മറുതീരം തേടി: ഭാഗം 7

marutheeram thedi

രചന: രാജേഷ് രാജു

കൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ അയാളെ ആകെ അലട്ടുന്നുണ്ടായിരുന്നു... അമ്പലത്തിൽ നിന്നും വരുമ്പോൾ കാർത്യായനിയമ്മ പറഞ്ഞതും അയാളോർത്തു... അപ്പോഴയാൾ വീടിന്റെ തെക്കുഭാഗത്തെ മുറ്റത്ത് നിൽക്കുകയായിരുന്നു... അയാളുടെ കണ്ണുകൾ തങ്കമണിയെ അടക്കിയ സ്ഥലത്തേക്ക് നീണ്ടു... അവളുടെ ഓർമ്മക്കായി ഉണ്ടാക്കിയ തറയുടെയടുത്തേക്കയാളുടെ കാലുകൾ ചലിച്ചു... ആ തറയുടെ കാൽക്കൽഭാഗത്തായി അയാൾ നിന്നു... " തങ്കം... നീ നിന്റെ ചേട്ടൻ പറഞ്ഞത് കേട്ടില്ലേ... നമ്മുടെ പൊന്നുമോൾക്കുവേണ്ടി ഞാനൊരു മറ്റൊരു വിവാഹം കഴിക്കണമെന്ന്.. അവൾ വളർന്നുവരുകയാണെന്ന്... ഇല്ലെങ്കിൽ നീയെന്നോട് പൊറിക്കില്ലെന്ന്... എന്താ നമ്മുടെ മോൾക്ക് പുതിയൊരു അമ്മ വേണമെന്നാണോ നീയും ആഗ്രഹിക്കുന്നത്... വരുന്നവൾ നമ്മുടെ മോളെ നമ്മൾ നോക്കിയതുപോലെ നോക്കുമെന്ന് ഉറപ്പുണ്ടോ..." കുറച്ചുനേരം അയാൾ അവിടെനിന്ന് എന്തൊക്കെയോ ആലോചിക്കുകയും പറയുകയും ചെയ്തു...

പിന്നെ എന്തോ തീരുമാനിച്ചുറച്ചതുപോലെ അയാൾ വീട്ടിലേക്ക് നടന്നു... ആ സമയം കൃഷ്ണൻ ഇതെല്ലാം കണ്ട് ഉമ്മറത്ത് നിൽക്കുകയായിരുന്നു... "ശിവാ... നിന്റെ മനസ്സിലെ വേദന അത് മറ്റാരേക്കാളും ഇപ്പോൾ എനിക്കറിയാം... നീ തങ്കമണിയെ എത്രമാത്രം സ്നേഹിച്ചിട്ടുണ്ടെന്നും എനിക്കറിയാം... എന്നാൽ നമ്മുടെ ഭദ്രമോളുടെ കാര്യം നീയൊന്ന് ഓർത്തുനോക്കിക്കേ... മറ്റാരേക്കാളും ഒരമ്മയുടെ സ്നേഹം അനുഭവിക്കേണ്ട സമയമാണിപ്പോൾ... അതുകൊണ്ടാണ് പറയുന്നത്... " കൃഷ്ണൻ പറഞ്ഞു... "നിങ്ങൾ പറയുന്നതിന് ഞാൻ എതിരുനിൽക്കുന്നില്ല... എന്നാൽ എന്റെ മോളെ വരുന്നവൾ ആത്മാർത്ഥമായി സ്നേഹിക്കുമെന്ന് ഉറപ്പുതരണം... അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ... എന്റെ മോളെ ഒരു നോട്ടംകൊണ്ടുപോലും വേധനിപ്പിച്ചാൽ അതോടെ തീരും ആ ബന്ധം.. എന്താ അതിന് തയ്യാറാണോ... എങ്കിൽ നിങ്ങളുടെ ആഗ്രഹത്തിന് ഞാൻ നിൽക്കാം... " "അങ്ങനെയൊന്നുമുണ്ടാവില്ല... സ്വന്തം മകളായിട്ടുതന്നെ ഭദ്ര മോളെ അവൾ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യും... അത് ഞാൻ നിനക്കുറപ്പുതരാം...

