മഞ്ഞുരുകും കാലം : ഭാഗം 6

Manjurukumkalam

രചന: ഷംസീന

വിഷ്ണുവിന്റെ വിവാഹക്കാര്യമാണ് കവലയിലിപ്പോൾ ചർച്ച..സുധ നാടൊട്ടാകെ വിളിച്ചു ആർഭാടമായി തന്നെ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്..ദീപ്തിയുടെ കാതിലും എത്തിയിരുന്നു വിഷ്ണുവിന്റെ വിവാഹം ഉറപ്പിച്ചത്....ഉടനെ വിവാഹം ഉണ്ടാവുമെന്ന് ദീപുവും ദിവ്യയും പറയുന്നത് കേട്ടു.. കേട്ടപ്പോൾ സങ്കടമൊന്നും തോന്നിയില്ല.. അധികം പിടിവാശി കാണിക്കാതെ വിവാഹത്തിന് സമ്മതിച്ചല്ലോ എന്ന ആശ്വാസം ആയിരുന്നു... ഉച്ചക്ക് ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് കല്യാണപാർട്ടിക്കാർ ആഭരണങ്ങൾ എടുക്കാൻ വന്നിട്ടുണ്ട് ഉടനെ അങ്ങോട്ട് ചെല്ലാൻ മേനേജർ വന്നു പറഞ്ഞത്.. കഴിച്ചു കൊണ്ടിരുന്ന ചോറ് അത്പോലെ തന്നെ അടച്ചു വെച്ചു താഴേക്ക് ചെന്നു. അന്ന് ജയ ലീവ് ആയിരുന്നു.. മോൾക്ക് പനിയായിട്ട് ഹോസ്പിറ്റലിൽ കാണിക്കാൻ വേണ്ടി ലീവ് എടുത്തതാണ്..ദീപ്തി മുടിയും സാരിയും നേരെയാക്കി താഴേക്ക് ചെന്നു..

"ദാ അവരാണ് ആളുകൾ,, ദീപ്തി അങ്ങോട്ട് ചെന്നോളൂ .. " മേനേജർ വീണ്ടും വന്നു പറഞ്ഞതും ദീപ്തി അവരുടെ അടുത്തേക്ക്ചെന്നു ..അവൾ അടുത്തേക്കെത്തിയതും പിന്തിരിഞ്ഞു ഇരുന്നിരുന്ന ആളുകൾ അവളുടെ നേരെ തിരിഞ്ഞു.. അവരെ കണ്ടതും ദീപ്തി തറഞ്ഞു നിന്നു.. പിന്നെ ഇത് തന്റെ ജോലിയുടെ ഭാഗമാണല്ലോ എന്നോർത്തു അവരുടെ അടുത്തേക്ക് തന്നെ ചെന്നു.. ദീപ്തിയെ കണ്ടതും സുധയും സുജയും പുച്ഛത്തോടെ അവളെ നോക്കി ചിരിച്ചു.. ദീപ്തിയത് കാര്യമാക്കിയില്ല.. അവരോടൊപ്പം ഒരു സ്ത്രീയും പുരുഷനും കൂടെ ഒരു പെൺകുട്ടിയും ഉണ്ട്.. ചിലപ്പോൾ ഇതായിരിക്കും വിഷ്ണുവേട്ടൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി.. ദീപ്തി ആലോചിച്ചു.. "മേഡം.. ട്രെഡിഷണൽ ആയിട്ടുള്ളതാണോ അതോ മോഡേൺ ആയിട്ടുള്ള ഓർണമെൻറ്സ് ആണോ നോക്കേണ്ടത്.. " "ട്രെഡിഷണൽ ആയിട്ടുള്ളത് മതി.." അവരുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീ പറഞ്ഞു.. ദീപ്തി ഓരോന്നും എടുത്ത് അവരുടെ മുന്നിൽ നിരത്തി...കൂടെയുള്ള പെൺകുട്ടി ആഭരണങ്ങൾ നോക്കുകയോ സെലക്ട്‌ ചെയ്യുകയോ ചെയ്യാതെ ഒഴിഞ്ഞു മാറി ഇരിക്കുവാണ്..

