മഞ്ഞുരുകും കാലം : ഭാഗം 57

Manjurukumkalam

രചന: ഷംസീന

"കാശ്യേട്ടാ... " ദീപ്തി ദീർഘമായൊരു സ്വപ്നത്തിൽ ഞെട്ടിയുണർന്നു... അവൾ തന്റെ അരികിൽ കൈകൾ കൊണ്ട് ഒരു ഭ്രാന്തിയെ പോലെ പരതി നോക്കി... ഇല്ല ആരുമില്ല..!പരിഭ്രാന്തിയോടെ അവളെഴുന്നേറ്റ് മുറിയിലെ ലൈറ്റ് ഓൺ ചെയ്തു... കട്ടിലിൽ ആരുമില്ലെന്ന് കണ്ടതും അവളുടെ മുഖത്ത് നിരാശ തളം കെട്ടി... അവൾ ജഗ്ഗിൽ നിന്നും ഒരല്പം വെള്ളം എടുത്ത് കുടിച്ചു... അന്നേരം വെട്ടി വിയർക്കുന്നുണ്ടായിരുന്നവൾ.... പെട്ടന്നാണ് വാതിലിൽ ആരോ തട്ടുന്നതായി കേട്ടത് ഒപ്പം തൊട്ടിലിൽ കിടന്നുറങ്ങിയിരുന്ന കുഞ്ഞും പേടിച്ചു നിലവിളിക്കാൻ തുടങ്ങി....സാരിത്തലപ്പ് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച് കൊണ്ടവളെഴുന്നേറ്റ് തൊട്ടിലിൽ നിന്നും കുഞ്ഞിനെ എടുത്ത് മാറോട് ചേർത്തു...അമ്മയുടെ ചൂട് തട്ടിയതിനാൽ ആവണം കുഞ്ഞ് കരച്ചിൽ നിർത്തി വീണ്ടും ഉറക്കം പിടിച്ചു.. "ഏട്ടത്തി... ഏട്ടത്തി... " പുറത്ത് നിന്നും ഗോപുവിന്റെ ഉച്ചത്തിലുള്ള വിളി കേട്ടതും അവൾ കുഞ്ഞിനേയും തോളിലിട്ട് ചെന്നു വാതിൽ തുറന്നു... "ഏട്ടത്തി എന്തിനാ നിലവിളിച്ചേ...?" അവൻ പരിഭ്രാന്തിയോടെ ചോദിച്ചു...

 "ഞാനൊരു സ്വപ്നം കണ്ടതാണ്... " പറയുമ്പോഴുള്ള അവളുടെ മുഖത്തെ നിസ്സംഗത മനസ്സിലായതിനാലാവണം അവൻ കുഞ്ഞിനെ അവളുടെ തോളിൽ വാരിയെടുത്തു....കുഞ്ഞ് ചിണുങ്ങി കൊണ്ട് ഗോപുവിനോട് പറ്റിചേർന്നു... "ഏട്ടത്തി കിടന്നോ ഇവനെ ഞാൻ കൊണ്ടു പൊക്കോളാം... " "വേണ്ട ഗോപു.. നിനക്കൊരു ബുദ്ധിമുട്ടാവും..." "പിന്നേ എനിക്ക് ഭയങ്കര ബുദ്ധിമുട്ടല്ലേ..ഏട്ടത്തി വാതിലടച്ചോ.. " പറഞ്ഞു കൊണ്ടവൻ കുഞ്ഞിനേയും കൊണ്ട് തന്റെ മുറിയിലേക്ക് കയറി കതകടച്ചു... ദീപ്തിയിൽ നിന്നൊരു നെടുവീർപ്പുയർന്നു...സുഖമായിട്ടൊന്ന് കിടന്നുറങ്ങണമെന്നുണ്ടെങ്കിലും അതിന് സാധിച്ചിട്ട് നാളുകളായി... അല്ല വർഷങ്ങളായി എന്ന് പറയുന്നതാവും ശെരി...ദീപ്തി അസ്വസ്ഥമായ മനസ്സോടെ മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്ത് വാതിൽ ചേർത്തടച്ചു ബാൽക്കണിയിലേക്ക് നടന്നു... കനത്ത ഇരുട്ടിലേക്കവൾ കണ്ണെടുക്കാതെ നോക്കി നിന്നു... ഇതുപോലെയാണ് തന്റെ മനസ്സും കൂരാ കൂരിരുട്ടു കൊണ്ട് മൂഢപ്പെട്ടിരിക്കുകയാണ്..

