മഞ്ഞുരുകും കാലം : ഭാഗം 56

Manjurukumkalam

രചന: ഷംസീന

ദിവസങ്ങൾ ആരേയും കാത്തു നിൽക്കാതെ പൊഴിഞ്ഞു പോയി... രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് കാശി നാഥൻ നാട്ടിലേക്ക് വരുന്നത്... വൈകുന്നേരത്തോടെ വീട്ടിലെത്തും എന്നായിരുന്നു തലേന്ന് രാത്രിയിൽ വിളിച്ചപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നതത്... നാളുകൾക്കു ശേഷം അവനെ കാണുന്നതിലുള്ള ആകാംഷ കൊണ്ട് പെണ്ണിനന്ന് ഉറക്കം പോലും വന്നില്ലെന്നതാണ് സത്യം... അവൾ രാവിലെ നേരത്തെ എഴുന്നേറ്റു... അടുക്കളയിൽ രാവിലത്തേക്കുള്ളത് തയ്യാറാക്കുന്ന രാധയുടെ അടുത്ത് പോയി ചെറിയ ചില ജോലികളൊക്കെ ചെയ്ത് സഹായിച്ച ശേഷം അവൾ ഹാളിലിരുന്ന് ടീവിയിൽ ന്യൂസ്‌ കാണുന്ന അച്ഛനടുത്ത് വന്നിരുന്നു... അച്ഛൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും അവളതിന് മറുപടിയൊന്നും കൊടുത്തില്ല... കണ്ണുകളും മനസ്സും ഉമ്മറപ്പടിയിലേക്ക് നട്ടിരിക്കുന്ന അവളുണ്ടോ ചോദിക്കുന്നത് വല്ലതും അറിയുന്നു...ദീപ്തിയിൽ നിന്നും മറുപടി കിട്ടാതായതും അദ്ദേഹം പിന്നീടൊന്നും ചോദിക്കാതെ ന്യൂസിലേക്ക് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു...

ഉച്ചക്ക് ഭക്ഷണം കഴിച്ചു എഴുന്നേറ്റപ്പോഴാണ് ദീപ്തിക്ക് അടിവയറിൽ വല്ലാത്തൊരു കൊളുത്തി പിടുത്തം തോന്നിയത്... കുറച്ചു സമയം ആരോടും പറയാതെ വേദന മാറുമോ എന്ന് നോക്കി ഇരുന്നെങ്കിലും വേദന അധികരിക്കുക എന്നതല്ലാതെ മാറ്റമൊന്നും വന്നില്ല.. "അമ്മേ...അമ്മേ " വേദന സഹിക്കാൻ കഴിയാതവൾ ഉറക്കെ നിലവിളിച്ചു... അത് കേട്ട് അടുക്കള പുറത്ത് നിന്നിരുന്ന രാധമ്മ ഓടിവന്നു... "അയ്യോ മോളെ എന്തുപറ്റി... " കട്ടിലിൽ ഇരുന്ന് വേദന അനുഭവിക്കുന്ന ദീപ്തിയെ കണ്ടവർ കരഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു...ആ സമയത്തെ വെപ്രാളം കൊണ്ട് എന്തു ചെയ്യണമെന്ന് അവർക്കും അറിയില്ലായിരുന്നു... അവർ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു ഹാളിലേക്ക് നടന്നു... "ദീപു... ദീപു... " "എന്താ അമ്മേ... അയ്യോ ചേച്ചി..." ഫോണിൽ നോക്കി കൊണ്ട് ചോദിച്ചു തലയുയർത്തിയപ്പോഴാണ് അവൻ ദീപ്തിയെ ശ്രദ്ധിക്കുന്നത്...

