മറുതീരം തേടി: ഭാഗം 51 || അവസാനിച്ചു

marutheeram thedi

രചന: രാജേഷ് രാജു

"അറിയാം.... പക്ഷേ അങ്ങനെയാണെന്ന് ഞങ്ങൾ വരുത്തിതീർക്കും.... ഇനി നിങ്ങളെ വെറുതെ വിടുമെന്ന് കരുതേണ്ട... ഇത്രയും കാലം ഇവരെ ദ്രോഹിച്ചതിന് നിങ്ങളെ അനുഭവിപ്പിക്കും... " പ്രഭാകരൻ അച്ചുവിനെ സൂക്ഷിച്ചു നോക്കി... പിന്നെ അവിടെനിന്നും അയാൾ വീടിന്റെ ഉമ്മറഭാഗത്തേക്ക് നടന്നു... "അച്ചുവേട്ടാ എന്തിനാണ് അയാളോട് അങ്ങനെ പറഞ്ഞത്... അയാൾ ഈ കാര്യങ്ങൾ അറിഞ്ഞിരുന്നുപോലുമില്ല... പിന്നെയെന്തിനാണ് അയാളെ പേടിപ്പിച്ചത്... " കിച്ചു ചോദിച്ചു... "അതാണ് അയാൾക്കുള്ള മരുന്ന്... ഇനി അയാൾ പേടിക്കും... സ്വത്തുമോഹവുമായി അയാൾ വരില്ല... " "അത് നിനക്ക് അയാളെപ്പറ്റി അറിയാഞ്ഞിട്ടാണ്... ഇതല്ലാ ഇതിനപ്പുറം പറഞ്ഞാലും അയാൾക്ക് പ്രശമുണ്ടാവില്ല... അയാൾ ഒരു കാര്യം മനസ്സിൽ കരുതിയാൽ അത് നിറവേറ്റും... " സരോജിനി പറഞ്ഞു... "എന്നാൽ അയാൾക്ക് ഞാൻ നേരത്തെ പറഞ്ഞതുതന്നെയായിരിക്കും വരാൻ പോകുന്നത്... ഈ ഐഡിയ പറഞ്ഞുതന്നത് കാർത്തിക്കാണ്... ഇനിയും അയാൾ ഒരുമ്പെട്ടിറങ്ങിയാൽ ഇതുപോലൊരു കേസുണ്ടാക്കി അകത്തിടാമെന്ന് അവനാണ് പറഞ്ഞത്... "

"അതിന് എന്താണ് തെളിവ്... " കിച്ചു ചോദിച്ചു... "തെളിവുണ്ടാക്കണം... പ്രകാശൻ അവിടെയെത്തിയതിനുശേഷം ഒരിക്കലെങ്കിലും ഇയാൾ അവനെ വിളിച്ചിട്ടുണ്ടാവില്ലേ... എന്നാൽ ഉണ്ട്... ഇവനെതിരെയുള്ള കേസ് അവിടെ ഉള്ളതല്ലേ... അന്നേരം ഇവന്റെ കോൾലീസ്റ്റ് അവർ പരിശോദിച്ചിരുന്നു... രണ്ടുതവണ ഇയാൾ അവനെ വിളിച്ചിരുന്നു... അതു വച്ച് ഇയാൾക്കെതിരെ ഒരു കേസ്സുണ്ടാക്കാനാണോ പാട്... " "അത് ശരിയാണ്... അപ്പോൾ അയാളുടെ തലവേദനയും ഒഴിയുമല്ലേ... അന്നേരം നമ്മുടെ മുന്നിലുള്ള എല്ലാതടസങ്ങളും മാറി... ഇനി ആ ധർമ്മരാജൻ മാത്രമേയുള്ളൂ... അയാളെക്കൊണ്ട് നമുക്ക് പ്രശ്നമൊന്നുമില്ല... അഥവാ ഉണ്ടെങ്കിലും അയാൾക്കിനി ഒന്നിനും കഴിയില്ല... കാരണം അയാളുടെ ഏറ്റവും വലിയ കൂട്ടാളികളല്ലേ തീർന്നത്... " കിച്ചു പറഞ്ഞു... "അത് സത്യമാണ്... പക്ഷേ അയാൾ അടങ്ങിയിരിക്കില്ല... സ്വന്തം കൈകളാണ് നഷ്ടപ്പെട്ടത്... അവസരം വന്നാൽ അയാൾ ഇറങ്ങും... അതുമാത്രമല്ല... എന്തിനും പോന്ന ആളുകളെ ഇനിയും അയാൾക്ക് കിട്ടും...

