മറുതീരം തേടി: ഭാഗം 2

marutheeram thedi

രചന: രാജേഷ് രാജു

"അത് ആ പയ്യനാകും... മോൻ ചിലപ്പോൾ ഉറങ്ങിക്കാണും.. നീ ആ വാതിലൊന്ന് തുറന്ന് മോനെ വാങ്ങിച്ച് ആ തൊട്ടിലിലൊന്ന് കിടത്തിയേക്ക്... " ആതിര പറഞ്ഞത് കേട്ട് ഭദ്ര ചെന്ന് വാതിൽ തുറന്നു... ഉമ്മറത്ത് കുഞ്ഞിനെ തോളിലിട്ട് നിൽക്കുന്ന പയ്യനെ കണ്ട് ഭദ്ര ഒരുനിമിഷം നിന്നു... അവൾ അവനെ വീണ്ടുമൊന്ന് സൂക്ഷിച്ചു നോക്കി... ഭദ്ര ഞെട്ടിത്തരിച്ചു നിന്നു... ആ പയ്യന്റെ അവസ്ഥയും അതുതന്നെയായിരുന്നു... "ചേച്ചീ... " ആ പയ്യൻ അത്ഭുതത്തോടെ അവളെ വിളിച്ചു... "കിച്ചൂ നീ.യ... എത്ര നാളായി നിന്നെ കണ്ടിട്ട്... " ഭദ്ര ഓടിച്ചെന്ന് അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു... ഞാൻ... എനിക്ക് അവിടെ നിൽക്കാൻ പറ്റിയില്ല ചേച്ചീ... അമ്മയുടേയും അയാളുടേയും ദ്രോഹം സഹിക്കാൻ വയ്യാതെ രക്ഷപ്പെടുകയായിരുന്നു ഞാൻ... അതു പോട്ടെ ചേച്ചിയെന്താണിവിടെ... " "നിന്നെപ്പോലെ തന്നെയാണ്... എന്റെ വിവാഹം കഴിഞ്ഞതൊന്നും നീ അറിഞ്ഞു കാണില്ല അല്ലേ... എന്നാൽ അതൊരു നരകമായിരുന്നു... മരണത്തിലേക്ക് പോയ്ക്കൊണ്ടിരുന്ന എന്നെ വിളിച്ചുണർത്തിയ എന്റെ കൂട്ടുകാരിയാണ് ആതിര... നീ വാ... ഭദ്ര അവന്റെ കയ്യിൽ നിന്നും ആതിരയുടെ കുഞ്ഞിനെ വാങ്ങിച്ച് അവനെയും വിളിച്ച് അകത്തേക്ക് നടന്നു...

"ആതിരേ... നോക്ക് ഇതാരാണെന്ന് നിനക്കറിയോ... " "ഇതു നല്ല കൂത്ത്... മുന്നു വർഷമായി കാണുന്ന ഇവനാരാണെന്ന്... ഇവൻ കിച്ചു എന്ന കിഷോർ... നിനക്ക് ഇവിടെയെത്തിയപ്പോൾ സുബോധം നഷ്ടപ്പെട്ടോ... ആതിര ചോദിച്ചു.. "അതല്ലടീ... ഇവൻ എന്റെ ആരാണെന്നറിയോ... ഇവനും ഞാനുമായിട്ടുള്ള ബന്ധം എന്താണെന്നറിയോ... " "അറിയില്ല... നിന്റെ നാട്ടുകാരനാണെന്നറിയാം... എന്താ ഇവനെ പരിചയമുണ്ടോ... " "എടീ ഇതെന്റെ അനിയനാണ്... കിച്ചു... മുന്നുവർഷംമുന്നേ നാടുവിട്ടു പോയെന്നുപറഞ്ഞ എന്റെ പൊന്നനിയൻ.... " "എന്റെ ഈശ്വരാ... അവനാണോ ഇത്... എന്നിട്ടിവൻ ഇതേ പറ്റി ഒന്നു പറഞ്ഞതുപോലുമില്ലല്ലോ... " "അതിന് ഞാനറിയില്ലല്ലോ ആതിരേച്ചി എന്റെ ചേച്ചിയുടെ കൂട്ടുകാരിയാണെന്നത്... " "അതും സത്യമാണ്... " "എന്തു കോലമാടാ ഇത്... താടിയും മുടിയും നീട്ടി... അവസാനമായി നിന്നെ കാണുമ്പോൾ പൊടിമീശപോലുമില്ലാത്ത ചെക്കനായിരുന്നു... അതെങ്ങനെയാണ്.. അഞ്ചാറു വർഷമായില്ലേ നിന്നെ കണ്ടിട്ട്...

