മറുതീരം തേടി: ഭാഗം 10

marutheeram thedi shiva

രചന: ശിവ എസ് നായർ

 "ഞാൻ പറയാതെ ഇനി നീയീ വീട് വിട്ട് പുറത്തേക്കിറങ്ങി പോവരുത്." അവളെ കടുപ്പിച്ചൊന്നു നോക്കിയ ശേഷം മുരളി തന്റെ മുറിയിലേക്ക് പോയി. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ച് നിൽക്കുകയാണ് ആതിര. അച്ഛന്റെ പ്രവൃത്തികളും ശിവന്റെ സംസാരവും അവളിൽ സംശയം ജനിപ്പിച്ചു. താനറിയാതെ എന്തൊക്കെയോ അവിടെ നടക്കുന്നുണ്ടെന്ന് ആതിരയ്ക്ക് തോന്നി. ശിവൻ കയ്യിലേൽപ്പിച്ചു പോയ കവറിനുള്ളിൽ നിന്നും അവളാ സാരി എടുത്തു നോക്കി. വിവാഹത്തിന് ഉടുത്തിറങ്ങുന്ന പോലത്തെ പട്ടുസാരി തനിക്കെന്തിനാണ് ശിവൻ തന്നതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. "പറ്റുമെങ്കിൽ കല്യാണത്തിന് ഇവിടുന്ന് ഇറങ്ങുമ്പോൾ താൻ ആ സാരി ഉടുത്തു വരണം." ശിവന്റെ ആ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. ആ വാക്കുകളുടെ പൊരുൾ ഊഹിച്ചെടുക്കവേ ഒരു നിമിഷം ആതിര സ്തംബ്ധയായി നിന്നു. "ശിവേട്ടൻ എന്നെ കല്യാണം കഴിക്കാൻ പോവുകയാണോ?

അതിനാണോ ഈ സാരി വാങ്ങികൊണ്ട് വന്നത്. എന്റെ സമ്മതമില്ലാതെ എന്നെ വിവാഹം കഴിക്കില്ലെന്ന് വാക്ക് തന്ന് പോയ ആളാണോ ഇപ്പൊ ഇങ്ങനെ. ഞാൻ ആരെയാ വിശ്വസിക്കുക. ആരോടാ ഒന്ന് ചോദിക്ക... എന്റീശ്വരാ..!" ശരീരമാസകലം ഒരു വിറയൽ പടർന്നത് പോലെ അവൾക്ക് തോന്നി. കാലുഷ്യം നിറഞ്ഞ മനസ്സോടെ ആതിര അവളുടെ മുറിയിലേക്ക് നടന്നു. ശിവൻ കൊടുത്ത തുണികളടങ്ങിയ കവർ മേശപ്പുറത്തേക്ക് ഇട്ട ശേഷം അവൾ കട്ടിലിൽ കയറി കിടന്നു. അകാരണമായൊരു ഭയം അവളുടെ മനസ്സിൽ ഉരുണ്ടുകൂടി. അപ്പോഴാണ് മുരളി അങ്ങോട്ടേക്ക് വന്ന് മുറിയുടെ വാതിൽ പുറത്ത് നിന്ന് വലിച്ചടച്ചത്. അത് കണ്ടതും ആതിര ചാടിയെഴുന്നേറ്റ് വാതിലിന് നേർക്ക് പാഞ്ഞു. പക്ഷേ അതിനും മുൻപേ അയാൾ വാതിലടച്ച് പുറത്ത് നിന്ന് താഴിട്ട് പൂട്ടിയിരുന്നു. "വാതില് തുറക്കച്ഛാ... എന്നെ എന്തിനാ ഇതിനകത്തിട്ട് അടച്ചു പൂട്ടുന്നത്." കതകിൽ ശക്തിയായി മുട്ടികൊണ്ട് അവൾ വിളിച്ചു ചോദിച്ചു.

