മറുതീരം തേടി: ഭാഗം 1

marutheeram thedi shiva

രചന: ശിവ എസ് നായർ

"ഇനി കണ്ടവന്മാരോട് സംസാരിച്ചു കൊഞ്ചി കുഴഞ്ഞു വരുന്നത് കണ്ടാൽ കൊന്നു കുഴിച്ചു മൂടും അസത്തെ. നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ ഉണ്ടായ നശിച്ച സന്തതി." ആതിരയുടെ കരണം പുകച്ച് ഒരടി കൊടുത്തുകൊണ്ട് മുരളി കലിതുള്ളി പുറത്തേക്ക് ഇറങ്ങിപ്പോയി. കവിളിൽ കൈപൊത്തി പിടിച്ച് ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്കിരുന്ന് ആതിര വിങ്ങിക്കരഞ്ഞു. അച്ഛൻ തന്നെ അടിക്കുന്നത് കണ്ടിട്ടും അമ്മ ഒരക്ഷരം മിണ്ടാതെ അടുക്കളയിലേക്ക് കയറിപോകുന്നത് കൂടി കണ്ടപ്പോൾ ആതിരയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ചേച്ചിയെ അച്ഛൻ തല്ലുന്നത് കണ്ടപ്പോൾ അവളെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് അനിയത്തിമാർ അവരുടെ മുറിയിലേക്ക് പോയി.

അതുകൂടി കണ്ടപ്പോൾ ആതിര ആകെ തകർന്നു. "ഇത്രയും നാൾ അച്ഛന്റെ വഴക്കും ശകാരവും മാത്രമേ കേൾക്കേണ്ടി വന്നിട്ടുണ്ടായിരുന്നുള്ളൂ. ദേ ഇപ്പോൾ അടിക്കാനും തുടങ്ങി. അച്ഛന് തന്നെ കണ്മുന്നിൽ കാണുന്നത് വെറുപ്പാണ്. അതെന്താ തന്നോട് മാത്രം ഇത്രയ്ക്കും വെറുപ്പ്. അമ്മയ്ക്കും തന്നോട് വലിയ സ്നേഹമില്ല. അച്ഛന് തന്നെ ഇഷ്ടമില്ലാത്തോണ്ട് അനിയത്തിമാർക്കും തന്നോട് മതിപ്പില്ല. തലേ ദിവസം താൻ അമ്പലത്തിൽ നിന്ന് തിരിച്ചു വരുമ്പോൾ വഴിയിൽ വച്ച് തന്റെ കൂടെ പ്രീഡിഗ്രിക്ക് പഠിച്ച സൂരജ് എന്ന പയ്യനെ കണ്ടിരുന്നു. തന്നെ കണ്ടപ്പോൾ റിസൾട്ട്‌ വരുന്നത് എന്നാണെന്ന് അവൻ പറയുകയുണ്ടായി. അതിനെയാണ് അച്ഛൻ, കണ്ടവന്മാരോട് കൊഞ്ചി കുഴഞ്ഞു നിന്നുവെന്നൊക്കെ പറഞ്ഞു തന്നെ അടിച്ചത്. അല്ലെങ്കിലും തന്നെ ചീത്ത പറയാൻ ഒരവസരം നോക്കി നടക്കുകയാണ് അച്ഛൻ."

ഓരോന്ന് ഓർത്തപ്പോൾ ആതിരയ്ക്ക് ആകെ സങ്കടമായി. മുരളിക്കും ഭാര്യ ഭാരതിക്കും മൂന്നു മക്കളാണ്. മൂത്തവൾ ആതിര, രണ്ടാമത്തവൾ ആരതി, ഏറ്റവും ഇളയവൾ അഞ്ജു. ആതിര പ്രീഡിഗ്രി എക്സാം എഴുതി റിസൾട്ട്‌ കാത്തിരിക്കുന്നു. ആരതി പത്താം ക്ലാസ്സിലേക്ക്. അഞ്ജു എട്ടിലും. ആതിരയ്ക്ക് ഓർമ്മ വച്ച കാലം മുതൽ മുരളിക്ക് അവളോടുള്ള ദേഷ്യവും വെറുപ്പും കണ്ടാണ് ആതിര വളർന്നത്. എന്തുകൊണ്ടാണ് അച്ഛന് തന്നോട് മാത്രം ഇത്രയധികം വെറുപ്പെന്ന് അവൾക്ക് അറിയുമായിരുന്നില്ല. ആതിര എഴുന്നേറ്റ് അമ്മയ്ക്ക് അരികിലേക്ക് ചെന്നു. അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു ഭാരതി. കുറച്ചുസമയം അവൾ അമ്മയെത്തന്നെ നോക്കി നിന്നു. "അമ്മേ ഞാനൊരു കാര്യം ചോദിച്ചാൽ പറയുമോ?" ആതിര അമ്മയോട് ചോദിച്ചു. "ഉം.. എന്താ.?" ഭാരതി ഗൗരവത്തിൽ അവളെയൊന്ന് നോക്കി.