കാരണം അത്രക്ക് അവളെ എനിക്കറിയാം... അതുകൊണ്ടാണ് പറയുന്നത്... നമ്മുടെ ഭദ്രമോൾക്ക് ഒരാപത്തുവരുന്ന കാര്യത്തിന് ഞങ്ങൾ കൂട്ടുനിൽക്കുമോ... " ശിവദാസൻ ഒന്ന് മൂളിക്കൊണ്ട് അകത്തേക്ക് നടന്നു... അങ്ങനെ ശിവദാസൻ സരോജിനിയെ വിവാഹം ചെയ്തു... "മോളേ ഭദ്രേ... " ശ്രീധരന്റെ വിളികേട്ടാണ് ഭദ്ര ചിന്തയിൽനിന്നുണർന്നത്... "എന്താണ് മോളേ ആലോചിക്കുന്നത്... ഇവിടെ മോൾക്ക് പിടിച്ചുകാണില്ല അല്ലേ... " "ഏയ് അതൊന്നുമല്ല ശ്രീധരമാമാ... എനിക്ക് മറ്റെവിടേക്കാളും ഇഷ്ടപ്പെട്ടു ഇവിടെ... എന്തോ നല്ല സുരക്ഷിതമായ സ്ഥലംപോലെ... ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോയതാണ്... ആ കാണുന്ന മലകളും വയലുകളുമെല്ലാം കാണുമ്പോൾ എന്റെ കുട്ടിക്കാലമാണ് ഓർമ്മവന്നത്.. " "കഴിഞ്ഞു പോയതിനെക്കുറിച്ച് ആലോചിച്ച് മനസ്സ് വേദനിപ്പിക്കാതെ ഇനിവരുന്നതിനെക്കുറിച്ച് ആലോചിക്ക്... ഞങ്ങളുടെ കാര്യമൊന്ന് ആലോചിക്ക്... ആണും പെണ്ണുമായി ഒരുത്തനെ മാത്രമേ ദൈവം ഞങ്ങൾക്ക് തന്നത്... അവനെയാണെങ്കിലോ ദൈവം നേരത്തേ വിളിച്ചു... ഞങ്ങളുടെ കാര്യം പോട്ടെ... വീടും വീട്ടുകാരേയും ഉപേക്ഷിച്ച് ഇനിയുള്ള കാലം തന്റെ കൂടെയുണ്ടാകുമെന്ന വിശ്വാസത്തിൽ ഇറങ്ങിപ്പോന്നവളാണ് എന്റെ ആതിരമോൾ...

അത് മോൾക്കും അറിയാവുന്നതല്ലേ... എന്നിട്ടോ ആകെ, ഒരു വർഷമാണ് ആ വിശ്വാസം നിലനിന്നത്... എന്നിട്ടും അവൾ അവളുടെ കുഞ്ഞിനും ഞങ്ങൾ ക്കുംവേണ്ടി ജീവിക്കുന്നില്ലേ... എന്ത് തടസങ്ങൾ മുന്നിലുണ്ടായാലും അത് തരണംചെയ്ത് ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിന് ഒരു അർത്ഥമുണ്ടാകൂ... അതുപോലെ ത്തന്നെയാണ് അപ്പുറത്തെ അച്ചുവും നിന്റെ അനിയനും ചെയ്തു കൊണ്ടിരിക്കുന്നത്... നിന്റെ അനിയൻ അന്ന് നാടുവിട്ടുപോരുന്ന സമയത്ത് ഉള്ള ദൈര്യമെല്ലാം ചോർന്നു പോയിരുന്നെങ്കിൽ അവൻ ഇന്ന് കാണുന്ന നിലയിൽ എത്തുമായിരുന്നോ... മുടങ്ങിയ പഠിപ്പ് പൂർത്തീരിക്കുമായിരുന്നോ... " "ശ്രീധരമാമാ എന്താണ് പറഞ്ഞത്... അവൻ പഠിപ്പ് പൂർത്തീകരിച്ചെന്നോ... " ഭദ്ര സംശയത്തോടെ ചോദിച്ചു... "എന്താണ് സംശയം... ഈ കഴിഞ്ഞതിൽ ഡിഗ്രിക്ക് നല്ല ഉയർന്ന മാർക്കോടെയാണവൻ പാസായത്... അന്ന് പകൽ കോളേജിലും അതുകഴിഞ്ഞ് കമ്പനിയിലും പോകുമ്പോൾ ബാക്കി സമയത്ത് ഇരുന്നു പഠിക്കും... എല്ലാറ്റിനും പിന്തുണ അച്ചുവാണ് ചെയ്തുകൊടുക്കുന്നത്... എന്നാൽ പഠിക്കാനുള്ള ചിലവ് കറിയാച്ചൻ മുതലാളിയും... അവന് തുടർന്നു പഠിക്കാൻ ആഗ്രഹമുണ്ട്... അതിന് എല്ലാവിധ സഹായവും കറിയാച്ചൻ ചെയ്യും... "

