മറുതീരം തേടി: ഭാഗം 32

marutheeram thedi

രചന: രാജേഷ് രാജു

"അന്ന് നീ ഇതുപോലെയാണ് അച്ചുവിനെ ദ്രോഹിച്ചത്... അന്ന് അവന് പിന്നിൽ നിന്നും കുത്തേറ്റു... ഇനി നീ ഇതുപോലെ ഒരുത്തനെയും ചതിച്ച് വീഴ്ത്തരുത്... " പറഞ്ഞുതീരുംമുന്നേ ഹരികൃഷ്ണൻ വിനയന്റെ വലതുകൈ തന്റെ മുട്ടുകാലിൽവച്ച് ഇടിച്ചു... എല്ലുപൊട്ടുന്ന ശബ്ദം പുറത്തേക്ക് കേട്ടു... വിനയൻ അലറിക്കരഞ്ഞു... "ഹരി മതി... അവന് ആവശ്യത്തിനായി... ഇവരെയൊക്കെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം... അതിന് ആദ്യം ഇവനെയല്ല ഇവന് എന്തും ചെയ്തു കൊടുക്കുന്ന ആ ധർമ്മരാജനെയാണ് ഒതുക്കേണ്ടത്... " "അറിയാം കാർത്തി... പക്ഷേ ഇവന് ഇതുപോലൊന്ന് കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല... അന്ന് അച്ചുവിനെ വാരിയെടുത്ത് ഓടുമ്പോൾ ഞാൻ മനസ്സിൽ കുറിച്ചിട്ടതാണ് ഇത്... അതിനുശേഷം ഇവനെ ഇന്നാണ് കാണുന്നത്... " "ഇവന് ഇത് മതിയാവില്ല എന്നെനിക്കറിയാം... എന്നാൽ ഇപ്പോൾ നമ്മൾ കൂടുതൽ എന്തെങ്കിലും ചെയ്താൽ അതിന്റെ ഭവിഷ്യത്ത് എങ്ങനെയുള്ളതായിരിക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ല...

ആദ്യം ധർമ്മരാജൻ അത് കഴിഞ്ഞു മതി ഇവർ... പിന്നെ ഇവന് ആ ഭദ്രയോടുള്ള എന്തോ ഒരു പ്രതികാരമാണ് അന്ന് അച്ചുവിനോട് തീർത്തത്... ഇവനെ ഇനി കൈകാര്യം ചെയ്യേണ്ടത് നമ്മളല്ല... അച്ചുവും ഭദ്രയുമാണ്... അതിന് അവസരം വരും... " "അന്നേരം ഇപ്പോൾ ഇവരെയൊക്കെ വെറുതെ വിടണമെന്നാണോ പറയുന്നത്... " "അതെ... ഇപ്പോൾ നീ ചെയ്തതു തന്നെ ധാരാളം... ഇതു മതി ആ ധർമ്മരാജന് ഹാലിളകാൻ... " "ഉം.. എന്നാൽ വാ... നീ കറിയാച്ചൻ മുതലാളിയുടെ വീട്ടിലേക്കല്ലേ... ഞാനുമുണ്ട് അവിടേക്ക്... അമ്മയെ വീട്ടിലെത്തിച്ച് തിരിച്ചുപോവുകയായിരുന്നു... അന്നേരമാണ് നിന്റെ അഭ്യാസം കണ്ടത്... അത് കണ്ടപ്പോൾ ഇവിടെ നിന്നുപോയി... ഒരുപാടായില്ലേ നിന്റെ അഭ്യാസം കണ്ടിട്ട്... " അതുകേട്ട് കാർത്തിക് ചിരിച്ചു... പിന്നെ ഹരികൃഷ്ണനേയുംകൂട്ടി കാറിനടുത്തേക്ക് നടന്നു... കാറിൽ കയറി അവർ അവിടെനിന്നും പോയി... അപ്പോഴേക്കും ഷാജി വിനയനെ താങ്ങിപ്പിടിച്ച് ജീപ്പിൽ കയറ്റി അവിടെനിന്നും പോയിരുന്നു..

