മറുതീരം തേടി: ഭാഗം 47

marutheeram thedi

രചന: രാജേഷ് രാജു

"ഇപ്പോൾ നിനക്ക് ഒരു തുണ അത്യാവശ്യമാണ്... അതില്ലാത്തതുകൊണ്ടാണ് ഷാജിയെപ്പോലുള്ളവർ പലതും പറഞ്ഞ് പുറകേ വരുന്നത്... എന്തായാലും നീ കാർത്തിസാറിനോട് നിന്റെ അഭിപ്രായം പറയ്... ബാക്കി നമുക്ക് സാവധാനം നോക്കാം... ഇപ്പോൾ നീ താഴേക്ക് വാ... അപ്പുമോൻ നിന്നെ ചോദിക്കുന്നുണ്ട്... ആതിര എഴുന്നേറ്റ് ഭദ്ര യുടെ കൂടെ താഴേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ പ്രകാശാ... നീ ഈ നാട്ടിൽ വന്നത് നിന്റെ ഭാര്യയെ, അന്വേഷിച്ചാണെന്ന് അറിയാം... ഇവിടെ വന്നപ്പോൾ നീ ഏറ്റവും കൂടുതൽ പകയോടെ കണ്ടിരുന്ന അച്ചുവിനെഞ കണ്ടു... അതുമാത്രമല്ല... അവസരമൊത്താൽ പഴയൊരു കണക്കു തീർക്കാൻ ഇവിടെ ജിമ്മിച്ചനുമുണ്ട്... ഒരുപാട് കണക്കുകൾ നിനക്കിവിടെ തീർക്കാനുണ്ട്... അതെല്ലാം അറിഞ്ഞിട്ടുതന്നെയാണ് ഞാൻ നിന്നെ രക്ഷിച്ചതും... നിന്റെ ഭാര്യയേയും ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കിയവനേയും നീ വകവരുത്തുകയോ എന്തു വേണമെങ്കിലും ചെയ്തോ... അത് എനിക്ക് പ്രശ്നമുള്ള കാര്യമല്ല... എനിക്ക് വേണ്ടത് ആ ജിമ്മിച്ചന്റേയും പുതിയ സിഐയുടേയും പതനമാണ്...

അത് നിനക്ക് ചെയ്യാൻ കഴിയുമോ... " ധർമ്മരാജൻ പ്രകാശനോട് ചോദിച്ചു.... "ജിമ്മിച്ചന്റെ പതനം നിങ്ങളേക്കാളും ആഗ്രഹിക്കുന്നത് ഞാനാണ്... അവന്റെ പതനം കണ്ടിട്ടേ ഞാനിവിടെനിന്നും പോകൂ... എന്നാൽ അതിനുമുമ്പ് അവളെ എന്റെ ഭാര്യയെന്നുപറയുന്നവളെ അങ്ങ് പരലോകത്തേക്ക് അയക്കണം... " "അതിന് നിനക്ക് കഴിയോ പ്രകാശാ... അവളിന്ന് സുരക്ഷിതയാണ്... അത് തകർക്കാതെ നിനക്ക് അവളെ ഒന്നും ചെയ്യാൻ കഴിയില്ല... " "നിങ്ങളെന്താണ് പറഞ്ഞുവരുന്നത്... " പ്രകാശൻ സംശയത്തോടെ ചോദിച്ചു... "പ്രകാശാ അവളുടെ പൊന്നാങ്ങളയും പിന്നെ ആ അച്ചുവും അവൾക്ക് എപ്പോഴും കൂട്ടിനുണ്ട്... പിന്നെ ജിമ്മിച്ചന്റെ ആ സിഐയും... ഇവരുടെയൊക്കെ സുരക്ഷാവലയത്തിൽനിന്ന് നിനക്കവളെ പുറത്തെത്തിച്ച് വക വരുത്താൻ കഴിയുമോ... ഇല്ല... അത് നിനക്ക് നന്നായി അറിയുന്നതുമാണല്ലോ...