അന്ന് അച്ചൻ മരിച്ച് പതിനാറിന്റെയന്നാണ് നിന്നെ അവസാനമായി കണ്ടത്... അതിനുശേഷം എന്നെയൊന്ന് കാണാനോ എന്റെയടുത്ത് വരാതെ നീ ശ്രമിച്ചില്ലല്ലോ... " "മനപ്പൂർവ്വമല്ലായിരുന്നു... എനിക്ക് ചേച്ചിയെ കാണാൻ അതിയായ ആശയുണ്ടായിരുന്നു... എന്നാൽ അതിനുള്ള അനുമതി എനിക്കില്ലായിരുന്നു... സ്കൂളിൽ പഠിക്കുമ്പോൾവരെ രാവിലേയും വൈകീട്ടും കരക്റ്റ് സമയത്ത് അയാൾ എന്റെ പുറകെയുണ്ടാകും... ഞാൻ എവിടേക്കെങ്കിലും ഒന്നു തിരിഞ്ഞാൽ അന്നത്തെ ദിവസം എന്റെ കഷ്ടകാലമാണ്... അയാൾ മാത്രമല്ല... അമ്മയും എന്നെ ദ്രോഹിച്ചിട്ടേയുള്ളൂ..." "എനിക്കറിയാം എല്ലാം... പണ്ട് എന്റെ കൂടെ കഴിക്കുകയോ സ്കൂളിലേക്ക് പോയിവരുമ്പോൾ കൂടെ കാണുകയോ ചെയ്താൽ അന്ന് നിനക്കും എനിക്കും കിട്ടിയ ദ്രോഹങ്ങൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്... അയാൾ... അയാൾ കാരണമാണ് എന്റെ ജീവിതം നശിച്ചതുതന്നെ... ഒരു മാറാരോഗിയും സംശയത്തിനുടമയുമായ ഒരുത്തനെ എന്റെ തലയിൽ വച്ചുകെട്ടിയത് അയാളാണ്... അതും ചെറിയമ്മയുടെ നിർദ്ദേശപ്രകാരം... ഇതുന്നുമറിയാതെ എന്റെ അമ്മാവൻ മനസ്സുനൊന്ത് എന്നെ വിട്ടുപോയി... എല്ലാം എന്റെ വിധി... ഇന്നലെ രാത്രി ഇവളുടെ കോൾ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് നിന്നെ കാണില്ലായിരുന്നു...

അത്രക്ക് ജീവിതം മടുത്തു പോയിരുന്നു എനിക്ക്... " "എല്ലാം ശരിയാവും ചേച്ചീ... എത്ര അനുഭവിച്ചവനാണ് ഞാൻ... ഇന്നിപ്പോൾ എനിക്ക് സന്തോഷംമാത്രമേയുള്ളൂ... അന്ന് നാടുവിട്ട ഞാൻ ചെന്നു പെട്ടത് ഒരു ദൈവപുത്രന്റെ മുന്നിലായിരുന്നു... അവിടുന്നങ്ങോട്ട് എനിക്ക് ശുക്രദശയാണ്... അതുപോലെ ഇവിടെയെത്തിയത് ചേച്ചിയുടെ കഷ്ടകാലം കഴിഞ്ഞതു കൊണ്ടാണ്... അതാണ് ഇന്നലെ ചേച്ചിക്ക് ആതിരചേച്ചിയുടെ ഫോൺ വന്നതും.. ഇവിടേക്ക് വരാൻ തോന്നിയതും... "അത്രപെട്ടന്നൊന്നും ചേച്ചിയുടെ ദുരിതം മാറുമെന്ന് തോന്നുന്നില്ല... അതെന്റെ കൂടെപ്പിറപ്പാണ്... എന്റെ മരണത്തോടെയാണ് അതെല്ലാം തീരുക... " "നീ എഴുതാപ്പുറം വായിക്കല്ലേ... നിനക്ക് ഇവിടെയുള്ള കാലം ഒരു ദുരിതവും അനുഭവിക്കേണ്ടിവരില്ല... " "അതെ ചേച്ചീ... ഇനിമുതൽ ചേച്ചിയുടെ അനിയൻ എപ്പോഴും കൂടെയുണ്ടാവും... ഞാൻ മാത്രമല്ല ഈ നാട്ടിലുള്ള എല്ലാവരും നമ്മോടോപ്പമുണ്ടാകും... നമ്മുടെ നാട്ടിലുള്ളവരെപ്പോലെയല്ല... സ്നേഹിക്കാൻ മാത്രമറിയാവുന്നവരാണ് ഇവിടെയുള്ളവരെല്ലാം... "