"നീ വേഗം അച്ഛനെ വിളിച്ചു ഒരു ടാക്സി പിടിച്ചു വരാൻ പറ.. ചേച്ചിക്ക് ഒട്ടും വയ്യ.. " നിശബ്ദമായ തേങ്ങലോടെ തന്റെ വേദന അടക്കി പിടിക്കുന്നവളെ നോക്കി അവർ പറഞ്ഞു... ദീപു വേഗം ഫോണെടുത്ത് അച്ഛനെ വിവരമറിയിച്ചു... ജോലിയുടെ ആവശ്യത്തിനായി പുറത്തു പോയിരുന്ന മാഷ് ഈ വിവരം അറിഞ്ഞതും വിഷ്ണുവിനേയും കൂട്ടി കാറുമായി വന്നു... "വാ ദീപ്തി... " വിഷ്ണുവും ദീപുവും കൂടെ ദീപ്തിയെ താങ്ങി പിടിച്ചു കാറിൽ കയറ്റിയപ്പോഴേക്കും അമ്മയും അച്ഛനും കൂടി നേരത്തെ റെഡിയാക്കി വെച്ചിരുന്ന സാധനങ്ങൾ ഡിക്കിയിലേക്ക് എടുത്ത് വെച്ചു.. അവരും കൂടെ കയറിയതും വിഷ്ണു കാർ മുന്നോട്ടെടുത്തു... അപ്പോഴും അതിനുള്ളിൽ നിന്നും ദീപ്തിയുടെ അടക്കി പിടിച്ചുള്ള ഞെരക്കങ്ങളും തേങ്ങലുകളും ഉയർന്നു കേട്ടിരുന്നു... *********** "ഏട്ടാ..ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോവ്വാണ്.. ഏട്ടൻ എവിടെയെത്തി..."

സ്പീഡിൽ മുന്നോട്ട് കുതിക്കുന്ന വാഹനത്തിൽ ഇരുന്ന് കൊണ്ട് ഗോപു ആശങ്കയോടെ ചോദിച്ചു.. "എയർപോട്ടിൽ നിന്നും തിരിച്ചു... ഒരു മണിക്കൂറിനുള്ളിൽ അവിടെ എത്തും..." "ഒക്കെ ഏട്ടാ ഞങ്ങൾ അവിടെ എത്തിയിട്ട് വിളിക്കാം... " മറുപടിക്ക് കാത്തു നിൽക്കാതെ ഗോപു ഫോൺ കട്ട്‌ ചെയ്തു... "ചേട്ടാ ഒന്ന് വേഗം പോവാമോ... " "ശെരി സർ.. " കാശിയുടെ സംസാരത്തിലെ ആധി മനസ്സിലായതിനാൽ ആവണം അയാൾ ആക്സിലേറ്ററിൽ അമർത്തി ചവിട്ടി കാർ വേഗത്തിൽ മുന്നോട്ട് പായിച്ചു.... കാശിയുടെ ഉള്ളിൽ എന്തെന്നില്ലാത്തൊരു ഭയം ഉറഞ്ഞു കൂടി...എന്തോ ഒരാപത്ത് സംഭവിക്കാൻ പോവുന്ന പോലൊരു തോന്നൽ...നെഞ്ചുഴിഞ്ഞു കൊണ്ടവൻ സീറ്റിലേക്ക് ചാരി... എയർപോട്ടിൽ നിന്നും ഇറങ്ങി ദീപ്തിയെ വിളിച്ചപ്പോഴായിരുന്നു അവൾക്ക് വേദന വന്നു ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നിരിക്കുവാണെന്ന് ദീപു പറഞ്ഞത്... ഇന്നലെ വിളിച്ചപ്പോൾ കൂടി കാശ്യേട്ടൻ വരാതെ ഹോസ്പിറ്റലിലേക്ക് പോവില്ലായെന്ന് വാശി പിടിച്ച പെണ്ണായിരുന്നു.. പക്ഷേ പ്രസവ സമയത്ത് അവളുടെ കൂടെ ഉണ്ടാവുമെന്ന് വാക്ക് കൊടുത്തത് തനിക്ക് പാലിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവന്റെ ഉള്ളിൽ വല്ലാത്ത നിരാശ തോന്നി..... ************

