ഞാവൽപ്പഴം കിട്ടിയെങ്കിൽ കഴിക്കാമായിരുന്നു എന്ന് അതുകൊണ്ട് കഷ്ടപ്പെട്ട് കൊണ്ടു വന്നതാ... "

ഞാവൽ പഴമെന്ന് കേട്ടതും അവളുടെ നാവിൽ കൊതിയൂറി...അതിൽ നിന്നൊരെണ്ണം എടുത്ത് അവൾ വായിലേക്ക് വെച്ചു... ചെറിയൊരു ചവർപ്പും പുളിയും കലർന്ന രുചിയായത് കൊണ്ട് അവളുടെ മുഖത്ത് പല തരത്തിലുള്ള ഭാവങ്ങൾ മിന്നി മാഞ്ഞു... "വാ ഞാൻ നല്ല ഉഴുന്ന് വട ഉണ്ടാക്കി വെച്ചിട്ടുണ്ട്..നീ കഷ്ടപ്പെട്ട് എനിക്ക് വേണ്ടി ഞാവൽ പഴം കൊണ്ടുവന്നതല്ലേ അതുകൊണ്ട് രണ്ട് വട നിനക്ക് അധികം തരാം..." കുസൃതിയോടെ പറഞ്ഞിട്ട് അവൾ ദീപുവിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറി.... ********** "ചേച്ചി ദേ ബേബി കിക്ക് ചെയ്യുന്നു... " ദീപ്തിയുടെ മടിയിൽ കിടന്നിരുന്ന ദീപു പെട്ടന്ന് ചാടി എണീറ്റു കൊണ്ട് പറഞ്ഞു... "മിണ്ടാതിരിയെടാ,, ഈ സമയത്ത് അങ്ങനൊക്കെ ഉണ്ടാവും അതിങ്ങനെ ഉച്ചത്തിൽ വിളിച്ചു കൂവുകയൊന്നും വേണ്ട..."

രാധമ്മ കെർവിച്ചു കൊണ്ടവനെ നോക്കിയതും ഇത്തിരി കുഞ്ഞൻ ഇനിയും കിക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കി അവൻ അവളുടെ മടിയിലേക്ക് തന്നെ ചാഞ്ഞു.. "എന്തുവാ അമ്മേ അവൻ അവന്റെ സന്തോഷം കൊണ്ട് പറഞ്ഞതല്ലേ അതിനിങ്ങനെ ദേഷ്യപ്പെടണോ..." അമ്മയോട് പറഞ്ഞിട്ടവൾ വാത്സല്യത്തോടെ അവന്റെ തലയിൽ തഴുകി ... "ഞാൻ ദേഷ്യപ്പെട്ടതൊന്നും അല്ല... വയറ്റിൽ കിടക്കുന്ന കുഞ്ഞിന് ആരുടേയും കണ്ണ് തട്ടേണ്ട എന്ന് കരുതി പറയുന്നതാ..നീയാ അവന് ഓരോന്നിനും വളം വെച്ചു കൊടുക്കുന്നെ... നീ വന്നതിൽ പിന്നെ അവനിത്തിരി കൂടെ പിള്ളകളി കൂടിയിട്ടുണ്ട്...." അവർ ദേഷ്യത്തിൽ പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി... "ചേച്ചിയെ... " "മ്മ്... " അവന്റെ വിളിക്ക് അവൾ അമർത്തിയൊന്ന് മൂളി... "ഇനി വാവ വരാൻ എത്ര ദിവസമുണ്ട്..." കൊച്ചു കുട്ടികളെ പോലെ കൊഞ്ചലോടെ ചോദിക്കുന്ന ദീപുവിനെ നോക്കി അവളൊന്ന് ചിരിച്ചു... "ഇനിയും ഉണ്ടെടാ... ഇതിപ്പോ കാശ്യേട്ടനേക്കാൾ കൂടുതൽ ആകാംഷയാണല്ലോ നിനക്ക്.... "

