മറുതീരം തേടി: ഭാഗം 46

marutheeram thedi

രചന: രാജേഷ് രാജു

 "ഞാൻ കണ്ടുപിടിച്ച പെണ്ണ് മറ്റാരുമല്ല... അവളൊരു തന്റേടിയായ പെണ്ണാണ്.... മറ്റുള്ളവരെ സ്നേഹിക്കാൻ മാത്രമറിയാവുന്ന പെണ്ണ്... ഞാൻ അവളുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതുന്നതുപോലെ അവളും എന്റെ കുഞ്ഞിനെ അതുപോലെ കാണുമെന്ന് കരുതുന്നു.... അവളിപ്പോൾ എന്റെ കൂടെയുണ്ട്... എന്റെ തൊട്ടടുത്ത്..." "വണ്ടി നിർത്ത്... " പെട്ടന്ന് ആതിര പറഞ്ഞു... ആതിര പറഞ്ഞതുകേട്ട് കാർത്തിക് കാർ നിർത്തി... പിന്നെയവളെ നോക്കി... "എന്താണ് നിങ്ങളുടെ ഉദ്ദേശം... അറിയാവുന്ന ആളാണല്ലോ അതും ഒരു പോലീസുകാരനാണല്ലോ എന്നു കരുതിയാണ് ഞാൻ ഇതിൽ കയറിയത്... എന്നാൽ നിങ്ങളുടെ മനസ്സിൽ ഇതുപോലൊന്ന് വച്ചിട്ടാണ് എന്നോട് വണ്ടിയിൽ കയറാൻ പറഞ്ഞതെന്ന് ഞാൻ കരുതിയില്ല... " ആതിരേ ഞാൻ... അതിനൊന്നും ഞാൻ പറഞ്ഞില്ലല്ലോ... എന്റെ താൽപര്യം ഞാൻ പറഞ്ഞെന്നേയുള്ളൂ... തിരുമാനമെടുക്കേണ്ടത് നീയാണ്... എനിക്ക് ഒരു പെൺകുട്ടിയാണ്... വീട്ടുകാർ എന്നോട് മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിക്കാൻ തുടങ്ങിയിട്ട് ഒരുപാടായി...

ഇവിടെയെത്തിയപ്പോൾ എന്റെ കൂട്ടുകാരനായ ജിമ്മിച്ചനും അമ്മയുടെ സ്ഥാനത്തുകാണുന്ന അവന്റെ അമ്മച്ചിയും, ഗുരുതുല്യനായ കറിയാച്ചൻമുതലാളിയും നിർബന്ധിച്ചുതുടങ്ങി... എന്റെ മോളുടെ ഭാവിയോർത്താണ് അവർക്കൊക്കെ ആവലാതി... ആലോചിച്ചപ്പോൾ എനിക്കും തോന്നി... എത്രകാലം എന്റെ തണലിൽ മാത്രമായി അവൾ വളരും... ഒരമ്മയുടെ സ്നേഹവും കരുതലും കിട്ടേണ്ട പ്രായത്തിൽ ഒറ്റപ്പെട്ടു ജീവിക്കുകയാണവൾ... എന്റെ അമ്മയും അച്ഛനും പൊന്നുപോലെ അവളെ നോക്കുന്നുണ്ട്... പക്ഷേ അതെല്ലാം എത്രകാലം... ഒരു തുണ പോലുമില്ലാതെ അവൾ ജീവിക്കുകയാണ്... അതിനൊരു മാറ്റം വേണം അതാണ് ഞാൻ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്... അതും എന്റെ മകളെ പൊന്നുപോലെ നോക്കാൻ കഴിയുന്ന ഒരുവളെ... ഒരു കുഞ്ഞുള്ളവളായാൽ അവളുടെ കുഞ്ഞിനെ നോക്കുന്നതു പോലെ തന്റെ കുഞ്ഞിനേയും നടക്കുമെന്ന് കരുതി

