മറുതീരം തേടി: ഭാഗം 33

marutheeram thedi

രചന: രാജേഷ് രാജു

 "അതിന് പരിഹാരം ഒന്നേയുള്ളൂ... അത് അവളുടെ മരണമാണ്... എനിക്കും അവൾക്കും മാത്രമറിയാവുന്ന ആ രഹസ്യം അവളുടെ മരണത്തോടെ ഇല്ലാതാകണം... അത് നിന്നോടോ മറ്റാരോടോ പറഞ്ഞ് വീണ്ടും പ്രശ്നമുണ്ടാക്കാൻ എനിക്ക് താല്പര്യമില്ല... അതുകൊണ്ട് അതെന്താണെന്ന് നീയറിയേണ്ട... നീയെന്നല്ല ആരുമറിയില്ല... എനിക്കിപ്പോൾ അവളെവിടെയാണ് ഒളിച്ചതെന്ന് കണ്ടെത്തണം... നീ പല നാട്ടിലും സഞ്ചരിക്കുന്നവനല്ലേ... അന്നേരം എവിടെ വച്ച് അവളെ കണ്ടാലും എന്നെ അറിയിക്കണം... ആ ഒരു ഉപകാരം മാത്രം മതി എനിക്ക്... " "അതിന് അവളെവിടെയെന്നുവച്ചാണ് ഞാൻ കണ്ടുപിടിക്കുന്നത്... മാത്രമല്ല അവളെ ഒരപടത്തിലേക്ക് ഞാൻ തന്നെ നിന്റെ മുന്നിലേക്ക് ഇട്ടുതരണമായിരിക്കും അല്ലേ... എന്നിട്ട് ആ പാപം കൂടി ഞാൻ ഏറ്റെടുക്കണമായിരിക്കും... " "നിനക്കെന്താ അവളോട് ഇത്ര സിമ്പതി... നിന്റെ, ആരെങ്കിലുമാണോ അവൾ... " "എന്റെ ആരുമായിട്ടല്ല... ഒരു പാവം പെണ്ണിനെ ഒരപകടത്തിലേക്ക് തള്ളി വിടാൻ എനിക്ക് വയ്യ...

എനിക്കുമുണ്ട് ഭാര്യയും കുട്ടിയും... അതുകൊണ്ട് അങ്ങനെയൊരു കാര്യത്തിന് എന്നെ കാക്കേണ്ട... ഞാൻ പോവുകയാണ്... എനിക്ക് ഭാര്യവീട്ടിലെത്താനുള്ളതാണ്... എന്റെ കുഞ്ഞിന് അവിടെയൊരു അമ്പലത്തിൽ വച്ച് ചോറൂണ് നടത്താനുണ്ട് നാളെ... പോകുവാനായി റഡിയായി നിൽക്കുന്നുണ്ടാവും അവളും മോനും... പിന്നെ നീ ഇതുപോലെ ഒന്നിനായിട്ട് നടക്കുകയാണെങ്കിൽ പിന്നെ നീയായി നിന്റെ പാടായി... എന്നെ നിന്റെ കൂട്ടിനൊന്നും വിളിക്കേണ്ട... ഗിരീഷ് അവിടെനിന്നും തന്റെ ബൈക്കെടുത്ത് പോയി... "ആരും വേണ്ട എനിക്ക്... ഞാൻ സ്വയം തന്നെ മതി എല്ലാറ്റിനും... നീയൊക്കെ നിന്റെ അവളുടെ വാക്കും കേട്ട് നടന്നോ... അതാണ് നിനക്കൊക്കെ നല്ലത്... " പ്രകാശൻ അവന്റെയടുത്തുണ്ടായിരുന്ന തെങ്ങിൽ കൈ ചുരുട്ടി ഇടിച്ചു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ വിനയന്റെ കയ്യിലെ പൊട്ടൽ വലുതല്ലെങ്കിലും പ്ലാസ്റ്ററിട്ടിരുന്നു... അവന്റെ മനസ്സിലപ്പോൾ കാർത്തിക്കിനോടുള്ള പക എരിയുകയായിരുന്നു... ആരോടോ ഫോണിൽ സംസാരിച്ചതിനുശേഷം ഷാജി അവന്റെയടുത്തേക്ക് വന്നു...