"അച്ഛന് എന്താ എന്നോട് മാത്രം ഇത്രയ്ക്കും വെറുപ്പ്. എന്തിനാ എന്നെയിങ്ങനെ ഒരു കാരണവുമില്ലാതെ വഴക്ക് പറയുന്നത്. ഇപ്പോൾ ദേ അടിക്കുകയും ചെയ്ത്? എന്നിട്ട് അമ്മ പോലും അച്ഛനോട് ഒരു വാക്ക് ചോദിച്ചില്ല. ഇതുവരെ ഞാൻ അമ്മയോട് ഇക്കാര്യം ചോദിച്ചിട്ടില്ല.. ചോദിക്കാതെ തന്നെ എപ്പോഴെങ്കിലും അമ്മ പറയുമെന്ന് കരുതി കാത്തിരുന്നു. ഇനിയെങ്കിലും ഒന്ന് പറയ്യ് അമ്മേ എന്നെ ഇങ്ങനെ വെറുക്കാൻ മാത്രം ഞാൻ നിങ്ങളോടൊക്കെ എന്ത് തെറ്റാ ചെയ്തേ? ഞാൻ നിങ്ങളുടെ മോളല്ലെന്ന് ഉണ്ടോ?" വളരെയധികം സങ്കടത്തോടെയാണ് ആതിര അമ്മയോട് അത് ചോദിച്ചത്. ഓർമ്മ വച്ച കാലം മുതൽ അവളുടെ മനസ്സിനെ അലട്ടുന്നൊരു ചോദ്യമാണ് അത്. "നിന്നെ പ്രസവിച്ചു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ എന്നെയും നിന്നെയും കാണാനായി ഹോസ്പിറ്റലിലേക്ക് വരുന്ന വഴി അച്ഛനൊരു ആക്‌സിഡന്റ് ഉണ്ടായി. ആ അപകടത്തിൽ അച്ഛൻ മാസങ്ങളോളം തളർന്നു കിടന്നു. ചികിത്സകൾ ഒന്നും ഫലം കണ്ടില്ല.

പിന്നെ വയനാട് ഉള്ള ഒരു വൈദ്യന്റെ അടുത്ത് പോയി ചികിത്സ തുടങ്ങിയ ശേഷമാണ് അച്ഛൻ പൂർവ്വ സ്ഥിതിയിലേക്ക് വന്നത്. അന്ന് ബന്ധുക്കളിൽ പലരും നിന്റെ ജനന സമയത്തെ ദോഷം കൊണ്ടാണ് അച്ഛന് ഈ അവസ്ഥ വന്നതെന്ന് എപ്പഴും പറയുമായിരുന്നു. സ്ഥിരമായി അത് കേട്ടുകേട്ട് അച്ഛന് പിന്നെ നിന്നോട് വെറുപ്പായി. നിന്റെ അനിയത്തിയെ ഞാൻ പ്രസവിക്കുന്ന സമയത്താണ് അച്ഛന് ആക്‌സിഡന്റ് പറ്റിയതിന്റെ ഇൻഷുറൻസ് തുക കിട്ടുന്നത്. ആ തുക കൊണ്ട് അച്ഛൻ വീടൊക്കെ പുതുക്കി ജംഗ്ഷനിൽ ഒരു പലചരക്ക് കടയും തുടങ്ങി. ഈ നേട്ടങ്ങളൊക്കെ ഉണ്ടാവാൻ കാരണം നിന്റെ രണ്ടാമത്തെ അനിയത്തി ആരതി ആണെന്ന് അച്ഛൻ എപ്പോഴും പറയും. നിന്നെ മാത്രേ അച്ഛന് ഇഷ്ടമല്ലാതുള്ളൂ. അഞ്ചുനേം ആരതിയേം അച്ഛന് ഇഷ്ടമാണ്. അതുകൊണ്ട് അച്ഛന് ദേഷ്യം ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും ചെയ്യാതിരിക്കുന്നതാണ് നിനക്ക് നല്ലത്." "അമ്മയ്ക്കും എന്നോട് വെറുപ്പാണോ?" "എന്റെ വയറ്റിൽ വന്ന് പിറന്നു പോയില്ലേ അതോണ്ട് ഉപേക്ഷിക്കാൻ പറ്റില്ലല്ലോ.

