മറുതീരം തേടി: ഭാഗം 12

marutheeram thedi shiva

രചന: ശിവ എസ് നായർ

ഹോസ്റ്റൽ മുറിയിൽ വെറും നിലത്ത് നിശ്ചലനായി കിടക്കുകയായിരുന്നു ആൽഫി. അവന് ചുറ്റും രക്തം തളംകെട്ടി നിന്നിരുന്നു. ആൽഫിയുടെ നമ്പറിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ ആതിരയ്ക്ക് പേടിയാവാൻ തുടങ്ങി. അവനെന്തോ പറ്റിയെന്ന് അവളുടെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും പോലെ അവൾക്ക് തോന്നി. ആതിര നിൽക്കുന്ന ഹോസ്റ്റലിന് അടുത്ത് തന്നെയാണ് ആൽഫിയുടെയും ഹോസ്റ്റൽ. അതുകൊണ്ട് തന്റെ ഹോസ്റ്റലിൽ പോയി ബാഗ് വച്ച ശേഷം അവൻ നിൽക്കുന്ന ഹോസ്റ്റലിലേക്ക് പോയി അവനെ അന്വേഷിക്കാമെന്ന് അവൾ മനസ്സിൽ വിചാരിച്ചു. ആൽഫിയെ കുറിച്ചോർത്തുള്ള ആധിയിൽ അവൾ ഒരു ഓട്ടോ പിടിച്ചാണ് ഹോസ്റ്റലിലേക്ക് പോയത്. അര മണിക്കൂറിനുള്ളിൽ ആതിര തന്റെ ഹോസ്റ്റലിൽ എത്തിച്ചേർന്നു. റൂമിൽ കൊണ്ടുപോയി ബാഗ് വച്ച ശേഷം കൈയ്യും മുഖവും കഴുകി ഒന്ന് ഫ്രഷ് ആയ ശേഷം ആതിര ആൽഫിയുടെ അടുത്തേക്ക് പോയി. അവൾ അവിടേക്ക് ചെല്ലുമ്പോൾ ഒരു ആംബുലൻസ് അവളെ മറികടന്ന് ഉള്ളിലേക്ക് കയറി പോകുന്നത് കണ്ടു.

സംശയ ദൃഷ്ടിയോടെ ആതിര ആംബുലൻസിന് പിന്നാലെ വേഗത്തിൽ അകത്തേക്ക് ചെന്നു. അവൾ നോക്കുമ്പോൾ കാണുന്നത് ഹോസ്റ്റൽ മുറ്റത്ത്‌ നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിലേക്ക് സ്ട്രെചറിൽ കയറ്റുന്ന ആൽഫിയെയാണ്. അവന്റെ കൈത്തണ്ടയിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം അവൻ ധരിച്ചിരുന്ന വസ്ത്രത്തിലാകെ പടർന്നിരുന്നു. ബോധരഹിതനായി ചോരയിൽ കുളിച്ചു കിടക്കുന്ന ആൽഫിയെ കണ്ടതും ആതിരയ്ക്ക് ഹൃദയം നിലച്ചത് പോലെ തോന്നിപോയി. "ആൽഫീ..." എന്ന് നീട്ടിവിളിച്ച് കൊണ്ട് ആതിര അവന്റെ അടുത്തേക്ക് ഓടി വന്നു. ആംബുലൻസിൽ ഉണ്ടായിരുന്നവരെ കൂടാതെ ഹോസ്റ്റൽ വാർഡനും ആൽഫിയുടെ റൂം മേറ്റും ഒപ്പം ഉണ്ടായിരുന്നു. "ആൽഫിക്ക് എന്താ പറ്റിയത്?" അവർക്കടുത്തേക്ക് വന്ന ആതിര ആൽഫിയെ തൊട്ട് വിളിച്ചുകൊണ്ട് അവരോട് ചോദിച്ചു. വാർഡൻ കന്നഡക്കാരൻ ആയതുകൊണ്ട് അവൾ ചോദിച്ചത് മനസിലായില്ല. പക്ഷേ ആൽഫിയുടെ റൂം മേറ്റ് മലയാളിയായിരുന്നു, വിഷ്ണു. "സൂയിസൈഡ് അറ്റംപ്റ്റ് ആണ്.