"നമ്മുടെ വീട്ടിൽ ആദ്യമായിട്ട് വരാൻ പോവുന്ന വാവയല്ലേ അപ്പൊ അതിന്റെയൊരു എക്സൈറ്റ്മെന്റ്... അത്രേ ഉള്ളൂ..." അവൻ ദീപ്തിയുടെ മടിയിൽ നിന്നും എണീറ്റിരുന്ന് കൊണ്ട് പറഞ്ഞു... "നീയെന്നെയൊന്ന് പിടിച്ചേ,, കുറേ നേരം ഇരുന്നത് കൊണ്ടാണെന്നു തോന്നുന്നു നടുവിനൊക്കെ ഭയങ്കര വേദന..." ദീപ്തിയുടെ മുഖം വേദനയാൽ ചുളിഞ്ഞതും ദീപു പതിയെ അവളെ താങ്ങി എഴുന്നേൽപ്പിച്ചു... ദീപ്തി മുറിയിലേക്ക് വിരൽ ചൂണ്ടിയതും ദീപു അവളെ മുറിയിൽ കൊണ്ട് ചെന്നു കിടത്തി വാതിൽ ചാരി പുറത്തേക്കിറങ്ങി... ********* "ഞാനങ്ങോട്ട് വിളിക്കാൻ തുടങ്ങുവായിരുന്നു... " ഹെലോ എന്ന് പോലും പറയാതെ മറു പുറത്ത് നിന്നും കാശി പറഞ്ഞത് കേട്ട് ദീപ്തി പുഞ്ചിരിച്ചു... "ഇനിയിപ്പോ അങ്ങനെ പറഞ്ഞാൽ മതിയല്ലോ... ഇത്ര നേരമായിട്ടും വിളിക്കാതെ എവിടെയായിരുന്നു കാശ്യേട്ടൻ..." അവളുടെ പരിഭവം കലർന്ന സ്വരം അവനിൽ പുഞ്ചിരി നിറച്ചു... "ഇന്നൊരല്പം വൈകി...കുറച്ചു ഇമെയിൽസ് ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു പിന്നെ കുറച്ചു ഫയൽസ് കറക്റ്റ് ചെയ്യാനും അങ്ങനെയങ്ങനെ ഓരോ തിരക്കുകൾ... നേരെ ചൊവ്വേ ഫുഡ്‌ കഴിക്കാൻ പോലും ഇന്ന് ടൈം കിട്ടിയിട്ടില്ല..."

അവന്റെ അവസ്ഥ കേട്ടതും അവനോടുള്ള പരിഭവം മാറി അവിടെ സഹതാപം സ്ഥാനം പിടിച്ചു... "ഇനിയും ഒത്തിരി ദിവസം പിടിക്കോ കാശ്യേട്ടൻ എന്റെ അടുത്തേക്ക് വരാൻ....?" "ഏറിപ്പോയാൽ ഇനിയും ഉണ്ട് ഒന്നര മാസം.. ഡെലിവറി ഡേറ്റ് ആവുമ്പോഴേക്കും ഞാൻ തന്റെ അടുത്തുണ്ടാവും അതോർത്തു ടെൻഷൻ ആവേണ്ട... " കാശി അവളുടെ സമാധാനത്തിനായി പറഞ്ഞു... "കാശ്യേട്ടാ...കാശ്യേട്ടാ.." ആദ്യം പതിയെയും അവൻ മറുപടി തരുന്നില്ല എന്ന് കണ്ടപ്പോൾ ഇത്തിരി ഉറക്കെയും വിളിച്ചു... "മ്മ് പറഞ്ഞോ പെണ്ണേ ഞാൻ കേൾക്കുന്നുണ്ട്..." അവനിത്തിരി കുറുമ്പോടെ പറഞ്ഞു.. "നമുക്ക് മോനാണോ മോളാണോ...?" കുറേ തവണ ഇതേ ചോദ്യം അവൾ ചോദിച്ചിട്ടുണ്ടെകിലും ഓരോ തവണ ചോദിക്കുമ്പോഴും താൻ വ്യത്യസ്തമായ ഉത്തരങ്ങാളാണ് നൽകാറുള്ളത്... അത് കേൾക്കാനാണവൾക്ക് ഇഷ്ടവും... "എനിക്ക് രണ്ടും വേണം... ആദ്യം മോനോ മോളോ എന്നൊന്നും തീരുമാനിച്ചിട്ടില്ല ആരായാലും ഞാൻ സന്തോഷത്തോടെ തന്നെ സ്വീകരിക്കും...

