മറുതീരം തേടി: ഭാഗം 11

marutheeram thedi

രചന: രാജേഷ് രാജു

അയ്യോ... എന്നിട്ട്... ഇന്നലെ ഞാൻ പറഞ്ഞതാണ് മഴ കൊള്ളേണ്ടെന്ന്... പറഞ്ഞാൽ കേൾക്കുമോ... ഒരു കാട്ടു പോത്തിന്റെ ജന്മമാണല്ലോ... ഞാൻ ആതിരയോട് മരുന്നുണ്ടോന്ന് ചോദിക്കട്ടെ... അവൾ അകത്തേക്ക് നടന്നു... കുറച്ചുകഴിഞ്ഞ് പനിയുടെ രണ്ട് ടാബ്ലെറ്റ് കിച്ചുവിന്റെ കയ്യിൽ കൊടുത്തു... "ഇത് കൊടുത്തു നോക്ക്... മാറിയില്ലെങ്കിൽ ഡോക്ടറെ കാണിക്കണം... " ഭദ്ര പറഞ്ഞു.... "ഉള്ളതു തന്നെ... ജീവൻ പോവുകയാണെന്ന് പറഞ്ഞാലും ഏ ഹേ... ഡോക്ടറുടെ അടുത്ത് പോകില്ല... കൊച്ചു കുട്ടിയല്ലല്ലോ എടുത്തുകൊണ്ടുപോകാൻ... ഞാൻ ഒരുപാട് പറഞ്ഞു നോക്കി... അവസാനം എന്നെ കടിച്ചുകീറാനാണ് വന്നത്... " "ഇനിയിപ്പോ എന്താണ് ചെയ്യുക... നീയേതായാലും ഇന്ന് പോകുന്നില്ലല്ലോ... നമുക്ക് ഒന്നുകൂടി നിർബന്ധിച്ചു നോക്കാം... " "നടന്നതു തന്നെ... പിന്നെ എനിക്ക് പോകാതിരിക്കാൻ പറ്റില്ല... അച്ചുവേട്ടനും ഞാനും കമ്പിനിയില്ലെങ്കിൽ ആകെ കുഴപ്പമാകും... ഇന്ന് ലോഡുമായി പോകാനുള്ളതാണ്... സാധാരണ എബിച്ചായനാണ് പോകാറുള്ളത്... നമ്മുടെ കറിയാച്ചൻ മുതലാളിയുടെ മകൻ... അവരാണെങ്കിൽ ബാംഗ്ലൂരിൽ പോയതാണ്... നാളെ എത്തുകയുള്ളൂ... എബിച്ചായൻ ഇല്ലാത്തപ്പോൾ അച്ചുവേട്ടൻ പോകും...

ഇന്നാണെങ്കിൽ രണ്ടുപേരുമില്ല... ഞാൻ പോവാതിരുന്നാൽ എല്ലാം തകിടം മറിയും... മാത്രമല്ല അച്ചുവേട്ടൻ പോവാതിരിക്കാൻ സമ്മതിക്കുകയുമില്ല... " "എന്നാൽ ഈ മരുന്ന് കൊണ്ടുപോയി കൊടുക്ക്... എന്നിട്ട് പെട്ടന്ന് വന്ന് ചായ കുടിച്ച് പോകാൻ നോക്ക്... ഞാൻ ചായയെടുത്തുവക്കാം... " കിച്ചു പെട്ടന്ന് മരുന്നുമായി പോയി കുറച്ചുകഴിഞ്ഞ് പോകാൻ റഡിയായി വന്നു... "അച്ചുവേട്ടൻ മരുന്ന് കഴിച്ചോ... " ഭദ്ര ചോദിച്ചു... "ഇല്ല കഴിച്ചോളാമെന്ന് പറഞ്ഞു... കുറച്ചുനേരം കിടക്കട്ടെ എന്നു പറഞ്ഞു.. " "അതാണിപ്പോ നന്നായേ... മരുന്ന് തലക്കൽ സൂക്ഷിച്ചുവക്കാനുള്ളതല്ല... അത് കഴിച്ചാലേ പനി മാറുകയുള്ളൂ... നീയേതായാലും ചായ കുടിക്ക്... അതുകഴിഞ്ഞ് ഞാൻ കുറച്ച് ചുക്കുകാപ്പിയുമായി പോയിനോക്കാം... " "കിച്ചു ചായ കുടിച്ച് കഴിഞ്ഞ് ജോലിക്ക് പോയി.... കുറച്ചു കഴിഞ്ഞ് ഭദ്ര ചുക്കുകാപ്പിയുമായി അച്ചുവിന്റെയടുത്തേക്ക് നടന്നു... അവൾ ചെല്ലുമ്പോൾ അച്ചു പുതച്ചുമൂടി കിടക്കുകയായിരുന്നു... അവൻ കിടക്കുന്ന കട്ടിലിനടുത്തുള്ള മേശപ്പുറത്ത് കിച്ചു കൊടുത്ത മരുന്നും വെള്ളവും ഇരിക്കുന്നതു കണ്ടു...