ഇവിടെ വന്നപ്പോൾതന്നെ അത് മനസ്സിലാവുകയും ചെയ്തതല്ലേ... അന്നേരം ഓരോ സുരക്ഷാ വലയങ്ങളും പൊട്ടിച്ചെറിയണം... അതെങ്ങനെയെന്ന് നിനക്ക് ഊഹിക്കാവുന്നതല്ലേയുള്ളു... " "എനിക്കറിയാം... പക്ഷേ അതിനിടക്ക് ഒന്ന് പാളിയാൽ എല്ലാം തീരും... എന്റെ ലക്ഷ്യം തന്നെ നിറവേറാതെ പോകും... അത് പറ്റില്ല... " "നിന്റെ മനസ്സിൽ അവളോടും അച്ചുവിനോടും ജിമ്മിച്ചനോടും തീർത്താൽ തീരാത്ത പകയുണ്ടെങ്കിൽ നിന്റെ ലക്ഷ്യം നിറവേറണം എന്ന ഉറച്ച വിശ്വാസം നിനക്കുണ്ടെങ്കിൽ എവിടേയും നിനക്ക് പാളിച്ച സംഭവിക്കില്ല... നീ ധൈര്യത്തോടെ മുന്നോട്ട് നീങ്ങിക്കോ... കൂടെ എന്റെ ആളുകളുമുണ്ടാകും... " പ്രകാശൻ ധർമ്മരാജാ നോക്കിയൊന്ന് ചിരിച്ചു... "എന്നെ ഇത്രമാത്രം പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങൾക്ക് എന്താണ് ഗുണമെന്ന് എനിക്കൂഹിക്കാൻ പറ്റും... നിങ്ങളുടെ ആജന്മശത്രുവിന്റെ പതനം... പിന്നെ ഇപ്പോൾ നിങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ആ പോലിസ് ഓഫീസറെ ഒതുക്കണം... ഇതല്ലേ നിങ്ങളുടെ മനസ്സിൽ... " "അതെ അതുതന്നെയാണ്... എന്താ അതിന് നിനക്ക് എന്റെ കൂടെ നിന്ന് സഹായിച്ചൂടേ... നീയെന്നെ സഹായിച്ചാൽ അതിന്റെ ഗുണം എന്നും നിനക്കുണ്ടാകും... " "ഇല്ലെങ്കിലോ... " അതുകേട്ട് ചിരിച്ചത് ധർമ്മരാജനാണ്...

"തമാശ പറയല്ലേ... നീ എന്നെ സഹായിക്കും... നിന്റെ ലക്ഷ്യം നിറവേറണമെന്ന് നിനക്ക് ആഗ്രഹമില്ലേ അന്നേരം നീയെന്റെ കൂടെ നിൽക്കും... ഞാൻ ആവശ്യപ്പെടുന്നത് നീ ചെയ്യും... ഇത്രയും പണം മുടക്കി നിന്നെ രക്ഷിക്കുമെങ്കിൽ അതുപോലെ വീണ്ടും അകത്താക്കാനും എനിക്കറിയാം... നിന്റെ കേസ് കഴിഞ്ഞിട്ടില്ല... അതറിയാലോ... അതിൽനിന്ന് നിനക്ക് രക്ഷപ്പെടണമെങ്കിൽ നീ ഞാൻ പറയുന്നതിനനുസരിച്ച് നടക്കും... വെറുതെ വേണമെന്ന് പറയുന്നില്ല... നീ സ്വപ്നം കാണുന്നതിനപ്പുറം പണം നിന്റെ കയ്യിൽ എത്തും... "ഉറപ്പാണോ... എനിക്ക് ഒരു കൊല ചെയ്താലും നാലെണ്ണം ചെയ്താലും ശിക്ഷ ഒന്നുതന്നെയാണ് കിട്ടുക... അതിൽനിന്ന് എന്നെ രക്ഷിച്ചെടുക്കാൻ പറ്റുമോ... " "അതുറപ്പാണ്... സ്നേഹിച്ചവരെ ഒരിക്കലും തള്ളിക്കളയുന്നവനല്ല ഈ ധർമ്മരാജൻ... നിനക്കുവേണ്ടി എത്ര പ്രതികളെ വേണമെങ്കിലും ഞാൻ നിയമത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുക്കും... അതോർത്ത് നീ ആവലാതി കൊള്ളേണ്ട... നീ ധൈര്യമായി മുന്നോട്ട് പൊയ്ക്കോ... നിനക്കൊരാപത്തും വരാതെ ഞാൻ നോക്കിക്കോളാം... "

