മറുതീരം തേടി: ഭാഗം 36

marutheeram thedi

രചന: രാജേഷ് രാജു

ഗിരീശൻ കാർ അവന്റെ ഭാര്യയുടെ വീട്ടിലെ പോർച്ചിൽ കയറ്റിയിട്ടു... എല്ലാവരും ഇറങ്ങി അകത്തേക്ക് പോയതിനുശേഷമാണ് അവൻ കാറിൽനിന്നിറങ്ങിയത്... ഗിരീശൻ ഗെയ്റ്റുകടന്ന് റോഡിലേക്കിറങ്ങി... പിന്നെ തന്റെ ഫോണെടുത്ത് പ്രകാശന്റെ നമ്പറിലേക്ക് വിളിച്ചു.... മറുതലക്കൽ പ്രകാശൻ കോളെടുത്തു... "എന്താണ് ഗിരീശാ... നിനക്ക് എന്നെ സഹായിക്കാനോ എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൂടെ നിൽക്കാനോ താൽപര്യമില്ലാത്തവനല്ലേ... പിന്നെയെന്തിനാണ് ഇപ്പോഴൊരു വിളി... ഓ ചിലപ്പോൾ നിന്റെ സഹായമില്ലാതെ അവളെ ഞാൻ കണ്ടുപിടിച്ചോ എന്നറിയാനാണോ... ആര് സഹായിച്ചില്ലേലും എനിക്ക് പ്രശ്നമല്ല അവളെവിടെപ്പോയാലും ഞാൻ കണ്ടെത്തി ആ അദ്ധ്യായമവിടെ അവസാനിപ്പിക്കും... " പ്രകാശൻ പറഞ്ഞു... "നീ അവസാനിപ്പിക്കേ തുടങ്ങുയോ എന്തുവേണമെങ്കിലും ചെയ്തോ... എനിക്കെന്താ അവളെന്റെ അമ്മാവന്റെ മോളൊന്നുമല്ലല്ലോ... ഞാൻ മറ്റൊരു കാര്യം അറിയാനാണ് വിളിച്ചത്... നീ പറഞ്ഞല്ലോ...

അവൾ എന്താണോ കാണാൻ പറ്റാത്തത് അത് കണ്ടെന്ന്... എന്തായിരുന്നു അത്... നിനക്ക് ഗുണമുള്ള ഒരു കാര്യത്തിനു വേണ്ടിയാണ് ചോദിക്കുന്നത്... " "അത് നിന്നോടല്ല എന്നെ ജനിപ്പിച്ച മരിച്ചുപോയ എന്റെ തന്ത വന്നു ചോദിച്ചാലും പറയില്ല... അത് അറിയാൻ വേണ്ടിയാണെങ്കിൽ നീ വിളിക്കണമെന്നില്ല... " "അങ്ങനെയാണോ... എന്നാൽ ഒരു കാര്യം നീ അറിഞ്ഞോ... നിന്റെ ഭാര്യ എന്നുപറയുന്നത് ഇപ്പോൾ എവിടെയുണ്ടെന്ന് എനിക്കറിയാം... ഞാനവളെ കണ്ടു... ആരുടേയും സഹായമില്ലാതെ നീ അവളെ കണ്ടുപിടിക്കുമെന്നല്ലേ പറഞ്ഞത്... കണ്ടുപിടിക്ക്... " "എന്താണ് നീ പറഞ്ഞത്... അവളെ കണ്ടെന്നോ... എവിടെ... എവിടെ വച്ച്... നിന്റെ ഭാര്യയുടെ നാട്ടിൽവച്ചോ... അവൾ അവിടെയുണ്ടോ... " "അതെവിടെയെങ്കിലുമാവട്ടെ... ഏതായാലും അവളെ ഇവിടെവച്ചല്ല കണ്ടത്... എന്തിനും പോന്നവനല്ലേ നീ... അന്നേരം നീ കണ്ടുപിടിക്ക്... " അതും പറഞ്ഞ് ഗിരീശൻ കോൾകട്ടുചെയ്തു... " "ഛെ.... ഇവൻ കണ്ടെന്നുപറഞ്ഞാൽ എവിടെ വച്ച്... അവന്റെ ഭാര്യയുടെ നാട്ടിൽവച്ചല്ല എന്നല്ലേ പറഞ്ഞത്...

