മറുതീരം തേടി: ഭാഗം 15

marutheeram thedi shiva

രചന: ശിവ എസ് നായർ

"ആതിരയെ എനിക്ക് തന്നെ നൽകാമെന്നൊരു ഉറപ്പ് അമ്മാമ്മയ്ക്ക് തരാനാവുമോ?" പ്രതീക്ഷയോടെ ആൽഫി അമ്മാമ്മയെ നോക്കി. "നീ കാര്യമായിട്ട് പറയുവാണോ മോനെ? നിങ്ങളുടെ രണ്ടുപേരുടെയും ജീവിതം തുടങ്ങിയിട്ട് പോലുമില്ല. ഇപ്പഴത്തെ പ്രായത്തിന്റെ ആവേശം കൊണ്ട് ഇങ്ങനെ പലതും തോന്നാം. വിചാരിക്കുന്ന പോലെ എളുപ്പമല്ല മുന്നോട്ടുള്ള ജീവിതം. പ്രതിസന്ധികളിൽ തളരാതെ മനകരുത്തോടെ പിടിച്ചുനിൽക്കണം." ആതിരയുടെ ഭാവിയിവക്കുറിച്ചുള്ള ആശങ്ക അവരിൽ പ്രകടമായിരുന്നു.  "എന്റെ മുഖം കണ്ടിട്ട് ഞാൻ തമാശ പറയുന്നതാണെന്ന് തോന്നുന്നുണ്ടോ അമ്മാമ്മേ. ആതിയെന്ന് വച്ചാൽ എനിക്ക് ജീവനാണ്. ഒരവസ്ഥയിലും ഞാനവളെ കൈവിടില്ല. ഏത് പ്രതിസന്ധി ഘട്ടത്തിലും അവളെ ഞാൻ ചേർത്തുപിടിക്കും."

"ആതിരയുടെ ഭാവി ആലോചിക്കുമ്പോൾ എനിക്ക് ആശങ്കയുണ്ട്. എന്റെ കണ്ണടഞ്ഞാൽ പിന്നെ അവളെ തിരിഞ്ഞു നോക്കാൻ ഒരാള് പോലും ഉണ്ടാവില്ല. എനിക്കെന്തെങ്കിലും സംഭവിക്കുന്നതിന് മുൻപ് തന്നെ ഇവളെ വിശ്വസിച്ചു പിടിച്ചേൽപ്പിക്കാൻ കഴിയുന്ന ആരെയെങ്കിലും ഏൽപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. ആൽഫിക്ക് ഇവളോടുള്ള സ്നേഹം സത്യസന്ധമാണെങ്കിൽ അവളെ ഒരു പ്രതിസന്ധി ഘട്ടത്തിലും കൈവിടില്ലെങ്കിൽ, രണ്ടാൾക്കും ഒരു ജോലി കിട്ടിയ ശേഷം നിങ്ങളുടെ കല്യാണം നടത്തിത്തരാൻ എനിക്ക് സമ്മതമാണ്. പക്ഷേ അവളും പറയണം നിന്നെ ഇഷ്ടമാണെന്ന്. അങ്ങനെയൊരു ഇഷ്ടം അവൾക്ക് നിന്നോട് ഉണ്ടായിരുന്നെങ്കിൽ എന്നോട് പറഞ്ഞേനെ. പിന്നെയൊരു പ്രശ്നമെന്താന്ന് വച്ചാൽ, നിങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ  ഒപ്പം താങ്ങായി നിൽക്കാൻ ഇരുവീട്ടുകാരും ഇല്ലെന്നുള്ളത് ഓർമ്മ വേണം. ആതിരയുടെ അമ്മയ്ക്ക് അവളോട് സ്നേഹമാണെങ്കിൽ പോലും മുരളിയുടെ ചിലവിൽ കഴിയുന്നത് കൊണ്ട് അവൾക്കൊന്നും ചെയ്യാൻ കഴിയില്ല.

