മറുതീരം തേടി: ഭാഗം 17

marutheeram thedi shiva

രചന: ശിവ എസ് നായർ

"നാടിന് തന്നെ അഭിമാനമായി മാറിയ ഈ നിമിഷത്തിൽ തനിക്ക് എന്താണ് മാധ്യമങ്ങളോട് പറയാനുള്ളത് ആതിര." റിപ്പോർട്ടർ അവളോട് ചോദിച്ചു. "എന്റെ ഈ വിജയത്തിന് പിന്നിൽ ഒരാളേയുള്ളു. അതെന്റെ ഈ നിൽക്കുന്ന അമ്മാമ്മ മാത്രമാണ്. പതിനെട്ടു വയസ്സായാൽ എന്നെ കെട്ടിച്ചുവിട്ട് ഭാരം ഒഴിവാക്കാൻ നോക്കി ഇരുന്നവരാണ് എന്റെ അച്ഛനും അമ്മയും. ഈ പ്രായത്തിലും എനിക്ക് വേണ്ടി കണ്ട വീടുകളിൽ പോയി അടുക്കള പണി ചെയ്താണ് എന്റെ അമ്മാമ്മ എന്നെ ഈ നിലയിൽ എത്തിച്ചത്. അപ്പോഴൊന്നും എന്റെ അച്ഛനെന്ന് പറയുന്നയാൾ ഒരുരൂപ പോലും തന്ന് സഹായിച്ചിട്ടില്ല. ഓർമ്മ വച്ച നാൾ മുതൽ ഇന്നേവരെ അച്ഛനെനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടുമില്ല. അതുകൊണ്ട് എന്റെ വിജയത്തിന്റെ ക്രെഡിറ്റ്‌ മറ്റാർക്കും പങ്ക് വയ്ക്കേണ്ട ആവശ്യമില്ല." ഉറച്ച ശബ്ദത്തിൽ അവളത് പറയുമ്പോൾ കേട്ട് നിന്ന മുരളിയുടെയും ഭാരതിയുടെയും മുഖം നാണക്കേട് കൊണ്ട് താഴ്ന്നുപോയി. ആതിരയുടെ വാക്കുകൾ റിപ്പോർട്ടർ അതുപോലെ പകർത്തിയെടുത്തു.

കൂടുതൽ ഒന്നും പറയാനില്ലെന്നും വിജയത്തിൽ സന്തോഷിക്കുന്നുവെന്നും പറഞ്ഞുകൊണ്ട്  അമ്മാമ്മയെ ചേർത്തുപിടിച്ച് ആതിര വീടിനുള്ളിലേക്ക് കയറിപ്പോയി. പത്രക്കാരും നാട്ടുകാരും പിരിഞ്ഞുപോയി. പക്ഷേ മുരളിയുടെയും ഭാരതിയുടെയും ബന്ധുക്കൾ അവളെ വിടാൻ ഭാവമില്ലായിരുന്നു. അവരെല്ലാവരും ചേർന്ന് ആതിരയ്ക്ക് നേരെ ക്രോസ് വിസ്താരം തുടങ്ങി. "നീയെന്തിനാ പത്രക്കാരുടെ മുൻപിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് കുടുംബത്തിനെ നാണം കെടുത്തിയത്. നമ്മുടെ വീട്ടിലെ പ്രശ്നം നമ്മൾ മാത്രം അറിഞ്ഞാൽ പോരെ. നാട്ടുകാരെ കൂടി അറിയിക്കണമായിരുന്നോ നിനക്ക്." ഭാരതിയുടെ ചേച്ചി സുമതിയാണ്  അത് ചോദിച്ചത്. മുരളിയുടെ പെങ്ങന്മാർ മായയും മിനിയും അതേറ്റ് പിടിച്ചു. "അവള് പത്രക്കാരെ മുന്നിൽ ചേട്ടനേം നാത്തൂനേം നാണം കെടുത്തിയില്ലേ.

