മറുതീരം തേടി: ഭാഗം 48

marutheeram thedi

രചന: രാജേഷ് രാജു

"അവളെ ഇല്ലാതാക്കിയത് ആരാണെന്ന് പ്രകാശനറിഞ്ഞാൽ അവനെ കൊന്ന് കൊലവിളിക്കും ഇവൻ... അതിപ്പോഴായാലും... " ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം.. " ഷാജി സംശയത്തോടെ അവനെ നോക്കി... "കാരണമുണ്ട്... അവന്റെ മുറപ്പെണ്ണിനെ കൊന്നത് മറ്റാരുമല്ല... ഈ ഞാൻ തന്നെയാണ്... ഞാൻ സ്വപ്നം കണ്ടത് തട്ടിയെടുത്ത അവൻ വേധനിക്കണമെങ്കിൽ അവന് ഏറെ പ്രിയ്യപ്പെട്ടത് ഇല്ലാതാകണം... അന്ന് അവളും അവളെ വിവാഹം ചെയ്തയാളും അതായത് ആ അച്ചു... അവനെ അന്ന് ഞാൻ കുത്തിയത് നിന്നെ രക്ഷിക്കാനായിരുന്നില്ല... മറിച്ച് അവൾ ആ ഭദ്രയെ അവൻ രക്ഷിച്ചതു കണ്ടപ്പോൾ... അവളെ ഇനിയൊരുത്തനും സ്വന്തമാക്കുന്നത് എനിക്കിഷ്ടമല്ല... എന്റെ കാര്യം കഴിഞ്ഞിട്ട് അവൾ ആരുടെ കൂടെ വേണമെങ്കിലും പൊയ്ക്കോട്ടെ... പക്ഷേ അതിനു മുന്നേ അവൾക്ക് മറ്റൊരു രക്ഷകനുണ്ടാവരുത്... അന്ന് അവനും പ്രകാശന്റെ മുറപ്പെണ്ണുംകൂടി ആ മലയുടെ മുകളിൽ പോകുന്നത് കണ്ട് ഞാൻ പുറകെ പോയി... എനിക്ക് കിട്ടിയ ഏറ്റവും നല്ല അവസരമാണ് അതെന്ന് തോന്നി...

രണ്ടിനേയും വകവരുത്താനാണ് ഉദ്ദേശിച്ചത്... എന്നാൽ അവിടെയെത്തിയപ്പോൾ എന്റെ പ്രതീക്ഷകൾ തെറ്റി... അവരെപ്പോലെ പലരും നേരം കളയാൻ അവിടെ എത്തിയിരുന്നു... എല്ലാ പ്രതീക്ഷയും കൈവിട്ട ഞാൻ തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ്... ആ അച്ചുവിന്റെ ഏതോ കൂട്ടുകാരൻ അവനെ അവിടെവച്ച് കണ്ടതും അവളെ ഒരുസ്ഥലത്തിരുത്തി അവർ കുറച്ചപ്പുറത്തേക്ക് നടക്കുന്നതും സംസാരിക്കുന്നതും കണ്ടത്... കിട്ടിയ അവസരം ഞാൻ കളഞ്ഞില്ല ഒറ്റക്ക് ഒരു പാറയുടെ മുകളിലിരുന്ന് താഴേക്കൂടി പോകുന്ന വാഹനങ്ങൾ നോക്കി നിൽക്കുന്ന അവളെ ഞാൻ കണ്ടു... ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു... എന്റെ കാല് തട്ടി ഒരു കല്ല് ഉരുണ്ട് താഴെവീണ ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി... എന്റെ അന്നേരത്തെ മുഖഭാവം കണ്ടിട്ടാവാം അവൾ പേടിച്ച് ആ പാറയിൽ നിന്നും താഴെയിറങ്ങി മുന്നോട്ട് നടന്നു... ഞാനും പുറകെ ചെന്നു... എന്നെ കണ്ട് അവൾ ഓടാൻ തുടങ്ങി... അവളെന്റെ കയ്യിൽനിന്നും രക്ഷപ്പെടുമെന്ന് മനസ്സിലാക്കിയ ഞാൻ ഒരു കല്ലെടുത്തു അവളെ എറിഞ്ഞു...