"എടാ വിനയാ നമ്മൾ ഏറ്റുമുട്ടിയത് ആരോടാണെന്ന് നിനക്കറിയോ... ഇന്നിവിടെ പുതിയതായി ചാർജ്ജെടുത്ത സിഐ യോട്... " "ആരായാലും എനിക്കെന്താ... എന്റെ കൈ ഇങ്ങനെയാക്കിയ അവന്റെ രണ്ടു കയ്യും ഞാൻ വെട്ടിയെടുക്കും... ഈ വിനയനാരാണെന്ന് അവന് മനസ്സിലാകാൻ പോവുന്നതേയുള്ളൂ.. " എന്നാൽ നിനക്ക് തെറ്റി... അവനെ നിനക്കറിയില്ല... ഇപ്പോൾ ധർമ്മരാജൻ മുതലാളിപറഞ്ഞപ്പോഴാണ് അവനെപ്പറ്റി അറിയുന്നത്... പണ്ട് ഞാൻ ഇടുക്കിയിൽ ആയിരുന്ന സമയത്ത് അവൻ ഇവിടെ എസ്ഐ ആയി ഉണ്ടായിരുന്നു... അതാണ് എനിക്കവനെ പരിചയമില്ലാതെ പോയത്... അവനെ ഒതുക്കുന്നത് അത്രയെളുപ്പമുള്ള കാര്യമല്ല... " ഷാജി പറഞ്ഞു... "നിനക്കെന്താ വയറു നിറച്ചും കിട്ടിയപ്പോൾ അവനെ പേടി തോന്നി തുടങ്ങിയോ..." "പേടിയോ എനിക്കോ... അങ്ങനെയൊന്ന് എനിക്കുണ്ടെങ്കിൽ ഇതിനെല്ലാം ഞാനിറങ്ങുമോ..... പക്ഷേ അവനെ പേടിച്ചിട്ടല്ല പറയുന്നത്... നമ്മളെ ഇന്നലെ അറസ്റ്റുചെയ്ത് പോവാതെ വെറുതെയവൻ വിട്ടത് എന്തുകൊണ്ടാണെന്ന് നിനക്കറിയോ...

നമ്മളെ പൊക്കിയാൽ അതേനിമിഷം തന്നെ പുറത്തിറക്കാൻ മുതലാളിക്ക് കഴിയും അതവനറിയാം... എന്നാൽ എല്ലാ പഴുതുകളുമടച്ച് നമ്മളെ പൂട്ടാനാണ് അവൻ കാത്തിരിക്കുന്നത്... അങ്ങനെയൊരു സന്ദർഭം നമ്മൾ അവന് ഉണ്ടാക്കി കൊടുക്കാതിരിക്കുക... അതാണ് നമ്മൾ ചെയ്യേണ്ടത്... നിനക്കുള്ള പോലെ അവനോട് എനിക്കുമുണ്ട് ദേഷ്യം... അവിടെയുള്ളവരുടെ മുന്നിൽ എന്നെ നാണം കെടുത്തിയവനാണ് അവൻ... അതിന് നമുക്കവസരം വരും... അതുവരെ കാത്തുനിന്നേ പറ്റൂ... " "നീ കാത്തുനിന്നോ... എനിക്ക് അതിനുള്ള സമയമില്ല... എന്റെ കൈ ഒന്ന് ശരിയായിക്കോട്ടെ... അവന്റെ കാര്യത്തിലൊരു തീരുമാനം അന്നുണ്ടാകും... " "ഹും വീരവാദം മുഴക്കാൻ എല്ലാവർക്കും പറ്റും... എന്നാൽ പുറകിൽ നിന്ന് ആക്രമിക്കാനല്ലാതെ നേരെ നിന്ന് അവനോട് ഏറ്റുമുട്ടാൻ നിനക്ക് പറ്റുമോ... അതാണ് പറഞ്ഞത്... നമ്മൾ ബുദ്ധിയുപയോഗിച്ചുവേണം അവനെ നേരിടാൻ... ഇന്ന് ഈ നാട്ടിൽ അവന് വലിയ പേരാണ്... അത് നാലുവർഷം മുന്നേ അവൻ നേടിയെടുത്തതാണ്...

