മറുതീരം തേടി: ഭാഗം 11

marutheeram thedi shiva

രചന: ശിവ എസ് നായർ

 മുരളിയുടെ വാക്കുകൾ അവളെ ചുട്ടുപൊള്ളിച്ചു. വിഷാദം നിറഞ്ഞൊരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു. തോറ്റുപോയവളുടെ പുഞ്ചിരിയായിരുന്നു അത്. "വിവാഹത്തിന് ഞാൻ സമ്മതിച്ചാൽ ഇവിടെല്ലാവർക്കും എന്നോടുള്ള സമീപനം മാറുമോ? ഇത്രയും നാൾ എന്നെ വെറുപ്പോടെ  കണ്ടിരുന്ന അച്ഛന് ഞാൻ സമ്മതം മൂളിയാൽ സ്നേഹിക്കാൻ കഴിയുമോ?" അവൾ അച്ഛനോട് ചോദിച്ചു. "നീ കാരണം ഈ കുടുംബം രക്ഷപെട്ടാൽ എനിക്ക് നിന്നോടുള്ള വെറുപ്പും ദേഷ്യവുമൊക്കെ പതിയെ പതിയെ മാറും. സമ്മതമല്ലേ നിനക്ക്." അനുനയ സ്വരത്തിൽ മുരളി ചോദിച്ചു. "സമ്മതമല്ല... അങ്ങനെ കിട്ടുന്ന നിങ്ങളുടെ പിച്ച സ്നേഹം എനിക്ക് വേണ്ട. ഇത്രയും വർഷങ്ങൾ എന്നെ സ്നേഹിക്കാത്ത വ്യക്തികൾ ഇനിയെന്നെ സ്നേഹിക്കണ്ട. എന്നെ വിറ്റ് കാശുണ്ടാക്കുന്നതിന് തുല്യമാണ് ഈ വിവാഹം. ഇതുവരെ നിങ്ങളെല്ലാവരും എന്നെങ്കിലും എന്നെ സ്നേഹിക്കുമെന്നൊരു പ്രതീക്ഷ ഉള്ളിലുണ്ടായിരുന്നു. ആ പ്രതീക്ഷ തെറ്റി. ഇവരെപ്പോലെ ഞാനും അച്ഛന്റെ മോളാണ്. എന്റെ ജീവിതം എങ്ങനെ ആയാലും വേണ്ടില്ല ബാക്കി രണ്ട് മക്കൾ നല്ല രീതിയിൽ ജീവിച്ച മതി അച്ഛന്.

ഇത്രയും സ്വാർത്ഥരായ അച്ഛനെയും സഹോദരങ്ങളെയും എനിക്കും വേണ്ട. നിങ്ങളുടെ സ്നേഹവും സഹതാപവും ഒന്നും വേണ്ട എനിക്ക്. എനിക്കെന്റെ അമ്മാമ്മയുണ്ട്, ഇപ്പൊ എന്നെ മനസിലാക്കിയ എന്റെ അമ്മയുണ്ട്. അതുമതി എനിക്ക്. " ആതിരയുടെ തീരുമാനം കടുത്തതായിരുന്നു. അവളുടെ തീരുമാനം അയാളെ ചൊടിപ്പിച്ചു. മനസ്സിൽ കെട്ടിപ്പടുത്ത സ്വപ്‌നങ്ങൾ ഓരോന്നും ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴുന്നത് അയാളറിഞ്ഞു. മുരളിയുടെ കണക്ക് കൂട്ടലുകൾ അവിടെ പിഴച്ചു. താൻ അടവൊന്ന് മാറ്റി പിടിച്ചാൽ ആതിര കല്യാണത്തിന് സമ്മതിക്കുമെന്ന ധാരണയിലാണ് മുരളി, വേലായുധന്റെ വാക്ക് കേട്ട് അവളോടൊരു മൃദു സമീപനത്തിന് മുതിർന്നത്. കാരണം രജിസ്റ്റർ ഓഫീസിൽ വച്ച് ആതിര ശിവനോട് സത്യങ്ങൾ വെളിപ്പെടുത്തിയാൽ കല്യാണം മുടങ്ങും. അതുകൊണ്ട് അവളെക്കൊണ്ട് ഏത് വിധേനയും സമ്മതിപ്പിക്കുകയേ അയാൾക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. പക്ഷേ അയാളുടെ പ്രതീക്ഷകളെ തകിടം മറച്ചുകൊണ്ട് ആതിര തന്റെ നിലപാട് വ്യക്തമാക്കി.

