മറുതീരം തേടി: ഭാഗം 35

marutheeram thedi

രചന: രാജേഷ് രാജു

"ഒരുമ്പട്ടവൾ ഒന്നിനായിട്ടാണല്ലോ... എടീ ഇപ്പോൾ നീ സുഖിച്ച് കിടന്നോ... നേരം വെളുത്താൽ നീ തുറക്കുമല്ലോ വാതിൽ... അന്നേരം കാണിച്ചുതരാം ഞാൻ... " അയാൾ ഉമ്മറത്ത് തറയിൽ ഉടുത്ത മുണ്ട് വിരിച്ച് അവിടെ കിടന്നു... നേരം വെളുത്തപ്പോൾ ഒരുപാട് സമയം കഴിഞ്ഞാണ് പ്രഭാകരൻ ഉണർന്നത്... അയാൾ എന്തോ ഓർത്തപോലെ വാതിൽക്കലേക്ക് നോക്കി... ഇല്ല വാതിൽ തുറന്നിട്ടില്ല... അയാൾ എഴുന്നേറ്റ് തന്റെ മുണ്ട് എടുത്ത് ഉടുത്തു... അതിനുശേഷം വാതിൽ തള്ളി നോക്കി... വാതിൽ അകത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയാണെന്ന് മനസ്സിലായി... അയാൾ വീടിന്റെ അടുക്കള ഭാഗത്തേക്ക് നടന്നു... അടുക്കള വാതിലും തുറന്നിട്ടില്ല... പെട്ടന്നാണ് അയാളുടെ കണ്ണ് വാതിലിലെ ലോക്കിലേക്ക് പതിഞ്ഞത്... വാതിൽ പുറത്തുനിന്നും പുട്ടിയിരിക്കുന്നു... "അവൾ രക്ഷപ്പെട്ടിരിക്കുന്നു... അവൾ എവിടെ പോയി... സ്വന്തം വീട്ടിലേക്ക് പോകില്ല... ഞാനുമായുള്ള ബന്ധം മൂലം ആ വീട്ടിലേക്ക് അവൾക്ക് പ്രവേശനം നിരോധിച്ചതാണ്... പിന്നെ അവൾ എവിടെ...

താൻ ഇത്രയുംകാലം സ്വപ്നം കണ്ടതെല്ലാം ഒരു നിമിഷംകൊണ്ട് ഇല്ലാതാവുകയാണോ... ഇല്ല... അതു പാടില്ല... എല്ലാം എന്റേതായി തീരണം... അതിന് എവിടെ പോയാലും അവളെ കണ്ടെത്തണം..." അയാൾ പെട്ടന്ന് പൈപ്പിനടുത്ത് ചെന്ന് വായയും മുഖവും കഴുകി ധൃതിയിൽ പുറത്തേക്ക് നടന്നു... എന്നാൽ ഈ സമയം സരോജിനി എവിടേക്കെന്നറിയാതെ കിട്ടിയ ബസ്സിൽ യാത്രചെയ്യുകയായിരുന്നു... തന്റെ മടിയിൽ വച്ച ബാഗ് മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു അവർ... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "ഇതുവരെ ഒരുക്കംകഴിഞ്ഞ് ഇറങ്ങാറായില്ലേ... ഇവിടെയടുത്തുള്ള അമ്പലത്തിലേക്കല്ലേ പോകുന്നത്... അതിന് ഇത്രമാത്രം ഒരുങ്ങാനുണ്ടോ... " അച്ചു ചോദിച്ചു... " "ഇപ്പോൾ വരാം... ഒരഞ്ചുമിനിറ്റ്... " ഭദ്ര വിളിച്ചുപറഞ്ഞു... "ഞങ്ങളോട് നേരത്തെ ഒരുങ്ങിയിറങ്ങാൻ പറഞ്ഞിട്ട് ഇപ്പോൾ നിങ്ങളെയാണല്ലോ കാത്തിരിക്കേണ്ടി വന്നത്... " "കുറച്ച് കാത്തിരിക്കുന്നത് നല്ലതാണ്... അങ്ങനെയെങ്കിലും കുറച്ച് ക്ഷമയുണ്ടാവട്ടെ..." മുടി ഇഴപിരിച്ചിട്ടുകൊണ്ട് ഭദ്ര അവിടേക്ക് വന്നു... "