എനിക്ക് പ്രിയപ്പെട്ടവൾ പത്തു മാസം ഉദരത്തിൽ ചുമന്നു മരണ വേദനയേക്കാൾ വേദന സഹിച്ചു പ്രസവിച്ചു എന്റെ കൈകളിലേക്ക് വെച്ചു തരുന്നതല്ലേ... അപ്പോൾ അതെനിക്ക് എന്തിനേക്കാളും സ്പെഷ്യൽ ആയിരിക്കും നിന്നെപ്പോലെ...." അവന്റെ മറുപടിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു... അവൻ തന്റെ അടുത്തുണ്ടായെങ്കില്ലെന്നവൾ അത്യധികം മോഹിച്ചു... "ഞാനെന്നാൽ വെച്ചോട്ടെ ദീപ്തി... പുറത്തേക്കൊന്ന് പോവേണ്ട ആവശ്യമുണ്ടായിരുന്നു..." അവളിൽ നിന്നൊരു മൂളൽ ഉയർന്നതും അവൻ ഫോൺ കട്ട്‌ ചെയ്തു... ഡിസ്പ്ലേയിൽ തെളിഞ്ഞ അവന്റെ പുഞ്ചിരിക്കുന്ന ഫോട്ടോയിൽ അവളുടെ മിഴികൾ ഉടക്കി... "തമ്മിൽ കാണാൻ ഇനിയും എത്ര നാൾ... " അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു... ********** ദിവസങ്ങളും മാസങ്ങളും കടന്നുപോയി... ദീപ്തിക്കിപ്പോൾ മാസം ഒമ്പതിനോടടുക്കുന്നു...

അതിന്റേതായ അവശതകളും കാര്യങ്ങളും അവൾക്കുണ്ട്... കാലിലും മുഖത്തുമെല്ലാം നീര് വന്നിട്ടുണ്ട്...കൺ തടങ്ങളിലെ കറുപ്പ് അവളിലെ ഉൾ ഭയത്തെ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു...ഇടയ്ക്കിടെ ഉണ്ടാവുന്ന തളർച്ചയും അടിവയറ്റിലുള്ള വേദനയും പ്രസവത്തിനുള്ള സമയം അടുക്കാരായെന്ന് ഓർമപ്പെടുത്തി കൊണ്ടിരുന്നു.... "മോളെ അവരിങ്ങെത്തി കേട്ടോ... " മുറ്റത്തേക്ക് ഇരച്ചു കയറിയ കാർ കണ്ടതും ചെയ്തു കൊണ്ടിരുന്ന ജോലി അവിടെയിട്ട് രാധ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു... ദീപ്തി തന്റെ വീർത്തുന്തിയ വയറും താങ്ങി വേച്ചു വേച്ചു ഉമ്മറത്തേക്ക് വന്നു... തങ്ങളെയും നോക്കി പുഞ്ചിരിയോടെ ഉമ്മറത്തു നിൽക്കുന്ന ദീപ്തിയെ കണ്ടതും കാറിൽ നിന്നും ഇറങ്ങിയ മല്ലികാമ്മയുടെ കണ്ണുകൾ വിടർന്നു... അവർ അവളുടെ അടുത്തേക്ക് വന്നു ചേർത്ത് നിർത്തി നെറുകയിൽ മുത്തി... "മല്ലികാമ്മേ... " എന്തോ അവരുടെ സ്നേഹ വായ്പ്പിന് മുമ്പിൽ അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു...