"നീ ഈ കിടന്ന് നെഗളിക്കുന്നത് എന്റെ കാശിന് വെട്ടി വിഴുങ്ങിയിട്ടാണെന്ന് ഓർത്താൽ നല്ലത്. അല്ലെങ്കിലും നിന്നെ കൊണ്ട് എനിക്കും ഈ കുടുംബത്തിനും ഒരു ഗുണവും ഇല്ല. നീ നശിച്ചു പോകത്തേയുള്ളു എരണം കെട്ടവളെ." മുരളിയുടെ ശാപ വാക്കുകൾ കേട്ട് അവളൊന്ന് ചിരിച്ചു. "അച്ഛന്റെ തീരുമാനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ഞാൻ അച്ഛന്റെ അടിമയൊന്നുമല്ല. എന്നെ കണ്മുന്നിൽ കാണുന്നത് തന്നെ വെറുപ്പല്ലേ. എന്നിട്ട് എന്നെ വച്ച് കാശുണ്ടാക്കാൻ അച്ഛന് നാണമില്ലേ. അത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇവളെ പിടിച്ചു ആർക്കെങ്കിലും കെട്ടിച്ചു കൊടുക്ക്." ആരതിയെ വിരൽ ചൂണ്ടി അവൾ പറഞ്ഞു. "പ്ഫാ നായിന്റെ മോളെ എന്ത് പറഞ്ഞെടി നീ. എന്റെ മുഖത്ത് നോക്കി സംസാരിക്കാൻ മാത്രം വളർന്നോ നീ." അയാൾ പാഞ്ഞു ചെന്ന് ആതിരയുടെ കഴുത്തിനു കുത്തിപ്പിടിച്ചു. "തൊട്ട് പോകരുതെന്നെ. എന്നെ തല്ലാനും വഴക്ക് പറയാനും അച്ഛനെന്ത് യോഗ്യതയുണ്ട്. മൂന്ന് നേരവും ഞാനിവിടെ ഉണ്ടുറങ്ങി കഴിയുന്നുണ്ടെങ്കിൽ അത് എല്ല് മുറിയെ പണിയെടുത്തിട്ട് തന്നെയാ.

അല്ലാതെ അച്ഛന്റെ രണ്ട് മക്കളെ പോലെ മേലനങ്ങാതെ മൂന്ന് നേരവും ആഹാരം കഴിച്ച് മുറിയിൽ കതകടച്ച് ഇരിപ്പല്ല. ഇവിടെ ഞാൻ ചെയ്യുന്ന ജോലിയുടെ കൂലിയായിട്ടാണ് ഭക്ഷണം കഴിക്കുന്നതെന്ന് കൂട്ടിക്കോ. എന്നെ വെറുക്കുന്ന അച്ഛന് എന്നെ ശിക്ഷിക്കാനും അർഹതയില്ല. അതുകൊണ്ട് ഇനിയെന്നെ തല്ലിയാൽ ചിലപ്പോ ഞാനെന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല. ഇത്രയും നാൾ ഞാനെല്ലാം സഹിച്ചത് എന്നെങ്കിലും അച്ഛന്റെ സ്വഭാവം മാറുമെന്ന പ്രതീക്ഷയിലായിരുന്നു. ഇനിയെനിക്ക് ഇങ്ങനെയൊരു അച്ഛനുമില്ല അനിയത്തിമാരുമില്ല." എവിടുന്നോ കൈവന്ന ധൈര്യത്തിൽ അയാളുടെ കൈകളെ ആതിര തട്ടിയെറിഞ്ഞു. അവളുടെ രൂക്ഷമായ നോട്ടത്തിന് മുന്നിൽ ഒരു നിമിഷം മുരളിയൊന്ന് പകച്ച് നിന്നു. ആതിരയുടെ ഇങ്ങനെയൊരു മുഖം ആദ്യമായി കാണുന്നതിന്റെ പകപ്പിൽ എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു. "നീയൊരിക്കലും ഗുണം പിടിക്കില്ലടി നശിച്ചവളെ. നിന്നോട് സംസാരിക്കാൻ വന്ന എന്നെ പറഞ്ഞാ മതിയല്ലോ. എരണം കെട്ട മൂദേവി." വായിൽ വന്ന പച്ചതെറികൾ അയാൾ വിളിച്ചു പറഞ്ഞു.