"എന്റെ ക്ഷമ നീ വല്ലാതെ പരീക്ഷിക്കേണ്ട... അമ്പലത്തിൽ പോകുന്നതു കൊണ്ട് ഞാനൊന്നും പറയുന്നില്ല... " അച്ചു പറഞ്ഞു... "വേണ്ട പറയേണ്ട... ഇപ്പോൾ എന്റെ മനസ്സ് ശുദ്ധമാണ്... ഇയാളുടെ വായിൽ നിന്ന് വല്ലതും കേട്ട് അത് അശുദ്ധിയാക്കേണ്ട... " "എന്നാൽ പെട്ടന്ന് ഇറങ്ങ്... നടയടച്ചിട്ട് പോയിട്ട് കാര്യമില്ല... " അപ്പോഴേക്കും ആതിരയും വന്നു... " "എവിടെ അപ്പുമോൻ... " അച്ചു ചോദിച്ചു... "അവൻ ഉണർന്നിട്ടില്ല... ഇപ്പോൾ വിളിച്ചാൽ ചിലപ്പോൾ വാശിയായിരിക്കും... ഉണരുമ്പോൾ അച്ഛനുമമ്മയും ഉണ്ടല്ലോ... അവർ മതി അവന്... " ആതിര പറഞ്ഞു... "എന്നാൽ ഇനി സംസാരിച്ച് നേരം കരയേണ്ട... ഇറങ്ങാൻ നോക്ക്... " അച്ചു പറഞ്ഞു... അവർ അമ്പലത്തിലേക്ക് നടന്നു... അമ്പലത്തിലെത്തി വഴിപാട് റസീറ്റാക്കി അവർ ശ്രീകോവിലിനടുത്തേക്ക് നടന്നു... തൊഴുത് പുറത്തേക്കിറങ്ങി തിരിച്ചു നടക്കുമ്പോഴാണ് ആൽത്തറക്കു സമീപം ഒരു കാർ വന്നു നിന്നത്... അതിൽ നിന്ന് രണ്ട് കണ്ണുകൾ അവളെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു... എന്നാൽ ഇതൊന്നും അറിയാതെ അവർ വീട്ടിലേക്ക് നടന്നു...

കാറിൽ നിന്നിറങ്ങിയ ആൾ വിശ്വസിക്കാതെ ഭദ്രയെനോക്കിനിൽക്കുന്നുണ്ടായിരുന്നു... "ഏയ് ഗിരിയേട്ടാ... വായ്നോട്ടം വേണ്ട... അച്ഛനുമമ്മയും അനിയത്തിയും കൂടിയുണ്ടെന്ന ഓർമ്മ വേണം... " അവന്റെ ഭാര്യ പറഞ്ഞു... "വായ്നോട്ടമോ... എന്ത് വായ്നോട്ടം... " "പിന്നെ അന്യ പെണ്ണുങ്ങൾ പോകുന്നത് നോക്കുന്നതിന് വായ്നോട്ടം എന്നല്ലേ പറയുന്നത്... " "എടീ അത് ആരാണെന്ന് നിനക്ക് മനസ്സിലായോ... ഭദ്ര... പ്രകാശിന്റെ ഭാര്യ... പക്ഷേ കൂടെയുള്ളവർ ആരാണെന്ന് അറിയുന്നില്ലല്ലോ... " "പ്രകാശേട്ടന്റെ ഭാര്യയോ... അവരെങ്ങനെയാണ് ഇവിടെയുണ്ടാവുക... നിങ്ങൾക്ക് ആള് തെറ്റിയതായിരിക്കാം..." "അതാണ് എനിക്കും മനസ്സിലാവാത്തത്... എനിക്ക് ആളെ തെറ്റിയിട്ടൊന്നുമില്ല... അവൾ അവിടെനിന്നും ഇവിടേക്കാണോ പോന്നത്... ആരാണ് അവൾക്കിവിടെയുള്ളത്... " "അതാരെങ്കിലുമാവട്ടെ... ഇനിയിത് നേരെ പ്രകാശേട്ടന്റെ വിളിച്ച് പറയേണ്ട... ആ പാവം ഇവിടെയെങ്കിലും മനഃസമാധാനത്തോടെ ജീവിച്ചോട്ടെ... ഗിരിയേട്ടൻ വാ... നടയടക്കാൻ അധികം സമയമില്ല...

