മറുതീരം തേടി: ഭാഗം 13

marutheeram thedi shiva

രചന: ശിവ എസ് നായർ

"പിന്നെ പേടിക്കാതെ... നീയിത് എന്ത് പണിയാ ആൽഫീ കാണിച്ചു വച്ചത്. ആത്മഹത്യ ചെയ്യാൻ മാത്രം നിനക്കെന്താടാ ഇത്ര വലിയ പ്രശ്നം. എന്തിനായിരുന്നു നീയിങ്ങനെ സ്വയം വേദനിപ്പിച്ചു മരിക്കാൻ തീരുമാനിച്ചത്. അതിന് മാത്രം എന്തുണ്ടായി ഇപ്പൊ. എന്താണെങ്കിലും എന്നോട് പറയ്യ് നീ." മിഴികളിൽ ഉരുണ്ടുകൂടിയ നീർതുള്ളികൾ ഇടത് കൈകൊണ്ട് തുടച്ച് അവളവനെ നോക്കി. "താനൊന്ന് ശ്വാസം വിട്." പകുതി തമാശയായും പകുതി കാര്യമായും അവൻ പറഞ്ഞു. "ഇന്നലെ ഞാൻ അനുഭവിച്ച ടെൻഷൻ നിനക്ക് പറഞ്ഞാൽ മനസിലാവില്ല ആൽഫീ." ആതിര ദേഷ്യം ഭാവിച്ചു. "അങ്ങനെയാണെങ്കിൽ ഞാൻ സത്യം പറഞ്ഞാൽ താനെന്നെ തല്ലികൊല്ലും." അവനവളുടെ കണ്ണുകളിൽ നോക്കി കുസൃതിയോടെ പറഞ്ഞു. "ആൽഫി കാര്യം പറയുന്നുണ്ടോ?" "പറയാം... പറയാം. ഞാൻ... ഞാനീ സൂയിസൈഡ് അറ്റംപ്റ്റ് നടത്തിയത് സത്യത്തിൽ മനഃപൂർവ്വം തന്നെയാ. അത്‌ പക്ഷേ ഒരിക്കലും മരിക്കാൻ വേണ്ടി ആയിരുന്നില്ല." ഒന്ന് നിർത്തി അവനവളെ നോക്കി. "പിന്നെ??"

ആതിരയുടെ മിഴികൾ മിഴിഞ്ഞു വന്നു. "രണ്ട് ദിവസം മുൻപ് പപ്പ മമ്മിയെകൊണ്ട് എന്നെ വിളിപ്പിച്ചിരുന്നു. ഞാൻ നാട്ടിലേക്ക് പോയില്ലെങ്കിൽ ചത്ത്‌ കളയുമെന്ന് മമ്മിയെന്നോട് പറഞ്ഞു. മമ്മിക്ക് കയ്യിലൊരു സൂചി കുത്തുന്നത് പോലും പേടിയാണ്. അങ്ങനെയുള്ള മമ്മി ഞാൻ അങ്ങോട്ട്‌ ചെന്നില്ലെങ്കി മരിച്ചുകളയുമെന്നൊക്കെ പറയുന്നത് കേട്ടപ്പോൾ എനിക്ക് നല്ല ചിരിയാ വന്നത്. പപ്പയുടെ ബുദ്ധിയാണ് അതെന്ന് മമ്മിയുടെ സംസാരം കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ഏത് വിധേനെയും എന്നെ നാട്ടിലേക്ക് വരുത്തിക്കാൻ പപ്പ കളിക്കുന്ന നാടകത്തിന് മമ്മിയും കൂട്ട് നിന്നപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു. അവരുടെ ചൊല്പടിക്ക് നിർത്താൻ വേണ്ടി എന്ത് അടവും പയറ്റാൻ പപ്പയും ഒപ്പം കൂട്ടിന് മമ്മിയും നിന്നാൽ എനിക്ക് പിടിച്ചുനിൽക്കാൻ പറ്റാതെ നാട്ടിലേക്ക് പോകേണ്ടി വരും. എന്നെ വിളിക്കാൻ പപ്പ വരുമ്പോൾ കൂടെ ചെന്നില്ലെങ്കി പിന്നെ മമ്മിയുടെ ശവമായിരിക്കും കാണുക എന്ന് പറഞ്ഞു മമ്മി ഫോൺ വച്ചു. അപ്പൊ ഞാൻ മനസ്സിൽ വിചാരിച്ചതാണ് ഇങ്ങനെയൊരു പ്ലാൻ.

