മറുതീരം തേടി: ഭാഗം 14

marutheeram thedi

രചന: രാജേഷ് രാജു

 "ആ പാവം മനുഷ്യൻ കാറിൽനിന്നിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു... ആ അമ്മയുടെ അടുത്തുവന്ന് ഒരുപാട് ക്ഷമ പറഞ്ഞു... തെറ്റ് ആ മനുഷ്യന്റെയടുത്തല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി... അയാൾ എന്നോടും ക്ഷമ പറഞ്ഞു... എന്നാൽ ആ മനുഷ്യനുമായി സംസാരിച്ചു നിൽക്കുന്നത് പ്രകാശേട്ടൻ കണ്ടുകൊണ്ട് വന്നു... അതോടെ പ്രശ്നമായി... അദ്ദേഹത്തേയും എന്നെയും പറ്റി പ്രകാശേട്ടൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു... എന്നാൽ നിയന്ത്രണം വിട്ട ഞാൻ പ്രകാശേട്ടനെ തല്ലി... എന്നെ പറഞ്ഞതിനല്ലായിരുന്നു എനിക്ക് സങ്കടം വന്നത്... ആരാണ് എവിടെയുള്ളതാണ് എന്നറിയാത്ത ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യനെ അത്രയും ആളുകളുടെ മുന്നിൽ വച്ച് എന്നെ ചേർത്ത് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല... ആളുകളുടെ മുന്നിൽവച്ച് പ്രകാശേട്ടനെ ഞാനടിച്ചത് അയാൾക്ക് കുറച്ചിലായി തോന്നി... വീട്ടിലെത്തിയ എന്നെ അയാൾ ഉപദ്രവിക്കാൻ വേറൊന്നുമില്ലായിരുന്നു... എനിക്ക് ശരിക്ക് ഓർമ്മ പോലുമില്ലാത്ത എന്റെ അമ്മയേയും എന്തൊക്കെയോ അനാവിശ്യം പറഞ്ഞു... പിന്നെ എനിക്ക് ജീവിക്കാൻ തോന്നിയില്ല... അത്രയേറെ അയാൾ എന്നെ... കൊന്നില്ല എന്നേയുള്ളൂ... "

"അയാളുടെ വീട്ടുകാർ ഇതിനെല്ലാം കൂട്ടായിരുന്നോ... " കിച്ചു ചോദിച്ചു... "അല്ല... അയാളുടെ അമ്മയും ചേച്ചിയുമാണ് ഇവിടെയുള്ളത്... ഭർത്താവ് ഗൾഫിലായതുകൊണ്ട് ചേച്ചി അവരുടെയടുത്താണ് താമസിക്കുന്നത്... മകൻ അല്ലെങ്കിൽ അനിയൻ ചെയ്തുകൂട്ടുന്നത് കണ്ടുനിൽക്കാനേ അവർക്ക് കഴിയൂ... എന്നെ വലിയ കാര്യമാണ് അവർക്ക്... എന്നാൽ പ്രകാശേട്ടനെ തള്ളിപ്പറയാനും വയ്യ... ഒരു തെറ്റേ ആ പാവം അമ്മ ചെയ്തിട്ടുള്ളൂ... ഏതോ ഡോക്ടർ പറഞ്ഞത് കേട്ട് മകന്റെ വിവാഹം തടത്തി... അത് വിവാഹം കഴിഞ്ഞ് ഒരു ഭാര്യയുടെ സ്നേഹവും പരിചരണവും കിട്ടുമ്പോൾ അസുഖം മാറും എന്ന ഡോക്ടറുടെ വാക്കിൽ അവർ വീണു... മദ്യവും മയക്കുമരുന്നുമായി നടക്കുന്ന അയാൾക്ക് എന്ത് ഭാര്യ എന്ത് സ്നേഹവും പരിചരണവും... ഏതെങ്കിലും സമയത്ത് ബോധമുണ്ടെങ്കിലല്ലേ സ്നേഹവും പരിചരണവും എന്താണെന്ന് മനസ്സിലാക്കാൻ പറ്റൂ... അയ്യോ സംസാരിച്ച് സമയം പോയി... ചായ കുടിച്ച് പാത്രം നിങ്ങൾ ഭക്ഷണം കഴിക്കാൻ വരുമ്പോൾ കൊണ്ടുവന്നാൽ മതി...