"അച്ഛന്റെ അഭിനയം കണ്ടപ്പോൾ തന്നെ കാര്യ സാധ്യത്തിനാണെന്ന് എനിക്ക് മനസിലായതാ. തോറ്റുപോയത് ഞാനാ. അച്ഛന്റെയും അനിയത്തിമാരുടെയും ആട്ടും തുപ്പും സഹിച്ച് ഇത്രയും നാൾ നിങ്ങളെയൊക്കെ അന്ധമായി സ്നേഹിച്ച് എല്ലാം മാറുമെന്ന് കരുതി ആശ്വസിച്ചിരുന്ന ഞാൻ വെറും വിഡ്ഢിയാണ്. എന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ തയ്യാറല്ല." "വേണ്ടടി... വേണ്ട. ആ വയസ്സി തള്ളയുടെ വാക്കും കേട്ടല്ലേ നീയീ കിടന്ന് തുള്ളുന്നത്. നീ ചെവിയിൽ നുള്ളിക്കോ. എന്റെ വാക്ക് ധിക്കരിച്ച നീയിനി കഷ്ടപ്പെടാൻ പോകുന്നേയുള്ളു. അന്ന് നിനക്ക് തോന്നും എന്നെ അനുസരിച്ചാൽ മതിയായിരുന്നുവെന്ന്." "ചത്താലും ഞാനങ്ങനെ ചിന്തിക്കില്ല." വീറോടെ അവൾ പറഞ്ഞു. "അസ്സലായി ആതിര. ഇപ്പോഴാ താനൊന്ന് തന്റേടി ആയത്." ഒട്ടും പ്രതീക്ഷിക്കാതെ ശിവന്റെ ശബ്ദം കേട്ട് എല്ലാവരും പിന്തിരിഞ്ഞു നോക്കി. വാതിൽക്കൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ശിവനെ കണ്ട് ആതിര ഒഴികെയുള്ളവരുടെ മുഖത്ത് ഞെട്ടലുണ്ടായി.

ശിവൻ എപ്പോഴാണ് അവിടേക്ക് വന്നതെന്ന് കാര്യം വാഗ്വാദങ്ങൾക്കിടയിൽ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല. "ഞാൻ വന്നിട്ട് കുറച്ചു സമയമായി. ഇവിടെ നടന്നതെല്ലാം ഞാൻ കേൾക്കുകയും ചെയ്തു. എനിക്ക് സംസാരിക്കാനുള്ളത് നിങ്ങളോടാണ്." മുരളിക്ക് നേരെ ചുവടുകൾ വച്ചുകൊണ്ട് ശിവൻ പറഞ്ഞു. "എ... എന്താ... ശിവാ." പരിഭ്രമത്തോടെ മുരളി ചോദിച്ചു. "തന്റെ സ്വന്തം മോളല്ലെടോ ഇവൾ. എന്നിട്ട് അവളുടെ സമ്മതം പോലുമില്ലാതെ ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും ഇവളെ എന്റെ തലയിൽ കെട്ടി വയ്ക്കാൻ തനിക്ക് നാണമില്ലേ. ആതിര വിവാഹത്തിന് സമ്മതിച്ചെന്നും അതിനായി ഇവൾ നാട്ടിലേക്ക് വന്നിട്ടുണ്ടെന്നും നിങ്ങൾ എന്റെ അച്ഛനോട് വന്ന് പറഞ്ഞുവെന്ന് എന്റെ അച്ഛൻ പറഞ്ഞറിഞ്ഞ ആ നിമിഷം തന്നെ ഇത് സത്യമായിരിക്കില്ല എന്നെനിക്ക് ബോധ്യമായിരുന്നു ഒരേയൊരു മകനായ എന്റെ കല്യാണം എടുപിടീന്ന്  രജിസ്റ്റർ ഓഫീസിൽ വച്ച് നടത്താൻ തീരുമാനിച്ചെന്ന് കേട്ടപ്പോഴേ ഇത് നിങ്ങളും എന്റെ അച്ഛനും തമ്മിലുള്ള ഒത്തു  കളിയായിരിക്കുമെന്ന് ഞാനൂഹിച്ചു. ഇവളെ ഭീഷണിപ്പെടുത്തിയെങ്ങാനുമാണോ സമ്മതിപ്പിച്ചതെന്ന് അറിയാൻ വേണ്ടിയാണ് കുറച്ചു മുൻപ് ഞാൻ വന്നത്. അവളൊരിക്കലും പൂർണ്ണ മനസ്സോടെ ഈ കാര്യത്തിന് സമ്മതം മൂളിലെന്ന് എനിക്കുറപ്പുണ്ടായിരുന്നു."