വെയിൻ കട്ട് ചെയ്തതാണവൻ. ഞാൻ രാവിലെ മുറിയിൽ നിന്ന് പോകുന്ന വരെ ഒരു കുഴപ്പവുമില്ലായിരുന്നു. കുറച്ചു മുൻപ് തിരികെ വന്ന് വാതിലിൽ തട്ടിയിട്ട് തുറക്കാതിരുന്നപ്പോ സംശയം തോന്നി ചവുട്ടി തുറന്നതാ. അപ്പൊ കാണുന്നത് നിലത്ത് ചോരയിൽ കുളിച്ചു ബോധം കെട്ട് കിടക്കുന്ന ആൽഫിയെയാണ്." ആൽഫിക്കൊപ്പം ആംബുലൻസിലേക്ക് കയറുമ്പോൾ വിഷ്ണു അവളോട് പറഞ്ഞു. "ആൽഫി എന്റെ ക്ലാസ്സിലാ പഠിക്കുന്നത്. ഞാനും കൂടി വരാം ഹോസ്പിറ്റലിലേക്ക്." അത് പറയുമ്പോൾ അവൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. ആൽഫിയെയും കൊണ്ട് ആശുപത്രി ലക്ഷ്യമാക്കി ആംബുലൻസ് കുതിച്ചു പാഞ്ഞു. "എന്തിനാ ആൽഫി നീയിത് ചെയ്തത്?" അനക്കമറ്റ് കിടക്കുന്ന അവനെ നോക്കി നിശബ്ദം കണ്ണീർ വാർത്തുകൊണ്ട് ആതിര ചോദിച്ചു. ആൽഫിയുടെ മുഖത്തേക്ക് പാറി വീണ് കിടന്നിരുന്ന അവന്റെ ചെമ്പൻ മുടിയിഴകൾ അവൾ സൈഡിലേക്ക് ഒതുക്കിവച്ച് കൊടുത്തു.

ആതിരയുടെ മനസ്സിലപ്പോൾ തെളിഞ്ഞു വന്നത് ചിരിയോടെ അവളെ നോക്കി കണ്ണ് ചിമ്മി മുഖത്തേക്ക് പാറി വീണ് കിടക്കുന്ന ആ ചെമ്പൻ മുടിയിഴകളെ ഒതുക്കി വയ്ക്കുന്ന ആൽഫിയുടെ മുഖമാണ്. "ആൽഫി തന്റെയൊപ്പം പഠിക്കുന്നതാണോ.?" അവർക്കിടയിൽ തളം കെട്ടി കിടന്ന കനത്ത മൗനത്തെ ഭേദിച്ചു കൊണ്ട് വിഷ്ണു ചോദിച്ചു. "അതേ... ഞങ്ങൾ ഒരേ ബാച്ചാണ്." നേരിയ ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു. "ആത്മഹത്യ ചെയ്യാൻ മാത്രം എന്ത് പ്രശ്നമാണ് ആൽഫിക്കുള്ളതെന്ന് തനിക്കറിയോ?" "ആൽഫി വീട്ടുകാരുമായി പിണക്കത്തിലാണെന്ന് അറിയാം. വേറെന്തെലും പ്രശ്നമുള്ളതായി അറിയില്ല." ആലോചനയോടെ ആതിര പറഞ്ഞു. "ആൽഫിയുടെ ഫോണിൽ നിന്ന് വീട്ടുകാരെ നമ്പർ കണ്ട് പിടിച്ച് അവരെ വിളിച്ച് വിവരം പറഞ്ഞിട്ടുണ്ട് ഞാൻ. അവന്റെ പപ്പനാളെ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്." "അവർ വന്ന് ആൽഫിയെ നാട്ടിലേക്ക് കൊണ്ട് പോകുമോ?" "അതൊന്നും എനിക്കറിയില്ലെടോ. ഞാൻ ആൽഫിയുടെ മുറിയിലേക്ക് താമസത്തിന് വന്നിട്ട് ഒരാഴ്ച ആയതേയുള്ളൂ.

