മറുതീരം തേടി: ഭാഗം 40

marutheeram thedi

രചന: രാജേഷ് രാജു

"അങ്ങനെ നീ സന്തോഷിക്കേണ്ട... അന്ന് നീ മരിച്ചിരുന്നെങ്കിൽ ഞാൻ സന്തോഷിച്ചേനെ... പക്ഷേ എന്തു ചെയ്യാം... നിന്റെ മരണം എന്റെ കൈകൊണ്ടാവണമെന്നാണ് ദൈവനിശ്ചയം... " "ഓ നിങ്ങളാണല്ലേ എന്റെ ചേച്ചിയെ കൊല്ലാകൊല ചെയ്ത ആ വിരുതൻ... നിങ്ങളെ കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ... എന്റെ ചേച്ചി ഇത്രയും കാലം നിങ്ങളെ പേടിച്ച് ജീവിച്ചിട്ടുണ്ടാകാം... എന്നാൽ ഇപ്പോൾ അങ്ങനെയല്ല... അന്ന് ചേച്ചിയെ സഹായിക്കാനോ സമാധാനിപ്പിക്കാനോ ആരുമില്ലായിരുന്നു... എന്നാൽ ഇപ്പോൾ ഈ കാണുന്ന ഞങ്ങൾ എല്ലാവരുമുണ്ട്... ഈ നാടുതന്നെയുണ്ട്... വല്ലാതെ നിന്ന് ചിലക്കാതെ വന്ന വഴിക്കു പോകാൻ നോക്ക്... അതാകും ഈ അഞ്ചടി എട്ടിഞ്ച് ശരീരത്തിന് നല്ലത്... " കിച്ചു പറഞ്ഞു... "അതുശരി.. അപ്പോൾ നീയാണ് ഇവളുടെ പൊന്നാങ്ങള... എടാ നരുന്ത്കൊച്ചനേ... ഇവൾ എന്റെ ഭാര്യയാണ്... ഞങ്ങൾ തമ്മിലുള്ള പ്രശ്നം ഞങ്ങൾ തന്നെ തീർത്തോളാം... ഈ ഇളം പ്രായത്തിൽ തടികേടാക്കണോ... ഇവളെ കൊണ്ടുപോകാൻ വന്നതാണെങ്കിൽ കൊണ്ടുപോവുകതന്നെ ചെയ്യും...

അത് കൂടെ പൊറുപ്പിക്കാനല്ല... മറിച്ച് ഈ ഭൂലോകത്ത് നിന്നും അവൾ വിളിക്കുന്ന ദൈവത്തിന്റെയടുത്തേക്ക് പറഞ്ഞയക്കാൻ... ഇവൾ മാത്രമല്ല.. ഞാൻ സ്വപ്നംകണ്ട ജീവിതം തട്ടി മാറ്റിയ ഒരുത്തനുണ്ടല്ലോ അച്ചു എന്നു പറയുന്നവൻ അവനെയും അവളുടെ കൂടെ ഞാൻ പറഞ്ഞയക്കും... " പെട്ടന്ന് അച്ചു പ്രകാശന്റെയടുത്തേക്ക് ചെന്നു... "നീ എന്തൊലത്തുമെന്നാണ് പറയുന്നത്... നിന്റെ മുറപ്പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുപോയത് ഞാനാണ്... അത് അവൾ എന്നെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നതുകൊണ്ടാണ്... നിന്നെയവൾക്ക് വെറുപ്പല്ലായിരുന്നോ... കണ്ട കള്ളും കഞ്ചാവുമായി നടന്ന് മാനസിക രോഗിയായ നിന്നെ ഏത് പെണ്ണാണ് ഇഷ്ടപ്പെടുക... ഭദ്രക്ക് അറിയാതെ പറ്റിയ തെറ്റാണ് നിന്നെ വിവാഹം കഴിച്ചത്... അതിന് വേണ്ടുവോളം അവളനുഭവിച്ചു... ഇപ്പോൾ ഇവിടെ വന്ന് നീ എന്തൊക്കെയോ ചെയ്യുമെന്ന് പറഞ്ഞല്ലോ... ഒറ്റ തന്തക്ക് ജനിച്ചവനാണെങ്കിൽ ചെയ്ത് കാണിക്ക്... അതാണ് ആണത്വം... " "എന്റെ ആണത്വം കാണിക്കാൻ തന്നെയാണ് ഞാൻ വന്നത്...

