മറുതീരം തേടി: ഭാഗം 18

marutheeram thedi

രചന: രാജേഷ് രാജു

അങ്ങനെ ഇതുപോലെയുള്ള ഒരു ദിവസം പണിക്കുപോയ അച്ഛൻ എന്തോ കാരണത്താൽ പണിയില്ലാതെ തിരിച്ചുവന്നു... അന്നേരം വീട് പുറത്തുനിന്നും ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു... ചെറിയമ്മ എന്തെങ്കിലും അവിശ്യത്തിന് പുറത്ത് പോയതാകുമെന്ന് കരുതിയ അച്ഛൻ ഉമ്മറത്ത് കയറിയിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ വീടിനുള്ളിൽ നിന്ന് ആരുടേയോ സംസാരം കേട്ടു അച്ഛൻ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ പൂട്ടി കിടക്കുന്ന വീടിനുള്ളിൽ നിന്നും ആരുടേയോ സംസാരം കേട്ട ശിവദാസൻ വാതിലിനടുത്ത് ചെന്ന് ശ്രദ്ധിച്ചു.. അത് സരോജിനിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ ശിവദാസൻ പെട്ടന്ന് മുറ്റത്തേക്കിറങ്ങി വീടിന്റെ പുറകിലേക്ക് നടന്നു... അന്നേരം സംസാരം അയാൾ കൂടുതൽ വ്യക്തമായി കേട്ടു.... "സരോജം... നിന്റെ കോന്തൻ ഭർത്താവ് ശിവദാസൻ ഇതറിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നം നീ ഊഹിച്ചിട്ടുണ്ടോ... അയാൾ നിന്നേയും എന്നെയും കൊല്ലും... അതുകൊണ്ട് ഞാനൊരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ... നീയെന്റെ കൂടെ വാ... നമുക്ക് എവിടെയെങ്കിലും പോയി ആരേയും പേടിക്കാതെ ആരുടേയും ശല്യമില്ലാതെ സുഖമായി ജീവിക്കാം... " "അപ്പോൾ കിച്ചുവോ... അവൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ... " സരോജിനി ചോദിച്ചു...

"അവനല്ലെങ്കിലും നിന്നോടല്ലല്ലോ കൂറ്.. അവനെ ഇവിടെ നിർത്തിയേക്കാം... " "സംഗതി ശരിയാണ്... അവൻ നമ്മുടെ കൂടെയുണ്ടാകുന്നത് ഒരുകണക്കിന് ശല്യമാണ്... അവനിവിടെ നിൽക്കട്ടെ..." "പിന്നെ ശിവദാസന് ഒരുവിധത്തിലുമുള്ള സംശയം തോന്നുരുത്... അതുപോലെ ആ പെണ്ണിനും... " "അയാളുടെ കാര്യം വിട്... പിന്നെ ആ പെണ്ണ് അവളെ എങ്ങനെ ഒതുക്കണമെന്ന് എനിക്കറിയാം... അവളുടെ ഒരു അമ്മാവന്റെ മകനുണ്ടല്ലോ... അതായത് ശിവേട്ടന്റെ അനിയത്തിയുടെ മകൻ... അവനും ഇവളും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞുണ്ടാക്കും... അതിന് തെളിവിനായി ഞാനൊരൂട്ടം ചെയ്യും... അവനാണെങ്കിൽ ഇപ്പോൾ തലതിരിഞ്ഞ അവസ്ഥയാണ്... അവന് ഇവളോട് എന്തോ താല്പര്യവുമുണ്ട്... അത് ഞാൻ മുതലാക്കും... അവനെ ഇവിടെ വിളിച്ചുവരുത്തി അകത്തു കയറ്റി രണ്ടിനേയും ഒരു മുറിയിലാക്കി വാതിലടക്കും ഞാൻ... എന്നിട്ട് അത് അവളുടെതന്തയെത്തന്നെ കാണിക്കും ഞാൻ... "എടീ ദുഷ്ടത്തി... നീ ആ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നതെന്തിനാണ്... അവൾ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്... " അയാൾ ചോദിച്ചു...