അടുത്ത ആഴ്ചയാണ് എനിക്ക് ക്ലാസ്സ്‌ തുടങ്ങുന്നത്. ഞങ്ങൾ പരിചയപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ." വിഷ്ണു ചോദിക്കുന്നതിനൊക്കെ മറുപടി പറഞ്ഞിരുന്നുവെങ്കിലും ആതിരയുടെ മനസ്സ് അവിടെങ്ങുമായിരുന്നില്ല. ആൽഫിക്ക് ഒന്നും സംഭവിക്കരുതെന്നുള്ള ചിന്തയാണ് അവളിൽ അധികരിച്ചു നിന്നത്. ആശുപത്രി എത്തുവോളം ഇരുവരും സംസാരിച്ചിരുന്നു. സ്ട്രെച്ചറിൽ കിടത്തി ആൽഫിയെ ആശുപത്രിക്ക് ഉള്ളിലേക്ക് കൊണ്ട് പോകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ************** ആൽഫിയെ വിശദമായി പരിശോധിച്ച ശേഷം പുറത്തേക്കിറങ്ങിയ ഡോക്ടറെ കണ്ടതും ആതിരയും വിഷ്ണുവും അദ്ദേഹത്തിനടുത്തേക്ക് ചെന്നു. ആത്മഹത്യ ശ്രമമായതിനാൽ പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പേടിക്കാനൊന്നുമില്ലെന്നും കൈയ്യിലെ മുറിവിൽ നിന്നും അമിതമായി രക്തം നഷ്ടപ്പെട്ടതിന്റെ ബോധം ക്ഷയമാണെന്നും ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ഇരുവർക്കും ആശ്വാസമായി. മുറിവിൽ എട്ട് തുന്നലുകൾ ഉണ്ടായിരുന്നു.

മരുന്ന് കൊടുത്തിരിക്കുന്നത് കൊണ്ട് ഇനി മയക്കം വിട്ടുണരാൻ കുറേ സമയം കഴിയണമെന്നും പറഞ്ഞിട്ട് ഡോക്ടർ അടുത്ത പേഷ്യന്റിന്റെ അരികിലേക്ക് പോയി. ആൽഫിക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞപ്പോഴാണ് അവളുടെ ശ്വാസം നേരെ വീണത്. അവന് ബോധം വീഴുമ്പോൾ താനും ഹോസ്പിറ്റലിലേക്ക് വന്നിരുന്നുവെന്നും രാവിലെ വരാമെന്ന് പറഞ്ഞു ഹോസ്റ്റലിലേക്ക് തിരികെ പോയെന്നും ആൽഫിയോട് പറയാൻ അവൾ വിഷ്ണുവിനോട് പറഞ്ഞേൽപ്പിച്ചു. ആൽഫിക്ക് ബോധം തെളിയുമ്പോൾ അക്കാര്യം താൻ പറഞ്ഞോളാമെന്ന് അവൻ ഏറ്റു. നേരം വൈകി തുടങ്ങിയതിനാൽ വിഷ്ണുവിനോട് യാത്ര പറഞ്ഞ് ആതിര ആശുപത്രിയിൽ നിന്നിറങ്ങി. ഹോസ്റ്റലിൽ ചെന്നുകയറിയ ഉടനെ അവൾ അമ്മാമ്മയെ ഫോണിൽ വിളിച്ചു ആൽഫി ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യമൊക്കെ പറഞ്ഞു കൊടുത്തു. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ആതിര പറഞ്ഞ് അമ്മാമ്മയ്ക്കും ആൽഫിയെ നല്ല പരിചയമാണ്. അതുകൊണ്ട് തന്നെ അവന്റെ അവസ്ഥ കേട്ടപ്പോൾ ഭാർഗവി അമ്മയ്ക്ക് നല്ല സങ്കടം തോന്നി.