എന്തായാലും ഞാൻ വിചാരിച്ചത് പോലെത്തന്നെ കാര്യങ്ങൾ നടന്നു. പക്ഷേ അബദ്ധം പറ്റിയത് വെയിൻ മുറിച്ചപ്പോഴായിരുന്നു. മുറിവിന്റെ ആഴം ഞാൻ വിചാരിച്ചതിലുമധികം ആഴ്ന്നുപോയി. ഒരുപാട് രക്തം നഷ്ടപ്പെട്ട ഞാൻ അബോധാവസ്ഥയിലായിപ്പോയി. പിന്നെ ഓർമ്മ വരുമ്പോൾ ഞാൻ ഇവിടെയാണ്. ബോധം വന്നപ്പോൾ താൻ വന്ന കാര്യം വിഷ്ണു പറഞ്ഞു. വീട്ടിൽ വിളിച്ചു വിഷ്ണു കാര്യം പറഞ്ഞെന്ന് പറഞ്ഞപ്പോ ഞാനവനോടൊന്ന് ചൂടായി സംസാരിച്ചു. അക്കാര്യം പപ്പയും അങ്കിളും രാവിലെ വന്നപ്പോൾ തന്നെ അവൻ പറയുകയും ചെയ്തു. അത് തന്നെയായിരുന്നു എന്റെ ഉദ്ദേശവും. മമ്മി എന്റെ ആത്മഹത്യാ നാടകം അറിഞ്ഞപ്പോൾ മുതൽ പപ്പയ്ക്ക് എതിരായി.  രാവിലെ എന്നെക്കാണാൻ ഇവിടെ വന്നപ്പോൾ കൂടെ കൊണ്ടുപോകാൻ നല്ലൊരു ശ്രമം നടത്തിയതാണ്. എന്നെ ജീവനോടെ കാണാൻ ആഗ്രഹമുണ്ടെങ്കിൽ ഇനി ഇങ്ങനെ ശല്യം ചെയ്യരുതെന്നും എനിക്ക് എന്റെ ഇഷ്ടത്തിന് പഠിക്കണമെന്നും ഞാൻ പറഞ്ഞു.