"എന്റെ അനിയനെക്കുറിച്ചാണോ ഞാൻ കേൾക്കുന്നത്... അവൻ വളരും... എനിക്ക് ലഭിക്കാതെ പോയ എന്റെ അച്ഛന്റെ ആഗ്രഹം അവൻ നേടിയെടുക്കണം..... നേടിയെടുക്കുമവൻ... " "ഞാൻ വന്നത് മോൾക്ക് ഈ സമയത്ത് വല്ല കഞ്ഞിയോ ചായയോ കുടിക്കുന്ന ശീലമുണ്ടോ എന്നറിയാനാണ്... " "അയ്യോ അങ്ങനെയുള്ള ശീലമൊന്നുമില്ല... ശ്രീധരമാമന് കഞ്ഞിയായാൽ ഞാനെടുത്തുതരാം... ഭദ്ര താഴേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എടാ നീയൊറ്റയൊരാളാണ് അവൾ ഇവിടെ നിന്നും പോകാൻ കാരണം... ഒരു പെണ്ണാണെന്ന പരിഗണന നീ കൊടുത്തില്ല... നിന്റെ മദ്യപാനവും ദേഷ്യവുമാണ് എല്ലാറ്റിനും കാരണം... എത്രമാത്രം ദ്രോഹിച്ചു നീയവളെ... " പ്രകാശന്റെ കൂട്ടുകാരൻ ഗിരീഷ് അവനോട് പറഞ്ഞു... "ഓ.. നിന്റെ ഉപദേശത്തിന്റെ കുറവുകൂടിയേയുള്ളൂ... വീട്ടിൽനിന്നും രാവിലെത്തന്നെ ഒരുപാട് ഉപദേശം കേട്ടതാണ്... " പ്രകാശൻ പറഞ്ഞു... "നിന്നെ ഉപദേശിക്കാൻ ഞാനാളല്ല... എന്നാലും പറഞ്ഞു പോവുകയാണ്... അവൾ വല്ലതും ചെയ്താൽ അത് നിനക്കാണ് ദോഷം... അതുകൊണ്ട് പറഞ്ഞതാണ്... അന്ന് നിന്നോട് പറഞ്ഞതാണ് നിനക്ക് താല്പര്യമില്ലെങ്കിൽ അവളെ നീ വിവാഹം കഴിക്കേണ്ടെന്ന്... അന്നു നീ കേട്ടില്ല...

ഇപ്പോൾ ഒരു പാവം പെണ്ണിന്റെ ജീവിതം നശിപ്പിച്ചപ്പോൾ നിനക്ക് സന്തോഷമായിക്കാണും... നിന്നെമാത്രം പറഞ്ഞിട്ട് കാര്യമില്ല... കുറച്ചൊക്കെ നിന്റെ അസുഖം മൂലമാണെന്ന് കരുതാം... എന്നാൽ നിന്റെ അമ്മയും സഹോദരിയും ഇതിന് കൂട്ടു നിന്നു... അന്യ പെൺകുട്ടിയുടെ ഭാവിയേക്കാൾ അവർക്ക് വലുത് നിന്റെ ജീവിതമായിരുന്നു... അല്ല അത് ഏത് മാതാപിതാക്കളുടേയും സ്വഭാവമാണ്... തന്റെ മകന്റെ ജീവിതം ഭദ്രമാക്കുക എന്നത്... അതാണ് ഇവിടേയും സംഭവിച്ചത്... അതിന് ആ പാവം പെണ്ണ് ബലിയാടായെന്നുമാത്രം... " "എന്താ നിനക്ക് അവളോട് ഇത്ര സിമ്പതി... എന്താ അവൾ നിനക്കത്രയും വേണ്ടപ്പെട്ടവളാണോ... ആണെങ്കിൽ പറഞ്ഞോ... ഞാൻ ഒഴിഞ്ഞു തരാം... എന്നിട്ട് അവൾ എവിടെയാണെന്നുവച്ചാൽ കണ്ടുപിടിക്ക്... എന്നിട്ട് കൂട്ടിക്കൊണ്ടുവന്നു സ്വന്തമാക്കിക്കോ... " "പ്ഭാ... കഴുവേറിമോനെ... ഇതിനുള്ള മറുപടി എനിക്ക് തരാൻ കഴിയാഞ്ഞിട്ടല്ല... പക്ഷേ കുട്ടിക്കാലംമുതൽ ഒരു ആത്മാർത്ഥ സുഹൃത്തായി നിന്നെ കണ്ടവനാണ് ഞാൻ അതുകൊണ്ട്മാത്രം ഇതിനുള്ള മറുപടി തരുന്നില്ല... അവൾ എവിടെപ്പോയി തുലഞ്ഞാലും എനിക്കെന്താണ്... എന്റെ ആരുമില്ല അവൾ... പക്ഷേ അവൾ മൂലം നിനക്കരാപത്ത് വരരുതെന്ന് കരുതി...

