മറുതീരം തേടി: ഭാഗം 16

marutheeram thedi shiva

രചന: ശിവ എസ് നായർ

സ്‌ക്രീനിൽ തെളിഞ്ഞു വന്ന മാർക്ക്ലിസ്റ്റ് കണ്ടതും ഒരു നിമിഷം അവളുടെ ഹൃദയ താളം നിലച്ചുപോയി. എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്കുണ്ട്. "ആതീ നിനക്ക് റാങ്കുണ്ട്." സന്തോഷാധിക്യത്താൽ അൽഫിയാവളെ കെട്ടിപിടിച്ചു. "ആൽഫി... എനിക്ക്...  എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടാ. എന്റെ മാർക്ക്‌ ലിസ്റ്റ് തന്നെയാണോ ഇത്." ആതിരയുടെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു." "ആതീ.. നിന്റെ മാർക്ക്ലിസ്റ്റ് തന്നെയാ ഇത്. അമ്മാമ്മയ്ക്ക് ഇതറിയുമ്പോൾ ഒത്തിരി സന്തോഷമാകും." "അമ്മാമ്മയെ ഇപ്പൊതന്നെ വിളിച്ചു പറയാം. നിന്റെ റിസൾട്ട്‌ കൂടി നോക്ക് ആൽഫി." അവൾ പറഞ്ഞു. ആതിരയുടെ മാർക്ക്ലിസ്റ്റ് പ്രിന്റ് എടുത്ത ശേഷം ആൽഫി അവന്റെ രജിസ്റ്റർ നമ്പർ കമ്പ്യൂട്ടറിൽ അടിച്ച് നോക്കി.  "നിനക്ക് ടെൻഷനുണ്ടോടാ." ആതിര അവന്റെ തോളിൽ കൈവച്ചുകൊണ്ട് ചോദിച്ചു. "ഏയ്‌ എന്തിന്..." ഉള്ളിൽ ചെറിയൊരു ടെൻഷനുണ്ടെങ്കിലും അവനത് മുഖത്ത് പ്രകടമാക്കിയില്ല. പക്ഷേ ആതിരയ്ക്ക് ടെൻഷനുണ്ടായിരുന്നു. അവളുടെ നെഞ്ചിടിപ്പ് അവന് കേൾക്കാമായിരുന്നു.

സ്‌ക്രീനിൽ തെളിഞ്ഞുവന്ന ആൽഫിയുടെ മാർക്ക്‌ ലിസ്റ്റിലേക്ക് ഇരുവരും ആകാംക്ഷയോടെ നോക്കി. "ആൽഫീ... നോക്കെടാ.... നിനക്ക്... നിനക്കും റാങ്ക് ഉണ്ടെടാ...." അത്യധികം ആഹ്ലാദത്തോടെ ആതിര അവനെ ചേർത്തുപിടിച്ചു. ആൽഫി തറഞ്ഞിരിക്കുകയാണ്. അവൻ അത്രയും മാർക്ക് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അച്ഛന് മുന്നിൽ തലയുയർത്തി പിടിച്ച് നിന്ന് പറയാനുള്ള മാർക്കുണ്ടായിരിക്കണമെന്നേ അവനാഗ്രഹിച്ചിരുന്നുള്ളൂ. ആൽഫിയുടെ കണ്ണുകൾ ഈറനായി. നിറപുഞ്ചിരിയോടെ അവൻ ആതിരയെ നോക്കി. "വീട്ടുകാർക്ക് മുന്നിൽ നമ്മള് തോറ്റുപോയില്ല ആതി. പക്ഷേ ഇത്രയും മാർക്ക്‌ എനിക്ക് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല."  "നമ്മൾ കഷ്ടപ്പെട്ട് പഠിച്ചതിന് നല്ല റിസൾട്ട്‌ കിട്ടിയതാണെടാ. എന്തായാലും ഇന്ന് വൈകുന്നേരം തന്നെ നാട്ടിലേക്ക് പോണം. നീയും വീട്ടിൽ ചെന്ന് എല്ലാരേം റിസൾട്ട്‌ അറിയിച്ച് ഞെട്ടിക്ക്." ആതിര അവനെ നോക്കി.  "ഞാനും അക്കാര്യം മനസ്സിൽ വിചാരിച്ചതേയുള്ളൂ. റാങ്ക് ഉണ്ടെന്ന് അറിയുമ്പോഴുള്ള പപ്പയുടെ മുഖഭാവം എനിക്ക് നേരിട്ട് കാണണം.

