മഞ്ഞുരുകും കാലം : ഭാഗം 9

Manjurukumkalam

രചന: ഷംസീന

"ദീപ്തി.. " വൈകീട്ട് ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് പിറകിൽ നിന്നാരോ വിളിച്ചത്.. തിരിഞ്ഞു നോക്കിയപ്പോൾ പോസ്റ്റ്‌ മാൻ ആണ്.. അയാൾ ചിരിച്ചു കൊണ്ട് അവളുടെ അരികിലേക്ക് വന്നു... "എന്നതാ മോളെ സുഖം തന്നെ.. മാഷിന് എങ്ങനെയുണ്ട്.." അയാൾ കുശലാന്യോഷണം നടത്തി.. "സുഖം..അച്ഛന് കുറവുണ്ട്.." മിതമായ വാക്കുകളാൽ ദീപ്തിയും മറുപടി നൽകി.. അയാൾ തോളിൽ ഇട്ടിരുന്ന ബാഗിൽ നിന്നും ഒരു രജിസ്റ്റർഡ് ലെറ്റർ എടുത്ത് അവളുടെ നേരെ നീട്ടി.. അവളത് തിരിച്ചും മറിച്ചും നോക്കി.. "ബാങ്കിൽ നിന്നുള്ളതാ..ലോൺ എടുത്തിരുന്നല്ലേ.. അതിന്റെ അതിന്റെ ആണെന്ന് തോന്നുന്നു.." അയാൾ പറഞ്ഞതും അവളുടെ ഉള്ളൊന്ന് ആളി.. മൂന്നാല് മാസമായി ലോണിന്റെ തവണ തെറ്റി കിടക്കുവാണ്..അച്ഛന്റെ മരുന്നും വീട്ടു ചിലവും എല്ലാം കൂടി കിട്ടുന്ന ശമ്പളത്തിൽ നിന്നും കഷ്ടിച്ചാണ് നടത്തികൊണ്ടിരുന്നത്.. അതിനിടയിൽ ആണ് വിഷ്ണുവേട്ടന്റെ കല്യാണം വന്നത്.. ആകെയുള്ള ഒരു അമ്മാവൻ എന്തെങ്കിലും കൊടുക്കാതെ ഇരുന്നാൽ മോശമല്ലേ എന്ന് കരുതിയാണ് ഉള്ളതിൽ നിന്നും നുള്ളിപെറുക്കിയും വിരലിൽ കിടന്നിരുന്ന ചെറിയൊരു മോതിരവും കൊടുത്ത് ബ്രേസ്ലെറ്റ് വാങ്ങിച്ചത്..

ഇനിയിപ്പോൾ ബാങ്കിന്റെ തവണ അടക്കാൻ താനിപ്പോൾ ആരോടാ കടം ചോദിക്കുക..വാങ്ങിച്ചാൽ മാത്രം പോരല്ലോ വാങ്ങിച്ച പണം പറഞ്ഞ അവധിക്കുള്ളിൽ കൊടുക്കുകയും വേണ്ടേ.. "മോളെ.. ദാ ഇവിടൊന്ന് സൈൻ ചെയ്തേക്ക്.. " ചിന്തകൾ നൂലില്ലാ പട്ടം പോലെ സഞ്ചരിക്കുകയായിരുന്നു.. അയാളുടെ ശബ്‍ദമാണ് ചിന്തകളെ മുറിച്ചത്.. വിറക്കുന്ന കൈകളാൽ അവിടെ സൈൻ ചെയ്തു.. നിറഞ്ഞു വന്ന കണ്ണുകൾ അയാളിൽ നിന്നും മറച്ചു പിടിച്ചു മുഖത്തൊരു ചിരിയെടുത്തണിഞ്ഞു വീട്ടിലേക്ക് നടന്നു.. കാലുകൾ ഇടറുന്നുണ്ടായിരുന്നു..വേച്ചു വീഴാതിരിക്കാൻ സൈഡിലുള്ള അര മതിലിൽ പിടിച്ചു മുന്നോട്ട് നടന്നു.. ഒരുവിധത്തിൽ വീടെത്തി ഉമ്മറത്തേക്കിരുന്നു... തളർന്നിരിക്കുന്ന ദീപ്തിയെ കണ്ട് മുറ്റത്തെ കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്ന അമ്മ ഒരു കപ്പ് വെള്ളവുമായി അവളുടെ അടുത്തേക്ക് വന്നു.. അമ്മ വരുന്നുണ്ടെന്ന് കണ്ടതും കയ്യിലുണ്ടായിരുന്ന ലെറ്റർ പെട്ടന്ന് തന്നെ ബാഗിലേക്ക് കുത്തി തിരുകി.. അമ്മയുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി ആർത്തിയോടെ കുടിച്ചു..

