മഞ്ഞുരുകും കാലം : ഭാഗം 59

Manjurukumkalam

രചന: ഷംസീന

 ഉമ്മറത്തിരിക്കുന്ന വിഷ്ണുവിനെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു... ആദി അവന്റെ മടിയിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്..വിഷ്ണുവിനെ കണ്ടാൽ പിന്നെ അവന് വേറെ ആരും വേണമെന്നില്ല... അത്രക്കും ഇഷ്ടമാണ് വിഷ്ണു അപ്പായെ... "നീയിന്ന് ഷോപ്പിൽ പോയില്ലേ... " അവളെ കണ്ടതും വിഷ്ണു വെറുതെ കുശലം ചോദിച്ചു... "മ്മ് .. ഇപ്പൊ കുറച്ചു മുന്നേ എത്തിയതേയുള്ളൂ... " അപ്പോഴേക്കും രാധമ്മ ചായയുമായി വന്നിരുന്നു... വിഷ്ണു അത് വാങ്ങി ചുണ്ടിനിടയിലേക്ക് വെച്ചു... പിന്നീട് കുറച്ചു നേരം കൂടെ അവിടെ ഇരുന്ന് സംസാരിച്ച ശേഷം അവൻ പോവാനായി ഇറങ്ങി... അവൻ പോവുന്നതറിഞ്ഞ ആദി ഒന്ന് ചിണുങ്ങിയെങ്കിലും രാധമ്മ അവനെ ഒരുവിധം പിടിച്ചു നിർത്തി അകത്തേക്ക് കൊണ്ടുപോയി... "നാളെ ആദിയുടെ പിറന്നാളല്ലേ ദീപ്തി... ഇത്തവണയും ആഘോഷമൊന്നുമില്ലേ... "

മിച്ചുവിനെ ബൈക്കിലേക്ക് കയറ്റിയിരുത്തുന്നതിനിടയിൽ അവൻ ചോദിച്ചു... " ഓരോ തവണത്തെ പിറന്നാള് വരുമ്പോഴും കരുതും ആഘോഷിക്കാമെന്ന് പക്ഷേ അപ്പോഴൊക്കെ കാശ്യേട്ടന്റെ മുഖമാണ് മനസ്സിലേക്ക് ഓടിയെത്താ... അങ്ങനെയുള്ളപ്പോ എനിക്കതിന് കഴിയില്ല വിഷ്ണുവേട്ടാ... " അവളുടെ കണ്ണുകൾ നിറഞ്ഞു...വാക്കുകൾ ഇടറി... "ഒരു തരത്തിൽ നോക്കുവാണേൽ നീ ആ കുഞ്ഞിനോടും അച്ഛനോടും ചെയ്യുന്ന ക്രൂരതയല്ലേ ദീപ്തി ഇത്...വർഷമിത്രയായിട്ടും ആദിക്ക് അവന്റെ അച്ഛനെ കാണിച്ചു കൊടുക്കാതിരിക്കുന്നത്..." തനിക്ക് പോലും തന്റെ മോളെ ഒരു നിമിഷം കാണാതെ ഇരിക്കാൻ കഴിയില്ല അങ്ങനെയുള്ളപ്പോ കാശിയുടെ അവസ്ഥയും മറിച്ചായിരിക്കില്ല...അവന്റെ ഉള്ളിൽ വല്ലാത്തൊരു നോവ് പടർന്നു.. "ആര് പറഞ്ഞു വിഷ്ണുവേട്ടാ അവന്റെ അച്ഛനെ അവൻ കണ്ടിട്ടില്ലെന്ന്...

എന്നും രാവിലെ എഴുന്നേറ്റാൽ അവൻ ആദ്യം പോവുന്നത് അവന്റെ അച്ഛന്റെ അടുത്തേക്കാ... കുറച്ചു നേരം കാശിയേട്ടന്റെ ഫോട്ടോയിൽ നോക്കി അവൻ കിന്നാരം പറയും... വേഗം കുഞ്ഞിന്റെ അടുത്തേക്ക് വായോ എന്ന് പറഞ്ഞു അതിൽ ഉമ്മ വെക്കും... അവന്റെ ഉള്ളിൽ നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന കാശിയെട്ടനാണ് അച്ഛൻ... അങ്ങനെയുള്ളപ്പോ ആരേയും തിരിച്ചറിയാത്ത വിധം സമനില നഷ്ടപ്പെട്ട കാശിയേട്ടനെ അവന്റെ അച്ഛനാണെന്ന് പറഞ്ഞു എനിക്ക് ചൂണ്ടി കാണിക്കാൻ കഴിയുമോ... അങ്ങനെ ഉണ്ടായാൽ ഈ തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിൽ അവന്റെ മനസ്സിനേൽക്കുന്ന ഏറ്റവും വലിയ മുറിവായിരിക്കില്ലേ അത്..." അവളുടെ തൊണ്ടയിൽ നിന്നൊരു ഗദ്ഗദം വന്നു തടഞ്ഞു നിന്നു...നഷ്ടബോധത്തിന്റെ ഓർമയിൽ അവളുടെ ഉള്ളം വെന്തുരുകി... "നിനക്ക് ശെരിയെന്നു തോന്നുന്നത് ചെയ്യൂ ദീപ്തി...ഈ ഒരു കാര്യത്തിൽ എനിക്കൊരിക്കലും നിന്നെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല..." അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പിന്നിലേക്കെടുത്തു...