അതാണ് സ്നേഹിക്കാൻ മാത്രമറിയാവുന്ന നിന്നെ കണ്ടപ്പോൾ എനിക്ക് താല്പര്യം തോന്നിയത്... അല്ലാതെ എന്നെവിട്ടുപോയ എന്റെ ഭാര്യ മനസ്സിൽനിന്ന് ഇല്ലാതായിട്ടല്ല... നീയൊന്നാലോചിച്ചുനോക്ക്... നിനക്കുമില്ലേ ഒരു മകൻ... അവന് എല്ലാ വിധത്തിലുമുള്ള സ്വാതന്ത്യം കൊടുത്താലും... ഒന്ന് കൂടെ കളിക്കാൻ അല്ലെങ്കിൽ അവന്റെ വാശിക്ക് കൂടെ നിന്ന് എല്ലാം ചെയ്തുകൊടുക്കാൻ ആരാണുള്ളത്... എനിക്കറിയാം ഒറ്റപ്പെടലിന്റെ വേദന... ഒരു കൂടപ്പിറപ്പില്ലാത്ത വേദന എന്നിൽ നിന്ന് മാഞ്ഞുപോയത് ഇവിടെയെത്തി ജിമ്മിച്ചനേഷയും ജിൻസിയേയും പരിചയപ്പെട്ടതിനുശേഷമാണ്... നിനക്ക് ഇതിന് താല്പര്യമില്ലെങ്കിൽ വിട്ടേക്ക്... ഞാൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടുമില്ല... നീ കേട്ടിട്ടുമില്ല... ഈ വിഷയം ഇവിടെ അവസാനിപ്പിക്കാം... ഇതും പറഞ്ഞ് ഞാൻ ഇനി നിന്നെ ശല്യപ്പെടുത്തില്ല...

ഒരു കൂട്ടുകാരനായി കാണുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ... ഇല്ലെന്ന് വിശ്വസിക്കുന്നു... കാർത്തിക് കാറെടുത്തു... പിന്നെയങ്ങോട്ട് രണ്ടുപേരും ഒന്നും സംസാരിച്ചില്ല... ആതിര എന്തോ ആലോചനയിൽ മുഴുകിയിരിക്കുകയായിരുന്നു... കാർത്തിക് അത് കാണുന്നുണ്ടായിരുന്നു... അമ്പലത്തിനടുത്തെത്തിയപ്പോൾ അവൻ കാർ നിർത്തി... "ഇനിയങ്ങോട്ട് ഞാൻ വരുന്നില്ല... നീ തനിച്ച് എന്റെ കാറിൽ വന്നിറങ്ങുന്നത് കണ്ടാൽ ആളുകൾ പലതും കരുതും... എന്തിനാണ് അതൊക്കെ... " ആതിര കാറിൽ നിന്നിറങ്ങി കാർത്തിക് കുറച്ചു മുന്നോട്ട് പോയി കാർ തിരിച്ചു... തിരിച്ചുവരുമ്പോൾ ആതിര കാറിനു നേരെ കൈ കാട്ടി... അവൻ കാർ നിർത്തി അവളുടെ മുഖത്തേക്ക് നോക്കി... "നിങ്ങൾ നല്ലവനാണ്... അതെനിക്കറിയാം... എന്റെ ജീവിതത്തിൽ ഉണ്ടായ നഷ്ടം അത് വളരെ വലുതാണ്.

എന്റെ രമേശേട്ടനെ ഇല്ലാതായതിൽപ്പിന്നെ മറ്റുള്ളവരുടെ മുന്നിൽ സന്തോഷത്തോടെ ചിരിച്ച് ജീവിക്കുന്നുണ്ടെങ്കിലും എന്റെ ഉള്ള് നീറുകയാണ്... നിങ്ങൾ പറഞ്ഞില്ലേ എന്റെ മകന് ഒരു കൂട്ട് വേണമെന്ന കാര്യം... അതെനിക്കറിയാത്തതുകൊണ്ടല്ല... മറിച്ച് എന്റെ മനസ്സിൽ ഒരാളേയേ ഞാൻ എന്റെ പതിയായി കണ്ടിരുന്നുള്ളൂ... അതെന്റെ രമേശേട്ടനെയായിരുന്നു... രമേശേട്ടൻ പോയിട്ടും എനിക്കത് അങ്ങനെത്തന്നെയാണ്... ആ സ്ഥാനത്ത് മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല... പക്ഷേ അപ്പോഴും എന്റെ മോന്റെ കാര്യമോർത്ത് ഒരുപാട് ഞാൻ വേദനിക്കുന്നുണ്ടായിരുന്നു... ഒരച്ഛന്റെ വാത്സല്യം എന്താണെന്ന് അനുഭവിക്കാനുള്ള യോഗം അവനില്ലാതെ പോയി... അച്ഛനുമമ്മയും എന്നും ഇതേ പറ്റി പറയുമായിരുന്നു... അതൊന്നും കേൾക്കാത്തതുപോലെ ഞാൻ നടന്നു...