അതുപോലെ ആൽഫിയുടെ വീട്ടിലും എതിർപ്പുകൾ ഉണ്ടാവും." ഭാർഗവി അമ്മയുടെ വാക്കുകൾ ഇരുവരും ശ്രദ്ധയോടെ കേട്ടിരുന്നു. "അമ്മാമ്മ പറഞ്ഞതൊക്കെ ശരിയാണ്. ഒക്കെ ഞാൻ സമ്മതിക്കുന്നു. എന്റെ വീട്ടിലും എതിർപ്പുകൾ ഉണ്ടാവും. പക്ഷേ എനിക്കിപ്പോ അതൊന്നും ഒരു വിഷയമേ അല്ല. ഞങ്ങൾക്കൊപ്പം അമ്മാമ്മയുള്ളത് തന്നെ ധൈര്യമാണ്. അമ്മാമ്മയ്ക്ക് ഓക്കേ ആണെങ്കിൽ ആതിരയോട് അമ്മാമ്മ തന്നെ ചോദിക്ക് അവൾക്കെന്നെ ഇഷ്ടമാണോന്ന്." ആൽഫിയുടെ നോട്ടം അവളിലേക്ക് നീണ്ടുചെന്നു. "മോളെ... നിനക്കിവനെ ഇഷ്ടമാണെങ്കിൽ അമ്മാമ്മ തന്നെ നിങ്ങളുടെ കല്യാണം നടത്തിത്തരാം. എന്താ മോൾടെ അഭിപ്രായം.?" "ഇതുവരെ ആൽഫിയെ ഞാനെന്റെ നല്ലൊരു സുഹൃത്തായിട്ട് മാത്രമേ കണ്ടിട്ടുള്ളു അമ്മാമ്മേ. നല്ലൊരു കൂട്ടുകാരന് നല്ലൊരു ജീവിത പങ്കാളി ആവാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഞങ്ങൾക്ക് ഒരു ജോലി ആയിട്ട് അമ്മാമ്മയോട് ഇക്കാര്യം പറയാമെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. അമ്മാമ്മയുടെ കൂടെ സമ്മതമില്ലാതെ മനസ്സിൽ ഒരു ആഗ്രഹവും ഉണ്ടാവാൻ പാടില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അമ്മാമ്മയ്ക്ക് ആൽഫിയെ ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടമാണ് അമ്മാമ്മേ. നമ്മളെ കുറിച്ച് നന്നായി അറിയുന്ന എന്നെ സ്നേഹിക്കുന്ന ഒരാളല്ലേ ആൽഫിയും." ആതിരയുടെ മറുപടി ആൽഫിയെ സന്തോഷിപ്പിച്ചു. " അമ്മാമ്മ ഇവളെ എന്നെ വിശ്വസിച്ചു ഏൽപ്പിക്കുകയാണെങ്കിൽ എന്റെ ജീവൻ കളഞ്ഞും ഞാനവളെ സംരക്ഷിക്കും. പൊന്നുപോലെ നോക്കാമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഒരിക്കലും പാട്ടിണിക്കിടില്ല കരയിപ്പിക്കേമില്ല. എന്റെ കൂടെ ആതിരയെന്നും സന്തോഷവതിയായിരിക്കും. ആ ഉറപ്പ് പോരെ. " ഭാർഗവി അമ്മയുടെ കരങ്ങൾ കവർന്നുകൊണ്ട് അവൻ പറഞ്ഞു.

"മതി മോനെ... എന്റെ കുഞ്ഞിനെ നീ നന്നായി നോക്കുമെന്ന് എനിക്ക് ഉറപ്പായി. ഇനി ഒരു വർഷം കൂടിയല്ലേ ഉള്ളു. നന്നായി പഠിച്ച് പരീക്ഷ ജയിച്ച് ഒരു ജോലി വാങ്ങ് നിങ്ങൾ. അപ്പൊ ഞാൻ തന്നെ നിങ്ങളുടെ കല്യാണം നടത്തിത്തരാം." അമ്മാമ്മയുടെ ആ ഉറപ്പ് മതിയായിരുന്നു അവരിരുവർക്കും. എഴ് മണിക്ക് പാലക്കാടേക്കുള്ള ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്ന് നിന്നപ്പോൾ മൂവരോടും യാത്ര പറഞ്ഞ് ഭാർഗവി അമ്മ ട്രെയിനിലേക്ക് കയറി. നീട്ടിയൊരു ചൂളം വിളിയോടെ ട്രെയിൻ ചലിച്ചു തുടങ്ങി. ആതിരയും ആൽഫിയും വിഷ്ണുവും അമ്മാമ്മയ്ക്ക് നേരെ കൈവീശി. നിറഞ്ഞ കണ്ണുകൾ നേര്യതിന്റെ തുമ്പാലെ ഒപ്പി ഭാർഗവി അമ്മ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. 