പപ്പയുടെ ശല്യം സഹിക്കാൻ കഴിയാതെ മനസ്സ് മടുത്താണ് ഞാൻ മരിക്കാൻ തീരുമാനിച്ചതെന്ന് കൂടി ഞാൻ മമ്മിയോട് പറഞ്ഞു. അതുകൊണ്ട് മമ്മി സ്വന്തമായി തീരുമാനമെടുക്കാൻ ധൈര്യം കാണിച്ചു. പപ്പയോട് എന്നെ കൂട്ടി ചെല്ലണ്ടെന്നും എവിടെയാണെങ്കിലും എന്നെ ജീവനോടെ കണ്ടാൽ മതിയെന്നും മമ്മി പപ്പയോട് പറഞ്ഞു. ഇനി പഠിച്ച് കഴിഞ്ഞിട്ട് നാട്ടിലേക്ക് വന്നാൽ മതിയെന്ന് മമ്മി പറഞ്ഞപ്പോൾ പപ്പയ്ക്കും അത് അംഗീകരിക്കേണ്ടി വന്നു. എന്നിട്ടും പപ്പയെന്നെ മാക്സിമം കൺവിൻസ് ചെയ്യാൻ ശ്രമിച്ചു. ഒടുവിൽ വഴക്ക് കൂടേണ്ടി വന്നു. പപ്പയ്ക്ക് മെയിൻ ആയിട്ട് ഞാൻ നഴ്സിംഗ് പഠിക്കുന്നത് ഇഷ്ടമല്ല. ഇത്രേം വർഷം പപ്പ പറയുന്നത് കേട്ട് ജീവിച്ചിട്ട് ഇപ്പൊ തന്നിഷ്ടം കാട്ടിയത് ഒട്ടും പിടിച്ചിട്ടില്ല. ഞാൻ പപ്പ പറയുന്നത് അനുസരിച്ച് ആ ചിറകിനടിയിൽ തന്നെ കഴിയുന്നതാണ് പപ്പയ്ക്കിഷ്ടം. പപ്പയുടെ വാശിക്ക് മുന്നിൽ തോറ്റുകൊടുക്കാൻ എനിക്ക് മനസ്സ് വന്നില്ല. ഇവിടുന്ന് ഇറങ്ങിപോവാൻ പറഞ്ഞു ഞാൻ. അതോടെ വഴക്കിട്ട് ഇറങ്ങിപ്പോയി.

ഇനിയെന്തായാലും ഇടയ്ക്കിടെയുള്ള വീട്ടുകാരുടെ ശല്യമില്ലാതെ സ്വസ്ഥമായി തന്നെ എനിക്ക് ഞാൻ ആഗ്രഹിച്ചത് പഠിച്ചെടുക്കാം. ഇപ്പോഴാണ് എനിക്ക് സമാധാനം കിട്ടിയത്. പപ്പയിനി മമ്മിയെ വച്ച് ഭീഷണിപ്പെടുത്തി നാട്ടിൽ വരുത്തനും ശ്രമിക്കില്ല. നാളെതന്നെ മമ്മിയെന്നെ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് മമ്മിയെ നന്നായി വേദനിപ്പിച്ചിട്ടുണ്ട്. ആ വേദനയാണ് മമ്മിക്ക് പപ്പയുടെ തീരുമാനങ്ങളെ എതിർക്കാനുള്ള ധൈര്യമുണ്ടായത്. എത്ര നാൾ ഞാനിങ്ങനെ വീർപ്പുമുട്ടി ജീവിക്കും ആതി. മനസ്സിരുത്തി ഒന്ന് പഠിക്കാൻ പറ്റുന്നില്ലായിരുന്നു എനിക്ക്. നിന്നോട് ചിരിച്ചു സംസാരിച്ച് നിൽക്കുമെങ്കിലും ആധിയായിരുന്നു എന്റെയുള്ളിൽ. അമ്മച്ചി കഴിഞ്ഞാൽ മമ്മി ആയിരുന്നു എന്റെ ജീവൻ. മമ്മിക്ക് സ്വന്തമായി തീരുമാനമില്ലാത്തതും പപ്പയെ അനുസരിച്ചു കഴിയുന്നതൊക്കെ കാണുമ്പോഴായിരുന്നു എനിക്ക് മമ്മിയോട്‌ ദേഷ്യം തോന്നിയിരുന്നത്. ഞാനെന്നു വച്ചാൽ മമ്മിക്ക് ജീവനാണ്. പക്ഷേ പപ്പയെ പേടിച്ച് മമ്മിയത് പ്രകടിപ്പിക്കില്ല.