"അവൾ ഇല്ലാതാവണം... അതിനുവേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്... എന്റെ മോൻ കിച്ചുവിനുമാത്രം അവകാശപ്പെട്ടതാകണം ഈ സ്വത്തെല്ലാം... അതിനുവേണ്ടി ഞാൻ എന്തും ചെയ്യും... " ജനാലക്കലിൽ നിന്ന് എല്ലാം കേട്ട ശിവദാസൻ തരിച്ച് നിൽക്കുകയായിരുന്നു... അയാൾ ചാരിയിട്ട ജനലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി... അവിടെ കണ്ട കാഴ്ച അയാളെയാകെ തളർത്തി... അയാൾ തളർന്ന് നിലത്തിരുന്നു... ഒരുതരം മരവിച്ച അവസ്ഥയായിരുന്നു ശിവദാസന്റേത്... എത്രനേരം അങ്ങനെയിരുന്നു എന്നറിയില്ല.. അതിനുശേഷം എന്തോ തീരുമാനിച്ചുറച്ചതുപോലെ അയാൾ എഴുന്നേറ്റ് നടന്നു... എന്നാൽ ഇതെല്ലാം അയൽപ്പക്കത്തെ ജയന്തി കാണുന്നുണ്ടായിരുന്നു... ശിവദാസൻ പോകുന്നതും നോക്കി ജയന്തി സഹദാപത്തോടെ നിന്നു... അന്ന് വൈകീട്ട് പണി കഴിഞ്ഞ് വരാറുള്ള സമയത്ത് ശിവദാസൻ വീട്ടിൽ എത്തിയില്ല... അച്ഛൻ സാധാരണ വരാറുള്ള സമയത്ത് എത്താതായപ്പോൾ ഭദ്രക്ക് പേടി തോന്നി... എവിടെ പോകാനുണ്ടായാലും വീട്ടിൽ വന്ന് കുളിച്ച് വേഷം മാറിയതിനു ശേഷമാകും പോകാറ്.. സമയം നീങ്ങിക്കൊണ്ടിരുന്നു.. എട്ടുമണിയായിട്ടും അയാൾ എത്തിയില്ല... ഭദ്ര സരോജിനിയുടെ അടുത്തേക്ക് ചെന്നു...

അവരപ്പോൾ ടിവിയും കണ്ട് അതിൽ മുഴുകിയിരിക്കുകയായിരുന്നു... കിച്ചു അപ്പുറത്ത് നിലത്ത്കിടന്നുറങ്ങുന്നതും കണ്ടു.... "ചെറിയമ്മേ അച്ഛൻ ഇനിയും വന്നിട്ടില്ല... ഇത്രയും നേരം വൈകാറില്ലല്ലോ... " ഭദ്ര പറഞ്ഞു... "എവിടെയെങ്കിലും തെണ്ടിനടക്കുന്നുണ്ടാകും... സമയമാകുമ്പോൾ എത്തിക്കോളും.... " അവർ നിസാരമട്ടിൽ പറഞ്ഞു... "എവിടെ പോവുകയാണെങ്കിലും നേരം വൈകുകയാണെങ്കിലും അച്ഛൻ പറയാറില്ലേ... ഇന്ന് പറഞ്ഞിട്ടുമില്ല... എനിക്കെന്തോ പേടി തോന്നുന്നു... " "പേടിതോന്നുന്നുണ്ടെങ്കിൽ എവിടെയാണെന്നുവച്ചാൽപോയിനോക്ക്... എനിക്ക് അതല്ല പണി... ഒന്ന് സ്വസ്ഥമായി ഒരു പരിപാടിയും കാണാൻ സമ്മതിക്കില്ല നശ്ശൂലംപിടിച്ചവൾ... ഒന്ന് പോകുന്നുണ്ടോ ഇവിടെനിന്ന്... " സരോജിനി വീണ്ടും ടിവിലേക്ക് നോക്കി നിന്നു... വേദനയോടെ ഭദ്ര ഉമ്മറത്തേക്ക് നടന്നു... അവൾ പാടവരമ്പിലൂടെ അച്ഛൻ വരുന്നുണ്ടോ എന്നും നോക്കിനിന്നു... ഓരോ വെളിച്ചം വരുമ്പോഴും അത് തന്റെ അച്ഛനാണെന്ന് കരുതി അവൾ ആശ്വസിച്ചു...