"നാലാം ഓണം കഴിഞ്ഞാൽ പിറ്റേ ദിവസം രജിസ്റ്റർ ഓഫീസിൽ വച്ച് നിന്റേം ശിവന്റെയും രജിസ്റ്റർ കല്യാണം നടക്കും. ഞാൻ എല്ലാം തീരുമാനിച്ചുറപ്പിച്ച് കഴിഞ്ഞു. ഇനി നിനക്ക് എന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ലെടി." ജനലോരം വന്ന് അത്രയും പറഞ്ഞ ശേഷം അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ മുരളി അവിടെ നിന്നും പോയി. ആതിര വാതിലിൽ തട്ടി ബഹളമുണ്ടാക്കി കൊണ്ടിരുന്നു. ഉച്ച മയക്കം കഴിഞ്ഞു എണീറ്റ് വന്ന ഭാരതി ആ കാഴ്ചകൾ കണ്ട് ഞെട്ടി നിൽക്കുകയാണ്. ആതിരയെ വിവരങ്ങൾ ധരിപ്പിച്ച് നാളെ രാത്രി തന്നെ കർണാടകയ്ക്ക് ട്രെയിൻ കയറ്റി വിടാൻ പദ്ധതി ഇട്ടിരിക്കുകയായിരുന്ന ഭാരതിക്ക് മുരളിയുടെ ആ നീക്കം അപ്രതീക്ഷിതമായൊരു തിരിച്ചടിയായിരുന്നു. "എന്താ മുരളിയേട്ടാ, എന്ത് പറ്റി? അവളെ എന്തിനാ ഇപ്പൊ മുറിയിലിട്ട് പൂട്ടിയത്. അതിന് മാത്രം എന്തുണ്ടായി?" വെപ്രാളത്തോടെ അവർ ചോദിച്ചു. "എന്റെ ഭാരതി, കാര്യങ്ങളെല്ലാം ഇപ്പൊ കൈവിട്ട് പോയേനെ. കുറച്ചു മുൻപ് ശിവനിവിടെ വന്നിരുന്നു.

ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ട് ഞാൻ ജനാലയിലൂടെ നോക്കുമ്പോ കാണുന്നത് ശിവൻ അവളോട് സംസാരിക്കുന്നതും ഒരു കവർ കൊടുക്കുന്നതുമാണ്. അവൾക്കുള്ള ചുരിദാറും പട്ട് സാരിയുമൊക്കെയാണ് അതിലുണ്ടായിരുന്നത്. ഞാനങ്ങ് പേടിച്ചു പോയി. അവനെന്തെങ്കിലും ചോദിച്ചിട്ട് ഇവൾ വല്ലോം പറഞ്ഞു കഴിഞ്ഞാൽ പിന്നെ തീർന്നില്ലേ കാര്യങ്ങൾ. അവന്റെ വിചാരം ഇവള് സമ്മതിച്ചിട്ടാ വിവാഹം നടത്തണേന്നാ. ഭാഗ്യത്തിന് അവൻ അധികമൊന്നും സംസാരിക്കാൻ നിൽക്കാതെ വേഗം പോയി. പോണേനു മുൻപ് അവനവളോട് കല്യാണത്തിന് അവൻ ഇപ്പൊ കൊണ്ട് കൊടുത്ത സാരിയിൽ ഉടുത്തൊരുങ്ങി ചെല്ലാൻ പറഞ്ഞിട്ട് ബൈക്ക് വളച്ചു പോവാൻ തുടങ്ങി. അത് കേട്ടപ്പോൾ ഇവൾക്ക് സംശയം തുടങ്ങി. അവന്റെ പിന്നാലെ ചെന്ന് എന്തോ ചോദിക്കാൻ തുടങ്ങുവായിരുന്നു അസത്ത്. അതിന് മുൻപ് ഞാൻ പുറത്തോട്ട് ചെന്ന് അവളെ പിടിച്ചു വീടിനുള്ളിലാക്കി വാതിലടച്ചു." "ശിവന്റെ പെരുമാറ്റം കണ്ടപ്പോൾ അവൾക്ക് സംശയം തോന്നിക്കാണും." ഭാരതി പറഞ്ഞു.

