മറുതീരം തേടി: ഭാഗം 45

marutheeram thedi

രചന: രാജേഷ് രാജു

 "അതെന്താ എന്റെ കൂടെ വന്നാൽ ഇയാൾക്ക് എന്തെങ്കിലും സംഭവിക്കുമോ... " "അയ്യോ അതുകൊണ്ടല്ല.. നിങ്ങൾക്കൊരു ബുദ്ധിമുട്ടാവില്ലേ... " "ആ ബുദ്ധിമുട്ട് ഞാൻ സഹിച്ചോളാം... നീ കയറ്... " ആതിര ചുറ്റുമൊന്ന് നോക്കി... പിന്നെ അവന്റെ കാറിൽ കയറി... "എന്താണിത്ര പേടി... ഞാനൊരു പോലീസുകാരനാടോ... മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നവൻ...... " "അയ്യോ എനിക്ക് പേടിയുണ്ടായിട്ടല്ല... " "എന്നാലും മനസ്സിലൊരു ഭയമല്ലേ... അതിനു തന്നെയാണ് പേടി എന്നു പറയുന്നത്... താനെന്താ കൂട്ടുകാരിയെ പറഞ്ഞുവിട്ട് ഒറ്റക്ക് ഇവിടെ... " "മോന് കുറച്ച് ഡ്രസ്സ് എടുക്കാൻ വേണ്ടി വന്നതാണ്... കൂടെ കുറച്ച് സാധനങ്ങളും... " "എന്നിട്ട് വാങ്ങിച്ചോ.. " "കുറച്ചൊക്കെ... അന്നേരമാണ് അയാൾ... " "ഞാൻ കണ്ടു.. അവൻ എവിടെ വരെ പോകുമെന്ന് നോക്കുകയായിരുന്നു ഞാൻ... പക്ഷേ അത് വേണ്ടി വന്നില്ല... നീ തന്നെ അവനെ കൈകാര്യം ചെയ്തു... നിന്റെ ധൈര്യം സമ്മതിച്ചു... പല പെണ്ണുങ്ങൾക്കും അതില്ലാത്തതാണ് നമ്മുടെ നാട്ടിൽ പ്രശ്നം... ഇതുപോലെ പ്രതികരിക്കാൻ തുടങ്ങിയാൽ തന്നെ ഈ നാട്ടിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം അവസാനിക്കും...

അതിന് ആരും മുന്നിട്ടിറങ്ങില്ല... അധികമെന്തിന് പറയുന്നു... ഒരു കോളേജ് വിട്ടാൽ കുട്ടികൾ കാത്തു നിൽക്കുന്ന ബസ്റ്റോപ്പിലുണ്ടാകും കമന്റടിക്കാൻ ചില ഞരമ്പുരോഗികൾ... ബസ്സിലാണെങ്കിലോ... ആ ബസ്സ് പുറപ്പെടുന്ന സ്ഥലത്തുനിന്ന് ചില അവന്മാർ കയറും... എന്നിട്ട് ലേഡീസ് സീറ്റിന് പുറകിലത്തെ സീറ്റിൽ സ്ഥാനമുറപ്പിക്കും... ഒന്ന് നീങ്ങിയിരിക്കുകപോലുമില്ല... എന്നിട്ട് കുട്ടികൾ കയറിയാൽ അവരുടെ രോഗം പുറത്തുവരും... കുട്ടികളാവണമെന്നില്ല പത്തു നാൽപ്പത് വയസ്സുവരെയുള്ള സ്തീകളെ വരെ വെറുതെ വിടില്ല... പലരും നാണക്കേടോർത്ത് പുറത്ത് പറയില്ല... ഒന്ന് പ്രതികരിക്കുക പോലുമില്ല... നൂറിൽ ഒന്നോ രണ്ടോപേർ മാത്രമേ പ്രതികരിക്കൂ... അവർക്കത് വാളാട്ടവുമാണ്... പ്രതികരിക്കണം... ഇന്ന് ഷാജിയോട് നീ പ്രതികരിച്ചപോലെ പ്രതികരിക്കണം... " "പ്രതികരിക്കണം... പക്ഷേ ഇപ്പോഴും എനിക്ക് വിറയൽ മാറിയിട്ടില്ല... അയാൾ അടങ്ങിയിരിക്കില്ല... ഇനി, അയാൾ എന്താണ് ചെയ്യുകയെന്ന് പറയാൻ പറ്റില്ല...