ഫോൺ ചെയ്യുമ്പോഴൊക്കെ അങ്ങോട്ട്‌ ചെല്ലാൻ പറയാനേ മമ്മിക്ക് നേരമുള്ളൂ. അമ്മച്ചി എന്നെവിട്ട് പോയപ്പോഴാണ് ഞാൻ ഒറ്റപ്പെടൽ മനസ്സിലാക്കുന്നത്. എന്റെ മമ്മിയുടെ സ്നേഹം എനിക്ക് വേണമെന്ന് ഞാൻ കൊതിച്ചുപോയി ആതി. എല്ലാത്തിനുമൊരു പരിഹാരം ഇതാണെന്ന് എനിക്ക് തോന്നി. എന്തായാലും കാര്യങ്ങൾ ഞാൻ വിചാരിച്ച പോലെയായി. പപ്പയുടെ വാശി മാറ്റാൻ ആർക്കും പറ്റില്ല. പഠിച്ച് ഒരു ജോലി വാങ്ങി പപ്പയെക്കാൾ നല്ലൊരു നിലയിൽ എത്തിയാലേ പപ്പയെന്നെ അംഗീകരിച്ച് തരൂ. അതുവരെ ഇങ്ങനെ പിണങ്ങി ഇരിക്കുന്നതാണ് നല്ലത്." തെല്ലൊരു ഇടർച്ചയോടെ ആൽഫി പറഞ്ഞു നിർത്തി. "ഒരൽപ്പം അശ്രദ്ധ കൊണ്ട് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ? നിനക്കിതൊക്കെ തമാശയാണോ?" ദേഷ്യത്തിൽ അവൾ ചോദിച്ചു. "തമാശ കാട്ടിയതല്ല ആതി. താൻ കൂടി പോയപ്പോൾ ഞാൻ പെട്ടന്ന് ഒറ്റയ്ക്കായ പോലെ തോന്നി. തനിച്ചിരിക്കുമ്പോൾ വേണ്ടാത്ത ഓരോ ചിന്തകൾ മനസ്സിൽ വരും. ആർക്ക് വേണ്ടിയാ ഇങ്ങനെ ജീവിക്കുന്നതെന്ന തോന്നലിൽ ആത്മഹത്യ ചെയ്താലോ എന്നുപോലും വിചാരിക്കും.

എനിക്കിത്തിരി സ്നേഹം തരാൻ പോലും ആരുമില്ല. താൻ തിരിച്ചു വന്നില്ലെങ്കിൽ ഇവിടെ ഞാൻ ഒറ്റപ്പെട്ട് പോവുമായിരുന്നില്ലേ. ഓരോന്ന് ചിന്തിച്ചുകൂട്ടി വട്ട് പിടിച്ചിരിക്കുന്ന സമയത്താണ് മമ്മി വിളിച്ചു അങ്ങനെയൊക്കെ സംസാരിച്ചത്. അമ്മച്ചി കൂടെ ഉണ്ടായിരുന്നെങ്കിൽ എനിക്കിങ്ങനെയൊരു അവസ്ഥ വരില്ലല്ലോന്ന് ഓർത്തുപോയി ഞാൻ. എല്ലാവരും ഉണ്ടായിട്ടും ആരാലും സ്നേഹിക്കപ്പെടാനില്ലാത്തൊരു അവസ്ഥ എത്ര ഭീകരമാണെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാലോ. എന്റെ പ്രശ്നങ്ങൾക്ക് തല്ക്കാലമൊരു പരിഹാരം ഈയൊരു വഴിയാണെന്ന് തോന്നി." "ഇനി ആൽഫിക്ക് സങ്കടം വേണ്ടല്ലോ. നാളെ മമ്മി വരില്ലേ നിന്നെ കാണാൻ. പപ്പയെ പേടിക്കാതെ തന്നെ മമ്മിക്കിനി മനസ്സ് തുറന്ന് നിന്നെ സ്നേഹിക്കാലോ. അതുപോലെ തന്നെ ഞാനും തിരിച്ചു വന്നില്ലേ. ഇനി ഇതുപോലുള്ള അനാവശ്യ ചിന്തകളൊന്നും വേണ്ട കേട്ടോ. എങ്ങാനും തട്ടിപോയിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ സംസാരിക്കാൻ നീ ഉണ്ടാവുമായിരുന്നോ? അങ്ങനെ ചിന്തിക്കാൻ പോലും കഴിയുന്നില്ല എനിക്ക്."