കുറച്ചു കഴിഞ്ഞാൽ ഒരച്ഛന്റെ കരുതലിൽ വളരാതെ എന്റെ തണലിൽ വളർന്ന് അവന്റെ ജീവിതം എങ്ങനെയാകുമെന്ന ചിന്ത എന്നെ അലട്ടുന്നുമുണ്ട്... എന്ത് തീരുമാനമെടുക്കണം എന്നറിയാതെ കഴിയുകയാണ് ഞാൻ... എനിക്ക് ഒന്നാലോചിക്കണം... അതിന് കുറച്ച് സമയം വേണം... അധികമൊന്നും ഞാൻ ചോദിക്കുന്നില്ല... ഒരു രണ്ട് ദിവസം... അതിനുള്ളിൽ എന്റെ തീരുമാനം ഞാൻ പറയാം... അതുവരെ കാത്തിരിക്കണം... " "രണ്ടല്ല എത്ര ദിവസം വേണമെങ്കിലും കാത്തുനിൽക്കാം... പക്ഷേ തീരുമാനം അത് പോസറ്റീവായിക്കണം എന്നേയുള്ളൂ... അതല്ല മറിച്ചാണെങ്കിലും പ്രശ്നമില്ല... കാരണം ഇത് നിന്റെകൂടെ ജീവിതമാണ്... നിന്റെ ജീവിതം എങ്ങനെയാകണമെന്ന് നീയാണ് തീരുമാനിക്കേണ്ടത്... നിന്റെ അഭിപ്രായമറിഞ്ഞിട്ടേ ഇതേപറ്റി വീട്ടിൽ സംസാരിക്കൂ...

എന്നിരുന്നാലും തീരുമാനം എനിക്കനുകൂലമാകുമെന്ന് ഞാൻ വിശ്വസിക്കും... എന്നാൽ ശരി... " കാർത്തിക് കാറെടുത്തു വീട്ടിലേക്ക് പോയി... ആതിര തന്റെ വീട്ടിലേക്കും നടന്നു... അവൾ ചെല്ലുമ്പോൾ ഭദ്ര അടുക്കളയിലായിരുന്നു... ആതിര അടുക്കളയിലേക്ക് നടന്നു... "നീയിത്രപ്പെട്ടന്ന് എത്തിയോ... എന്തേ വാങ്ങിക്കാനുള്ളതൊന്നും വാങ്ങിച്ചില്ലേ... " "വാങ്ങിച്ചു മേശപ്പുറത്തു ണ്ട്... " "എന്താടി നിന്റെ മുഖത്തിനൊരു മാറ്റം... എന്തെങ്കിലും പ്രശ്നമുണ്ടോ... " "ടൌണിൽ വച്ച് ആ ഷാജി ഓരോന്ന് പറഞ്ഞ് തടഞ്ഞുനിർത്തി... " ആതിര കാർത്തിക് പറഞ്ഞ കാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാം പറഞ്ഞു... " "അയാളെക്കൊണ്ട് പൊറുതിമുട്ടിയല്ലോ... എന്നിട്ടും കാർത്തിസാർ അവനെ ഒന്നും ചെയ്തില്ലേ.. " "അവനെ എന്തുചെയ്തിട്ടെന്താ... അവന്റെ സ്വഭാവം മാറില്ല... ഞാനേതായാലുമൊന്ന് കിടക്കട്ടെ നല്ല തലവേദന... ഒന്ന് കണ്ണടച്ച് കിടന്നാൽ മാറിക്കിട്ടും... "