അവിടെ വെളിച്ചം പടരാൻ ഇനിയും എത്ര നാൾ കാത്തിരിക്കണം.... ഈ ജന്മം അത് സാധ്യമാവുമോ... ചിതലരിക്കാൻ തുടങ്ങിയ ഓർമ്മകൾ വീണ്ടും ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് തുളഞ്ഞു കയറുന്നത് പോലെ... അവൾ കണ്ണുകളടച്ചു അവിടെയുണ്ടായിരുന്ന സിമന്റ് ബെഞ്ചിലേക്കിരുന്നു.... ********** "ഓപ്പറേഷൻ കഴിഞ്ഞു ആൺകുഞ്ഞാണ്..." നഴ്സ് വന്നു പറഞ്ഞതും രാധ നെഞ്ചിൽ കൈ വെച്ചു ഈശ്വരനോട്‌ നന്ദി പറഞ്ഞു... അത്ര നേരം സംഘർഷത്താൽ മൂടി നിന്നവരുടെ മുഖത്ത് ചെറിയൊരാശ്വാസത്തിന്റെ നിഴൽ വെട്ടം വീണു... "ദീപ്തിയും കുഞ്ഞും... " മല്ലികാമ്മ നഴ്സിനോട് തിരക്കി... "കുഞ്ഞിനെ ഇപ്പൊ തരും..ദീപ്തിയെ കുറച്ചു കഴിഞ്ഞേ കാണാൻ പറ്റുകയുള്ളൂ..." പറഞ്ഞിട്ട് നഴ്സ് അവിടെ നിന്നും പോയി... "വേഗം കാശിയോട് വിളിച്ചു വിവരം പറ... " മാഷ് തിരക്ക് കൂട്ടിയതും ദീപു ഫോണെടുത്ത് കാശിയുടെ ഫോണിലേക്ക് വിളിച്ചു... "കാശ്യേട്ടൻ ഫോണെടുക്കിന്നില്ല... " കുറേ തവണ വിളിച്ചിട്ടും കിട്ടാതായതും ദീപു പറഞ്ഞു... "ഈ കുട്ടി ഇതെവിടെ പോയി കിടക്കാ..ഇവിടെ എത്താറായെന്നല്ലേ നേരത്തെ വിളിച്ചപ്പോൾ പറഞ്ഞത്..." മല്ലികാമ്മ വേവലാതിപ്പെട്ടു...

"ഇവിടെ വിഷ്ണുവേട്ടൻ ഉണ്ടല്ലോ ഞങ്ങളൊന്ന് പോയി നോക്കിയിട്ട് വരാം...വാടാ ദീപു..." ഗോപു ദീപുവിനേയും കൂട്ടി താഴേക്ക് പോയി...അവർ പോയതിന് പിന്നാലെ നഴ്സ് കുഞ്ഞുമായി പുറത്തേക്ക് വന്നു രാധമ്മയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു... "കാശിയുടെ പോലെ തന്നെ ഉണ്ടല്ലേ... " കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയവർ ചെറു പുഞ്ചിരിയോടെ ചോദിച്ചു...മല്ലികാമ്മ സന്തോഷത്തോടെ അതേയെന്ന് തലകുലുക്കി കുഞ്ഞിനെ തന്റെ കൈകളിലേക്ക് വാങ്ങി വാത്സല്യത്തോടെ നെറ്റിയിലൊന്ന് ചുംബിച്ചു.... "ഇനി തന്നോളൂട്ടോ... കുറച്ചു കഴിഞ്ഞ് അമ്മയേയും കുഞ്ഞിനേയും ഒരുമിച്ചു മുറിയിലേക്ക് മാറ്റാം..." അവരുടെ മുഖത്തെ സന്തോഷം അതേ പോലെ നഴ്സിന്റെ മുഖത്തും തെളിഞ്ഞു കാണാമായിരുന്നു... അവർ ചെറു ചിരിയോടെ കുഞ്ഞിനെ വാങ്ങി അകത്തേക്ക് പോയി... ********* കാശിയെ അന്യോഷിച്ചിറങ്ങിയ ദീപുവും ഗോപുവും ഗ്രൗണ്ട് ഫ്ലോറിൽ നടക്കുന്ന ബഹളം കേട്ടതും കാര്യമെന്താണെന്നറിയാൻ അവിടേക്കൊന്ന് എത്തി നോക്കി... ആളുകളൊക്കെ കൂടെ ആരെയോ ബലമായി പിടിച്ചു വെച്ചിരിക്കുവാണ്...

