മറുതീരം തേടി: ഭാഗം 1

marutheeram thedi

രചന: രാജേഷ് രാജു

ജനലിലൂടെ ആകാത്തേക്ക് നോക്കിയ അവൾ കണ്ടു പൂർണ്ണചന്ദ്രൻ ഉദിച്ചുനിൽക്കുന്നത്... ചുറ്റുമായി അനേകം നക്ഷത്രങ്ങളും അതിൽ രണ്ടു നക്ഷത്രങ്ങൾ തന്നെനോക്കി മിന്നുന്നതായി അവൾക്കു തോന്നി... അത് തന്റെ അമ്മയും അച്ഛനുമാണെന്ന് അവൾക്കു തോന്നി... അവൾ തിരിഞ്ഞ് മുറിയിലെ ഫാനിലേക്ക് നോക്കി... പിന്നെ ഫാനിൽ കെട്ടിയ സാരിയുടെ മറുതലയിൽ കെട്ടിയ കുരുക്കും... അവൾ വീണ്ടും ജനലിൽക്കൂടി തനിക്കുനേരെനോക്കി മിന്നുന്ന നക്ഷത്രങ്ങളെ നോക്കി... "അച്ഛാ.. അമ്മേ... നിങ്ങളുടെയടുത്തേക്ക് ഞാൻ വരുകയാണ്... ഇനിയെനിക്ക് ഇങ്ങനെ സഹിച്ച് ജീവിക്കാൻ വയ്യ.. ജനിച്ച് നാലാം വയസ്സിൽ തുടങ്ങിയ ദുരിതങ്ങളാണ്...

അതിനു മാത്രം എന്താണ് ഞാൻ ചെയ്തത്... മറ്റുള്ളവരെ ആത്മാർത്ഥമായി സ്നേഹിച്ചതോ... വയ്യ... മടുത്തു എനിക്കീ ജീവിതം... ഞാൻ വരുകയാണ് നിങ്ങളുടെ അടുത്തേക്ക്... എന്നോട് ക്ഷമിക്കണം... " അവൾ തിരിഞ്ഞ് വീണ്ടും ഫാനിൽ കെട്ടിയ സാരിയിലേക്ക് നോക്കി... പിന്നെ പതിയെ ഫാനിന്റെ ചുവട്ടിലായി നീക്കിയിട്ടിരിക്കുന്ന മേശയുടെ അടുത്തേക്ക് നടന്നു... പിന്നെ ആ മേശയിൽ കയറിനിന്നു... ഒരു നിമിഷം അവൾ എന്തോ ഓർത്തപോലെ കണ്ണുകളടച്ച് പ്രാർത്ഥിച്ചു... പിന്നെ സാരിയിൽ കെട്ടിയ കുരുക്ക് തന്റെ കഴുത്തിലേക്കിട്ടു... അവളുടെ കണ്ണുകളിൽ നിന്ന് തുരുതുരാ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു... അതിന്റെ ഉപ്പുരസം മുറിഞ്ഞ ചുണ്ടിൽ തട്ടി നീറ്റലനുഭവപ്പെട്ടു... പെട്ടന്നായിരുന്നു അവളുടെ ഫോൺ റിംഗ് ചെയ്തത്... അവൾ ഞെട്ടി ▪️▪️▪️▪️▪️▪️▪️▪️