"ഹാ തോന്നി. കല്യാണം കഴിയുന്ന വരെ അവളിനി വീടിന് പുറത്ത് പോവാൻ പാടില്ല. രണ്ടുപേരും തമ്മിൽ കാണാനുള്ള സാഹചര്യവും അതുവരെ ഉണ്ടാവാൻ പാടില്ല." മുരളിയുടെ വാക്കുകൾ അവരിൽ നിരാശ നിറച്ചു. ഇഷ്ടമില്ലാത്ത കല്യാണത്തിന് മകളെ ഉന്തിത്തള്ളി വിടാൻ അവർക്കപ്പോൾ മനസ്സ് വരുന്നുണ്ടായിരുന്നില്ല. ഈ തെറ്റിന് കൂട്ട് നിൽക്കാൻ പാടില്ലായിരുന്നുവെന്ന് കുറ്റബോധത്തോടെ അവരോർത്തു. "ശിവൻ വീണ്ടും വരില്ലെന്ന് എന്താ ഉറപ്പ് മുരളിയേട്ടാ." "ശിവൻ വരുന്നെങ്കിൽ നാളെയും കൂടിയേ വരു. മറ്റന്നാൾ കല്യാണത്തിന്റെ തിരക്കുകൾ കാരണം അവന് ഇങ്ങോട്ടിറങ്ങാൻ നേരം കിട്ടിയെന്ന് വരില്ല. നാളെ വന്നാൽ ഞാനവനെ എന്തെങ്കിലും കള്ളം പറഞ്ഞു മടക്കി അയച്ചോളാം. എന്തൊക്കെ സംഭവിച്ചാലും അവളെ ഞാൻ ശിവനെ കൊണ്ട് കെട്ടിച്ചിരിക്കും." മുരളി ആത്മവിശ്വാസത്തോടെ പറഞ്ഞു.

"നിങ്ങളവളെ മുറിയിലിട്ട് പൂട്ടിയാൽ ഞാനെങ്ങനെ അവൾക്ക് ഭക്ഷണം കൊണ്ട് കൊടുക്കും." "ജനലിൽ കൂടി കൊടുത്താ മതി. ഇനി അവൾ തിന്നില്ലെങ്കി വേണ്ട. രണ്ട് ദിവസം പട്ടിണി കിടന്നെന്ന് വച്ചു ചത്ത്‌ പോകത്തൊന്നുമില്ല. ഞാനൊന്ന് വേലായുധൻ ചേട്ടനെ ഫോൺ ചെയ്തിട്ട് വരാം." ധൃതിയിൽ മുരളി പുറത്തേക്കിറങ്ങി. ഫോണിൽ വേലായുധന്റെ നമ്പറിലേക്ക് വിളിച്ചു കൊണ്ട് മുരളി മുറ്റത്തേക്കിറങ്ങി പോയതും ഭാരതി ആതിരയുടെ അടുത്തേക്ക് ചെന്നു. "എന്തൊക്കെയാ അമ്മേ ഇവിടെ നടക്കുന്നത്. ശിവേട്ടനെ കൊണ്ട് എന്നെ കെട്ടിക്കാൻ അച്ഛൻ കച്ച കെട്ടി ഇറങ്ങിയേക്കുവാണോ. അമ്മയും അച്ഛനൊപ്പം കൂട്ട് നിന്ന് എന്നെ ചതിക്കയാണോ." ആതിരയുടെ ചോദ്യങ്ങൾ അവരെ തളർത്തി. "ഇല്ല മോളെ... അച്ഛന്റെ ചെയ്തികൾക്ക് കൂട്ട് നിൽക്കാൻ അമ്മയ്ക്കാവില്ല. മോളെ ഇവിടുന്ന് അമ്മ മുൻകൈ എടുത്ത് രക്ഷപ്പെടുത്തും.

