മറുതീരം തേടി: ഭാഗം 6

രചന: രാജേഷ് രാജു

ആതിര ബാങ്കിലേക്ക് പോയിക്കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞപ്പോൾ ഭദ്ര മുറിയിലേക്ക് നടന്നു മുറിയിലെത്തിയ അവൾ ജനലിൽക്കൂടി പുറത്തേക്ക് നോക്കി.... അവിടെനിന്നും കാണുന്ന പ്രകൃതിഭംഗി തന്റെ കുട്ടിക്കാലത്തേക്കാണ് അവളെ കൊണ്ടുപോയത്... ഇതുപോലെ പ്രകൃതി മനോഹരമായ സ്ഥലത്തായിരുന്നു താൻ ജനിച്ചതും അന്ന് അച്ഛന്റെ തോളിലിരുന്ന് പാടവരമ്പിലൂടെ നടന്നതുമെല്ലാം അവളുടെ മനസ്സിലേക്ക് ഓടിയെത്തി... ഭദ്ര തന്റെ കുട്ടിക്കാലം ഓർത്തെടുത്തു... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ഭദ്ര ജനിച്ച് രണ്ടു വയസ്സ് പ്രായമുള്ളപ്പോഴാണ് തന്റെ അമ്മ മരിച്ചുപോയത്... ഒരു മഴക്കാലത്ത് മുറ്റത്ത് വഴുക്കിൽ തെന്നിവീണതാണ്... വീഴ്ച്ചയിൽ തല മുറ്റവരമ്പിലിടിച്ചു... രണ്ടാഴ്ച കിടന്നു... അതിനുശേഷം അവൾക്ക് അച്ഛനും അമ്മയുമെല്ലാം അച്ഛൻ ശിവദാസൻ മാത്രമായിരുന്നു... അങ്ങനെയൊരു ദിവസം അവിടുത്തെ അമ്പലത്തിലെ ഉത്സവനാളിൽ... "അച്ഛാ എനിക്ക് ബലൂനും പീപ്പിയും വേണം,.. " മൂന്നു വയസ്സുകാരിയായ ഭദ്ര ശിവദാസനോട് പറഞ്ഞു... " "എന്റെ ചക്കരക്ക് എന്തു വേണമെങ്കിലും വാങ്ങിച്ചുത്തരാലോ... "

ശിവദാസൻ ഭദ്രമോൾക്ക് വേണ്ടി കുരങ്ങന്റെ രൂപത്തിലുള്ള ബലൂണും പിപ്പിളിയും വളയും മാലയുമെല്ലാം വാങ്ങിച്ചു കൊടുത്തു... ഇരുട്ട് വീഴുന്നത് കണ്ടപ്പോൾ അവർ വീട്ടിലേക്ക് മടങ്ങി... പാടവരമ്പിലൂടെ കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഭദ്രമോൾ ശിവദാസനെ നോക്കി... "എന്താ മോളെ കാല് വേദനിക്കുന്നുണ്ടോ... " അവൾ ഉണ്ടെന്ന് തലയാട്ടി... ശിവദാസൻ അവളെ എടുത്ത് തോളിലിരുത്തി മുന്നോട്ട് നടന്നു... അന്നേരമാണ് എതിരേ അവിടെയടുത്തുള്ള കാർത്യായനിയമ്മ വരുന്നത് കണ്ടത്... "എന്താ ഭദ്രമോളേ അമ്പലപറമ്പിലുള്ള സാധനങ്ങൾ മുഴുവൻ വാങ്ങിച്ചോ... " കാർത്യായനിയമ്മ ചോദിച്ചു... "ഇല്ല മുഴുവൻ മേടിച്ചില്ല... ബലൂനും പീപ്പിയും വലയും മാലയും വാങ്ങിച്ചോള്ളൂ... ഇനിയും ഒരുപാടുണ്ടല്ലോ അവിടെ കാത്തേനിയമ്മൂമ്മക്ക് മേടിക്കാൻ... " ഭദ്രമോൾ പറഞ്ഞു... "അതേയോ.... " അവർ പിന്നെ ശിവ ദാസനെ നോക്കി... "കാർത്യായനിയമ്മ അമ്പലത്തിലേക്കാവും അല്ലേ... എന്തേ ഒറ്റക്കായി..." "കുട്ടികൾ നേരത്തേ പോന്നു... കോഴിയെ കൂട്ടിലാക്കാൻ നിന്നാതാണ് ഞാൻ... മോനെ ശിവദാസാ...