ആ കറിയാച്ചനും അയാളുടെ മകൻ ജിമ്മിച്ചനും അന്ന് നീ കുത്തിയ അച്ചുവും നിന്റെ കൈ ഈ പരുവത്തിലാക്കിയ ആ നാറിയുമെല്ലാം അവന്റെ പക്ഷത്താണ്... അത് ഇല്ലാതാക്കണം... അവനെ എല്ലാവരുടേയും മുന്നിൽ ഒറ്റപ്പെടുത്തണം... എന്നാലേ നമുക്ക് അവനെ നേരിടാൻ പറ്റുകയുള്ളൂ... " "കൊള്ളാം... മനസ്സിലിരിപ്പ് അസ്സലായിരിക്കുന്നു... അതിന് നിനക്കൊക്കെ കഴിയുമോ ഷാജീ... " ഡോറിനടുത്തുനിന്ന് ആരുടേയോ ശബ്ദം കേട്ട് ഷാജിയും വിനയനും തിരിഞ്ഞു നോക്കി... ചുച്ചത്തോടെയുള്ള ചിരിയുമായി നടന്നുവരുന്ന കറിയാച്ചനെയായിരുന്നു അവർ കണ്ടത്... അയാൾക്ക് പുറകിലായി ജിമ്മിച്ചനും അച്ചുവും കാർത്തിക്കും ഹരിയും കിച്ചുവുമുണ്ടായിരുന്നു... "എന്താ മക്കളെ... ഗൂഡാലോചന നിർത്തിയോ... നീയൊക്കെ ഒരുകാലത്തും നന്നാവില്ലെന്ന് മനസ്സിലായി... ഇവനെ നിങ്ങളല്ല... നിന്റെയൊക്കെ മറ്റവൻ സാക്ഷാൽ ധർമ്മരാജൻ വിചാരിച്ചാൽ പോലും ഒരു രോമത്തിൽ തൊടാൻപോലും കഴിയില്ല... എന്നിട്ടല്ലേ ഇവനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത്... "

"എന്തിനാണ് ഇവനെപ്പോലെയുള്ളവനോട് സംസാരിക്കുന്നത്... ഈ നിമിഷം വേണമെങ്കിൽ ഒരീച്ചപോലും അറിയാതെ ഇവരെയൊക്കെ പിടിച്ച് അകത്തിട്ടു എനിക്കറിയാഞ്ഞിട്ടല്ല... പക്ഷേ അത് ചെയ്യാതിരുന്നത് ഇവരെ പേടിച്ചിട്ടുമല്ല... ഇവരെയൊക്കെ പോറ്റി ഏത് തോന്നിവാസത്തിനും ചുക്കാൻ പിടിക്കുന്ന ഇവന്റെ നേതാവിനെ ഒതുക്കിയതിനുശേഷമേ ഇവനെ ഒതുക്കൂ എന്ന എന്റെ വാശിയുടെ പുറത്താണ് വെറുതെ വിട്ടത്... ഇന്നത്തോടെ നിനക്കൊക്കെ മാറ്റമുണ്ടാവുമെന്ന് പാവം ഇദ്ദേഹം വിചാരിച്ചു... എന്നാൽ അതുണ്ടാവില്ലെന്ന് മനസ്സിലായി... " കാർത്തിക്ക് പറഞ്ഞു... "എന്തു മനസ്സിലാവാൻ... മോനേ നീയൊന്നും വിചാരിച്ചാൽ എന്നേയോ ഇവനേയോ ഒതുക്കാൻ കഴിയില്ല... ഇന്ന് ചിലപ്പോൾ നിനക്കായിരിക്കും വിജയം... എന്നാൽ എന്നുമത് ഉണ്ടാകുമെന്ന് കരുതേണ്ട... നീന്റെയൊക്കെ സന്തോഷം ഇവിടെനിന്ന് ഞാനിറങ്ങുന്നതുവരെയുള്ളൂ... അന്ന് നിന്റെയൊക്കെ അന്ത്യമായിരിക്കും... " വിനയൻ പറഞ്ഞു... പെട്ടന്ന് അച്ചു വിനയന്റെയടുത്തേക്ക് ചെന്നു...