അതുകൊണ്ട് മമ്മിയെ വിളിച്ചു റിസൾട്ട്‌ വന്നതും വരുന്ന കാര്യവും പറയുന്നില്ല ഞാൻ." "ഇനി നമ്മുടെ മുന്നിലുള്ള കടമ്പ നല്ലൊരു ജോലിയാണ്." "അതും നമ്മൾ നേടിയെടുക്കും ആതി. കുറച്ചു വർഷം ഇവിടെ ജോലി ചെയ്തിട്ട് നമുക്ക് പുറത്തോട്ടൊക്കെ ജോലിക്ക് ട്രൈ ചെയ്യാം. എന്റെ വീട്ടുകാർ നമ്മളെ അംഗീകരിക്കുന്നില്ലെങ്കിൽ നമുക്ക് ഇന്ത്യയ്ക്ക് പുറത്ത് തന്നെ സെറ്റിൽഡാകാം." ആവേശത്തോടെ അവൻ പറഞ്ഞു. "നീ ഇപ്പോഴേ എല്ലാം തീരുമാനിച്ചോ ആൽഫി."  "കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളമെങ്കിലും നടക്കൂ. നിന്റേം സ്വപ്നം വിദേശത്തൊരു ജോലിയല്ലേ ആതി." "അത് ശരിയാണ് നീ പറഞ്ഞത്. പക്ഷേ അമ്മാമ്മയുടെ കാലം കഴിയുന്നത് വരെയെങ്കിലും ഇവിടെ നിൽക്കണമെന്നാണ് എനിക്ക്. അതാകുമ്പോ അമ്മാമ്മയെ നമുക്കൊപ്പം കൊണ്ട് നിർത്താം. ഇടയ്ക്കിടെ നാട്ടിൽ  പോയി കാണാം.

വിദേശത്തേക്കൊന്നും അമ്മാമ്മ വരില്ല. അമ്മാമ്മയുടെ അധ്വാനമാണ് ഇന്ന് എന്റെയീ വിജയം പോലും." "എന്റെ അമ്മച്ചിയിപ്പോ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ." അമ്മച്ചിയുടെ ഓർമ്മയിൽ അവന്റെ സ്വരമൊന്ന് ഇടറി. "സാരമില്ല ആൽഫി... നിന്റെ അമ്മച്ചിയുടെ ആത്മാവിപ്പോ സന്തോഷിക്കുന്നുണ്ടാവും." ആശ്വസിപ്പിക്കും പോലെ അവൾ ആൽഫിയുടെ കൈകൾ മുറുക്കിപ്പിടിച്ചു. "നീ ഇപ്പൊ തന്നെ അമ്മാമ്മയെ വിളിച്ച് റിസൾട്ട്‌ വന്ന കാര്യം പറയ്യ്." ആൽഫി അവളോട് പറഞ്ഞു. ആതിര അപ്പോൾ തന്നെ ഫോണെടുത്ത് ഭാർഗവി അമ്മയെ വിളിച്ചു. "മോളെ റിസൾട്ട്‌ വന്നോടി." കാൾ എടുത്ത പാടെ ഭാർഗവി ചോദിച്ചു. "വന്നു അമ്മാമ്മേ, ആൽഫിക്കും എനിക്കും റാങ്ക് ഉണ്ട്." റാങ്ക് കിട്ടിയ കാര്യം ചൂടോടെ തന്നെ അവൾ അമ്മാമ്മയെ അറിയിച്ചു. "എന്റെ ദേവീ... നീയെന്റെ പ്രാർത്ഥന കേട്ടു. ഞാൻ അന്നേ പറഞ്ഞതല്ലേ മക്കളേ രണ്ടാൾക്കും നല്ല മാർക്കുണ്ടാവുമെന്ന്." ഭാർഗവി പറഞ്ഞു. "ഇനി എത്രയും പെട്ടെന്നൊരു ജോലി കൂടി റെഡിയാക്കണം അമ്മാമ്മേ." "നിങ്ങൾക്ക് ജോലിയൊക്കെ കിട്ടും മക്കളെ.