ആതിര തന്റെ നെഞ്ചിൽ കൈവച്ച് അത് പറയുമ്പോൾ അവൻ പ്രണയപൂർവ്വം അവളെ നോക്കി. "ആതി... ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?" "ഞാൻ കള്ളം പറഞ്ഞിട്ടില്ല ആൽഫി." "ഓക്കേ... എങ്കിൽ ഞാൻ ചോദിക്കുവാ." അവൻ ചോദിക്കാനായി തയ്യാറെടുത്തു. "ഉം... ചോദിക്ക് നീ." അവൾ കേൾക്കാനായി കാതോർത്തു. "നിനക്കെന്നെ ഇഷ്ടമാണോ ആതീ." ആൽഫിയുടെ ചോദ്യം കേട്ട് അവൾ പൊട്ടിച്ചിരിച്ചുപോയി. അത് കണ്ട് ദേഷ്യത്താൽ അവന്റെ മുഖം ചുവന്നു. "ഇതിലിത്ര ചിരിക്കാൻ എന്തിരിക്കുന്നു." ഗൗരവത്തോടെ അവൻ ചോദിച്ചു. "പിന്നെ ചിരിക്കാതെ... എനിക്ക് നീ നല്ലൊരു സുഹൃത്ത് മാത്രമാണ് ആൽഫി. ഇതുവരെ നിന്നോടെനിക്ക് മറ്റൊരു തരത്തിലുള്ള ഇഷ്ടം തോന്നിയിട്ടില്ല." "പിന്നെ നീയെന്തിനാ ഇന്നലെ എന്നെയോർത്ത് കരഞ്ഞത്. ഞാൻ മരിക്കാൻ ശ്രമിച്ചെന്ന് കേട്ടപ്പോൾ തന്നെ ഇത്രയേറെ വേദനിച്ചത്." "പ്രണയമുണ്ടെങ്കിൽ മാത്രമേ അങ്ങനെ ചെയ്യാവൂ എന്നുണ്ടോ? എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തിലെ ആദ്യ ഫ്രണ്ട് തന്നെ നീയാണ്.

ആരോടെങ്കിലും എന്റെ മനസ്സ് തുറന്ന് വിഷമം പങ്ക് വച്ചിട്ടുണ്ടെങ്കിൽ അത് നീയാണ് ആൽഫി. നിന്നോട് എനിക്കുള്ള സൗഹൃദത്തിന് മറ്റൊരു നിറം കാണണ്ട ആൽഫി." ആതിര അത് പറഞ്ഞപ്പോൾ അവന്റെ മുഖമൊന്ന് വാടി. "ഐ ആം സോറി ആതി. ഞാൻ പെട്ടെന്ന് എന്തൊക്കെയോ ചിന്തിച്ചു പോയി." മുഖം താഴ്ത്തി അവൻ പറഞ്ഞു. "സാരമില്ല... നീ ആ കാര്യം വിട്ടേക്ക്. എനിക്ക് നിന്നോടുള്ള സ്നേഹവും കരുതലും പ്രണയമാണെന്ന് ചിന്തിക്കരുത് ആൽഫി." "ഇല്ല... ഇനിയങ്ങനെ ഉണ്ടാവില്ല... നീയെന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് എന്നും കൂടെ ഉണ്ടായാൽ മതി. ഒരു നിമിഷം എന്റെ പൊട്ട ബുദ്ധിയിൽ എന്തൊക്കെയോ വിചാരിച്ചു കൂട്ടി ഞാൻ, സോറി ആതി.." ആൽഫി അവളോട് ക്ഷമാപണം നടത്തി. "വിഷ്ണു നിനക്കുള്ള ആഹാരം വാങ്ങിക്കാൻ കാന്റീനിലേക്ക് പോയിട്ടുണ്ട്." വിഷയം മാറ്റാനെന്നോണം അവൾ പറഞ്ഞു. "പാവം... എനിക്ക് വേണ്ടി കുറേ കഷ്ടപ്പെട്ടു. അവനോടൊരു സോറി പറയണം." "അത് വേണം..." അവർ സംസാരിച്ചിരിക്കുമ്പോൾ ഭക്ഷണവുമായി വിഷ്ണു അവിടേക്ക് വന്നു. പിന്നെ സംസാരം അവർ മൂവരും കൂടിയായി.