അത് ഈ കാണുന്ന ഇവരുടെ മുന്നിൽ വച്ചാണ് വേണ്ടതെങ്കിൽ അതിനും എനിക്ക് മടിയില്ല... ആദ്യം അവൾ... അതിനുശേഷം നീ... പ്രകാശൻ പെട്ടന്ന് ഭദ്രയുടെയടുത്തേക്ക് ചെന്നു... അവൾക്ക് രക്ഷപ്പെടാൻ കഴിയുന്നതിനുമുന്നേ അവളുടെ മുടിയിൽ പിടിച്ചുവലിച്ചവൻ ചുമരിലേക്ക് തള്ളി... പിന്നെയവളുടെ കഴുത്തിൽ പിടിച്ചമർത്തി... ഭദ്രക്ക് ശ്വാസംമുട്ടി... പെട്ടെന്നൊരു ചവിട്ടേറ്റ് പ്രകാശൻ തെറിച്ചു വിണു... വീണുകിടന്ന അവൻ തന്നെ ചവിട്ടിയ കിച്ചുവിനെ ക്രൂരമായി നോക്കി... പിന്നെ എഴുന്നേറ്റ് തന്റെ അരയിൽ തിരുകിയ പിസ്റ്റണെടുത്ത് കിച്ചുവിനെ നേരേ നീട്ടി... ഇവിടെ വരുന്നതുവരെ ഇവൾ മാത്രമായിരുന്നു എന്റെ ലക്ഷ്യം... കവലയിലെത്തിയതും അത് രണ്ടായി... എന്റെ മോഹങ്ങൾ തകർത്ത ഇവനും... ഇപ്പോഴത് മൂന്നായി... എത്ര പേരെ കൊന്നാലും ശിക്ഷ ഒന്നുതന്നെയാണ്... പ്രകാശൻ എല്ലാവരേയും നോക്കിയൊന്ന് ചിരിച്ചു... പെട്ടന്ന് മറ്റൊരു കാർ അവിടേക്ക് വന്നു... "എടാ... " ആരുടേയോ വിളികേട്ട് പെട്ടന്ന് പ്രകാശൻ അവിടേക്ക് നോക്കി...

ആ ഒരു നിമിഷം മതിയായിരുന്നു അച്ചുവിന്... പ്രകാശന്റെ കയ്യിലെ പിസ്റ്റൺ ഒറ്റച്ചവിട്ടിന് തെറിപ്പിച്ചു... അപ്പോഴേക്കും കാറിൽ നിന്നിറങ്ങിയ കാർത്തിക് തന്റെ സർവീസ് റിവോൾവർ അവനു നേരെ ചൂണ്ടിക്കൊണ്ട് വന്നു... പുറകെ കാറിൽനിന്നിറങ്ങി ജിമ്മിച്ചനും... ജിമ്മിച്ചൻ വന്ന് പ്രകാശന്റെ ചെവിക്കല്ലുനോക്കി ഒന്ന് കൊടുത്തു... പ്രകാശന്റെ ചെവിയിൽ നിന്നും പൊന്നീച്ച പറന്നു... "ഇത് ഞാൻ അന്ന് നിന്റെയവിടുത്തെ കവലയിൽവച്ച് തരാനിരുന്നതാണ്... അന്ന് ഞാൻ തരുന്നതിനു പകരം ഇവൾ തന്നു... എന്താടാ... നീ ഇവിടെ വന്ന് വില്ലത്തരം കാണിക്കുന്നോ... നിന്റെ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു... എന്താ നിനക്ക് എന്നെ തിരിച്ചടി ക്കണമെന്ന് തോന്നുന്നുണ്ടോ... ഉണ്ടെങ്കിൽ തല്ലെടാ... " "ഓ അപ്പോൾ പ്രിയപ്പെട്ടവളെ രക്ഷിക്കാൻ വന്നതാകുമല്ലേ... എങ്ങനെ വരാതിരിക്കും... ഇപ്പോൾ നല്ല സൌകര്യമാണല്ലോ... ആരും ചോദിക്കാൻ വരില്ലല്ലോ... " പറഞ്ഞുതീരുന്നതിമുന്നേ ഒന്നുകൂടി കിട്ടി അവന്... എന്നാലത് ജിമ്മിച്ചന്റെ കൈകൊണ്ടായിരുന്നില്ല...