"അതിന് നിന്റെ തന്തക്ക് നീയൊന്നുകൂടി ജനിക്കണം... അതിന് നേരുള്ള ഒറ്റ തന്തക്ക് ജനിച്ചവനാണെന്ന് എന്താണ് ഉറപ്പ്... എന്നെ പുറകിൽ നിന്ന് കുത്തിയ പ്പോൾ എല്ലാം അവസാനിച്ചെന്ന് കരുതിയോ നീ... അത് എന്തിന് വേണ്ടിയായിരുന്നെന്ന് എനിക്കറിയില്ല... പക്ഷേ എന്നെ കുത്തിയ നീ ജീവനോടെ പുറത്തു തന്നെ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു... ആ എന്റെ മനസ്സറിഞ്ഞു തന്നെയാണ് നിന്നെ കാർത്തി വെറുതെ വിട്ടത്... നീയൊക്കെ ഏത് പാതാളത്തിൽ പോയി ഒളിച്ചാലും നിനക്ക് ഞാൻ നീക്കി വച്ചിരിക്കുന്നത് തന്നിരിക്കും... അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിന്നോ നീ... " "നീയെന്താ ഭീഷണി മുഴക്കുകയാണോ... " വിനയൻ ചോദിച്ചു... "ഞാനാരോടും ഭീഷണി മുഴക്കാറില്ല... ചെയ്യുന്നതേ പറയൂ... അത് നിനക്ക് വൈകാതെ മനസ്സിലാക്കിത്തരാം ഞാൻ... നീ എന്തുകൊണ്ടാണ് സ്വന്തം നാട്ടിൽ നിന്നും ഓടിപ്പോന്നതെന്നും അറിയാം... അതുകൊണ്ട് എന്റെ മോൻ വല്ലാതെ നെഗളിക്കേണ്ട... ആ നെഗളിപ്പ് ഞാൻ മാറ്റും... "

അച്ചു പറഞ്ഞതു കേട്ട് വിനയൻ ഞെട്ടി..." "ഓഹോ അപ്പോൾ എല്ലാമവൾ ഊതിതന്നു അല്ലേ... പിന്നെയെന്തൊക്കെ പറഞ്ഞു അവൾ... " "നിന്റെ എല്ലാ സ്വഭാവവും പറഞ്ഞു... ഇനി അതുമായി അവളുടെ ഏഴയലത്ത് വന്നാൽ എന്റെ മോനേ നീ ഇതുവരെനിന്നോട് സംസാരിച്ച അച്ചുവിനെയാകില്ല കാണുന്നത്... അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നൽ വേണ്ട... ഈ നാട് മൊത്തം അവളുടെ കൂടെയുണ്ടാകും... അത് നീ മറക്കേണ്ട... ഇപ്പോൾ ഞങ്ങൾ വന്നത് നിന്നോട് ഇത്രയും പറയാൻ വേണ്ടിയാണ്... അല്ലാതെ നിനക്ക് സംഭവിച്ചതോർത്ത് പശ്ചാതാപം തോന്നിയിട്ടല്ല... " അതും പറഞ്ഞ് അച്ചു പുറത്തേക്ക് നടന്നു... പുറകെ മറ്റുള്ളവരും... കുറച്ച് മുന്നോട്ടുപോയ ഹരികൃഷ്ണൻ തിരിച്ചു വന്നു... "ഇപ്പോൾ കൈ... ഇനി ഇതായിരിക്കില്ല... കഴിഞ്ഞ ദിവസം അമ്പലത്തിലേക്ക് പോയ ഒരു പെണ്ണിനോട് നീ ചില വേണ്ടാത്ത രീതിയിലുള്ള സംസാരം നടത്തിയില്ലേ... അതിനുംകൂടിയുള്ളതാണ് ഈ സമ്മാനം... ഇനി അതുപോലെ എന്റെ ഭാര്യയോടോ മറ്റുള്ള പെണ്ണിനോടോ വല്ലതും പറഞ്ഞെന്നറിഞ്ഞാൽ ആ നാവാകും ഞാൻ പിഴുതെടുക്കുന്നത്....