പിന്നെ ഇയാളെ കൂട്ടി പുറത്തേക്കൊന്നും പോകേണ്ട... പോയ പനി തിരിച്ചു വിളിക്കേണ്ട... ഏതായാലും നാളെ ജോലിക്ക് പോകേണ്ട... മറ്റന്നാൽ ലീവും ആണ്... രണ്ട് ദിവസം റസ്റ്റെടുത്തേക്ക്... തിങ്കളാഴ്ച പോകാമിനി... " "നാളെ ശനിയാഴ്ചയാണ് എന്തായാലും പോകണം കൂലി കിട്ടുന്ന ദിവസമാണ്.. " അച്ചു പറഞ്ഞു... "കൂലി കിച്ചുവിന്റെ കയ്യിൽ കൊടുത്തു വിടാൻ പറഞ്ഞാൽ മതി... അതല്ലെങ്കിൽ തിങ്കളാഴ്ച വാങ്ങിക്കാം... ഇനി അതുമല്ലെങ്കിൽ നാളെ വൈകീട്ട് കമ്പിനിവരെ പോയാലും മതി...അതല്ലാ എന്റെ വാക്കിന് വില തരണമെന്ന് പറയുന്നില്ല... എന്നാലും ഒരുത്തി നാവിട്ടലച്ചല്ലോ എന്നുകരുതിയെങ്കിലും അനുസരിക്കാൻ നോക്ക്... ഇപ്പോഴത്തെ പനിയാണ്... അത് ഏതുവിധേനെ ശരീരത്തെ ബാധിക്കുമെന്ന് പറയാൻ വയ്യ... അല്ലെങ്കിൽ തന്നെ പല അസുഖങ്ങളും നാട്ടിൽ വന്നുപെടുകയാണ്... സ്വന്തം ശരീരം നോക്കിയാൽ അവനവന് കൊള്ളാം... ഇനി നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യ്... ഞാൻ പോകുന്നു... " ഭദ്ര തിരഞ്ഞു നടന്നു... അച്ചു കിച്ചുവിനെ നോക്കി...

" എന്തേ എന്നെ നോക്കുന്നത്... ചേച്ചിപറഞ്ഞതിലും കാര്യമില്ലേ... അവനവന്റെ ശരീരം അവനവൻ തന്നെ നോക്കണം..." ചായ കുടിക്കുന്നതിനിടയിൽ കിച്ചു പറഞ്ഞു... "അപ്പോൾ അനുസരിക്കാതെ വയ്യ അല്ലേ... നാളെ കൂടി ലീവെടുക്കാം... വൈകുന്നേരം കൂലി കൊടുക്കാൻ നേരം ഞാൻ വരാം... എന്താ... " "എന്നോടാണോ ചോദിക്കുന്നത്... ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങേണ്ട... സ്വന്തം ഇഷ്ടത്തിനനുസരിച്ച് ചെയ്യ്... ഞാൻ കുളിച്ചുവരാം... കടയിൽ പോകേണ്ടേ... വേണ്ട സാധനങ്ങൾ വാങ്ങിച്ച് കൊടുക്കട്ടെ അവിടേക്ക്... " കിച്ചു ചായ ഗ്ലാസ് മേശപ്പുറത്ത് വച്ച് പറഞ്ഞു... "എടാ നീ വരുമ്പോൾ കുറച്ച് ഉണക്കമീൻ വാങ്ങിക്കോ... എന്താണെന്നറിയില്ല ഉണക്കമീൻ വറുത്ത് കൂട്ടാനൊരു പൂതി... പിന്നെ രണ്ടുപേക്ക് സിഗരറ്റും... " "ഇപ്പോൾ പലതിനും പൂതിയുണ്ടാകും... അത് മനുഷ്യ സഹജമാണല്ലോ... സാരമില്ല വാങ്ങിക്കാം... പക്ഷേ രണ്ടാമത് പറഞ്ഞകാര്യം... അത് വാങ്ങിക്കില്ല... ഞാൻ അത് വാങ്ങിച്ചെന്ന് ചേച്ചിയറിഞ്ഞാൽ എന്നെ ശരിയാക്കും... " "അതിന് ചേച്ചിക്കല്ല സിഗററ്റ് എനിക്കാണ്... അവളൊന്നും അറിയില്ല... നീ വാങ്ങിക്ക്... " "എന്നാലും അതില്ലാതെ പറ്റില്ല അല്ലേ... നേരത്തെ ചേച്ചി പറഞ്ഞത് കേട്ടതല്ലേ... ഈ ലഹരിയാണ് മനുഷ്യനെ മനുഷ്യനല്ലാതെയാക്കുന്നത്...