"എനിക്കുറപ്പുണ്ട് വിഷ്ണുവേട്ടാ അധികം വൈകാതെ കാശ്യേട്ടൻ തിരിച്ചു വരുമെന്ന്... അങ്ങനെയുള്ളപ്പോ ഞാനീ സഹസത്തിന് മുതിരണോ... " "മ്മ്... " അവനൊരു മൂളലോടെ മാത്രമാണത് കേട്ടത്...അവളുടെ പ്രതീക്ഷകളെ തന്റെ വാക്കുകൾ കൊണ്ട് തച്ചുടക്കാൻ അവനും കഴിയുമായിരുന്നില്ല... "എന്നാൽ ശെരി....ഇപ്പൊ തന്നെ വൈകി പോവുന്ന വഴിയിൽ ശ്രുതിയേയും എടുക്കണം..." നിസ്സംഗതയോടെ നോക്കി നിൽക്കുന്നവളെ നോക്കി പറഞ്ഞിട്ട് വിഷ്ണു അവിടെ നിന്നും പോയി... അവൻ പോയിക്കഴിഞ്ഞതും അത്രയും നേരം പിടിച്ചു വെച്ചിരുന്ന കണ്ണുനീർ അനുവാദത്തിന് പോലും കാത്തു നിൽക്കാതെ പുറത്തേക്കൊഴുകി...ഈ ഒരവസ്ഥയിൽ തന്നെ കണ്ടാൽ രണ്ട് അമ്മമാർക്കും വേദനിക്കും എന്ന് പൂർണ ബോധ്യമുള്ളതിനാൽ അവൾ വീടിന്റെ പിറകിലായിട്ടുള്ള കുളത്തിനടുത്തേക്ക് നടന്നു.... ****

ഒരു കുഞ്ഞു കല്ലെറിഞ്ഞപ്പോൾ ഓളം തല്ലുന്ന കുളത്തിലേക്കങ്ങനെ കണ്ണുകൾ പതിപ്പിച്ചിരിക്കുമ്പോൾ വിഷ്ണു പറഞ്ഞ വാക്കുകളായിരുന്നു ദീപ്തിയുടെ ഉള്ളു നിറയെ... താൻ ചെയ്യുന്നത് ക്രൂരതയാണോ...! അവൾ സ്വന്തം മനസാക്ഷിയോടെന്ന പോലെ ചോദിച്ചു... അല്ല ഞാൻ ചെയ്യുന്നതാണ് ശെരി... ഏറ്റവും വലിയ ശെരി... ഉള്ളിരുന്നാരോ ഒരു ഭ്രാന്തിയെ പോലെ പുലമ്പി കൊണ്ടിരുന്നു... "എടോ... " കാതോരം അവന്റെ നനുത്ത സ്വരം... "നിന്നെയിങ്ങനെ ഇറുകെ കെട്ടിപ്പിടിച്ചു ഈ കുളപ്പടവിലിരിക്കാൻ എന്ത് സുഖമാണെന്നോ...? ദീപ്തി എന്റെ ഏറ്റവും വലിയ സ്വപ്നം എന്താണെന്നറിയോ..." കാശി അവളുടെ വീർത്തുന്തിയ വയറിലേക്ക് തന്റെ പരുക്കൻ കൈകൾ ചേർത്ത് വെച്ചു... "നമ്മുടെ കുഞ്ഞ്...അവനെ നീ ഈ കൈകളിലേക്ക് വെച്ചു തരുന്ന നിമിഷം ഞാനായിരിക്കും ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ.. കൂരിരുട്ടാൽ മൂടപ്പെട്ട എന്റെ ഹൃദയത്തിലേക്ക് നേർത്ത വെളിച്ചവുമായി കടന്നു വന്നവരാണ് നീയും നമ്മുടെ കുഞ്ഞും...ആ വെളിച്ചം എന്റെ ശ്വാസം നിലക്കും വരെ കൂടെയുണ്ടാവമെന്ന് ഞാൻ ആഗ്രഹിച്ചു പോവുന്നു...