നിന്നോടുകൂടിയാണ് പറയുന്നത്... ഹരി ഷാജിയെ നോക്കി പറഞ്ഞു... പിന്നെ തിരിഞ്ഞുനടന്നു... " രാത്രി വീട്ടിലെത്തിയ അച്ചുവും കിച്ചുവും ഭദ്രയും ആതിരയും ഉമ്മറത്തിരിക്കുന്നത് കണ്ട് അവിടേക്ക് ചെന്നു... " "ഓ എത്തിയോ... ഞങ്ങൾ കരുതി ഇന്നിനി വരുന്നില്ലായെന്ന്... അവിടെത്തന്നെ നിൽ ക്കുമെന്ന് കരുതി... " ഭദ്ര പറഞ്ഞു... "അതെന്താ അവിടെ നിന്നാൽ ഉറക്കം വരില്ലേ... " അച്ചു ചോദിച്ചു... " "ആവോ ആർക്കറിയാം... എവിടൊക്കെ കിടന്നാലാണ് ഉറക്കം വരുന്നതെന്ന് ഞങ്ങൾക്കറിയില്ലല്ലോ... അതുപോട്ടെ ചായ വല്ലതും വേണമെങ്കിൽ ഉണ്ടാക്കിത്തരാം..." "എന്തായാലും ചോദിച്ചതല്ലേ... നല്ലൊരു ചായ പോന്നോട്ടെ... " ഭദ്ര ചായയെടുക്കാൻ പോകുന്നതു കണ്ട് ആതിര അവളെ തടഞ്ഞു... ചായ ഞാനെടുക്കാം നീ ഇവരെ ചോദ്യം ചെയ്തോ... " ചിരിയോടെ ആതിരയതുപറഞ്ഞ് അടുക്കളയിലേക്ക് നടന്നു... "എന്തോ നല്ലൊരു കോള് ജിൻസി നിങ്ങൾക്ക് മുന്നുപേർക്കും തന്നല്ലോ... എന്താണത്... " അച്ചു ചോദിച്ചു... "അതോ.. അത് ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണ്... ഓരോ ഫോണുകൾ... "

"ആഹാ കോളടിച്ചല്ലോ... " കിച്ചു പറഞ്ഞു... "കോളുതന്നെയാണ് പക്ഷേ അതല്ല എനിക്ക് അതിശയം... ഇത്ര വിലപിടിപ്പുള്ള ഫോണുകൾ ഞങ്ങൾക്ക് തരാൻമാത്രം അവൾക്കെന്താ തലക്ക് വല്ല കുഴപ്പവുമുണ്ടോ... " "എടോ അവളെ നിനക്ക് അറിയാഞ്ഞിട്ടാണ്... അവൾ ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചാൽ അവർക്ക് എന്തും നൽകും... " "പിന്നേ..ഇന്ന് കണ്ട എന്നേയാണോ അവർ ആത്മാർത്ഥമായി സ്നേഹിക്കുന്നത്... " "നിന്നെ ഇന്നാണ് നേരിൽകണ്ടതെങ്കിലും നീ ഈ നാട്ടിൽ വന്ന അന്നുമുതൽ നിന്നെയവൾക്ക് അറിയാം... നിന്നെ എല്ലാവരെക്കാളും കൂടുതൽ അവൾ മനസ്സിലാക്കിയിട്ടുണ്ട്... " "ആ അങ്ങനെയും മനുഷ്യജന്മങ്ങൾ... പിന്നെ നാളെ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലല്ലോ... നമുക്കെല്ലാവർക്കും കൂടി അമ്പലത്തിലൊന്ന് പോയാലോ... ഇവിടെ വന്നിട്ട് ഇതുവരെ പോയിട്ടില്ല... മറ്റന്നാൽ ജോലിക്ക് കയറുകയല്ലേ... ഒന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കണം... " "പോകാലോ... ഞാനും അമ്പലത്തിൽ പോയിട്ട് ഒരുപാട് കാലമായി... മായ പോയതിൽപ്പിന്നെ അങ്ങനെയൊന്നുണ്ടായിട്ടില്ല... " എന്നാൽ നാളത്തെ ക്ഷേത്രദർശനം ഭദ്രയുടെ ജീവിതത്തിൽ വരാനിരിക്കുന്ന ദുരിതത്തിനുള്ള തുടക്കമായിരുന്നു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story