"നിന്നെ ഹോസ്റ്റലിൽ നിന്ന് പറഞ്ഞു വിടാൻ നിന്നതാ ആ വാർഡൻ. നിന്റെ പപ്പ അയാൾക്ക് കുറച്ച് കാശ് കൊടുത്ത് കാര്യങ്ങൾ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. ഇനി അയാളുടെ ഒരു ശ്രദ്ധ നിന്റെ മേൽ വേണമെന്ന് പറഞ്ഞിട്ടാ പോയത്. ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാതെ നോക്കണമെന്നും പറഞ്ഞേൽപ്പിച്ചു." വിഷ്ണു പറഞ്ഞത് കേട്ട് ആൽഫിക്ക് ആശ്ചര്യമായി. "അപ്പൊ പപ്പയും നന്നായി പേടിച്ചിട്ടുണ്ട്. ഈ ജാടയും ദേഷ്യവുമൊക്കെ പുറമെ കാണിക്കുന്നതാണ്. എന്തായാലും അത് അങ്ങനെതന്നെ ഇരിക്കുന്നതാണ് എനിക്ക് നല്ലത്." ആൽഫി ചിരിയോടെ പറഞ്ഞു. ************** ഉച്ചയ്ക്ക് രണ്ട് മണിയോടെ ആൽഫിയെ ഡിസ്ചാർജ് ചെയ്തു. മൂവരും ഒരു ഓട്ടോ പിടിച്ച് ആശുപത്രിയിൽ നിന്ന് തിരിച്ചു. ആതിരയെ അവളുടെ ഹോസ്റ്റൽ മുറ്റത്ത്‌ ഇറക്കിയ ശേഷം ആൽഫിയും വിഷ്ണുവും അവരുടെ ഹോസ്റ്റലിലേക്ക് പോയി. പിറ്റേ ദിവസം ആൽഫിയുടെ മമ്മിയും ആന്റിയും അവനെ കാണാനായി വന്നു. കുറേനേരത്തെ കരച്ചിലിനും സ്നേഹ പ്രകടനങ്ങൾക്കുമൊടുവിൽ മമ്മി അവന് വേണ്ടി കൊണ്ടുവന്ന സാധനങ്ങളൊക്കെ ആൽഫിക്ക് കൊടുത്ത ശേഷം വൈകുന്നേരത്തോടെ മടങ്ങിപോയി.