അവിടെ ജിമ്മിച്ചനും കാർത്തിക്കിനുമാണ് ദോഷം ചെയ്യുക... " അച്ചു പറഞ്ഞു... "അതൊക്കെ കാർത്തിസാർ പുഷ്പം പോലെ കൈകാര്യം ചെയ്തോളും... ഏതായാലും ഇവിടുത്തെ ചടങ്ങൊന്ന് കഴിഞ്ഞുകിട്ടിയാൽ... മതിയായിരുന്നു... സ്വാസം മുട്ടിയിട്ടുവയ്യ ഇവിടെ... ചടങ്ങ് കഴിഞ്ഞാൽ ആ നിമിഷം ഇവിടെനിന്ന് പോകാമായിരുന്നു... എന്താണെന്നറിയില്ല... അവിടുന്ന് പോന്നതിൽപ്പിന്നെ ഒരു സുഖവും കിട്ടുന്നില്ല... " അതെനിക്ക് മനസ്സിലായി.. നിനക്ക് അവിടെയെത്താഞ്ഞിട്ട് ഉറക്കം വരുന്നില്ലെന്ന്... ഇവളെ കാണാതിരുന്നിട്ടല്ലേ നിന്റെ ഉറക്കം ശരിയാവാത്തത്... എടാ അവളെ ആരും തട്ടിക്കൊണ്ട് പോകില്ല... " അച്ചു അവന്റെ ചെവിയിൽ പറഞ്ഞു "അതെനിക്കറിയാം... അതല്ല ഇവിടെ എന്തോ നിൽക്കുമ്പോൾ പഴയതെല്ലാം മനസ്സിനെ വേട്ടയാടുന്നു... അച്ചുവേട്ടാ അമ്മേ നമുക്ക് നമ്മുടെ വീടുവരെയൊന്ന് പോയാലോ... അച്ഛന്റെ അസ്ഥിത്തറയിലൊരു വിളക്കു വച്ച് പ്രാർത്ഥിക്കണം... അന്ന് ഈ നാട്ടിൽനിന്ന് പോകുമ്പോൾ അച്ഛന്റെയടുത്ത്ചെന്ന് യാത്രപോലും ചൊദിച്ചിരുന്നില്ല... ചേച്ചിക്കും ആഗ്രമുണ്ടാകും അച്ഛന്റെയും അവരുടെ അമ്മയുടേയും അസ്ഥിത്തറക്കുമുന്നിൽ ചെന്ന് പ്രാർത്ഥിക്കാൻ... " "വേണം മോനേ... എനിക്കും അവിടെ ചെന്ന് ചെയ്തുകൂട്ടിയതിന് മാപ്പ് ചോദിക്കണം...

ഒരുകണക്കിന് നിന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരി ഞാനാണല്ലോ... ഒരിക്കലും അച്ഛന്റെ ആത്മാവ് എന്നോട് പൊറുക്കില്ലെന്നറിയാം... എന്നാലും എനിക്ക് മാപ്പിരക്കണം... ചടങ്ങ് കഴിഞ്ഞാൽ ഇവിടുന്നിറങ്ങുമ്പോൾ നമുക്ക് അവിടേക്ക് പോകണം... ഒരു ദിവസം അവിടെനിന്നതിനുശേഷം നമുക്ക് പോയാൽ മതി... മാത്രമല്ല ഇവിടെ വരെ വന്നിട്ട് അച്ചുവിനും അവന്റെ വീട്ടിലും ചെറിയച്ചന്റെ വീട്ടിലും പോകാമല്ലോ... " "ശരിയാണ്... ഞാനത് മനസ്സിൽ കണ്ടതാണ്... ഈയാഴ്ച അമ്മയെ കൂടെ കൂട്ടാൻ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞതായിരുന്നു... അതിങ്ങനെയായി... " അച്ചു പറഞ്ഞു... പ്രകാശന്റെ സഞ്ചയനം കഴിഞ്ഞു.. ഭദ്രയും അച്ചുവും കിച്ചുവും സരോജിനിയും പോകാനായി ഇറങ്ങി... പ്രീതിയോട് യാത്ര പറഞ്ഞ് ഇറങ്ങി... എന്നാൽ പ്രഭാകരനെ അവിടെയൊന്നും കണ്ടില്ല... രാവിലെ കർമ്മങ്ങൾ കഴിഞ്ഞ് കുളിച്ചു വരുന്നത് കണ്ടതാണ്... പിന്നെ അയാളെ ആരും കണ്ടില്ല... എവിടേക്കാണ് പോയതെന്നും ഒരറിവുമില്ല... അവർഅവിടെനിന്നും ഇറങ്ങി... വീട്ടിലെത്തിയ അവർ ശിവദാസന്റേയും ഭദ്രയുടെ അമ്മ തങ്കമണിയുടേയും അസ്ഥിത്തറയിൽ തിരി വെച്ച് പ്രാർത്ഥിച്ചു...