"കൊള്ളാം നല്ല ചുണയുള്ള പയ്യൻ... ഇവനെപ്പോലെയുള്ളവരാണ് ഇവിടെ വേണ്ടത്... എന്തൊരുമെയ്ക്കരുത്താണ് അവന്... " കടക്കാരൻ അവിടെയുണ്ടായിരുന്ന മറ്റൊരാളോട് പറഞ്ഞു... "ഗോപാലേട്ടന് ആളെ മനസ്സിലായില്ല എന്നു തോന്നുന്നു... അതാണ് കാർത്തിസാർ... ഇന്ന് ഇവിടെ ചാർജ്ജെടുത്ത പുതിയ സിഐ സാർ... നാലുവർഷം മുന്നേ ഇവിടെ എസ്ഐ ആയിരുന്നു... അന്ന് എല്ലാവർക്കും മനഃസമാധാനത്തോടെ ഇവിടെ കഴിയാമായിരുന്നു... പ്രമോഷൻകിട്ടി സാറ് പോയതിനുശേഷം ഓരോ മണ്ണിരകളും തല പൊക്കാൻ തുടങ്ങി... ഇനി പേടിക്കാതെ ജീവിക്കാം... " "അയാളാണോ അത്... ഞാനെന്തൊക്കെയോ അയാളോട് പറഞ്ഞുപോയി... " "അത് സാരമില്ല... അങ്ങനെ ക്രൂരമനസ്സുള്ള ആളല്ല... നല്ല സ്വഭാവത്തിനുടമയാണ്... അത് ഇനിയങ്ങോട്ട് ചേട്ടന് മനസ്സിലാകും..."

കറിയാച്ചന്റെ വീട്ടിലെത്തിയ കാർത്തിക് കാർ ജിമ്മിച്ചന്റെ അനിയത്തിയുടെ വീട്ടിലേക്ക് കയറ്റിനിർത്തി... പിന്നെ അവനും ഹരികൃഷ്ണനും കറിയാച്ചന്റെ വീട്ടിലേക്ക് നടന്നു... ക്ഷണപ്രകാരം എത്തിയവരിൽ അച്ചുവും കിച്ചുവും ഒഴികെ മറ്റെല്ലാവരും പോയിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.. കാർത്തിക്കിനേയും ഹരികൃഷ്ണനേയും കണ്ട് ജിമ്മിച്ചനും അച്ചുവും കിച്ചുവും അവരുടെയടുത്തേക്ക് വന്നു... കാർത്തിക്കിന്റെ ഡ്രസ്സിലെല്ലാം മണ്ണ് പുരണ്ടത് കണ്ട് ജിമ്മിച്ചന് ആദിയായി... "എന്താടാ എന്തു പറ്റി... ഡ്രസ്സെല്ലാം മണ്ണായിട്ടുണ്ടല്ലോ... എന്തെങ്കിലും പ്രശ്നമുണ്ടായോ... " "ആ ഒരു വലിയ മൽപ്പിടുത്തം കഴിഞ്ഞുള്ള വരവാണ്... അതിന്റെ അടയാളമാണ് ഇതെല്ലാം... " കാർത്തിക്ക് നടന്ന സംഭവങ്ങൾ പറഞ്ഞു... "എന്നിട്ട് നീയവനെ വെറുതേ വിട്ടോ... ഹരി ചെയ്തതാണ് ശരി... ആ വിനയന്റെ കൈ തല്ലിയൊടിച്ചില്ലേ... അതുപോലെ ഷാജിയുടെ കയ്യും കാലും തല്ലിയൊടിക്കണമായിരുന്നു... ഇരന്നു ജീവിക്കട്ടെ ഇനിയുള്ള കാലം എന്ന് കരുതണമായാരുന്നു...

അതുമല്ലെങ്കിൽ അവനെ പൊക്കി അകത്തിട്ട് പൂതി തീരുംവരെ നല്ലോണം പെരുമാറാമായിരുന്നില്ലേ... എന്നിട്ട് അവിടെത്തന്നെ കുറച്ചുകാലം ഇട്ടേക്കണം..." "എന്നിട്ട് എന്തിന്... കൊണ്ടുപോയതുപോലെ അവനെ ഇറക്കിക്കൊണ്ടുവരാൻ ആളുകളുണ്ടല്ലോ... ആദ്യം അവരെയാണ് പൂട്ടേണ്ടത്... അതിനുള്ള അവസരം വരും... അതിനുവേണ്ടിയുള്ള കാത്തിരിപ്പാണ് ഇനിയെനിക്ക്... " "ആ ധർമ്മരാജൻ ഒറ്റൊരുത്തനാണ് ഇവനൊക്കെ വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നത്... അയാളെ നിനക്ക് അത്ര പെട്ടന്നൊന്നും പൂട്ടാൻ പറ്റില്ല... നിന്റെ മുകളിലുള്ള പലരേയും പണംകൊടുത്ത് വശത്താക്കിയിരിക്കുകയാണ്... അയാൾ നടത്തുന്ന ബിസിനസുപോലും അയാളുടേതാണെന്ന ഒരു തെളിവു പോലും തെളിച്ചെടുക്കാൻ നമുക്ക് കഴിയില്ല... " "ഏത് വലിയവനും എന്തെങ്കിലുമൊരു വീക്നസുണ്ടാകും... അതുപോലെ ഒരിക്കലെങ്കിലും ഒരു ഇടറൽ ആർക്കും സംഭവിക്കും... അത് ആ ധർമ്മരാജനുമുണ്ടാകും... അന്ന് അവന്റെ പതനം തുടങ്ങും ആ ഒരു ദിവസമാണ് എനിക്കും വേണ്ടത്... " പെട്ടന്ന് ഒരു കാർ വന്ന് ഗെയ്റ്റിനിമുന്നിൽ നിന്നു... പുറകെ ഒരു മിനിലോറിയും... "എത്തിയയല്ലോ നിന്റെ അച്ഛനുമമ്മയും മകളും... നിന്റെ ഈ കോലത്തിൽ അവർ കാണേണ്ട... പോയി ഡ്രസ്സ് മാറി വാ... " ജിമ്മിച്ചൻ പറഞ്ഞു...