അവനിപ്പോൾ കുഞ്ഞിന്റെ ചോറൂണ് നടത്താൻ അവിടേക്ക് പോയതല്ലേ... അപ്പോൾ അവൾ അവിടെ എവിടെയോ ഉണ്ട്... മതി അതറിഞ്ഞാൽ മതി... ഇനി അവളെ ഞാൻ തന്നെ കണ്ടുപിടിച്ചോളാം.. " പ്രകാശൻ തന്റെ കാറുമെടുത്ത് പെട്ടന്ന് വീട്ടിലേക്ക് പോയി.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ജിമ്മിച്ചനും ജിൻസിയും വിൽസനുംകൂടി ഉമ്മറത്തിരുന്ന് ഓരോ കഥകൾ പറയുകയായിരുന്നു... ജിന്മിച്ചായാ ആ ഭദ്രയെ അച്ചുവേട്ടനൊരു നോട്ടമുണ്ടോ... എന്റെ സംശയമാണോ എന്നറിയില്ല... എനിക്കങ്ങനെ തോന്നി... " ജിൻസി ചോദിച്ചു... "നിന്റെ സംശയം പാതി ശരിയാണ്... അച്ചുവിന് നോട്ടമല്ല... മറിച്ച് അവനവളെ വിവാഹം കഴിക്കാൻ പോവുകയാണ്... അവളുടെ നിലവിലുള്ള ബന്ധം ഒഴിയാനുള്ള എല്ലാ കാര്യങ്ങളും ശരിയാക്കുകയാണ്... ഇന്ന് വക്കീലിനെ വിളിച്ചിട്ടുണ്ട് അതൊഴിഞ്ഞിട്ടുവേണം അച്ചുവുമായിട്ടുള്ള പുതിയൊരു ജീവിതം ആരംഭിക്കാൻ... " "അതേതായാലും നന്നായി... ഇനിയെങ്കിലും ആ പാവത്തിന് സ്വസ്ഥതയുണ്ടാവട്ടെ... പിന്നെ എനിക്ക് മറ്റൊരു ആഗ്രഹമുണ്ട്... കാർത്തിയേട്ടന്റെ കാര്യമാണ്...

എത്ര കാലം വച്ചാണ് ഒറ്റക്ക് താമസിക്കുക... പറക്കമറ്റാത്ത ഒരു മകളുണ്ട്... അവളുടെ കാര്യമാണ് കഷ്ടം... നമുക്ക് കാർത്തിയേട്ടനെക്കൊണ്ട് ആതിരയെ വിവാഹം കഴിപ്പിച്ചാലോ... അതാകുമ്പോൾ രണ്ടുപേരും മുൻപ് ഒരു വിവാഹം കഴിച്ചതുമാണ് രണ്ടുപേർക്കും ഒരേ പ്രായത്തിലുള്ള കുഞ്ഞുങ്ങളുണ്ട്... അവർ തമ്മിൽ നന്നായി ചേരും... " അത് കേട്ട് ജിമ്മിച്ചൻ ചിരിച്ചു... "നീ പറഞ്ഞത് എന്റെ മനസ്സിലുള്ള കാര്യമാണ്... പക്ഷേ കാർത്തി സമ്മതിച്ചാലും ആതിര സമ്മതിക്കുമോ... ഒരു വർഷമേ ഒന്നിച്ച് ജീവിച്ചതുള്ളൂ എങ്കിലും ഇപ്പോഴും രമേശിന്റെ വിധവ എന്ന് മനസ്സിൽ കരുതുന്നവളാണ് അവൾ... മാത്രമല്ല... അവന്റെ അച്ഛനേയും അമ്മയേയും സ്വന്തം മാതാപിതാക്കളായി കണുന്നവളാണവൾ... മറ്റേതെങ്കിലും പെണ്ണായിരുന്നെങ്കിൽ എത്ര ക്രൂരത കാട്ടിയതാണെങ്കിലും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകുമായിരുന്നു... എന്നാലും അതല്ല ചെയ്തത്.. ഭർത്താവിന്റെ അച്ഛനുമമ്മക്കും തണലായി അവൾ ജീവിച്ചു... അങ്ങനെയുള്ള അവൾ മറ്റൊരു വിവാഹത്തിന് സമ്മതിക്കുമോ... "