അയാൾ കുതറിയോടാൻ നോക്കുന്നുണ്ടെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല...തിരിഞ്ഞു നിൽക്കുന്നതിനാൽ ആളിന്റെ മുഖം വ്യക്തമല്ലതാനും... പൊടുന്നനെ അയാൾ ആളുകളുടെ കയ്യിൽ നിന്നും കുതറി പിന്നിലേക്ക് തിരിഞ്ഞു... "ഗോപു... കാശ്യേട്ടൻ... " ഒരു ഞെട്ടലോടെ ദീപു വിരൽ ചൂണ്ടി... അവൻ ചൂണ്ടിയാ ഭാഗത്തേക്ക് നോക്കെ ഒരു ഭ്രാന്തനെ പോലെ ആളുകളുടെ നേരെ ചീറിയടുക്കുന്ന കാശിയെ കണ്ടവന്റെ ശരീരമാകെ വിറപൂണ്ടു.. തളർന്നു പോകാൻ തുടങ്ങവേ അവനൊരു ബലത്തിനായി ദീപുവിന്റെ തോളിൽ കൈകളമർത്തി... പിന്നെ എന്തോ ഓർത്തെന്ന പോലെ മുന്നിൽ നിൽക്കുന്ന ആളുകളെ തട്ടി മാറ്റി അവനടുത്തേക്കോടി.. പിന്നാലെ തന്നെ ദീപുവും... "ഏട്ടാ... " കരഞ്ഞു കൊണ്ടവൻ ഉറക്കെ വിളിച്ചതും കാശി തിരിഞ്ഞു നോക്കി... "ഗോപു.. ഗോപു... " കാശി കൊച്ചു കുഞ്ഞുങ്ങളെ പോലെ വിതുമ്പി കൊണ്ടവന്റടുത്തേക്ക് വന്നു... "ഗോപു.. നോക്കിയേ ന്റെ... കയ്യിലും... ഷർട്ടിലുമെല്ലാം ചോര... മണത്തു നോക്കിയേ.. " കാശി ഭ്രാന്തമായി പറഞ്ഞുകൊണ്ട് ഗോപുവിന് നേരെ കൈകൾ നീട്ടി...

"ഇല്ല ഏട്ടാ ചോരയൊന്നും ഇല്ല.. ഏട്ടന് തോന്നുന്നതാ... വാ നമുക്ക് പോവാം..." അവൻ കാശിയെ പിടിച്ചു വലിച്ചു അവിടെ നിന്നും കൊണ്ടുപോവാൻ ശ്രമിച്ചു... "അല്ല ഗോപു ഉണ്ട്... ദേ ഇത്തിരി പോന്നൊരു കുഞ്ഞിനെ ചോരയിൽ കുളിച്ചു ഞാൻ കണ്ടതാ... ന്റെ മടിയിലാ അതിനെ കിടത്തിയെ..." അവൻ പരിഭ്രാന്തിയോടെ ചുറ്റും നോക്കി... "ഇല്ല ഏട്ടാ..." ഗോപു വീണ്ടും ദയനീയമായി പറഞ്ഞതും കാശി എന്തൊക്കെയോ പിറുപിറുത്തു അവന്റെയൊപ്പം ചെന്നു ... "ഒരു ആക്‌സിഡന്റ് നേരിൽ കണ്ടതാ...ഇവിടെ കൊണ്ടുവരുവോളമൊന്നും കുഴപ്പം ഉണ്ടായിരുന്നില്ല.. മനുഷ്യന്റെ അവസ്ഥയല്ലേ എപ്പോഴാ മനസ്സിന്റെ നിയന്ത്രണം വിടുന്നതെന്ന് പറയാൻ കഴിയില്ലല്ലോ..." പിന്നിൽ നിന്നും ആരോ പറയുന്നത് ഗോപുവിന്റെ കാതിൽ ഒരു കാരമുള്ള് പോലെ തുളഞ്ഞു കയറി... ********* "എന്നെ എവിടേക്കാ കൊണ്ടു പോവുന്നേ,, വിട് ഗോപു.. എനിക്ക് പോണം.. " ഗോപുവും ദീപുവും ബലമായി പിടിച്ചു കൊണ്ടുവരുന്ന കാശിയെ കണ്ടതും മല്ലികാമ്മ ഒരു ഞെട്ടലോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... "കാശി... മോനേ... " നിലവിളിച്ചു കൊണ്ടവർ അവന്റെ അടുത്തേക്ക് പാഞ്ഞു...