കാർത്ത്യായനിയമ്മ ഒരു കാര്യം പറഞ്ഞാൽ എന്റെ കുട്ടിക്ക് മുഷിവ് തോന്നുമോ... " "അതെന്താ കാർത്യായനിയമ്മേ അങ്ങനെ പറഞ്ഞത്... കാർത്യായനിയമ്മക്ക് എന്നോട് എന്തു പറയാമല്ലോ... " അത് മോനേ ഒന്നുമുണ്ടായിട്ടല്ല... ഭദ്രമോള് ഇപ്പോൾ ചെറുപ്പമാണ്... ഈ സമയത്ത് മോന് കുട്ടിയെ ലാളിക്കാനും കൊഞ്ചിക്കാനും അവൾക്ക് വേണ്ടതുമെല്ലാം ചെയ്യാം... എന്നാൽ മോള് വളർന്നുവരുകയാണ്... അതും ഒരു പെൺകൊച്ച്... കുറച്ചു കഴിഞ്ഞാൽ അവളുടെ കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ നിനക്ക് പറ്റില്ല... അതിന് ഒരമ്മ തന്നെ വേണം... അതുകൊണ്ട് എന്റെ കുട്ടി മറ്റൊരു വിവാഹത്തിന് തയ്യാറാവണം.... " "അതിന് എനിക്ക് കഴിയുമോ കാർത്യായനിയമ്മേ... നിങ്ങൾക്ക് അറിയാവുന്നതല്ലേ എല്ലാം... എന്റെ തങ്കമണി പോയാലും എന്റെ മനസ്സിൽ അവൾ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്... അവളെ അത്രപെട്ടന്ന് എനിക്ക് പറിച്ച് മാറ്റി മറ്റൊരു പെണ്ണിനെ ആ സ്ഥാനത്ത് കാണാൻ പറ്റുമോ... അതിനെനിക്ക് കഴിയുമോ... " "കഴിയണം... ഈ കുഞ്ഞിന് വേണ്ടി നീയത് ചെയ്യണം... ഇവളുടെ ഭാവിയോർത്തെങ്കിലും നീയത് ചെയ്യണം...

പോയവർ പോയി... എന്നുകരുതി അതും മനസ്സിൽ വച്ചുകൊണ്ട് ഒരു ജീവിതം പാഴാക്കരുത്... തങ്കമണിയുടെ ആത്മാവ് അത് പൊറുക്കില്ല... മോൻ നല്ലോണമൊന്ന് ആലോചിക്ക്... എന്നിട്ട് ഉചിതമായ ഒരുതീരുമാനമെടുക്ക്... ഞാൻ നടക്കട്ടെ കുട്ടികൾ കാത്തുനിൽക്കുന്നുണ്ടാകും... " അതും പറഞ്ഞ് കാർത്യായനിയമ്മ നടന്നു... അവർ പോകുന്നതും നോക്കി ശിവദാസൻ ഒരു നിമിഷം നിന്നു... പിന്നെ തിരിഞ്ഞു നടന്നു... " അച്ഛാ... അമ്മ എവിടേക്കാണ് പോയത്... ഒരുപാടായല്ലോ പോയിട്ട്... ഭദ്രമോള് കാണാൻ അമ്മയെന്താണ് വരാത്തത്... " "അമ്മ വരും മോളേ... അച്ഛന്റെ ചക്കരയെ കാണാൻ അമ്മവരും... " അതുപറയുമ്പോൾ ശിവ ദാസന്റെ തൊണ്ടയിടറിയിരുന്നു... കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു... അയാൾ ഭദ്രമോൾ കാണാതെ കണ്ണുതുടച്ചു... വീട്ടിലേക്കുക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ ശിവദാസൻ കണ്ടു മുറ്റത്ത് ഒരാൾ നിൽക്കുന്നത്... തങ്കമണിയുടെ സഹോദരൻ കൃഷ്ണനായിരുന്നു അത്... "കൃഷ്ണേട്ടൻ വന്നിട്ട് അധികനേരമായോ... ഞാൻ മോളെ അമ്പലത്തിലൊന്ന് തൊഴീക്കാൻ കൊണ്ടുപോയതായിരുന്നു... ഇന്നവിടെ ഉത്സവമാണ്... "