"ഇങ്ങനെ സംസാരിച്ചോണ്ട് നിന്നാൽ അവിടെയെത്തുമ്പോ ടോക്കോൺ കിട്ടിയെന്നു വരില്ല..." കാറിൽ നിന്നിറങ്ങാതെ തന്നെ ഗോപു വിളിച്ചു പറഞ്ഞു... ഇത് കേട്ട മല്ലികാമ്മ അവനെ നോക്കി കണ്ണുരുട്ടി ദീപ്തിയേയും കൂട്ടി കാറിലേക്ക് കയറി...വാതിൽ പൂട്ടി രാധമ്മയും അവരുടെ കൂടെ വന്നു കയറിയതും ഗോപു കാർ ഹോസ്പിറ്റലിലേക്ക് തിരിച്ചു... കുറച്ചു സമയത്തിനുള്ളിൽ തന്നെ അവർ ഹോസ്പിറ്റലിൽ എത്തിച്ചേർന്നു...നേരത്തേ എത്തിയത് കൊണ്ട് ആദ്യത്തെ ടോക്കൺ തന്നെ അവർക്ക് കിട്ടി... നമ്പർ വിളിച്ചതും ദീപ്തി അമ്മമാരോടൊപ്പം അകത്തേക്ക് കയറി... "ഇരിക്കൂ..." അവരെ കണ്ടതും ഡോക്ടർ ചെറു പുഞ്ചിരിയോടെ പറഞ്ഞു... ദീപ്തി ഇന്നലെ സ്കാൻ ചെയ്ത റിപ്പോർട്ട്‌ അടങ്ങുന്ന ഫയൽ ഡോക്ടറുടെ നേരെ നീട്ടി... "കിടന്നോളൂ... " അടുത്തുള്ള ബെഡ്‌ ചൂണ്ടി അവർ പറഞ്ഞതും ദീപ്തി അങ്ങോട്ട് കയറി കിടന്നു... ഡോക്ടർ ഉള്ളിലേക്ക് വിരലുകൾ കടത്തി പരിശോധിച്ചതും അവൾക്കുള്ളിൽ വല്ലാത്ത വേദന അനുഭവപ്പെട്ടു...

വേദന കടിച്ചു പിടിച്ചവൾ ബെഡിൽ കൈകൾ മുറുക്കി കണ്ണടച്ചു കിടന്നു... "എണീറ്റോളൂ... " അവർ പറഞ്ഞു കൊണ്ട് വിരലുകളെ പിൻവലിച്ചതും അവളിൽ വല്ലാത്തൊരു ആശ്വാസം വന്നു നിറഞ്ഞു... "ബേബി തിരിഞ്ഞു വരുന്നുണ്ട്... കുട്ടിയുടെ പൊസിഷനൊക്കെ കറക്റ്റാണ്...ഇനി മുതലങ്ങോട്ട് ഇടയ്ക്കിടെ ചെറുതായിട്ട് പൈൻ പോലെയൊക്കെ തോന്നും... പൈൻ അധികമാവുകയാണെങ്കിൽ വന്നു കാണിക്കാം ഇല്ലേൽ ഈ മാസം ഇരുപത്തിയഞ്ചിന് വന്നു അഡ്മിറ്റ് ആവുക..." പിവി ചെയ്തതിന്റെ വേദന വിട്ടു മാറാത്തത് കൊണ്ട് ഡോക്ടർ പറഞ്ഞതിന് അവൾ തലയനക്കുക മാത്രമാണ് ചെയ്തത്...... "വേറെ ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ..." "ഇല്ല... " ദീപ്തി പറഞ്ഞതും ഡോക്ടർ ഫയൽ അവൾക്ക് തിരികെ നൽകി... "ശരി ഡോക്ടർ... " മല്ലികാമ്മ അവരോട് നന്ദി പറഞ്ഞിട്ട് അവളേയും കൂട്ടി അവിടെ നിന്നും ഇറങ്ങി... ഹോസ്പിറ്റലിൽ നിന്നിറങ്ങിയതും കാശി വിവരങ്ങളറിയാൻ വിളിച്ചിട്ടുണ്ടായിരുന്നു... ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം ദീപ്തി അവനോട് പറഞ്ഞു... എല്ലാം ഒരു മൂളലോടെ കേട്ട ശേഷം ഇപ്പോൾ തിരക്കിലാണെന്നും വൈകീട്ട് വിളിക്കാമെന്നും പറഞ്ഞു അവൻ ഫോൺ വെച്ചു.... ക്യാന്റീനിൽ നിന്നും ഓരോ ഓറഞ്ച് ജ്യൂസ്‌ കുടിച്ച ശേഷം അവരും തിരികെ വീട്ടിലേക്ക് മടങ്ങി........... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story