"എന്നാൽ ഇതിന് എനിക്ക് കുറച്ച് സമയം തരണം... ഏറിയാൽ രണ്ടാഴ്ച... അതിനുള്ളിൽ എല്ലാം ഞാൻ ചെയ്തിരിക്കും... എനിക്കു പകരം മറ്റൊരു പ്രതിയെ തയ്യാറാക്കി നിർത്തിക്കോ നിങ്ങൾ... " പ്രകാശൻ അവിടെനിന്നും ഇറങ്ങി... അവൻ പോയി കുറച്ചു കഴിഞ്ഞപ്പോൾ ധർമ്മരാജൻ ഷാജിയുടെ വിളിച്ചു... "ഷാജി... എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട്... ഇനി നിങ്ങളുടെ കയ്യിലാണ് കളി... അവൻ ഏറ്റെടുത്ത ദൌത്യങ്ങൾ നിറവേറ്റിക്കഴിഞ്ഞാൽ പിന്നെയങ്ങ് തീർത്തോളണം... ഇല്ലെങ്കിൽ അവസാനത്തെ ഇരയെ അവൻ തീർക്കും... അന്നേരം വിലപിച്ചിട്ട് കാര്യമില്ല... " "അത് ഞങ്ങളേറ്റു മുതലാളീ... " ഷാജി കോൾ കട്ടുചെയ്ത് വിനയന്റെയടുത്തേക്ക് നടന്നു... "ഈ സമയം പ്രകാശന്റെ ഫോണിലേക്ക് പ്രഭാകരന്റെ കോൾ വന്നു... "എന്താണമ്മാവാ... ഞാൻ പറഞ്ഞതല്ലേ എന്നെ വിളിക്കേണ്ടെന്ന്... ആവിശ്യമുണ്ടാകുമ്പോൾ ഞാൻ വിളിക്കാമെന്ന് പറഞ്ഞതല്ലേ... " "എടാ അതിനൊന്നുമല്ല ഞാൻ വിളിച്ചത്... ഒരത്യാവിശ്യ കാര്യം പറയാനാണ്... ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു... അവിടെ ചില പ്രശ്നങ്ങൾ അരങ്ങേറുന്നുണ്ട്...

നീ പ്രീതിയുടെ ആഭരണങ്ങൾ അടിച്ചുമാറ്റി വിറ്റല്ലേ... " പ്രഭാകരൻ പറഞ്ഞത് കേട്ട് പ്രകാശൻ ഞെട്ടി... "അമ്മാവൻ എങ്ങനെയമയറിഞ്ഞു അത്... " "നിന്റെ അമ്മയും പെങ്ങളും പറഞ്ഞു... നിന്റെ കൂട്ടുകാരൻ ഗിരീശൻ പറഞ്ഞതാണത്രേ... " "എന്നിട്ട്... പ്രകാശനാകെ ടെൻഷനായി... ഇതെല്ലാം ആര് അറിയരുതെന്ന് കരുതിയിരുന്നതാണ്... അതിനുവേണ്ടി ഏക സാക്ഷിയായ ഭദ്രയെ ഇല്ലാതാക്കാൻ നോക്കുന്നവനാണ് ഞാൻ... പ്രകാശന് തല പെരുക്കുന്നതുപോലെ തോന്നി... "എടാ പ്രശ്നം അതല്ല...നീ എടുത്ത സ്വർണ്ണത്തിന് പകരമായി വീടും പറമ്പും പ്രീതിയുടെ പേരിൽ എഴുതാനാണ് അമ്മയുടെ തീരുമാനം... " "ഇല്ലാ.... അത് നടക്കില്ല... എനിക്കവകാശപ്പെട്ട ആ വീട് ആർക്കും കൊടുക്കാൻ ഞാൻ അനുവദിക്കില്ല... " "എടാ എത്രയും പെട്ടന്ന് റജിസ്റ്റ്രേഷൻ നടത്താനാണ് തീരുമാനം... അതിനു മുന്നേ നീ ഇവിടെയെത്തിക്കോ... ഇല്ലെങ്കിൽ ഒരുതരി മണ്ണുപോലും നിനക്ക് കിട്ടില്ല... അവിടുത്തെ കാര്യം അതുകഴിഞ്ഞ് ചെയ്യാം... പിന്നെ ഇത് നിന്നോട് ഞാനാണ് പറഞ്ഞതെന്ന് ആരും അറിയരുത്...