"വരുന്ന വഴി അറിഞ്ഞു... അപ്പോഴേ മനസ്സിൽ വിചാരിച്ചതായിരുന്നു നിങ്ങൾ അവിടെയായിരിക്കുമെന്ന്... ഞങ്ങൾ വന്നിട്ട് കുറച്ചുനേരമായി... നിന്നെ കാണാതായതുകൊണ്ട് ഞങ്ങൾ കൽതൂണിന് മുകളിൽ വച്ച ചാവിയെടുത്ത് വാതിൽ തുറന്നു... രമണിയും മോനും അകത്തുണ്ട്... ചായയിടുകയാണവൾ... അന്നേരമാണ് ഒരഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ അകത്തുനിന്നും അവരുടെയടുത്തേക്ക് ഓടിവന്നത്... കൃഷ്ണന്റെയും രമണിയുടേയും മകൻ വിനയനായിരുന്നു അത്... അവൻ ഭദ്രമോളെ ശിവ ദാസന്റെ കയ്യിൽനിന്നും വാങ്ങിച്ച് നിലത്തുനിർത്തി.. പിന്നെ അവളുടെ കൈപിടിച്ച് മുറ്റത്തെല്ലാം നടന്നു... അപ്പോഴേക്കും രമണിയും പുറത്തേക്ക് വന്നു... " "ഭദ്രമോളേ അമ്മായിക്ക് ബലൂണും പീപ്പിയും തരുമോ... " രമണി ചോദിച്ചു... "ഇല്ല തരില്ല... ഇത് ഇച്ചും വിനയേട്ടനുമുള്ളതാണ്... അവിടെ ഇനിയും ഒരുപാടുണ്ടല്ലോ... അമ്മായിക്കുവേണേൽ മാമനോട് വാങ്ങിച്ചു തരാൻ പറയ്യ്... " "മാമൻ എനിക്ക് വാങ്ങിച്ചുതരൂല... മോള് തന്നാൽ മതി... " ഭദ്രമോൾ കയ്യിലെ ബലൂൺ രമണിക്ക് കൊടുത്തു... "

"അയ്യോടാ... അമ്മായിക്ക് വേണ്ട... മോളും ഏട്ടനുംകൂടി കളിച്ചാൽ മതി... " രമണി ബലൂൺ ഭദ്രമോളുടെ കയ്യിൽ കൊടുത്ത് അവളുടെ കുഞ്ഞുകവിളിൽ ഒരുമ്മ കൊടുത്തു... ഈ സമയം കൃഷ്ണൻ ശിവദാസനേയും കൂട്ടി വഴിയിലേക്കിറങ്ങി... "ശിവാ നീ ഞാൻ പറഞ്ഞ കാര്യത്തിനെപ്പറ്റി ആലോചിച്ചോ... " കൃഷ്ണൻ ചോദിച്ചു... "ഇല്ല... എനിക്കിപ്പോൾ അങ്ങനെയൊന്ന് ചിന്തിക്കാൻ കഴിയില്ല... " "അതെന്താ... നീയെന്താ ഭദ്രമോളെക്കുറിച്ച് ചിന്തിക്കാത്തത്... അവളുടെ ഭാവിയെക്കുറിച്ചെന്താണ് ചിന്തിക്കാത്തത്... " "അവളുടെ ഭാവി നമ്മളൊക്കെയുള്ളപ്പോൾ എന്ത് ചിന്തിക്കാനാണ്... മാത്രമല്ല... ഞാനൊരു വിവാഹം കഴിച്ചാൽ ആ പെണ്ണ് എന്റെ മോളെ സ്നേഹിക്കുമെന്നെന്താണ് ഉറപ്പ്... അവളെ ഒരമ്മയുടെ സ്ഥാനത്ത് നിന്നുകൊണ്ട് അവളെ ഒരു മകളായി കാണുമെന്ന് എന്താണുറപ്പ്... " "അങ്ങനെ കാണാൻ കഴിയുന്ന ഒരു പെണ്ണ് വന്നാൽ നീ ആ വിവാഹത്തിന് സമ്മതിക്കുമോ... " "കൃഷ്ണേട്ടനും രമണിക്കും എന്നെ മറ്റൊരു വിവാഹം കഴിപ്പിക്കാനെന്താണ് ഇത്ര തിടുക്കം"