ആട്ടെ നീ എപ്പഴാ ഇങ്ങോട്ട് വരണേ. അവിടെ തന്നെ ജോലി നോക്കുമെന്നല്ലേ പറഞ്ഞത്. അതിനുമുൻപ് ഇവിടെ വരെ വന്നിട്ട് പോ മോളെ. നാട്ടിൽ എല്ലാവരും അറിയട്ടെ എന്റെ മോൾക്ക് റാങ്ക് കിട്ടിയത്. നിന്റെ അച്ഛനെന്ന് പറയുന്നവനും അറിയണം. അവനും നിന്റെ അനിയത്തിമാരും നിന്നെ കുറേ കളിയാക്കിയതല്ലേ. എനിക്ക് മോളെ പഠിപ്പിക്കാനുള്ള കഴിവില്ലെന്ന് വരെ പറഞ്ഞവനാണ് മുരളി." "ഇന്ന് വൈകുന്നേരം ഞാൻ നാട്ടിലേക്കുള്ള ട്രെയിൻ കയറുന്നുണ്ട് അമ്മാമ്മേ. ആൽഫിയും അവന്റെ വീട്ടിലേക്ക് പോവുന്നുണ്ട്. ഞാൻ വരുമ്പോൾ അമ്മാമ്മ വീട്ടിലുണ്ടാവില്ലേ." "മോള് വരുന്നുണ്ടെങ്കിൽ ഞാനിന്ന് തന്നെ നിന്റെ വീട്ടിലേക്ക് പോവുന്നുണ്ട്." "വൈകുന്നേരം കേറിയാൽ നാളെ വെളുപ്പിന് വീട്ടിലെത്തും അമ്മാമ്മേ. സ്റ്റേഷനിൽ നിന്ന് ഞാനൊരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് വന്നോളാം." "സൂക്ഷിച്ചു വരണേ മോളെ." "അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം അമ്മാമ്മേ. വൈകുന്നേരം ട്രെയിൻ കയറിയിട്ട് ഞാൻ അമ്മാമ്മയെ വിളിക്കുന്നുണ്ട്." "മക്കള് ഫോൺ ആൾഫിക്കൊന്ന് കൊടുത്തേ."

കാൾ കട്ട്‌ ചെയ്യും മുൻപ് ഭാർഗവി പറഞ്ഞു. ആതിര മൊബൈൽ ഫോൺ ആൽഫിക്ക് കൈമാറി. അമ്മാമ്മ അവനോടും കൂടി സംസാരിച്ച ശേഷമാണ് ഫോൺ വച്ചത്. "നാട്ടിൽ പോയിട്ട് നീ എന്നാ തിരിച്ചു വരുന്നത്. ഉടനെ വരില്ലേ." ആൽഫി ചോദിച്ചു. "ഒരാഴ്ച നിന്നിട്ട് വരാമെന്നാ വിചാരിക്കണേ. നീ എപ്പഴാ തിരിച്ചു വരുന്നേ?." "ഞാൻ കൂടിപ്പോയാൽ രണ്ട് ദിവസം. അതിൽ കൂടുതൽ അവിടെ നിൽക്കില്ല. പപ്പ ചിലപ്പോ അവിടെ പിടിച്ച് നിർത്താൻ നോക്കും." "നീ നേരത്തെ വരുമെങ്കിൽ ഞാനും പെട്ടന്ന് എത്താൻ നോക്കാം." "നമുക്കെന്നാ വേഗം ഹോസ്റ്റലിലേക്ക് പോവാം. വൈകുന്നേരം വീട്ടിലേക്ക് പോവാനുള്ളതല്ലേ.  നിനക്ക് ബാഗൊക്കെ പാക്ക് ചെയ്യണ്ടേ." കഫേയിൽ നിന്നിറങ്ങി കൊണ്ട് ആൽഫി പറഞ്ഞു. "ആഹ് വേണം.. പിന്നെ ക്ലിനിക്കിൽ വിളിച്ച് ലീവിന് പറയണ്ടേ?" ആതിര ചോദിച്ചു. "ഓഹ്! അക്കാര്യം ഞാൻ മറന്നു. ഹോസ്റ്റലിൽ എത്തിയിട്ട് നമുക്ക് വിളിച്ചു പറയാം." ഓരോന്ന് സംസാരിച്ചുകൊണ്ട് അവർ മുന്നോട്ട് നടന്നു. ക്ലിനിക്കിൽ, ആൽഫി രണ്ട് ദിവസത്തേക്കും ആതിര അഞ്ചുദിവസത്തേക്കും ലീവിന് വിളിച്ച് പറഞ്ഞു.