അതുകഴിഞ്ഞ് സരോജിനി അന്ന് പോകുമ്പോൾ വീടു പൂട്ടി തന്റെ ബാഗിൽ സൂക്ഷിച്ച ചാവിയെടുത്ത് വീട് തുറന്ന് അകത്തേക്ക് കയറി... ഭദ്ര അകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ കാലുകൾ വിറക്കുന്നുണ്ടായിരുന്നു... നീണ്ട ഒരുപാട് വർഷങ്ങൾക്കുശേഷമാണ് താൻ ഈ വീട്ടിലേക്ക് കയറുന്നത്... അച്ഛനേയും അമ്മയേയും മനസ്സിൽ വിചാരിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി... അച്ചു ഉമ്മറത്തുതന്നെ നിന്നു... കുറച്ചുകഴിഞ്ഞ് അവൻ ചെറിയച്ചന്റെ വീട്ടിലൊന്ന് പോയി വരാമെന്ന് പറഞ്ഞ് അവിടേക്ക് നടന്നു... അവിടെ കുറച്ചുനേരം നിന്നതിനുശേഷം അവന്റെ അമ്മയെ കാണാൻ സ്വന്തം വീട്ടിലേക്ക് പോയി... "മോളേ... പ്രകാശൻ പോയതിൽ എന്റെ കുട്ടിക്ക് സങ്കടമുണ്ടെന്ന് അമ്മക്കറിയാം... എത്രയായാലും എങ്ങനെ കഴിഞ്ഞവനായാലും കുറച്ചുകാലം അവന്റെ കൂടെ ജീവിച്ചവളല്ലേ... " സരോജിനി ചോദിച്ചു "അയാളുടെ കൂടെ ജീവിക്കുകയല്ല... മറിച്ച് അയാൾ ചെയ്തിരുന്ന ദുരിതങ്ങൾ അനുഭവിക്കുക യായിരുന്നു... അയാൾ പോയതിൽ എനിക്ക് സങ്കടമില്ല എന്നല്ല... എന്തായാലും എന്റെ കഴുത്തിൽ മിന്നുകെട്ടിയവനല്ലേ... അതിന്റെ സ്ഥാനത്ത് നോക്കുമ്പോൾ അയാളെന്റെ ഭർത്താവുമാണ്.. നിയമപ്രകാരം ഞങ്ങൾ വേർപിരിഞ്ഞതുമല്ല... ഉള്ളിൽ ഒരു ചെറിയ വേധനയുണ്ട്...

എന്നാലും അതെല്ലാം എനിക്ക് സഹിക്കാൻ കഴിയും... മറ്റുള്ളവരുടെ പ്രാക്ക് വാങ്ങിച്ചുകൂട്ടുന്നതിനേക്കാൾ നല്ലത് അയാൾ ഇല്ലാതാവുന്നത് തന്നെയാണ്... പക്ഷേ ആ പാവം അമ്മ തന്നെ സ്വന്തം മകനെ... അതാണ് എന്നെ ആകെ തളർത്തിയത്... " എല്ലാം വിധിയാണ്... പത്തുമാസം ചുമന്ന് പ്രസവിച്ച് പൊന്നുപോലെ വളർത്തിയ ആ അമ്മയുടെ കൈകൊണ്ട് മരിക്കണമെന്നാകും അവന്റെ വിധി... അത് തടുക്കാൻ ആരെക്കൊണ്ടും ആവില്ലല്ലോ... " "ആ വിധി സ്വയം വരുത്തിവച്ചതാണ് അയാൾ... അതിന് ഇനിയുള്ള കാലം നരകതുല്ല്യമായ ജീവിതം അനുഭവിക്കേണ്ടിവന്നു ആ അമ്മ... " "എന്തു ചെയ്യാനാണ്... വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ... പിന്നെ മക്കളെ ഇനി എനിക്കൊരു ആഗ്രഹമുണ്ട്... എന്റെ അറിവില്ലായ്മ കൊണ്ടാണ് നിങ്ങൾക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാതെ പോയത്... അതുകൊണ്ട് എന്റെ മക്കൾ ഇനി ഇവിടെ താമസിച്ചാൽ മതി... അച്ഛനുറങ്ങുന്ന ഈ മണ്ണിൽ... " സരോജിനി പറഞ്ഞു... "അയ്യോ അതിന് ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെയല്ലോ ജോലി... അന്നേരം ഇവിടെയെങ്ങനെയാണ് നിൽക്കുക... " ഭദ്ര ചോദിച്ചു...