ശിവന്റെ വാക്കുകൾ കേട്ട് വിളറി വെളുത്ത് നിൽക്കുകയാണ് മുരളി.  "ആതിരയുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ അവളൊന്നും അറിഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. ഞാനിവളോട് സംസാരിക്കുമ്പോ ജനലിൽ കൂടി ഒളിഞ്ഞു നോക്കുന്ന നിങ്ങളെ ഞാൻ കണ്ടിരുന്നു. അന്നേരം ഒരു അത്യാവശ്യ കാര്യത്തിന് പോണ വഴിയായിരുന്നു ഞാനിങ്ങോട്ട് കയറിയത്. അതുകൊണ്ട് തിരിച്ചുവരുമ്പോൾ ഈ വഴി വന്ന് ഇവളെ കണ്ട് സത്യാവസ്ഥ ചോദിച്ചറിയാമെന്ന് കരുതി. നിങ്ങൾ ഭീഷണിപ്പെടുത്തി അവളെക്കൊണ്ട് സമ്മതിപ്പിച്ചിരുന്നെങ്കിൽ പോലും ഈ ശിവൻ ഇവളെ കെട്ടത്തില്ലായിരുന്നു. അവളെനിക്കിപ്പോ എന്റെ പെങ്ങളെ പോലെയാണ്. പിന്നെ ഇപ്പൊ ഞാനിങ്ങോട്ട് കയറി വന്നത് നിങ്ങൾക്കിട്ട് രണ്ട് പൊട്ടിക്കാനാ. അച്ഛന്റെ പ്രായമുള്ള ആളെ തല്ലി ശീലമില്ല. എങ്കിലും നിങ്ങൾക്കിത് അത്യാവശ്യമാണ്. നിങ്ങളൊരു നല്ല തന്തയാണോടോ..." അപ്രതീക്ഷിതമായി മുരളിയുടെ കവിളിലൊന്ന് പൊട്ടിച്ചു കൊണ്ട് ശിവൻ ചോദിച്ചു. പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ അയാൾ നിലത്തേക്ക് വീണുപോയി.

ഭാരതി ഓടിച്ചെന്ന് അയാളെ താങ്ങിപ്പിടിച്ചു. അടികൊണ്ട കവിൾ പൊത്തിപ്പിടിച്ച് മുരളി വേച്ചുവേച്ച് എഴുന്നേറ്റു. ആരതിയും അഞ്ജുവും ഭയത്തോടെ മുറിയുടെ മൂലയിലേക്ക് പതുങ്ങി നിന്നു. ആതിരയ്ക്ക് പക്ഷേ എല്ലാം കലങ്ങി തെളിഞ്ഞതിന്റെ സമാധാനമായിരുന്നു. "ഇപ്പഴെങ്കിലും തനിക്ക് ആരെയും പേടിക്കാതെ വായ തുറന്ന് സ്വന്തം തീരുമാനം പറയാനുള്ള ധൈര്യമുണ്ടായല്ലോ. ഇനിയെപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കണം. തന്റെ അച്ഛനെക്കൊണ്ട് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാൽ എന്നോട്‌ വന്ന് പറയാൻ മടിക്കണ്ട." മീശതുമ്പ് പിരിച്ചു കൊണ്ട് ശിവൻ ആതിരയോട് പറഞ്ഞു. അവൾ എല്ലാം തലകുലുക്കി സമ്മതിച്ചു. "പിന്നെ ആ ചുരിദാർ ഒക്കെ തനിക്ക് എന്റെ വക ഓണക്കോടിയായിട്ട് വാങ്ങി തന്നതാണ്. അതിലുള്ള പട്ട് സാരി തന്നെ പെണ്ണ് കണ്ട് ഇഷ്ടപ്പെട്ട് ഇവിടുന്ന് പോകുമ്പോൾ വാങ്ങി വച്ചതാണ്. അന്ന് എന്റെയുള്ളിൽ, താൻ എപ്പഴെങ്കിലും എന്നെ വിവാഹം കഴിക്കാൻ സമ്മതിക്കുമെന്ന പ്രതീക്ഷയിൽ വാങ്ങിയതാ.