പക്ഷേ വീണ്ടും എന്റെ ജീവിതം ഇരുളാൽ മൂടപ്പെടുമോ എന്നെനിക്ക് ഭയമുണ്ട് പെണ്ണേ... " അവൻ പറഞ്ഞതോർക്കേ അവളുടെ മിഴികൾ സജലമായി...മനസ്സ് കടിഞ്ഞാൺ വിട്ട പട്ടം പോലെ അലയാൻ തുടങ്ങിയതും പിന്നിൽ നിന്നുമൊരു കുരുന്നു കൊഞ്ചൽ കേട്ടു... "അമ്മേ... " ആദി പടവിലേക്കിറങ്ങാതെ മതിലിനോരം നിന്ന് വിളിച്ചു... ദീപ്തി മുഖം അമർത്തി തുടച്ച് എഴുന്നേറ്റ് കുഞ്ഞിനടുത്തേക്ക് ചെന്നു... ഉള്ളിലെ സങ്കടം അതിവിധക്തമായി ഒളിപ്പിച്ചു കൊണ്ടവൾ ചെറു ചിരിയോടെ കുഞ്ഞിനെ എടുത്തുയർത്തി... അവന്റെ വയറിൽ അമർത്തി മുത്തിയതും ഇക്കിളി പൂണ്ടവൻ പൊട്ടിച്ചിരിച്ചു... ദീപ്തിയും തന്റെ സങ്കടങ്ങളെല്ലാം മറന്നു അവന്റെ കളി ചിരിയിലേക്ക് അലിഞ്ഞു ചേർന്നു.... **** "എടാ ഫ്ലൈറ്റ് ഒരു മണിക്കൂർ ഡിലേയാണെന്ന്... " എയർപോർട്ടിലിരുന്ന് ഫോണിൽ നോക്കി കൊണ്ടിരുന്ന ദീപുവിന്റെ അടുത്തേക്ക് വന്നു കൊണ്ട് ഗോപു പറഞ്ഞു... "ഇനിയിപ്പോ എന്ത് ചെയ്യും...? " ദീപു ഫോണിൽ നിന്നും തലയുയർത്തി... "പോസ്റ്റായിട്ടിരിക്കാം.. അല്ലാതെ വേറെ വഴിയൊന്നും ഇല്ല... "

പറഞ്ഞുകൊണ്ട് ഗോപു അവനടുത്തേക്കിരുന്നു... കുറച്ചു സമയം കഴിഞ്ഞതും ഫ്ലൈറ്റ് ലാൻഡ് ചെയ്തെന്ന അറിയിപ്പ് വന്നതും അവർ അവിടുന്നെഴുന്നേറ്റു.... ഗോപുവിന്റെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി... മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ളൊരു കൂടിക്കാഴ്ച്ച... അതിന്റെതായ ആകാംഷയും അവനുണ്ടായിരുന്നു... അവസാനമായി അവൾ നാട്ടിലേക്ക് വന്നത് ഏട്ടത്തി പ്രസവിച്ചതറിഞ്ഞു കുഞ്ഞിനെ കാണാനായിരുന്നു...കാശ്യേട്ടന്റെ കാര്യം അറിഞ്ഞപ്പോഴും അവൾ വല്ലാതെ തളർന്നിട്ടുണ്ടായിരുന്നു... അതുകൊണ്ടൊക്കെ കൂടെയാവും ഇത്രയും കാലം നാട്ടിലേക്ക് വരാതെ അവിടെ തന്നെ പിടിച്ചു നിന്നത്... ട്രോളി ബാഗും വലിച്ചു പുറത്തേക്ക് വരുന്ന ദിവ്യയെ കണ്ടതും അവന്റെ മിഴികൾ വിടർന്നു...ആദ്യമൊക്കെ മുഖം മുഴുവനായും കവർ ചെയ്താണ് ആളുകൾക്കിടയിലേക്ക് ഇറങ്ങിയിരുന്നത്.. പക്ഷേ ഇന്നതിന് മാറ്റം വന്നിരിക്കുന്നു... മുഖം മറക്കാതെ തലയുയർത്തി പിടിച്ചു കൊണ്ടു തന്നെയാണ് അവളുടെ വരവ്.. ചുണ്ടിലെ വിടർന്ന ചിരി അവളുടെ മനസ്സിലെ സന്തോഷ്ത്തെ സൂചിപ്പിച്ചിരുന്നു..

