മറുതീരം തേടി: ഭാഗം 24

marutheeram thedi

രചന: രാജേഷ് രാജു

"അതവിടെ അങ്ങനെ കിടക്കട്ടെ... എപ്പോഴെങ്കിലും എനിക്കും ഒരു സുരക്ഷിതമുണ്ടെന്ന് മനസ്സിനെപ്പറഞ്ഞ് ബോദ്ധ്യപ്പെടുത്താലോ... നിങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേയായുളളു എങ്കിലും അതെനിക്ക് എന്റെ മനസ്സിൽ നിന്നും മുറിച്ചുമാറ്റാൻ പറ്റുന്നതൊന്നല്ല... എന്തൊക്കെ പറഞ്ഞാലും നേരത്തെ ഞാൻ പോകുമ്പോൾ ചൂടാക്കി വച്ച് വെള്ളംകൊണ്ടു നിങ്ങൾ തനിയേ തുടക്കരുതെന്ന് മനസ്സിലാഗ്രഹിച്ചിരുന്നു... ദൈവം ആ കാര്യത്തിലെങ്കിലും എന്റെ കൂടെ നിന്നു... ഇന്ന് കിച്ചുവിനെ നിർബന്ധിച്ച് ജോലിക്ക് പറഞ്ഞയച്ചതും അതുകൊണ്ടാണ്... എനിക്ക് എന്റേതായി ഇയാളെ വേണം... പക്ഷേ അതിന് ഒരുപാട് കടമ്പകൾ എന്റെ മുന്നിലുണ്ട്... അതെല്ലാം കടന്ന് സ്വസ്ഥമാകുമ്പോൾ മാത്രമേ എനിക്ക് ആ ഇഷ്ടം പൂർത്തീകരിക്കാൻ സാധിക്കൂ... " നീ.. നീ പറഞ്ഞത് സത്യമാണോ... അതോ നേരത്തെ പറഞ്ഞതുപോലെ എന്നെ വിഡ്ഢിയാക്കാൻ തമാശയായി പറഞ്ഞതോ..." അച്ചു ആശ്ചര്യത്തോടെ ചോദിച്ചു... ഭദ്ര അവന്റെ മുഖം തന്റെ മുഖത്തിനു നേരെ അടുപ്പിച്ചു...

"ഈ മുഖത്തുനോക്കി എനിക്ക് ഇങ്ങനെയൊരു കാര്യം തമാശയായി പറയാൻ കഴിയുമോ... എന്റെ മനസ്സാണ് ഞാൻ പറഞ്ഞത്... അത് നടക്കുമോ എന്നൊന്നും എനിക്കറിയില്ല... ആശിച്ചതൊന്നും ഇതുവരെ ദൈവം എനിക്ക് തന്നിട്ടില്ല... ഇതും അതുപോലെയാകുമോ എന്നാണ് എന്റെ പേടി... അതുകൊണ്ടാണ് എല്ലാം മനസ്സിൽ ഒതുക്കി നടന്നത്... എന്നാലും എന്റെ മനസ്സിൽ ഇയാൾ ഉണ്ടാകും... മരണംവരെ... " "നിന്നെപ്പോലെത്തന്നെ മനസ്സിൽ നിന്നെ എന്റേതായി കാണാൻ തുടങ്ങിയിട്ട് കുറച്ചുദിവസമായി... അന്ന് എനിക്ക് പനി വന്നപ്പോൾ അധികാരത്തോടെ നീ എന്നെ പരിചരിച്ചില്ലേ ആ നിമിഷം നീയെന്റെ മനസ്സ് കവർന്നെടുത്തതാണ്... എന്റെ മായ എന്റെ മനസ്സിൽ വന്നു പറയുന്നുണ്ടായിരുന്നു നീ എനിക്കായി ജനിച്ചതാനെന്ന്.. പക്ഷേ അത് ഇത്രയും വൈകിയെന്നുമാത്രം... " "പക്ഷേ ഏതുനിമിഷവും അപകടം മുന്നിൽ കണ്ട് നടക്കുന്നവളാണ് ഞാൻ... ഒരുവശത്ത് പ്രകാശേട്ടൻ മറുവശത്ത് വിനയേട്ടൻ... ആരുടെ കൈകൊണ്ടാണ് എന്റെ അന്ത്യമെന്ന് ദൈവത്തിനു മാത്രമേ പറയാൻ കഴിയൂ...