അല്ലെങ്കിൽ ശിവനെ കണ്ട് നിന്റെ ഇഷ്ടമില്ലാതെയാ കല്യാണം നടത്തുന്നെന്ന് പറയും ഞാൻ." ജനൽ കമ്പിയിൽ തെരുപ്പിടിച്ചിരുന്ന അവളുടെ കൈകളിൽ ചേർത്തുപിടിച്ച് അവരവളെ സമാധാനിപ്പിച്ചു. "അമ്മ ഈ വാതിൽ തുറന്ന് താ. ശിവേട്ടൻ അധിക ദൂരം പോയിട്ടുണ്ടാവില്ല. പിന്നാലെ ഓടിച്ചെന്നിട്ടായാലും ഞാൻ വിവരം പറയാം." "താക്കോൽ അച്ഛന്റെ കയ്യിലാ മോളെ. രാത്രി ഉറങ്ങിയ ശേഷം എടുക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കാം. നീ പേടിക്കാതിരിക്ക്." ഫോൺ സംഭാഷണം കഴിഞ്ഞു അകത്തേക്ക് വന്ന മുരളിയുടെ മുഖത്ത് ആശങ്ക നിഴലിച്ചിരുന്നു. അയാൾ വരുന്നത് കണ്ടപ്പോൾ ഭാരതി പെട്ടന്ന് അവിടെ നിന്നും മാറി. മുരളി ആതിരയുടെ മുറിയുടെ അടുത്തേക്കാണ് വന്നത്. "എന്റെ സമ്മതമില്ലാതെ ആരുമെന്നെ കെട്ടുമെന്ന് അച്ഛൻ വ്യാമോഹിക്കേണ്ട. പ്രത്യേകിച്ച് ശിവൻ. അയാളെന്നോട് പറഞ്ഞിട്ടുണ്ട് എന്റെ സമ്മതമില്ലാതെ എന്നെ കല്യാണം കഴിക്കില്ലെന്ന്. അതുകൊണ്ട് അച്ഛനെന്നെ ഇതിനകത്ത് പൂട്ടിയിട്ടിട്ട് കാര്യമില്ല. രജിസ്റ്റർ ഓഫീസിൽ ഒപ്പിടാൻ കൊണ്ട് പോവുമ്പോൾ ശിവേട്ടനെ ഞാൻ കാണുമല്ലോ.

അപ്പൊ ഞാൻ വിളിച്ചു പറയും എന്റെ സമ്മതമില്ലാതെയാണ് ഈ കല്യാണം നടത്താൻ പോവുന്നതെന്ന്." മുരളിയെ കണ്ടതും ആതിര വിളിച്ചു പറഞ്ഞു. അവളെ ഒന്ന് നോക്കിയ ശേഷം താക്കോൽ എടുത്ത് അയാൾ വാതിൽ തുറന്നു. ശേഷം അകത്ത് കയറി കസേര വലിച്ചിട്ട് അവൾക്ക് എതിർവശത്തായി അയാൾ ഇരുന്നു. മുരളിയുടെ മനസ്സിലെന്താണെന്ന് അറിയാതെ ജനലിൽ ചാരി അയാളെ ഉറ്റുനോക്കി അവൾ നിന്നു. ഇനി എന്തായിരിക്കും അവിടെ നടക്കാൻ പോകുന്നതെന്നുള്ള ആകാംക്ഷയിൽ ഭാരതിയും അവിടേക്ക് വന്നു. ഒപ്പം ഉറക്കമുണർന്ന് വന്ന ആരതിയും അഞ്ജുവും, അച്ഛനും അമ്മയും പതിവില്ലാതെ ചേച്ചിയുടെ മുറിയിലിരിക്കുന്നത് കണ്ട് വാതിലിന് അടുത്ത് വന്ന് നിന്നു. "എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്." സൗമ്യമായ സ്വരത്തിൽ മുരളി പറഞ്ഞു. അയാളുടെ ആ ഭാവമാറ്റം എല്ലാവരെയുമൊന്ന് അമ്പരപ്പിച്ചു.