തിരിച്ച് ഹോസ്റ്റലിലേക്ക് പോകുമ്പോൾ ആൽഫിയുടെയും ആതിരയുടെയും ഉള്ളിൽ വല്ലാത്തൊരു തണുപ്പ് പടർന്നിരുന്നു. അവളുടെയുള്ളിൽ അവനോടുള്ള പ്രണയം തളിർത്ത് തുടങ്ങിയിരുന്നു. പരസ്പരമുള്ള നോട്ടങ്ങളിലൂടെ അവർ ഉള്ളിലുള്ള പ്രണയം പങ്കുവെച്ചു. ആതിരയെ അവളുടെ ഹോസ്റ്റലിൽ ആക്കി ആൽഫിയും വിഷ്ണുവും അവരുടെ ഹോസ്റ്റലിലേക്ക് പോയി. റൂമിലെത്തിയ പാടെ ആതിര അമ്മാമ്മ കൊണ്ടുവന്ന നോക്കിയ മൊബൈൽ എടുത്ത് കവർ പൊട്ടിച്ചു നോക്കി. ആദ്യമായിട്ടാണ് അവൾക്ക് സ്വന്തമായൊരു മൊബൈൽ ഫോൺ. വല്യച്ഛന്റെ ചിരിക്കുന്ന മുഖം അവളുടെ മനസ്സിലൂടെ കടന്നുപോയി. നാളെതന്നെ അതിൽ ഒരു സിം കാർഡ് വാങ്ങി ഇടണമെന്ന് അവൾ തീരുമാനിച്ചു. ദിവസങ്ങൾ പിന്നെയും പോയി മറഞ്ഞു. സ്വന്തമായി ഒരു മൊബൈൽ ഫോൺ കിട്ടിയ ശേഷം ആതിര അമ്മാമ്മയെ വിളിക്കുന്നത് അതിൽ നിന്നാണ്. ഭാരതിയും മുരളിയുടെ കണ്ണ് വെട്ടിച്ച് അവളുടെ നമ്പറിലേക്ക് സമയം കിട്ടുമ്പോഴൊക്കെ വിളിക്കും. 
"മോളെ... നിനക്ക് നമ്മുടെ വീടിനടുത്തുള്ള വിമലേ അറിയില്ലേ." ഒരു ദിവസം ഫോൺ സംഭാഷണത്തിനിടെ ഭാരതി അവളോട് ചോദിച്ചു. "ആ അമ്മേ. അറിയാം. എന്തേ?"  "വിമലേടെ ചേട്ടന്റെ മോൻ പ്രവീൺ ജർമ്മനിയിൽ നേഴ്സ് ആണ്. അവന് വേണ്ടി നിന്നെ ആലോചിച്ചാലോന്ന് അവർക്ക് താല്പര്യം.  പഠിപ്പ് കഴിയാതെ നിന്നെ കെട്ടിക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞു." ഭാരതിയുടെ വാക്കുകൾ അവളിൽ ഞെട്ടലുളവാക്കി. "എ... എന്നിട്ട്... അ... അവരെന്താ പറഞ്ഞെ?" വിക്കലോടെ അവൾ ചോദിച്ചു. "അവർക്കും പഠിപ്പ് കഴിഞ്ഞു മതിയെന്ന്. കല്യാണം കഴിഞ്ഞാൽ നിന്നെയും ജർമ്മനിക്ക് കൊണ്ടുപോവും." "ഇതൊക്കെ വേണോ അമ്മേ?" "നീ ഇങ്ങോട്ട് വരുമ്പോ അവര് വന്ന് കാണട്ടെ. നമ്മുടെ അവസ്ഥ മനസ്സിലാക്കി വന്ന നല്ലൊരു ആലോചനയാണ്. മോൾക്ക് പയ്യനെ കണ്ടാൽ ഇഷ്ടപ്പെടും. എല്ലാംകൊണ്ടും ചേരുന്ന ബന്ധമാണ്. പ്രവീണും നിന്നെപ്പോലെ നേഴ്സാണ്. വല്യ പ്രായ വ്യത്യാസവുമില്ല. നിനക്ക് കൂടി അവിടെ ജോലി ആയാൽ നീ രക്ഷപ്പെടില്ലേ മോളെ."