"അതു ശരിയാണ്... ഇങ്ങനെ കണ്ടാൽ ഇന്നേക്കിനി ഇത് മതിയാകും അമ്മക്ക്... നിങ്ങൾ അവരുടെയടുത്തേക്ക് നടന്നോ ഞാൻ ഡ്രസ്സ് മാറിവരാം... " കാർത്തിക് തന്റെ, ബാഗെടുക്കാനായി അകത്തേക്ക് നടന്നു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എടാ ഗിരീശാ.. ഏത് പാതാളത്തിലാണ് അവൾ പോയി കിടക്കുന്നത്... ഒരു പിടിയും കിട്ടുന്നില്ലല്ലോ... " പ്രകാശൻ തന്റെ കൂട്ടുകാരനോട് പറഞ്ഞു... "കണ്ടുപിടിച്ചിട്ട് എന്തിനാണ്... അവളെയങ്ങ് തീർക്കാനോ... ഇപ്പോൾ എവിടെയെങ്കിലും മനഃസമാധാനത്തോടെ ജീവിക്കുന്നുണ്ടാകും... അതുപോലെ ജീവിച്ചോട്ടെ... " "അങ്ങനെ മറ്റുള്ളവരുടെ സ്വസ്ഥത കളഞ്ഞ് അവൾ സുഖിച്ചു ജീവിക്കേണ്ട... എനിക്ക് അവളെ എന്റെ തലയിൽ വച്ച് തന്നതിന് കിട്ടിയ പത്തു നാൽപ്പത് പവൻ സ്വർണ്ണവും കൊണ്ടാണ് അവൾ പോയത്... അതെനിക്ക് വേണം... പിന്നെ അവളെ അങ്ങനെ വെറുതെ വിടുന്നതും എനിക്ക് ആപത്താണ്... അവൾ എനിക്കെതിരെ വല്ലതും ചെയ്താൽ ഞാൻ അഴിയെണ്ണേണ്ടി വരും... "എല്ലാം ചെയ്തുകൂട്ടുമ്പോൾ ഓർക്കണമായിരുന്നു...

അവൾ നിന്നോട് എന്ത് അപരാധമാണ് ചെയ്തത്... നിന്റെ ഭാര്യയായിപ്പോയി എന്നതോ... അതിന് നീ എത്രമാത്രം അവളെ ദ്രോഹിച്ചു... അവസാനം അവളെ അഴിഞ്ഞാടി നടക്കുന്നവളെന്നുപോലും നീ പറഞ്ഞുണ്ടാക്കി... ഏത് പെണ്ണാണ് അതൊക്കെ സഹിക്കുക... " "എല്ലാം ശരിയാണ്... ഞാനവളെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്... പലതും പറഞ്ഞ് അവളെ വേദനിപ്പിച്ചിട്ടുമുണ്ട്... അന്ന് എന്നെ ഉള്ള ജോലിയും ഇല്ലാതാക്കിയ ആ ജിമ്മിച്ചനോട് അവൾ കുറച്ച് സ്വാതന്ത്ര്യത്തോടെ പെരുമാറുന്നത് കണ്ടപ്പോൾ എനിക്ക് നിയന്ത്രണം വിട്ടു... അതിനവൾ എന്റെ ഏറ്റവും വലിയ ശത്രുവായ അവന്റെയും അങ്ങാടിയിൽ കൂടിയിരുന്ന ആളുകളുടെയും മുന്നിൽവച്ച് എന്നെ പരസ്യമായി തല്ലിയപ്പോൾ എന്റെ സമനില തന്നെ തെറ്റി... നിനക്കറിയോ അവളെ ഒരിക്കലും എനിക്ക് സ്നേഹിക്കാൻ കഴിയില്ല... കാരണം എന്റെ മായയല്ലാതെ എന്റെ മനസ്സിൽ മറ്റൊരു പെണ്ണിനും സ്ഥാനമില്ല... ടൈംപാസിനുവേണ്ടി ഒരുപാട് പെണ്ണുങ്ങളുടെ മുന്നിൽ ഞാൻ പോയിട്ടുണ്ട്...