"നിനക്കെന്താ വയ്യേ ദീപ്തി.. ആകെ കൂടെ ഒരു ക്ഷീണം പോലെ.." വാത്സല്യംത്തോടെയവർ അവളുടെ തലയിൽ തഴുകി.. "ഒന്നുല്ലെന്റെ അമ്മക്കുട്ടി.. കവലയിൽ നിന്ന് ഇവിടം വരെ നടന്നില്ലേ അതിന്റെയാ.. പിള്ളേര് ട്യൂഷൻ കഴിഞ്ഞു വന്നില്ലേ.." മുഖത്തെ പതർച്ച മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. തന്റെ മുഖമൊന്ന് വാടിയാൽ അമ്മക്ക് പെട്ടന്ന് മനസ്സിലാവും.. പിന്നെ അതിന്റെ കാരണമറിയാതെ സ്വസ്ഥത ഉണ്ടാവില്ല.. "ഇല്ല.. വൈകുമെന്ന് പറഞ്ഞിരുന്നു.. നീ കുളിച്ചിട്ട് വാ ഞാൻ കാപ്പിയെടുക്കാം.." അമ്മ അടുക്കളയിലേക്ക് പോയതും ദീപ്തി ബാഗിൽ നിന്നും ലെറ്റർ എടുത്ത് പൊട്ടിച്ചു വായിച്ചു.. മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ കുടിശികയും അടച്ചു തീർക്കാനാണ് പറഞ്ഞിരിക്കുന്നത്.. അല്ലെങ്കിൽ ജപ്തി നടപടി ഉണ്ടാവുമെന്ന്.. നാല് ലക്ഷമാണ് അച്ഛന്റെ ചികിത്സക്കായി ലോൺ എടുത്തത്.. ഇതുവരേയും ഒരു തവണ പോലും മുടക്കിയിട്ടില്ല.. അന്ന് പൈസക്ക് അത്യാവശ്യം ആയത് കൊണ്ട് പ്രൈവറ്റ് ബാങ്കിൽ നിന്നാണ് ലോൺ എടുത്തത്.. ഇനിയിപ്പോ മൂന്ന് ദിവസത്തിനുള്ളിൽ പൈസക്ക് താൻ എവിടെ പോകും..

ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.. "ദീപ്തി.. നീയിതുവരെ അകത്തേക്ക് കയറിയില്ലേ.. " "വരുവാ അമ്മേ.. " ലെറ്റർ അത് പോലെ തന്നെ ബാഗിൽ വെച്ച് അകത്തേക്ക് കയറി.. നാളെ തന്നെ ബാങ്കിൽ പോയി മേനേജരെ കണ്ടൊന്ന് സംസാരിക്കണം. അയാൾക്ക്‌ തന്റെ അവസ്ഥ അറിയാവുന്നതാണ്.. സഹായിക്കാതിരിക്കില്ല.. അന്നത്തെ രാത്രി അവളുടെ ചിന്തകൾക്ക് അവസാനം ഉണ്ടായിരുന്നില്ല.. ഒന്നും മിണ്ടാതെ ഇരിക്കുന്ന ദീപ്തിയെ കണ്ട് അമ്മയും പിള്ളേരും മാറി മാറി ചോദിച്ചിരുന്നു കാര്യം എന്താണെന്ന്.. എന്നാലവൾ അവരെ കൂടി വിഷമിപ്പിക്കേണ്ട എന്ന് കരുതി ഒന്നും വിട്ടു പറഞ്ഞില്ല.. പിറ്റേന്ന് കടയിലേക്ക് വരാനിത്തിരി വൈകുമെന്ന് വിളിച്ചു പറഞ്ഞു ബാങ്കിലേക്ക് പോയി... ദീപ്തിയെ കണ്ടതേ മേനേജർ അടുത്തേക്ക് വന്നു.. "മോള് അകത്തേക്ക് ചെന്നോളൂ.. പുതിയ എംഡിയാണ്.. അദ്ദേഹത്തിന്റെ ഓർഡർ അനുസരിച്ചാണ് മോൾക്ക് നോട്ടീസ് അയച്ചത്.." അയാളുടെ മുഖത്തെ നിസ്സഹായാവസ്ഥ അവൾക്കും ഊഹിച്ചെടുക്കാമായിരുന്നു.. ഡോറിലൊന്ന് തട്ടി അനുവാദം വാങ്ങി ദീപ്തി അകത്തേക്ക് പ്രവേശിച്ചു.. "ഇരിക്കൂ.. " ദീപ്തിയെ കണ്ടതും മുന്നിലിരിക്കുന്ന ലാപ്പിൽ തലയുയർത്തി കൊണ്ടയാൾ നേരെയിരുന്നു.. കയ്യിൽ കരുതിയിരുന്ന ലെറ്റർ ദീപ്തി അയാളുടെ നേരെ നീട്ടി..

