മറുതീരം തേടി: ഭാഗം 14

marutheeram thedi shiva

രചന: ശിവ എസ് നായർ

അകാരണമായൊരു ഭയം അവൾക്ക് തോന്നി. അമ്മാമ്മയ്ക്ക് എന്തെങ്കിലും അരുതാത്തത് സംഭവിച്ചിട്ടുണ്ടാവുമോ എന്ന ചിന്ത പോലും ആതിരയെ ഭയപ്പെടുത്തി. അങ്ങനെയൊന്നും ഉണ്ടാവരുതേയെന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു. സുമതി വല്യമ്മയെ വിളിച്ചിട്ട് കിട്ടാത്തതിനാൽ അവളാകെ പേടിച്ചിരിക്കയാണ്. അമ്മാമ്മയുടെ വിവരങ്ങൾ അറിഞ്ഞില്ലെങ്കിൽ തനിക്കൊരു സമാധാനം കിട്ടില്ലെന്ന്‌ ആതിരയ്ക്ക് തോന്നി. ഒടുവിൽ മുരളിയുടെ ഫോണിലേക്ക് വിളിച്ച് അമ്മാമ്മയുടെ കാര്യങ്ങൾ തിരക്കാമെന്ന് കരുതി അവൾ തന്റെ അച്ഛനെ ആദ്യമായി അങ്ങോട്ട്‌ വിളിച്ചു. റിംഗ് ചെയ്ത് തീരാറായപ്പോഴാണ് അയാൾ കാൾ എടുത്തത്. "ഹലോ ആരാണ്.." മുരളിയുടെ മുഴക്കമുള്ള സ്വരം അവളുടെ കാതിൽ പതിഞ്ഞു. ആതിരയുടെ ഹോസ്റ്റലിലെ നമ്പർ ഭാരതി അയാളുടെ ഫോണിൽ സേവ് ചെയ്യാത്തത് കൊണ്ട് അയാൾക്ക് അവളുടെ ഹോസ്റ്റൽ നമ്പർ കണ്ടപ്പോൾ ആരാണ് വിളിക്കുന്നതെന്ന് മനസിലായിരുന്നില്ല.

"അച്ഛാ... ഞാൻ ആതിരയാണ്." മുരളിയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാത്തതിനാൽ ഉള്ളിലെ ആശങ്ക മറച്ചുവച്ച് അവൾ പറഞ്ഞു. "പ്ഫാ എരണം കെട്ടവളെ. നിന്നോടരാടി എന്റെ ഫോണിലേക്ക് വിളിക്കാൻ പറഞ്ഞത്." "അച്ഛാ... ഞാൻ അമ്മാമ്മേടെ വിവരം തിരക്കാൻ വേണ്ടി വിളിച്ചതാ. ഇന്ന് അമ്മാമ്മ വരാമെന്ന് പറഞ്ഞിരുന്ന ദിവസമായിരുന്നു. വൈകുന്നേരമായിട്ടും കാണാത്തോണ്ട് വല്യമ്മയെ വിളിച്ച് നോക്കിയിട്ട് കിട്ടാത്തോണ്ടാ ഞാൻ അച്ഛനെ വിളിച്ചത്." മുരളിയുടെ ചീത്ത വിളി കാര്യമാക്കാതെ അവൾ താൻ ഫോൺ വിളിച്ചതിന്റെ ഉദ്ദേശം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. "ആ കിളവി എവിടെയെങ്കിലും വീണ് ചത്തുകാണും. അത്‌ അന്വേഷിക്കലല്ല എന്റെ പണി. മനുഷ്യനെ മെനക്കെടുത്താതെ ഫോൺ വച്ചിട്ട് പോടീ പുല്ലേ." അത്രയും പറഞ്ഞിട്ട് മുരളി തന്നെ കാൾ കട്ട്‌ ചെയ്തു.