മറിച്ച് അച്ചുവിന്റെ കൈകൊണ്ടായിരുന്നു... "കള്ള നായുന്റെ മോനേ... ഇവളെ പറ്റി ഇനി ഒരക്ഷരം പറഞ്ഞാൽ നിന്റെ നാവ് ഞാൻ പിഴുതെടുക്കും... " "അതുശരി... ഇവളെ പറഞ്ഞപ്പോൾ നിനക്ക് നൊന്തോ... അപ്പോൾ നീയാണല്ലേ ഇവളുടെ രക്ഷകൻ... എന്റെ മായയെ തട്ടിയെടുത്ത് അവളെ കൊല്ലാക്കൊല ചെയ്തതും പോരാഞ്ഞിട്ട് ഇപ്പോൾ എന്റെ ഭാര്യയേയും തട്ടിയെടുക്കാനും നോക്കുന്നോ... " "നിന്റെ ഭാര്യയോ... കഴുത്തിൽ ഒരു താലികെട്ടി എന്നു കരുതി ഇവൾ നിന്റെ ഭാര്യയാകുമോ.. ആ ഒരു ബന്ധം മാത്രമേ നീയും ഇവളും തമ്മിലുള്ളൂ... ആ താലി എന്നേ ഇവൾ പൊട്ടിച്ചുകളഞ്ഞു.. ഇപ്പോൾ നിയമപ്രകാരം റജിസ്റ്റർ ചെയ്ത ആ രേഖ മാത്രമേയുള്ളൂ... അതൊഴിവാക്കാൻ അധികം താമസമില്ല... അതോടെ ഇവളുടെമേലുള്ള നിന്റെ അധികാരം തീരും... നിയെന്തിനാണ് ഇവളെ ദ്രോഹിക്കുന്നതെന്ന് എനിക്കറിയാം...

നിന്റെ സഹോദരിയുടെ ആഭരണങ്ങൾ ആരുമറിയാതെ നീ മോഷ്ടിച്ച് വിറ്റുതുലച്ചു... അതിവൾ കണ്ടു... ഇവൾ നിന്റെ സഹോദരിയോടോ അമ്മയോടോ പറയുമെന്നു ഭയത്താലാണ് നീ ഇവളെ ഇല്ലാതാക്കാൻ നോക്കുന്നത്... ഇവൾ എല്ലാകാര്യവും എന്നോട് പറഞ്ഞു... ഇവളത് പറഞ്ഞാൽ നിന്റെ കാര്യം പോക്കാണെന്ന് നിനക്കറിയാം... " "അതെ ഞാനെടുത്തു... ഇവൾക്കും കിട്ടിയതാണല്ലോ ഒരുപാട് ആഭരണങ്ങൾ... അത് ഞാൻ കാണാതെ മറച്ചുവച്ചു... എനിക്ക് പണത്തിനാവിശ്യമുണ്ടായിരുന്നു... അതിന് ഞാൻ എന്റെ സഹോദരിയുടെ ആഭരണമെടുത്തു... പക്ഷേ ആരുമറിയില്ല എന്നുകരുതിയ അതെല്ലാം ഇവൾ കണ്ടു... അതൊന്നും പുറത്തറിയരുതെന്ന അവിശ്യം എനിക്കുണ്ടായിരുന്നു... ഇവളെ ആരുമറിയാതെ തീർത്താൽ അതെല്ലാം ഇവൾ അടിച്ചു മാറ്റിയതാണെന്ന് എനിക്ക് പറഞ്ഞ് വിശ്വസപ്പിക്കാമെന്ന് കണക്കുകൂട്ടി...