"എനിക്ക് അത്ര താല്പര്യം തോന്നുന്നില്ല അമ്മേ." "അതെന്താ? നിനക്കിനി വല്ല പ്രേമമോ മറ്റോ ഉണ്ടോ?" "ഏയ്‌... ഇല്ല.. ഉടനെ ഒരു കല്യാണം വേണ്ടെന്നാ പറഞ്ഞേ." വെപ്രാളത്തോടെ അവൾ പറഞ്ഞു. "ഞാൻ ഉടനെ കല്യാണം നടത്തണോന്നല്ല പറഞ്ഞത്. മക്കള് പഠിച്ചിറങ്ങി ഒരു ജോലിയൊക്കെ വാങ്ങി കുറച്ചു നാൾ കഴിഞ്ഞു മതി കല്യാണം. പ്രവീൺ അടുത്ത വർഷം ലീവ് കഴിഞ്ഞു വരുമ്പോൾ വന്ന് കാണും. അവനെ നേരിട്ട് കണ്ടാൽ നിനക്കും ഇഷ്ടപ്പെടും. വിമലയെനിക്ക് ഫോട്ടോ കാണിച്ചു തന്നായിരുന്നു. നീ വരുമ്പോൾ കാണിക്കാൻ വേണ്ടി ഇവിടെ എടുത്തു വച്ചിട്ടുണ്ട് ഞാൻ." "അതൊക്കെ പിന്നത്തെ കാര്യമല്ലേ അമ്മേ. നമുക്ക് അപ്പൊ നോക്കാം." "ഞാൻ മോളോടൊന്ന് സൂചിപ്പിച്ചെന്നേയുള്ളൂ. നല്ല കൂട്ടരാ. നിനക്ക് ചേരുന്ന ബന്ധവുമാണ്. നീയൊന്ന് രക്ഷപെട്ടു കണ്ടാൽ മതി അമ്മയ്ക്ക്."  അമ്മയോട് ആൽഫിയുടെ കാര്യം ഉടനെയൊന്നും അവതരിപ്പിക്കാൻ കഴിയില്ലെന്ന് അവൾക്ക് തോന്നി. ഒരുപക്ഷേ ആൽഫിയുടെ കാര്യമറിഞ്ഞാൽ തന്നോട് ഇപ്പൊ തോന്നിയ ഇഷ്ടം പോലും പോകും.

അതുകൊണ്ട് സമയമാകുമ്പോൾ അമ്മാമ്മ വഴി ആൽഫിയുടെ കാര്യങ്ങൾ അമ്മയെ അറിയിക്കാമെന്ന് ആതിര തീരുമാനിച്ചു. "പിന്നെ വേറെന്താ അമ്മേ വിശേഷങ്ങൾ. ആരതിയും അഞ്ജുവും സ്കൂളിൽ പോകുന്നില്ലേ. രണ്ടാളും നന്നായി പഠിക്കുന്നുണ്ടോ." വിഷയം മാറ്റാനെന്നോണം അവൾ ചോദിച്ചു. "ആരതി ഇപ്പൊ ഇത്തിരി ഉഴപ്പുന്നുണ്ട്. അഞ്ജു ഇപ്പൊ പത്തിൽ അല്ലെ. അതുകൊണ്ട് ഉഴപ്പൊന്നുമില്ലാതെ നന്നായി പഠിക്കുന്നുണ്ട്. ഇപ്പോഴേ പെണ്ണിന് ഡോക്ടർ ആവണോന്നാ പറച്ചിൽ. ആരതിയാണേൽ ഇത് കഴിഞ്ഞു ഇനി പഠിക്കുന്നില്ല തയ്യൽ ക്ലാസിന് പോയാ മതീന്നാ പറയുന്നേ. അഞ്ജുവിന്റെ ആഗ്രഹം കേട്ട് ഞെട്ടി ഇരിപ്പുണ്ട് നിന്റെ അച്ഛൻ. അവര് അച്ഛനും മക്കളും എന്തേലും ചെയ്യട്ടെയെന്ന് ഞാനും വിചാരിച്ചു." "മെഡിസിന് പഠിക്കാനൊക്കെ ഒത്തിരി പൈസയാവും. അവള് പഠിച്ച് മെറിട്ടിൽ സീറ്റ് വാങ്ങിയാൽ വല്യ ചിലവില്ലാതെ പഠിക്കാം. എന്തായാലും അച്ഛന്റെ കൈയ്യിൽ കുറേ കാശ് മുടക്കി പഠിപ്പിക്കാനുള്ള പഠിത്തമൊന്നും ഇല്ലല്ലോ."