അതാരോട് പറയാൻ... വെട്ടുപോത്തിനോട് വേദാന്തമോതിയിട്ട് കാര്യമില്ലല്ലോ... ഞാൻ വാങ്ങിക്കാം... " കിച്ചു കുളിക്കാനായി നടന്നു... കുളികഴിഞ്ഞ് വേഷം മാറ്റി കടയിലേക്ക് പോകാനായി ഇറങ്ങുമ്പോഴാണ് അച്ചു അവനെ വിളിച്ചത്... നിന്റെ കയ്യിലെ പണം തികയില്ലല്ലോ... ഇത് കയ്യിൽ വച്ചോ... എന്നിട്ട് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിച്ച്... കൂടെ കുറച്ച് പലഹാരവും വാങ്ങിച്ചോ... അത് നിനക്കിരുന്ന് തിന്നാനല്ല... അതിന് വേറെ വാങ്ങിച്ചോ... എല്ലാം നിന്റെ ചേച്ചിയുടേയോ ആതിരയുടേയോ കയ്യിൽ കൊടുക്കാനാണ്... പിന്നെ പനിക്കും ജലദോഷത്തിനുമുള്ള മരുന്നും വാങ്ങിച്ചോ... ഉണക്കമീനിന്റെ കാര്യം മറിക്കേണ്ട... പിന്നെ സിഗററ്റ് അത് വാങ്ങേണ്ട... അത് നിറുത്താൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.... അതുപോലെ കുടിയും... " "എന്റെ ദൈവമേ... എന്താണ് ഞാനീകേൾക്കുന്നത്... വെറുതെയല്ല കാലല്ലാ കാലത്ത് ഇന്നലെ ഇടി വെട്ടി മഴ പെയ്തത്... ഇന്ന് കാക്ക മലർന്ന് പറക്കും... അന്നേരം എന്റെ ചേച്ചി വലതുകാൽ വച്ച് ഈ നാട്ടിൽ വന്നതിന്റെ ഐശ്വര്യം കാണുന്നുണ്ട്..

. "ഐശ്വര്യത്തിന്റെകാര്യം പിന്നെ പറയാം... ഇപ്പോൾ പോയി പെട്ടന്ന് വരാൻ നോക്ക്.. " കിച്ചു കടയിലേക്ക് നടന്നു... അച്ചു തലക്കണ ചുമരിൽ ചാരി വെച്ച് അതിൽ കിടന്നു... എന്നാൽ അവന് ഒരു സിഗററ്റ് കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു... പക്ഷേ എന്തോ വലിക്കാനും തോന്നുന്നില്ല... തനിക്ക് എന്താണ് സംഭവിക്കുന്നത്... എന്തിനുവേണ്ടിയാണ് തന്റെ സ്വഭാവങ്ങൾ മാറ്റുന്നത്... തന്റെ മനസ്സിൽ ഇതുവരെയില്ലാത്തതെന്തോ സംഭവിക്കുന്നതു പോലെ... കിച്ചുവും ഭദ്രയും തന്റെ ആരെല്ലാമോ ആണെന്ന തോന്നൽ... അവൻ എഴുന്നേറ്റ് ഷെൽഫിൽ കമ്പിനി കണക്കുപുസ്തകത്തിൽവെച്ച തന്റെ ഭാര്യ മായയുടെ ഫോട്ടോ കയ്യിലെടുത്തു... "എന്താണ് ഇത്... എന്തൊക്കെയാണ് എനിക്ക് സംഭവിക്കുന്നത്... നീ.. നീയല്ലാതെ ഇതുവരെ എന്റെ മനസ്സിനെ കീഴ്പ്പെടുത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല... എന്നാലിപ്പോൾ... ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞിട്ടും കിച്ചു എന്തു പറഞ്ഞാലും അതൊന്നും മുഖവിലക്കെടുക്കാത്ത ഞാൻ ഇന്ന് അവന്റെ ഓരോ വാക്കിലും കീഴ്പ്പെട്ടുപോകുന്നു...

