മഞ്ഞുരുകും കാലം : ഭാഗം 7

Manjurukumkalam

രചന: ഷംസീന

ഉള്ളതിൽ നല്ലൊരു സാരിയുടുത്തു കല്യാണത്തിന് പോവാൻ റെഡിയായി...അച്ഛനെ തനിച്ചാക്കി പോവാൻ ബുദ്ധിമുട്ടായത് കൊണ്ട് അമ്മയെ കൂട്ട് നിർത്തിയാണ് ദീപ്തിയും ദിവ്യയും കൂടി പോയത്..വൈകുന്നേരമുള്ള റിസപ്ഷന് അമ്മയും ദീപുവും കൂടി പൊയ്ക്കോളാമെന്ന് പറഞ്ഞു.. ദീപ്തിക്ക് കുടുംബക്കാരുടെ മുന്നിലേക്ക് പോവാൻ മടിയുണ്ടായിരുന്നു.. എല്ലാവരും തന്നെ ഏത് രീതിയിൽ കാണുമെന്നു അറിയില്ലല്ലോ അതിന്റെയൊരു സന്ദേഹം.. ഒടുവിൽ ദിവ്യയുടെ കയ്യും പിടിച്ചു ഓഡിറ്റോറിയത്തിലേക്ക് കയറി.. ബന്ധുക്കളുടെ ചൂഴ്ന്നുള്ള നോട്ടം കണ്ടില്ലെന്ന് നടിച്ചു.. നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ പോയിരുന്നു.. ബന്ധുക്കാരായ ചില സ്ത്രീകൾ അടുത്ത് വന്നിരുന്നു അച്ഛന്റേയും അമ്മയുടേയും വിശേഷമെല്ലാം ചോദിക്കുന്നുണ്ട്.. ചിലർ മുനവച്ചുള്ള സംസാരവും.. അതിനൊന്നും ചെവി കൊടുക്കാതെയിരുന്നു..

മുഹൂർത്തതിന് സമയമായപ്പോൾ വിഷ്ണു മുതിർന്നവരുടെ അനുഗ്രഹത്തോടെ മണ്ഡപത്തിലേക്കിരുന്നു.. ദൂരെ മാറി ഇരുന്ന് തന്നെ നോക്കി ചിരിക്കുന്ന ദീപ്തിയിൽ അവന്റെ മിഴികളുടക്കി.. തിരികെ അവനും നൽകി തെളിച്ചമില്ലാത്തൊരു പുഞ്ചിരി..ജീവിതത്തിൽ തോറ്റുപോയവന്റെ ചിരി.. താലപ്പൊലിയുടെ അകമ്പടിയോടെ വധുവും സ്റ്റേജിലേക്ക് കയറിവന്നു വിഷ്ണുവിന്റെ അടുത്തായി ഇരുന്നു.. മുഹൂർത്തമായപ്പോൾ പൂജാരി നൽകിയ മഞ്ഞ ചരടിൽ കോർത്ത താലി വിഷ്ണു ശ്രുതിയുടെ കഴുത്തിലേക്ക് ചാർത്തി.. ദീപ്തിയുടെ കണ്ണിൽ നിന്നും മിഴിനീർതുള്ളി അടർന്നവളുടെ കയ്യിലേക്ക് വീണു.. വീണ്ടും പെയ്യാനായി വെമ്പി നിൽക്കുന്ന കണ്ണുകളെ ആരും കാണാതെ വേഗത്തിൽ തന്നെ തുടച്ചുമാറ്റി മുഖത്തൊരു പുഞ്ചിരി എടുത്തണിഞ്ഞു.. ദിവ്യയെ ഭക്ഷണം കഴിക്കാൻ പറഞ്ഞയച്ചു ദീപ്തി അവിടെ തന്നെയിരുന്നു.. ദിവ്യ അവളെ ഭക്ഷണം കഴിക്കാനായി കുറേ നിർബന്ധിച്ചെങ്കിലും വേണ്ടാ എന്ന് തീർത്തു പറഞ്ഞു..സുധയും സുജയും പൊങ്ങച്ചം കാണിക്കാനായി അവളുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്..