"അങ്ങനെയാവട്ടെ... നമുക്ക് അഗ്രഹിക്കാൻ ആരുടേയും അനുവാദം വേണ്ടല്ലോ... അത് നടക്കുവാൻ ദൈവമെന്നൊരാൾ കഴിയണം... " "അതൊക്കെ നടക്കും ചേച്ചീ... എത്ര കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരായാലും അവർക്ക് ഒരിക്കലെങ്കിലും നല്ലകാലം വരും... എന്നാൽ ഞാൻ നടക്കട്ടെ...ഇല്ലെങ്കിൽ അനുമതി അച്ചുവേട്ടന് ദേഷ്യം പിടിക്കാൻ... രാവിലെ കാണാം... "കിച്ചു അവരോട് യാത്രപറഞ്ഞിറങ്ങി... അടുത്ത ദിവസം രാവിലെ അടുത്തുള്ള ഏതോ അമ്പലത്തിൽനിന്നുമുള്ള പാട്ടുകേട്ടാണ് ഭദ്ര ഞെട്ടിയുണർന്നത്... അവൾ ജനലിൽ കൂടി പുറത്തേക്ക് നോക്കി... മുകളിലത്തെ നിലയിലെ മുറിയാണ് ഭദ്രക്ക് നൽകിയിരുന്നത്... ജനലിൽ കൂടി പുറത്തേക്ക് നോക്കിയ അവൾക്ക് മഞ്ഞുമൂടിക്കിടക്കുന്ന മലഞ്ചെരുവാണ് കണ്ടത്... അവൾ പതിയെ താഴേക്ക് നടന്നു... ഇമ്മറവാതിലൂടെ മുറ്റത്തേക്കിറങ്ങി... നല്ല തണുപ്പു കാരണം അവൾ കൈകൾ കൂട്ടിക്കെട്ടിയാണ് നടന്നിരുന്നത്... ആതിര ചൂലുമായി മുറ്റമടിക്കാനായി വരുന്നത് കണ്ട് ഭദ്ര അവളുടെയടുത്തേക്ക് നടന്നു... "ആഹാ.. നീ നേരത്തേ എഴുന്നേറ്റോ...