"അതോർത്ത് വിഷമിക്കേണ്ട... അത് നമുക്ക് ശരിയാക്കാം... ജിമ്മിച്ചൻ ആദ്യം കാർത്തിയേട്ടനോട് ഇതിനെപ്പറ്റി സംസാരിക്ക്... മറുപടി അനുകൂലമാണെങ്കിൽ നമുക്ക് ശ്രമിച്ചു നോക്കാം... അതിനാദ്യം ഭദ്രയെ ചാക്കിട്ട് പിടിക്കണം... അത് ഞാനേറ്റു... അവൾ വിചാരിച്ചാൽ എല്ലാം അനുകൂലമാകും... " "എന്താണ് ഇച്ചായനും അനിയത്തിയും അളിയനുംകൂടി ഒരു ചർച്ച... " "അവിടേക്ക് വന്ന കാർത്തിക്കിന്റെ അച്ഛൻ വാസുദേവൻ ചോദിച്ചു... " "ഒന്നുമില്ല വെറുതേ ഓരോന്ന് സംസാരിച്ചിരുന്ന താണ്... " ജിമ്മിച്ചൻ പറഞ്ഞു... എന്റെ ഈശോയേ... ഇനി വിടുവായിത്തം കേൾക്കേണ്ടി വരും... എങ്ങനെയാണ് ഒന്ന് രക്ഷപ്പെടുക... " ജിമ്മിച്ചൻ വിൽസനോട് വാസുദേവൻ കേൾക്കാത്ത രീതിയിൽ പറഞ്ഞു... "പണ്ട് ഇതു പോലെയായിരുന്നു എന്റെ വീട്ടിലും... അന്ന് ഞാൻ ചെറുതായിരുന്നു... കാർത്തികയുടെ അമ്മയെ വിവാഹം കഴിക്കുന്നതിന് മുമ്പ്... ഞങ്ങൾ കൂട്ടുകുടുംബമായിരുന്നു... ഞാനും എന്റെ ഏട്ടനും അനിയത്തിയും വല്ല്യച്ഛന്റെ മക്കളും ചെറിയച്ഛന്റെ മക്രളും... എന്തു രസമായിരുന്നു അന്നൊക്കെ...

ഇപ്പോൾ അതൊക്കെ കാണാൻ കഴിയുമോ... എല്ലാവർക്കും തിരക്കല്ലേ... " "അതു ശരിയാണ്... എല്ലാവരും അവരവരുടെ സ്വാർത്ഥത തേടി ഓടി നടക്കുകയല്ലേ... അവിടെ ബന്ധമൊക്കെയെവിടെ... കുറച്ചു കഴിഞ്ഞാൽ സ്വന്തം അച്ഛനുമമ്മയും ആരാണെന്നു പോലും മറന്നു പോകും... " ജിമ്മിച്ചൻ വാസുദേവനെ പിൻതാങ്ങി... "അതിന് കുറച്ചൊന്നും കഴിയേണ്ട.. ഇപ്പോൾ തന്നെ അങ്ങനെയാണ്... പണ്ട് ഞാൻ ഒരു കേസുമായി ബന്ധപ്പെട്ട് അന്നത്തെ എസ്ഐ ബാലഗോപാലൻ സാറിന്റെ കൂടെ ഒരു സ്ഥലംവരെ പോയിരുന്നു..." വാസുദേവൻ ഉത്മേഷത്തോടെ പറഞ്ഞു തുടങ്ങുമ്പോൾ ജിമ്മിച്ചന്റെ ഫോൺ റിംഗ് ചെയ്തു... ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവൻ മുറ്റത്തേക്കിറങ്ങി... കാർത്തിക്കായിരുന്നു വിളിച്ചത്... "എന്താടോ ഒരു മിസ്കോൾ... നീ വീട്ടിലാണോ... " "അതെ വീട്ടിലാണ്... " "അപ്പോൾ അച്ഛൻ അവിടേക്ക് വന്നിട്ടുണ്ടാവുമല്ലേ... " "എന്റെ പൊന്നോ... വരാനിടയില്ല... അതിനുമുന്നേ തുടങ്ങി പുരാണകഥകൾ പറയാൻ...

