മഞ്ഞുരുകും കാലം : ഭാഗം 58

Manjurukumkalam

രചന: ഷംസീന

 "ഏട്ടത്തി..." രാവിലെ ഗോപു വന്നു തട്ടി വിളിച്ചപ്പോഴാണ് ദീപ്തി കാശിയുടെ ഓർമകളിൽ നിന്നും മോചിതയായത്... "ആദി... " കുഞ്ഞിനെ അവന്റെ അടുത്ത് കാണാഞ്ഞപ്പോൾ ദീപ്തി തിരക്കി... "താഴെ ദീപുവിന്റെ അടുത്തുണ്ട്...ഏട്ടത്തി ഇന്ന് ഷോപ്പിലേക്ക് പോവുന്നില്ലേ..." "മ്മ് പോവണം...അല്ലാതിപ്പോ ഇവിടെ ഇരുന്നിട്ടെന്താ..." അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു... അവനെയൊന്ന് നോക്കി ദീപ്തി അവിടെ നിന്നും പോയി... "പാവം..." അവൾ പോവുന്നതും നോക്കി നിന്ന ഗോപു മനസ്സിൽ പറഞ്ഞു.... കാശ്യേട്ടന്റെ അവസ്ഥ ഇതിലും പരിതാപകരമായിരുന്നു... ആരോടും മിണ്ടാതെ ആരേയും കാണാൻ കൂട്ടക്കാതെ ഒരു മെന്റൽ ഹോസ്പിറ്റലിന്റെ നാല് ചുവരുകൾക്കുള്ളിൽ സ്വയം തളച്ചിട്ടൊരു ജീവിതം...പലതവണ ഞാനും ദീപുവും കാശ്യേട്ടനെ കാണാൻ പോയിട്ടുണ്ടെങ്കിലും അപ്പോഴൊക്കെയും ഞങ്ങളിൽ നിന്നും മറഞ്ഞു നിൽക്കാറായിരുന്നു പതിവ്,,,ഒരു തരം വാശിപോലെ... കാശ്യേട്ടന്റെ അസാന്നിധ്യത്താൽ ശിഥിലമായി പോകുമായിരുന്ന കുടുംബത്തെ ചേർത്ത് നിർത്തിയത് ഏട്ടത്തിയുടെ മനോധൈര്യമായിരുന്നു...

ലോകത്തിലെ തന്നെ ശക്തയായ സ്ത്രീ തന്റെ ഏട്ടത്തിയാണെന്ന് പോലും ചില സമയങ്ങളിൽ തനിക്ക് തോന്നിയിരുന്നു... ഞങ്ങളെല്ലാം ഏട്ടനെ കുറിച്ചോർത്ത് കണ്ണീർ പൊഴിക്കുമ്പോൾ ഏട്ടത്തി മനസാന്നിധ്യം കൈവിടാതെ മുന്നോട്ട് ജീവിച്ചു കാണിക്കുകയാണ് ചെയ്തത്.... ഗോപു പഴയതോരോന്നും ഓർത്ത് അവിടെ നിന്നു പോയി... **** ഷോപ്പിലേക്ക് പോവാനുള്ള സമയമായതും ദീപ്തി പെട്ടന്ന് തന്നെ കുളിച്ചു റെഡിയായി... ഒരു ഓഫ്‌ വൈറ്റ് നിറത്തിലുള്ള കോട്ടൺ സാരിയായിരുന്നു അവളുടെ വേഷം... കാതിൽ ചെറിയ കല്ല് വെച്ച കമ്മലും കഴുത്തിൽ കാശി ചാർത്തിയ താലിയും... അത്രമാത്രമായിരുന്നു അവളുടെ അലങ്കാരം...അവൻ പോയതിന് ശേഷം അവളുടെ സീമന്ത രേഖ ചുമന്നിട്ടില്ല... അവൻ തന്നെ തന്റെ നെറുകിൽ സിന്ദൂരം ചാർത്തണമെന്ന വാശിയായിരുന്നു അവൾക്കും... "എന്തൊരു കോലമാ ചേച്ചി ഇത്.. നെറ്റിയിലൊരു പൊട്ടെങ്കിലും തൊട്ടു കൂടെ... " താഴേക്കിറങ്ങി വരുന്ന ദീപ്തിയെ കണ്ട് ദീപു മുഖം കറുപ്പിച്ചു... "അതിന്റെയൊന്നും ആവശ്യമില്ല.. ഇതൊക്കെ തന്നെ ധാരാളം..