അതുപോലെ ഭദ്ര... എന്റെ അമ്മ പോലും പറഞ്ഞാൽ കേൾക്കാത്ത കാര്യങ്ങൾ അവൾ പറയുമ്പോൾ അനുസരിച്ചു പോകുന്നു... എന്താ നീ അവളിലൂടെ ജീവിക്കുകയാണോ... അവൾ നീയാണോ... കുട്ടിക്കാലത്ത് കുറച്ചുനാൾ കൂടെ കളിച്ചു എന്ന പരിചയമേ എനിക്ക് അവളുമായിട്ടുള്ളൂ... എന്നാൽ ഇപ്പോൾ നിന്നെ അവളിൽ ഞാൻ കാണുന്നു... എന്താണ് ഇങ്ങനെയൊക്കെ... പരലോകത്ത് നിന്നും നീ അവളിലുടെ എന്നെ വീണ്ടും സ്നേഹിക്കുകയാണോ... നിനക്കറിയാലോ... നീ എന്റെ മനസ്സിൽ എത്ര വേദന തന്നിട്ടാണ് പോയതെന്ന്... എന്നാൽ എന്നെ അതിലും തളർത്തിയത്.. നിനക്ക് പറ്റിയ അപകടമല്ല നിന്റെ മരണം എങ്ങനെയെന്നറിഞ്ഞിട്ടാണ്... നിന്നെ ഇല്ലാതാക്കി യത് ആരായാലും അവനെ കാലപുരിയിലേക്കയക്കാനാണ് ഞാൻ ഇന്നും കാത്തു നിൽക്കുന്നത്... പക്ഷേ... അവൾ... ഭദ്രയുടേയും കിച്ചുവിന്റേയും സ്നേഹത്തിന്റെയും കരുതലിന്റേയും മുന്നിൽ ഞാൻ ഒന്നുമില്ലാത്തവനായി തീരുകയാണോ... എന്റെ പക ഇല്ലാതാവുകയാണോ മായേ... "

അച്ചു ആ ഫോട്ടോയിൽ നോക്കി പിന്നേയും എന്തൊക്കെയോ പറഞ്ഞു... ഈ സമയം ഭദ്രയും ആതിരയും രാത്രികൽത്തേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു... "ഭദ്രേ നിന്നോട് ഒരു കാര്യം പറയാൻ മറന്നു... ഇന്ന് രാവിലെ ബാങ്കിലേക്ക് പോകുന്ന വഴി കറിയാച്ചൻ മുതലാളിയെ കണ്ടിരുന്നു... നിന്റെ കാര്യം അദ്ദേഹത്തോട് പറഞ്ഞു... നാളെ ഉച്ചക്ക് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.... നിന്റെ സർട്ടിഫിക്കറ്റ് കയ്യിൽവക്കാനും പറഞ്ഞിട്ടുണ്ട്... " "ആണോ... ഈശ്വരാ... പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ വീടോ അവിടേക്കുള്ള വഴിയോ അറിയില്ല... പിന്നെയെങ്ങനെ പോകും... " "അതോർത്ത് നീ വിഷമിക്കേണ്ട... നാളെ ഞാൻ ഉച്ചക്ക് വരാം... എന്നിട്ട് നമുക്കൊന്നിച്ച് പോകാം... " ആതിര പറഞ്ഞു "എന്നാൽ നീ വരുമ്പോഴേക്കും ഞാൻറഡിയായി നിൽക്കാം... " ഭദ്ര പറഞ്ഞു... അവൾക്ക് വലിയ അവേശമായിരുന്നു. . ഈ കറിയാച്ചൻമുതലാളി തന്റെ സ്ഥിതിയെല്ലാമറിഞ്ഞാൽ എന്തെങ്കിലും ജോലി സംഘടിപ്പിച്ച് തരാതിരിക്കില്ല... അടുത്ത ദിവസമാകാൻ അവൾ കാത്തിരുന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story