"അതിനെന്താ... ആ ജിമ്മിച്ചന് ഇവിടേയും കമ്പനിയില്ലേ... പ്രകാശൻ പണ്ട് ജോലി ചെയ്തിരുന്നത് അവിടേക്ക് മാറ്റിത്തരുവാൻ ജിമ്മിച്ചന് പറഞ്ഞാൽ പോരേ... പിന്നെ ഇവിടെയെവിടെയെങ്കിലും മോൾക്കും ജോലി നോക്കാലോ.." "അതൊക്കെ പെട്ടന്ന് നടക്കുന്ന കാര്യമാണോ... ഏതായാലും ജിമ്മിച്ചനോട് നമുക്ക് സംസാരിച്ചുനോക്കാം... " "അതൊന്നും ശരിയാവില്ല ചേച്ചീ... എനിക്ക് ഇവിടേക്കാളും ഇഷ്ടം അവിടെ ജോലി ചെയ്യാനാണ്... ഇവിടെയുള്ളവരുടെ സ്വഭാവമല്ല അവിടുത്തുകാർക്ക്... സ്നേഹിക്കാൻ മാത്രമറിയാവുന്നവരാണ് അവിടെയുള്ളവർ... ഇവിടുത്തുകാരോ... മറ്റുള്ളവക്ക് പാര പണിയാൻ താല്പര്യമുള്ളവരും... എന്തായാലും എല്ലാംകൊണ്ടും നല്ല സ്ഥലം അതുതന്നെയാണ്... " "അത് ശരിയാണ്... അവിടെള്ളവർ നല്ല മനുഷ്യപ്പറ്റുള്ളവരാണ്... എന്തുകൊണ്ടും ഇവിടെയുള്ളവരേക്കാളും നല്ലത് അവിടെയാണ്.... " ഭദ്ര പറഞ്ഞു... "അങ്ങനെയെങ്കിൽ ഇതെല്ലാം വിൽക്കണം... എന്നിട്ട് അതുകൊണ്ട് അവിടെ കുറച്ച് സ്ഥലം വാങ്ങിച്ച് ഒരു വീട് വക്കണം... " "ഞാനൊരു കാര്യം പറഞ്ഞാൽ അമ്മക്ക് മുഷിവ് തോന്നുവോ... അച്ചനും ഭദ്രേച്ചിയുടെ അമ്മയും ഉറങ്ങുന്ന ഈ വീട് ഇവിടെ ഇതുപോലെ നിൽക്കട്ടെ... ഇടക്ക് ഇവിടേക്ക് വരുമ്പോൾ നമുക്ക് ഇവിടെ നിൽക്കാലോ...

അമ്മയുടെ പേരിലുള്ള അമ്മയുടെ വീട്ടിലെ ആ സ്ഥലം നമുക്ക് വിൽക്കാം... അത് വിറ്റ് കിട്ടുന്ന പണം മതിയാകും നമുക്ക് അവിടെയൊരു വീട് വക്കാൻ... എന്താ അതു പോരേ... "അതു മതി..." അടുത്തദിവസം തന്നെ അവർ പുറപ്പെട്ടു.... ദിവസങ്ങളും മാസങ്ങളും കടന്നു പോയി... പ്രകാശൻ മരിച്ചിട്ട് വർഷം തികഞ്ഞു... ഇതിനിടയിൽ സരോജിനി യുടെ അവരുടെ വീട്ടിൽനിന്നും കിട്ടിയ സ്വത്ത് വിറ്റ് കുറച്ച് സ്ഥലം വാങ്ങിച്ച് അതിലൊരു വീട് വച്ചു... അതുപോലെ അച്ചുവും അവിടെയടുത്തുതന്നെഒരു വീട് വച്ചിരുന്നു... കറിയാച്ചന്റേയും ജിമ്മിച്ചന്റേയും സഹായവും അവർക്കുണ്ടായിരുന്നു... അന്ന് പ്രകാശന്റെ സഞ്ചയനം കഴിഞ്ഞ് കാണാതായ പ്രഭാകരന്റെ പിനീടാരും കണ്ടതായി അറില്ലായിരുന്നു... എവിടെയാണെന്നുപോലും ഒരു വിവരവുമില്ല... ഇതിനിടയിൽ ധർമ്മരാജനെ പോലീസ് അറസ്റ്റുചെയ്തു... സ്പിരിറ്റ് കടത്തിയതിനായിരുന്നു അറസ്റ്റ്... ഷാജിയുടേയും വിനയന്റേയും മരണത്തോടെ അത്രയും കാലം തന്റെ കൂടെനിന്ന പലരും തന്നിൽ നിന്ന് അകന്നു പോയപ്പോൾ സ്വയം തന്നെ തന്റെ ബിസിനസ് നടത്താൻ മുന്നിട്ടിറങ്ങിയതായിരുന്നു... എന്നാൽ അത് കാർത്തിക് ഒരുക്കിയ കെണിയിൽവീഴുകയായിരുന്നു....