ദീപ്തിയത് ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരുന്നു.. ദിവ്യ ഭക്ഷണം കഴിച്ചുവന്നതും ദിവ്യ അവളേയും കൂട്ടി സ്റ്റേജിൽ നിൽക്കുന്ന വധൂവരന്മാരുടെ അടുത്തേക്ക് ചെന്നു.. ദീപ്തിയെ കണ്ടപ്പോൾ ശ്രുതി വിഷ്ണുവിന്റെ അടുത്തേക്ക് ചേർന്ന് നിന്നു.. ആ സമയം വിഷ്ണുവിന്റെ മുഖത്തുള്ള അസ്വസ്ഥത ദിവ്യ ശ്രദ്ധിച്ചു.. കയ്യിൽ കരുതിയിരുന്ന ബ്രേസിലറ്റ് വിഷ്ണുവിന്റെ കയ്യിലേക്ക് ദീപ്തി കെട്ടികൊടുത്തു.. "എന്തിനാ പെണ്ണേ ഇതൊക്കെ.." "ഇരിക്കട്ടെന്നേ കല്യാണചെക്കന് ഞങ്ങളുടെ വക ഒരു കുഞ്ഞു സമ്മാനം.. " വിഷ്ണു ചോദിച്ചപ്പോൾ ദീപ്തി ചിരിച്ചു കൊണ്ട് പറഞ്ഞു.. ക്യാമറാമാൻ ഫോട്ടോ എടുക്കാമെന്ന് പറഞ്ഞപ്പോൾ അവരോടൊപ്പം നിന്ന് ഫോട്ടോയും എടുത്ത് ദീപ്തിയും ദിവ്യയും അവിടുന്നിറങ്ങി.. ദൂരേക്ക് അകന്നു പോകുന്ന ദീപ്തിയിൽ തന്നെയായിരുന്നു വിഷ്ണുവിന്റെ കണ്ണുകൾ.. "ചേച്ചി,, ഞാനൊരു കാര്യം പറഞ്ഞോട്ടെ..? " ഓഡിറ്റോറിയത്തിൽ നിന്നും പുറത്തേക്കിറങ്ങി റോഡിലേക്ക് കയറിയപ്പോൾ ദിവ്യ ചോദിച്ചു.. "മ്മ് പറ .. " "വിഷ്ണുവേട്ടന് ശ്രുതിചേച്ചിയുമായുള്ള വിവാഹത്തിന് ഇഷ്ടമല്ലെന്ന തോന്നുന്നേ.... "

"അതെങ്ങനെ നിനക്കറിയാം.. " നടത്തം നിർത്തി ദീപ്തി ചോദിച്ചു.. "അല്ല,, ചേട്ടന്റെ പെരുമാറ്റത്തിൽ നിന്ന് എനിക്കങ്ങനെ തോന്നി.. ശ്രുതി ചേച്ചി കയ്യിൽ കയറി പിടിച്ചപ്പോൾ എന്തോ ഇഷ്ടമില്ലാത്ത പോലെ.. " "അത് നമ്മുടെ മുന്നിൽ വെച്ച് പെട്ടന്നങ്ങനെ പിടിച്ചോണ്ടാവും.. നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെ നടന്നേ... " ദിവ്യ പറഞ്ഞ കാര്യം ദീപ്തിക്കും തോന്നിയിരുന്നു.. എന്നാലത് വെറും തോന്നൽ മാത്രമാവണേ എന്നവൾ പ്രാർത്ഥിച്ചു... ദിവ്യയെ വീട്ടിലാക്കി ദീപ്തി ജയയുടെ വീട് വരെ പോയി വരാമെന്ന് അമ്മയോട് പറഞ്ഞിട്ട് കവലയിലേക്ക് തന്നെ നടന്നു.. ബസൊന്നും വരാതെയായപ്പോൾ ഒരു ഓട്ടോ പിടിച്ചു ജയയുടെ വീട്ടിലേക്ക് പോയി.. ദീപ്തിയെ കണ്ടതേ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അമ്മു മോൾ അവളുടെ അടുത്തേക്ക് ഓടി വന്നു.. "ആഹാ.. പനിയെല്ലാം മാറിയോടാ.. " പൈസ കൊടുത്ത് ഓട്ടോക്കാരനെ പറഞ്ഞുവിട്ട് അമ്മുവിനെ എടുത്തുയർത്തി ചോദിച്ചു.. "നിച് പനിയൊന്നും ഇല്ല.. അമ്മ വെറുതെ പറയുന്നതാ.. " ദീപ്തിയുടെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ചു കൊണ്ട് അമ്മു കൊഞ്ചി..