അവസാനം കളവ് പുറത്തു വരുമെന്ന് കരുതി ഇവൾ ആത്മഹത്യ ചെയ്തതാണെന്ന് പറയാമായിന്നു... എന്നാൽ അതിനിടയിൽ ഇവൾ എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കടന്നുകളഞ്ഞു... എന്നെങ്കിലും ഇവൾ തിരിച്ചുവന്നാൽ എല്ലാം പൊളിയുമെന്ന് ഉറപ്പുണ്ടെനിക്ക്... അതുകൊണ്ട് തന്നെയാണ് ഇവളെ തീർക്കാൻ തീരുമാനിച്ചതും... അല്ലാതെ ഇവളെന്റെ ഭാര്യയാണെന്ന അവകാശത്തോടെയല്ല... അങ്ങനെ ഞാൻ കണ്ടിട്ടുമില്ല... എനിക്ക് ഇവളെ ആവശ്യമില്ല... ഒരൊപ്പിന്റേയും ഒരുതാലിയുടേയും ബലമേ ഞങ്ങൾ തമ്മിലുള്ളൂ... അത് ഏതുനിമിഷവും ഇല്ലാതാക്കുകയും ചെയ്യാവുന്നതാണ്... " "നീയൊരു പരാജയമാണ് മോനേ പ്രകാശാ... ഇത്രയും തണ്ടും തടിയും ഉണ്ടെന്നേയുള്ളൂ... ആലോചിക്കാനുള്ള ബുദ്ധി നിനക്കില്ല... ഇവൾക്ക് ആ സത്യം നിന്റെ വീട്ടുകാരോട് പറയണമെന്നുണ്ടെങ്കിൽ അത് എന്നേ പറയാമായിരുന്നു... നീ കരുതുന്നുണ്ടാകും ഇവൾ നിന്നെ പേടിച്ചിട്ടാണ് അന്ന് പറയാതിരുന്നതെന്ന്... നിന്റെ വീട്ടുകാരുടെ നമ്പർ ഇവളുടെ കയ്യിലില്ലേ ഇവിടെ വന്നതിനുശേഷവും വിളിച്ചു പറയാമായിരുന്നില്ലേ..

നിന്റെ കുടുംബം തകരേണ്ടെന്നു കരുതി ഇവൾ മിണ്ടാതിരുന്നതാണ്... അതിന് ഇവളോട് നന്ദിയാണ് പറയേണ്ടത്... " ജിമ്മിച്ചൻ പറഞ്ഞു... നന്ദി... നിങ്ങൾ പറഞ്ഞ പരാജയം ഇപ്പോൾ ഞാനല്ല... നിങ്ങൾ തന്നെയാണ്... ഇവൾ സ്വന്തം ഫോണിനല്ലെങ്കിലും മറ്റേത് ഫോണിൽ നിന്ന് അത് ഇവളല്ലെങ്കിലും ആര് വിളിച്ചാലും ഇവൾ എവിടെയാണെന്ന് ഞാൻ അതിലൂടെ കണ്ടെത്തുമെന്ന് ഇവൾക്കറിയാം... അത് ഇവൾക്കാപത്താണെന്ന് അറിയുന്നതുകൊണ്ടാണ് ഇവൾ മിണ്ടാതിരുന്നത്... എന്നാൽ അവളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ടായിരുന്നു ഇന്ന് ഗിരിയീശന്റെ നാവിൽ നിന്ന് അറിയാതെയാണെങ്കിലും ഇതെല്ലാം വീണു പോയത്... അനുമതിയായിരുന്നു ഇവളെവിടെയാണെന്ന് എനിക്കൂഹിക്കാൻ... അത് ഞാൻ കണ്ടെത്തി... ഇത്രയും കഷ്ടപ്പെട്ട് ഇവളെ ഞാൻ കണ്ടെത്തിയെങ്കിൽ വന്ന കാര്യം ഞാൻ നടത്തിയിരിക്കും... ഇപ്പോഴിവൾ രക്ഷപ്പെട്ടിരിക്കാം എന്നാൽ അധികകാലം ഇവൾക്കായുസ്സുണ്ടാവില്ല... വന്ന കാര്യം തീർത്തിട്ടേ ഈ പ്രകാശനൊരു മടക്കയാത്രയുള്ളൂ... "