അവർ ഏതുനിമിഷവും എന്റെ അന്തകനാകും.... അതെനിക്കുറപ്പുണ്ട്... ആ കടമ്പകൾ മുറിച്ചുകടക്കാൻ എനിക്ക് കഴിയില്ല... എല്ലാം ആഗ്രഹിക്കുന്നു എന്നേയുള്ളൂ... ആഗ്രഹമൊന്നും നടക്കാൻ പോകുന്നില്ലെന്ന് എനിക്കറിയാം... " "എന്തുകൊണ്ട്... നീ എന്നെ ഇഷ്ടമാണ് എന്നു പറഞ്ഞ ആ നിമിഷം മുതൽ എന്റേതുമാത്രമാണ്... നിന്നെ ഒരാൾക്കും ഞാൻ വിട്ടുകൊടുക്കില്ല.. ഒരിക്കൽ എന്റെ അശ്രദ്ധയുടെ ഫലമാണ് മായയെ എനിക്ക് നഷ്ടമായത്... ഇനി അങ്ങനെയൊന്നുണ്ടാവില്ല... എന്റെ തല മണ്ണിൽകുത്തുന്നതുവരെ നിന്നെ ഒരുത്തനും ഒന്നും ചെയ്യില്ല... ആ ഉറപ്പ് ഞാൻ തരാം... പിന്നെ നിന്നെയും എന്നേയും രണ്ടായി മാറ്റുന്ന ഒന്നുണ്ട്... നിന്റെ മുൻവിവാഹം... അത് നമുക്ക് ശരിയാക്കാം... അതിനിവിടെ നിയമവും കോടതിതിയുമൊക്കെയുണ്ടല്ലോ.. എല്ലാം നമുക്കനുകൂലമായി വരും... " "പിന്നേ എഴുന്നേറ്റിരിക്കാൻപോലും വയ്യ... എന്നിട്ടാണ് എന്നെ ആർക്കും വിട്ടുകൊടുക്കാതെ നോക്കുന്നത്... ആദ്യം സ്വന്തം ശരീരം ഫലപ്പെടുത്താൻ നോക്ക്... എന്നിട്ടുമതി മനക്കോട്ട കെട്ടുന്നത്... "

ഭദ്ര ചൂടുവെള്ളത്തിന്റെ പാത്രവും തോർത്തുമായി മുറിയിൽ നിന്നും പുറത്തേക്ക് പോയി... കുറച്ചു കഴിഞ്ഞവൾ വാതിൽക്കലേക്ക് വന്നു... "എന്നാൽ ഞാൻ പോവുകയാണ്... കഞ്ഞിയുമായി വരാം... അതു കുടിച്ച് മരുന്നും കഴിച്ച് സുഖമായി ഒന്നുറങ്ങിക്കോ... " ഭദ്ര ചിരിച്ചുകൊണ്ട് നടന്നു... ദിവസങ്ങൾ കടന്നുപോയി... അച്ചുവിന്റെ മുറിവ് കരിഞ്ഞു... ഇപ്പോൾ വേദനയെല്ലാം കുറഞ്ഞു... ജോലിക്ക് പൊയ്ക്കോളാൻ ഡോക്ടർ പറഞ്ഞെങ്കിലും കറിയാച്ചനും ജിമ്മിച്ചനും പറഞ്ഞതിൽ പ്രകാരം നാലുദിവസം കൂടി കഴിഞ്ഞ് പോകുമെന്ന് തീരുമാനിച്ചു... അന്ന് വൈകീട്ട് അച്ചു എന്തോ സ്വപ്നവും കണ്ട് കണ്ണടച്ച് കട്ടിലിൽ കിടക്കുകയായിരുന്നു... ഇടക്കിടക്ക് അവന്റെ മുഖത്ത് പുഞ്ചിരി തെളിയുന്നുമുണ്ട്... ആ സമയത്താണ് കിച്ചു അവിടേക്ക് വന്നത്... അവന്റെ കിടപ്പും മുഖത്തെ പുഞ്ചിരിയും കണ്ട് അവനെന്തോ പന്തികേട് തോന്നി... " "ഹലോ അർജ്ജുൻ എന്ന അച്ചു... ഇതെന്താ ദിവാസ്വപ്നവും കണ്ട് ചിരിക്കുന്നുണ്ടല്ലോ... പ്രിയ്യപ്പെട്ടതെന്തോ മനസ്സിനെ കീഴടക്കിയതുപോലുണ്ടല്ലോ... "