അതിനു മുന്നേ മോന്റെ ചോറൂണ് നടത്തണം... " അവർ അമ്പലത്തിലേക്ക് നടന്നു... എന്നാൽ ഇതൊന്നുമറിയാതെ സന്തോഷത്തോടെ നടക്കുകയായിരുന്നു ഭദ്രയും അച്ചുവുമെല്ലാം... "ഏറെ കാലത്തിന് ശേഷം അമ്പലത്തിൽ കയറി തൊഴുതപ്പോൾ മനസ്സിനൊരു കുളിർമ.... " ഭദ്ര പറഞ്ഞു... "അത് സത്യമാണ്... ഇവിടുത്തെ ദേവി വിളിച്ചാൽ വിളിപ്പുറത്താണ്.. മനസ്സുരുകി പ്രാർത്ഥിച്ചതുകൊണ്ടാവും ഇങ്ങനെയൊക്കെ... " അച്ചു പറഞ്ഞു... "ഇവനെന്താണ് ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ നടക്കുന്നത്... അല്ലെങ്കിൽ വായ് തോരാതെ ഓരോന്ന് പറയുന്നതാണല്ലോ... " ഭദ്ര കിച്ചുവിനെ നോക്കി പറഞ്ഞു... "ആ... അതിനൊരു കാരണമുണ്ട്... ഇവനിന്നലെ ഒരു സ്വപ്നം കണ്ടു... ഇവന്റെ അമ്മക്ക് എന്തോ അപകടം സംഭവിച്ചതു പോലെ എന്തോ ഒന്ന്... സഹായത്തിന് ഇവനെ വിളിക്കുന്നതു പോലെ തോന്നിയെന്ന്... നാഴികക്ക് നാൽപ്പതുവട്ടവും ആ അമ്മയെ കുറ്റം പറയുന്നവനാണ്... ഇന്നലത്തെ സ്വപ്നത്തോടെ അതിനൊരു മാറ്റമുണ്ടായതുപോലെ... "

"ശരിയാണ് ചേച്ചീ... ഇങ്ങനത്തെ സ്വപ്നം ഞാൻ ഇതുവരെ കണ്ടിട്ടില്ല... അമ്മ സഹായിക്കണമെന്ന് പറഞ്ഞ് വിളിച്ചതുപോലെ... എന്തോ അപകടം അമ്മയുടെ മുന്നിലുണ്ടെന്ന തോന്നൽ... എത്രദുഷ്ടയായാലും അവർ എന്റെ അമ്മയല്ലാതെയാകുമോ... " കിച്ചു പറഞ്ഞു... "എന്താണ് കിച്ചു ഇപ്പോൾ ഇതുപോലൊരു സ്വപ്നം കാണാൻ കാരണം... നീയിന്നലെ ചെറിയമ്മയെ നിനച്ചായിരുന്നോ കിടന്നത്... " ഭദ്ര ചോദിച്ചു.. "അതല്ല... പക്ഷേ ആ കണ്ട സ്വപ്നത്തിന് എന്തെങ്കിലും സത്യമുണ്ടായിരിക്കുമോ എന്നാണ് എന്റെ പേടി... ആ ദുഷ്ടൻ എന്തൊക്കെയോ കണക്കുകൂട്ടിയാണ് അമ്മയെ നമ്മളിൽനിന്ന് മുറിച്ചു മാറ്റിയത്.. ഇനി അയാളെങ്ങാനും അമ്മയെ വല്ലതും... ഞാൻ നാട്ടിലേക്കൊന്ന് പോയാലോ എന്നാണ് ആലോചിക്കുന്നത്... അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കാലോ.. " "നിന്റെ മനസ്സിൽ ആ സ്വപ്നം ആഴത്തിൽ പതിഞ്ഞെന്ന് ഞങ്ങൾക്ക് മനസ്സിലാവും... എന്തായാലും ഈയാഴ്ച ഞാൻ നാട്ടിൽ പോകുന്നുണ്ടല്ലോ അമ്മയെ വിളിച്ചുകൊണ്ടുവരാൻ...

അന്നേരം ഞാൻ അവിടെ പോയി അന്വേഷിക്കാം... " അച്ചു പറഞ്ഞു... "എന്നാൽ അച്ചുവേട്ടന്റെ കൂടെ ഞാനും വരട്ടെ.. " കിച്ചു പറഞ്ഞതു കേട്ട് അച്ചു കുറച്ചുനേരം ആലോചിച്ചു... പിന്നെ തലകുലുക്കി... "ചെറിയമ്മക്ക് ഒരാപത്തും വരുത്തല്ലേ ദേവീ... " ഭദ്ര പ്രാർത്ഥിച്ചു... "നിങ്ങളുടെയൊക്കെ മനസ്സ് അത്രക്ക് സില്ലിയാണോ... എന്തുമാത്രം ദ്രോഹങ്ങൾ ആ സ്ത്രീയിൽനിന്ന് അനുഭവിച്ചതാണ് നിങ്ങൾ... എന്നിട്ടും ഒരു സ്വപ്നം കണ്ടപ്പോഴേക്കും അതെല്ലാം ഉരുകിപോയല്ലോ... " "എത്രയായാലും അവർ ഞങ്ങളുടെ അമ്മ തന്നെയല്ലേ... അത് അല്ലാതെ പോവില്ലല്ലോ... " "അതില്ല... ഇനിയത് പറഞ്ഞ് ഇന്നത്തെ ദിവസം കളയേണ്ട... ഉച്ചക്കുശേഷം ഞാൻ ടൌണിൽ പോകുന്നുണ്ട്... നീയുംകൂടി പോന്നോളോണ്ടു കിച്ചു... അത്ര സമയമെങ്കിലും മനസ്സൊന്ന് ശാന്തമായിക്കോട്ടെ... " അച്ചു പറഞ്ഞു... "എനിക്കും ടൌണിലൊന്ന് പോകണമെന്നുണ്ട്... ഒരു ചെറിയ ബാഗ് വാങ്ങിക്കണം... എന്റെ കയ്യിലുള്ള വലുതാണ്... അതുമായി ഞാൻ നാളെ എങ്ങനെ പോകുന്നോർത്ത് നിൽക്കുകയായിരുന്നു... " ഭദ്ര പറഞ്ഞു...