മലഞ്ചെരുവിന്റെ ഹൃദയഭാഗത്തുകൂടി കാറ്റിനെ വകഞ്ഞുമാറ്റിക്കൊണ്ട് ഓടിക്കൊണ്ടിരിക്കുകയായിരുന്നു ബസ്സ്... വിന്റോ വഴി തണുത്ത ഇളംകാറ്റ് വീശുന്നുണ്ടായിരുന്നു.. ആ കാറ്റിൽ അവളുടെ മുടിയിഴകൾ പാറിക്കളിച്ചുകൊണ്ടിരുന്നു... തണുപ്പുകാരണം അവൾ സാരിത്തലപ്പുകൊണ്ട് തലവഴി പുതച്ചു... പിന്നെ ഇരുട്ടു പരക്കുന്ന മലഞ്ചെരുവിലേക്കവൾ നോക്കിയിരുന്നു... അവളുടെ മനസ്സിൽ കഴിഞ്ഞ കാലങ്ങൾ കടന്നുപ്പോയിക്കൊണ്ടിരുന്നു.... ഇവൾ ഭദ്ര... ഭദ്ര പ്രകാശ്... ജീവിതം മടുത്ത് അത്മഹത്യയുടെ വക്കിൽനിന്നും ഒരു കച്ചിത്തുരുമ്പുപോലെ കിട്ടിയ പുതുജീവൻ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവൾ... തന്റെ കൂട്ടുകാരിയും എന്തിനേറെ തന്റെ മനസാക്ഷിസൂക്ഷിപ്പുകാരിയുമായ ആതിരയുടെയടുത്തേക്ക് പോകുന്നു... "ചുടലക്കുന്ന്... ചുടലക്കുന്ന് ഇറങ്ങാനുണ്ടോ... " കണ്ടക്ടറുടെ വിളികേട്ടാണ് അവൾ ചിന്തയിൽനിന്ന് ഉയർന്നത്... അവൾ തന്റെ ബാഗുമെടുത്ത് ആ സ്റ്റോപ്പിലിറങ്ങി... സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു... നല്ല ഇരുട്ട്...

അവൾ ചുറ്റുമൊന്ന് നോക്കി... ആതിരയുടെ ഭർത്താവിന്റെ അച്ഛൻ ബസ്റ്റോപ്പിൽ കാത്തുനിൽക്കുമെന്ന് പറഞ്ഞിരുന്നു... എന്നാൽ അവിടെ ആരേയും കാണുന്നില്ലായിരുന്നു... അവൾ ബസ്റ്റോപ്പിൽ കയറിയിരുന്നു... അവൾക്കെന്തോ ഭയം തോന്നി... ആതിരയെ വിളിക്കാനാണെങ്കിൽ ഫോണിൽ സിമ്മുമില്ല... അയാളെ പേടിച്ച് അവളത് നശിപ്പിച്ചിരുന്നു... കുറച്ചു സമയത്തിനു ശേഷം ഒരാൾ ബസ്റ്റോപ്പിലേക്ക് വന്നു... "എന്താ കുട്ടീ ഇവിടെയിരിക്കുന്നത്... ബസ്സിറങ്ങുന്നത് കണ്ടു...ആരെങ്കിലും വരാമെന്ന് പറഞ്ഞിരുന്നു..." "പറഞ്ഞിരുന്നു... ഇവിടെയടുത്തുള്ള മരിച്ചുപോയ രമേശന്റെ അച്ഛൻ... " ഭദ്ര പറഞ്ഞു... "ആര് ശ്രീധരേട്ടനോ... " "പേരെനിക്കറിയില്ല... ഈ രമേശിന്റെ ഭാര്യ ആതിര എന്റെ കൂട്ടുകാരിയാണ്... അവളെ കാണാൻ വന്നതാണ്... രമേശേട്ടന്റെ അച്ഛൻ ബസ്സിറങ്ങുമ്പോൾ ഇവിടെ കാണുമെന്ന് പറഞ്ഞിരുന്നു... " "എന്നാൽ ഒന്ന് വിളിച്ചുനോക്കാമായിരുന്നില്ലേ... " അതിന് ഫോൺ ചാർജില്ലാതെ ഓഫായിയിരിക്കുകയാണ്...