എന്തെങ്കിലും ആവശ്യം വന്നാൽ അവനെ സഹായിക്കാൻ മടി കാണിക്കേണ്ടെന്ന് അമ്മാമ്മ അവളോട് പറഞ്ഞു. ആൽഫി അവളോട് ഇഷ്ടമാണെന്ന് പറഞ്ഞ കാര്യം അമ്മാമ്മയോട് അവൾ പറഞ്ഞിരുന്നില്ല. ഇനി നേരിട്ട് കാണുമ്പോൾ അക്കാര്യം കൂടി അമ്മാമ്മയോട് പറയണമെന്ന് അവൾ മനസ്സിൽ തീരുമാനിച്ചു. ഇത്തവണ നാട്ടിൽ പോകുമ്പോൾ അമ്മയും കൂടെ ഉണ്ടായിരുന്നതിനാലാണ് ആതിരയ്ക്ക് ഇക്കാര്യം അമ്മാമ്മയോട് പറയാൻ കഴിയാതെ പോയത്. ഫോണിലൂടെ പറഞ്ഞാൽ സുമതി വല്യമ്മ എങ്ങാനും കേട്ടാലോ എന്ന് വിചാരിച്ചാണ് ഫോൺ ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ അവളവരോട് പറയാത്തത്. ഇനി ഉടനെയൊന്നും അവളോട് നാട്ടിലേക്ക് വരണ്ടെന്നും സമയം കിട്ടുമ്പോൾ താൻ അങ്ങോട്ട്‌ വന്ന് കണ്ടോളാമെന്ന് ആതിരയോട് പറഞ്ഞിട്ടാണ് ഭാർഗവി ഫോൺ വച്ചത്. അന്ന് രാത്രി കിടക്കുമ്പോൾ ആൽഫിയെ കുറിച്ചോർത്ത് അവൾക്ക് ഉറങ്ങാനേ സാധിച്ചില്ല. നാളെ അവന്റെ വീട്ടുകാർ വന്ന് ആൽഫിയെ നാട്ടിലേക്ക് കൂട്ടികൊണ്ട് പോകുമോ എന്നോർത്ത് അവൾ പേടിച്ചു.

അതുപോലെ തന്നെ ആൽഫി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്തായിരിക്കുമെന്നതും അവളുടെ ഉറക്കം കെടുത്തി. ആതിര ആശുപത്രിയിൽ നിന്ന് പോരുമ്പോൾ ഒരു പോലീസ് ജീപ്പ് അവിടേക്ക് വരുന്നത് അവൾ കണ്ടിരുന്നു. ആൽഫിയുടെ ആത്മഹത്യാ ശ്രമം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചിരുന്നതിനാൽ അക്കാര്യം അന്വേഷിക്കാൻ വേണ്ടിയാകും ഒരുപക്ഷേ പോലീസുകാർ വന്നതെന്ന് അവൾ ചിന്തിച്ചു. ഓരോന്ന് ഓർത്ത് ഉറക്കമില്ലാതെ കിടന്ന് ഒരു വിധമാണ് ആതിര നേരം വെളുപ്പിച്ചത്. അന്ന് ക്ലാസ്സ്‌ ഇല്ലാത്ത ദിവസമായതിനാൽ ആശുപത്രിയിൽ പോയി ആൽഫിയെ കാണാമെന്ന് ചിന്തിച്ച് അവൾ വേഗം തന്നെ കുളിച്ചു തയ്യാറായി. ആശുപത്രി മുറ്റത്തേക്ക് ഓട്ടോയിൽ ചെന്നിറങ്ങുമ്പോൾ തന്നെ ആതിര വിഷ്ണുവിനെ കണ്ടിരുന്നു. സമയമപ്പോൾ പതിനൊന്നര കഴിഞ്ഞിരുന്നു. "ഹേയ്... വിഷ്ണു..." അവനെ കണ്ടതും അവൾ വിളിച്ചു. തന്റെ പേരെടുത്തു ആരോ വിളിക്കുന്നത് കേട്ട് വിഷ്ണു പിന്തിരിഞ്ഞു നോക്കി. ആതിരയെ കണ്ടതും അവൻ കൈവീശി കാണിച്ചു. "ആൽഫിക്കിപ്പോ എങ്ങനെയുണ്ട് വിഷ്ണു. ബോധം തെളിഞ്ഞിരുന്നോ?" അവനരികിലേക്ക് വന്നുകൊണ്ട് അവൾ ചോദിച്ചു. "ഉവ്വ്. ഇന്നലെ രാത്രി ബോധം തെളിഞ്ഞിരുന്നു.