കഴിച്ചു പറഞ്ഞതു കേട്ട് അച്ചു പതിയെ കണ്ണു തുറന്ന് കിച്ചുവിനെ നോക്കി... " "എന്താ സ്വപ്നം കാണരുതെന്ന് ഇന്ത്യൻ ഭരണഘടനയിൽ പറയുന്നുണ്ടോ..." "അതില്ല... പക്ഷേ അച്ചുവേട്ടൻ സ്വപ്നം കാണുന്നത് ചരിത്രമാണല്ലോ... ആരാണാവോ എന്റെ അച്ചുവേട്ടനെ ഇങ്ങനെ മയക്കിയെടുത്തത്... " "അതോ... അതാരായിരിക്കും... നീ തന്നെ പറ... " "എനിക്കെങ്ങനെയറിയാം... പക്ഷേ ചിലതൊക്കെ ഞാനും കാണുന്നുണ്ട്... അതിലൂടെ ചിലത് ഊഹിച്ചെടുക്കാനും പറ്റുന്നുണ്ട്... പക്ഷേ അത് രണ്ട് ഹൃദയങ്ങളിലുമുണ്ടോ എന്നാണ് സംശയം... അതറിഞ്ഞിട്ടുപോരെ സ്വപ്നംകാണൽ... പിന്നീടത് തീരാവേദനയായി മാറരുത്... " "നീ പറഞ്ഞത് സത്യമാണ്... പക്ഷേ അത് രണ്ടുപേർക്കും ഒരുപോലെയാണെങ്കിലോ... " അച്ചു പറഞ്ഞതു കേട്ട് കിച്ചു മനസ്സിലാകാത്തതുപോലെ അവനെ നോക്കി... "നീ സംശയിക്കേണ്ട... ഞാൻ പറഞ്ഞത് സത്യമാണ്... നിന്റെ ചേച്ചിയത് എന്നോട് പറഞ്ഞു... അവളുടെ മനസ്സിന്റെ ഒരു കോണിൽ എന്നെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്ന്... എന്നാൽ അത് യാഥാർത്ഥ്യമാകാൻ ഇനിയും കടമ്പകൾ കടക്കാനുണ്ടെന്നും പറഞ്ഞു... " "സത്യമായിട്ടും... അപ്പോൾ എന്റെ മനസ്സറിഞ്ഞുള്ള പ്രാർത്ഥന ദൈവം കേട്ടു... അപ്പോൾ ഈ പഴയ മുരടൻ എന്റെ അളിയനാകാൻ പോവുകയാണല്ലേ... "

"അതെന്റെ വിധി... നിന്നെപ്പോലെ മന്തബുദ്ധി എന്റെ അളിയനാകുമല്ലോ എന്നതാണ് വലിയ പ്രശ്നം... എന്തുചെയ്യാനാണ്.. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ... " അച്ചു അതു പറഞ്ഞതും പുറത്തു ഒരു കാറിന്റെ ഹോൺ കേട്ടു... " "അത് ജിമ്മിച്ചന്റെ കാറാണല്ലോ... എന്താണാവോ ഈ സമയത്ത്... " അച്ചു ചോദിച്ചു... "അച്ചുവേട്ടനെ കാണാനല്ലാതെ പിന്നെയെന്തിനാണ്... " കിച്ചു ചോദിച്ചു.. "ഏതായാലും നീ വാ... " അച്ചു കിച്ചുവിനോട് പറഞ്ഞ് ഉമ്മറത്തേക്ക് നടന്നു.. "ജിമ്മിച്ചൻ കാറിൽ നിന്ന് രണ്ടുമൂന്ന് കവറുമെടുത്ത് അവിടേക്ക് വന്നു... "എന്താ ജിമ്മിച്ചാ ഈ രാത്രിയിൽ... " അച്ചു ചോദിച്ചു... "അതുനല്ല തമാശ... എനിക്ക് ഇവിടേക്ക് വരാൻ സമയം നോക്കണോ... " "അയ്യോ അതുകൊണ്ട് പറഞ്ഞതല്ല... ഇതുവരെ ഈ നേരത്ത് ജിമ്മിച്ചൻ ഇവിടേക്ക് വന്നിട്ടില്ല... എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് സംശയിച്ചു... " "ഇപ്പോൾ പ്രശ്നമൊന്നുമില്ല... അതിനുപകരം ഒരു സന്തോഷവാർത്തയുണ്ട്... അത് പറയാം... വാ നമുക്ക് കിച്ചുവിന്റെ ചേച്ചിയെ കാണാൻ അവിടേക്ക് പോകാം... സന്തോഷം പങ്കുവക്കുമ്പോൾ എല്ലാവരും ഒന്നിച്ചുള്ളതല്ലേ നല്ലത്... " "അത് നല്ല തീരുമാനം... എന്നാൽ വരൂ... " അച്ചുവും കിച്ചുവും ജിമ്മിച്ചനുംകൂടി ആതിരയുടെ വീട്ടിലേക്ക് നടന്നു...