ഭദ്രയൊരു നുണ പറഞ്ഞു "പെട്ടന്നാണ് ശ്രീധരൻ അവിടേക്ക് തിടുക്കപ്പെട്ട് വന്നത്... "എന്താണ് ശ്രീധരേട്ടാ... ഈ കുട്ടി പേടിച്ചല്ലോ... " "അത് ബാലാ ഞാൻവരുന്നവഴി നമ്മുടെ ദാസനെ കണ്ടു... അവന്റെ അമ്മക്ക് പെട്ടന്നെന്തോ ഒരു വല്ലായ്ക... അന്നേരം അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുവാൻ സഹായിക്കേണ്ടിവന്നു... മോള് ബസ്സിറങ്ങിയിട്ട് ഒരുപാട് നേരമായോ... " "ഇല്ല ഒരു അരമണിക്കൂർ... " ഭദ്ര പറഞ്ഞു... "ക്ഷമിക്ക് മോളെ... " "സാരമില്ല അമ്മാവാ.. " "എന്നാൽ വന്നാട്ടെ... കുറച്ച് നടക്കാനുണ്ട്... ബാലാ ഞങ്ങൾ നടക്കട്ടെ... ഇവളെ ഇവിടെ ഇരുത്തിയെന്ന് ആതിരമോളറിഞ്ഞാൽ പൊടിപൂരമാകും..." "അങ്ങനെയാവട്ടെ ശ്രീധരേട്ടാ... " ഭദ്രയും ശ്രീധരനും നടന്നു... "ആരാണമ്മാവാ അത്... നല്ല മനുഷ്യപറ്റുള്ളയാൾ... " ഭദ്ര ചോദിച്ചു.. "അത് ബാലൻ... ഇവിടെ കവലയിൽ ചെറിയൊരു ചായക്കടയുണ്ട്... അതടച്ച് വരുമ്പോഴാണ് മോളെ കണ്ടത്... ഒരു പാവമാണവൻ... പിന്നെ മോൾക്ക് നടക്കുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ലല്ലോ...

ഇവിടെ ഇരുട്ട് വിണു തുടങ്ങിയാൽ നമ്മൾ പോകുന്ന വഴി ഓട്ടോയൊന്നും വരില്ല... വഴി മോശമാണ്... പകലുതന്നെ തോന്നിയ വാടകയാണ് വാങ്ങി ക്കുന്നത്... കുറച്ചു മുന്നോട്ടുപോയാൽ ഒരു കയറ്റമുണ്ട്... മഴ പെയ്താൽ അതിലെ നടക്കുന്നത് കുറച്ച് പ്രയാസമാണ്... " "അപ്പോൾ അത്യാവിശ്യത്തിന് ഒരു വണ്ടി വരണമെങ്കിൽ എന്തുചെയ്യും... " ഭദ്ര ചോദിച്ചു... അതിന് ഇതല്ല അവിടേക്കുള്ള യഥാർത്ഥ വഴി... മറ്റൊരു റോഡുണ്ട്... അതിലെ വരണമെങ്കിൽ ഒരുപാട് വളഞ്ഞു തിരിഞ്ഞ് വരണം... " അവർ നടന്ന് കയറ്റവും കയറി വീടിനടുത്തെത്തി... "ഇതാണ് മോളെ വീട്... " അതും പറഞ്ഞ് ശ്രീധരൻ മുന്നിൽ നടന്നു... പുറകെ ഭദ്രയും നടന്നു... "മോളേ ആതിരേ... " ശ്രീധരന്റെ വിളികേട്ട് ആതിര പുറത്തേക്ക് വന്നു... അവൾ ഭദ്രയെ കണ്ടതും ഓടി അവളുടടുത്തേക്ക് വന്നു... പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട് ഭദ്രയെ കെട്ടിപ്പിടിച്ചു... "എന്താടാ ഇത്... നിനക്ക് എന്നെ വേണ്ടല്ലേ... എന്നെ മറന്നല്ലേ നീ... എന്തു പ്രശ്നമുണ്ടായാലും നേരിടാൻ പഠിക്കണമെന്ന് പറഞ്ഞിരുന്ന നീയാണോ എന്നെ വിട്ടു പോകുവാൻ നോക്കിയത്... എന്താടാ ഇത്... അങ്ങനെ മരണം കൊണ്ട് നീ രക്ഷപ്പെടാൻ നോക്കുകയാണോ... "