എല്ലാ മാസവും മമ്മി അവനെ കാണാൻ വരാമെന്നും ഇനി കോഴ്സ് തീർന്ന ശേഷം വീട്ടിലേക്ക് മടങ്ങി വന്നാൽ മതിയെന്നും പോകാൻ നേരം മമ്മി അവനോട് പറഞ്ഞു. മമ്മിയുടെ ആ തീരുമാനത്തോട് ആൽഫിക്കും സമ്മതമായിരുന്നു. നിറഞ്ഞ മനസ്സോടെയാണ് അവൻ മമ്മിയെ യാത്രയാക്കിയത്. ************** ദിവസങ്ങൾ അങ്ങനെ താളത്തിൽ കടന്നുപോയി. ഋതുക്കൾ മാറി മറിഞ്ഞു വന്നുകൊണ്ടിരുന്നു. ഇടയ്ക്കിടെ മുരളി കാണാതെ അയാളുടെ ഫോണിൽ നിന്ന് ഭാരതി അവളെ വിളിക്കുമ്പോൾ വീട്ടിലെ വിശേഷങ്ങൾ ഓരോന്നായി പറയും. ആരതി പത്താം ക്ലാസ്സ്‌ സെക്കന്റ്‌ ക്ലാസ്സോടെ പാസ്സായി പ്രീഡിഗ്രി രണ്ടാം വർഷം എത്തി. പ്രീഡിഗ്രിയിലെ അവസാന ബാച്ച് ആയിരുന്നു ആരതിയുടേത്. അഞ്ജു പത്താം ക്ലാസ്സിൽ എത്തിയിരുന്നു.  അന്നത്തെ സംഭവത്തിന് ശേഷം ആതിര പിന്നെ നാട്ടിലേക്ക് പോയിട്ടില്ല. ക്ലാസും പിന്നെ പാർട്ട്‌ടൈം ജോലിയുമൊക്കെയായി അവളും തിരക്കിലായിരുന്നു. മാസത്തിലൊരിക്കൽ ഭാർഗവി അമ്മ അവളെ വന്ന് കാണുമായിരുന്നു.

അവൾക്ക് വേണ്ടി നിരന്തരം വീട്ടുജോലി ചെയ്ത് ദൈനംദിനം ക്ഷീണിച്ച് വരുന്ന ഭാർഗവി അമ്മയുടെ മെല്ലിച്ച രൂപം ആതിരയിൽ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. അമ്മാമ്മയുടെ കഷ്ടപ്പാടുകൾക്ക് എത്രയും പെട്ടെന്ന് തന്നെ അറുതി വരുത്തണമെന്നായിരുന്നു അവളുടെ ആഗ്രഹം. ആതിരയുടെ കോഴ്സ് തീരാൻ ഇനിയും ഒന്നര വർഷം കൂടി ബാക്കിയുണ്ട്. ആൽഫിയുടെയും ആതിരയുടെയും വിഷ്ണുവിന്റെയും സൗഹൃദം അതേപോലെ തന്നെ മുന്നോട്ട് പോയി. ആൽഫിയുടെ മനസ്സിൽ അവളോടുള്ള പ്രണയം കൂടുതൽ മിഴിവോടെ തന്നെ നിലനിന്ന് പോന്നു. എല്ലാ മാസത്തേയും പതിവ് പോലെ ആ മാസം വരാമെന്ന് പറഞ്ഞിരുന്ന ദിവസം ഭാർഗവി അമ്മ എത്തിയില്ല. രാവിലെ മുതൽ വൈകുന്നേരം വരെ ആതിര ഹോസ്റ്റൽ മുറ്റത്ത്‌ അമ്മാമ്മയെ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

വൈകുന്നേരമായിട്ടും അമ്മാമ്മയെ കാണാത്തത് കൊണ്ട് അവൾ സുമതി വല്യമ്മയുടെ നമ്പറിലേക്ക് വിളിച്ചു നോക്കി. അത് സ്വിച്ച് ഓഫായിരുന്നു. അകാരണമായൊരു ഭയം അവൾക്ക് തോന്നി. അമ്മാമ്മയ്ക്ക് എന്തെങ്കിലും അരുതാത്തത് സംഭവിച്ചിട്ടുണ്ടാവുമോ എന്ന ചിന്ത പോലും ആതിരയെ ഭയപ്പെടുത്തി. അങ്ങനെയൊന്നും ഉണ്ടാവരുതേയെന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു. അമ്മാമ്മയുടെ കാര്യങ്ങളൊന്നും അറിയാത്തത് കൊണ്ട് മുരളിയുടെ ഫോണിൽ വിളിച്ച് അമ്മാമ്മയുടെ കാര്യം തിരക്കാമെന്ന് കരുതി അവൾ അച്ഛനെ ആദ്യമായി അങ്ങോട്ട്‌ വിളിച്ചു........ സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story