അതോർക്കുമ്പോൾ തല കറങ്ങുകയാണ്... സാറ് പറഞ്ഞില്ലേ പ്രതികരിക്കാത്തതുകൊണ്ടാണ് പലതും സംഭവിക്കുന്നതെന്ന്... പ്രതികരിച്ചെന്നിരിക്കട്ടെ നാളെ ആ പെണ്ണിന്റെ അവസ്ഥയെന്താകുമെന്നോർത്തോ... ആ സമയം അവിടെയുള്ളവർ കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിക്കും... എന്നിട്ട് രണ്ടുനാൾ കഴിഞ്ഞാൽ ഇവനൊക്കെ പുഷ്പം പോലെ പുറത്തുവരും... അതോടെ പ്രതികരിച്ച പെൺകുട്ടിയുടെ കാര്യം എന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ... അവർക്കൊക്കെയും പേടിക്കാതെ ഇതിനെല്ലാം സപ്പോർട്ട് ചെയ്യുന്നത് നമ്മുടെ നാട്ടിലെ നിയമമാണ്... എന്തുചെയ്താലും അവരെ പുറത്തിറക്കാനും ആളുകളുണ്ട്... ഏറിവന്നാൽ കുറച്ചുകാലം ജയിൽശിക്ഷ... അതും നല്ല സുഭിക്ഷമായ രീതിയിൽ തന്നെ... പിന്നെയെന്തിന് പേടിക്കണം... മറ്റു രാജ്യങ്ങളെപ്പോലെയുള്ള ശിക്ഷ അവർക്ക് കൊടുക്കാൻ നമ്മുടെ നീതി പീഠത്തിന്റെ കഴിയുമോ..." "നീയാള് കൊള്ളാലോ... നീയിപ്പോൾ വെല്ലുവിളിച്ചത് ഇവിടുത്തെ നീതിപീഠത്തെയാണ്...

ഒരു കണക്കിന് നീ പറഞ്ഞത് സത്യമാണ്... നമ്മുടെ നാട്ടിലെ നിയമമാണ് ഇവിടുത്തെ എല്ലാ അതിക്രമത്തിന് വാളാട്ടം കൊടുക്കുന്നത്... എന്നാൽ ഇവിടെയൊരു നിയമമുണ്ട്... ആ നിയമം അതേപടി അനുസരിക്കുകയേ നിവർത്തിയുള്ളൂ... അല്ലാതെ ഏതോ സിനിമയിൽ പറഞ്ഞപോലെ കോടതിയെ വരെ ചോദ്യം ചെയ്യാൻ നമുക്കാർക്കും അവകാശമില്ല... അങ്ങനെയൊരു നിയമം കൊണ്ടുവന്നാൽ തന്നെ അതിനെ എതിർക്കാൻ പല ഭാഗത്തുനിന്നും ആളുകളുണ്ടാകും... അതാണ് പ്രശ്നം... ഇവിടെ മാറിവരുന്ന ഒരോ രാഷ്ട്രീയപാർട്ടിക്കാരും ഭരിക്കുന്ന സമയത്ത് എന്ത് നല്ല കാര്യം ചെയ്താലും അത് എതിർക്കാൻ പ്രതിപക്ഷപാർട്ടികളുണ്ടാകും... അത് ചീത്തയായതുകൊണ്ടല്ല... മറിച്ച് ആ നിയമം പാസായി വന്നാൽ ഭരിക്കുന്ന പാർട്ടിയുടെ വിജയമാവുമെന്ന് മറ്റുപാർട്ടിക്കാർക്കറിയാം... അന്നേരം അതെങ്ങനെയെങ്കിലും എതിർക്കാനേ അവർ നോക്കൂ... അതിന് കലാപംവരെയുണ്ടാക്കും..." "അതെന്തെങ്കിലുമാകട്ടെ... ഇപ്പോൾ ഇവിടെ ജീവിക്കാൻ തന്നെ പേടിയായിത്തുടങ്ങി...