സുജയും സുധയും പെണ്ണിന്റെ അമ്മയുമാണ് സെലക്ട്‌ ചെയ്യുന്നത്.. അമ്പത് പവനോളം ആഭരണങ്ങൾ എടുത്ത് മാറ്റിവെച്ചു..ഏറ്റവും അവസാനമാണ് താലി സെലക്ട്‌ ചെയ്തത്.. "മോളെ ശ്രുതി ഇതിൽ ഏത് വേണമെന്ന് നോക്കിയേ.. " സുധ ആ പെൺകുട്ടിയോടായി ചോദിച്ചു.. "എനിക്കങ്ങനെ ഒന്നുമില്ലമ്മേ,, ഏതായാലും മതി.. അല്ലേൽ വിഷ്ണുവേട്ടനെ വിളിക്കാം.. ആളിവിടെ ടൗണിൽ ഉണ്ടെന്ന്.." "എന്നാൽ നീയൊന്ന് വിളിച്ചു നോക്ക്‌.. " സുജയും അതിനെ ശെരിവെച്ചു.. ശ്രുതി ഫോണുമായി പുറത്തേക്കിറങ്ങി നിന്നു... കുറച്ച് കഴിഞ്ഞതും വിഷ്ണുവും ശ്രുതിയും കൂടി ഒരുമിച്ച് അകത്തേക്ക് വന്നു.. ശ്രുതിയോട് എന്തോ പറഞ്ഞു തിരിഞ്ഞതും തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ദീപ്തിയുടെ നേരെയാണ് നോട്ടം പോയത്.. ദീപ്തി അവനെ നോക്കി ചിരിക്കാനായി ശ്രമിച്ചു.. വിഷ്ണുവും തിരികെ തെളിച്ചമില്ലാത്തൊരു ചിരി നൽകി..

ശ്രുതിയും വിഷ്ണുവും കൂടി താലി സെലക്ട്‌ ചെയ്തു.. താലിയിൽ ചെറിയ രീതിയിൽ വിഷ്ണു എന്ന് എഴുതാൻ പറഞ്ഞു.. വിഷ്ണു എന്ന പേര് രജിസ്റ്റർ ബുക്കിൽ എഴുതുമ്പോൾ ദീപ്തിയുടെ കൈകൾ വിറകൊള്ളുന്നുണ്ടായിരുന്നു..അവരുടെ അടുത്ത് നിന്നും ഓടി രക്ഷപ്പെടാൻ അവൾക്ക് തോന്നി.. വിഷ്ണുവിന്റെ നോട്ടം മുഴുവനും ദീപ്തിയിൽ തന്നെ തങ്ങി നിൽക്കുകയായിരുന്നു..ശ്വാസം മുട്ടിയാണ് അവളവിടെ നിൽക്കുന്നതെന്ന് അവനു മനസ്സിലായി..ശ്രുതിയുമായുള്ള വിവാഹത്തിന് പാതി സമ്മതമാണ് അമ്മയോട് പറഞ്ഞത്.. പെണ്ണ് കാണാൻ ചെന്നപ്പോഴേ ദീപ്തിയെ കുറിച്ച് ശ്രുതിയോട് പറഞ്ഞിരുന്നു.. അത്ര പെട്ടന്നൊന്നും ദീപ്തിയെ മനസ്സിൽ നിന്നും പറിച്ചു കളയാൻ കഴിയില്ലെന്നും തനിക്ക് സമയം വേണമെന്നും ശ്രുതിയോട് അവൻ പറഞ്ഞു.. എത്ര നാൾ വേണമെകിലും കാത്തിരിക്കാൻ തയ്യാറാണെന്ന് ശ്രുതിയും ഉറപ്പ് നൽകി..

അങ്ങനെയാണ് വിവാഹം വരെ കാര്യങ്ങൾ എത്തിയത്.. ആഭരണങ്ങൾക്ക് ഓർഡർ കൊടുത്ത് അഡ്വാൻസും നൽകി വിഷ്ണുവും കുടുംബവും പോയി.. അവരുടെ മുന്നിൽ അത്രയും നേരം മനസ്സ് കല്ലാക്കി നിന്നിരുന്ന ദീപ്തി നെടുവീർപ്പിട്ടു കസേരയിലേക്കമർന്നിരുന്നു... **** വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും നന്നേ ക്ഷീണിച്ചിരുന്നു...കയ്യും മുഖവും കഴുകി അച്ഛന്റെ അടുത്ത് പോയി കുറച്ച് നേരം ഇരുന്നു... അപ്പോഴേക്കും പിള്ളേർ ട്യൂഷൻ കഴിഞ്ഞു വന്നിരുന്നു.. അവരോടൊപ്പം ഇരുന്ന് ചായയും കുടിച്ചു മുറിയിൽ വന്നു കിടന്നു.. "ന്താ കുട്ട്യേ സന്ധ്യാ സമയത്തൊരു കിടത്തം " അമ്മ മുറിയിലേക്ക് കടന്നു വന്നു.. "ഒന്നുല്ലന്നെ.. വെറുതെ കിടന്നതാ.. " ദീപ്തി എഴുന്നേറ്റ് കട്ടിലിന്റെ ക്രാസിയിലേക്ക് ചാഞ്ഞിരുന്നു... "ഇന്നിവിടെ സുധയും സുജയും വന്നിരുന്നു.. കല്യാണം ക്ഷണിക്കാൻ.." ദീപ്തി വെറുതെയൊന്ന് തലയാട്ടി..