"അത് തന്നെയാ മുരളിയേട്ടനും അവളോട് പറയുന്നത്. ഞാൻ അഭിപ്രായമൊന്നും പറയാൻ പോയില്ല." ഒഴുക്കൻ മട്ടിൽ അവർ പറഞ്ഞു. "അമ്മ കഴിച്ചോ?" " ആ.. കഴിച്ചു. നീയോ?" "ഞാനും കഴിച്ചു.. നാളെ എക്സാം തുടങ്ങുവാ. കുറേ പഠിക്കാനുണ്ട്." "നീ പോയിരുന്ന് പഠിക്ക്. ഞാൻ നാളെ വിളിക്കാം. അച്ഛനും കുളി കഴിഞ്ഞു വരുന്നുണ്ട്." "ശരിയമ്മേ.. ഞാൻ വയ്ക്കുവാ." കാൾ കട്ട്‌ ചെയ്ത് ആതിര കട്ടിലിലേക്ക് കിടന്നു. ഭാരതി പറഞ്ഞ പ്രവീണിന്റെ ആലോചന അവളുടെ മനസ്സിനെ അലോസരപ്പെടുത്തി കൊണ്ടിരുന്നു. ഇപ്പൊ അമ്മ അക്കാര്യം വിട്ടെങ്കിലും ഇനിയും ആ വിഷയം ഉയർന്നുവരുമെന്ന് ആതിരയ്ക്കറിയാം. ആൽഫിയുടെ കാര്യമറിയുമ്പോഴുള്ള ഭാരതിയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അവൾ ചിന്തിച്ചു. അന്യജാതിക്കാരനും വീട്ടുകാരുമായി വഴക്കിട്ട് നിൽക്കുന്ന ഒരു സാഹചര്യവുമാണ് ആൽഫിയുടേത്. പോരാത്തതിന് നാട് കോട്ടയവും. ആതിരയേക്കാൾ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബവുമാണ്. പ്രവീണും വിമലാന്റിയുമൊക്കെ തങ്ങളെ പോലെ സാധാരണക്കാരാണ്.

ഇതൊക്കെ കാരണം ഭാരതി ആൽഫിയുമായുള്ള ബന്ധത്തെ എതിർക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. എല്ലാത്തിനും അമ്മാമ്മയുടെ പക്കൽ പരിഹാരം കാണുമെന്ന് അവൾ ആശ്വസിച്ചു. ആതിരയുടെയും ആൽഫിയുടെയും അവസാനവർഷ പരീക്ഷയ്ക്ക് തുടക്കമായി. ഇതിനിടയിൽ വിഷ്ണുവിന്റെ കോഴ്സ് കഴിഞ്ഞു അവൻ നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു.  സാധാരണ കമിതാക്കളെ പോലെ പ്രേമിച്ചു നടക്കാനൊന്നും ആതിരയ്ക്കോ ആൽഫിക്കോ താല്പര്യമുണ്ടായിരുന്നില്ല. മുന്നോട്ടുള്ള ജീവിതത്തെ സീരിയസായി കണ്ട് പഠിത്തത്തിൽ മാത്രമായിരുന്നു ഇരുവരുടെയും ശ്രദ്ധ. വിഷ്ണുവിന്റെ അഭാവം രണ്ടുപേരെയും വിഷമിപ്പിച്ചിരുന്നു. എങ്കിലും ഇടയ്ക്കിടെയുള്ള വിഷ്ണുവിന്റെ ഫോൺ കോളുകൾ അവരുടെ സൗഹൃദത്തെ കൂടുതൽ ഊട്ടിയുറപ്പിച്ചു. മാസത്തിലൊരിക്കൽ ഭാർഗവി അമ്മയും അവരെ കാണാനെത്തിക്കൊണ്ടിരുന്നു. **************