ഇത്രയും കാലം മനഃസമാധാനത്തോടെ ജീവിക്കാമായിരുന്നു... അതിനിടക്ക് ആ ഷാജിയുടെ കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു... ഇന്നിപ്പോൾ ആളുകളുടെ എണ്ണം കൂടുകയാണ്... മനഃസമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങാൻവരെ പേടിയാണ്... ഞാനും മോനും ഭദ്രയും വയസ്സായ അച്ഛനുമമ്മയുമാണ് വീട്ടിൽ... " "അതിനെന്താണ്... ഇന്ന് കാണിച്ച ദൈര്യം പോരേ രക്ഷക്ക്... പിന്നെ അടുത്തുതന്നെ അച്ചുവും കിച്ചുവുമില്ലേ... " "അതാണ് ഏക ആശ്വാസം... അവരുംകൂടിയില്ലെങ്കിൽ ഞങ്ങൾക്ക് തുണയായിട്ട് ആരാണുള്ളത്... " "ഞാനൊരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ... വേറൊന്നുമല്ല... നാലഞ്ച് ദിവസമേ ഞാൻ നിന്നെയും ഭദ്രയേയും വീട്ടുകാരേയും പരിചയമായിട്ടുള്ളൂ ആ ഒരു ബന്ധത്തിന്റെ പുറത്ത് ചോദിക്കുകയാണ്... രമേശൻ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു... അന്നുമുതൽ ഇന്നുവരെ നീ മറ്റുള്ളവർക്കു വേണ്ടിയാണ് ജീവിക്കുന്നത്... നിനക്ക് അധികം പ്രായമൊന്നുമായിട്ടില്ലല്ലോ... ഒരു പെൺകുട്ടി വിവാഹം കഴിക്കുന്ന പ്രായമേ ആയിട്ടുള്ളൂ...

നിന്റെ കാര്യം മനസ്സിലാക്കി... നിന്നേയും മോനേയും അതുപോലെ അച്ഛനേയും അമ്മയേയും നോക്കാൻ മനസ്സുള്ള ഒരാൾ വന്നാൽ പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചൂടേ... " "സാറിന് പറയാൻ എളുപ്പമാണ്... രമേശേട്ടനെ ഞാൻ എന്തുമാത്രം സ്നേഹിച്ചെന്ന് സാറിനറിയാഞ്ഞിട്ടാണ്... സാറ് ചോദിക്കും ഭർത്താക്കന്മാർ മരിച്ച സ്ത്രീകൾ മറ്റൊരു വിവാഹത്തിന് തയ്യാറാവില്ലേയെന്ന്... എന്നാൽ എനിക്കത് കഴിയില്ല... കാരണം രമേശേട്ടൻ മരിക്കുമ്പോൾ പ്രായമായ രണ്ടുപേരെ എന്റെ കയ്യിലേൽപ്പിച്ചിട്ടാണ് പോയത്... ഞാൻ മറ്റൊരു വിവാഹം കഴിച്ചാൽ അവരുടെ കാര്യം എന്താകും... എല്ലാം സമ്മതിച്ച് ആരെങ്കിലും വരുമായിരിക്കും... എന്നാൽ ആദ്യത്തെ കുറച്ചുകാലം അവരോട് സ്നേഹമുണ്ടാകും... അതുകഴിഞ്ഞാൽ അവർ ഒരു തലവേദനയായി മാറും... എന്തിന് എന്റെ മോൻ വരെ അവർക്കൊരു ഭാരമാകും... സാറിത് എന്നോട് പറഞ്ഞല്ലോ... ഇതേ അവസ്ഥ തന്നെയാണല്ലോ സാറിന്... എന്നിട്ട് സാറെന്താണ് മറ്റൊരു വിവാഹം കഴിക്കാത്തത്... " "നീ പറഞ്ഞതു തന്നെ കാര്യം...