ആതിര ഇവിടെ നിന്ന് പഠിക്കാനായി കർണാടകയ്ക്ക് ട്രെയിൻ കയറിയ സമയത്ത് എനിക്ക് മനസ്സിലായി തന്റെ തീരുമാനം ഉറച്ചതാണെന്നും അത്ര പെട്ടെന്നൊന്നും മാറുന്നതല്ലെന്നും. തനിക്കൊരു ലക്ഷ്യമുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് ഇനി എന്നെകൊണ്ട് ഒരു ശല്യം തനിക്കുണ്ടാവാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് ആ സാരി അത് തനിക്കുള്ള എന്റെ വിവാഹ സമ്മാനമായി കൈയ്യിൽ വച്ചോളു. എനിക്കൊരു ചേച്ചി ഉണ്ടായിരുന്നെങ്കിലും ഇപ്പൊ തന്റെ പ്രായമുള്ള ഒരു മോൾ ഉണ്ടാവുമായിരുന്നു. അന്ന് അച്ഛൻ പെണ്ണുകാണൽ ചടങ്ങിന് എന്നെ ഇവിടേക്ക് കൊണ്ടുവരുമ്പോൾ ഇത്രയ്ക്കൊന്നും ചിന്തിച്ചിരുന്നില്ല ഞാൻ. എങ്ങനെയെങ്കിലും ഒരു പെണ്ണ് ശരിയാവണം കെട്ടണം എന്നൊക്കെയായിരുന്നു മനസ്സിൽ. എന്റെ കുറെ തെറ്റായ ധാരണകൾ ആതിര കാരണം മാറ്റിയെടുക്കാനും എനിക്ക് സാധിച്ചു. നന്നായി പഠിച്ച് ഒരു ജോലിയൊക്കെ വാങ്ങി മനസ്സിന് ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിച്ച് സുഖമായി ജീവിക്ക്." ശിവന്റെ വാക്കുകൾ അവളിൽ പുതു ഊർജം നിറച്ചു.

നിറഞ്ഞ മനസ്സോടെ അവനായി ഒരു പുഞ്ചിരി അവൾ മറുപടിയായി നൽകി. "ഇനി നിങ്ങളെക്കൊണ്ട് ഇവൾക്ക് ശല്യമുണ്ടായെന്ന് ഞാനറിഞ്ഞാൽ രണ്ട് കാലും അടിച്ചൊടിച്ചു തളർത്തി കിടത്തും ഞാൻ. അറിയാലോ തനിക്കീ ശിവനെ. എന്റെ അച്ഛനുമായി ഗൂഡാലോചന നടത്തി ഇതുപോലെ വൃത്തികേട് കാണിക്കാൻ ഇറങ്ങിയേക്കരുത് ഇനി. എന്റെ അച്ഛനുള്ളത് വീട്ടിൽ ചെന്നിട്ട് ഞാൻ കൊടുക്കുന്നുണ്ട്. തന്നെയിനി പൂമഠത്തിന്റെ പരിസരത്ത് പോലും കണ്ടേക്കരുത്." പോകുന്നതിന് മുൻപ് മുരളിയുടെ ഷർട്ടിന് കുത്തിപ്പിടിച്ചു താക്കീത് ചെയ്തുകൊണ്ട് ശിവൻ മുരണ്ടു. "ഇല്ല... ഇനിയെന്റെ ഭാഗത്തു നിന്ന് അങ്ങനെയൊന്നും ഉണ്ടാവില്ല ശിവ." പേടിയോടെ മുരളി പറഞ്ഞു. "അങ്ങനെ ആയാൽ തനിക്ക് കൊള്ളാം." അയാളെ കടുപ്പിച്ചൊന്ന് നോക്കിയ ശേഷം  മുണ്ട് മടക്കി കുത്തി ശിവൻ പുറത്തേക്ക് ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയി. എല്ലാവർക്കും മുന്നിൽ നാണംകെട്ട് മുഖം കുനിച്ച് മുരളി തന്റെ മുറിയിലേക്ക് പോയി. അയാൾക്കാരെയും അഭിമുഖീകരിക്കാനായില്ല.