നീ ആ കാറിന്റെ കീ ഇങ്ങ് തന്നേ... എന്റെ കാറിനൊരു സ്റ്റാർട്ടിങ് ട്രബിൾ കുറച്ചു കഴിഞ്ഞ് മെക്കാനിക് വരും നോക്കാൻ പക്ഷെ അപ്പോഴേക്കും എനിക്ക് ഷോപ്പിലെത്താൻ വൈകും... " അവൾ ചാവിക്കായി കൈ നീട്ടികൊണ്ട് പറഞ്ഞു... "അപ്പൊ ഞങ്ങളെങ്ങനെ ഓഫീസിൽ പോവും..." "ബൈക്കില്ലേ അതിൽ പോകാമല്ലോ... " ദീപു ചോദിച്ചതിന് ദീപ്തി മറുപടി പറഞ്ഞു.. എന്നിട്ടവന്റെ കയ്യിൽ നിന്നും കീ തട്ടിപ്പറിച്ചു അടുക്കളയിലേക്ക് പോയി... "ചേച്ചി... " അവൻ കെർവോടെ വിളിച്ചെങ്കിലും അവൾ ഗൗനിച്ചില്ല... "ആദികുട്ടാ അമ്മ പോകുവാണേ...മിച്ചു ചേച്ചി വരുമ്പോ വികൃതിയൊന്നും കാണിക്കാതെ നല്ലകുട്ടിയായി ഇരിക്കണം കേട്ടോ..." ദോശ കഴിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ എടുത്തുയർത്തി കവിളിൽ ചുംബിച്ചു കൊണ്ടവൾ പറഞ്ഞു... "അമ്മ ഇന്ന് വരുമ്പോ നിച് ചോക്ലേറ്റ് കൊണ്ടുവരണേ... " "അതിനെന്താ എന്റെ ആദിക്ക് അമ്മ എത്ര വേണേലും ചോക്ലേറ്റ് കൊണ്ടുവരുമല്ലോ... " അവൻ കൊഞ്ചിക്കൊണ്ട് പറഞ്ഞത് പോലെ തന്നെ ദീപ്തിയും പറഞ്ഞു... "ഉച്ചക്കത്തേക്കുള്ള ഫുഡാ എടുത്ത് ബാഗിൽ വെച്ചോ... "

മല്ലികാമ്മ ഒരു പൊതിയെടുത്ത് അവളുടെ നേരെ നീട്ടി... അവൾ അവരെ നോക്കി പരിഭവിച്ചു കൊണ്ടത് വാങ്ങി... "നീ മുഖം കറുപ്പിക്കുകയൊന്നും വേണ്ടാ.. നേരാ സമയത്തിന് ഒന്നും കഴിക്കത്തുമില്ല കുടിക്കത്തുമില്ല... ദിവസം ചെല്ലുംതോറും ശോഷിച്ചു ശോഷിച്ചു വരുവാ..." മല്ലികാമ്മ അവളുടെ നേരെ കയർത്തു വീർപ്പിച്ചു വെച്ച കവിളിലൊരു കുത്ത് കൊടുത്തു..... പക്ഷേ അതിലെ സ്നേഹവും വാത്സല്യവും അവൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.. "ഞാനിറങ്ങുവാ മല്ലികാമ്മേ അമ്മയോടും പറഞ്ഞേക്ക്.. അമ്മയെ കണ്ട് പറയാനുള്ള നേരമൊന്നുമില്ല ഇപ്പൊ തന്നെ വൈകി..." വാച്ചിലേക്ക് നോക്കി ധൃതിയിൽ പറഞ്ഞിട്ടവൾ അവിടെ നിന്നും പോയി... "മുത്തശ്ശിയുടെ പൊന്നിനിനി ദോശ വേണോ... " ദീപ്തി പോയതും കൊഞ്ചലോടെ ചോദിച്ചു കൊണ്ടവർ ആദിയുടെ അടുത്തേക്കിരുന്നു.... *****