എന്തിനാ ഇങ്ങനെ ചെയ്തതെന്ന് ഞാൻ ചോദിച്ചിട്ട് അവനൊന്നും വിട്ട് പറഞ്ഞില്ല. താൻ വന്നുപോയ കാര്യം അവനോട് പറഞ്ഞപ്പോൾ ആൽഫിയുടെ കണ്ണുകൾ നിറയുന്നത് കണ്ടു. വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും രാവിലെ അവരെത്തുമെന്നും പറഞ്ഞപ്പോൾ അവനാകെ വയലന്റായി ദേഷ്യപ്പെട്ടു." "ആൽഫി അവരുമായി പിണക്കത്തിലാണ് വിഷ്ണു. അതുകൊണ്ടാവും അവൻ ദേഷ്യപ്പെട്ടത്." "വെളുപ്പിന് ആൽഫിയുടെ പപ്പയും അങ്കിളും വന്നിരുന്നു. ആ സമയം അവൻ നല്ല ഉറക്കമായിരുന്നു. അവനെ കണ്ട ശേഷം അവര് പോലീസ് സ്റ്റേഷനിൽ പോയി കാശ് കൊടുത്ത് കേസ് ഒത്തുതീർപ്പാക്കി. അവന്റെ പപ്പയും അങ്കിളും തിരികെ വരുമ്പോൾ ആൽഫി ഉറക്കമുണർന്ന് കിടക്കുകയായിരുന്നു. അവരവനെ നാട്ടിലേക്ക് കൊണ്ട് പോകാൻ ഒരു ശ്രമം നടത്തി. അതിന്റെ പേരിൽ അവർ തമ്മിൽ നല്ല വഴക്കുണ്ടായി. ഒടുവിൽ ആൽഫിയോട് ദേഷ്യപ്പെട്ട് പപ്പയും അങ്കിളും ഇവിടുന്ന് കുറച്ചുമുൻപ് ഇറങ്ങിപ്പോയി. അവരുടെ കുടുംബപ്രശ്നമായത് കൊണ്ട് ഞാൻ ഇടപെടാൻ പോയില്ല. അവനോട് അതിനെക്കുറിച്ചൊന്നും ചോദിച്ചതുമില്ല.

ഒരുപക്ഷേ താൻ ചോദിച്ചാൽ ആൽഫി പ്രശ്നമെന്താണെന്ന് പറയുമായിരിക്കും." വിഷ്ണു അവിടെ നടന്ന സംഭവങ്ങളൊക്കെ അവളോട് പറഞ്ഞു. "ഞാൻ ചോദിക്കാം ആൽഫിയോട് എന്താ പ്രശ്നമെന്ന്.? പിന്നെ ഡോക്ടർ ഡിസ്ചാർജ് എപ്പോ തരുമെന്ന് പറഞ്ഞോ?" "ഇന്ന് ഉച്ചയോടെ ഡിസ്ചാർജ് ആകും." "ഉം.. എങ്കിൽ നമുക്കവന്റെ അടുത്തേക്ക് പോവാം." "താൻ ചെല്ല്. ഞാൻ അവനുള്ള ഭക്ഷണം വാങ്ങിയിട്ട് അങ്ങോട്ട്‌ വന്നേക്കാം." ആതിരയെ ആൽഫിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടിട്ട് വിഷ്ണു ക്യാന്റീനിലേക്ക് പോയി. അവൾ ചെല്ലുമ്പോൾ ആൽഫി തന്റെ വലത് കൈകൊണ്ട് കണ്ണുകൾ മറച്ച് കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുകയായിരുന്നു. "ആൽഫീ..." ആതിര അവന്റെ മുറിവ് കെട്ടിവെച്ച ഇടത് കൈയ്യിന്മേൽ മെല്ലെ തൊട്ടുവിളിച്ചു. തൊട്ടരികിൽ നിന്ന് ഇളം തെന്നൽ പോലുള്ള അവളുടെ സ്വരം കേട്ട് ആൽഫി, ഞെട്ടി കണ്ണുകൾ തുറന്നു. മുഖത്ത് നിന്ന് കൈ മാറ്റി അവൻ നോക്കുമ്പോൾ കണ്ടു തന്നെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന ആതിരയെ. "ആതീ... ഒടുവിൽ താൻ വന്നു... ലെ.."