റിസീവറും കൈയ്യിൽ പിടിച്ച് കുറച്ചു നിമിഷത്തേക്ക് ആതിര അങ്ങനെ നിന്നു. മുരളിയുടെ സംസാരത്തിൽ നിന്ന് അമ്മാമ്മയ്ക്ക് അരുതാത്തതൊന്നും പറ്റിയിട്ടുണ്ടാവില്ലെന്ന് അവൾക്കുറപ്പായി. എങ്കിലും അമ്മാമ്മയ്ക്ക് എന്തെങ്കിലും വയ്യായ്ക വല്ലതും ഉണ്ടായിട്ടുണ്ടാവുമോ എന്ന ചിന്ത ആതിരയെ അലോസരപ്പെടുത്തി കൊണ്ടിരുന്നു. അവൾ ഒന്നുകൂടി സുമതിയുടെ ഫോണിലേക്ക് വിളിച്ചു നോക്കിയെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. നാളെ കഴിഞ്ഞും ഭാർഗവി അമ്മയുടെ വിവരങ്ങളറിയാൻ കഴിഞ്ഞില്ലെങ്കിൽ നാട്ടിലേക്ക് പോണമെന്ന് അവൾ മനസ്സിലുറപ്പിച്ചു. അന്ന് രാത്രി അമ്മാമ്മയുടെ ഓർമ്മകളിൽ മുഴുകി ഉറക്കമില്ലാതെ കഴിച്ചുകൂട്ടുകയായിരുന്നു അവൾ. അവർക്കെന്തെങ്കിലും സംഭവിക്കുന്നതിനെക്കുറിച്ച് ഓർക്കാൻ കൂടി അവൾക്ക് ത്രാണിയില്ലായിരുന്നു.

ഒന്നും ഉണ്ടായി കാണില്ലെന്ന് കരുതി അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു. പിറ്റേന്ന് ഞായറാഴ്ചയായതിനാൽ ആതിരയ്ക്ക് ക്ലാസ്സിൽ പോകണ്ടായിരുന്നു. രാവിലെതന്നെ ആൽഫിയും വിഷ്ണുവും അവളെ കാണാനായി ഹോസ്റ്റലിലേക്ക് വന്നു. അവരെ കണ്ടപ്പോൾ ആതിര പുറത്തേക്കിറങ്ങി ചെന്നു. ഹോസ്റ്റലിന് അടുത്തുള്ള ബസ്സ്റ്റോപ്പിൽ മൂവരും ഒത്തുകൂടി. "എന്ത് പറ്റി ആതി. നിന്റെ മുഖത്തൊരു വിഷമം. ഇന്നലെ അമ്മാമ്മ വന്നില്ലേ?" അവളുടെ മനസ്സ് വായിച്ചത് പോലെ ആൽഫി ചോദിച്ചു. "ഇല്ല ആൽഫി. അമ്മാമ്മ വന്നില്ല. വല്യമ്മയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു." നിരാശ നിറഞ്ഞ സ്വരത്തിൽ ആതിര പറഞ്ഞു. "നിന്റെ അമ്മയെ വിളിച്ചു നോക്കിയില്ലേ?" "അമ്മയ്ക്ക് ഫോണില്ല. അച്ഛൻ കുളിക്കാൻ പോവുന്ന സമയത്ത്‌, അമ്മ അച്ഛന്റെ ഫോണിൽ നിന്നാണ് എന്നെ വിളിക്കാറ്.

രണ്ട് ദിവസായിട്ട് അമ്മേടെ കാളും വന്നിട്ടില്ല. ഇതിപ്പോ അമ്മാമ്മേടെ കാര്യം അറിയാൻ വേണ്ടി ഞാനൊന്ന് അച്ഛനെ വിളിച്ചു നോക്കിയിരുന്നു. പക്ഷേ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ച് അച്ഛൻ ഫോൺ വച്ചു. അമ്മാമ്മയ്ക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടോന്നാ ഇപ്പൊ എന്റെ പേടി. ഇന്നലെ രാത്രി എനിക്ക് ഉറങ്ങാനേ പറ്റിയിട്ടില്ല ആൽഫി." വിഷമത്തോടെ അവൾ വിരലുകൾ കൊണ്ട് ദുപ്പട്ടയിൽ തെരുപ്പിടിച്ചു. "ഇപ്പൊ എന്താ ചെയ്യാൻ പറ്റുക? ആതിരയ്ക്ക് വേറെ ആരെയെങ്കിലും നമ്പർ അറിയാമോ?" വിഷ്ണു അവളോട് ചോദിച്ചു. "ഇല്ല വിഷ്ണു. വേറെ ആരെയും നമ്പർ എനിക്കറിയില്ല. ഇന്നുംകൂടി അമ്മാമ്മയുടെ വിവരങ്ങളറിയാൻ പറ്റിയില്ലെങ്കിൽ ഞാൻ നേരെ നാട്ടിലേക്ക് പോകാമെന്നാണ് വിചാരിക്കുന്നത്." "വീട്ടിൽ പോയിട്ട് അന്നത്തെ പോലെ വീണ്ടും എന്തെങ്കിലും പ്രശ്നമുണ്ടായാലോ.?"