അവളുടെ കാലിൽ തന്നെ കല്ല് പതിച്ചു... അവൾ കമിഴ്ന്നടിച്ചുവീണു... എന്നാൽ ആ വീഴ്ച സൈഡിലുള്ള കയത്തിലേക്കായിരുന്നു... പെട്ടന്നാണ് അച്ചുതിരിച്ചുവരുന്നത് ഞാൻ കണ്ടത്... അവൻ കാണാതെ ഞാൻ അവിടെനിന്നും പെട്ടന്ന് താഴേക്കിറങ്ങി... ഇന്ന് ഇതുവരേയും ഈ കാര്യം ഒരീച്ചപോലും അറിയില്ല... ആ ചത്തവളും ഞാനും... " "ഠേ.... " പെട്ടന്ന് ഒരു ശബ്ദവും അതിനൊപ്പം വിനയൻ തെഞ്ചുപൊത്തി താഴേക്ക് വീഴുന്നതും ഷാജി കണ്ടു... അവൻ ഞെട്ടലോടെ വാതിൽക്കലേക്ക് നോക്കി.. കയ്യിലൊരു തോക്കുമായി പ്രകാശൻ നിൽക്കുന്നു... പ്രകാശൻ വീണ്ടും വീണ്ടും വിനയനുനേരെ നിറയൊഴിച്ചു... പിന്നെ ഷാജിയുടെ നേരെ തോക്ക് ചൂണ്ടി... "എന്റെ പ്രാണനെ ഇല്ലാതാക്കിയവനുവേണ്ടി കയ്യിൽ ഇതുപോലൊന്ന് കരുതിയതായിരുന്നു... അന്നത് ഭദ്രയെ കണ്ടുപിടിച്ച അന്ന് അവിടെവച്ച് നഷ്ടപ്പെട്ടു... ഇത് നിന്റേതാണ്... നിങ്ങൾക്ക് വേണ്ടി ജിമ്മിച്ചനേയും അച്ചുവിനേയും ആ പോലീസുകാരനേയും തീർത്താൽ എന്നെ വക വരുത്താൻ നിങ്ങൾ സൂക്ഷിച്ചത്... അത് നിങ്ങൾക്ക് തന്നെയിരിക്കട്ടെ... പ്രകാശൻ ഷീജിയുടെയടുത്തേക്ക് നടന്നു...

ഷാജി രക്ഷപ്പെടാൻ ചുറ്റും നോക്കി... എന്നാൽ അതിനു മുന്നേ പ്രകാശൻ അവന്റെയടുത്തെത്തി... ഷാജിയുടെ വലത്തേ ചെവിക്കു മുകളിൽ തോക്കമർത്തി... "എല്ലാം കഴിഞ്ഞാൽ എന്നേയുംകൂടി വകവരുത്താനാണല്ലേ നിന്റെയൊക്കെ ശ്രമം... എന്നാൽ ഇങ്ങനെയൊന്ന് ഉണ്ടാവുമെന്ന് മുൻകൂട്ടി കണ്ടിട്ടുതന്നെയാണ് തന്റെ മുതലാളിയോട് സമ്മതം പറഞ്ഞ് ഞാൻ പോന്നത്... പക്ഷേ എന്തുചെയ്യാനാണ്.. എന്നെ തീർക്കാൻ നിങ്ങൾ ബാക്കിയുണ്ടാവില്ലല്ലോ... നിങ്ങൾ തമ്മിൽ എന്തോ പ്രശ്നം അത് കൊലപാതകത്തിൽ അവസാനിച്ചു... നീയാണിവനെ കൊന്നത്... ഇത്രയും നാൾകൂട്ടുകാരെപ്പോലെ കണ്ട ഇവനെ നീ കൊന്നു... അതിന്റെ വിഷമത്തിൽ നീ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി... " പറഞ്ഞുതീരുംമുന്നേ പ്രകാശൻ ട്രിഗർ വലിച്ചു... ഷാജിയുടെ തൊണ്ടയിൽ നിന്നൊരു ശബ്ദം പുറത്തേക്ക് വന്നു... പിന്നെ താഴെവീണ അവന്റെ ശരീരം നിശ്ചലമായി...