ഒരു ദീർഘ നിശ്വാസത്തോടെ ആതിര അമ്മയെ കെട്ടിപിടിച്ചു അവരുടെ മാറോട് ചേർന്ന് നിന്നു. അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഭാരതി അവളുടെ ശിരസ്സിൽ തലോടി കൊണ്ടിരുന്നു. തനിക്ക് എവിടുന്നാണ് അച്ഛന്റെ മുഖത്ത് നോക്കി സംസാരിക്കാൻ ധൈര്യം കിട്ടിയതെന്ന് ആലോചിച്ചു ആതിര അമ്പരന്നു. പ്രശ്നങ്ങളെല്ലാം അവസാനിച്ചതിനാൽ അവൾക്ക് മനസ്സിനൊരു കുളിർമ അനുഭവപ്പെട്ടു. തനിക്ക് വേണ്ടി പ്രതികരിക്കാൻ താൻ മാത്രമേയുള്ളു എന്ന തിരിച്ചറിവിൽ ആരും ധൈര്യശാലി ആയിപ്പോകും. അത് തന്നെയാണ് ആതിരയുടെ കാര്യത്തിലും സംഭവിച്ചത്. ഇനിയൊരിക്കലും അച്ഛനെയും അനിയത്തിമാരെയും സ്നേഹിക്കില്ലെന്ന് അവൾ മനസ്സിൽ തീരുമാനിച്ചിരുന്നു. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതിനാൽ പിറ്റേ ദിവസം രാവിലെതന്നെ ആതിര കർണാടകയിലേക്ക് തിരിച്ചുപോയി. ട്രെയിൻ കയറുന്നതിനു മുൻപ് റെയിൽവേ സ്റ്റേഷനിലെ ബൂത്തിൽ നിന്ന് അവൾ അമ്മാമ്മയെ വിളിച്ചു പോവുന്ന കാര്യം അറിയിച്ചു.

ഒപ്പം തലേന്ന് നടന്ന സംഭവങ്ങൾ ചുരുക്കത്തിൽ അമ്മാമ്മയോട് സൂചിപ്പിക്കുകയും ചെയ്തു. മുരളിക്കുള്ളത് അവർ വീട്ടിൽ പോകുമ്പോൾ കൊടുക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. തിരികെയുള്ള യാത്രയിൽ അവളുടെ ഉള്ളം ശാന്തമായിരുന്നു. എത്രയും പെട്ടെന്ന് ആൽഫിയെ കാണാനും അവനോട് വിശേഷങ്ങൾ പങ്ക് വയ്ക്കാനും ആതിരയ്ക്ക് ധൃതിയായി. അമ്മാമ്മയെ ഫോണിൽ വിളിച്ചു വച്ച ശേഷം അവൾ ആൽഫിയുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും അവൻ കാൾ എടുത്തിരുന്നില്ല. ഒരു നോക്കിയ മൊബൈൽ ആൽഫിക്കുണ്ട്. ആതിര നാട്ടിൽ നിന്ന് തിരിച്ചു കയറുമ്പോൾ അവനെ വിളിച്ചു പറയണമെന്ന് പറഞ്ഞു ആൽഫിയാണ് അവൾ പോവാൻ നേരം അവന്റെ മൊബൈൽ നമ്പർ അവൾക്ക് കൊടുക്കുന്നത്. നാട്ടിൽ നിന്ന് കയറുമ്പോൾ അവസരം കിട്ടുകയാണെങ്കിൽ വിളിക്കാമെന്നും ആതിര പറഞ്ഞിരുന്നു.

പക്ഷേ ആൽഫി ഫോൺ എടുക്കാത്തത്തിൽ അവൾക്ക് നേരിയൊരു ആശങ്ക തോന്നി. കർണാടക സ്റ്റേഷനിൽ ഇറങ്ങുമ്പോ അവിടുത്തെ കോയിൻ ബൂത്തിൽ നിന്നും ഒന്നൂടെ അവനെ വിളിച്ചു നോക്കാമെന്ന് കരുതി അവൾ തല്ക്കാലം ആശ്വസിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ ട്രെയിൻ കർണാടകയിൽ എത്തിച്ചേർന്നു.  ട്രെയിനിൽ നിന്ന് ഇറങ്ങിയപാടെ ആതിര കോയിൻ ബൂത്തിലേക്ക് ചെന്ന് ആൽഫിയുടെ നമ്പറിൽ വീണ്ടും വിളിച്ചു നോക്കി. റിംഗ് ചെയ്ത് നിന്നതല്ലാതെ ആരും കാൾ എടുത്തില്ല. അതേസമയം ഹോസ്റ്റൽ മുറിയിൽ വെറും നിലത്ത് നിശ്ചലനായി കിടക്കുകയായിരുന്നു ആൽഫി. അവന് ചുറ്റും രക്തം തളംകെട്ടി നിന്നിരുന്നു..... തുടരും സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story