ഭദ്രക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു... അവൾ കടുപ്പിച്ചൊന്ന് മുരടനനക്കി... അതുകേട്ട് അച്ചു തല വഴി മൂടിയ പുതപ്പ് മാറ്റി അവളെ നോക്കി... "അതേ ആ മരുന്ന് തന്നത് കാണാനല്ല കഴിക്കാനാണ്... " അവൾ ചെന്ന് അവന്റെ നെറ്റിയിൽ കൈവച്ചു നോക്കി... "ഈശ്വരാ ചുട്ടുപൊള്ളുന്നുണ്ടല്ലോ... എന്നിട്ടാണോ വച്ചുകൊണ്ടിരിക്കുന്നത്... ഞാൻ ചെന്ന് ആതിരയോട് ഏതെങ്കിലും ഓട്ടോ വിളിക്കാൻ പറയാം... ഇദ്ദേഹം ഹോസ്പിറ്റലിലേക്ക് വരുമോ ആവോ... " "എനിക്ക് ഡോക്ടറെയൊന്നും കാണേണ്ട... കുറച്ചുനേരം കിടന്നാൽ പനി വിട്ടോളും... " അച്ചു അവളെ നോക്കാതെ പറഞ്ഞു... "ആദ്യം അനുസരണ എന്നത് വേണം... ഇന്നലെ പലതവണ പറഞ്ഞതാണ് പുതുമഴയാണ്... തലയിൽ ഒരു കവറെങ്കിലും ഇടാൻ... കേട്ടില്ല മാന്യൻ... അവസാനം തലയൊന്ന് തോർത്തുവാനും പറഞ്ഞു... അതും കേട്ടില്ല... താൻ എന്തോ വലിയ സംഭവമാണെന്ന് കരുതിയതാണ്... മഴക്കറിയോ കാട്ടുപോത്തുപോലെയുള്ള താണെന്ന്... " "ദേ സൂക്ഷിച്ച് സംസാരിക്കുന്നതാണ് നല്ലത്... എന്നെ ഭരിക്കാൻ നോക്കേണ്ട... എനിക്കറിയാം എങ്ങനെ നടക്കണം എന്തുചെയ്യണമെന്നൊക്കെ... "

"ആണോ... അത്, ഞാനറിഞ്ഞില്ല... അതാണല്ലോ ഇങ്ങനെ കിടക്കുന്നത് എന്നിട്ട് അതൊന്നും കാണുന്നില്ലല്ലോ... തന്നുവിട്ട മരുന്നുപോലും എടുത്തു കുടിക്കാൻ വയ്യ... എന്നിട്ടാണ് വീരവാദം മുഴക്കുന്നത്... ആദ്യം മറ്റുള്ളവരോട് മാന്യതയോടെ പെരുമാറാൻ പഠിക്കണം... അതെങ്ങനെയാണ്... ദൈവം തന്ന ജീവിതം എന്തിനോ വേണ്ടി ജീവിച്ച് തീർക്കുകയല്ലേ... ആർക്കു വേണ്ടിയാണ് ഇങ്ങനെ സ്വയം നീറി ജീവിക്കുന്നത്... മരിച്ചുപോയ നിങ്ങളുടെ ഭാര്യക്കുവേണ്ടിയോ... ഇന്നലെ പറഞ്ഞല്ലോ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ നീറി ജീവിക്കുന്ന ഒരമ്മ വീട്ടിലുണ്ടെന്ന്... പത്തുമാസം ചുമന്ന് പ്രസവിച്ച് നിങ്ങളെ ഇത്രക്ക് വളർത്തി വലുതാക്കിയ ആ അമ്മയുടെ മനസ്സ് നിങ്ങളെന്താണ് കാണാത്തത്... മരിച്ചുപോയവരെക്കുറിച്ച് ഓർക്കേണ്ടെന്ന് പറയുന്നില്ല... എന്നാൽ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയെങ്കിലും അല്പസ്വൽപം നല്ലവനായി മാന്യതയോടെ ജീവിച്ചൂടേ... നിങ്ങളെ ഉപദേശിക്കുകയാണെന്ന് തെറ്റിദ്ധരിക്കേണ്ട... അതിന് ഞാൻ ആരുമല്ലതാനും...