"കല്യാണത്തിന് പോവണ്ടേ..പോയാൽ മാത്രം പോരല്ലോ ന്തെങ്കിലും കൊടുക്കുകയും വേണ്ടേ.. " "ഞാൻ നോക്കട്ടെ അമ്മേ.. എന്തെങ്കിലും വഴി കാണാതിരിക്കില്ല.. " "ബുദ്ധിമുട്ടിയിട്ടൊന്നും വേണ്ട ദീപ്തി.. കൊടുത്താലും നന്ദിയൊന്നും ഉണ്ടാവില്ല.. അതിന്റെയും കുറ്റവും കുറവും കണ്ടുപിടിക്കും തള്ളയും മോളും... " "പറയുന്നവർ പറഞ്ഞോട്ടെ അമ്മേ.. നമ്മളതിന് ചെവികൊടുക്കാതിരുന്നാൽ പോരെ..." "മ്മ്.. നീ പിന്നെ വിഷ്ണുവിനെ കാണുകയോ മറ്റോ ചെയ്‌തോ..ആ വീട്ടിൽ അതിന് മാത്രമേ ഇത്തിരി മനുഷ്യപറ്റുള്ളൂ.." "കണ്ടിരുന്നു.. ഇന്ന് കടയിൽ വന്നിരുന്നു..എല്ലാവരും കൂടി,,ഓർണമന്റ്സും താലിയും എടുക്കാൻ.." "വല്യ പാണക്കാർ ആണ് പെൺവീട്ടുകാർ എന്ന് സുധ അച്ഛനോട് പറയുന്നത് കേട്ടിരുന്നു... നീ കണ്ടോ കൊച്ചിനെ.." "നല്ല കുട്ടിയാ അമ്മേ.. വിഷ്ണുവേട്ടന് ചേരും... " ദീപ്തിയതും പറഞ്ഞു മുറിവിട്ട് പുറത്തേക്ക് പോയി..അവൾ പോയ വഴിയേ നോക്കി അമ്മ നീടുവീർപ്പോടെ ഇരുന്നു.. **** പിറ്റേന്ന് ജ്വല്ലറിയിലേക്ക് പോകാൻ ഇത്തിരി വൈകി.. രാത്രിയിൽ നല്ല തണുപ്പും മഞ്ഞും ഉണ്ടായിരുന്നു..

അതുകൊണ്ടാണെന്ന് തോന്നുന്നു അച്ഛന് ശ്വാസം മുട്ടിളകി..താനും അമ്മയും ഒരുപോള കണ്ണടക്കാതെ അച്ഛന് കൂട്ടിരിക്കുകയായിരുന്നു.. പുലർച്ചെ എപ്പോഴോ ആണ് അച്ഛനൊന്ന് മയങ്ങിയത്.. അതോടൊപ്പം അവിടെ കിടന്ന് തന്നെ താനും അമ്മയും ഒന്ന് കണ്ണടച്ചു.. ഉറക്കമൊഴിച്ചാൽ അമ്മക്ക് തലവേദനയെടുക്കും..അതുകൊണ്ട് അമ്മയെ ഉണർത്താതെ ദീപ്തി തന്നെയാണ് രാവിലത്തേക്കുള്ള ഭക്ഷണവും കുട്ടികൾക്കും അവൾക്കും കൊണ്ടുപോകാനുള്ള ചോറും കൂട്ടാനുമെല്ലാം തയ്യാറാക്കിയത്.. എല്ലാം റെഡിയാക്കി വന്നപ്പോഴേക്കും ബസിനുള്ള ടൈം ആയിരുന്നു.. ഓടിപിടച്ചു കവലയിലേക്ക് നടക്കുമ്പോഴാണ് വിഷ്ണു ബൈക്കുമായി അവളുടെ മുന്നിൽ വന്നു നിന്നത്.. "കയറ്.. " അവളെ നോക്കാതെ തന്നെ പറഞ്ഞു.. "വേണ്ട.. വിഷ്ണുവേട്ടൻ പൊക്കോളൂ.. എനിക്കിവിടുന്ന് ബസ് കിട്ടും... " ദീപ്തി മുന്നോട്ട് നടന്നു..