ആതിര ഭദ്രയുടെ മുഖം ഇരുകൈകൊണ്ടും ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു... "എനിക്ക് അന്നേരം അങ്ങനെ തോന്നി... നിന്റെ കോൾ വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ നിൽക്കാൻ ഞാനുണ്ടാകുമായിരുന്നില്ല... " "എന്തിന്... നിന്നോട് പലതവണ പറഞ്ഞതല്ലേ ഇവിടേക്ക് വരാൻ... ആ ദുഷ്ടൻ ഇവിടെ വന്ന് നിന്നെ ഒന്നും ചെയ്യില്ല... കാരണം നല്ല നട്ടെല്ലുള്ള ആണുങ്ങളുണ്ടിവിടെ... " "ശരിയാണ് നീ എന്നെ പലതവണ വിളിച്ചതാണ്... നിനക്കറിയോ ഞാൻ ചെല്ലുന്നിടത്തെല്ലാം ഒരു ബാദ്ധ്യതയാണ്... നാലാം വയസ്സിൽ തുടങ്ങിയതാണ് എന്റെ ദുരിതം... രണ്ടാനമ്മയുടെ ക്രൂരത ഒരുപാട് അനുഭവിച്ചവളാണ് ഞാൻ... എന്റെ അച്ഛൻ ആത്മഹത്യ ചെയ്യാൻ വരെ കാരണക്കാരി ആ സ്ത്രീയാണ്... എന്റെ അനിയൻ കിച്ചു നാടു വിടാൻ കാരണക്കാരിയും അവരാണ്... അച്ഛൻ മരിച്ചപ്പോൾ എന്നെ എന്റെ അമ്മാവൻ കൂട്ടികൊണ്ടുപോയി... അമ്മാവനും അമ്മായിക്കും എന്നെ വലിയ കാര്യമായിരുന്നു...

എന്നാൽ വിധി എന്റെ മുന്നിൽ വന്നത് അമ്മാവന്റെ മകന്റെ രൂപത്തിലായിരുന്നു... അയാളുടെ ശല്യംകൊണ്ട് പൊറുതി മുട്ടിയിരിക്കുമ്പോഴാണ് പ്രകാശേട്ടനുമായി എന്റെ വിവാഹം അതിൽപ്പിന്നെ എന്റെ ദുരിതം കൂടുകയാണ് ചെയ്തത്... അങ്ങനെയുള്ള ഞാൻ ഇവിടെ വന്നാലും എന്റെ അവസ്ഥക്ക് മാറ്റമുണ്ടാവില്ല... അത് നിനക്കും ഇവിടെയുള്ളവർക്കും കൂടുതൽ ബുദ്ധിമുട്ടേ ഉണ്ടാകൂ... " "ആ ബുദ്ധിമുട്ട് ഞങ്ങൾ സഹിച്ചോളാം... നീ ഇവിടെയുള്ളവർക്ക് ഒരിക്കലും ഒരു ഭാരമാവില്ല... പിന്നെ ഇനിയൊരിക്കലും നിനക്ക് ഇവിടുന്ന് കണ്ണുനിറയേണ്ടിവരില്ല... " "മോളേ ആതിരേ അവളെ മുറ്റത്തു തന്നെ നിർത്താതെ അകത്തേക്ക് വിളിച്ചു വാ... ഒരുപാട് യാത്രചെയ്ത് വരുന്നതല്ലേ നല്ല ക്ഷീണം കാണും.. " ശ്രീധരന്റെ ഭാര്യ രമണി പറഞ്ഞു.. ആതിര കണ്ണുതുടച്ചുകൊണ്ട് ഭദ്രയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങിച്ച് അവളേയും കൂട്ടി അകത്തേക്ക് നടന്നു... "എവിടെ നിന്റെ മോൻ... ഞാൻ കണ്ടിട്ടില്ലല്ലോ" ചായ കുടിക്കുന്നതിനിടയിൽ ഭദ്ര ചോദിച്ചു...