ദിവസങ്ങൾ കടന്നുപോയി. ആതിരയുടെയും ആൽഫിയുടെയും പരീക്ഷകൾ എല്ലാം അവസാനിച്ചിരുന്നു.  തല്ക്കാലം ഇരുവരും നാട്ടിൽ പോകാതെ ഹോസ്റ്റലിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. അമ്മാമ്മയെ വിളിച്ച് ഉടനെ നാട്ടിലേക്ക് ഇല്ലെന്നും സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങിയ ശേഷം വരാമെന്നും അതുവരെ ഹോസ്റ്റലിൽ നിൽക്കുകയാണെന്നും പറഞ്ഞപ്പോൾ ഭാർഗവി അമ്മയും അത്‌ അംഗീകരിച്ചു. നഴ്സിംഗ് കോഴ്സ് പാസ്സായതിന്റെ സർട്ടിഫിക്കറ്റ് കിട്ടിയ ശേഷം കർണാടകയിൽ തന്നെ ഒരു ജോലി കണ്ടുപിടിക്കാനായിരുന്നു ഇരുവരുടെയും പ്ലാൻ.  കാരണം അവരവരുടെ നാട്ടിൽ ജോലി കണ്ടെത്തിയാൽ പിന്നെ രണ്ടുപേർക്കും തമ്മിൽ കാണാൻ പറ്റില്ല.  കർണാടകയിൽ തന്നെ ജോലി കണ്ടെത്തിയ ശേഷം കല്യാണം കഴിച്ച് അവിടെ സ്ഥിര താമസമാക്കാനായിരുന്നു ആൽഫിയുടെയും ആതിരയുടെയും തീരുമാനം.

അതുകൊണ്ട് ഒരു ജോലി ആയ ശേഷം നാട്ടിലേക്കൊന്ന് പോയി എല്ലാരേയും കണ്ടുവരാമെന്ന തയ്യാറെടുപ്പിലാണ് അവരിരുവരും. ആൽഫിയുടെ പരിചയത്തിലെ ആളുവഴി തല്ക്കാലത്തേക്ക് ഒരു ഡോക്ടറുടെ ക്ലിനിക്കിൽ രണ്ടുപേരും നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലിക്ക് പോയി തുടങ്ങി. സർട്ടിഫിക്കറ്റ് ഒക്കെ കിട്ടിയ ശേഷം ഹോസ്പിറ്റലിലേക്ക് ജോലിക്ക് ശ്രമിക്കാമെന്നും അതുവരെ അവിടെ തുടരാമെന്നും ആൽഫിയും ആതിരയും തീരുമാനിച്ചു. ക്ലിനിക്കിൽ തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. എങ്കിലും അവരുടെ ആവശ്യങ്ങൾക്ക് അത് മതിയാകുമായിരുന്നു. ആതിരയുടെ പഠിത്തം അവസാനിച്ചത്തോടെ ഭാർഗവി അമ്മയെ ജോലിക്ക് പോകുന്നതിൽ നിന്ന് അവൾ വിലക്കി. ഹോസ്റ്റൽ ഫീസും മറ്റ് ആവശ്യങ്ങളും കഴിഞ്ഞു മിച്ചം പിടിക്കുന്ന കുറച്ചു പൈസ ആതിര അമ്മാമ്മയ്ക്ക് അയച്ചു കൊടുക്കാൻ തുടങ്ങി. 
അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ പരീക്ഷാഫലം പുറത്ത് വന്നു. അവസാനമായപ്പോഴേക്കും രണ്ടുപേർക്കും ചില വിഷയങ്ങൾ ഇത്തിരി പാടായിരുന്നു. അതുപോലെ പരീക്ഷയും അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് ചെറിയൊരു ടെൻഷൻ ഇരുവർക്കും ഉണ്ടായിരുന്നു. നെഞ്ചിടിപ്പോടെയാണ് അവർ പരീക്ഷാഫലം നോക്കാൻ പോവാൻ കഫെയിലേക്ക് ചെന്നത്. ആദ്യം  ആതിരയുടെ റിസൾട്ട്‌ നോക്കാമെന്ന് കരുതി. ആൽഫിയാണ് അവളുടെ രജിസ്റ്റർ നമ്പർ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്‍തത്. സ്‌ക്രീനിൽ തെളിഞ്ഞു വന്ന മാർക്ക്ലിസ്റ്റ് കണ്ടതും ഒരു നിമിഷം അവളുടെ ഹൃദയ താളം നിലച്ചുപോയി........ സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story