"കുട്ടിക്ക് വേദന ഉച്ചക്ക് തുടങ്ങിയതാണല്ലോ എന്നിട്ടിപ്പോഴാണോ നിങ്ങൾ കൊണ്ടുവരുന്നത്... " ലേബർ റൂമിലേക്ക് കയറ്റിയ ദീപ്തിയെ പരിശോധിച്ചു കഴിഞ്ഞ ശേഷം പുറത്തേക്ക് വന്ന ഡോക്ടർ രോഷത്തോടെ ചോദിച്ചു... "ഞങ്ങളറിഞ്ഞിരുന്നില്ല... ഇപ്പോ കുറച്ചു മുന്നേയാണ് ഞങ്ങളോട് പറഞ്ഞത് അപ്പോഴേക്കും ഇവിടെ എത്തിക്കുകയും ചെയ്തു..മോൾക്കെന്തെകിലും..?" "മോൾക്കല്ല കുഞ്ഞിനാണ് കുഴപ്പം... കഴുത്തിലൂടെ പൊക്കിൾ കൊടി ചുറ്റിയിട്ടുണ്ട്... ഓപ്പറേഷൻ അല്ലാതെ മറ്റു മാർഗമൊന്നുമില്ല അല്ലേൽ കുഞ്ഞിന്റെ ജീവന് ആപത്താണ്... ഞാൻ പറഞ്ഞിരുന്നതല്ലേ ശ്രദ്ധിക്കണമെന്ന്..." മാഷിന്റെ വാക്കുകളിലെ ആകുലത മനസ്സിലായതും മുന്നിൽ നിന്നിരുന്ന ഡോക്ടർ ശാന്തമായി പറഞ്ഞു...അവർ പറഞ്ഞത് കേട്ട് മാഷ് തളർന്നു അവിടെയുള്ള ബെഞ്ചിലേക്കിരുന്നു.... മല്ലികാമ്മയും രാധമ്മയും അപ്പോഴേക്കും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.... കുറച്ചു കഴിഞ്ഞതും നഴ്സ് കുറച്ചു പേപ്പറുമായി അവരുടെ അടുത്തേക്ക് വന്നു... "കുട്ടിയുടെ ഹസ്ബൻഡ് ഇതിലൊക്കെയൊന്ന് സൈൻ ചെയ്യണം..."

ഗൗരവം തങ്ങി നിൽക്കുന്ന മുഖത്തോടെ അവർ വിഷ്ണുവിനെ നോക്കിയായിരുന്നു പറഞ്ഞത്... "ഹസ്ബെന്റ് അടുത്തില്ല വരുന്നതേ ഉള്ളൂ... " വിഷ്ണു അത് വാങ്ങി മാഷിന്റെ അടുത്ത് കൊടുത്തു... അതിലേക്കൊന്ന് നോക്കി വിങ്ങി പൊട്ടി മാഷ് വിറക്കുന്ന കൈകളോടെ ഒപ്പ് വെച്ചു... "ദീപ്തിയുടെ ഹസ്ബൻഡ് വന്നോ... കുട്ടി കാണണമെന്ന് പറഞ്ഞു വാശിപിടിക്കുന്നു... " നഴ്സ് വന്നു പറഞ്ഞതും എല്ലാവരും നിരാശയോടെ മുഖത്തോട് മുഖം നോക്കി... "നിങ്ങളൊന്നു പോയി കണ്ടിട്ടുവാ... " കരഞ്ഞുകൊണ്ട് കൊണ്ട് നിൽക്കുന്ന മല്ലികാമ്മയേയും രാധമ്മയേയും അവൻ നിർബന്ധിച്ചു ദീപ്തിയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു.. "മോളെ... " കരഞ്ഞു തളർന്നു സ്ട്രക്ച്ചറിൽ കിടക്കുന്ന ദീപ്തിയെ കണ്ടവർ അടുത്തേക്ക് വന്നു.. "അമ്മേ എന്റെ... എന്റെ കാശ്യേട്ടൻ വന്നോ.. നിക്ക് കാണണം... " തേങ്ങികൊണ്ടവൾ കൊച്ചു കുട്ടികളെ പോലെ വാശി പിടിച്ചു... "അവ. അവൻ വരുന്നതേ ഉള്ളൂ മോളെ ഇവിടെ എത്താറായെന്നും പറഞ്ഞു വിളിച്ചിരുന്നു...ഓപ്പറേഷൻ കഴിഞ്ഞു...