എങ്ങനെയുണ്ടായിരുന്നു ഉറക്കം... സ്ഥലംമാറി കിടന്നതുകൊണ്ട് ഉറക്കം കിട്ടിക്കാണില്ല അല്ലേ..." "ഉറക്കം കിട്ടിയില്ലെന്നോ... ഒരുപാട് കാലത്തിനുശേഷം നന്നായൊന്നുറങ്ങി... ഏതോ അമ്പലത്തിലെ പാട്ടുകേട്ടതുകാരണമാണ് ഉയർന്നത്... ഇവിടെയടുത്ത് അമ്പലമുണ്ടല്ലേ... ചെറുപ്പത്തിൽ അച്ഛനുമൊന്നിച്ച് പോയതാണ്... പിന്നെ അമ്പലവുമില്ല പള്ളിയുമില്ല... " "അതിനെന്താ... നിനക്ക് എപ്പോൾ വേണമെങ്കിലും ഇനി പോകാമല്ലോ... വിളിച്ചാൽ വിളി കേൾക്കുന്ന ദേവിയാണ്... അത്രക്ക് ശക്തിയാണ്... ഇവിടെയുള്ളവരുടെ രക്ഷതന്നെ ആ ദേവിയാണ്... അവിടെ ജാതിമതമൊന്നുമില്ല... എല്ലാവരും വഴിപാട് കഴിക്കുകയും അമ്പലത്തിലേക്ക് എണ്ണയും ദക്ഷിണയും നൽകാറുമുണ്ട്... അത്രക്ക് വിശ്വാസമാണ് എല്ലാവർക്കും... " "ഈ നാടിനുതന്നെ എന്തോ പ്രത്യേകതയുള്ളതുപോലെ ഇന്നലെ ഇവിടെയെത്തിയപ്പോൾ മുതൽ എനിക്കും തോന്നിയതാണ്.. ഇവിടെ വന്നപ്പോൾ മനസ്സിനെന്തോ കുളിർമ്മ തോന്നുന്നതുപോലെ... പിന്നെ നല്ല തണുപ്പുള്ള പ്രദേശമാണിതല്ലേ... എന്താ തണുപ്പ്... ശരീരം മൊത്തം കോച്ചുന്നതുപോലെ... " "ഇപ്പോഴോ... ഇതൊന്നുമല്ല മോളേ തണുപ്പ്... തണുപ്പ് വരാൻ കിടക്കുന്നതേയുള്ളൂ... നീ മുറ്റത്തിറങ്ങിനിന്ന് മഞ്ഞ് കൊള്ളേണ്ട... അകത്ത് കയറിയിരുന്നോ...

തണുപ്പ് മാറണമെങ്കിൽ ഒരു പത്തുമണിയെങ്കിലുമാകണം... " "അതു പ്രശ്നമില്ല... നീ ചൂല് ഇങ്ങു താ... ഞാനടിക്കാം മുറ്റം... " "അതൊന്നും വേണ്ട... ഞാൻതന്നെയടിച്ചോളാം... " "അതെന്താ ഞാനടിച്ചാൽ വൃത്തിയാവില്ലേ... നീ ചൂല് താ... എന്നിട്ട് അടുക്കളയിൽ പോയി ചായക്ക് വെള്ളം വെക്കാൻ നോക്ക്... നിനക്ക് ജോലിക്ക് പോകാനുള്ളതല്ലേ... " "നിന്റെയൊരു കാര്യം... എന്നാൽ തലയിൽ ഈ തോർത്ത് കെട്ടിക്കോ... മഞ്ഞുകൊണ്ട് വല്ല അസുഖവും വരുത്തേണ്ട... ആതിര തന്റെ തലയിൽ കെട്ടിയ തോർത്ത് അവൾക്ക് കൊടുത്തു... ഭദ്രയത് വാങ്ങിച്ച് തലയിൽ കെട്ടി... പിന്നെ മുറ്റമടിക്കാൻ തുടങ്ങി... ആതിരക്ക് ഭർത്താവ് രമേശൻ ജോലി ചെയ്ത ബാങ്കിൽ കറിയാച്ചൻമുതലാളി അക്വൌണ്ടന്റായി ജോലി വാങ്ങിച്ചുകൊടുത്തിരുന്നു... അവിടുന്നുള്ള വരുമാനമാണ് അവരുടെ ഏക ആശ്രയം... പിന്നെ ശ്രീധരന് രണ്ടുവർഷമായി കിട്ടുന്ന പെൻഷനും... മുറ്റമടിച്ചുകൂട്ടി ചണ്ടിയെല്ലാംവാരി അടുത്ത തെങ്ങിന്റെ ചുവട്ടിലേക്കിട്ട് തിരിച്ച വരുമ്പോഴാണ് കിച്ചു അവിടേക്ക് നടന്നു വരുന്നത് കണ്ടത്... അവൻ വല്ലാതെ കിതച്ച് വിയർത്തായിരുന്നു വന്നത്...