നിന്റെ അച്ഛന് ഇഷ്ടമല്ലാത്തതൊന്നും എനിക്കും ഇഷ്ടമല്ല. അച്ഛന് കാലനായി പിറന്നു പോയെങ്കിലും നോക്കാതിരിക്കാൻ ആവില്ലല്ലോ. അതുകൊണ്ട് എനിക്ക് നിന്നോട് പ്രത്യേകിച്ച് ഇഷ്ടോം ഇല്ല ഇഷ്ടക്കേടും ഇല്ല. അന്ന് നിന്റെ ജാതകം എഴുതിയ നമ്പൂതിരി പറഞ്ഞത് എന്റെ താലി ഭാഗ്യം ഒന്ന് കൊണ്ട് മാത്രം ആണ് മരണം മാറിപോയതെന്നാ. എല്ലാം കൂടെ കേട്ടപ്പോൾ അച്ഛന് നിന്നെ കണ്മുന്നിൽ കാണുന്നത് പോലും ദേഷ്യം ആയി. അച്ഛൻ കിടപ്പിലായ സമയം ഈ കുടുംബം നോക്കാൻ ഓടി നടന്നു കഷ്ടപ്പെട്ടത് ഞാനാ. ആരതി മോൾടെ ജനനം ആണ് അന്നത്തെ ദുരിതങ്ങളൊക്കെ മാറ്റിയത്. പിന്നെ അച്ഛൻ നിനക്ക് വിവാഹാലോചനകൾ നോക്കി തുടങ്ങിയിട്ടുണ്ട്. ഇനി മുന്നോട്ട് പഠിപ്പിക്കാനൊന്നും പറ്റില്ല. പഠിച്ച അത്രയും മതി. കുടുംബത്തിന് ചീത്തപ്പേര് കേൾപ്പിക്കുമെന്ന് നിന്റെ ജാതകത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വേറൊരു വീട്ടിൽ കയറി ചെല്ലുന്നത് വരെ അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം. പിന്നെ കെട്ടിച്ചു വിട്ടുകഴിഞ്ഞാൽ അവനെ ഉപേക്ഷിച്ചു ഇങ്ങോട്ട് കേറി വരാൻ നിക്കരുത്.

നിനക്ക് താഴെ രണ്ട് പിള്ളേര് കൂടെ ഉണ്ടെന്നുള്ള ഓർമ്മ വേണം." ഭാവമാറ്റമൊന്നുമില്ലാതെ ഭാരതി പറയുന്നത് കേൾക്കെ ആതിരയുടെ കണ്ണുകൾ നിറഞ്ഞു. "എനിക്ക് നഴ്സിംഗ് പഠിക്കാൻ പോണം അമ്മേ. എനിക്ക് നല്ല മാർക്ക്‌ ഉണ്ടാവും. ജോലി കിട്ടിയിട്ട് മതി കല്യാണം. നിങ്ങളെ ആരെയും ഞാൻ ബുദ്ധിമുട്ടിക്കില്ല. അത്രയും ഔദാര്യം എങ്കിലും എനിക്ക് വേണ്ടി ചെയ്തൂടെ." "ഹാ... പഠിപ്പിക്കാൻ പറഞ്ഞോണ്ട് അച്ഛന്റെ അടുത്തോട്ട് ചെല്ല്. ഇപ്പോൾ കിട്ടിയതിന്റെ ഇരട്ടി കിട്ടും നിനക്ക്. മര്യാദയ്ക്ക് ഇവിടെ എങ്ങാനും അടങ്ങി കിടക്ക് കൊച്ചേ." "ഞാനും അമ്മേടെ മോളല്ലേ അമ്മേ. ആരതിയേം അഞ്ചുനേം ഇഷ്ടം ഉള്ള അത്ര പഠിപ്പിക്കാൻ അച്ഛൻ തയ്യാറാണല്ലോ. പിന്നെ എന്താ എന്നെ പഠിപ്പിക്കാൻ മടി." "നീ ഈ വീട്ടിൽ നിൽക്കുന്നിടത്തോളം കാലം കുടുംബത്ത് നല്ലതൊന്നും നടക്കില്ലെന്നാണ് നിന്റെ ജാതകം പറയുന്നത്.