പ്രകാശൻ കയ്യിലെ തോക്ക് ഷാജിയുടെ കയ്യിൽ പിടിപ്പിച്ചു... അതിനുശേഷം തന്റെ മുറിയിലേക്ക് പോയി തന്റെ ഡ്രസ്സെല്ലാമെടുത്ത് ബാഗിലാക്കി അവിടെനിന്നും പുറത്തിറങ്ങി... തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കി അവൻ തന്റെ കാറെടുത്ത് അവിടെ നിന്നും പുറപ്പെട്ടു... പോകുന്ന വഴിയവൻ തന്നെ ആരെങ്കിലും പിൻതുടരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അവൻ ടൌണിലെത്തിയതിനുശേഷം കാറിന്റെ സ്പീഡ് കൂട്ടി... എത്രയും പെട്ടന്ന് വീട്ടിലെത്തുക എന്നതായിരുന്നു അവന്റെ ലക്ഷ്യം... രാത്രി പതിനൊന്നുമണിയോടെ അവൻ വീട്ടിലെത്തി മുറ്റത്ത് കാർ നിർത്തി അവനിറങ്ങി... അമ്മയും പെങ്ങളും ഉറങ്ങിയെന്നവന് മനസ്സിലായി... പ്രകാശൻ ബെല്ലടിച്ചു... ഒരുപാട് നേരം അടിച്ചതിനുശേഷമാണ് പുറത്തെ ലൈറ്റ് തെളിഞ്ഞത്... വാതിൽ തുറന്ന വിശാല പുറത്തുനിൽക്കുന്ന പ്രകാശനെ കണ്ട് വാതിൽ കൊട്ടിയടച്ചു... "ആരാണമ്മേ പുറത്ത്... " എഴുന്നേറ്റുവന്ന പ്രീതി ചോദിച്ചു... " "അറിയില്ല... ഏതോ ഒരുത്തൻ... കള്ളനാണെന്ന് തോന്നുന്നു... ഇനിയും വല്ല സ്വർണ്ണമോ പണമോ, ഇരിപ്പുണ്ടെങ്കിൽ എടുത്തുകൊണ്ടുപോകാൻ വന്നതാണ്... "

"പ്രകാശനാണോ വന്നത്... " "പ്രകാശനോ.. ഏത് പ്രകാശൻ... അവൻ ചത്തുപോയില്ലേ... പിന്നെയെങ്ങനെ അവൻ വരും... " ഈ സമയം പ്രകാശൻ വാതിലിൽ ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു.. പ്രീതി ചെന്ന് വാതിൽ തുറന്നു... പുറത്ത് ദേഷ്യത്തോടെ നിൽക്കുന്ന പ്രകാശനെ അവൾ കണ്ടു... അത് കാണാൻ നിൽക്കാതെ വിശാല അകത്തേക്ക് നടന്നു... "എന്താ എന്നെ കണ്ടപ്പോൾ നിന്റെ തള്ള വാതിൽ കൊട്ടിയടച്ചത്... " പ്രകാശൻ ചോദിച്ചു... "സമയല്ലാനേരത്ത് അറിയാത്തവർ വന്നാൽ വാതിൽ തുറക്കാറില്ല... " പ്രീതി പറഞ്ഞു "എന്നിട്ട് വാതിൽ തുറന്നല്ലോ... ഞാനാണ് എന്ന് മനസ്സിലായതുകൊണ്ടാവും വാതിലടച്ചത്..." "അതെ... കള്ളന്മാരെ കണ്ടാൽ സ്വയം രക്ഷയാണ് നോക്കുക അല്ലാതെ സ്വീകരിച്ചിരുത്തുകയല്ല ചെയ്യുന്നത്... " "ഓഹോ... അപ്പോൾ എന്നെ പുറത്താക്കി നിനക്കും നിന്റെ തള്ളക്കും സുഖിച്ചുവാഴാമെന്ന് കരുതി അല്ലേ... അങ്ങനെ ഇതെല്ലാം ഒറ്റക്ക് കൈക്കലാക്കി സുഖിച്ച് വാഴാമെന്ന് കരുതേണ്ട... എനിക്ക് അവകാശപ്പെട്ടതാണ് ഈ വീട്... " "നിനക്കോ... അതിന് നീയാരാണ്...