അതുകേട്ട് കൃഷ്ണൻ ചിരിച്ചു... "നിനക്ക് എല്ലാം തമാശ... നിനക്കറിയാവുന്നതല്ലേ... നിന്റേയും എന്റേയും വിവാഹം ഒരു പന്തലിൽ ഒന്നിച്ചാണ് നടന്നത്... നിന്റെ അനിയത്തി രമണിയുടെ കഴുത്തിൽ ഞാൻ താലിചാർത്തിയപ്പോൾ എന്റെ അനിയത്തി തങ്കമണിയുടെ കഴുത്തിൽ നീയും താലിചാർത്തി... അതിനുശേഷം എത്ര സന്തോഷത്തോടെയാണ് നമ്മുടെ ജീവിതം മുന്നേറിയത്... എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല... എന്റെ അനിയത്തിയെ ദൈവം നേരത്തേ വിളിച്ചു.. എന്നാൽ ഒരു പൊന്നു മോളെ നിനക്ക് തന്നിട്ടാണ് അവൾ പോയത്... അവൾ ജീവിച്ചിരിക്കുമ്പോൾ എപ്പോഴും പറയുന്നത് നിനക്കോർമ്മയില്ലേ... നമ്മുടെ മകളെ നല്ല മിടുക്കിയായി ഒരു വേദനകളും അറിയിക്കാതെ വളർത്തണമെന്ന്... അവൾ പോയാലും അവളുടെ ആ ആഗ്രഹം നിറവേറ്റേണ്ടത് നിന്റെ കടമയല്ലേ... അതുകൊണ്ടാണ് പറയുന്നത്... എനിക്കറിയാവുന്ന ഒരു പെൺകുട്ടിയുണ്ട്... പേര് സരോജിനി... മുമ്പ് ഒരു വിവാഹം കഴിഞ്ഞതാണ്... എന്നാൽ മുഴുത്ത കുടിയനായ അയാളുടെ കൂടെ ജീവിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല...

ആറുമാസമാണ് അവർ ഒന്നിച്ച് ജീവിച്ചത്... ഒന്നിച്ചു ജീവിച്ച് എന്നു പറയാൻ പറ്റില്ല... കാരണം അയാൾ കുടിച്ച് കൂത്താടി നടക്കുമ്പോൾ സ്വന്തം വീട്ടിലേക്ക് വന്നാൽ വന്ന്... അധിക ദിവസവും അയാൾ വീട്ടിൽ എത്താറില്ല.. ഏതെങ്കിലും വഴിയിലോ കള്ളുഷാപ്പിലോ ആയിരിക്കും കിടത്തം... എത്രകാലം എന്നുവച്ചാണ് എല്ലാം സഹിച്ച് ജീവിക്കുക... അതിലാണെങ്കിൽ കുട്ടികളുമില്ല... പിന്നെ നിന്റെ കാര്യങ്ങൾ എല്ലാം അവൾക്കും അവളുടെ വീട്ടുകാർക്കും അറിയാം... അവർക്കെല്ലാം സമ്മതമാണ്... ഇനി നിന്റെ ഉറപ്പുകൂടി കിട്ടണം... അത് എന്തായാലും നാളെ ഞങ്ങൾ പോകുന്നതിനുമുന്നേ കിട്ടണം... " "എനിക്കൊന്നു ആലോചിക്കണം... പെട്ടന്ന് ഒരു തീരുമാനം എടുക്കാൻ എനിക്ക് കഴിയില്ല... " "ആലോചിക്ക്... ഇന്ന് രാത്രിമുഴുവൻ ആലോചിക്ക്... എന്തായാലും രണ്ടിലൊരു തീരുമാനം നാളെ എന്നെ അറിയിക്കണം...

പുറമേകാണുന്ന നിന്റെ അനിയത്തിയുടെ ചിരിയും കളിയുമൊന്നുമല്ല യഥാർത്ഥത്തിൽ രമണിക്കുള്ളത്... സ്വന്തം സഹോദരന്റേയും മകളുടേയും അവസ്ഥകണ്ട് ഓരോ ദിവസവും നെഞ്ച് നീറുകയാണ്... അത്രക്ക് നിന്റെ കാര്യത്തിൽ രമണിക്ക് ആവലാധിയുണ്ട്... " കൃഷ്ണൻ വീട്ടിലേക്ക് നടന്നു... ശിവദാസൻ പുറകെ മുറ്റത്തേക്ക് കയറി... കൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ അയാളെ ആകെ അലട്ടുന്നുണ്ടായിരുന്നു... അമ്പലത്തിൽ നിന്നും വരുമ്പോൾ കാർത്യായനിയമ്മ പറഞ്ഞതും അയാളോർത്തു... അപ്പോഴയാൾ വീടിന്റെ തെക്കുഭാഗത്തെ മുറ്റത്ത് നിൽക്കുകയായിരുന്നു... അയാളുടെ കണ്ണുകൾ തങ്കമണിയെ അടക്കിയ സ്ഥലത്തേക്ക് നീണ്ടു... അവളുടെ ഓർമ്മക്കായി ഉണ്ടാക്കിയ തറയുടെയടുത്തേക്കയാളുടെ കാലുകൾ ചലിച്ചു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story