മോള് പുറത്തിറങ്ങുമ്പോഴേക്കും അവനിങ്ങെത്തും എന്റെ പൊന്നു മോള് കരയാതെ..." മല്ലികാമ്മ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു... "അമ്മേ.. കാശ്യേട്ടൻ.. " എന്നാൽ അവൾ വീണ്ടും വാശി പിടിക്കുന്നത് കണ്ടതും വാ മൂടി തേങ്ങലടക്കി കൊണ്ട് മല്ലികാമ്മ പുറത്തേക്കിറങ്ങി...ദീപ്തി വിങ്ങി പൊട്ടാൻ തുടങ്ങിയപ്പോഴേക്കും അറ്റെന്റേഴ്‌സ് സ്ട്രക്ച്ചർ തള്ളി ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റിയിരുന്നു... ************ "ഏട്ടാ,,, ഏട്ടത്തിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റിയിട്ടുണ്ട്.. ഏട്ടൻ എവിടെയെത്തി..." "ഞാൻ ഇവിടെ എത്താറായെടാ ഒരു പതിനഞ്ചു മിനിറ്റ്... " ഗോപുവിനോട് മറുപടി പറഞ്ഞു ഫോൺ പോക്കറ്റിലേക്ക് ഇടാൻ തുടങ്ങുമ്പോഴാണ് ഡ്രൈവറുടെ കയ്യിൽ നിന്നും കാർ നിയന്ത്രണം വിട്ട് മുന്നിലുള്ള ഓട്ടോയിൽ ചെന്നിടിച്ചത്... ഇടിയുടെ ആഘാദത്തിൽ കാശി മുന്നോട്ടാഞ്ഞതും മുന്നിലുള്ള സീറ്റിൽ അവന്റെ നെറ്റി ശക്തിയിൽ ചെന്നിടിച്ചു.. "ആഹ്... " വേദനയോടെ അവൻ തലയുയർത്തിയതും കാണുന്നത് അപകടം പറ്റിയ ഓട്ടോയിൽ നിന്നും പുറത്തെടുക്കുന്ന ചോരയിൽ കുതിർന്ന ഒരു പിഞ്ചു കുഞ്ഞിനേയും അമ്മയേയുമാണ്...അമ്മയേയും ഓട്ടോ ഡ്രൈവറെയും മറ്റൊരു വാഹനത്തിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി...

കാശി പരിഭ്രമത്തോടെ ഡോർ തുറന്നു പുറത്തിറങ്ങും മുൻപേ ആളുകൾ ആ കുഞ്ഞിനേയും കൊണ്ട് കാറിനടുത്തേക്ക് വന്നിരുന്നു... "സർ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം ജീവനുണ്ട്..." അതിലൊരാൾ കുഞ്ഞിനെ അവന്റെ മടിയിലേക്ക് കിടത്തി വേദന തങ്ങിയ മുഖത്തോടെ പറഞ്ഞു... ആളുകൾ തങ്ങളുടെ നേരെ തിരിയുന്നതിന് മുന്നേ ഡ്രൈവർ കാർ മുന്നോട്ടെടുത്തു... രക്തത്തിൽ കുളിച്ചു തന്റെ മടിയിൽ കിടക്കുന്ന കുഞ്ഞിനെ കാണെ അവന്റെ ഉള്ളിലൂടെ പഴയ കാല ഓർമ്മകൾ മിന്നി മാഞ്ഞു പോയി... രക്തത്തിൽ കുളിച്ചു കിടന്ന് ജീവന് വേണ്ടി പിടയുന്ന തന്റെ അമ്മയുടേയും അച്ഛന്റേയും മുഖം കണ്മുന്നിൽ തെളിഞ്ഞു വന്നു....മനസ്സ് നിയന്ത്രണം വിട്ടു തുടങ്ങിയതും അവനൊരു ഭ്രാന്തനെപോലെ തന്റെ മുടി ശക്തിയിൽ പിടിച്ചു വലിച്ചു...ആ കുഞ്ഞിന്റെ മുഖത്തും ശരീരത്തും ഒഴുകി ഒലിക്കുന്ന രക്തം കാണെ അവന്റെ കണ്ണുകളിലും മനസ്സിലും ചുവപ്പ് പടർന്നു തുടങ്ങിയിരുന്നു.... നിമിഷ നേരം കൊണ്ട് അവർ കുഞ്ഞിനേയും കൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചേർന്നു...