രക്ഷപ്പെടാൻ കിട്ടിയ വഴിയാലോചിച്ചപ്പോൾ തോന്നിയതാണ് ഇത് നിന്നെക്കൊണ്ട് തിരിച്ചു വിളിപ്പിച്ചത് അതിനാണ്... " "എനിക്ക് തോന്നി... അവിടെയിപ്പോൾ ആരാണ് കൂടെയുള്ളത്... " കാർത്തിക് ചോദിച്ചു.. "ജിർസിയും അളിയനുമുണ്ട്... " "നീ പെട്ടന്ന് അത്യാവശ്യമായി പോയിവരാമെന്ന് പറഞ്ഞ് വണ്ടിയുമെടുത്ത് ഇറങ്ങിക്കോ... നിന്റെ അളിയന് ആദ്യത്തെ അനുഭവമല്ലേ... ക്ഷമയുടെ നെല്ലിപ്പലക എന്താണെന്ന് അറിയട്ടെ അവൻ... " "ഉം പാവം... ഞാൻ തിരിച്ചു വരുമ്പോൾ ഇതേ രൂപത്തിൽ അളിയൻ ഉണ്ടായിരുന്നാൽ നന്നായിരുന്നു... " കാർത്തിക് ചിരിച്ചുകൊണ്ട് കോൾ കട്ടു ചെയ്തു... ജിമ്മിച്ചൻ ഇപ്പോൾ വരാമെന്ന് പറഞ്ഞ് കാറുമെടുത്ത് പുറത്തേക്ക് പോയി... ഉച്ചക്കുശേഷം ഭദ്രയും അച്ചുവും കിച്ചുവുംകൂടി ടൌണിലേക്ക് പുറപ്പെട്ടു... കവലവരെ ഹരികൃഷ്ണന്റെ അച്ഛന്റെ ഓട്ടോ വിളിച്ചാണ് അവർ പോയത്... കവലയിലെത്തിയ അവർ ഓട്ടോ തിരിച്ചയച്ച് അവിടെനിന്നും ബസ്സിൽ ടൌണിലേക്ക് പോയി... ടൌണിലെത്തിയ അവർ വാങ്ങിക്കാനുള്ള സാധനങ്ങൾക്കായി ഓരോകടയിലും കയറിയിറങ്ങി...

നിനക്കെന്തെങ്കിലും വാങ്ങിക്കാനുണ്ടോ കിച്ചൂ..." അച്ചു ചോദിച്ചു... എനിക്കെന്ത് വാങ്ങിക്കാൻ... ആ ഒരു ചെരുപ്പ് വാങ്ങിക്കണം അത്രയേയുള്ളൂ... പിന്നെ ചേച്ചിക്ക് പുതിയ സിം വാങ്ങിക്കേണ്ടേ... " "അത് ജിമ്മിച്ചൻ വാങ്ങിച്ചുതന്നല്ലോ.... ഇന്നലെ ഫോണിന്റെ കൂടെ അതുമുണ്ടായിരുന്നു... അത് ആക്റ്റിവേഷനുമായി... അതിലേക്ക് ഇന്നു രാവിലെ ജിമ്മിച്ചൻ പറഞ്ഞ വക്കീൽ വിളിച്ചതുമാണല്ലോ... നീയെന്താ ഒന്നുമറിയാത്തതുപോലെ... " "അതെപ്പോ... എന്നിട്ട് ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ... " "ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ... എങ്ങനെ കേൾക്കാനാണ്.. നിന്റെ മനസ്സ് ഇവിടെയൊന്നുമല്ലല്ലോ... ഇന്നലെ കണ്ട സ്വപ്നം നിന്റെ മനസ്സ് കീഴ്പ്പെടുത്തിയിരിക്കുകയാണ്... അതാണ് സത്യം... " ഭദ്ര പറഞ്ഞു... "ഒരു കണക്കിന് അത് സത്യമാണ്... ഭക്ഷണം കഴിക്കുന്നെന്നേയുള്ളൂ... മനസ്സ് മുഴുവൻ അമ്മയുടെ അടുത്തായിരുന്നു... " "നീയെന്തിനാണ് വിഷമിക്കുന്നത്... ചെറിയമ്മക്ക് ഒന്നു വരില്ല... അഥവാ അയാൾ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിൽനിന്നും രക്ഷപ്പെടാൻ അവർക്കറിയാം... "