"അച്ചോടാ.. അമ്മ കള്ളം പറഞ്ഞതാണോ.. " ദീപ്തി തിരിച്ചും അവളോട് അത് പോലെ കൊഞ്ചി ചോദിച്ചു അകത്തേക്ക് കയറി.. പുറത്ത് നിന്നും വർത്തമാനം കേട്ട ജയ നനഞ്ഞ കൈ ഇട്ടിരുന്ന നൈറ്റിയിൽ തുടച്ചു ഹാളിലേക്ക് വന്നു.. "ഇതാര്.. ദീപ്തിയോ..ഇന്ന് വല്ല കാക്കയും മലർന്ന് പറക്കും. " "അതെന്താ ചേച്ചി അങ്ങനെ പറഞ്ഞേ.. ഞാനെന്താ ഇവിടേക്ക് വരാറില്ലേ.. " ദീപ്തി അമ്മുവിനെ താഴെ നിർത്തി കയ്യിലുണ്ടായിരുന്ന കവർ കയ്യിലേക്ക് വെച്ചു കൊടുത്തു.. മിട്ടായിയും പലഹാരങ്ങളും കയ്യിൽ കിട്ടിയ അമ്മു അതുമായി ഹാളിന്റെ ഒരു മൂലയിലേക്കിരുന്നു.. "കഴിഞ്ഞ ഓണത്തിനല്ലേടി നീ ഇവിടെ അവസാനം വന്നത്.. അതിയാൻ ഇന്നലെ കൂടി പറഞ്ഞു ദീപ്തിയെ ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ എന്ന്.. നീ ഇരിക്ക്..ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.." ദീപ്തി അവിടെ ഇട്ടിരുന്ന സോഫയിലേക്കിരുന്നു.. ജയ ഒരു ഗ്ലാസ്‌ തണുത്ത നാരങ്ങ വെള്ളവുമായി വന്നു അവളുടെ അടുത്ത് വന്നിരുന്നു.. "മോൾക്കിപ്പോൾ എങ്ങനുണ്ട്.. " വെള്ളം കുടിക്കുന്നതിനിടയിൽ ചോദിച്ചു..

"ഇപ്പോൾ കുറവുണ്ട്,,ഇനിയും ഇതുപോലെ പനി ഉണ്ടാകുവാണേൽ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞിട്ടുണ്ട്.." ജയ മിട്ടായി കഴിച്ചു കൊണ്ടിരിക്കുന്ന അമ്മുവിനെ നോക്കി നെടുവീർപ്പിട്ടു.. "ചേട്ടൻ എവിടെ.. ഇവിടെ ഇല്ലേ.." "ഇല്ല.. പെങ്ങളുടെ വീട്ടിൽ പോയിരിക്കുകയാ അമ്മയും മോനും കൂടി ..ഇനി നേരം സന്ധ്യയാവും വരണമെങ്കിൽ.." "അമ്മ അങ്ങനെ ഇപ്പോഴും തന്നെയാണോ.." "അങ്ങനെ തന്നെ,, വല്യ മാറ്റമൊന്നും ഇല്ല.. എനിക്കാണേൽ ഇപ്പോഴിത് ശീലമായി.. നീ വെറുതെ വന്നതാണോ.." "മ്മ്.. വിഷ്ണുവേട്ടന്റെ കല്യാണമല്ലായിരുന്നോ ഇന്ന്.. ഞാനും ദിവ്യയും പോയിരുന്നു..വീട്ടിലിരുന്നാൽ അമ്മ ഓരോന്നും പതം പറഞ്ഞു മറ്റുള്ളവരേയും കൂടി വിഷമിപ്പിക്കും.. അതാ ഇങ്ങോട്ട് പോന്നത്.." "അതെന്തായാലും നന്നായി. എനിക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആളായല്ലോ.." "ഞാൻ കുറച്ച് കഴിഞ്ഞാൽ ഇറങ്ങും.. ചെന്നിട്ട് വേണം ദീപുവിനും അമ്മയ്ക്കും റിസപ്ഷന് പോവാൻ.. " ദീപ്തി ഓരോന്ന് പറയുമ്പോഴും ജയ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു..