ഒന്ന് വണ്ണം വെച്ചിട്ടുണ്ടോ... അവൻ ആലോചിക്കാതിരുന്നില്ല... അപ്പോഴേക്കും അവൾ തങ്ങൾക്കു നേരെ കൈ വീശി കാണിച്ചിരുന്നു.. അവളെടുത്തെത്തിയതും ദീപു ചെന്ന് കെട്ടിപ്പിടിച്ചു തന്റെ സന്തോഷം പ്രകടിപ്പിച്ചു...ഗോപു മാറി നിന്ന് അതെല്ലാം നേർത്ത ചിരിയോടെ കണ്ടതേയുള്ളൂ... "എന്താണ് ഗോപുചേട്ടാ മിണ്ടാതെ നിൽക്കുന്നേ... " അവൾ അടുത്തു വന്നു അവനെയൊന്ന് പുണർന്നു.... പെട്ടന്നുള്ള അവളുടെ നീക്കത്തിൽ ഗോപു പകച്ചു കൊണ്ടവളെ നോക്കി... അവൾ അകന്നു മാറിയിട്ടും അതേ നിൽപ്പ് നിൽക്കുന്ന ഗോപുവിന്റെ തോളിൽ ദീപു തട്ടി... ഗോപു പരിസരബോധം വീണ്ടെടുത്ത് അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി കാറിനടുത്തേക്ക് നടന്നു... "ഇങ്ങേരെന്താടാ ഒരുമാതിരി എയർ പിടിച്ച്... എപ്പോഴും ഈ സ്ഥായി ഭാവം തന്നെയാണോ... " ഗൗരവത്തിൽ നടന്നു പോകുന്ന ഗോപുവിനെ നോക്കിയവൾ ദീപുവിന്റെ കാതിൽ പറഞ്ഞു... "എവിടുന്ന്... ആള് പഴയത് പോലെ തന്നെ... നിന്റെ തോന്നലാവും..." "പഴയത് പോലെ എന്ന് പറയുമ്പോ... ഇപ്പോഴും.." അവൾ ബാക്കി പറയാതെ ദീപുവിനെ നോക്കി...

അവൻ അതേയെന്ന മട്ടിൽ കണ്ണുകളടച്ചു കാണിച്ചു... "ഓഹോ അപ്പൊ ഇപ്പോഴും ഉള്ളിലൊരു കാമുകൻ ഒളിച്ചിരിപ്പുണ്ടല്ലേ... " അവൾ ഒരു കള്ളച്ചിരിയോടെ മനസ്സിൽ ചിന്തിച്ചു കാറിലേക്ക് കയറി... ****** വീട്ടിലെത്തിയ ദിവ്യ പരിചയമില്ലാതെ തന്നെ നോക്കുന്ന ആദിയെ കുറച്ചു ചോക്ലേറ്റ്സ് കൊടുത്തു വരുതിയിലാക്കി... വർഷങ്ങൾക്ക് ശേഷം അവളെ കണ്ട സന്തോഷം എല്ലാവർക്കുമുണ്ടായിരുന്നു... അമ്മമാരും അച്ഛനും ഒരു കൊച്ചു കുഞ്ഞിനോടെന്ന പോലെ അടുത്തിരുത്തി അവളുടെ വിശേഷങ്ങൾ ചോദിച്ചറിയുന്നുണ്ട്... ഷോപ്പിൽ നിന്നും തിരികെ വീട്ടിലെത്തിയ ദീപ്തി ആദിയോടൊപ്പം ഇരുന്ന് കളിക്കുന്ന ദിവ്യയെ കണ്ടതും അമ്പരന്നു... "ചേച്ചി... " വാതിൽക്കൽ അന്തം വിട്ടു നിൽക്കുന്ന ദീപ്തിയെ കണ്ടവൾ അടുത്തേക്ക് ചെന്നു... "ഇതെപ്പോ വന്നു... ഒന്ന് പറഞ്ഞു കൂടിയില്ലല്ലോ....."

ദീപ്തി സന്തോഷത്തോടെ അവളെ കെട്ടിപിടിച്ചു... "ദീപുവിനോട് പറഞ്ഞിരുന്നു.. പിന്നെ നിങ്ങൾക്കൊക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.... " "വാ ഒരുപാട് വിശേഷങ്ങൾ ചോദിക്കാനുണ്ട്... " ദീപ്തി വേഷം പോലും മാറാതെ അവളേയും കൂട്ടി സോഫയിലേക്കിരുന്നു... ആ ദിവസം എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു....ദിവ്യയുടെ വരവോടെ ആ വീട്ടിൽ വീണ്ടും കുറുമ്പുകളും കുസൃതികളും കൊണ്ട് നിറഞ്ഞു... രാത്രിയിൽ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് തന്റെ മുറിയിലേക്ക് ഉറങ്ങാനായി പോവാൻ തുടങ്ങുമ്പോഴാണ് ബാൽക്കണിയിൽ നിൽക്കുന്ന ഗോപുവിനെയും ദീപുവിനേയും അവൾ കണ്ടത്... ശബ്‍ദമുണ്ടാക്കാതെ അവരുടെ അടുത്തേക്ക് ചെന്നു........... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story