കാറിന്റെ ഹൊണടികേട്ടപ്പോൾ തന്നെ ഭദ്രയും ആതിരയും ഉമ്മറത്തേക്ക് വന്നിരുന്നു... " "ജിമ്മിച്ചന് ഈ വീട്ടിലേക്ക് വരാനൊക്കെ പറ്റുമല്ലേ... അച്ചുവേട്ടനെ കാണാൻ വന്നാലും ഇവിടേക്കൊന്നും കയറുകപോലുമില്ല... " ആതിര പറഞ്ഞു... "ആ പരാതി ഇപ്പോൾ തീർന്നില്ലേ... " "തീർന്നു... അകത്തേക്ക് കയറിവരൂ... " ആതിര പറഞ്ഞു... "അവർ അകത്തേക്ക് കയറി... " "ഞാൻ വന്നതിന്റെ ഉദ്ദേശം നാളെ വല്ല്യപ്പച്ചന്റെ ഓർമ്മദിവസമാണ്... മാത്രവുമല്ല അപ്പച്ചന്റെ അറുപതാം പിറന്നാളാണ് നിങ്ങളുടെ കൂടെകൂടി ആ വിശേഷം ആർഭാടമാക്കാമെന്ന് കരുതി... നിങ്ങൾക്ക് ആ ദിവസം ഒരാഘോഷമല്ലേ... അതുപോലെ ആവട്ടെയെന്നുകരുതി... ക്ഷണിക്കാൻ കൂടിയാണ് വന്നത്... നാളെ വൈകീട്ട് വീട്ടിലേക്ക് എല്ലാവരും വരണം... പിന്നെ വല്ല്യപ്പച്ചന്റെ ഓർമ്മക്ക് എല്ലാവർഷവും ചെയ്യുന്നതുപോലെ കുറച്ചുപേർക്ക് എന്തെങ്കിലും കൊടുക്കുന്ന പതിവുണ്ടല്ലോ... ഇത് കുറച്ച് ഡ്രസ്സാണ്... എല്ലാർക്കുമുണ്ട്... പുതിയ ആൾക്കും വാങ്ങിച്ചിട്ടുണ്ട്... ഇഷ്ടമാകുമോ എന്നറിയില്ല ... എന്റെ വൈഫ് മിയയുടെ സെലക്ഷനാണ്... " "അതെന്താ ജിമ്മിച്ചാ അങ്ങനെ... ഞങ്ങൾക്ക് ഇവിടെ ദൈവം കഴിഞ്ഞാൽ... അല്ലെങ്കിൽ അതുപോലെയുള്ളവരാണ് നിങ്ങളൊക്കെ...

ആ നിങ്ങൾ തരുന്നത് ഇഷ്ടമാകാതിരുക്കുമോ... " ആതിര ചോദിച്ചു... "അങ്ങനെ പുകഴ്ത്തല്ലേ... വല്ല്യപ്പച്ചന്റെ ആഗ്രഹത്തിനപ്പുറം എന്റെ അപ്പച്ചനോ ഞങ്ങളോ എതിര് നിന്നിട്ടില്ല... അതിനി ഉണ്ടാവുകയുമില്ല... " ജിമ്മിച്ചൻ ഒരു കവർ ആതിരയേയും മറ്റൊരു കവർ ശ്രീധരനും ഏൽപ്പിച്ചു... അതിനുശേഷം ഭദ്രയുടെ അടുത്തേക്ക് ചെന്നു... "അന്ന് പറഞ്ഞതുപോലെ എനിക്ക് വൈകി കിട്ടിയ അനിയത്തിയാണ് താൻ... ആദ്യമായിട്ട് ഒരേട്ടൻ തരുന്നതുപോലെ ഇത് സന്തോഷത്തോടെ സ്വീകരിക്കണം... " ഭദ്ര നിറഞ്ഞ സന്തോഷത്തോടെ എന്നാൽ അതിലുപരി നിറകണ്ണുകളോടെ ജിമ്മിച്ചന്റെ കയ്യിൽനിന്നും ആ കവർ വാങ്ങിച്ചു... " "എനിക്ക് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല... യഥാർത്ഥ സ്നേഹമെന്താണെന്ന് ഇവിടെ വന്നപ്പോഴാണ് ഞാനറിഞ്ഞത്... ഇപ്പോൾ എനിക്ക് ജീവിക്കാൻ കൊതിതോന്നുകയാണ്... " "എന്താണിത്... നിനക്ക് ഇവിടെ ഒന്നിനും ഒരു കുറവുമുണ്ടായില്ല... ഇനിമുതൽ ഈ കണ്ണുനിറയാതെ ജീവിക്കണം... നിന്നെ എഴുതിതള്ളിവരുടേയും ദ്രോഹിച്ചവരുടേയും മുന്നിൽ ജയിച്ചു കാണിക്കണം...