"അതല്ല പ്രശ്നം... അയാൾ ചതിയിലൂടെ അമ്മയെ എന്തെങ്കിലും ചെയ്യുമോ എന്നാണ് എനിക്ക്... അതിനും മടിക്കില്ല അയാൾ... അച്ചുവേട്ടനറിയോ... ഞാൻ ജനിച്ചതിനുശേഷമാണ് ചേച്ചിക്ക് ഈ ദുരിതങ്ങൾ തുടങ്ങിയതെന്നല്ലേ ചേച്ചിയന്ന് പറഞ്ഞത്... എന്നാൽ എല്ലാം അയാളുടെ ബുദ്ധിയിൽ വന്നതാണ്... ചേച്ചിയെ അമ്മയിൽ നിന്ന് അകറ്റുക... അതിൽ അയാൾ വിജയിച്ചു... ഒരിക്കൽ അയാൾ ആരോടോ ഫോണിൽ പറയുന്നത് കേട്ടതാണ്... അത് ഞാനയാളോട് ചോദിച്ചു... എന്നാൽ അതിനുശേഷം എന്റെ ദുരിതവും തുടങ്ങി... അമ്മയോട് പലതും പറഞ്ഞ് വിശ്വസിപ്പിച്ചു... അതാണ് ചേച്ചിയോടും ചെയ്തത്..." "എന്നിട്ട് നീയിതൊന്നും അമ്മയോട് പറഞ്ഞില്ലേ... " അച്ചു ചോദിച്ചു... "അവിടേയും അയാൾ കളിച്ചു... ഇതൊക്കെ അമ്മയോടോ പുറമെ മറ്റാരോടെങ്കിലും പറഞ്ഞാൽ... അമ്മയേയും അമ്മാവന്റെ വീട്ടിൽ നിൽക്കുന്ന ചേച്ചിയേയും കൊന്നുകളയുമെന്ന് പറഞ്ഞു... " "അപ്പോൾ അയാൾ എല്ലാം മുൻകൂട്ടി നിശ്ചയിച്ചിട്ടാണല്ലേ അവിടേക്ക് വന്നുകയറിയത്... വല്ലാത്ത മനുഷ്യൻ തന്നെ... " അച്ചു പറഞ്ഞു...

"അയാൾ ഇനിയധികം നെഗളിക്കില്ല... എന്തായാലും നാട്ടിലെത്തട്ടെ അവിടെ അയാൾ ഒന്നിനായിട്ട് നിൽക്കുകയാണെങ്കിൽ അയാളുടെ നാശം കാണാതെ ഞാൻ തിരിച്ചുവരില്ല... " അതുകേട്ട് അച്ചു ചിരിച്ചു... "അച്ചുവേട്ടൻ ചിരിക്കേണ്ട... ഞാൻ കാര്യമാണ് പറഞ്ഞത്... " "എടാ പൊണ്ണാ... അയാളുടെ ഒരു കൈക്ക് തികയില്ല നീ... വെറുതെ വിടിവായിത്തരം പറയല്ലേ... അയാൾ തെറ്റുകാരൻ തന്നെയാണ്... അതിന് അയാളോട് നേരിട്ട് ഏറ്റുമുട്ടി ഉള്ള തടി ചീത്തയാക്കേണ്ട... ബുദ്ധിയുപയോഗിച്ച് നേരിടണം അതാണ് വേണ്ടത്... നമുക്കത് വീട്ടിലെത്തിയിട്ട് സംസാരിക്കാം... ചെരുപ്പ് വാങ്ങിച്ച് വാ... " "അത് ബസ്റ്റാന്റിനടുത്തുള്ള കടയിൽ നിന്ന് വാങ്ങിക്കാം നിങ്ങൾ വരൂ..." അവർ ബസ്റ്റാന്റിലേക്ക് നടന്നു... കിച്ചു ചെരുപ്പ് വാങ്ങിച്ചു വന്നു... പിന്നെയവർ ബസ്സ് കയറാനായിട്ട് നടന്നു... പെട്ടന്നാണ് ഭദ്രയത് കണ്ടത്... സ്റ്റാന്റിലേക്ക് കയറിവന്ന ബസ്സിൽ നിന്നും ഇറങ്ങുന്നവരുടെ കൂട്ടത്തിലുള്ള ഒരാളെ കണ്ടപ്പോൾ അവൾ അമ്പരന്നു... "ചെറിയമ്മ... " ഭദ്ര പറഞ്ഞതുകേട്ട് അച്ചുവും കിച്ചുവും അവൾ നോക്കിനിൽക്കുന്നിടത്തേക്ക് നോക്കി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story