അവസാനം അവൾ വീട്ടിൽ പോയപ്പോഴുണ്ടായ പ്രശ്നങ്ങൾ ഓർത്തെടുത്തുകൊണ്ട് ആൽഫി ചോദിച്ചു. "അങ്ങനെയൊന്നും ഇനി നടക്കാൻ പോവുന്നില്ല ആൽഫീ. അതുപോലെതന്നെ പണ്ടത്തെ പോലെ അച്ഛനെ പേടിച്ച് മിണ്ടാതെ വാ പൂട്ടി ഇരിക്കണ സ്വഭാവമല്ല എന്റേത്. പിന്നെ വീട്ടിൽ പോവാത്തത് അമ്മാമ്മ എന്നെ കാണാൻ ഇങ്ങോട്ട് വരുന്നോണ്ടാ. പിന്നെ അമ്മയും ഇടയ്ക്കൊക്കെ ഫോണിൽ വിളിക്കുന്നുണ്ടല്ലോ. അതോണ്ട് നാട്ടിലേക്ക് പോവാൻ ഇതുവരെ തോന്നിയിട്ടില്ല. പക്ഷേ ഇപ്പോ അവസ്ഥ അതല്ലല്ലോ. അമ്മാമ്മയുടെ ശബ്ദം കേൾക്കാതെ എനിക്കൊരു സമാധാനം കിട്ടില്ല." ആതിരയുടെ ശബ്ദം ഇടറിയിരുന്നു. "നീയിന്ന് ഒന്നുകൂടി വല്യമ്മയുടെ നമ്പറിൽ വിളിച്ചു നോക്ക്. കിട്ടിയില്ലെങ്കിൽ നാട്ടിലേക്ക് പോയിട്ട് വാ." ആൽഫിയും വിഷ്ണുവും ഒരേ സ്വരത്തിൽ പറഞ്ഞു. "അത് തന്നെയാണ് ഞാനും ആലോചിച്ചത്."

അവളുടെ മുഖത്ത് ആശങ്ക പ്രകടമായിരുന്നു. അവരങ്ങനെ സംസാരിച്ച് നിൽക്കുമ്പോഴാണ് ഹോസ്റ്റൽ ഗേറ്റിന് മുന്നിൽ ഒരു ഓട്ടോ വന്ന് നിന്നത്.  അതിൽ നിന്ന് ഇറങ്ങുന്ന ഭാർഗവി അമ്മയെ കണ്ടതും അമ്മാമ്മേന്ന് നീട്ടി വിളിച്ചുകൊണ്ട് കാറ്റുപോലെ ആതിര അവർക്കടുത്തേക്ക് പാഞ്ഞു ചെന്നു.  അവളുടെ ഓട്ടം കണ്ട് ആൽഫിക്കും വിഷ്ണുവിനും ആതിരയുടെ അമ്മാമ്മയാണ് വന്നതെന്ന് മനസ്സിലായി. അവരിരുവരും അവരുടെ അടുത്തേക്ക് ചെന്നു. "ഇന്നലെ വരാമെന്ന് പറഞ്ഞിട്ട് കാണാതായപ്പോ ഞാനെത്ര പേടിച്ചുവെന്ന് അറിയോ അമ്മാമ്മേ. വല്യമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ ശരിക്കും ഭയന്നുപോയി ഞാൻ." അവരെ കെട്ടിപ്പിടിച്ചു കൊണ്ട് അവളത് പറയുമ്പോൾ ഭാർഗവിയുടെ വിരലുകൾ അവളുടെ ശിരസ്സിനെ തഴുകി. "എനിക്ക് തോന്നി നീ പേടിച്ചിരിക്കുകയാവുമെന്ന്.