എന്നാൽ വീട്ടിലേക്ക് തിരിയേണ്ട വെളിച്ചം നേരെ പോകുന്നതു കണ്ട് അവൾക്ക് സങ്കടമായി... സമയം ഒമ്പത് കഴിഞ്ഞു... ഭദ്ര വഴിയിലേക്ക് നോക്കി ഉമ്മറത്തുതന്നെയിരുന്നു... "എടീ നശിച്ചവളെ സമയം ഒരുപാടായി... വന്ന് കിടക്കുന്നുണ്ടെങ്കിൽ കിഴക്ക്... എനിക്ക് ലൈറ്റോഫാക്കി കിടക്കണം... " ടീവി കണ്ടുകഴിഞ്ഞ് പുറത്തേക്കു വന്ന സരോജിനി പറഞ്ഞു... "ചെറിയമ്മേ അച്ഛൻ വന്നില്ലല്ലോ.. എനിക്ക് പേടിയാകുന്നു... " "അത് എവിടെയെങ്കിലുംപോയി പണ്ടാറമടങ്ങിക്കാണും... നീ അകത്തേക്ക് വരുന്നുണ്ടെങ്കിൽ വാ... കരന്റ് ബില്ല് നിന്റെ ചത്തു പോയ തള്ള വന്നടക്കില്ല... " "ചെറിയമ്മ പോയിക്കിടന്നോ... ഞാൻ അച്ഛൻ വന്നിട്ടേ കിടക്കുന്നുള്ളൂ... " "എന്നാൽ നീയവടെ കിടന്നോ... " സരോജിനി അകത്തുകയറി വാതിലടച്ച് ലൈറ്റ് ഓഫ് ചെയ്ത് കിടക്കാൻ പോയി... ഭദ്ര ഇരുട്ടത്ത് വഴിയിലേക്കു നോക്കിനിന്നു... സമയം വീണ്ടും നീങ്ങി.. അവൾക്കെന്തോ ഭയം തോന്നി... അച്ഛന് എന്തോ സംഭവിച്ചതെന്ന് അവളുടെ മനസ്സു പറഞ്ഞു... അവൾ അടുത്തുള്ള വീടുകളിലേക്ക് നോക്കി... ജയന്തിയുടെ വീട്ടിൽ ലൈറ്റ് കത്തുന്നതുമായ കണ്ടു...

ഭദ്ര പതിയെ ഇരുട്ടിലുടെ തപ്പിത്തടഞ്ഞ് ജയന്തിയുടെ വീട്ടിലേക്ക് നടന്നു... ജയന്തിയുടെ മുറ്റത്തെത്തിയ ഭദ്ര അവളെ വിളിച്ചു... ജയന്തി വാതിൽ തുറന്ന് പുറത്തേക്ക് വന്നു... മുറ്റത്തു നിൽക്കുന്ന ഭദ്രയെകണ്ട് അവൾ അന്ധാളിച്ചു... അവൾ ഭദ്രയുടെ വീട്ടിലേക്ക് നോക്കി അവിടെ ലൈറ്റെല്ലാം ഓഫാക്കിയതവൾ കണ്ടു "എന്താ മോളേ ഈ ഇരുട്ടത്ത്... ആ സരോജിനി മോളെയെന്തെങ്കിലും ചെയ്തോ... " "അതൊന്നുമല്ല ജയന്തിയാന്റീ... അച്ഛൻ രാവിലെ പണിക്ക് പോയതാണ്... ഇതുവരേയും വന്നിട്ടില്ല... എനിക്ക് പേടിയാകുന്നു... " "അച്ഛൻ ചിലപ്പോൾ എന്തെങ്കിലും അത്യാവിശ്യത്തിന് പോയതായിരിക്കും... മോള് വിഷമിക്കാതെ അച്ഛൻ വന്നോളും... "ഇല്ലയാന്റീ... എവിടെ പോവുകയാണെങ്കിലും വീട്ടിൽ വന്ന് കുളിച്ചിട്ടേ പോവുകയുള്ളൂ... മാത്രമല്ല അച്ഛൻ പണി വേഷത്തിലാണ് പോയതും... ആ വേഷത്തിൽ വേറെയെവിടേയും പോവില്ല... " ഭദ്ര കരഞ്ഞുകൊണ്ട് പറഞ്ഞു... ജയന്തിയുടെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി... അവൾ രാവിലെ താൻ കണ്ടത് ഓർത്തു... " "അത് മോളെ ചിലപ്പോൾ പണി തീർക്കേണ്ട അത്യാവിശ്യമായിരിക്കും...