അത് അന്നേരത്തെ കുറച്ചു സമയത്തിനു വേണ്ടി... അല്ലാതെ ഒരു പെണ്ണും എന്റെ മനസ്സിൽ സ്പർശ്ശിച്ചിട്ടില്ല... വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തോളമായിട്ടും ഭദ്രയെ ഞാൻ എന്റേതായി കണ്ടിട്ടില്ല... അവളെ ഒന്ന് സ്പർശിച്ചിട്ടുപോലുമില്ല... എനിക്ക് എന്റെ മായയായിരുന്നു വലുത്... " "എന്നിട്ട് അവൾക്ക് അങ്ങനെയൊരു താല്പര്യം നിന്നോടുണ്ടായിരുന്നില്ലല്ലോ... ഏതോ ഒരുത്തനെ കണ്ടപ്പോൾ അവന്റെ കൂടെ ഇറങ്ങിപ്പോയി... എന്നിട്ടോ എന്നിട്ടെന്തുണ്ടായി... അവൾ ഏതോ കുന്നിന്റെ മുകളിൽ നിന്ന് വീണ് ചത്തു... ഇനിയത് അവൻ തന്നെ കാര്യം കഴിഞ്ഞപ്പോൾ ഇല്ലാതാക്കിയതാണോ എന്നാണ് സംശയം... " "അല്ല... അവനൊരിക്കലും അത് ചെയ്യില്ല... കാരണം അവർ അത്രയേറെ പരസ്പരം ഇഷ്ടപ്പെടുന്നവരായിരുന്നു... എന്നെ പേടിച്ചാണ് അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ അവരൊന്നായത്... എന്നാൽ നീ പറഞ്ഞ സംശയം എനിക്കും ഇല്ലാതില്ല... കാരണം അവൾ മരിച്ച കുന്നിന്റെ മുകളിൽ നിന്ന് അത്ര പെട്ടന്ന് ഒരാൾ താഴെ വീഴില്ല... ഒന്നുകിൽ അവൾ ആത്മഹത്യ ചെയ്തത്... അല്ലെങ്കിൽ മറ്റാരോ അവളെ...

അവൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല... കാരണം അവരുടെ ഇഷ്ടമെന്താണെന്ന് ഞാൻ നേരിൽ കണ്ടവനാണ്... കാലു തെറ്റി വീഴാനുള്ള സാഹചര്യമില്ല....അത് എന്തായാലും കണ്ടുപിടിക്കും ഞാൻ... അത് ചെയ്തത് ആരായാലും എന്റെ കൈകൊണ്ടാണവന്റെ അന്ത്യം... അതിനു മുന്നേ അവളെ ആ ഭദ്രയെ കണ്ടുപിടിക്കണം... കൂടെ താമസിപ്പിക്കാനല്ല... മറിച്ച് ഒരിക്കലും കാണാൻ പറ്റാത്ത ചില കാര്യങ്ങൾ അവൾ കണ്ടു... അത് പുറത്തറിഞ്ഞാൽ അതോടെ ഞാൻ തീർന്നു... അതൊരിക്കലും പുറത്ത് വരരുത്... അതിന് അവൾ ജീവിച്ചിരിക്കരുത്... " "എന്താണ് പുറത്തറിയാൻ പറ്റാത്ത കാര്യം... അതെന്തായാലും നീ പറ... നമുക്ക് പരിഹാരമുണ്ടാക്കാം... " "അതിന് പരിഹാരം ഒന്നേയുള്ളൂ... അത് അവളുടെ മരണമാണ്... എനിക്കും അവൾക്കും മാത്രമറിയാവുന്ന ആ രഹസ്യം അവളുടെ മരണത്തോടെ ഇല്ലാതാകണം... അത് നിന്നോടോ മറ്റാരോടോ പറഞ്ഞ് വീണ്ടും പ്രശ്നമുണ്ടാക്കാൻ എനിക്ക് താല്പര്യമില്ല... അതുകൊണ്ട് അതെന്താണെന്ന് നീയറിയേണ്ട... നീയെന്നല്ല ആരുമറിയില്ല... എനിക്കിപ്പോൾ അവളെവിടെയാണ് ഒളിച്ചതെന്ന് കണ്ടെത്തണം... നീ പല നാട്ടിലും സഞ്ചരിക്കുന്നവനല്ലേ... അന്നേരം എവിടെ വച്ച് അവളെ കണ്ടാലും എന്നെ അറിയിക്കണം... ആ ഒരു ഉപകാരം മാത്രം മതി എനിക്ക്........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story