സുമതിയുടെ ഫോണിന് ബാറ്ററിക്കെന്തോ പ്രശ്നം ആയിട്ട് ഇന്നലെ കേടായി പോയി മോളെ. അതാണ് വരാൻ പറ്റില്ലെന്ന് വിളിച്ചു പറയാൻ പറ്റാതെ പോയത്. ഇന്നലെ രാജൻ ഗൾഫിൽ നിന്ന് വന്നിട്ടുണ്ടായിരുന്നു. പറയാതെ വന്നതാ അവൻ. പോയിട്ട് രണ്ട് വർഷം കഴിഞ്ഞില്ലേ. രാജൻ വന്നപ്പോൾ രണ്ട് ഫോൺ കൊണ്ട് വന്നാരുന്നു മോളെ. ഒരെണ്ണം സുമതി കാണാതെ നിനക്ക് തരാൻ വേണ്ടി എന്റെ കൈയ്യിൽ തന്ന് വിട്ടു, പിന്നെ കുറച്ചു രൂപയും.  നിന്റെ വല്യമ്മ കണ്ടാൽ പിന്നെ അതുമതി അടുത്ത ബഹളത്തിന്. നിന്നെ പഠിപ്പിക്കാൻ വേണ്ടി ഞാൻ ജോലിക്ക് പോകുന്നത് പോലും ഇഷ്ടമല്ല. പിന്നെ എന്നോട് വഴക്കിടാൻ വരില്ലെന്നേയുള്ളു. രാജന് നിനക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിലും അവള് സമ്മതിക്കില്ല. ഇത് തന്നെ അവൾ കാണാതെ തന്നതാ. പിന്നെ സുമതിയുടെ പഴയ ഫോൺ ശരിയാക്കിയിട്ട് എനിക്ക് തരാന്ന് പറഞ്ഞിട്ടുണ്ട്." കൈയിലിരുന്ന കവറിനുള്ളിൽ നിന്നും ഭാർഗവി ഒരു nokia ഫോണും കുറച്ചു രൂപയും അവളുടെ കൈയ്യിലേക്ക് വച്ചുകൊടുത്തു.

"പാവം വല്യച്ഛൻ... പണ്ടൊക്കെ വീട്ടിൽ വരുമ്പോൾ വല്യമ്മയെ പേടിച്ച് എന്നോട് മിണ്ടാറ് പോലുമില്ലായിരുന്നു. ദൂരെ മാറി നിന്ന് ആരും കാണാതെ എന്നെ നോക്കി ചിരിക്കും." പഴയ ഓർമ്മയിൽ അവൾ പറഞ്ഞു. "ആതി... അമ്മാമ്മയ്ക്ക് ഞങ്ങളെ കൂടി പരിചയപ്പെടുത്ത്." ചിരിയോടെ ആൽഫിയും വിഷ്ണുവും അവർക്കരികിൽ വന്നു. "അമ്മാമ്മേ ഇത് ആൽഫി, ഇത് വിഷ്ണു. രണ്ടാളേം കണ്ടിട്ടില്ലെങ്കിലും അമ്മാമ്മയ്ക്ക് നിങ്ങളെ പറ്റി നന്നായി അറിയാം." ആതിര അവരെ ഭാർഗവിക്ക് പരിചയപ്പെടുത്തി. "മക്കളെ നേരിട്ട് കണ്ടിട്ടില്ലെന്നേയുള്ളു. മോള് പറഞ്ഞ് നിങ്ങളെ രണ്ടാളെയും എനിക്കറിയാം." ഭാർഗവി അമ്മ അവരോടായി പറഞ്ഞു. "അമ്മാമ്മയെ കാണിച്ചുതരാൻ ഞാനിവളോട് എപ്പഴും പറയാറുണ്ട്. പിന്നെ ആവട്ടെയെന്ന് പറഞ്ഞ് ഇവൾ ഉഴപ്പി നടക്കുവായിരുന്നു." ആൽഫി പറഞ്ഞത് കേട്ട് അവളുടെ മുഖത്ത്‌ പരിഭ്രമമായി. ആതിരയെ തനിക്ക് ഇഷ്ടമാണെന്നും കോഴ്സ് കഴിഞ്ഞു ഒരു ജോലി കിട്ടിയ ശേഷം അവളെ കല്യാണം കഴിപ്പിച്ചു തരുമോന്നും ചോദിക്കാൻ വേണ്ടിയാണ് ആൽഫി അവളുടെ അമ്മാമ്മയെ കാണണമെന്ന് എപ്പോഴും പറഞ്ഞിരുന്നത്.