എനിക്ക് ഒരു പെൺകുട്ടിയാണ്... നാളെയവൾ വരുന്നവർക്ക് ഒരു ഭാദ്യതയാകരുത്... അതിനെല്ലാം തയ്യാറായി വരുന്നവൾ ഉണ്ടെങ്കിൽ നോക്കാമെന്ന് കരുതി... അങ്ങനെ ഒരു പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്... അവളുടെ സമ്മതം കൂടി വേണമിനി.. അവൾക്ക് എന്ത് ബാധ്യതയുണ്ടെങ്കിലും അതെല്ലാം എന്റേതു കൂടിയാണെന്ന് കരുതി പൂർണ്ണമനസ്സോടെ അവളെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്... "നിങ്ങളുടെ നാട്ടുകാരിയാണോ അവൾ.. " "അല്ല... ഈ നാട്ടുകാരിയാണ്.... മുമ്പൊരു വിവാഹം കഴിഞ്ഞതാണ്... അതിലൊരു കുട്ടിയുമുണ്ട്... " "അതേതാണ് ഇവിടെ അങ്ങനെയൊരാൾ... എന്റെ പരിചയത്തിലില്ലല്ലോ... " "ഇവിടെയുള്ള എല്ലാവരേയും നിനക്കറിയുമോ... " "ഒട്ടുമിക്ക ആളുകളേയും എനിക്കറിയാം... " "അവർ ഇവിടുത്തുകാരല്ല... ഇവിടെ വന്നുകൂടിയവരാണ്... " "അതാണ് എനിക്ക് പരിചയമില്ലാത്തത്... എന്തായാലും നല്ലരീതിയിൽ നടക്കട്ടെ... നിങ്ങളെ ആ പെണ്ണിന് ഇഷ്ടമാകും... ഇഷ്ടപ്പെടാതിരിക്കാൻ കാരണമൊന്നുമില്ലല്ലോ... നല്ലൊരു ജോലി... അതും ഇവിടെ സി ഐ പോസ്റ്റിലിരിക്കുന്ന ആൾ...

ഒരൊറ്റ മകൻ... നല്ല സ്വഭാവം... ഒരുവിദത്തിലുമുള്ള ദുശ്ശീലമില്ല... കൈക്കൂലിക്കാരനല്ല... സ്നേഹനിധികളായ വീട്ടുകാർ... ഇതിനപ്പുറം എന്തുവേണം... ഇപ്പോൾ പറഞ്ഞു അവളുടെ എന്ത് ബാധ്യതയും സ്വന്തം ബാധ്യതയായി കരുതാമെന്ന്... ഇത്രയൊക്കെ പോരേ ഒരു പെണ്ണിന് ഇയാളെ ഇഷ്ടപ്പെടാൻ... " "ഉറപ്പാണോ... അതിനിനി മാറ്റമുണ്ടാവോ..." "അത് ഞാനെങ്ങനെയാണ് പറയുന്നത്... എന്റെ അഭിപ്രായത്തിൽ ഇത് നടക്കുമെന്നാണ്... " "എന്നാൽ ഞാൻ എന്റെ അച്ഛനുമമ്മക്കുംവാക്കുകൊടുക്കട്ടെ... " "അവളുടെ സമ്മതം കിട്ടാതേയോ... " "സമ്മതം കിട്ടിയല്ലോ... " കാർത്തിക് ചിരിച്ചുകൊണ്ട് പറഞ്ഞു... "മനസ്സിലായില്ല... " ആതിര അവനെ സംശയത്തോടെ നോക്കി ചോദിച്ചു... " ഇനിയെന്താണ് മനസ്സിലാക്കാൻ... മനസ്സിലാവാത്തതാണോ അതോ അങ്ങനെ അഭിനയിക്കുന്നതോ... എന്നാലും ഒരു തവണ കൂടി വിശദമായി പറയാം... ഞാൻ കണ്ടുപിടിച്ച പെണ്ണ് മറ്റാരുമല്ല... അവളൊരു തന്റേടിയായ പെണ്ണാണ്.... മറ്റുള്ളവരെ സ്നേഹിക്കാൻ മാത്രമറിയാവുന്ന പെണ്ണ്... ഞാൻ അവളുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതുന്നതുപോലെ അവളും എന്റെ കുഞ്ഞിനെ അതുപോലെ കാണുമെന്ന് കരുതുന്നു.... അവളിപ്പോൾ എന്റെ കൂടെയുണ്ട്... എന്റെ തൊട്ടടുത്ത്..." "വണ്ടി നിർത്ത്... " പെട്ടന്ന് ആതിര പറഞ്ഞു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story