മറുതീരം തേടി: ഭാഗം 26

marutheeram thedi

രചന: രാജേഷ് രാജു

"ഇതൊക്കെ ചോദിക്കാൻ നീയാരാടാ... " ബാബു ചോദിച്ചു... " കാർത്തിക്... ഇവിടെ പുതിയതായി ചാർജ്ജെടുക്കാൻ വന്ന ഒരു പാവം സിഐ ആണ്... എന്താ അതിന് വല്ല കുഴപ്പവുമുണ്ടോ... " അതുകേട്ട് മുനീറും ബാബുവും ഞെട്ടി... "സാർ.. ഞങ്ങൾ ആളറിയാറാതെ... " "അയ്യോ എന്തൊരു എളിമ.. അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... പണ്ട് ഞാൻ ഇവിടെയുള്ളവർക്ക് വാണിംഗ് തന്നതാണ്... എന്നിട്ടും നിങ്ങൾ നിങ്ങളുടെ സ്വഭാവം മാറ്റിയില്ല അല്ലേ... " "അതല്ല സാർ... ആ വഴി റോഡ് ഒരുപാട് വളവുതിരിവാണ്.... മാത്രമല്ല റോഡ് വളരെ മോശവുമാണ്... അതിലെ നാലുതവണ ഓടിയാൽ വണ്ടിക്ക് പണിവരും അതാണ് കൂടുതൽ വാങ്ങിക്കുന്നത്... " ബാബു പറഞ്ഞു... "നിലവിൽ ആ വഴി എത്രരൂപയാണ് വാടക... " കാർത്തിക് ചോദിച്ചു... "അത് പിന്നെ... " "വേണ്ട നിങ്ങൾ പറയേണ്ട..... " കാർത്തിക് ചുറ്റുമൊന്ന് നോക്കി... റോഡിന്റെ മറുവശത്ത് രണ്ടുമൂന്ന് ഓട്ടോകൾ നിർത്തിയിട്ടത് കണ്ടു.. അവൻ അതിൽ പ്രായമായ ഒരു മനുഷ്യൻ ഇരിക്കുന്ന ഓട്ടോ കൈ കാണിച്ച് വിളിച്ചു...

"ഇന്ന് വൈകുന്നേരത്തിനുള്ളിൽ രണ്ടുപേരും വണ്ടിയും പെർമിറ്റുമായി സ്റ്റേഷനിൽ വരണം... ഇല്ലെങ്കിൽ ഞാൻ ഇവിടേക്ക് വരും... അന്നേരം ഇങ്ങനെയാവില്ല കാര്യങ്ങൾ... " കാർത്തിക് വിളിച്ച ഓട്ടോ അവന്റെയടുത്ത് വന്നുനിന്നു... മുനീറിന്റെ വണ്ടിയുടെ ചാവി അവന് കൊടുത്ത് കാർത്തിക് ആ ഓട്ടോയിൽ കയറി... അപ്പോൾ പറഞ്ഞത് മറക്കേണ്ട... ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മുന്നേ വന്നിരിക്കണം... ഇല്ലെങ്കിൽ ഞാൻ വരും... നിങ്ങൾ ഏത് പാതാളത്തിൽ പോയി ഒളിച്ചാലും അവിടെയെത്തും ഞാൻ... " കാർത്തിക് ഓട്ടോക്കാരനോട് പോകാമെന്ന് പറഞ്ഞു "എവിടേക്കാണ് സാറേ.. സ്റ്റേഷനിലേക്കാണോ... " ആ പ്രായമായ ഡ്രൈവർ ചോദിച്ചു... "അല്ല... കറിയാച്ചൻമുതലാളിയുടെ വീട്ടിലേക്ക്... " അയാൾ ഓട്ടോ എടുത്തു... "സാറിന് വീണ്ടും ഇവിടേക്ക് മാറ്റം കിട്ടിയോ... സിഐ ആയി പ്രമോഷൻ കിട്ടി പോയതല്ലേ... " "അതെ ഇപ്പോൾ ഇവിടേക്കുതന്നെ കിട്ടി... നിങ്ങൾ... നിങ്ങളെ ഞാൻ കണ്ട് നല്ല പരിചയം തോന്നുന്നല്ലോ... നമ്മൾ തമ്മിൽ... " കാർത്തിക് സംശയത്തോടെ ചോദിച്ചു...