എന്നാലും ചെറുപ്പത്തിൽ ഒന്നിച്ച് കളിച്ചു വളർന്ന പരിചയത്തിന്റെ മുന്നിൽ നിന്നുകൊണ്ട് പറഞ്ഞു പോയതാണ്... എന്തിനാണ് മറ്റുള്ളവരോട് വെറുപ്പ് സമ്പാദിക്കുന്നതുപോലെ പെരുമാറി ആരുമറിയാതെ ഉള്ള് നീറി ജീവിക്കുന്നത്... മരിച്ചവരോ പോയി... ഇനി ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയെങ്കിലും ജീവിച്ചൂടേ... നിങ്ങൾ ആരെ ബോദ്ധ്യപ്പെടുത്താനാണ് ഇതുപോലെ മുരടനായി അഭിനയിക്കുന്നത്... " "കഴിഞ്ഞോ നിന്റെ പ്രസംഗം... കുറച്ചുനേരമായി നിന്ന് ചിലക്കുന്നു... എനിക്ക് ആരുടേയും ഉപദേശത്തിന്റെ ആവശ്യമില്ല... ഇത് പറയാനാണ് വന്നെങ്കിൽ ഇനി ഇവിടേക്ക് വരണമെന്നില്ല... എനിക്കല്പം സ്വസ്ഥതവേണം... ഒന്ന് പോയിത്തന്നാൽ വളരെ ഉപകാരമായിരുന്നു... " "അങ്ങനെ പോകാനല്ല വന്നത്... പനിച്ചു തുള്ളി തളർന്ന് കിടക്കുകയാണ്... എന്നാലും ശൌര്യത്തിന് കുറവൊന്നുമില്ല... ഞാൻ നിങ്ങൾക്ക് കൂട്ടിരിക്കാൻ വന്നിതല്ല... കിച്ചു വന്ന് നിങ്ങൾ പനിച്ച് തുള്ളുകയാണെന്ന് പറഞ്ഞപ്പോൾ കുറച്ച് മനുഷ്യത്വം തോന്നി... ഇത് നല്ല കുരുമുളകിട്ട് തിളപ്പിച്ച കാപ്പിയാണ്... ചൂടാറുന്നതിനുമുന്നേ ഇത് കുടിച്ചാൽ നന്നായിരുന്നു... " "എനിക്ക് കാപ്പിയിട്ടുതരാൻ നീയാരാണ്... എന്റെ ഭാര്യയോ... " "ഇനി അതിന്റെ കുറവുകൂടിയേയുള്ളൂ...

അല്ലെങ്കിൽത്തന്നെ ഒരുപാട് പ്രശ്നങ്ങൾ എന്റെ ജീവിതത്തിലുണ്ട്... ഇനി ഇതിന്റെ കുറവേയുള്ളൂ... നിന്ന് വാചകമടിക്കാതെ ഇത് കുടിക്കുന്നുണ്ടോ മനുഷ്യാ നിങ്ങൾ... എനിക്ക് പോയിട്ട് വേറെ പണിയുണ്ട്... " "നിന്നെ ആരെങ്കിലുമിവിടെ പിടിച്ചുവച്ചിട്ടുണ്ടോ... നിനക്ക് പോകരുതോ... " "അങ്ങനെ ഇത് കുടിക്കാതെ ഞാൻ പോകുന്നില്ല... മര്യാദക്ക് ഇത് കുടിച്ച് കിടന്നോ... കുറച്ചു കഴിയുമ്പോഴേക്കും പനി വിട്ടോളും... " "ഇത് വല്ലാത്തൊരു ശല്യമായല്ലോ... അതിങ്ങു തന്നേ... ഇത് കുടിച്ചാലെങ്കിലും ഇവിടെനിന്ന് ഒന്ന് പോയിത്തരുമല്ലോ... " അച്ചു മെല്ലെ എഴുന്നേറ്റ് കാപ്പിക്കായ് കൈനീട്ടി... " "കുടിക്കാൻ വരട്ടെ... നേരം വെളുത്ത് ഇത്രയായിട്ടും വായും മുഖവും കഴുകിയിട്ടില്ലല്ലോ... " ഭദ്ര അടക്കളഭാഗത്തുപോയി ഒരു കപ്പിൽ വെള്ളവും മറ്റൊരു കപ്പു കയ്യിലെടുത്ത് വന്നു... വായ കഴുകി ഇതിലേക്ക് തുപ്പിയാൽ മതി... എന്നിട്ട് ആ കാപ്പി മുഴുവനും കുടിക്ക്... " അച്ചു ഭദ്രയെ ഒന്നു നോക്കി... പിന്നെ വായ കഴുകി... " "ഞാൻ ഈ കപ്പ് കഴുകി വരുമ്പോഴേക്കും കാപ്പി മുഴുവൻ കുടിച്ചിരിക്കണം കേട്ടല്ലോ... " ഭദ്ര കപ്പുകളുമായി പുറത്തേക്ക് പോയി... അവൾ പോകുന്നത് വേദനയോടെ അച്ചു നോക്കി നിന്നു... "തന്റെ മായയുണ്ടായിരുന്നെങ്കിൽ ഇതെല്ലാം അവൾ ചെയ്യേണ്ടതായിരുന്നു...