"See മിസ് .. " "ദീപ്തി.. " "യെസ്.. ദീപ്തി.. ഇത് ബാങ്കിന്റെ പുതിയ ചട്ടമാണ്.. കുടിശിക അടക്കാൻ വൈകുന്നവരുടെ വസ്തുക്കൾ ജപ്തി ചെയ്യുക എന്നത്.. ഒരു മാസമൊക്കെ ആണെങ്കിൽ ഞാൻ തന്നെ ഇളവ് തന്നേനെ.. ഇതിപ്പോ നാല് മാസത്തോളമായി.. ഒന്നുകിൽ മുടങ്ങി കിടക്കുന്ന തവണ അടക്കുക അല്ലെങ്കിൽ മുഴുവൻ പൈസയും തന്ന് നിങ്ങളുടെ വസ്തു തിരിച്ചെടുക്കുക.." അയാൾ മുന്നോട്ടൊന്ന് ആഞ്ഞിരുന്നു.. തന്റെ മുന്നിൽ ഇരിക്കുന്ന സാധുവായ പെൺകുട്ടിയെ നോക്കി.. "സർ..എനിക്കിത്തിരി കൂടി സാവകാശം വേണം.. ഞാൻ എങ്ങനെയെങ്കിലും അടച്ചോളാം.. ഇതിപ്പോ മൂന്നു ദിവസത്തിനുള്ളിൽ എന്നൊക്കെ പറയുമ്പോൾ അത്രയും പണമൊന്നും എന്റെ അടുത്ത് എടുക്കാൻ കാണില്ല.." "എനിക്ക് മനസ്സിലാവും കുട്ടിയുടെ അവസ്ഥ.. പക്ഷേ എനിക്ക് മുകളിലും ഒരുപാട് ആളുകൾ ഉണ്ട്.. അവരുടെ നിർദ്ദേശങ്ങളും ഞാൻ കേൾക്കണ്ടേ..എന്തായാലും ഒരാഴ്ചത്തെ സമയം തരാം. അതിനുള്ളിൽ പകുതി കാശ് എങ്കിലും അടക്കാൻ നോക്കൂ.." അത്രയും പറഞ്ഞു കൊണ്ട് അയാൾ ലാപ്പിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു..തളർന്നിരിക്കുന്ന മനസ്സുമായി അവളവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു..

വെയിൽ ചൂടായി തുടങ്ങിയിരുന്നു.. കയ്യിൽ കെട്ടിയിരുന്ന വാച്ചിൽ സമയം നോക്കി.. പതിനൊന്നു മണി ആയിട്ടുണ്ട്.. ഇനിയിപ്പോ ഈ നേരത്ത് ജ്വല്ലറിയുടെ അവിടേക്കുള്ള ബസൊന്നും കിട്ടില്ല.. വെയിലും കൊണ്ട് നടക്കാനും വയ്യ.. മുന്നിലൂടെ കടന്നു പോയൊരു ഓട്ടോക്ക് കൈകാട്ടി.. അതിൽ കയറിയിരുന്നു സാരിയുടെ മുന്താണി കൊണ്ട് കഴുത്തിലെ വിയർപ്പ് ഒപ്പുമ്പോഴാണ് കഴുത്തിൽ കിടന്നിരുന്ന നേരിയ സ്വർണമാല തടഞ്ഞത്.. അത് അപ്പോൾ തന്നെ ഊരി കയ്യിലെടുത്തു പിടിച്ചു.. കടയിലെത്തിയതും ഓട്ടോക്കാരന് പൈസ കൊടുത്ത് ഇറങ്ങി അകത്തേക്ക് കയറി.. അധികം തിരക്കൊന്നും ഇല്ല.. ജയയെ നോക്കിയൊന്ന് ചിരിച്ചു ബാഗ് ഷെൽഫിലേക്ക് വെച്ച് മേനേജരുടെ അടുത്തേക് നടന്നു... കയ്യിലുണ്ടായിരുന്ന മാല മേനേജരുടെ നേരെ നീട്ടിയപ്പോൾ അയാൾ അവളെ കടുപ്പിച്ചുനോക്കി.. "പ്ലീസ് സർ എനിക്ക് വേറെ വഴിയില്ല..സർ ഇത് വാങ്ങിച്ചിട്ട് ഇതിനനുസരിച്ച തുകയെനിക്ക് തരണം..ഞാനായിട്ട് ഇതുമായി അക്കൗണ്ടിലേക്ക് ചെന്നാൽ ഒരുപാട് പേരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും..