"അവൻ അപ്പുറത്തെ വീട്ടിലാണ്... നിന്റെ നാട്ടുകാരാണ്... പക്ഷേ നിനക്ക് പരിചയമുണ്ടോ എന്നറിയില്ല... ഇവിടെ കറിയാച്ചൻമുതലാളിയുടെ കമ്പനിയിൽ പണിയെടുക്കുന്നവരാണ് അവിടെയുള്ള രണ്ടുപേര്...... നല്ലതങ്കപ്പെട്ട സ്വഭാവമാണ് അവരിൽ ചെറുപ്പക്കാരനായവന്... ഒര് ഇരുപത് വയസ്സ്കാണും... പിന്നെയുള്ളത് ഒരു മുശ്കോടനാണ്... എത് സമയവും ദേഷ്യമാണ് മുഖത്ത്... അയാളോട് വല്ലതും പറയാൻ തന്നെ നേടിയാണ്... എന്നാലും നല്ല ദയയുള്ള കൂട്ടത്തിലാണ്... അയാളുടെ ഭാര്യ മരിച്ചതിൽപ്പിന്നെയാണ് അയാൾ ഇങ്ങനെയായത്... ആകെ നാലു മാസമേ കൂടെ ജീവിച്ചുള്ളൂ... വൈകീട്ട് പണികഴിഞ്ഞുവന്നാൽ കുളിച്ച് ചായകുടിച്ചതിനുശേഷം ആ പയ്യൻ ഇവിടെ വരും... പിന്നെ മോനെയെടുത്ത് അവർ താമസിക്കുന്നിടത്തേക്ക്പോകും... രാത്രി അവൻ ഉറങ്ങിക്കഴിഞ്ഞാൽ തിരിച്ചുകൊണ്ടുവരും... അവരവിടെയുള്ളത് ഞങ്ങൾക്കും ഒരുതുണയാണ്... " "അതിനും വേണമൊരു ഭാഗ്യം... " ഭദ്ര എന്തോ ആലോലിച്ച് പറഞ്ഞു...

"ഇനിമുതൽ നിനക്കും അതുണ്ടാകുമല്ലോ... എനിക്ക് എന്റെ അനിയനെപ്പോലെയാണ് ആ പയ്യൻ... " "അനിയൻ... എനിക്കു മുണ്ട് ഒരനിയൻ... രണ്ടമ്മയാണെങ്കിലും അവന് എന്നെ വലിയ കാര്യമായിരുന്നു... ഇന്നവൻ എവിടെയാണെന്നറിയില്ല... അവനെന്റെ അടുത്തുണ്ടായിരുന്നെങ്കിൽ എനിക്കിന്ന് ഇങ്ങനെയൊരനുഭവം ഉണ്ടാകുമായിരുന്നില്ല... എന്നെങ്കിലുമൊരിക്കൽ അവൻ എന്നെ തേടി വരുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്... വരട്ടെ... വന്നാൽ ഇനിയൊരിക്കലും എന്നെ വിട്ട് പോകുവാൻ ഞാനനുവദിക്കില്ല... " പെട്ടന്നാണ് കോണിങ് ബെൽ അടിച്ചത്... "അത് ആ പയ്യനാകും... മോൻ ചിലപ്പോൾ ഉറങ്ങിക്കാണും.. നീ ആ വാതിലൊന്ന് തുറന്ന് മോനെ വാങ്ങിച്ച് ആ തൊട്ടിലിലൊന്ന് കിടത്തിയേക്ക്... " ആതിര പറഞ്ഞത് കേട്ട് ഭദ്ര ചെന്ന് വാതിൽ തുറന്നു... ഉമ്മറത്ത് കുഞ്ഞിനെ തോളിലിട്ട് നിൽക്കുന്ന പയ്യനെ കണ്ട് ഭദ്ര ഒരുനിമിഷം നിന്നു... അവൾ അവനെ വീണ്ടുമൊന്ന് സൂക്ഷിച്ചു നോക്കി... എവിടെയോ കണ്ട മുഖം... അവൾ വീണ്ടും അവനെ സൂക്ഷിച്ചു നോക്കി.... ആളെ മനസ്സിലായ അതേ നിമിഷം ഭദ്ര ഞെട്ടിത്തരിച്ചു നിന്നു.... തുടരും.... 

Share this story