ദീപ്തി ഷോപ്പിലെത്തിയപ്പോഴേക്കും അവിടെയുള്ള ജീവനക്കാരെല്ലാം വന്നു തുടങ്ങിയിരുന്നു... കാശി ഹോസ്പിറ്റലിൽ ആയതിന് ശേഷം ടെക്സ്റ്റയിൽസ് ഷോപ്പ് നോക്കി നടത്തുന്നത് ദീപ്തിയാണ്.. ഓഫീസിലെ കാര്യങ്ങൾ ഗോപുവും ദീപുവും കൂടെ മേനേജ് ചെയ്യും... കാശിയുടെ അച്ഛന്റേയും അമ്മയുടെയും ഫോട്ടോയ്ക്ക് മുന്നിൽ അവൾ തിരി തെളിയിച്ചു പ്രാർത്ഥിച്ചു... എന്നും ഈ പ്രാർത്ഥന പതിവാണ് ഇന്നുവരെ മുടക്കം വരുത്തിയിട്ടില്ല.. ആദ്യമാദ്യം ദീപ്തി മാത്രമേ പ്രാർത്ഥിക്കാറുണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോൾ അവളോടൊപ്പം അവിടുത്തെ ജീവനക്കാരും ഉണ്ടാവാറുണ്ട്. പ്രാർത്ഥനക്കു ശേഷം മാത്രമേ അവരും തങ്ങളുടെ ജോലിയിലേക്ക് കടക്കുകയുള്ളൂ... പ്രാർത്ഥനയെല്ലാം കഴിഞ്ഞ ശേഷം ദീപ്തി തനിക്കായിട്ടൊരുക്കിയിട്ടുള്ള കേബിനിലേക്ക് കയറി...കാശി ഉപയോഗിച്ചിരുന്ന ക്യാബിൻ ഇപ്പുറത്തുണ്ടെങ്കിലും എന്തുകൊണ്ടോ അവൾ അവിടേക്ക് ഒരിക്കൽ പോലും പ്രവേശിച്ചിട്ടില്ല...

ആ മുറിയിലേക്ക് കയറുമ്പോൾ അവൾക്ക് വല്ലാത്തൊരു ശ്വാസം മുട്ടൽ അനുഭവപ്പെടും.. കാശിയുടെ അസാന്നിധ്യം അവളിൽ വല്ലാത്തൊരു നോവ് നിറയ്ക്കും... ദീപ്തിയെ പതിയെ തന്റെ ജോലികളിലേക്ക് കടന്നു...ജോലിയിൽ മുഴുകിയിരിക്കുമ്പോൾ ഓർമ്മകൾ കുത്തി നോവിക്കില്ല എന്നുള്ള ഉറപ്പവൾക്ക് ഉണ്ടായിരുന്നു...ആദ്യമൊക്കെ കുഞ്ഞിനെ പിരിഞ്ഞു ജോലിക്ക് വരുമ്പോൾ വല്ലാത്ത സങ്കടം തോന്നുമായിരിന്നു... പതിയെ പതിയെ അത് മാറി തുടങ്ങി.. അല്ല തന്റെ അമ്മമാർ മാറ്റിയെടുത്തു എന്ന് പറയുന്നതാവും ശെരി.. താൻ നോക്കുന്നതിനേക്കാൾ നന്നായി തന്നെ അവർ കുഞ്ഞിനെ നോക്കുന്നുണ്ട് ... അമ്മമാരോടൊപ്പം സമയം ചിലവഴിക്കുന്നതാണ് ആദിക്കും ഇഷ്ടം... രാത്രിയിൽ മാത്രമേ തന്റെ അടുത്തേക്ക് വരാറുള്ളൂ അതും പാല് കുടിച്ചു കിടന്നുറങ്ങാനായിട്ട്... മൂന്ന് വയസ്സ് കഴിയാറായിട്ടും അവൻ ഇതുവരെ ആ ശീലം മാറ്റിയിട്ടില്ല ... രാത്രി മാത്രമല്ലെ അവൻ കുടിക്കുന്നുള്ളൂ എന്ന് കരുതി താനും നിർത്താനായി തുനിഞ്ഞിട്ടില്ല... ഉച്ചവരെ ആ ഇരുപ്പ് ഇരുന്നു...