"എന്താ കിച്ചൂ ഈ തണുപ്പത്തും നീയിങ്ങനെ വിയർക്കുന്നത്... നല്ലോണം കിതക്കുന്നുമുണ്ടല്ലോ... എന്താ കിച്ചൂ പ്രശ്നം... " ഭദ്ര ചെറിയൊരു ആദിയോടെ ചോദിച്ചു... "പ്രശ്നമോ... എന്ത് പ്രശ്നം... ഞാനും അച്ചുവേട്ടനും രാവിലത്തെ ജോഗിങ്ങ് കഴിഞ്ഞുവരുന്ന വഴിയാണ്... ചേച്ചിയെ കണ്ടപ്പോൾ ഇവിടേക്കൊന്ന് കയറിയെന്നേയുള്ളൂ... " "അതുശരി... ഞാനാകെ പേടിച്ചുപോയി... എന്നിട്ട് എവിടെ നിന്റെ അച്ചുവേട്ടൻ... " "അച്ചുവേട്ടൻ അവിടെ വഴിയിലുണ്ട്... " കിച്ചു പറഞ്ഞതുകേട്ട് ഭദ്ര വഴിയിലേക്ക് നോക്കി... അവിടെ പുറം തിരിഞ്ഞ് സിഗരറ്റും വലിച്ച് ഒരാൾ നിൽക്കുന്നത് കണ്ടു... " നല്ല നടപ്പു തന്നെ... ഇങ്ങനെ, ഓടികിതച്ച് വന്നുനിൽക്കുമ്പോഴാണോ സിഗരറ്റ് വസിക്കുന്നത്...... എന്താടാ നിനക്കും ഇതുപോലെ വല്ല ദുശ്ശീലവുമുണ്ടോ... " "ഏയ് അങ്ങനെയൊരു ദുശ്ശീലവും ഇതുവരെ ഉണ്ടായിട്ടില്ല... " "അപ്പോൾ ഇനിയുണ്ടാകുമെന്നാണോ പറയുന്നത്... " "അത് പറയാൻ പറ്റില്ല... മനുഷ്യന്റെ ജീവിതമല്ലേ... എന്താകും എങ്ങനെയാകുമെന്ന് പറയാൻ പറ്റില്ലല്ലോ... "

അങ്ങനെയെന്തെങ്കിലുമുണ്ടെന്ന് ഞാനറിഞ്ഞാൽ അന്ന് നിന്റെ അന്ത്യമാണ്... അതു പോട്ടെ എടാ കിച്ചൂ... നിന്റെ അച്ചുവേട്ടനെന്താ ഇവിടേക്ക് വരില്ലേ... " "അത് അങ്ങനെയൊരു ജന്മമാണ്... എത്രനല്ലവനായി കഴിഞ്ഞവനായിരുന്നു... അച്ചുവേട്ടൻ.... ഭാര്യയുടെ മരണത്തോടെ വലിയപം കുടിയും തുടങ്ങി... പക്ഷേ ഒന്നുണ്ട് വൈകീട്ട് പണി കഴിഞ്ഞ് വന്നതിനു ശേഷമേ കുടിക്കുകയുള്ളൂ... അത് മനസ്സിന് ടെൻഷൻ കൂടിയാൽ കൂടുതൽ കുടിക്കും... അന്നെനിക്ക് ചീത്തയുടെ പൊടിപൂരമാണ്... " "അത് വലിയ കാര്യമല്ല... ദേഹോപദ്രവം ഒന്നുമില്ലല്ലോ... അതുതന്നെ വലിയ കാര്യം... നീയെന്നെപ്പറ്റി പറഞ്ഞോ അയാളോട്... " "പറഞ്ഞു... " "എന്നിട്ട്...? " "എന്നിട്ടെന്താണ്.. ഒരു റിയാക്ഷനുമില്ല... അത്രതന്നെ... കാരണം ചേച്ചിയെ പച്ചവെള്ളം പോലെ അറിയും അച്ചുവേട്ടന്..." "ആണോ.. എന്നാൽ നേരിട്ടുപോയി കാണാമല്ലോ ആളെ... " ഭദ്ര വഴിയിൽ നിൽക്കുന്ന അച്ചുവിന്റെയടുത്തേക്ക് നടന്നു... അയാളുടെ അടുത്തുചെന്ന് അവളൊന്നു മുരടനനക്കി... അതുകേട്ട് അയാൾ തിരിഞ്ഞു നോക്കി... അയാളുടെ മുഖത്തേക്ക് നോക്കിയ ഭദ്ര അന്തം വിട്ടു... "അർജ്ജുൻ... അച്ചുവേട്ടൻ... ".... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story