അതവൻ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ആതിരയ്ക്കത് നേരത്തെ മനസ്സിലായതാണ്. അതുകൊണ്ട് അവളവനെ ഇതുവരെ അമ്മാമ്മയ്ക്ക് നേരിട്ട് പരിചയപ്പെടുത്തി കൊടുത്തിട്ടില്ല. കാരണം ആതിരയ്ക്കും ആൽഫിയോട് മനസ്സ് കൊണ്ട് ചെറിയൊരു ചായ്‌വുണ്ട്. എങ്കിലും അതൊരു പ്രണയമായി വളർന്നിട്ടില്ല. തനിക്കൊരു ജോലി ആയിട്ട് അമ്മാമ്മയോട് അതേപറ്റി സംസാരിക്കാമെന്ന് കരുതി ആൽഫി തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ കാര്യം അവൾ അമ്മാമ്മയോട് പറഞ്ഞിട്ടില്ലായിരുന്നു. എന്തായാലും ഇപ്പൊ എല്ലാവരും പരസ്പരം പരിചയപ്പെട്ട് കഴിഞ്ഞു. അമ്മാമ്മയ്ക്ക് തിരികെ നാട്ടിലേക്കുള്ള ട്രെയിൻ രാത്രി എഴ് മണിക്ക് ആയതിനാൽ അവർ മൂവരും കൂടി അമ്മാമ്മയെയും കൂട്ടി അവിടെയൊക്കെ കറങ്ങാൻ തീരുമാനിച്ചു. ഉച്ചയ്ക്കത്തെ ആഹാരമൊക്കെ പുറത്ത് ഹോട്ടലിൽ നിന്ന് കഴിച്ച ശേഷം എല്ലാവരും ബീച്ചിലൊക്കെ കറങ്ങി നടന്നു.  

കുട്ടികളോടൊപ്പമുള്ള ഓരോ നിമിഷങ്ങളും ഭാർഗവി അമ്മ നന്നായി തന്നെ ആസ്വദിച്ചു. അവരെ സംബന്ധിച്ച് അത്രയും വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ആഘോഷങ്ങളൊക്കെ. അവരുടെ അടുത്ത് നിന്ന് തിരിച്ചു പോകുവാൻ ഭാർഗവിക്ക് മനസ്സ് വന്നില്ല.  ആറുമണിയോടെ അവർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ട്രെയിൻ വരാൻ ഇനിയും ഒരു മണിക്കൂർ ബാക്കിയുണ്ട്. നാട്ടിലെ വിശേഷങ്ങളോരോന്ന് ചോദിച്ചു കൊണ്ട് റെയിൽവേ സ്റ്റേഷനിലെ സിമന്റ് ബെഞ്ചിന് അരികിലായി അമ്മാമ്മയ്‌ക്കൊപ്പം  അവളിരുന്നു. ആൽഫിയും വിഷ്ണുവും ഭാർഗവി അമ്മയ്ക്കുള്ള ടിക്കറ്റ് എടുക്കാൻ പോയിരിക്കുകയാണ്. "ഞങ്ങൾക്ക് അമ്മാമ്മയെ പറഞ്ഞു വിടാൻ തോന്നുന്നില്ല." അമ്മാമ്മയുടെ അടുത്ത് വന്നിരുന്നു കൊണ്ട് ആൽഫിയും വിഷ്ണുവും പറഞ്ഞു.