കണ്ട കള്ളനും തെമ്മാടിക്കും അവകാശമുണ്ടാവുന്നത് എങ്ങനെയാണ്... ഇത് എന്റെ വീടാണ്... എനിക്കുമാത്രം അവകാശപ്പെട്ടത്... അവിടെ കണ്ട വഴിപോക്കന്മാർക്ക് കയറിയിറങ്ങാനുള്ള സ്ഥലമല്ല... നിന്ന് വാചകമടിക്കാതെ പോകാൻ നോക്ക്... ഒരു അവകാശി വന്നിരിക്കുന്നു... എന്റെ സ്വർണ്ണം മോഷ്ടിച്ചു എന്നറിഞ്ഞതോടെ നിനക്ക് ഈ വീടുമായി യാതൊരു ബന്ധവുമില്ല... ഇടങ്ങിപ്പോടാ ഇവിടെനിന്ന്... " "അത് പറയാൻ നീയാരാടീ... എനിക്ക് അവകാശമുണ്ടോ ഇല്ലേ എന്ന് ഞാൻ കാണിച്ചുതരാം... ആദ്യം നീയാണ് ഇവിടെനിന്നിറങ്ങേണ്ടത്... വേണമെങ്കിൽ ആ തള്ളയെയും കൂടെ കൂട്ടിക്കോ... ഈ നിമിഷം നിങ്ങൾ രണ്ടും ഇറങ്ങണം ഇവിടെനിന്ന്... ഇത് എന്റെ അച്ഛന്റെ സ്വത്താണ്... അത് എനിക്കവകാശപ്പെട്ടതാണ്... " "നിന്നെപ്പോലെ ആ അച്ഛന്റെ മകൾ തന്നെയാണ് ഞാനും... ഇത്രയും കാലം ഈ വീടോ ഇതിനു ചുറ്റുമുള്ള സ്ഥലമോ ഞാൻ മോഹിച്ചിട്ടുണ്ടായിരുന്നില്ല... ഇപ്പോഴും മോഹിക്കുന്നില്ല... ഇതെല്ലാം നിനക്ക് തന്നെ വിട്ടു തരാം...

അതിന് നീ മോഷ്ടിച്ച എന്റെ സ്വർണ്ണം ഒരു തരിപോലും കുറവില്ലാതെ എന്റെ മുന്നിൽ വക്കണം... അതിന് സാധിക്കുമോ നിനക്ക്... ആദ്യം അതുകൊണ്ടുവാ... എന്നാൽ ഇതെല്ലാം നിനക്കു തന്നെ തരാം... അല്ലാതെ അവകാശം പറഞ്ഞ് ഈ വീടിനുള്ളിലേക്ക് നിനക്ക് കയറാൻ പറ്റില്ല... " "അല്ലാതെത്തന്നെ ഇത് എന്റേതാക്കാൻ എനിക്കറിയാം... " പ്രകാശൻ പ്രീതിയെ തള്ളി മാറ്റി അകത്തേക്ക് കയറി... എന്നാൽ പ്രീതി അവനെ തടഞ്ഞു... തന്നെ തടഞ്ഞ പ്രീതിയെ അവൻ വീണ്ടും തല്ലി മാറ്റി... പക്ഷേ അവനെ അകത്തേക്ക് വിടില്ലെന്ന വാശിയിലായിരുന്നു പ്രീതി... ദേഷ്യം വന്ന പ്രകാശൻ കാലുയർത്തി പ്രീതിയുടെ വയറ്റിൽ ചവിട്ടി...

വയറുപൊത്തിപ്പിടിച്ച് അവൾ നിലത്തിരുന്നു... അവൾ വേദനകൊണ്ട് ഉറക്കെ കരഞ്ഞു... ഈ സമയം അവിടുത്തെ ഉച്ചത്തിലുള്ള സംസാരവും പ്രീതിയുടെ കരച്ചിലും കേട്ട് അയൽപ്പക്കത്തുള്ളവരുടെ വീട്ടിൽ ലൈറ്റ് തെളിഞ്ഞിരുന്നു... പ്രകാശൻ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ കൈ പുറകിൽ കെട്ടി വിശാല അവന്റെ മുന്നിൽ വഴിതടഞ്ഞുനിന്നു... "എവിടേക്കാണ് നീ... ഇവിടെ കയറി വന്ന് എന്റെ മോളെ ദ്രോഹിക്കാൻ നീയാരാണ്... " "ദേ തള്ളേ... എന്നെ പെറ്റതാണെന്ന് ഞാൻ നോക്കില്ല... ഒറ്റചവിട്ടിന് തീർക്കും ഞാൻ... മര്യാദക്ക് ഇതെല്ലാം എന്റെ പേരിൽ എഴുതുന്നതാണ് നിങ്ങൾക്ക് നല്ലത്... ഇല്ലെങ്കിൽ നിങ്ങളുടെ പുന്നാര മോളെ ഇവിടെയിട്ട് വെട്ടിനുറുക്കും ഞാൻ... " "അതിന് നിനക്ക് കഴിയോ... അതിന് നിനക്ക് കഴിയുമോ നായെ... " പറഞ്ഞതും വിശാല പുറകിൽ മറച്ചുപിടിച്ച വെട്ടുകത്തി പ്രകാശന്റെ കഴുത്തിനുനേരെ ആഞ്ഞുവീശി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story