ആതിര തന്റെ മുറിയിലേക്ക് നടന്നു... എന്നാൽ ഭദ്രക്കത് അത്ര വിശ്വാസമായില്ല... ഷാജിയുമായിട്ടുള്ള പ്രശ്നമല്ല അവളെയലട്ടുന്നതെന്ന് അവൾക്ക് മനസ്സിലായി... കുറച്ചുകഴിഞ്ഞ് ഭദ്ര ആതിരയുടെയടുത്തേക്ക് നടന്നു... ഭദ്ര ചെല്ലുമ്പോൾ എന്തോ വലിയ ആലോചനയിലായിരുന്നുഅവൾ... "ആതിരേ... നിനക്ക് ചായവേണ്ടേ... " ഭദ്ര ചോദിച്ചു... "ഞാൻ കുറച്ചുകഴിഞ്ഞ് താഴേക്ക് വരാം... " "ആതിരേ.. മോളെ നീ എന്നോട് കളവ് പറയാൻ തുടങ്ങി അല്ലേ... നിന്നെ ഞാൻ മനസ്സിലാക്കിയതു പോലെ മറ്റാരാണ് മനസ്സിലാക്കിയത്... സത്യം പറ... എന്താണ് നിന്നെ അലട്ടുന്നത്... " "അത്.. ഞാൻ പറഞ്ഞല്ലോ കാർത്തിസാറിന്റെ കൂടെയാണ് ഞാൻ വന്നതെന്ന്... വരുന്ന സമയത്ത് കാർത്തിസാർ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു... അതിനുള്ള ഒരു തീരുമാനമെടുക്കാൻ എനിക്ക് കഴിയുന്നില്ല... " അവൾ എല്ലാ കാര്യവും ഭദ്രയോട് പറഞ്ഞു..

"മോളേ.... കാർത്തിസാർ പറഞ്ഞത് നീ കാര്യമായിട്ടുതന്നെ എടുക്കണം... ഞാൻ ഇത് എങ്ങനെ നിന്നോട് പറയുന്നോർത്തിരിക്കുകയായിരുന്നു... നീ നിന്റെ ഭാവി നോക്കണം... അപ്പുമോന്റെ ഭാവി നോക്കണം... കാർത്തിസാർ ഇങ്ങോട്ട് പറഞ്ഞതാണ്... അത് നിന്റെ എല്ലാ കാര്യവുമറിഞ്ഞ്... ഇതാകാം ചിലപ്പോൾ നിന്റെ യോഗം... നീ സമ്മതിക്കണം... അപ്പുമോനെയോർത്തെങ്കിലും നീയിത് സമ്മതിക്കണം... " "അതല്ല ഭദ്രേ... എന്റെ ഇപ്പോഴത്തെ ചെറിയ വരുമാനം കൊണ്ടാണ് ഈ വീടുതന്നെ കഴിഞ്ഞു പോകുന്നതെന്ന് നിനക്കറിയാലോ... വയസ്സായ അച്ഛനുമമ്മയും അവരെ തനിച്ചാക്കി ഞാനെങ്ങനെയാണ്... " "അതിനുള്ള ഉത്തരവും കാർത്തിസാർ പറഞ്ഞില്ലേ... അവരെ സ്വന്തം അച്ചനമ്മയുടെ സ്ഥാനത്ത് കാണാമെന്ന് പറഞ്ഞതല്ലേ... പിന്നെയെന്താണ് പ്രശ്നം... അത് ശരിതന്നെ...

പക്ഷേ ഭാവിയിൽ അവർ ഒരു ബാധ്യതയായി മാറുമോ എന്നാണ് എന്റെ പേടി... " "പറഞ്ഞു കേട്ടിടത്തോളം അങ്ങനെയൊരാളല്ല കാർത്തിസാർ... അവരെ പൊന്നുപോലെ നോക്കും അവർ... അഥവാ അങ്ങനെ സംഭവിക്കുമ്പോഴല്ലേ... അന്നേരം നീയുണ്ടാവില്ലേ അവരുടെ കൂടെ... നീ മാത്രമല്ല ഞങ്ങളെല്ലാവരുമുണ്ടാവില്ലേ... " "അപ്പോൾ കാർത്തിസാറിനോട് സമ്മതമാണെന്ന് പറയണമെന്നാണോ നീ പറയുന്നത്... " അതെ... നീതന്നെ പറയണം... ഇപ്പോൾ നിനക്ക് ഒരു തുണ അത്യാവശ്യമാണ്... അതില്ലാത്തതുകൊണ്ടാണ് ഷാജിയെപ്പോലുള്ളവർ പലതും പറഞ്ഞ് പുറകേ വരുന്നത്... എന്തായാലും നീ കാർത്തിസാറിനോട് നിന്റെ അഭിപ്രായം പറയ്... ബാക്കി നമുക്ക് സാവധാനം നോക്കാം... ഇപ്പോൾ നീ താഴേക്ക് വാ... അപ്പുമോൻ നിന്നെ ചോദിക്കുന്നുണ്ട്... ആതിര എഴുന്നേറ്റ് ഭദ്രയുടെ കൂടെ താഴേക്ക് നടന്നു... .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story