 "എനിക്കും നിങ്ങളെ വിട്ട് പോവാൻ തോന്നുന്നില്ല മക്കളെ. പക്ഷേ പോവാതെ പറ്റില്ലല്ലോ. അടുത്ത മാസം ഞാൻ വരുമ്പോഴും നമുക്ക് ഇതുപോലെ ഒത്തുകൂടാം." "അമ്മാമ്മയെ പോലെ തന്നെയായിരുന്നു എന്റെ അമ്മച്ചിയും." അമ്മച്ചിയുടെ ഓർമ്മകൾ മനസ്സിലേക്ക് വന്നപ്പോൾ ആൽഫിയുടെ കണ്ണുകൾ ഈറനായി. "മോൻ അതൊന്നും ഓർത്ത് സങ്കടപ്പെടണ്ട. അമ്മച്ചിയുടെ ആഗ്രഹം പോലെ നന്നായി പഠിച്ച് ജോലി വാങ്ങിക്ക്. എന്നിട്ട് നിന്റെ പപ്പയുടെ മുന്നിൽ പോയി തലയുയർത്തി നിൽക്കണം." അവന്റെ തോളിൽ തട്ടിക്കൊണ്ടു ഭാർഗവി അത് പറയുമ്പോൾ ആൽഫി അവരുടെ വലം കൈ കവർന്നു. "അമ്മാമ്മേ ഒരു ജോലി വാങ്ങി കഴിഞ്ഞാൽ അമ്മാമ്മേടെ ഈ പേരക്കുട്ടിയെ എനിക്ക് കെട്ടിച്ചു തരുമോ? ആതിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.

അമ്മാമ്മയുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ഞാൻ ആതിയെ മിന്നുകെട്ടു." തന്റെ മനസ്സിലുള്ള ആഗ്രഹം പറയാൻ അനുയോജ്യമായ സന്ദർഭം അതാണെന്ന് തോന്നി ആൽഫി അമ്മാമ്മയോട് തനിക്ക് ആതിരയോടുള്ള ഇഷ്ടം വെളിപ്പെടുത്തി. ആൽഫി അങ്ങനെ എടുത്തടിച്ചത് പോലെ ഈയൊരു കാര്യം പറയുമെന്ന് ആതിര സ്വപ്‌നത്തിൽ പോലും വിചാരിച്ചതല്ല. അമ്മാമ്മ തന്നെ തെറ്റിദ്ധരിക്കുമോയെന്ന് ഓർത്തായിരുന്നു അവൾക്ക് വിഷമം തോന്നിയത്. ആൽഫിയുടെ വാക്കുകൾ കേട്ട് അന്തംവിട്ട് നിൽക്കുകയാണ് ഭാർഗവി അമ്മ. "മോൻ കാര്യമായിട്ട് പറഞ്ഞതാണോ? നിങ്ങടെ ജാതീം മതോം ഒക്കെ വേറെ വേറെയാണ്.

അതുപോലെ മോന്റെ വീട്ടുകാർ ഈ ബന്ധം സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ. ഈ പ്രായത്തിൽ ഇങ്ങനെ പലതും തോന്നും." "ആതിരയോട് എനിക്ക് തോന്നിയ ഇഷ്ടം വെറുമൊരു നേരംപോക്കല്ല അമ്മാമ്മേ. അതുപോലെ തന്നെ ജാതിയും മതവുമൊന്നും എനിക്ക് പ്രശ്നമല്ല. അമ്മാമ്മയുടെ സമ്മതമുണ്ടെങ്കിൽ ആതിരയും എന്നെ സ്നേഹിക്കും. അങ്ങനെ ആണെങ്കിൽ എന്റെ വീട്ടുകാരുടെ സമ്മതം എനിക്ക് ആവശ്യമില്ല അമ്മാമ്മേ. എനിക്ക് എന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ആതിരയെ എനിക്ക് തന്നെ നൽകാമെന്നൊരു ഉറപ്പ് അമ്മാമ്മയ്ക്ക് തരാനാവുമോ?" പ്രതീക്ഷയോടെ ആൽഫി അമ്മാമ്മയെ നോക്കി......... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story