ആതിര അവസാനം കാർത്തിക്കുമായുള്ള വിവാഹത്തിന് സമ്മതംമൂളി... ചെറിയ തോതിലായിട്ട് അവരുടെ വിവാഹം കഴിഞ്ഞു... സരോജിനി അശ്വതിയെ തന്റെ മകന് വേണ്ടി അവളുടെ വീട്ടിൽ ചെന്ന് ആലോചിച്ചുറപ്പിച്ചു വച്ചു... ഇനിയുള്ളത് അച്ചുവിന്റേയും ഭദ്രയുടേയും കാര്യമായിരുന്നു... പ്രകാശൻ മരിച്ച് ഒരു വർഷം തികഞ്ഞിട്ട് വിവാഹം മതിയെന്ന് അവർ തീരുമാനിച്ചിരുന്നു... അവൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു... ഇന്നായിരുന്നു അവരുടെ വിവാഹം... അതും വലിയ ആർഭാടമൊന്നുമില്ലാതെ നടന്നു... കറിയാച്ചനും ജിമ്മിച്ചനും വീട്ടുകാരും ആതിരയുംകാർത്തിക്കും കുടുംബവും അശ്വതിയുംകുടുംബവും പിന്നെ ഹരികൃഷ്ണനും ഭാര്യയും ഇവർ മാത്രമായിരുന്നു വിവാഹത്തിന് കൂടിയത് കറിയാച്ചൻ തന്നെയായിരുന്നു ഭദ്ര യുടെ കൈപിടിച്ച് അച്ചുവിന്റെ ഏൽപ്പിച്ചത്...

അന്നു രാത്രി മുറിയിലെ ജനാലയിലൂടെ പുറത്തേക്കു നോക്കിയ അവർ കണ്ടു... രണ്ട് നക്ഷത്രങ്ങൾ തങ്ങളെയും നോക്കി കണ്ണ് ചിമ്മുന്നത് അതിനപ്പുറത്തായി മറ്റൊരു നക്ഷത്രവും നിൽക്കുന്നവർ കണ്ടു.. തന്റെ അച്ഛനുമമ്മയും തങ്ങളെ അനുഗ്രഹിക്കുന്നതായി ഭദ്ര ക്ക് തോന്നി... തന്റെ പ്രിയതമന്റെ പുതിയ ജീവിതം കണ്ട് മായയും തങ്ങളെ അനുഗ്രഹിക്കുന്നതായി അച്ചു മനസ്സിലാക്കി. അച്ചുവും ഭദ്രയും തങ്ങളുടെ ജീവിതത്തിന്റെ മറുതീരം തേടിയുള്ള യാത്ര തുടരുന്നു... ഇനിയും കഷ്ടപ്പാടുകളും ദുരിതങ്ങളും ഇല്ലാത്ത ഒരു ജീവിത യാത്ര... അതോടൊപ്പം ഈ കഥ ഇവിടെ അവസാനിക്കുന്നു...

ഇത്രയുംനാൾ നിങ്ങൾ തന്ന സപ്പോർട്ടിന് ഒരായിരം നന്ദിയോടൊപ്പം മറ്റൊരു കഥയുമായി വരുന്നതുവരെ എല്ലാർക്കും ഗുഡ് ബൈ സ്നേഹത്തോടെ... രാജേഷ് രാജു.. വള്ളിക്കുന്ന്

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story