അതും പറഞ്ഞ് പ്രകാശൻ തന്റെ കാറിനടുത്തേക്ക് നടക്കാനൊരുങ്ങി... എന്നാൽ കാർത്തിക്കിന്റെ സർവ്വീസ് റിവോൾവർ അവന്റെ തലക്കുപുറകിലമർന്നു... "അങ്ങനെ പോയാലെങ്ങനെയാണ്... ഇത്രയും നേരം നീ കാണിച്ചുകൂട്ടിയതിനും നീ ചെയ്ത കളവിനുമൊരു പരിഹാരം വേണ്ടേ... ഏതായാലും നീ പോകാനിറങ്ങിയതല്ലേ... അത് നമുക്ക് നല്ല ജയിലറക്കുള്ളിലേക്കാവാം... " "അത് പറയാൻ നീയാരാണ്... ഒരുപാട് പോലീസിനേയും സ്റ്റേഷനുകളും കണ്ടവനാണ് ഞാൻ... എന്റെ മുന്നിൽ അതൊന്നും ഒന്നുമല്ല... നീയൊക്കെ കണ്ടതിനപ്പുറം പോലീസിനെ കണ്ടതും കയ്യിലെടുത്തതുമാണ് ഞാൻ... ഇങ്ങനത്തെ വിരട്ടലൊന്നും എന്നോട് വേണ്ട... " "നീ കണ്ടിട്ടുണ്ടാകും... പക്ഷേ നല്ല ചങ്കൂറ്റമുള്ള പോലീസുകാരനെ നീ കണ്ടിട്ടില്ല... ഈ നിൽക്കുന്നത് അതുപോലെയുള്ള ഗണത്തിൽപ്പെട്ടവനാണ്... സിഐ കാർത്തിക്... കുറച്ചുമുമ്പ് മുന്നേ നിന്റെ നാട്ടിലുണ്ടായിരുന്നു... " ജിമ്മിച്ചത് പറഞ്ഞപ്പോൾ പ്രകാശൻ ഞെട്ടലോടെ കീർത്തിക്കിനെ നോക്കി... "എന്താടാ വിശ്വാസമാകുന്നില്ലേ...

നിനക്ക് സ്റ്റേഷനിലെത്തിയിട്ട് വിശ്വാസമാക്കിത്തരാം... " കാർത്തിക് പ്രകാശന്റെ കോളറിൽപിടിച്ചുവലിച്ച് കാറിനടുത്തേക്ക് നടന്നു... ആ സമയത്താണ് ഗിരീശന്റെ കാർ അവിടെയെത്തിയത്... ഗിരീശനെകണ്ട് പ്രകാശൻ പല്ലുകടിച്ചു... "എടാ നീയാണല്ലേ ഞാനിവിടെയെത്തിയത് ഇവരോട് പറഞ്ഞത്... നീ കരുതിയിരുന്നോ... ഇത്രയും കാലം ആത്മാർത്ഥ സുഹൃത്തിനെപ്പോലെ നിന്ന് നീയെന്നെ ചതിച്ചല്ലേ... ഇവർക്ക് എന്നെ അധികകാലം പൂട്ടിയിടാൻ കഴിയില്ല... ഞാൻ പുറത്തുവരും അന്ന് നിന്റെ അന്ത്യമായിരിക്കും... " "ഹും ആത്മാർത്ഥ സുഹൃത്ത്... എന്റെ ജീവിതത്തിൽ എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ് നീയുമായിട്ടുള്ള കൂട്ടുകൂടൽ... ഇപ്പോൾ അതെനിക്ക് മനസ്സിലായി... നിന്റെ എല്ലാ തോന്നിവാസത്തിനും കൂട്ടുനിന്നവനാണ് ഞാൻ... എന്നാൽ ഇനിയതുണ്ടാവില്ല... ഇന്നിത് ഞാൻ ഇവരോട് പറഞ്ഞില്ലെങ്കിൽ ഒരു പാവം പെണ്ണിന്റെ കൊലക്ക് ദൈവത്തിനു മുന്നിൽ ഞാൻ കുറ്റക്കാരനാകും... " ഗിരീഷ് പറഞ്ഞു... "കൊള്ളാം നിന്റെ നന്മ... എന്നാൽ അത് നിന്റെ ജീവനുള്ള വിലയാണെന്ന് നീയറിഞ്ഞോ... അത് ഞാൻ പുറത്തുവരുന്നതുവരെ... പ്രകാശൻ ദേഷ്യത്തോടെ കാർത്തിക്കിന്റെ കാറിൽ കയറി പുറകെ കാർത്തിക്കും ജിമ്മിച്ചനും...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story