അതിന് വേണ്ടി ഒരു സന്തോഷ വാർത്തയുമായിട്ടാണ് ഞാൻ വന്നത്... നിനക്ക് നീയാഗ്രഹിച്ചതുപോലെ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്... അത് നിന്റെ പ്രിയ കൂട്ടുകാരി ആതിര ജോലിചെയ്യുന്ന അതേ ബാങ്കിൽ... എന്താ സന്തോഷമായല്ലോ... " ഭദ്ര സന്തോഷത്തോടെ ആതിരയെ നോക്കി... പിന്നെ അച്ചുവിനേയും കിച്ചുവിനേയും... അവൾ പെട്ടന്ന് കുനിഞ്ഞ് ജിമ്മിച്ചന്റെ കാലിൽ തൊട്ട് വന്ദിച്ചു... "എന്തായിത് കാണിക്കുന്നത്... "ജിമ്മിച്ചനവളെ പിടിച്ചെഴുന്നേൽപ്പിച്ചു... "ഇവർ പറയുന്ന ഇവരുടെ ദൈവം ഇനി എന്റേതു കൂടിയാണ്... ഒരുപാട് നന്ദിയുണ്ട്... " ഭദ്ര കൈകൂപ്പിക്കൊണ്ട് പറഞ്ഞു... "നന്ദിയോ എന്തിന്... ഒരേട്ടൻ അനിയത്തിക്ക് ജോലി വാങ്ങിച്ചുകൊടുക്കുന്നതിന് നന്ദിയെന്തിനാണ്... ഇനി നീ തോൽക്കാതിരുന്നാൽ മതി... പിന്നെ ഞാൻ വക്കീലിനെ കണ്ടിരുന്നു... എല്ലാം അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്... അടുത്തുതന്നെ നിന്നെ വിളിക്കും..

. അതിന് നിന്റെ ഫോൺ നമ്പർ അദ്ദേഹത്തിന് കൊടുക്കാൻ പറഞ്ഞിട്ടുണ്ട്... " "അയ്യോ അതിന് ഇപ്പോൾ എന്റെ കയ്യിൽ തരാൻ നമ്പറില്ല... ഉണ്ടായിരുന്ന സിം ഞാൻ പ്രകാശേട്ടന്റെ വിളി ഭയന്ന് നശിപ്പിച്ചു... " "അത് പ്രശ്നമില്ല... നമുക്കൊരു പുതിയ കണക്ഷനെടുക്കാം... " "പെട്ടന്ന് ജിമ്മിച്ചന്റെ ഫോൺ റിംഗ് ചെയ്തു... ജിമ്മിച്ചൻ കോളെടുത്ത് പുറത്തേക്ക് പോയി... കുറച്ചുകഴിഞ്ഞ് സന്തോഷത്തോടെയാണ് അവൻ വന്നത്... " "നമുക്ക് ഭാഗ്യം എല്ലാം ഒന്നിച്ചാണല്ലോ വരുന്നത്... ഇപ്പോൾ വിളിച്ചതാരാണെന്നറിയോ... കാർത്തിക്... ഇവിടുത്തെ കൈക്കൂലിക്കാരൻ സി ഐക്കു പകരം നാളെ ചാർജ്ജെടുക്കുന്ന പുതിയ സി.ഐ... ഇനി ഭദ്രക്കും ആതിരക്കും ആരേയും പേടിക്കാതെ ജീവിക്കാം... ആള് പുലിയാണ്... അവന്റെ മുന്നിൽ ഒരുത്തനും വാലുപൊക്കില്ല... പൊക്കിപ്പിക്കില്ല കാർത്തിക്..." ......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story