മറുതീരം തേടി: ഭാഗം 39

marutheeram thedi

രചന: രാജേഷ് രാജു

വളരെയേറെ സന്തോഷത്തോടെയാണ് പ്രകാശൻ കാറോടിച്ചത്... "ഒരു വെടിക്ക് രണ്ട് പക്ഷി... എന്നെ വെട്ടിച്ച് കടന്നുകളഞ്ഞവളും എന്റെ മായയെ കടത്തിക്കൊണ്ടുപ്പോയവനും ഒരേ സ്ഥലത്ത്... എല്ലാവരും പറയുന്നതുപോലെ ദൈവം എന്നൊന്നുണ്ട് എന്നുപറയുന്നത് വെറുതെയല്ല എന്നെനിക്ക് മനസ്സിലായി... ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കുമോ... മോനെ ഗിരീശാ നീയെന്നെ സഹായിച്ചില്ലേലും അവളെ ഞാൻ കണ്ടെത്തിയെടാ... ഒരു കണക്കിന് നീതന്നെയാണ് അവളെ കാണിച്ചു തന്നത്..." പ്രകാശൻ തന്റെ ഫോണെടുത്ത് ഗിരീശനെ വിളിച്ചു... മറുതലക്കൽ ഗിരീശൻ കോളെടുത്തു... "എന്താ പ്രകാശാ.. അവളുടെ കാര്യം ചോദിക്കാനാണെങ്കിൽ ഞാൻ പറഞ്ഞല്ലോ എന്നോട് ചോദിക്കേണ്ട എന്ന്...ഞാൻ പറയില്ല... അങ്ങനെ ഒരു പെണ്ണിന്റെ ശാപം എനിക്ക് തലയിൽവക്കാൻ വയ്യ... " ഗിരീശൻ പറഞ്ഞു... "നീ കാണിച്ചുതരേണ്ട ഗിരീശാ... അല്ലാതെത്തന്നെ അവളെവിടെയുണ്ടെന്ന് ഞാൻ കണ്ടുപിടിച്ചു... നീ പറഞ്ഞില്ലെങ്കിൽ ഞാനവളെ കണ്ടുപിടിക്കില്ലെന്ന് കരുതിയോ...

ഞാൻ ഇവിടെയുണ്ടെടോ... നീ ഇപ്പോഴുള്ള നിന്റെ പെണ്ണിന്റെ നാട്ടിൽ... അവൾ താമസിക്കുന്ന സ്ഥലത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.. ഏറിയാൽ പത്ത് മിനിറ്റ്... അതിനുള്ളിൽ ഞാൻ അവളുടെയടുത്തെത്തും... അവൾ മാത്രമല്ല... എന്റെ മായയെ എന്നിൽ നിന്നും അടർത്തിക്കൊണ്ടുപോയവനേയും കണ്ടുപിടിച്ചു... ഇനി എന്റെ സമയമാണ്... വൈകാതെ അവർ രണ്ടിന്റേയും കഥ കഴിഞ്ഞെന്ന വാർത്ത നിന്റെ ചെവിയിലെത്തും... " "പ്രകാശാ നീ അവിവേകമൊന്നും കാണിക്കരുത്.... ആ പാവങ്ങൾ എങ്ങനെയെങ്കിലും മനഃസമാധാനത്തോടെ ജീവിച്ചോട്ടെ... " "മനഃസമാധാനം... എന്റെ മനഃസമാധാനം തകർത്താണവർ പോയത്... അങ്ങനെയവർ ജീവിക്കേണ്ട... നിനക്ക് അവരെ രക്ഷിക്കാൻ പറ്റുമെങ്കിൽ രക്ഷിക്ക്... " പ്രകാശൻ കോൾ കട്ടുചെയ്തു... "എന്താണ് ഗിരിയേട്ടാ കാര്യം... ആരാണ് വിളിച്ചത്... " ഗിരീശന്റെ ഭാര്യ ശാരിക ചോദിച്ചു... "പ്രകാശനാണ്... അവൻ ഭദ്രയെ എന്തെങ്കിലും ചെയ്യും... ഇവിടെയെത്തിയിട്ടുണ്ട് അവൻ... പത്ത് മിനിറ്റിനുള്ളിൽ അവളുടെ വീട്ടിലെത്തുമെന്നാണ് പറഞ്ഞത്... "