"നിന്നോട് കയറാനാണ് പറഞ്ഞത് ദീപ്തി.. " വിഷ്ണു ദേഷ്യത്തോടെ പറഞ്ഞതും ദീപ്തി ചുറ്റുമോന്ന് നോക്കി.. ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന മട്ടിൽ.. "കയറ് ദീപ്തി.. മനുഷ്യനെ ദേഷ്യം പിടിപ്പിക്കാതെ.. " വിഷ്ണു വീണ്ടും പറഞ്ഞതും ദീപ്തി മടിച്ചു മടിച്ചു ബൈക്കിന്റെ പിന്നിൽ കയറി സാരി ഒതുക്കി പിടിച്ചിരുന്നു.. ദീപ്തി ഇരുന്നെന്ന് കണ്ടതും വിഷ്ണു ബൈക്ക് മുന്നോട്ടെടുത്തു... "നീയെന്തിനാ ദീപ്തി എന്നെ കാണുമ്പോൾ ഒഴിഞ്ഞുമാറി നടക്കുന്നേ.. അത്രക്കും അന്യൻ ആയോ നിനക്ക് ഞാൻ.." അത്യധികം വേദനയോടെ വിഷ്ണു ചോദിച്ചു.. "അതുകൊണ്ടൊന്നും അല്ല വിഷ്ണുവേട്ട,, എന്തിനാ നാട്ടുകാരെ കൊണ്ട് വെറുതെ ഓരോന്ന് പറയിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചാണ് ഞാൻ.. " "ഈ പറയുന്ന നാട്ടുകാരാണോ നിനക്കിത്ര കാലം ചിലവിനു തന്നത്..." ബൈക്കിന്റെ സ്പീഡ് കുറച്ചുകൊണ്ട് പിന്നിലേക്കൊന്ന് തിരിഞ്ഞു നോക്കി വിഷ്ണു ചോദിച്ചു..

"അല്ല.. " "നമ്മൾ പഴയ കളിക്കൂട്ടുകാരല്ലേ.. ആ ബന്ധം ഒരിക്കലും മുറിയാൻ പോകുന്നില്ല.. നിന്നോടുള്ള എന്റെ പ്രണയം മറക്കുക എന്നത് പ്രയാസം തന്നെയാണ്.. എന്നാലും ഞാൻ ശ്രമിക്കുന്നുണ്ട് നിന്റെ സ്ഥാനത്ത് ശ്രുതിയെ പ്രതിഷ്ടിക്കാൻ.. കാലക്രമേണ അതിന് കഴിയുമായിരിക്കും അല്ലേ.." ദയനീയമായിരുന്നു വിഷ്ണുവിന്റെ സ്വരം.. "മ്മ്.. " ദീപ്തിയും വെറുതെയൊന്ന് മൂളി.. പിന്നീട് ഇരുവരും ഒന്നും തന്നെ മിണ്ടിയില്ല.. ഭൂതകാലത്തിന്റെ മധുരമുള്ള ഓർമ്മകൾ തിരയുകയായിരുന്നു ഇരുവരുടേയും മനസ്സ്..ആ കാലം വീണ്ടും തിരികെ വന്നെങ്കിലെന്നവർ ഒരുവേള ആഗ്രഹിച്ചു... "ഇറങ്ങിക്കോ.. " കടയുടെ മുന്നിൽ ബൈക്ക് ഒതുക്കി വിഷ്ണു പറഞ്ഞു.. ദീപ്തി ഇറങ്ങി അവനെ നോക്കി.. വിഷ്ണു ബൈക്കിന്റെ മുന്നിലെ ബാഗിൽ നിന്നും ഒരു കല്യാണകത്തെടുത്ത് ദീപ്തിയുടെ നേരെ നീട്ടി...

"അടുത്ത ഞായറാഴ്ചയാണ് കല്യാണം.. നേരത്തെ കാലത്ത് അങ്ങോട്ട് എത്തിയേക്കണം കേട്ടല്ലോ.." കല്യാണകത്ത് വാങ്ങി തുറന്നു നോക്കി.. അതിൽ നല്ല ഭംഗിയിൽ എഴുതിയിട്ടുണ്ടായിരുന്നു വിഷ്ണു weds ശ്രുതി എന്ന്.. അതിലൂടെ ഒന്ന് തഴുകി,, നേർമയിൽ അവനെ നോക്കി ചിരിച്ചു... "എന്നാലിനി പോട്ടെ.. ഒരുപാട് വീടുകളിൽ ഇനിയും ക്ഷണിക്കാൻ ഉണ്ട്.. " നിറഞ്ഞുവന്ന വന്ന കണ്ണുകൾ അവളിൽ നിന്നൊളിപ്പിച്ചു കൊണ്ട് വിഷ്ണു ബൈക്ക് എടുത്ത് വേഗത്തിൽ അവിടെ നിന്നും പോയി.. അവൻ തന്നിൽ നിന്നും അകലേക്ക്‌ പോകുന്നതും നോക്കി നിസ്സഹായതയോടെ ദീപ്തി അവിടെ നിന്നു.. തോളിലൊരു കരസ്പർശമേറ്റപ്പോൾ നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചു മാറ്റി തിരിഞ്ഞു നോക്കി...അവളെ നോക്കി കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ജയയെ നോക്കി നനുത്ത പുഞ്ചിരി നൽകി അവളുടെ കയ്യും പിടിച്ചു കടയുടെ അകത്തേക്ക് നടന്നു......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story