ഷോപ്പിലെ സീനിയർ സ്റ്റാഫ്‌ ആയ മെഴ്‌സി ചേച്ചി വന്നു വിളിച്ചപ്പോഴാണ് ദീപ്തി അവരോടൊപ്പം ഉച്ചക്കത്തെ ഊണ് കഴിക്കാനായി പോയത്...മിക്ക ദിവസങ്ങളിലും ചോറ് പൊതിഞ്ഞു കെട്ടി കൊണ്ടുവരും എന്നല്ലാതെ അത് തുറന്നു പോലും നോക്കാറില്ല.. ഇന്നും താൻ അത് തന്നെ ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ടാവാണം മല്ലികാമ്മ മെഴ്‌സി ചേച്ചിയോട് വിളിച്ചു താൻ ഭക്ഷണം കഴിക്കാത്ത കാര്യം ഓർമിപ്പിച്ചത്... കാശ്യേട്ടൻ കൂടെയില്ലാതെ ഇന്നും താൻ ഈ ഭൂമിയിൽ പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത് തന്റെ കുടുംബം തനിക്ക് നൽകുന്ന സ്നേഹത്തിന്റെയും പരിഗണനയുടെയും പുറത്താണെന്ന് അവളൊരിക്കൽ കൂടി തിരിച്ചറിയുകയായിരുന്നു... ***** വൈകീട്ട് ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴാണ് ദീപുവിന്റെ ഫോൺ റിങ് ചെയ്യുന്നത്... ദിവ്യയായിരുന്നു വിളിച്ചത്... കോ ഡ്രൈവർ സീറ്റിലേക്ക് കയറുന്നതിനൊപ്പം അവൻ ഫോണെടുത്തു ചെവിയിലേക്ക് ചേർത്തു... "ഹാ പറയെടി... " "............... " "ആ ok.... " അവൻ ഫോൺ കട്ട്‌ ചെയ്ത് ബാഗിലേക്കിട്ടു... "ആരാടാ വിളിച്ചത്... "

ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ തിരിക്കാതെ തന്നെ ഗോപു ചോദിച്ചു.... "ദിവ്യയാ..അവളെ നാളെ എയർപോർട്ടിൽ നിന്നും പിക്ക് ചെയ്യണമെന്ന്..." "അതെന്താ പെട്ടന്ന്.. ലാസ്റ്റ് ഇവിടെ നിന്ന് പോവുമ്പോ ഇനി അഞ്ചു വർഷത്തേക്ക് ഇങ്ങോട്ട് വരുന്നില്ലാ എന്ന് പറഞ്ഞിട്ടല്ലേ പോയത്..." ഗോപു അവൾ പറഞ്ഞത് ഓർത്തെടുത്തു.... "അതാ ഞാനും ആലോചിക്കുന്നെ... എന്തെങ്കിലും ആവട്ട്.. ഇത്തവണയെങ്കിലും അവളെ എങ്ങനെയെങ്കിലും വളച്ചു കുപ്പിയിലാക്കാൻ നോക്ക്... എന്നിട്ട് വേണം എനിക്കും ഒരു പെണ്ണിനെ സെറ്റാക്കാൻ..." "അയ്യടാ മോന്റെ പൂതി കൊള്ളാലോ...ഞാനെന്തായാലും നിന്റെ കാര്യം അമ്മമാരോട് പറയാം അപ്പൊ പെട്ടന്ന് നടക്കുമല്ലോ..." "പൊന്നുമോനെ ചതിക്കല്ലേ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ... " ഗോപു കുറുമ്പോടെ പറഞ്ഞതും ദീപു അവനു നേരെ കൈകൂപ്പി തൊഴുതു.... കാലം അവരിലും മാറ്റം വരുത്തിയിരുന്നു... താടിയും മീശയുമൊക്കെ വളർന്നു രണ്ട് യുവ സുന്ദരന്മാർ ആയിരുന്നു അവർ... ഗോപുവിനെക്കാൾ കൂടുതൽ ആരാധകർ ദീപുവിനാണ് അതിന്റെതായൊരു അഹങ്കാരം അവനുണ്ട് താനും...