ഒന്നും അറിയാത്തതു പോലെ നീ വന്നാൽ മതി... "അത് ഞാൻ നോക്കിക്കോളാം... " പ്രകാശൻ കോൾ കട്ട് ചെയ്ത് പുറത്തൊന്നും കറങ്ങാൻ നിൽക്കാതെ താൻ താമസിക്കുന്ന വീട്ടിലേക്കാണ് പോയത്... പോയത്.. അവൻ ചെല്ലുമ്പോൾ ഷാജിയും വിനയവും ധർമ്മരാജൻ വിളിച്ച കാര്യങ്ങൾ പറയുകയായിരുന്നു... അതിൽ തന്റെ പേര് പറയുന്നത് കേട്ട് പ്രകാശൻ കാതോർത്തു.... "അവൻ ഇതിനെല്ലാം കൂട്ടുനിൽക്കുമോ... അവന്റെ ഭാര്യയാണ് ഭദ്ര... അവളെ സ്വന്തമാക്കാനാണ് നമ്മൾ മുതലാളിയെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചതെന്ന് അവനറിഞ്ഞാൽ അവൻ വെറുതെയിരിക്കുമോ... " വിനയൻ ഷാജിയോട് ചോദിച്ചു... "അവനെങ്ങനെ അറിയാനാണ്... മാത്രമല്ല മുതലാളിയുടെ മനസ്സിലുള്ളതല്ലേ ജിമ്മിച്ചനേയും സിഐ കാർത്തിക്കിനേയും വകവരുത്തുക എന്നത്... നമ്മൾക്കുകൂടി ആവിശ്യമായപ്പോൾ അതിന് മുതലാളി കൂട്ടുനിന്നു എന്നേയുള്ളൂ... എല്ലാം കഴിഞ്ഞാൽ അവനും ഈ ഭൂമിയിൽനിന്ന് ഇല്ലാതാവില്ലേ... നമ്മളവനെ തീർക്കില്ലേ... " "എന്നാലും നമ്മൾ സൂക്ഷിക്കണം... ഇതെല്ലാം അവൻതന്നെ വരുത്തിവച്ച താണ്...

അവനോട് പലതവണ പറഞ്ഞതാണ് അവളുമായുള്ള വിവാഹത്തിൽനിന്ന് ഒഴിയാൻ... കേട്ടില്ല അവൻ... നിനക്കറിയോ... ഇന്നേവരെ ആരോടും പറയാത്തൊരു സത്യം എനിക്കുണ്ട്... ഏതായാലും അവൻ തീരാൻ പോവുകയാണ്... അതിനു മുന്നേ അവനോട് പറയണം എന്നു കരുതിയതാണ്... എന്റെ സ്വപ്നം തകർത്ത അവനെ ഞാൻ വെറുതെ വിടുമെന്ന് കരുതിയോ... അവന്റെ കൂടെ ഭദ്രക്ക് സ്വസ്ഥതയോടെയുള്ള ഒരു ജീവിതം ഉണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു... കാരണം അവൻ ജീവനു തുല്യം സ്നേഹിച്ച മുറപ്പെണ്ണ് മറ്റൊരുത്തന്റെ കൂടെ പോയിട്ടും അവളെ മാത്രം സ്വപ്നം കണ്ട് നടക്കുന്നവനായിരുന്നു...അവൻ... എന്നെ ദിക്കരിച്ച് അവനെ വിവാഹം കഴിച്ച അവളെ ഇല്ലാതാക്കാനായിരുന്നു എന്റെ ശ്രമം... എന്നാൽ അതിനു മുന്നേ ഒരു നേരമെങ്കിലും അവളെ സ്വന്തമാക്കിയിട്ടേ ഞാൻ തീർക്കുകയുള്ളൂ എന്നു കരുതി... പക്ഷേ അവൾ ചത്താൽ ഇവന് ഒരു പ്രശ്നവുമുണ്ടാവില്ലെന്ന് പിന്നെയാണ് ഞാനറിഞ്ഞത്... കാരണം അവന്റെ മനസ്സിൽ അന്നും ഇന്നും ഭദ്രക്ക് ഒരു സ്ഥാനവുമില്ലായിരുന്നു...

ഒളിച്ചോടിപ്പോയ മുറപ്പെണ്ണാണ് മനസ്സിലുണ്ടായിരുന്നത്... അവൾ ചത്തപ്പോൾ ഇവൻ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത് എന്നറിയോ... അവൾ ഏതോ മലയുടെ മുകളിൽ നിന്ന് വീണുമരിച്ചതാണെന്ന് അവനറിഞ്ഞിട്ടും അവനത് വിശ്വസിച്ചിരുന്നില്ല... അവളെ വിളിച്ചിറക്കി കൊണ്ടുപോയവനാണ് ഇത് ചെയ്തതെന്നും ചർച്ചയുണ്ടായി... എന്നാൽ അതും ഇവൻ വിശ്വസിച്ചിട്ടില്ല... കാരണം അവളെ അത്രമാത്രം ഇഷ്ടപ്പെട്ടവനാണ് അവനെ ന്ന് പ്രകാശനറിയാം... അവളെ ഇല്ലാതാക്കിയത് ആരാണെന്ന് പ്രകാശനറിഞ്ഞാൽ അവനെ കൊന്ന് കൊലവിളിക്കും ഇവൻ... അതിപ്പോഴായാലും... " "ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം... " ഷാജി സംശയത്തോടെ അവനെ നോക്കി "കാരണമുണ്ട്... അവന്റെ മുറപ്പെണ്ണിനെ കൊന്നത് മറ്റാരുമല്ല... ഈ ഞാൻ തന്നെയാണ്... " .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story