"ഈശ്വരാ... പ്രകാശേട്ടനെങ്ങനെ അവളിവിടെയുണ്ടെന്നറിഞ്ഞു.. " ശാരിക ചോദിച്ചു... "എനിക്കൊരു അബദ്ധം പറ്റി... അവനെയൊന്ന് ചൊടിപ്പിക്കാൻ ഞാൻ ഭദ്രയെ കണ്ടകാര്യം അവനോട് പറഞ്ഞിരുന്നു... എന്നാൽ അവളെവിടെയെന്ന് പറഞ്ഞില്ല... പക്ഷേ അവൻ അതെങ്ങനെയോ കണ്ടുപിടിച്ചു... " "എന്ത് പണിയാണ് ഗിരിയേട്ടാ ചെയ്തത്... ഇനി പ്രകാശേട്ടൻ ഭദ്രയെ വെറുതെ വിടുമോ... " "എനിക്കറിയില്ല... ഇനി എന്താണ് ചെയ്യുക... അവളുടെ നമ്പറോ അവൾ താമസിക്കുന്ന സ്ഥലമോ അറിയില്ല ഒന്നു പറയാൻ... മാത്രമല്ല അവൻ ഇഷ്ടപ്പെട്ടിരുന്ന അവന്റെ മുറപ്പെണ്ണിനെ വിവാഹംകഴിച്ചവനും ഈ നാട്ടിലുണ്ട്... അവനേയും ഇവൻ എന്തെങ്കിലും ചെയ്യും..." "ഞാൻ നോക്കട്ടെ... ചിലപ്പോൾ അച്ഛന് നമ്മൾ പോയ അമ്പലത്തിനടുത്തുള്ള കറിയാച്ചന്റെ ഫോൺനമ്പർ കാണുമായിരിക്കും അയാൾക്ക് ചിലപ്പോൾ അറിയാമായിരിക്കും.. ഞാൻ ചോദിച്ചു നോക്കട്ടെ... " ശാരിക അവളുടെ അച്ഛന്റെയടുത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അച്ചുവും കിച്ചുവും താമസിക്കുന്ന വീടിനു മുന്നിൽ ഒരു ടാക്സി കാർ വന്നുനിന്നത് കണ്ട് ആതിര മുറ്റത്തേക്കിറങ്ങി... അതിൽനിന്ന് അച്ചുവും കിച്ചുവും ഭദ്രയും ഇറങ്ങുന്നത് കണ്ട് ആതിര അവരുടെയടുത്തേക്ക് നടന്നു.... എന്നാൽ അവരുടെ പുറകെ കാറിൽനിന്നിറങ്ങിയ സരോജിനിയെ കണ്ട് അവളൊരു നിമിഷം സംശയിച്ചു നിന്നു... ആരാണത്... അച്ചുവേട്ടന്റെ അമ്മയായിരിക്കുമോ... അടുത്ത ഞായറാഴ്ച അച്ചുവേട്ടൻ പോയി കൂട്ടിക്കൊണ്ടുവരുമെന്നാണല്ലോ പറഞ്ഞത്... അപ്പോൾ പിന്നെ ഇതാരാണ്... " ആതിര സംശയത്തോടെ വഴിയിൽത്തന്നെ നിൽക്കുന്നത് ഭദ്ര കണ്ടു... അവൾക്ക് കാര്യം മനസ്സിലായി... "എന്താ ആതിരേ അവിടെ കുറ്റിയടിച്ചതുപോലെ നിന്നുപോയത്... ഇവിടേക്ക് വാ... " ഭദ്രയവളെ വിളിച്ചു... ആതിര മടിച്ചാണെങ്കിലും അവരുടെയടുത്തേക്ക് നടന്നു... " "ആതിരേ ഇതാരാണെന്ന് മനസ്സിലായോ... എന്റെ ചെറിയമ്മയാണ്... " ഭദ്ര പറഞ്ഞതുകേട്ട് ആതിര ഞെട്ടി... "ചെറിയമ്മയോ... ? " "അതെ ചെറിയമ്മ.. അതായത് എന്റെ രണ്ടാനമ്മ...കിച്ചുവിന്റെ അമ്മ... " "ഇവരെങ്ങനെ ഇവിടെ...? " ഭദ്ര കാര്യങ്ങൾ പറഞ്ഞു...