ഈ ചുരുങ്ങിയ കാലയളവിനിടക്ക് അവർ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തിരുന്നു... അവർക്കിടയിൽ യാതൊരു രഹസ്യവുമില്ല... ഗോപുവിന്റെ പ്രണയത്തിനും കട്ട സപ്പോർട്ടായി കൂടെ നിൽക്കുന്നത് നമ്മുടെ ദീപു തന്നെയാണ്... എത്ര കുഞ്ഞു കളി കാണിച്ചു നടന്നാലും രണ്ട് പേരും ഓഫീസിലെ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നത് കൊണ്ട് ദീപ്തിക്ക് വലിയ കാര്യമാണ് അവരെ അവർക്കും അങ്ങനെ തന്നെ...അവൾക്ക് വിഷമം വരുന്ന ഒന്നും തന്നെ അവരും ചെയ്യില്ല.. എന്ത് ചെയ്യുമ്പോഴും അവളുടെ അഭിപ്രായം ചോദിക്കാൻ അവർ മറക്കാറില്ല....ഇപ്പോഴും ദിവ്യയോടുള്ള അഗാഥമായ പ്രണയം ഗോപു മനസ്സിൽ സൂക്ഷിക്കുന്നുണ്ട്... അവൾ അനുകൂലമായൊരു മറുപടി കൊടുക്കാനിട്ടുപോലും ഗോപു ഇപ്പോഴും അവൾക്കായാണ് കാത്തിരിക്കുന്നത് പരിഭവങ്ങളേതുമില്ലാതെ...

ഇതവണയെങ്കിലും അവൾ തനിക്കൊരു മറുപടി നൽകുമെന്ന് അവന് നല്ല പ്രതീക്ഷയുണ്ടായിരുന്നു..... *** ദീപ്തിയുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടതും ഉമ്മറത്തിരുന്ന് കളിച്ചിരുന്ന ആധിയും മിച്ചുവും കാറിനടുത്തേക്ക് ഓടി... "പതിയെ... " കാറിൽ നിന്നും ഇറങ്ങിയ ദീപ്തി കരുതലോടെ പറഞ്ഞു....ആദി അവളുടെ മേലേക്ക് ചാടി കയറിയെങ്കിലും മിച്ചു അവളുടെ കയ്യിൽ തൂങ്ങി നിന്നതേ ഉള്ളൂ... അവൾ വിഷ്ണുവേട്ടനെ പോലെ പതിഞ്ഞ സ്വഭാവമുള്ളയാളാണെന്ന് ദീപ്തി ഓർത്തു... വിഷ്ണുവിന്റെയും ശ്രുതിയുടെയും ഏക പുത്രിയാണ് വാമിക എന്ന മിച്ചു... സുജ വീണ്ടും ഒരമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് .... അതുകൊണ്ട് അവൾക്കൊരു സഹായത്തിനായി സുധ കുറച്ചു ദിവസങ്ങളായി അവിടെയാണ്... ശ്രുതിയ്ക്ക്‌ ഓഫീസിലേക്കും വിഷ്ണുവിന് കടയിലേക്കും പോവേണ്ടത് കൊണ്ട് നഴ്സറി ഇല്ലാത്ത മിക്ക ശനിയാഴ്ചകളിലും മിച്ചു ആദിയോടൊപ്പം കളിക്കാനായി ഇവിടെ വരാറുണ്ട്...

അവൾ കുട്ടികളോടൊപ്പം അകത്തേക്ക് കയറി....ബാഗിൽ നിന്നും ഇരുവർക്കും ചോക്ലേറ്റ് എടുത്ത് കൊടുത്തതും അവർ അതുമായി സന്തോഷത്തോടെ മുറ്റത്തേക്ക് തന്നെ ഓടി... "ഇതാ അച്ഛാ മരുന്ന്... " അവളൊരു പൊതിയെടുത്ത് മാഷിന് നേരെ നീട്ടി... "ഇതെവിടുന്നു കിട്ടി ഞാൻ അന്യോഷിക്കാത്ത മെഡിക്കൽ സ്റ്റോറുകളില്ല... " അയാൾ അതൊന്ന് തിരിച്ചും മറിച്ചും നോക്കി... "ടൗണിൽ പുതിയതായി തുടങ്ങിയ ഷോപ്പിൽ നിന്ന്..കണ്ടപ്പോൾ കയ്യോടെ ഇങ്ങ് വാങ്ങിച്ചു..." പറഞ്ഞു കഴിഞ്ഞതും അവൾ ഫ്രഷാവാനായി മുറിയിലേക്ക് പോയി... കുളിച്ചിറങ്ങി ഒരു കോട്ടൺ ചുരിദാറെടുത്തിട്ടു...ലാപെടുത്ത് മെയിൽസ് ചെക്ക് ചെയ്യുമ്പോഴായിരുന്നു ഉമ്മറത്തു ബൈക്കിന്റെ ഹോണടി കേട്ടത്... അവൾ ചെറു പുഞ്ചിരിയോടെ ലാപ് അടച്ചു വെച്ച് എഴുന്നേറ്റ് താഴേക്ക് ചെന്നു............. തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story