ഇത്രയും നാളും ഉണ്ടുറങ്ങി കഴിഞ്ഞത് ചേട്ടന്റെ കാശിനല്ലേ. അതെങ്കിലും നിനക്ക് ഓർക്കാമായിരുന്നു." മായ പറഞ്ഞു. "ഒരു റാങ്ക് കിട്ടിയപ്പോ പെണ്ണ് നിലത്തൊന്നുമല്ല." മിനിക്കും രോഷമടക്കാനായില്ല. കൈകൾ മാറിൽ പിണച്ചുകെട്ടി അവർ പറയുന്നതൊക്കെ കേട്ട് ആതിര ഭിത്തിയിൽ ചാരി നിശബ്ദയായി നിന്നു. "എല്ലാവർക്കും പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെങ്കിൽ എനിക്ക് പറയാനുള്ളത് കൂടി കേട്ടോ." അവൾ സംസാരിക്കാനായി തയ്യാറെടുത്തു. "നിനക്കിനി എന്ത് പറയാനാ. പറയാനുള്ളതൊക്കെ പത്രക്കാരെ മുൻപിൽ വിളമ്പി എന്റെ ചേട്ടനെ നാണം കെടുത്തിയത് പോരെ?" മിനി ചോദിച്ചു. "ഇത്രയും കാലം നിങ്ങളൊക്കെ എവിടെയായിരുന്നു. ഞാനെന്നൊരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോന്ന് പോലും അന്വേഷിക്കാത്തവരാണ് ഇപ്പൊ റാങ്ക് കിട്ടിയ വാർത്തയറിഞ്ഞ് ഓടി വന്നിരിക്കുന്നത്. ഞാനാരേം ഇങ്ങോട്ട് ക്ഷണിച്ചു വരുത്തിയില്ലല്ലോ. എന്നെ കണികണ്ടാൽ ആ ദിവസം പോക്കെന്ന് പറഞ്ഞു നടന്നവരല്ലേ നിങ്ങളൊക്കെ. പിന്നെ എന്റെ അച്ഛനെന്ന് പറയുന്ന മനുഷ്യൻ എനിക്ക് വേണ്ടി എന്താ ചെയ്തത്.

ആരതി ഉപയോഗിച്ച് തേഞ്ഞ പഴകിയ ഉടുപ്പുകളാണ് ഞാൻ ഇട്ടിരുന്നത്. ഇവിടെ ഞാൻ എല്ല് മുറിയെ പണിയെടുത്തിട്ടാ ഉണ്ടുറങ്ങി കഴിഞ്ഞത്. അല്ലാതെ ഓസിനല്ല. അതുകൊണ്ട് ആരും ആ കണക്കും പറഞ്ഞ് എന്റെയടുത്തേക്ക് വരണ്ട. നിങ്ങള് പറയുന്നതൊക്കെ കേട്ട് വെള്ളം തൊടാതെ വിഴുങ്ങി വായും പൂട്ടിയിരിക്കാൻ ഇനിയെന്നെ കിട്ടില്ല. അതുകൊണ്ട് ആരുടേയും ഉപദേശം എനിക്ക് കേൾക്കണ്ട. നിങ്ങളുടെ ആരുടെയും ചിലവിലല്ല ഞാൻ ജീവിക്കുന്നത്. " ആതിരയുടെ മറുപടിയിൽ എല്ലാവരുടെയും വായടഞ്ഞു പോയി. അവൾ പറയുന്നതൊക്കെ കേട്ടുകൊണ്ട് മുറിയിൽ വെരുകിനെ പോലെ പാഞ്ഞു നടക്കുകയായിരുന്നു മുരളി. അയാൾക്ക് ആതിരയ്ക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ നല്ലോണം കൈ തരിക്കുന്നുണ്ടായിരുന്നു. ഭാർഗവി അമ്മയുടെ പ്രതികരണം ഓർത്ത് മാത്രം മുരളി രോഷമടക്കി. "മനുഷ്യനെ നാണം കെടുത്താനുണ്ടായ ജന്തു. അന്നേ വല്ല വിഷവും കൊടുത്ത് കൊന്നാ മതിയായിരുന്നു." അയാൾ പിറുപിറുത്തു.

ആതിരയുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം അത്ര നല്ലതിനല്ലെന്ന് ഉപദേശിച്ചുകൊണ്ട് വന്നവരൊക്കെ കിട്ടിയ വണ്ടിക്ക് തന്നെ മടങ്ങിപ്പോയി. എല്ലാവരും പോയി വീടൊന്ന് ശാന്തമായപ്പോൾ ആതിര മുറിയിലേക്ക് പോയി ഫോണെടുത്ത് ആൽഫിയെ വിളിച്ചു. "ഹലോ... ആതീ." ഒറ്റ റിംഗിൽ തന്നെ അവൻ ഫോണെടുത്തു. "ആൽഫീ രാവിലെ ഇവിടെ പത്രക്കാരൊക്കെ വന്നിരുന്നു. നിന്റെ വീട്ടിൽ വന്നിരുന്നോ?" അവൾ രാവിലെ അരങ്ങേറിയ സംഭവമൊക്കെ അവന് വിശദീകരിച്ചു കൊടുത്തു. "ഇവിടെ പത്രക്കാരൊന്നും വന്നില്ലെടി." ആൽഫി ചിരിയടക്കികൊണ്ട് പറഞ്ഞു. "ഏഹ്? അതെന്താ അവിടെ വരാത്തത്. നിന്റെ ഫോട്ടോയും പത്രത്തിൽ ഉണ്ടായിരുന്നല്ലോ." "എടി പൊട്ടിക്കാളി ഇത് വിഷ്ണു ഒപ്പിച്ച പണിയാണ്. നിന്റെ വീട്ടുകാരൊക്കെ നാണംകെടാനും നീയൊന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ ഷൈൻ ചെയ്തോട്ടെയെന്ന് കരുതി അവനാ പൈസ കൊടുത്ത് റാങ്ക് കിട്ടിയ വിവരം പത്രത്തിൽ കൊടുത്തത്. പെയ്ഡ് ന്യൂസ്‌ ആണെന്ന് തോന്നിക്കാതിരിക്കാൻ വേണ്ടിയാ എന്റെ ഫോട്ടോയും കൂടി ചേർത്തത്.

അല്ലെങ്കിൽ പിന്നെ കർണാടകയിൽ റാങ്ക് വാങ്ങിയ വിവരം ഇവിടുത്തെ പത്രത്തിലൊക്കെ ആരെങ്കിലും കൊടുക്കുമോ. പിന്നെ അതൊന്നും ചിന്തിക്കാനുള്ള വകതിരിവ് അവിടെയുള്ളവർക്ക് ഇല്ലല്ലോ." "ഞാനും അത് വിചാരിച്ചു. അവിടത്തെ യൂണിവേഴ്സിറ്റിയിൽ പാസ്സ് ആയ കാര്യം ഇവിടുത്തെ പത്രത്തിൽ എങ്ങനെ വരുമെന്ന് ഞാൻ ചിന്തിച്ചു. എന്തായാലും വിഷ്ണുവാണ് അത് ചെയ്യിപ്പിച്ചതെങ്കിലും അതിന്റെ പിന്നിൽ നീയാണെന്ന് എനിക്കറിയാം ആൽഫി." "എന്തായാലും സംഗതി ഏറ്റില്ലേ. എന്താണ് അവിടുത്തെ ഇപ്പഴത്തെ അവസ്ഥ." "വാർത്ത കണ്ടിട്ട് രാവിലെതന്നെ ബന്ധുക്കൾ എല്ലാവരും ഓടി വന്നതാ. ഉപദേശവും കൊണ്ട് അടുത്ത് കൂടിയവർക്കൊക്കെ ഞാൻ കണക്കിന് കൊടുത്ത് വിട്ടിട്ടുണ്ട്." "അതേതായാലും നന്നായി." "റിസൾട്ട്‌ അറിഞ്ഞപ്പോൾ പപ്പയെന്ത് പറഞ്ഞു." "പപ്പയ്ക്ക് നല്ല സന്തോഷമായെന്ന് മുഖം കണ്ടപ്പോൾ മനസ്സിലായി. പക്ഷേ അത് പുറമെ പ്രകടിപ്പിച്ചില്ല. ആളിപ്പോഴും ഗൗരവത്തിൽ തന്നെയാണ്." "അതൊക്കെ ശരിയാവും ആൽഫി."

"ഞാൻ നാളെ വൈകുന്നേരം തിരിച്ച് കേറും. നീയെന്നാ വരുന്നത്." "ഞാൻ ഞായറാഴ്ച വൈകുന്നേരം കേറും. അന്ന് രാവിലെ ശിവേട്ടന്റെ കല്യാണമാണ്. അതിന് പോണം എന്നിട്ട് വൈകുന്നേരത്തെ ട്രെയിനിന് നിന്റെ അടുത്തേക്ക് പോരും." "വേഗം വരണേ ആതി. നിന്നെ കാണാതെ പറ്റില്ലെന്നായി ഇപ്പൊ." "ഹ്മ്മ്.. ശരി. ഞാനെന്നാ പിന്നെ വിളിക്കാം." ഇനിയും സംസാരിച്ചാൽ താൻ കരഞ്ഞുപോകുമെന്ന് തോന്നിയത് കൊണ്ട് ആതിര കാൾ കട്ട്‌ ചെയ്തു. ദിവസങ്ങൾ കഴിയുംതോറും താൻ ആൽഫിയിലേക്ക് കൂടുതൽ അടുക്കുകയാണെന്നും അവനെ പിരിഞ്ഞു ഒരു നിമിഷം പോലും തനിക്കിരിക്കാൻ ആവില്ലെന്നും അവൾ തിരിച്ചറിയുകയായിരുന്നു. എത്രയും പെട്ടന്ന് ആൾഫിക്കരികിലേക്ക് ഓടിയെത്താൻ അവളുടെ ഹൃദയം തുടിച്ചു. ************** ആതിര പേടിച്ചത് പോലെ തിരിച്ചുപോകുന്ന ദിവസം വരെ അമ്മയിൽ നിന്നും പ്രവീണിനെ പറ്റിയുള്ള സംസാരമൊന്നും ഉണ്ടായില്ല. അവളെ അകറ്റി നിർത്തിയതിനും വെറുപ്പ് കാണിച്ചതിനുമൊക്കെ ഇരട്ടിയായി അവരവളെ സ്നേഹിച്ചു കൊണ്ടിരുന്നു.