എന്നാൽ അത് ആതിരക്ക് വിശ്വാസമായില്ല... അവൾ ഭദ്രയെ വിളിച്ച് മാറ്റിനിർത്തി... എടീ നീ പറഞ്ഞത് സത്യമാണോ.. ഇവർ എങ്ങനെ ഇത്ര കരക്ടായി ഇവിടെയെത്തി... ഇതിൽ എന്തോ പന്തികേട് തോന്നുന്നുണ്ട് എനിക്ക്... " "പന്തികേടൊന്നും തോന്നേണ്ട... ആ ദുഷ്ടനിൽനിന്നും രക്ഷപ്പെട്ട് ഇന്നലെ രാത്രി വീട്ടിൽനിന്ന് ഇറങ്ങിപ്പോന്നതാണ്... കിട്ടിയ ബസ്സിൽ കയറി ഇവിടെയെത്തി... ഇവിടെനിന്നും ഏതെങ്കിലും ബസ്സിൽ കയറി എവിടേക്കെങ്കിലും പോകാനായിരുന്നു ഉദ്ദേശം.. എന്റെ കണ്ണിൽപ്പെട്ടതുകൊണ്ട് ഇവിടേക്ക് കൂട്ടിക്കൊണ്ടുവരാൻ കഴിഞ്ഞു... കിച്ചു സ്വപ്നത്തിൽ അങ്ങനെയൊക്കെ കണ്ടത് വെറുതെയായില്ല... " "അവസാനം അവർ ദ്രോഹിച്ചവർ തന്നെ വേണ്ടിവന്നുവല്ലേ... അതേതായാലും നന്നായി... ഏതായാലും പഴയ സ്വഭാവം വല്ലതും ഇവിടെയിറക്കാൻ നോക്കിയാൽ ഇത് നിന്റെ നാടല്ല... നല്ല കയ്യൂക്കുള്ളവർ ഇവിടെയുണ്ടെന്ന് പറഞ്ഞുമനസ്സിലാക്കി കൊടുക്കോണ്ടു... " "ഇനിയങ്ങനെയൊന്നുമുണ്ടാവില്ല... ചെറിയമ്മക്ക് തന്റെ തെറ്റുകളെല്ലാം മനസ്സിലാക്കിയിട്ടുണ്ട്...

ഇനി നല്ലൊരു അമ്മയായി അവർ ജീവിച്ചോളും... " ഭദ്ര പറഞ്ഞു... "എന്നാൽ അവർക്ക് കൊള്ളാം... " "ഭദ്ര ആതിരയെ സരോജിനിക്ക് പരിചയപ്പെടുത്തിക്കൊടുത്തു... " "മോൾ നല്ലവളാണ്... നന്മ മാത്രമേ നിന്റെ മനസ്സിലുള്ളൂ... ഇത്രയുംകാലം എന്റെ മനസ്സിൽ ഇരുട്ട് മാത്രമായിരുന്നു... അങ്ങനെയാക്കിത്തീർത്തു ആ ദുഷ്ടൻ... അതുമൂലം ഒരുപാട് ദ്രോഹങ്ങൾ ചെയ്തു ഞാൻ ഇവളോടും കിച്ചുവിനോടും... അവസാനം ഞാൻ വഞ്ചിക്കപ്പെട്ടു... എനിക്കത് വേണം... നല്ലതെന്താണെന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല... അതിനിടയിൽ ഒരുപാട് ദുരിതങ്ങൾ എന്റെ മോള് അനുഭവിച്ചു... അതും ഞാൻ കാരണം... കൂടെ പഠിച്ച കൂട്ടുകാരി എന്നതിലപ്പുറം നിങ്ങൾ ഒറ്റ മനസ്സായി കഴിഞ്ഞവരാണെന്ന് മനസ്സിലായി... ഒരു ജീവിതത്തിൽ അനുഭവിക്കാനുള്ളതിനേക്കാളും കൂടുതൽ അനുഭവിച്ച് ജീവിതംതന്നെ മടുത്ത ഇവളെ കയ്യൊഴിയാതെ സ്വന്തം കൂടപ്പിറപ്പുപോലെ കണ്ട് ഇവളെ സംരക്ഷിച്ചില്ലേ... അതുപോലെ എന്റെ മോനേയും ഈ അച്ചു സംരക്ഷിച്ചു... ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല... നിങ്ങളെ ദൈവം ഒരിക്കലും കൈവിടില്ല... " സരോജിനി പറഞ്ഞു...