ശേഷം വൈകുന്നേരത്തോടെ ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ആൽഫിക്കും ആതിരയ്ക്കും രണ്ട് സമയത്താണ് ട്രെയിൻ. ആറ് മണിക്ക് ആതിരയ്ക്ക് പോകാനുള്ള ട്രെയിൻ വരും. ആൽഫിയുടെ ട്രെയിൻ ഏഴരയ്ക്കാണ്. ആറുമണിയോടെ ട്രെയിൻ എത്തിച്ചേരുകയും ആൽഫിയോട് തല്ക്കാലത്തേക്ക് വിട പറഞ്ഞ് അവൾ ട്രെയിനിലേക്ക് കയറി. "ആതീ... എത്തിയിട്ട് വിളിക്കണേ. വീണ്ടും കാണുന്നത് വരെ എനിക്ക് ടെൻഷനായിരിക്കും. നിന്നെ പിരിയാനും മനസ്സ് വരുന്നില്ല." "ഞാൻ പോയിട്ട് പെട്ടന്ന് വരില്ലേ." "വേഗം വരണം... ഞാൻ കാത്തിരിക്കും." അവളുടെ വലതുകരം ചുണ്ടോട് ചേർത്ത് അവൻ മന്ത്രിച്ചു. "ഇങ്ങനെ സെന്റി ആവല്ലേ ആൽഫി." "ഐ മിസ്സ്‌ യു ആതി." അവന്റെ കണ്ണുകൾ നിറഞ്ഞു. "എന്നെകൂടി കരയിപ്പിച്ചല്ലോ നീ." ആതിര വിതുമ്പലടക്കി ചിരിക്കാൻ ശ്രമിച്ചു. ട്രെയിൻ ചലിച്ചു തുടങ്ങി. ഇരുവരും ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണിൽ നോക്കി യാത്ര പറഞ്ഞു. വാതിലിന് പുറത്തേക്ക് തലയെത്തിച്ച് പ്ലാറ്റ്ഫോമിൽ ഒരു പൊട്ട് പോലെ കാണുന്ന ആൽഫിയെ അവൾ കണ്ണിൽ നിന്നും മറയുവോളം നോക്കി.

ശില കണക്കെ അവനും അവളെ നോക്കി ഒരേ നിൽപ്പ് നിന്നു. ഏഴര മണിക്ക് ആൽഫിക്ക് പോകാനുള്ള ട്രെയിൻ എത്തി. ആതിരയെ വിളിച്ചു പറഞ്ഞിട്ട് അവനും ട്രെയിനിലേക്ക് കയറി.  ************** വെളുപ്പിന് അഞ്ചുമണിയോടെ ആതിര ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടുന്ന് ഒരോട്ടോ പിടിച്ച് വീട്ടിലേക്ക് പോകാമെന്ന് കരുതി ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു. ആദ്യം കണ്ട ഓട്ടോയിൽ കയറിയിരുന്ന് പോകാനുള്ള സ്ഥലം പറഞ്ഞതിന് ശേഷമാണ് അവൾ ഓട്ടോ ഡ്രൈവറെ ശ്രദ്ധിച്ചത്. "ശിവേട്ടനിപ്പോ ഓട്ടോ ഓടിക്കുവാണോ." അത്ഭുതത്തോടെ ആതിര ചോദിച്ചു. അപ്പോഴാണ് ഓട്ടോയിൽ ആതിരയെ അവനും ശ്രദ്ധിച്ചത്. " ലീവിന് വന്നതാണോ ആതിര. പഠിത്തമൊക്കെ എവിടെ വരെയായി. പരീക്ഷയൊക്കെ കഴിഞ്ഞോ? " സന്തോഷത്തോടെ ശിവനവളോട് കാര്യങ്ങൾ തിരക്കി. "പരീക്ഷ കഴിഞ്ഞു റിസൾട്ടും വന്നു. എനിക്ക് റാങ്കുണ്ട് ശിവേട്ടാ." " ആണോ..." അത്ഭുതത്തോടെ അവൻ ആതിരയെ നോക്കി. " അല്ല... ശിവേട്ടനെന്താ ഓട്ടോ ഓടിക്കുന്നേ? എപ്പോ തുടങ്ങി.