ആതിരയെ കാണുന്ന ഓരോ നിമിഷവും ഭാരതിയുടെ ഉള്ളം കുറ്റബോധത്താൽ നീറിപ്പുകഞ്ഞു. ഞായറാഴ്ച ദിവസം രാവിലെ മുഹൂർത്ത സമയത്തിന് മുൻപ് തന്നെ ഭാർഗവി അമ്മയും ആതിരയും അമ്പലത്തിൽ എത്തിച്ചേർന്നു. ആളും ആരവങ്ങളുമൊന്നുമില്ലാതെ ശിവന്റെയും കാർത്തികയുടെയും വിവാഹം വളരെ ഭംഗിയായി നടന്നു. ഭാർഗവി അമ്മ ഇരുവരുടെയും ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു. വൈകുന്നേരത്തെ ട്രെയിനിൽ ആതിര കർണാടകയിലേക്ക് തിരിച്ചുപോയി. ************** ദിവസങ്ങൾ അതിവേഗം കടന്നുപോയി. ആതിരയും ആൽഫിയും ക്ലിനിക്കിൽ ജോലിക്ക് പോകുന്നത് തുടർന്നു. അതോടൊപ്പം വലിയ വലിയ ആശുപത്രിയിൽ അവർ ജോലിക്കായി അപേക്ഷകൾ അയച്ചുകൊണ്ടിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ ആൽഫിക്കും ആതിരയ്ക്കും അവർ ആഗ്രഹിച്ചത് പോലെതന്നെ കർണാടകയിൽ അത്യാവശ്യം നല്ലൊരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ശരിയായി.

ആദ്യം ആതിരയ്ക്കും അവൾക്ക് ജോലി കിട്ടി രണ്ട് മാസം കഴിഞ്ഞ ശേഷം ആൽഫിക്കും അതേ ഹോസ്പിറ്റലിൽ തന്നെ ജോലി കിട്ടി. ആഗ്രഹം പോലെ ഒരേ സ്ഥലത്ത് തന്നെ ജോലി കിട്ടിയത് അവരെ സംബന്ധിച്ച് സന്തോഷം നൽകുന്നൊരു കാര്യമായിരുന്നു. തുടക്കത്തിൽ സാലറി കുറവായിരുന്നെങ്കിലും അവർക്ക് ജീവിക്കാൻ അത് മതിയായിരുന്നു. ഓരോ വർഷം കഴിയുമ്പോൾ എക്സ്പീരിയൻസ് കൂടുന്നതിന് അനുസരിച്ചു സാലറി കൂടും. അതുകൊണ്ട് ഇരുവരും അവിടെതന്നെ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. നാട്ടിൽ ആരതി പ്രീഡിഗ്രി പാസ്സായ ശേഷം തയ്യൽ ക്ലാസ്സിനും കമ്പ്യൂട്ടർ ക്ലാസ്സിനും പോയി തുടങ്ങി. ചേച്ചിയോടുള്ള വാശി മനസ്സിലിട്ട് പഠിച്ചതിനാൽ അഞ്ജുവിന് പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക്‌ തന്നെ കിട്ടി. പത്താം ക്ലാസ്സ്‌ വരെ പഠിച്ച സ്കൂളിൽ തന്നെ പ്ലസ്‌ വൺ സയൻസ് എടുത്ത് അഞ്ജു തുടർ പഠനം ആരംഭിച്ചു. ഒരു ഡോക്ടർ ആവണമെന്നായിരുന്നു അവളുടെ ആഗ്രഹം. **************