ആതിര കണ്ണെടുക്കാതെ അച്ഛനെ നോക്കി. "നിനക്കെന്താ ശിവനെ കല്യാണം കഴിക്കാൻ ഇഷ്ടമില്ലാത്തത്. അവനിപ്പോ പഴയ ശിവനല്ലെന്നും ഒത്തിരി മാറിയെന്നും നിനക്കറിയില്ലേ?" "ശിവേട്ടനെ ഒരു ഭർത്താവായി സങ്കൽപ്പിക്കാൻ എനിക്ക് പറ്റില്ല അച്ഛാ. പഠിച്ച് ഒരു ജോലി വാങ്ങണം എനിക്ക്." ഒന്ന് ആലോചിച്ച ശേഷം അവൾ മറുപടി പറഞ്ഞു. "കല്യാണം കഴിഞ്ഞും പഠിക്കാൻ വിടാൻ ശിവന് ഇഷ്ടമാണ്. പിന്നെ എന്താ നിനക്ക് പ്രശ്നം.? കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിയുമ്പോ നീയവനെ ഇഷ്ടപ്പെട്ടോളും." "എന്നേക്കാൾ എത്രയോ വയസ്സിന് മൂത്തതാണ് ശിവേട്ടൻ. ചെറുപ്പത്തിൽ മരിച്ചുപോയ അമ്മയുടെ അനിയന്റെ അതേ പ്രായമായിരിക്കില്ലേ ശിവേട്ടനും. എന്റെ മാമൻ ആവാനുള്ള പ്രായമുണ്ട്. അമ്മയ്ക്ക് വയസ്സ് മുപ്പത്തി എട്ടല്ലേ. ശിവേട്ടന് മുപ്പത്തി രണ്ട് കഴിഞ്ഞു മുപ്പത്തി മൂന്ന് ആകുന്നു. നിങ്ങൾ തമ്മിലെ വയസ്സ് വ്യത്യാസം നോക്കിക്കേ എത്രയാന്ന്. അമ്മയുടെ അനിയന്റെ പ്രായം വരുന്ന ഒരാളെ തന്നെ എന്നെകൊണ്ട് കെട്ടിക്കണോ.? ഞാൻ സമ്മതിക്കില്ല." മുരളിയെയും ഭാരതിയെയും നോക്കിയാണ് അവളത് പറഞ്ഞത്.

ഒരുവേള ഭാരതി തന്റെ മരിച്ചു പോയ അനിയനെ കുറിച്ചോർത്തു പോയി. ഭാരതിയെ പ്രസവിച്ചു എട്ട് വർഷം കഴിഞ്ഞു ഭാർഗവി അമ്മ ഒരാൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു. പക്ഷേ അഞ്ചാം വയസ്സിൽ മഞ്ഞുനോവ് വന്ന് അവൻ മരിച്ചുപോയി. അവനിന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ആതിര പറഞ്ഞത് പോലെ ശിവന്റെ പ്രായമേ കാണുള്ളൂ എന്ന് ഭാരതി ചിന്തിച്ചു. മുരളി എന്താവും അവളോട് മറുപടി പറയുക എന്ന ആകാംക്ഷയായിരുന്നു ഭാരതിയിൽ. "നീ പറഞ്ഞത് ശരിയാണ്. പക്ഷേ ഇന്നിപ്പോ നിന്റെ മാമനാവേണ്ടൻ ജീവനോടെ ഇല്ലല്ലോ. ചെറുപ്പത്തിൽ മരിച്ചുപോയവരുടെ കാര്യമൊക്കെ ഇപ്പൊ ചിന്തിക്കുന്നതെന്തിനാ. നീയി കല്യാണത്തിന് സമ്മതം മൂളിയാൽ ഈ കുടുംബം രക്ഷപ്പെടും." മുരളി അവളുടെ ഓരോ ഭാവമാറ്റവും ശ്രദ്ധിച്ചു കൊണ്ടിരുന്നു. "ചേച്ചി സമ്മതിക്ക് ചേച്ചി. ചേച്ചിയുടെ കയ്യിലാണ് ഞങ്ങളുടെ ഭാവി. ഞങ്ങൾക്ക് ഞങ്ങളാഗ്രഹിക്കുന്ന വിദ്യാഭ്യാസം നൽകാനുള്ള വരുമാനമൊന്നും അച്ഛന് ആ പലചരക്കു കടയിൽ നിന്ന് കിട്ടില്ലെന്ന്‌ ചേച്ചിക്കറിയാലോ.