നാളെ ചിലപ്പോൾ പുതിയ പണി തുടങ്ങാൻ ഏറ്റതായിരിക്കും... മോള് സങ്കടപ്പെടേണ്ട... ഞാൻ രവിയങ്കിളിനോട് പറഞ്ഞ് പോയി നോക്കാൻ പറയാം... മോൾ പോയി കിടന്നോ... ചിലപ്പോൾ ചെറിയമ്മ പുറത്തേക്ക് വന്നാൽ മോള് ഇവിടെ നിൽക്കുന്നത് കണ്ടാൽ അവർ മോളെ ഉപദ്രവിക്കും... " ഭദ്രക്ക് അത് സത്യമാണെന്ന് തോന്നി.. "രവിയങ്കിളിനോട് പോയിവന്നാൽ എന്നെ വിളിക്കാൻ പറയണേ... " "വിളിക്കാം മോള് ദൈര്യമായി പൊയ്ക്കോളൂ... അച്ഛന് ഒരാപത്തും സംഭവിക്കില്ല... " ഭദ്ര പതിയേ വീട്ടിലേക്ക് നടന്നു... ജയന്തി പെട്ടന്ന് അകത്തേക്ക് നടന്നു... ഭക്ഷണം കഴിക്കുകയായിരുന്ന രവിന്ദ്രന്റെയടുത്തേക്ക് ചെന്നു... "രവിയേട്ടാ അപ്പുറത്തെ ശിവേട്ടൻ ഇതുവരേയും എത്തിയിട്ടില്ല.. ആ ഭദ്രമോളാണ് വന്നത്... " ജയന്തി പറഞ്ഞു... "വന്നില്ലേ... പിന്നെയെവിടെപ്പോയി... സാധാരണ പണികഴിഞ്ഞാൽ ഉടനെ വീട്ടിലെത്തുന്നതാണല്ലോ... ഇന്നെന്തുപറ്റി... "

"അതാണ് അറിയാത്തത്... മാത്രമല്ല ഇന്ന് രാവിലെ പണിക്കുപോയ ശിവേട്ടൻ കുറച്ചുകഴിഞ്ഞപ്പോൾ വന്നതാണ്... വീട് പൂട്ടി കിടക്കുന്നത് കണ്ടപ്പോൾ ഉമ്മറത്ത് ഇരിക്കുന്നതും കണ്ടു... " ജയന്തി അവൾ കണ്ടതെല്ലാം രവീന്ദ്രനോട് പറഞ്ഞു... "എന്നിട്ട് നീയിപ്പോഴാണോ പറയുന്നത്... " രവീന്ദ്രൻ പെട്ടന്ന് ഭക്ഷണം മതിയാക്കി കൈകഴുകി... " "അത് ഞാനിപ്പോഴാണ് ഓർത്തത്... " "നീയേതായാലും വാതിലടച്ചോ... ഞാനൊന്ന് പോയി നോക്കട്ടെ... പോകുന്ന വഴി മോഹനനേയും കൂട്ടാം..." രവി ടോർച്ചുമെടുത്ത് പുറത്തേക്കിറങ്ങി... ഈ സമയം ഭദ്രഉമ്മറത്തുതന്നെയിരുന്ന്പുറത്തേക്കും നോക്കിയിരിക്കുകയായിരുന്നു... സമയം പോയിക്കൊണ്ടേയിരുന്നു... എപ്പോഴോ കരഞ്ഞുതളർന്നവൾ ഉമ്മറത്തെ നിലത്ത് കിടന്നുറങ്ങി... അന്നേരും പുറത്തെവിടേയോ കാലൻകോഴി കൂകുന്നതവൾ കേട്ടു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story