"ഞാൻ തിരികെ വരുമെന്ന് നിന്നോട് പറഞ്ഞതല്ലേ... എന്തേ ഞാനിനി ഒരിക്കലും തിരിച്ചു വരില്ലെന്ന് വിചാരിച്ചോ നീ." "ഉം... തന്നെയിനി ഒരിക്കലും കാണാൻ പറ്റില്ലെന്നാണ് വിചാരിച്ചത്." "ഇന്നലെ വൈകുന്നേരം ആണ് ഞാനിവിടെ എത്തിയത്. രാവിലെ നാട്ടിലെ സ്റ്റേഷനിൽ നിന്ന് കേറുമ്പോൾ നിന്നെ ഞാൻ ഫോണിൽ വിളിച്ചിരുന്നു പക്ഷേ നീ എടുത്തില്ല. വൈകുന്നേരം ട്രെയിൻ ഇറങ്ങിയപ്പോഴും കോയിൻ ബൂത്തിൽ കയറി വിളിച്ചു നോക്കി. നീ കാൾ എടുക്കതായപ്പോൾ ഞാൻ ശരിക്കും പേടിച്ചു. ഹോസ്റ്റലിൽ പോയി ബാഗ് വച്ചിട്ട് നീ താമസിക്കുന്ന ഹോസ്റ്റലിലേക്ക് ഞാൻ വന്നപ്പോൾ കണ്ടത് നിന്നെ ആംബുലൻസിൽ കേറ്റുന്നതാണ്. ആ കാഴ്ച കണ്ട് ഒരുനിമിഷം എന്റെ ഹൃദയം നിലച്ചുപോയത് പോലെ ആയിപോയി ആൽഫി. സൂയിസൈഡ് അറ്റംപ്റ്റ് ആണെന്ന് കേട്ടപ്പോൾ ഞാൻ പേടിച്ചു പോയി.

ആത്മഹത്യ ചെയ്യാൻ മാത്രം നിനക്കെന്താ കാരണമെന്ന് ഞാൻ ചിന്തിച്ചു പോയി. ഇവിടെ എത്തി ഡോക്ടർ നിന്നെ പരിശോധിച്ച ശേഷം നിനക്ക് കുഴപ്പമില്ലെന്ന് പറയുന്ന വരെ ഞാൻ അനുഭവിച്ച ടെൻഷൻ എനിക്ക് മാത്രമേ അറിയൂ ആൽഫി." സംസാരിക്കുമ്പോൾ അവളുടെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങൾ നോക്കി അവൻ അങ്ങനെ കിടന്നു. "താൻ ഒത്തിരി പേടിച്ചോ?" അവളുടെ മുഖത്ത് നിന്നും കണ്ണുകളെടുക്കാതെ അവൻ ചോദിച്ചു. "പിന്നെ പേടിക്കാതെ... നീയിത് എന്ത് പണിയാ ആൽഫീ കാണിച്ചു വച്ചത്. ആത്മഹത്യ ചെയ്യാൻ മാത്രം നിനക്കെന്താടാ ഇത്ര സങ്കടം. എന്തിനായിരുന്നു നീയിങ്ങനെ സ്വയം വേദനിപ്പിച്ചു മരിക്കാൻ തീരുമാനിച്ചത്. അതിന് മാത്രം എന്തുണ്ടായി ഇപ്പൊ. എന്താണെങ്കിലും എന്നോട് പറയ്യ് നീ." മിഴികളിൽ ഉരുണ്ടുകൂടിയ നീർതുള്ളികൾ ഇടത് കൈകൊണ്ട് തുടച്ച് അവളവനെ നോക്കി..... തുടരും....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story