"ചെറിയമ്മേ ദേ അവിടെ..." അവൻ ഭീതിയോടെ അകലേക്ക്‌ വിരൽ ചൂണ്ടി.... "ഈശ്വരന്മാരെ നിങ്ങൾക്ക് എന്റെ കുഞ്ഞിനെ പരീക്ഷിച്ചു മതിയായില്ലേ.. എന്തിനാ ഇവനോട് മാത്രം ഇത്ര ക്രൂരത... " കാശി വീണ്ടും ഭ്രാന്തെന്ന ക്രൂരമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തുകയാണെന്ന തിരിച്ചറിവോടെ അവർ നെഞ്ചത്തടിച്ചു പൊട്ടി കരഞ്ഞു.. "മല്ലികാമ്മേ... " ഒരു നിമിഷത്തെ അമ്പരപ്പ് മാറിയതും രാധമ്മയും വിഷ്ണുവും വന്നവരെ ചേർത്ത് പിടിച്ചു...കാശിയെ കാണെ അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി.... അപ്പോഴും മല്ലികാമ്മ എന്തൊക്കെയോ പുലമ്പി കൊണ്ട് ആർത്തലച്ചു കരഞ്ഞുകൊണ്ടിരുന്നു..... "മോനേ കാശി... ഇവിടെ വന്നിരിക്ക്... " മാഷ് മനോധൈര്യം വീണ്ടെടുത്ത് അവന്റെ അടുത്തേക്ക് വന്നു... "ഇതൊക്കെ ആരാ ഗോപു... " അവനെ പിടിക്കാനാഞ്ഞ മാഷിനെ നോക്കി മുഖം ചുളിച്ചു കൊണ്ടവൻ ചോദിച്ചു...അവരെപോലും തിരിച്ചറിയാൻ കഴിയാത്ത വിധം അവന്റെ മനസ്സിന്റെ നിയന്ത്രണം വിട്ടു പോയെന്ന് മനസ്സിലാക്കിയ മാഷ് തളർച്ചയോടെ നിലത്തേക്കിരുന്നു... "ദീപ്തിയുടെ ആരെങ്കിലും ഉണ്ടോ...? "

നഴ്സ് അല്പം രോഷത്തോടെ വിളിച്ചു ചോദിച്ചു... ദീപു കാശിയെ വിട്ട് അവരുടെ അടുത്തേക്കോടി..കാശിയുടെ ശ്രദ്ധ അവിടേക്കൊന്ന് പാളിയെങ്കിലും അവൻ പ്രതികരിക്കാതെ ഒഴിഞ്ഞൊരു മൂലയിൽ പോയിരുന്നു... "എത്ര നേരമായി വിളിക്കുന്നു... ദീപ്തിയെ മുറിയിലേക്ക് മാറ്റുകയാണ്.. അവിടെ എല്ലാം റെഡിയല്ലേ.. " നഴ്സ് പരുഷമായി ചോദിച്ചതും ദീപു യാന്ത്രികമായി തലയാട്ടി.. അവന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞൊഴുകി... അല്പ സമയം കഴിഞ്ഞതും ദീപ്തിയേയും കുഞ്ഞിനേയും സ്ട്രക്ച്ചറിൽ കിടത്തി അവിടേക്ക് കൊണ്ടുവന്നു... കുഞ്ഞിനേയും ദീപ്തിയേയും കണ്ടാലെങ്കിലും കാശി പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയാലോ എന്ന് കരുതി വിഷ്ണു അവനെ എഴുന്നേൽപ്പിച്ചു ദീപ്തിയുടെ അടുത്തേക്ക് ചെന്നു.. അപരിചിതനായ ഒരാളെന്ന പോലെ കാശി വിഷ്ണുവിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു... കാശിയെ കാണെ ദീപ്തിയുടെ അധരങ്ങൾ വിരിഞ്ഞു... തളർച്ചയിലും അവൾ അവനെ കണ്ണും മനസ്സും നിറയെ നോക്കി കണ്ടു...