"ഇവൾ എന്റെ കൂടപ്പിറപ്പല്ലെന്നാരാണ് പറഞ്ഞത്... എന്റെ കൂടപ്പിറപ്പുത്തന്നെയാണ്... ഒരമ്മയുടെ വയറ്റിൽ ജനിക്കണമെന്നില്ല കൂടപ്പിറപ്പാകാൻ... ഇവൾക്ക് എന്ത് ബുദ്ധിമുട്ടുണ്ടായാലും ഞാനുണ്ടാകും... അതുപോലെ കഴിഞ്ഞ മൂന്നു വർഷമായി കിച്ചുവെന്റെ കുഞ്ഞനിയനാണ്... പക്ഷേ അന്നൊന്നും അവൻ ഭദ്രയുടെ അനിയനാണെന്ന് എനിക്കറിയില്ലായിരുന്നു.. ഭദ്ര വന്ന അന്നാണ് അവളുടെ അനിയനാണ് കിച്ചു എന്നറിയുന്നത്... അന്നേരം അവനോടുള്ള സ്നേഹം എനിക്ക് കൂടിയിട്ടേയുള്ളൂ......." അവൾ തിരിഞ്ഞ് ഭദ്ര യേയും കിച്ചുവിനേയും നോക്കി... "ചെറിയമ്മയെ ഇങ്ങനെ വഴിയിയിൽ നിർത്താനാണോ കൊണ്ടുവന്നത്... അകത്തേക്ക് വിളിച്ചിരുത്ത്..." ആതിര ഭദ്രയോടും കിച്ചുവിനോടുമായി പറഞ്ഞു... അവർ വീട്ടിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ഒരു കാർ വന്ന് നിന്നത് അവർ തിരിഞ്ഞു നോക്കി...

കാർ കണ്ടതും ഭദ്ര ഞെട്ടിത്തരിച്ചുനിന്നു... "പ്ര.. പ്രകാശേട്ടൻ... " ഭദ്ര പറഞ്ഞതുകേട്ട് അച്ചു അവളെ നോക്കി... പിന്നെ കാറിൽനിന്നും വിജയഭാവത്തിൽ ഇറങ്ങുന്ന പ്രകാശനെ നോക്കി.. " "ഹായ് ഭദ്രാ... എന്തൊക്കെയാണ് വിശേഷങ്ങൾ... പുതിയ സ്ഥലത്തെ താമസമൊക്കെ എങ്ങനെ... എടീ നീ എവിടെപ്പോയൊളിച്ചാലും നിന്നെ കണ്ടുപിടിക്കില്ലെന്ന് കരുതിയോ... കുറച്ചു ബുദ്ധിമുട്ടി... എന്നാലും നീയെന്റെ മുന്നിൽ വന്നുപെട്ടല്ലോ... അല്ല നിന്നെ ഞാൻ കണ്ടുപിടിച്ചു എന്നുപറയുന്നതാകും നല്ലത്... നിന്റെ മറ്റവൻ ജിമ്മിച്ചന്റെ നാട്ടിൽ തന്നെ നീ എത്തിയല്ലേ... കൊള്ളാം... ഇതൊക്കെയാരാണ്... അല്ലാ ഇത് നിന്റെ ശത്രുവല്ലേ... ഇവർ ഇവിടേക്കാണോ പോന്നത്... കുറച്ചു മുന്നേ അമ്മാവൻ വിളിച്ചിരുന്നു... നിങ്ങൾ അമ്മാവനെ പറ്റിച്ച് നാടുവിട്ടെന്ന്... അയാളവിടെ പ്രശാന്ത് പിടിച്ച് ഓടി നടക്കുകയാണ്... ഏതായാലും ഇനിയധികം ഓടേണ്ടെന്ന് പറയാം...

ഇതെന്താ എല്ലാവർക്കും രക്ഷപ്പെട്ടെത്താൻ ദൈവത്തിന്റെ സന്നിധിയാണോ ഇത്... ഒരുത്തനുംകൂടിയുണ്ടല്ലോ എന്റെ മുറപ്പെണ്ണിനെ വളച്ചുകൊണ്ട് പോന്നവൻ... അവളെ മരണത്തിലേക്ക് തള്ളിവിട്ടവൻ അച്ചു... ഇതിലാരാണാവോ ആ മാന്യൻ... " "എന്നെ സ്വസ്ഥമായിട്ട് ജീവിക്കാൻ അനുവദിക്കില്ല അല്ലേ നിങ്ങൾ... നിങ്ങളിൽ നിന്ന് ഒരുപാട് സഹിച്ചവളാണ് ഞാൻ... ആത്മഹത്യക്ക് മുതിർന്ന എന്നെ രക്ഷിച്ചത് ഇവരാണ്... ഞാൻ കുറച്ച് മനഃസമാധാനത്തോടെ ജീവിച്ചോട്ടെ... " ഭദ്ര കൈകൂപ്പി പറഞ്ഞു.. "അങ്ങനെ നീ സന്തോഷിക്കേണ്ട... അന്ന് നീ മരിച്ചിരുന്നെങ്കിൽ ഞാൻ സന്തോഷിച്ചേനെ... പക്ഷേ എന്തു ചെയ്യാം... നിന്റെ മരണം എന്റെ കൈകൊണ്ടാവണമെന്നാണ് ദൈവനിശ്ചയം... "..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story