ഒരു കുട്ടിയോട് ആജ്ഞാപിച്ച് ചെയ്യിക്കുന്നതുപോലെയാണ് ഇവളെന്റെ ഓരോ കാര്യങ്ങളും കണ്ടറിഞ്ഞ് ചെയ്യിച്ചിരുന്നത്... ഇപ്പോൾ മായയുടെ അതേ സ്ഥാനത്ത് നിന്ന് ചെയ്യുന്നതുപോലെയാണ് ഭദ്ര എല്ലാം ചെയ്യുന്നത്... ഇത് എന്റെ മായയായാണോ.... അതോ അവൾ ഭദ്രയിലൂടെ ജീവിക്കുകയാണോ... ഒരു കണക്കിന് താൻ മായയെ കണ്ട് ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ എന്റെ ജീവിതത്തിലേക്ക് വരേണ്ടവളായിരുന്നു ഭദ്ര... എന്റെ അമ്മ ഏറെ ആശിച്ചതായിരുന്നു ഭദ്രയെ തന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ... " അച്ചു ഭദ്ര കൊണ്ടുവന്ന കാപ്പിയെടുത്ത് കുടിച്ചുനോക്കി... നല്ല സ്വാദ്... അവൻ ആ സ്വാദ് ആസ്വദിച്ച് കുടിച്ചു... എന്നാൽ അവൾ വരുന്നത് കണ്ട് കാഞ്ഞിരക്കായ തിന്നതുപോലെയുള്ള അഭിനയത്തോടെ കുടിക്കാൻ തുടങ്ങി... "എന്തേ മധുരം കുറവുണ്ടോ... " "ഇല്ല... നല്ല കഷായം കുടിക്കുന്നതുപോലെയുണ്ട്... " "അതേയോ.... എന്നിട്ട് ആ പാത്രത്തിലെ കാപ്പി പകുതി മുക്കാലും തീർന്നല്ലോ... " എന്നാൽ അതിനൊന്നും മിണ്ടാതെ കാപ്പി മുഴുവൻ കുടിച്ചു തീർത്തു...

അന്നേരമവൾ ഒരു തുണിക്കഷ്ണം നനച്ച് അച്ചുവിന്റെ നെറ്റിയിലിട്ടുകൊടുത്തു... ഇനി നല്ല കുട്ടിയായി കുറച്ചുനേരം കിടന്നോ... അപ്പോഴേക്കും നല്ല ചൂടുകഞ്ഞിയും ചുട്ട പപ്പടവും ഞാനുണ്ടാക്കി കൊണ്ടുവരാം... പിന്നെ ഇപ്പോൾ കുടിച്ച കാപ്പിയുടെ പുറത്ത് വല്ല പുകയും വലിച്ചൂതാൻ നിൽക്കേണ്ട പറഞ്ഞേക്കാം... ആദ്യം ഈ ശരീരമൊന്ന് നല്ലതുപോലെ പ്രവർത്തിക്കാൻ തുടങ്ങട്ടെ... എന്നിട്ട് നമുക്ക് സിഗററ്റോ കള്ളോ എന്തു വേണമെങ്കിലും ഉപയോഗിക്കാം... എന്നാൽ ഞാൻ പോട്ടെ... ഇനി കുറച്ചുനേരം എന്റെ ശല്യമുണ്ടാകില്ല... " ഭദ്ര കാപ്പിയായിവന്ന പാത്രവുമായി നടന്നു... എന്തോ അവൾ പോകുന്നതവൻ നോക്കി നിന്നു... ...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story