"സാറ് മറന്നു... ഞാൻ സുകുമാരൻ... പണ്ട് സാറ് ഇവിടെ എസ്ഐ ആയ സമയത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്... സാറ് അന്ന് താമസിച്ചിരുന്ന വീടിന്റെയടുത്ത് താമസിച്ചിരുന്ന... " "ഓ... ഇപ്പോൾ ഓർമ്മവന്നു... സുകുമാരേട്ടൻ... ഹരി കൃഷ്ണന്റെ അച്ഛൻ... " "അതെ... അതുതന്നെ... എന്താ സാറെ അവിടെ പ്രശ്നം... " "അതൊന്നുമല്ല... ചാർജ്ജിനെപ്പറ്റി ചെറിയൊരു പ്രശ്നം... ഇവിടെനിന്ന് കറിയാച്ചൻമുതലാളിയുടെ വീട്ടിലേക്ക് നൂറുരൂപ വേണമെന്ന്... " "അവർ അങ്ങനെയാണ് തോന്നുന്ന ചാർജ്ജാണ് വാങ്ങിക്കുന്നത്... ആകെ അറുപത് രൂപയുടെ ഓട്ടമാണ് അവിടേക്ക്... അത് കരക്ടായിവാങ്ങിക്കുന്ന ഞങ്ങളെപ്പോലെയുള്ളവരെ സ്റ്റാന്റിലേക്ക് അടുപ്പിക്കില്ല... എല്ലാം ധർമ്മരാജന്റെ ആളുകളാണ്.. കറിയാച്ചൻമുതലാളിക്ക് ഈ വഴി വല്ലാതെ ശ്രദ്ധിക്കാത്തതുകൊണ്ട് തോന്നിയതുപോലെയാണ് കാര്യങ്ങൾ... എല്ലാറ്റിനും ആ എസ്ഐ സുഗുണൻസാറിന്റെ ഒത്താശയുമുണ്ട്... ഞങ്ങൾ നാലഞ്ചുപേർക്ക് മാത്രം റോഡിന്റെ മറുഭാഗത്തേ സ്ഥാനമുള്ളൂ... വരുന്ന ഓട്ടം പോലും അവർ മുടക്കും... "

"അതുശരി.. അങ്ങനെയാണോ കാര്യങ്ങൾ... എല്ലാം നമുക്ക് ശരിയാക്കാം... പിന്നെ ഹരികൃഷ്ണന് ഇപ്പോഴെന്താണ് ജോലി... " "അവന് പെയിന്റിങ്ങാണ്... രാത്രി ചില ദിവസങ്ങളിൽ അവൻ ഈ വണ്ടിയോടിക്കും... " "അവന്റെ വിവാഹം കഴിഞ്ഞില്ലേ... " "കഴിഞ്ഞു... ഒരു മകളുണ്ട്..... " "ഈ ധർമ്മരാജൻ എന്നു പറയുന്ന ആൾ പണ്ട് ചാരായം വാറ്റി പിടിക്കപ്പെട്ട ആളല്ലേ... " "അതേ അതുതന്നെ... ഇപ്പോൾ അയാൾ വലിയ മുതലാളിയാണ്.. പണ്ടത്തെപ്പോലെ ചാരായം വാറ്റലല്ല... സ്പിരിറ്റ് കടത്തലാണ് അയാളുടെ മെയിൻ ബിസിനസ്സ്... പക്ഷേ അയാളെ അങ്ങനെയൊരു രീതിയിൽ ഒരു നിയമത്തിനും കുടുക്കാൻ കഴിയില്ല... കാരണം എന്തിനും ഏതിനും വിശ്വസ്തരായ ആളുകൾ എവിടെയൊക്കെയോ അയാൾക്കുണ്ട്... അവരാണ് ആ ബിസിനസ്സ് ഡീൽ ചെയ്യുന്നത്... ധർമ്മരാജനെതിരെ ഒരു തെളിവുപോലും കണ്ടുപിടിക്കാൻ കഴിയില്ല... " "അന്നേരം അയാളെ തൊടാൻപോലും കഴിയില്ലെന്ന് സാരം... നമുക്ക് നോക്കാം... എന്റെ ആദ്യ പോസ്റ്റ് ഇവിടുന്നായിരുന്നു... അന്ന് ഈ ധർമ്മരാജൻ വെറുമൊരു ചാരായം വാറ്റുന്ന ക്രിമിനൽ... നാല് വർഷം കൊണ്ട് അയാൾ ഇത്രവലിയ പേടിസ്വപ്നമാവണമെങ്കിൽ കുറച്ചൊന്നുമല്ല അയാളുടെ കളികൾ...