കണ്ണുകളിൽ വിശാദം തളം കെട്ടി നിൽക്കുന്നുണ്ടെങ്കിലും മുഖത്തത് വരാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടവൾ.. ഇനിയും ഓരോന്ന് പറഞ്ഞു അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ജയ പിന്നീട് ഒന്നും തന്നെ ചോദിച്ചില്ല.. കുറച്ച് നേരം ജയയോടൊപ്പം ചിലവഴിച്ചു ദീപ്തി അവിടെ നിന്നും ഇറങ്ങി.. ദീപ്തി വീട്ടിലേക്ക് വന്ന ഓട്ടോയിൽ തന്നെ അമ്മയും ദീപുവും റിസപ്ഷന് പോയി... **** കയ്യിൽ ഒരു ഗ്ലാസ്‌ പാലും കൊടുത്ത് സുജ ശ്രുതിയെ മുറിയിലേക്ക് പറഞ്ഞയച്ചു.. ശ്രുതി മുറിയിലേക്ക് ചെല്ലുമ്പോൾ വിഷ്ണു കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്ന് കാര്യമായ ആലോചനയിൽ ആണ്.. "വിഷ്ണുവേട്ടൻ എന്താ ആലോചിക്കുന്നേ.. " വാതിലിന്റെ കൊളുത്തിടുന്നതിനിടയിൽ ചോദിച്ചു.. "ഏയ്‌ ഒന്നുമില്ലെടോ ഞാനിങ്ങനെ വെറുതെ.." വിഷ്ണു നേരെയിരുന്നു... "വിഷ്ണുവേട്ടന് ഇപ്പോഴും എന്നെ ഉൾകൊള്ളാൻ കഴിയുന്നില്ലല്ലേ.. " ശ്രുതി ചോദിച്ചപ്പോൾ പുച്ഛം കലർന്ന ചിരിയായിരുന്നു വിഷ്ണു തിരികെ നൽകിയത്.. "ഒരേയൊരു മകളുടെ ഇഷ്ടം നടത്തി കൊടുക്കാൻ വേണ്ടി നിന്റെ അച്ഛൻ എന്നെ വിലക്ക് വാങ്ങിയതാണെന്ന് അറിയാൻ വൈകിപ്പോയി...

അല്ലേലും ഇതിനെല്ലാം കൂട്ട് നിന്ന എന്റെ അമ്മയെ പറഞ്ഞാൽ മതിയല്ലോ.." വിഷ്ണുവിന്റെ വെളിപ്പെടുത്തലിൽ ശ്രുതി പകച്ചു.. ഒരിക്കലും അറിയരുതെന്ന് വിചാരിച്ച സത്യങ്ങൾ വിഷ്ണുവേട്ടൻ അറിഞ്ഞിരിക്കുന്നു.. ഇനി തന്നോട് ദേഷ്യമാവുമോ..? ഒരിക്കലും തന്നെ സ്നേഹിക്കില്ലേ..? ഒരുപാട് ചോദ്യങ്ങൾ അവൾക്കുള്ളിൽ ഉണ്ടായികൊണ്ടിരുന്നു.. "വിഷ്ണുവേട്ട,, അങ്ങനെയൊന്നും അല്ല.. " "കൂടുതൽ വിശദീകരണമൊന്നും വേണ്ട ശ്രുതി.. താൻ കിടന്നോ ക്ഷീണം കാണും,, എനിക്കും ഉറക്കം വരുന്നുണ്ട്.. " മറുത്തൊന്നും ശ്രുതിയെ പറയാൻ അനുവദിക്കാതെ വിഷ്ണു തലയിണ നേരെ വെച്ച് കട്ടിലിൽ കിടന്നു.. ദുഃഖം തളംകെട്ടിയ മുഖത്തോടെ ശ്രുതിയും അവനടുത്തായി വന്നു കിടന്നു.. മൗനമായി കിടക്കുന്ന വിഷ്ണുവിനെ നോക്കാനവൾക്ക് നേരിയ ഭയം തോന്നി..മെല്ലെ തലചെരിച്ചു നോക്കിയപ്പോൾ കണ്ണുകൾ അടച്ചു കിടക്കുന്നവനെയാണ് കണ്ടത്.. ചെന്നിയിൽ കൂടി ഒഴുകി ഇറങ്ങുന്ന ചുടു കണ്ണുനീർ അവൻ ഉറങ്ങിയിട്ടില്ല എന്നതിന് തെളിവായിരുന്നു.. അവൾക്കും അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.. വാശിപിടിച്ചു നേടിയെടുത്തത് കൈ വിട്ട് പോകുമോ എന്ന പേടി അവളിലും ഉണ്ടായിരുന്നു......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story