പക്ഷേ അവന്റെ സ്വഭാവത്തിലെ അസ്വഭാവികത അവൾക്ക് വേർതിരിച്ചെടുക്കാൻ കഴിഞ്ഞില്ല... ദീപ്തിയുടെ അടുത്തെത്തിയതും അവൻ കുഞ്ഞിനേയും അവളേയും മാറി മാറി നോക്കി... "കാശ്യേട്ടന്റെ മോനാ... " ഗോപു അടുത്ത് വന്നു പറഞ്ഞതും ദീപ്തി കാര്യമറിയാതെ ഗോപുവിനെ നോക്കി... "എന്റെ മോനോ... ഞാനതിന് കല്യാണം കഴിച്ചിട്ടില്ലല്ലോ...? " കൊച്ചു കുട്ടികളെ പോലെ കാശി ഓർത്തെടുത്തു പറഞ്ഞതും ദീപ്തി പകപ്പോടെ കാശിയെ നോക്കി...കൂടി നിന്നവരെല്ലാം അവന്റെ അവസ്ഥ കണ്ട് നിശബ്‍ദമായി തേങ്ങി... "അല്ല കാശ്യേട്ട... ഇത് കാശ്യേട്ടന്റെ കുഞ്ഞാ... " "അല്ല.. അല്ല.. ഇതെന്റെ മോനല്ല... എന്റെ കുട്ടിയല്ല.. " ഗോപു വീണ്ടും പറയേ കാശി സമനില തെറ്റി അലർച്ചയോടെ പറഞ്ഞു കൊണ്ട് നിയന്ത്രണം വിട്ടോടി..... പഴയ ഭ്രാന്തമായ അവസ്ഥയിലേക്ക് കാശി മടങ്ങിപ്പോയി എന്നോർക്കേ ദീപ്തിയുടെ ഹൃദയം നൂറു കഷ്ണങ്ങളായി ചിന്നി ചിതറി...അവളും അവളുടെ ഓർമകളും അവന്റെ മനസ്സിൽ നിന്നും പാടെ മാഞ്ഞു പോയെന്ന് മനസ്സിലാക്കേ തന്റെ ശരീര വേദനകളെ പോലും അവഗണിച്ചു അവൾ എഴുന്നേറ്റ് അവന്റെ പിറകെ ഓടി...

വേദന കൊണ്ടവൾ വേച്ചു പോകുന്നുണ്ടെങ്കിലും അതൊന്നും വക വെക്കാതെ അവൾ മുന്നോട്ടോടാൻ തുടങ്ങിയതും വിഷ്ണു വന്നവളെ പിടിച്ചു നിർത്തി... "കാശ്യേട്ടാ... കാശ്യേട്ടാ..." അലറി വിളിച്ചു കൊണ്ടവൾ അവന്റെ കൈകളിൽ കിടന്നു കുതറി.... തന്റെ ശബ്‍ദത്തെ പോലും അവഗണിച്ചു മുന്നോട്ടോടുന്ന കാശിയെ കാണെ അവൾ വിഷ്ണുവിന്റെ കൈകളിലേക്ക് തളർന്നു വീണു... തന്റെ കൈകളിൽ തളർന്നു കിടക്കുന്ന ദീപ്തിയെ ദയനീയമായി നോക്കാൻ മാത്രമേ അവനാ നിമിഷം കഴിഞ്ഞുള്ളൂ... സ്റ്റിച്ചുകൾ വലിഞ്ഞു പൊട്ടി അബോധാവസ്ഥയിലേക്ക് പോയ ദീപ്തിയെ ഉടനെ തന്നെ ഐ സി യുവിലേക്ക് പ്രവേശിപ്പിച്ചു...തന്റെ കുഞ്ഞിനെ പോലും മറന്നു കൊണ്ടവൾ കാശിയുടെ ഓർമകളിൽ തന്നെ തിരഞ്ഞു കൊണ്ടിരുന്നു.. "കാശ്യേട്ടാ... " അബോധാവസ്ഥയിലും ഇടക്കിടെ അവളുടെ ചുണ്ടുകൾ അവന്റെ പേര് ഉരുവിട്ട് കൊണ്ടിരുന്നു........... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story