ഏതായാലും ആരും ഇടപെട്ട് സ്ഥലം മാറ്റിയില്ലെങ്കിൽ കുറച്ചുകാലം ഞാനിവിടെയുണ്ടാകും നമുക്ക് നോക്കാം... " "സൂക്ഷിക്കണം സാറേ... പണ്ടത്തെ ധർമ്മരാജനല്ല അവനിപ്പോൾ എന്തിനും പോന്ന കുറച്ചെണ്ണത്തിനെ തീറ്റിപോറ്റുന്നുണ്ട് അവൻ... എന്തും ചെയ്യാൻ മടിക്കില്ല അവർ... നേരത്തെ കണ്ട മുനീറും ബാബുവും ആ കൂട്ടത്തിലുള്ളവരാണ്... സാറിനെ അത്രക്ക് പരിചയമുള്ളതുകൊണ്ട് പറയുകയാണ്... ഒറ്റക്കൊന്നും അവരെ നേരിടാൻ പോവല്ലേ... " "നമുക്ക് ശരിയാക്കാം സുകുമാരേട്ടാ... " അവർ കറിയാച്ചൻമുതലാളിയുടെ വീടിന്റെ ഗെയ്റ്റിനുമുന്നിലെത്തി... കാർത്തിക് ഓട്ടോയിൽ നിന്നിറങ്ങി തന്റെ പേഴ്സെടുത്ത് നൂറുരൂപ സുകുമാരന്റെ നേരെ നീട്ടി... "വേണ്ട സാറേ... ഇത് ഞാൻ വാങ്ങിക്കില്ല... സാറ് ചെയ്തുതന്ന ഉപകാരത്തിന് ഇതെങ്കിലും ഞാൻചെയ്യേണ്ടേ... " സുകുമാരൻ പറഞ്ഞു... "അത് പറ്റില്ല... വണ്ടി ഓടിയ ചാർജ്ജ് വാങ്ങിക്കണം... ഉപകാരങ്ങൾ ആര് ആർക്ക് എപ്പോൾ ചെയ്യേണ്ടിവരുമെന്ന് പറയാൻ പറ്റില്ല... അതുകൊണ്ട് ഉപകാരം വേറെ ഓട്ടോ ചാർജ്ജ് വേറെ... "

സുകുമാരൻ മനസ്സില്ലാ മനസ്സോടെ അത് വാങ്ങിച്ചു.. പിന്നെകീശയിൽനിന്ന് ബാക്കി പണം അവന് നേരെ നീട്ടി... "അത് അവിടെ നിൽക്കട്ടെ... ഇനി വിളിക്കുമ്പോൾ ശരിയാക്കാമല്ലോ... " അതു പറഞ്ഞ് തന്റെ ബാഗുമെടുത്ത് ഗെയ്റ്റ് തുറന്ന് അകത്തേക്ക് നടന്നു... അവിടെ പന്തൽ ഡെക്രേഷൻവർക്ക് നടക്കുന്നുണ്ടായിരുന്നു... കാർത്തിക് ഒരു നിമിഷം സംശയിച്ചുനിന്നു... എന്നാൽ ബാൽക്കണിയിൽനിന്നും അവനെ കണ്ട ജിമ്മിച്ചൻ പെട്ടന്ന് താഴേക്കു വന്നു... "എന്താടോ പന്തം കണ്ട പെരുച്ചായിയെപ്പോലെ നിൽക്കുന്നത്... കയറിവാടോ... " ഉമ്മറത്തെത്തിയ ജിമ്മിച്ചൻ പറഞ്ഞു... "എന്താടോ ഇന്നിവിടെ എന്തെങ്കിലും വിശേഷമുണ്ടോ... " കാർത്തിക് ചോദിച്ചു... "ഉണ്ട്... ഇന്നൊരു വിശേഷമുണ്ട്... എന്റെ അപ്പച്ചന്റെ പിറന്നാളാണ്... ചെറിയൊരു പാർട്ടി നടത്തുന്നുണ്ട്... പിന്നെ വല്ല്യപ്പച്ചന്റെ ഓർമ്മദിവസവുമാണ്.. " "അതുശരി... അപ്പോൾ ഞാൻ വന്നദിവസം കൊള്ളാം... എവിടെ നിന്റെ അപ്പച്ചൻ... " "പള്ളിയിൽ പോയതാണ് എല്ലാവരും... നീ വരുമെന്ന് അറിയുന്നതുകൊണ്ട് ഞാൻ നേരത്തേ പോന്നു... വാ കയറിയിരിക്ക്... "