" ആകാംക്ഷയോടെ അവൾ ചോദിച്ചു. "എന്റെ പെണ്ണൊരു ആഗ്രഹം പറഞ്ഞപ്പോൾ അങ്ങനെ ആവട്ടെയെന്ന് ഞാനും വിചാരിച്ചു." കള്ള ചിരിയോടെ ശിവൻ പറഞ്ഞു. "ഏഹ്... ശിവേട്ടന്റെ പെണ്ണോ?" "എനിക്കൊരു കൊച്ചിനെ ഇഷ്ടായി. അവൾക്ക് എന്നേം ഇഷ്ടാണ്. വരുന്ന ഞായറാഴ്ച അമ്പലത്തിൽ വച്ച് ഞങ്ങളെ കല്യാണമാണ്. അച്ഛന്റെ സ്വത്തുവകകൾ നോക്കി നടത്താതെ ഞാൻ അധ്വാനിച്ചു ഉണ്ടാക്കുന്ന പൈസ കൊണ്ട് ജീവിക്കാനാ അവൾക്ക് ഇഷ്ടമെന്ന് പറഞ്ഞു. എനിക്കാകെ അറിയാവുന്നത് ഡ്രൈവിംഗ് ആണ്. അപ്പോ വിചാരിച്ചു ഓട്ടോ ഓടിക്കാന്ന്. അച്ഛനൊന്നും ഇഷ്ടപ്പെട്ടില്ല. അച്ഛന് ആരോഗ്യം ഉള്ളിടത്തോളം കാലം എല്ലാം നോക്കി നടത്തട്ടെ. അതുവരെ ഞാനും എന്റെ പെണ്ണും ഞങ്ങൾ അധ്വാനിക്കുന്ന കാശ് കൊണ്ട് ജീവിക്കാമെന്ന് തീരുമാനിച്ചു." "ആരാ കക്ഷി... അത് പറഞ്ഞില്ലല്ലോ ശിവേട്ടൻ." "അത് നമ്മടെ വാസൂന്റെ മോളാ, കാർത്തിക." "ഏത് വാസു? ആ കള്ള് ഷാപ്പ് നടത്തുന്ന വാസു ചേട്ടൻ ആണോ." "ആഹ് അത് തന്നെ. ഒരു വർഷം മുൻപ് ആക്‌സിഡന്റ് പറ്റി കിടപ്പിലായിരുന്നു വാസു.

കഴിഞ്ഞ മാസം അയാൾ മരിച്ചു. കള്ള് ഷാപ്പ് ഒക്കെ അതിനുമുൻപേ പൂട്ടിപ്പോയാരുന്നു. കാർത്തിക ഒരു തുണിക്കടയിൽ ജോലിക്ക് പോണുണ്ട്. വീട്ടിൽ ആർക്കും ഈ ബന്ധം അത്ര ഇഷ്ടമല്ല. പക്ഷേ എനിക്കെന്തോ അവളെ ഇഷ്ടമായി. കാർത്തികയ്ക്കും എന്നെ ഇഷ്ടമാണ്." ശിവൻ വാ തോരാതെ സംസാരിക്കുകയാണ്. "കാർത്തിക ചേച്ചിയെ എനിക്കറിയാം. ഇടയ്ക്കൊക്കെ അമ്പലത്തിൽ വച്ച് കണ്ടിട്ടുണ്ട്. ചേച്ചിയുടെ അമ്മ പണ്ട് ആത്മഹത്യ ചെയ്തതല്ലേ." "ആതിരയ്ക്ക് പരിചയമുണ്ടോ അവളെ?" "സംസാരിച്ചിട്ടൊന്നുമില്ല. ഇങ്ങനെ അമ്പലത്തിൽ വച്ചും സ്കൂളിൽ പോകുമ്പോഴൊക്കെ കണ്ടിട്ടുണ്ട്." "എന്തായാലും ഞങ്ങളുടെ കല്യാണത്തിന് അമ്മാമ്മയെയും കൂട്ടി ആതിര വരണം. അധികമാരുമില്ല ചടങ്ങിന്." "അമ്മാമ്മയെയും കൂട്ടികൊണ്ട് ഞാൻ വരുന്നുണ്ട് ചേട്ടാ." "ദാ വീടെത്തി.." ശിവൻ അവളോട് പറഞ്ഞു.

"സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല ഞാൻ." നാട്ടിലെ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞിരുന്ന് ആതിര വീടെത്തിയത് അറിഞ്ഞതേയില്ല. ശിവനോട് യാത്ര പറഞ്ഞ് അവൾ വീട്ടിലേക്ക് കയറി. മുൻവാതിൽ തുറന്നിട്ട്‌ ആതിരയെയും കാത്തെന്നോണം ഭാർഗവി അമ്മ വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു. "അമ്മാമ്മേ." അവൾ അവർക്കരികിലേക്ക് ചെന്നു വയറ്റിൽ ചുറ്റിപ്പിടിച്ചു നെഞ്ചിലേക്ക് മുഖം ചേർത്ത് നിന്നു. "അകത്ത് കേറിവാ മോളെ. യാത്രാ ക്ഷീണം കാണില്ലേ. കുറച്ചു നേരം കിടക്ക്." ആതിരയുടെ കൈയ്യിൽ നിന്ന് ബാഗ് വാങ്ങി ഭാർഗവി അമ്മ അകത്തേക്ക് നടന്നു. ഓട്ടോ വന്ന ശബ്ദം കേട്ട് മുടി വാരിച്ചുറ്റി കൊണ്ട് ഭാരതിയും എഴുന്നേറ്റ് വന്നിരുന്നു. ആതിര വന്നത് അറിഞ്ഞെങ്കിലും മുരളി മുറിയിൽ തന്നെ കിടന്നു. അനിയത്തിമാർ രണ്ടുപേരും ഉറക്കത്തിലായിരുന്നു.  "നീ വന്നോ മോളെ, യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു." "യാത്രയൊക്കെ സുഖമായിരുന്നു അമ്മേ." "നീയെന്താ വരുന്ന കാര്യം വിളിച്ചപ്പോ പറയാതിരുന്നേ. ഇന്നലെ വൈകുന്നേരം അമ്മാമ്മയാ പറഞ്ഞത് നീ വരുന്നുണ്ടെന്ന്."

"പെട്ടന്ന് തീരുമാനിച്ചതാ അമ്മേ. അതാ പറയാൻ പറ്റാത്തത്." "നീ പോയി കാലും മുഖവുമൊക്കെ കഴുകി വാ. ഞാൻ കാപ്പിയിട്ട് വക്കാം." ഭാരതി അടുക്കളയിലേക്ക് പോകാൻ തുടങ്ങി. "വേണ്ട ഭാരതി. കൊച്ചിന് ഞാൻ കാപ്പിയിട്ട് കൊടുക്കാം. നീ പോയി കിടന്നോ." "വേണ്ടമ്മേ ഞാനിടാം." ഭാരതി പറഞ്ഞു. "ഞാൻ കട്ടനിടാൻ വെള്ളം അടുപ്പത്ത് വച്ചായിരുന്നു. ഇനി പഞ്ചസാര ചേർത്താൽ മതി. അതോണ്ട് നീ ചെന്ന് കിടക്കാൻ നോക്ക്." ഭാരതിയെ മുറിയിലേക്ക് പറഞ്ഞു വിട്ട് ഭാർഗവി അമ്മ കാപ്പിയെടുക്കാനായി പോയി. ആതിര കൈയ്യും കാലും മുഖവുമൊക്കെ കഴുകി വരുമ്പോൾ ഭാർഗവി അമ്മ ചൂട് കട്ടൻ ചായ അവൾക്ക് കൊണ്ട് കൊടുത്തു. കട്ടനും കുടിച്ച് അമ്മാമ്മയെ കെട്ടിപിടിച്ചു അവൾ കിടന്നു. വീട്ടിലെത്തിയ വിവരം ആൽഫിക്ക് മെസ്സേജ് അയച്ചിടാനും അവൾ മറന്നില്ല. നേരം പുലരുന്നത് വരെ ഒന്ന് മയങ്ങാമെന്ന് കരുതി ആതിര അമ്മാമ്മയോടൊപ്പം ചേർന്ന് കിടന്ന് ഉറക്കം പിടിച്ചു. ഭാർഗവി അമ്മ അവളുടെ ശിരസ്സിൽ തലോടി കൊടുത്തു കൊണ്ടിരുന്നു.  **************