ഇതാവുമ്പോ സാറിനോട് മാത്രം പറഞ്ഞാൽ മതിയല്ലോ.." തല താഴ്ത്തി ദയനീയതയോടെ പറഞ്ഞു.. "മ്മ് നടക്ക്.. " മേനേജർ അവളുമായി അക്കൗണ്ട്‌സിലേക്ക്‌ പോയി.. മാല അവിടെ ഏൽപ്പിച്ചു.. കൂടുതൽ പൈസയൊന്നും കിട്ടിയില്ലെങ്കിലും അത്യാവശ്യം പിടിച്ചു നിൽക്കാനുള്ളത് കിട്ടി.. ആ ഒരു ആശ്വാസത്തിൽ ദീപ്തി തന്റെ ജോലിയിലേക്ക് തിരിഞ്ഞു.. **** "നീയിതെങ്ങോട്ടാ,, ഇത്ര തിടുക്കപ്പെട്ട്.. " ദൃധിയിൽ ബൈക്കും എടുത്ത് പോകാൻ ഒരുങ്ങുന്ന വിഷ്ണുവിനെ നോക്കി സുധ ചോദിച്ചു.. "കടയിലേക്ക് അല്ലാതെ എവിടേക്കാ.. " ഈർഷ്യയോടെ പറഞ്ഞു.. "അപ്പോൾ നിങ്ങളിന്ന് ശ്രുതി മോൾടെ വീട്ടിൽ പോവുന്നില്ലേ.. നിങ്ങൾ ഇന്ന് വരുമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു.. " "എന്നോട് ചോദിച്ചിട്ടല്ലല്ലോ ഓരോന്നും ചെയ്യുന്നത്.. എന്തായാലും ഞാൻ കടയിലേക്ക് ചെല്ലട്ടെ .. തിരികെ വന്നിട്ട് സമയമുണ്ടേൽ പോവാം.. " തൂണിൽ ചാരി തന്നെ നോക്കി പ്രതീക്ഷയോടെ നിൽക്കുന്ന ശ്രുതിയെ നോക്കി പറഞ്ഞുകൊണ്ട് വിഷ്ണു ബൈക്കും എടുത്ത് അവിടെ നിന്നും പോയി..

കടയിൽ തിരക്കായത് കൊണ്ട് അവിടുന്നിറങ്ങാൻ വൈകിയിരുന്നു... എന്നും വരുന്നതിനേക്കാൾ ലേറ്റ് ആയാണ് വിഷ്ണു വീട്ടിൽ എത്തിയത്.. വിഷ്ണുവിന്റെ ബൈക്കിന്റെ സൗണ്ട് കേട്ടതും ശ്രുതി പെട്ടന്ന് തന്നെ വന്നു വാതിൽ തുറന്ന് കൊടുത്തു.. "താനിതുവരെ ഉറങ്ങിയില്ലേ.. " കയ്യിലുണ്ടായിരുന്ന കവർ അവളെ ഏൽപ്പിച്ചു.. "ഇല്ല.. " പതിയെ പറഞ്ഞുകൊണ്ട് കവറുമായി ശ്രുതി അടുക്കളയിലേക്ക് പോയി.. "അമ്മയെവിടെ..?" "ഉറങ്ങി.. വിഷ്ണുവേട്ടന് ചോറ് എടുക്കട്ടെ.. " വാതിലിനോരം വന്നു ചോദിച്ചു.. "വേണ്ടാ.. നീ കഴിച്ചില്ലെങ്കിൽ കഴിച്ചിട്ട് വന്നു കിടന്നോ.. " വിഷ്ണു തോർത്തും എടുത്ത് കുളിമുറിയിലേക്ക് കയറി.. അത്രയും നേരം വൈകിയത് കൊണ്ട് അവളുടെ വിശപ്പും കെട്ടടങ്ങിയിരുന്നു.. കലത്തിലെ ചോറിൽ വെള്ളമൊഴിച്ചു വെച്ച് ലൈറ്റും ഓഫ്‌ ചെയ്ത് ശ്രുതി മുറിയിൽ വന്നു കിടന്നു.. കുറച്ച് കഴിഞ്ഞപ്പോൾ വിഷ്ണു അരികിൽ വന്നു കിടക്കുന്നതവൾ അറിഞ്ഞു.. വീട്ടിൽ പോവാത്തതിന്റെ കുഞ്ഞു പരിഭവം അവളുടെ ഉള്ളിലും ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ ഒരു വശത്തേക്ക് തിരിഞ്ഞു കണ്ണുകൾ അടച്ചു കിടന്നു......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story