ഇരിക്കാൻ സമയമില്ല... ഇന്ന് ചാർജ്ജെടുക്കുകയല്ലേ... സ്റ്റേഷനിൽ പോകണം... " "അത് പോകാം... എവിടെ നിന്റെ മോള്... നീ കാറിനല്ലേ വന്നത്... " "അല്ല ബസ്സിലാണ്... അതുകൊണ്ട് ചില അവൻമാരെ പരിചയപ്പെടാൻ കഴിഞ്ഞു... " കാർത്തിക് ഓട്ടോസ്റ്റാന്റിൽ ഉണ്ടായ പ്രശ്നങ്ങൾ പറഞ്ഞു... "അത് ആ ധർമ്മരാജന്റെ ആളുകളാണ്... കുറച്ചുമുന്നേ ഈ കവലയിലും അവരുടെ കളി കളിച്ചുനോക്കി... അപ്പച്ചൻ ഇടപെട്ടാണ് അത് നിർത്തിച്ചത്... അതിന്റെ ദേഷ്യം അയാൾക്ക് അപ്പച്ചനോടുണ്ട്... " "പണ്ട് ഞാനിവിടെയുണ്ടായ സമയത്ത് അയാളൊന്നുമല്ലായിരുന്നല്ലോ... നാലു വർഷംകൊണ്ട് അയാൾ ഈ നാടുതന്നെ കൈപ്പിടിയിലൊതുക്കിയല്ലേ... " "എങ്ങനെ കൈപ്പിടിയിലൊതുക്കാതിരിക്കും... നീ പോയതിനുശേഷം ഇവിടെ വന്നിരുന്ന എസ് ഐയും, സി ഐയും അയാൾക്ക് വേണ്ട ഒത്താശ കൊടുക്കുകയല്ലേ... നാട്ടുകാർക്കുതന്നെ ഇപ്പോൾ പോലീസിൽ വിശ്വാസമില്ലാതായി... അയാളുണ്ടെന്ന ധൈര്യത്തോടെ പല ചട്ടമ്പി കളും ഇവിടെ വിലസുന്നുണ്ട്... ഇതൊക്കെയാണ് നിന്നെ ഇവിടേക്ക് വരുത്തിക്കാൻ കാരണം തന്നെ... "