"എന്നാൽ നമുക്ക് മൂന്നുപേർക്കുംകൂടി പോകാം.. ഉച്ചകത്തെ ഭക്ഷണം കഴിച്ച് ഇറങ്ങാം നമുക്ക്... " അച്ചു പറഞ്ഞു... ഭദ്രയത് സമ്മതിച്ചു... കുട്ടിയുടെ ചോറൂണ് നടത്തി തിരികേ പോകുമ്പോഴും ഗീരീശന്റെ മനസ്സ് ആകെ അശ്വസ്ഥമായിരുന്നു... അവൻ പ്രകാശനെ ഓർത്തു... "എവിടെയെങ്കിലും വച്ച് ഭദ്രയെ കണ്ടാൽ നന്നെ അറിയിക്കണമെന്ന് അവൻ പറഞ്ഞിരുന്നു... എന്നാൽ ജീവിതത്തിൽ സന്തോഷമെന്തെന്നറിയാതെ ഇത്രയും കാലം ജീവിച്ച ഒരു പാവം പെണ്ണ് ഇന്ന് എത്ര സന്തോഷവതിയായിട്ടാണ് ജീവിക്കുന്നത്... അവളുടെ സന്തോഷം കാണുമ്പോൾ അവളെ കണ്ട കാര്യം പ്രകാശനെ എങ്ങനെയാണ് അറിയിക്കുന്നത്... പ്രകാശൻ കുട്ടിക്കാലം മുതൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്... പക്ഷേ അവൻ ഭദ്രയിവിടെയുണ്ടെന്നറിഞ്ഞാൽ ആ നിമിഷം ഇവിടെയെത്തും... അതോടെ അവളുടെ എല്ലാ സന്തോഷവും അസ്തമിക്കും...

അതുമാത്രമല്ല അവളെ ഇല്ലാതാക്കാനും അവൻ ശ്രമിക്കും... ഒരുഭാഗത്ത് തന്റെ പ്രിയ കൂട്ടുകാരൻ... മറുഭാഗത്ത് ആ പാവം പെണ്ണ്.." അവനാകെ ധർമ്മസങ്കടത്തിലായി... വീടെത്തുമ്പോഴേക്കും അവനൊരു തീരുമാനത്തിലെത്തി... എല്ലാം പ്രകാശനെ അറിയിക്കുക... അവൻ അവളെ സ്വീകരിച്ച് കൊണ്ടുപോവുകയോ... അല്ലെങ്കിൽ കൊല്ലുകയോ ചെയ്യട്ടെ... ഒന്നും തന്നെ ബാധിക്കുന്ന കാര്യമല്ല... അവൾ എന്റെ ആരുമല്ലല്ലോ... അവൻ ഭദ്രയെ വിവാഹം ചെയ്തതിനു ശേഷമാണ് അവളെ താൻ കാണുന്നത്... എനിക്ക് എന്നും വലുത് അവൻ തന്നെയാണ്... ഗിരീശൻ കാർ അവന്റെ ഭാര്യയുടെ വീട്ടിലെ പോർച്ചിൽ കയറ്റിയിട്ടു... എല്ലാവരും ഇറങ്ങി അകത്തേക്ക് പോയതിനു ശേഷമാണ് അവൻ കാറിൽനിന്നിറങ്ങിയത്... ഗിരീശൻ ഗെയ്റ്റുകടന്ന് റോഡിലേക്കിറങ്ങി... പിന്നെ തന്റെ ഫോണെടുത്ത് പ്രകാശിന്റെ നമ്പറിലേക്ക് വിളിച്ചു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story