പിറ്റേന്ന് നേരം പുലർന്നത് ആതിരയ്ക്ക് സന്തോഷം നൽകുന്ന വാർത്തയുമായിട്ടാണ്. അന്നത്തെ പത്രത്തിലെല്ലാം ആൽഫിയുടെയും ആതിരയുടെയും ഫോട്ടോ ഉൾപ്പെടെ കൊടുത്തുകൊണ്ട് വലിയ കോളത്തിൽ റാങ്ക് കിട്ടിയ വിവരം അച്ചടിച്ചു വന്നിരുന്നു. നിമിഷങ്ങൾക്കകം തന്നെ വാർത്ത നാട്ടിൽ പരന്നു. അഭിനന്ദന പ്രവാഹങ്ങളുമായി ഓരോരുത്തർ വീട്ടിലേക്ക് വന്നപ്പോഴാണ് മുരളിയും ഭാരതിയും ആതിരയുടെ അനിയത്തിമാരുമൊക്കെ അക്കാര്യം അറിയുന്നത്. ആതിരയ്ക്ക് റാങ്ക് ലഭിച്ച വിവരം മുരളിയെയും പെണ്മക്കളെയും ഞെട്ടിച്ചിരുന്നു. അസൂയയോടെയാണ് ആരതി ചേച്ചിയെ നോക്കിയതെങ്കിൽ അഞ്ജുവിന്റെ ഉള്ളിൽ ചേച്ചിയോടുള്ള വാശിയായിരുന്നു. എൻട്രൻസ് എക്സാമിൽ ഉയർന്ന മാർക്ക്‌ വാങ്ങി ചേച്ചിയെക്കാൾ ഉയരത്തിൽ എത്തണമെന്ന് അവൾ മനസ്സിൽ കണക്ക് കൂട്ടി. ഭാരതി മകളെ കെട്ടിപിടിച്ചു സന്തോഷം പങ്കുവെച്ചു.

അതുവരെ അകന്ന് നിന്ന ബന്ധുക്കൾ ഓരോരുത്തരായി മുരളിയെ വിളിച്ചു വിശേഷം തിരക്കലും വീട്ടിലേക്ക് വരാൻ തുടങ്ങുകയും ചെയ്തു. ഇതുവരെ കാണാത്ത സ്നേഹപ്രകടനങ്ങൾ ആതിരയ്ക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. താമസിയാതെ ആതിരയുടെ വാക്കുകൾ കേൾക്കാനായി പത്രക്കാരും വീട്ട് മുറ്റത്തെത്തി. പത്രക്കാരൊക്കെ എത്തിയപ്പോൾ മുരളിയും അവർക്ക് മുന്നിൽ ഗമയൊട്ടും കുറച്ചില്ല. "തികച്ചും സാധാരണക്കാരിൽ സാധാരണക്കാരനായ മുരളിയെന്ന പലചരക്ക് കടക്കാരന്റെ മകളായ ആതിരയാണ് ഇന്ന് മലയാളികൾക്കൊക്കെ അഭിമാന തിളക്കമായി, ബി. എസ്. സി നഴ്സിംഗിൽ റാങ്ക് വാങ്ങി വിജയിച്ചിരിക്കുന്നത്. അച്ഛന്റെ ഒറ്റയൊരാളുടെ കഷ്ടപ്പാട് കൊണ്ടാണ് ആതിര ഇന്നീ വിജയം കൈവരിച്ചത്." ന്യൂസ്‌ റിപ്പോർട്ടർ പറയുന്നത് കേട്ട് ആതിര അന്ധാളിച്ച് നിന്നുപോയി. "നാടിന് തന്നെ അഭിമാനമായി മാറിയ ഈ നിമിഷത്തിൽ തനിക്ക് എന്താണ് പറയാനുള്ളത് ആതിര." റിപ്പോർട്ടർ അവളോട് ചോദിച്ചു........ സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story