"അതു ശരി... അപ്പോൾ അവരുടെ കൈ കരുത്ത് പാവം എന്റെ ശരീരത്തിൽ തീർത്തോട്ടെ എന്നാണോ... " "അയ്യടാ... ഒരു പാവത്താൻ... നിന്നെ എനിക്കറിയുന്നതുപോലെ മറ്റാർക്കാണ് അറിയുക... അതവിടെ നിൽക്കട്ടെ... അച്ഛനും അമ്മക്കും മകൾക്കും സുഖമല്ലേ... " "പരമ സുഖം... വൈകീട്ട് അവരെത്തും... അവർ വരുന്നതുകൊണ്ടാണ് കാറ് ഞാൻ എടുക്കാതിരുന്നത്... അവർ അതിൽ വന്നോട്ടേ എന്നുകരുതി... പിന്നെ വീട്ടുസാധനങ്ങൾ കൊണ്ടുവരാനുമുണ്ടല്ലോ" "ആണോ... അപ്പോൾ കർക്കശ സ്വഭാവമുള്ള നിന്റെ അച്ഛന്റെ വിടുവായിത്തം ഇനിമുതൽ കേൾക്കേണ്ടി വരുമല്ലേ... പഴയ കോൺസ്റ്റബിൾ നാരായണന്റെ സർവ്വീസ്ജീവിതത്തിലെ വീരഗാഥകൾ പറഞ്ഞ് പറഞ്ഞ് മറ്റുള്ളവരെ വെറുപ്പിച്ച് കയ്യിൽ തരും... ഇപ്പോൾ അതിന് എന്തെങ്കിലും മാറ്റമുണ്ടോ... " "എവിടെ... ആ പഴയ ആളുതന്നെയാണ് ഇപ്പോഴും... രണ്ടു വയസ്സായ എന്റെ മോളെപ്പോലും വെറുതെ വിടില്ല... അതാണ് അവസ്ഥ... എന്നാലും മോളെന്നുപറഞ്ഞാൽ അച്ഛന് ജീവനാണ്... അമ്മക്കുമതെ... ഞാൻ മോളെ കൂടെ കൂട്ടാനിരുന്നതാണ്...

അവർ സമ്മതിച്ചില്ല... അവള് പോയതിൽപ്പിന്നെ മോൾക്ക് അമ്മയും അച്ഛനും അവരാണ്... എന്നെ കണ്ടില്ലെങ്കിലും പ്രശ്നമില്ല... പിന്നെ എനിക്ക് താമസിക്കാൻ എവിടെയാണ് വീടൊരുക്കിയത്... ആ പഴയ വീടുതന്നെയാണോ..." "ആ വീട്ടിലിപ്പോൽ വേറെ താമസക്കാരാണ്... നിനക്ക് ആ കാണുന്ന വീടാണ് ഒരുക്കിയിരിക്കുന്നത്... " ജിമ്മിച്ചൻ റോഡിന്റെ മറുഭാഗത്തുള്ള വലിയ വീട് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു... "എന്റെ അനിയത്തിക്കുവേണ്ടി അപ്പച്ചൻ പണി കഴിപ്പിച്ചതാണ്... നാട്ടിൽ വരുമ്പോൾ അവർക്ക് അവിടെ നിൽക്കാമല്ലോ എന്നുകരുതി... എന്നിട്ടെന്തുകാര്യം... എന്റെ അനിയത്തിയല്ലേ... അവൾ അവിടെ നിൽക്കുമോ... ഇവിടെത്തന്നെയാണ് നിൽക്കുന്നത്... അവൾ ഇന്നലെ വന്നിട്ടുണ്ട്..." "ആ വീടോ... അത്രയും വലിയ വീട്ടിൽ എങ്ങനെ നിൽക്കും...

പണിയെടുത്ത് എന്റെ അമ്മയുടെ കഥ കഴിയും... മാത്രമല്ല ആ വീടിനുള്ള വാടകയൊന്നും എനിക്ക് തരാൻ കഴിയില്ല മോനേ..." "അതിന് നിന്നോട് വാടക ആരെങ്കിലും ചോദിച്ചോ... പിന്നെ വീട് വൃത്തിയാക്കാൻ ആരെയെങ്കിലും നമുക്ക് ഏർപ്പാടാക്കാം... ആഴ്ചയിൽ ഒരു ദിവസത്തെ കാര്യമല്ലേ... പിന്നെ നീ അത്രക്ക് വലിയ പുണ്യാളനാവേണ്ട... നിന്റെ വീടിന്റെ അത്രക്കല്ലേ ആ വീടുള്ളൂ... " "അതിന് പഴി കേൾക്കാത്ത ദിവസമില്ല... ഇവിടെ വരുമ്പോൾ ചെറിയ വീട്ടിൽ താമസിക്കാമെന്ന സന്തോഷത്തിലാണ് അമ്മ... സംസാരിച്ച് സമയം പോകുന്നു... നീ എന്നെ സ്റ്റേഷനിലൊന്ന് എത്തിക്കണം... പോയി വന്നതിനുശേഷം എല്ലാം നമുക്ക് വിശദമായി പറയാം... ".... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story