ഇങ്ങനെയെങ്കിലും ചേച്ചിയെ കൊണ്ട് ഞങ്ങൾക്കൊരുപകാരം ഉണ്ടായിക്കോട്ടെ. വയസ്സാം കാലത്ത് അമ്മാമ്മയെ കഷ്ടപ്പെടുത്തി തന്നെ ചേച്ചിക്ക് പഠിക്കണോ. ഈ കല്യാണം നടന്നാൽ ശിവേട്ടൻ ചേച്ചിയെ പഠിപ്പിക്കും. ചേച്ചിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എപ്പഴേ സമ്മതിച്ചേനെ. പതിനഞ്ചു വയസ്സൊക്കെ ഒരു പ്രായ വ്യത്യാസം ആണോ?" ആരതിയുടെ ചോദ്യങ്ങൾ കേട്ട് അവളൊന്ന് ഞെട്ടി. അത്‌ കണ്ട് മുരളി ഗൂഢമായി ചിരിച്ചു. താൻ പ്രതീക്ഷിച്ചതിലും ഏറെ നന്നായി അവൾ അഭിനയിക്കുന്നതിൽ അയാൾ അഭിമാനം കൊണ്ടു. അഞ്ജു പക്ഷേ നിശബ്ദത പാലിച്ചു. ആതിരയുടെ ചോദ്യങ്ങൾ ന്യായമാണെന്ന് അവൾക്ക് തോന്നി. എങ്കിലും ചേച്ചിയോട് അവൾക്ക് പ്രത്യേകിച്ച് സ്നേഹമൊന്നും തോന്നിയില്ല. ഇതൊന്നും തന്നെ ബാധിക്കുന്നതല്ലല്ലോന്ന് ചിന്തിച്ചു അഞ്ജു അമ്മയുടെ അരികിൽ പോയി ഇരുന്നു. ആതിര ഒന്നും മിണ്ടാതെ നിൽക്കുകയാണ്. മറ്റുള്ളവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് തന്നെ ബലിയാടാക്കാൻ ശ്രമിക്കുകയാണ് എല്ലാവരും. "നിന്റെ തലവെട്ടം കണ്ട അന്ന് തുടങ്ങിയതാ എന്റെ കഷ്ടകാലം.

അതിൽ നിന്ന് കുറച്ചെങ്കിലും മുക്തി നേടിയത് ആരതി മോൾടെ ജനന ശേഷമാണ്. നിന്നെക്കൊണ്ട് ഇന്നേവരെ ഈ കുടുംബത്തിൽ നല്ലതൊന്നും ഉണ്ടായിട്ടില്ല. ഈ കല്യാണം നടന്നാൽ നീയുൾപ്പെടെ എല്ലാവരും രക്ഷപ്പെടും. നിന്റെ അനിയത്തിമാരുടെ ഭാവി സുരക്ഷിതമാകും. അങ്ങനെ സംഭവിച്ചാൽ അവർ നിന്നെ സ്നേഹിച്ചു തുടങ്ങും. ഇങ്ങനെയൊരു നല്ല കാര്യം നീ എനിക്ക് വേണ്ടി ചെയ്താൽ എന്റെ മനസ്സിൽ നിന്നോടുള്ള വെറുപ്പും മാറി തുടങ്ങും. ഈ കുടുംബത്തിൽ ഉള്ളവരോട് ഒരിറ്റ് സ്നേഹമുണ്ടെങ്കിൽ ഞങ്ങൾക്ക് വേണ്ടി നിനക്ക് ചെയ്യാൻ പറ്റുന്നത് ഇത് മാത്രമാണ്. അങ്ങനെയെങ്കിലും എന്റെ മനസ്സിൽ നിന്നോടുള്ള വെറുപ്പ് ഇല്ലാതാവട്ടെ. എന്റെയും നിന്റെ അമ്മയുടെയും അനിയത്തിമാരുടെയും സ്നേഹവും പരിഗണനയും നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നീയിതിന് സമ്മതിക്കും." കുറുക്കനെ പോലെ അയാളവളെ വീക്ഷിച്ചു. മുരളിയുടെ വാക്കുകൾ അവളെ ചുട്ടുപൊള്ളിച്ചു. വിഷാദം നിറഞ്ഞൊരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു. തോറ്റുപോയവളുടെ പുഞ്ചിരിയായിരുന്നു അത്..... തുടരും സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story