ഡ്രൈവർ പെട്ടന്ന് കാറിൽ നിന്നും ഇറങ്ങി അറ്റെന്റെഴ്‌സിനെ കൂട്ടി വന്നു... അവർ വേഗത്തിൽ ഡോർ തുറന്നു കാശിയുടെ മടിയിൽ നിന്നും കുഞ്ഞിനെ വാരിയെടുത്ത് അകത്തേക്കോടി...ഈ കാഴ്ച കണ്ട അവിടെയുള്ള മറ്റു ആളുകളും കാര്യമറിയാൻ വെപ്രാളത്തോടെ അവരുടെ പിന്നാലെ ചെന്നു... "സർ..." ആകെ കൂടെ തളർന്നിരിക്കുന്ന കാശിയെ കണ്ട് ഡ്രൈവർ പരിഭ്രമത്തോടെ വിളിച്ചു... "ആഹ്..." കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവനൊരു സ്വപ്നത്തിൽ നിന്നും ഉണർന്നത് പോലെ വിളികേട്ടു... "കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപോയി.. ഇതാണ് സർ പറഞ്ഞ ഹോസ്പിറ്റൽ..." "അ.. ആഹ്... " ഡ്രൈവർ പറയുന്നത് കേട്ടവൻ സ്വബോധമില്ലാതെ ചുറ്റും നോക്കി മറുപടി പറഞ്ഞു കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് നടക്കാനൊരുങ്ങുമ്പോഴാണ് തന്റെ വസ്ത്രത്തിലും കൈകളിലും പടർന്ന രക്തം അവൻ കാണുന്നത്...

അവനൊരു ഭ്രാന്തനെപോലെ കൈകൾ തന്റെ മുഖത്തേക്കടുപ്പിച്ചു അതിലേക്ക് തന്നെ കണ്ണുകൾ തുറിപ്പിച്ചു നോക്കി... വേഗം അടുത്തു കണ്ട വാഷ് റൂമിലേക്കോടി പൈപ്പ് തുറന്നു കൈകൾ അതിന് ചുവട്ടിൽ പിടിച്ചു അമർത്തി ഉരച്ചു കഴുകാൻ തുടങ്ങി.. അവന്റെ സമനില തെറ്റിയുള്ള പെരുമാറ്റം കാണെ കൂടെയുണ്ടായിരുന്ന ഡ്രൈവറും മറ്റു അറ്റെന്റേഴ്‌സും പിന്നാലെ ചെന്നു .. അവൻ ടാപ് ശക്തിയിൽ തുറന്നിട്ട്‌ കൈ കഴുകുകയാണ്.... ഒപ്പം എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്...കൈകളും വസ്ത്രവുമെല്ലാം കഴുകി കഴിഞ്ഞ ശേഷം അവൻ പുറത്തേക്ക് വന്നു....വീണ്ടും കൈകളിലേക്ക് തന്നെ നോക്കി അത് മുഖത്തോടടുപ്പിച്ചു മണത്തു നോക്കി... ചുടു രക്തത്തിന്റെ ഗന്ധം നാസികയിലേക്ക് തുളച്ചു കയറിയതും അവനൊരു ഭ്രാന്തനെപോലെ അലറി വിളിച്ചു............ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story