എത്ര നാളായി അച്ഛൻ പുതിയൊരു കട തുടങ്ങാൻ നോക്കുന്നു. ഓരോ ചിലവുകളും തടസ്സവും വന്ന് അതൊക്കെ മുടങ്ങുന്നു. നീ ഇവിടുന്ന് ഒന്ന് പോയികിട്ടിയാലേ നല്ല കാര്യങ്ങൾ നടക്കുള്ളു എന്നാണ് അച്ഛൻ പറയുന്നത്. അതുകൊണ്ട് നിന്നെ പഠിപ്പിക്കുന്ന കാര്യം അച്ഛനോട് പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. പ്രീഡിഗ്രി കഴിഞ്ഞാൽ നിന്നെ കെട്ടിച്ചു വിട്ട് ആ ബാധ്യത തീർക്കണം. നിനക്ക് താഴെ രണ്ട് പേര് കൂടെ ഇല്ലേ. പിന്നെ ഇത്രയെങ്കിലും അച്ഛന് ചെയ്തു തരാൻ തോന്നിയത് ഭാഗ്യമെന്ന് കരുതിയ മതി." "എന്റെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയുമില്ലേ." അവസാന ആശ്രയവും കൈവിട്ട പോലെ ആതിര അമ്മയെ തന്നെ നോക്കി നിസ്സഹായയായി നിന്നു. "നിന്റെ അച്ഛന്റെ ചിലവിൽ കഴിയുമ്പോൾ എനിക്ക് അങ്ങേരെ അനുസരിക്കാനെ നിവൃത്തിയുള്ളൂ. അതുകൊണ്ട് അച്ഛനെ ദേഷ്യം പിടിപ്പിക്കുന്ന പ്രവൃത്തി ഒന്നും ചെയ്യാതിരുന്നാൽ നിനക്ക് കൊള്ളാം." അമ്മയോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയതിനാൽ ആതിര പിന്തിരിഞ്ഞു തന്റെ മുറിയിലേക്ക് പോയി. തനിക്ക് തുടർന്ന് പഠിക്കാൻ കഴിയണേയെന്ന് ദിവസവും അവൾ ദൈവത്തോട് പ്രാർത്ഥിക്കും. പഠിച്ച് ഒരു നേഴ്‌സ് ആകാനാണ് അവളുടെ ആഗ്രഹം. 💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮

ഉച്ചയ്ക്ക് കട അടച്ചു വരുമ്പോൾ മുരളി സന്തോഷവാനായി കാണപ്പെട്ടു. "ഭാരതീയ... " തിണ്ണയിൽ ചെരുപ്പഴിച്ചു വയ്ക്കുമ്പോൾ അയാൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. "എന്താ മുരളിയേട്ടാ.." സാരിത്തുമ്പിൽ കൈ തുടച്ചുകൊണ്ട് ഭാരതി അങ്ങോട്ട്‌ വന്നു. "ആ അസത്തിനോട് കുളിച്ചിരുങ്ങി നല്ല സാരി ഉടുത്ത് നിൽക്കാൻ പറയ്യ്. വൈകുന്നേരം ഒരു കൂട്ടർ അവളെ പെണ്ണ് കാണാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്." വരാന്തയിൽ ഇട്ടിരുന്ന കസേരയിലേക്ക് ഇരിക്കുമ്പോൾ അയാൾ പറഞ്ഞു. "സത്യാണോ.." ഭാരതി അവിശ്വസനീയതയോടെ ഭർത്താവിനെ നോക്കി. "അവരിപ്പോ തല്ക്കാലം പെണ്ണിനെ വന്ന് കണ്ട് പോകും. അവർക്ക് ഇഷ്ടപ്പെട്ടാൽ മിഥുനത്തിൽ അവൾക്ക് പതിനെട്ടു കഴിയുമ്പോൾ കല്യാണം നടത്തി കൊടുക്കാം നമുക്ക്." "നല്ല കൂട്ടരാണോ. എവിടെ ഉള്ളവരാ?" "അതൊക്കെ അവർ വരുമ്പോൾ അറിഞ്ഞ മതി. നീ പോയി അവളോട് ഒരുങ്ങി ഇരിക്കാൻ പറയ്യ്.

ദാ ഇതിൽ കുറച്ചു പലഹാരങ്ങളാ. വരുന്നവർക്ക് കൊടുക്കാൻ വാങ്ങിയതാ ഞാൻ. നീയിത് കൊണ്ടുപോയി അകത്ത് വയ്ക്ക്." മുരളി അവരോട് പറഞ്ഞു. "ശരി.. ഞാൻ അവളോട് പറയുന്നുണ്ട്. " അയാളോട് കൂടുതൽ ഒന്നും ചോദിച്ചു ദേഷ്യം പിടിപ്പിക്കാതെ പലഹാര പൊതിയും വാങ്ങി ഭാരതി അകത്തേക്ക് പോയി. വാതിൽപ്പടിയിൽ നിന്നിരുന്ന ആതിരയും മുരളി പറയുന്നതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. "അച്ഛനെ ദേഷ്യം പിടിപ്പിക്കാതെ വേഗം ചെന്ന് ഒരുങ്ങി നിക്ക് നീ. വരുന്നവർക്ക് നിന്നെ ഇഷ്ടപ്പെട്ടാൽ ഇവിടെ നിന്ന് നിനക്ക് രക്ഷപ്പെടാം. പിന്നെ അച്ഛന്റെ അടിയും വഴക്കുമൊന്നും കൊള്ളേണ്ടല്ലോ." ഭാരതി അവളോട് പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി.

നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് ആതിര സ്വന്തം മുറിയിലേക്ക് പോയി. അമ്മ കൊണ്ട് കൊടുത്ത സാരി ഉടുത്ത് മുടിയിൽ മുല്ലപ്പൂ ഒക്കെ ചൂടി ഒട്ടും താല്പര്യമില്ലാതെ ആണെങ്കിലും അവൾ അണിഞ്ഞൊരുങ്ങി. വൈകുന്നേരം, പറഞ്ഞ സമയത്ത് തന്നെ പയ്യനും കൂട്ടരുമെത്തി. കൈയ്യിൽ ചായക്കപ്പുമായി ആതിരയെ, ഭാരതി അവർക്ക് മുന്നിലേക്ക് ആനയിച്ചു. "ഭാരതി ഇതാണ് പയ്യൻ.. പൂമഠത്തെ വേലായുധന്റെ മകൻ ശിവൻ." മുരളി ഭാര്യയെ നോക്കി പറഞ്ഞു. ഭാരതി ശിവനെയും കൂടെ വന്നവരെയും നോക്കി ഭവ്യതയോടെ ചിരിച്ചു. ചായക്കപ്പ് പയ്യന് നേരെ നീട്ടുമ്പോൾ അവൾ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി. പൂമടത്തെ വേലായുധന്റെ മകൻ ശിവനെ കണ്ട് അവൾ ഞെട്ടി. അതേ ഭാവത്തോടെ ആതിര അമ്മയെ നോക്കി. പിന്നെ ദയനീയ ഭാവത്തിൽ അച്ഛനെയും. തുടരും സ്നേഹത്തോടെ ശിവ ❤️

സൗജന്യമായി ഞങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ നല്ല നോവലുകൾ വായിക്കാം.. ഇവിടെ ക്ലിക്ക് ചെയ്യൂ...
 

Share this story