അത് നീ മനസ്സിലാക്കിയ രീതി കൊള്ളാം... എടാ ഗാർഹിക പീഡനം എന്നൊന്നുണ്ട്... അവൾ ഇത്രയും കാലം കണ്ടും കേട്ടും ക്ഷമിച്ചും നിന്നത് അവൾക്ക് ബുദ്ധിയില്ലാഞ്ഞിട്ടോ ദൈര്യമില്ലാഞ്ഞിട്ടോ അല്ല... മറിച്ച് നിന്റെ അസുഖം അതവൾക്കറിയാവുന്നതുകൊണ്ടാണ്... എന്നിട്ടും നീയവളെ ദ്രോഹിച്ചു... അവസാനം ഗത്യന്തരമില്ലാതെയാണ് അവൾ നാടുവിട്ടത്... അത്രയേറെ നിന്നെ വെറുത്തതുകാരണമാണ് അവൾ പോയത്... അവൾക്കിപ്പോൾ മേലും കീഴും നോക്കാനില്ല... ചിലപ്പോൾ അവൾ അനുഭവിച്ചതിന് പകരം ചോദിക്കും... അത് ചിലപ്പോൾ നിയമത്തിന്റെ വഴിക്കായിരിക്കും... അവിടെ നിന്റെ അസുഖത്തിന് യാതൊരു പ്രാധാന്യവുമുണ്ടാകില്ല... ചിലപ്പോൾ ഇതെല്ലാം മറച്ചു പിടിച്ച് നിന്നെക്കൊണ്ട് വിവാഹം കഴിപ്പിച്ചതിന് നിന്റെ അമ്മയും പെങ്ങളും അകത്തായെന്നും വരാം... അതു വേണോന്ന് നീ ആലോചിക്ക്... "

"ഞാനെന്തിന് ആലോചിക്കണം... അവൾ ഈ ഭൂമിയിൽ ഉണ്ടായാലല്ലേ പേടിക്കേണ്ടൂ... അവൾ എവിടെച്ചെന്നൊളിച്ചാലും എന്റെ കൺമുന്നിൽ വന്നുചേരും... അന്നവളുടെ അന്ത്യമാണ്... " "എന്നാലും നിന്റെ സ്വഭാവം മാറ്റാൻ നീ തയ്യാറല്ല അല്ലേ.. എന്തു വേണമെങ്കിലും ചെയ്യ്... പറഞ്ഞാൽ മനസ്സിലാവുന്നവനോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ..." ഗിരീശൻ അവന്റെയടുത്തുനിന്നും നടന്നു... കുറച്ചു മുന്നോട്ടുപോയ അവൻ തിരിഞ്ഞു നിന്നു... "പിന്നെ അവളെ കണ്ടുപിടിക്കാൻ ഞാനും നിന്നെ സഹായിക്കാം... എന്നിട്ടവളെ ഇല്ലാതാക്കുകയോ വളർത്തുകയോ ചെയ്യ്... സ്വന്തം കൂട്ടുകാരനായിപ്പോയില്ലേ... ഉപേക്ഷിച്ചുകളയാൻ മനസ്സനുവദിക്കുന്നില്ല... " അത്രയും പറഞ്ഞ് ഗിരീഷ് നടന്നകന്നു... അവൻ പോകുന്നതും നോക്കി കുറച്ചുനേരം പ്രകാശൻ നിന്നു... പിന്നെ എഴുന്നേറ്റ് തന്റെ കാറിൽ കയറി... അത് അടുത്തുള്ള ബാർ ലക്ഷ്യമാക്കി കുതിച്ചു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story