ആൽഫിക്കും ആതിരയ്ക്കും ഒരു ജോലി ആയതിനാൽ ഇപ്പോ അവരുടെ ചിന്തകൾ മുഴുവനും ഒരുമിച്ച് ജീവിക്കുന്നതിനെ കുറിച്ചായിരുന്നു. ആൽഫി തന്നെ മുൻകൈ എടുത്ത് ഭാർഗവി അമ്മയെ വിളിച്ച് കല്യാണ കാര്യം സംസാരിച്ചു. അമ്മാമ്മ അവരുടെ അടുത്തേക്ക് വന്നിട്ട് അക്കാര്യം നേരിട്ട് സംസാരിക്കാമെന്ന് പറഞ്ഞു. ഇരുവർക്കും ഓഫ് ഡ്യൂട്ടി ഉള്ള ദിവസം നോക്കി വരാമെന്ന് ഭാർഗവി ഉറപ്പ് കൊടുത്തു. ആതിര അമ്മയോട് ആൽഫിയെ കുറിച്ചൊന്ന് സൂചിപ്പിക്കാമെന്ന തീരുമാനത്തിൽ എത്തി നിൽക്കുകയാണ്. അവന്റെ കാര്യം അവതരിപ്പിക്കുമ്പോൾ അമ്മയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നത് അറിയാനൊരു ആകാംക്ഷ അവളിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭാരതിയുടെ ഫോൺ കോളിനായി അവൾ കാത്തിരുന്നു. ഒരു ദിവസം വൈകുന്നേരം മുരളി കുളിക്കാൻ പോയ സമയം നോക്കി ഭാരതി ആതിരയെ വിളിച്ചു. ഭാരതി അവളോട് സ്നേഹം കാണിക്കുന്നതൊന്നും മുരളിക്ക് ഇഷ്ടമല്ലായിരുന്നു. അതിന്റെ പേരിൽ അവർ തമ്മിൽ നിരന്തരം വഴക്കും നടന്നിരുന്നു. അമ്മയുടെ കാൾ കണ്ടതും ആതിര പെട്ടന്ന് തന്നെ ഫോണെടുത്ത് ചെവിയോട് ചേർത്തു. "ഹലോ അമ്മേ.." അവൾ വിളിച്ചു. "ഡ്യൂട്ടി കഴിഞ്ഞു വന്നോടി മോളെ."

 "ഇന്ന് നൈറ്റ് ഷിഫ്റ്റ് ആണ്. രാവിലെയെ ഡ്യൂട്ടി കഴിയു." "തിരക്കുണ്ടോ ഹോസ്പിറ്റലിൽ." ഭാരതി ചോദിച്ചു. "ഇല്ലമ്മേ...  ഇതുവരെ അത്ര തിരക്കൊന്നുമില്ല." "നീയെന്നാ നാട്ടിലേക്ക് വരുന്നത്." "എന്താ അമ്മേ.. എന്തെങ്കിലും അത്യാവശ്യം ഉണ്ടോ?" ആകാംക്ഷയോടെ ആതിര അവരുടെ വാക്കുകൾക്കായി കാതോർത്തു.  "ഞാനന്ന് ജർമ്മനിയിൽ ജോലി ചെയ്യുന്ന പ്രവീണിന്റെ കാര്യം പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ.?"  "ഉ... ഉണ്ടമ്മേ.. എന്തേ..?" "പ്രവീൺ അടുത്ത വർഷം ജനുവരിയിൽ വരുന്നുണ്ട്. അടുത്ത മാസം വരാനിരുന്നതായിരുന്നു. വീടിന്റെ ആധാരം പണയപ്പെടുത്തിയാണ് അവനെ ജർമ്മനിക്ക് അയച്ചത്. അതുകൊണ്ട് ആധാരം തിരിച്ചെടുത്തിട്ട് കുറച്ചു പൈസ കൂടി ഉണ്ടാക്കി കല്യാണം കഴിക്കാൻ തയ്യാറായിട്ട് നാട്ടിലേക്ക് വന്നാമതിയെന്ന് അവന്റെ അച്ഛൻ പറഞ്ഞു. അതുകൊണ്ട് അവനിനി അടുത്ത കൊല്ലമേ നാട്ടിലേക്കുള്ളു. വരുമ്പോൾ നിന്നെ വന്ന് കാണുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഉടനെ കല്യാണം. ഇത് നടന്നാ നിന്റെ ആഗ്രഹം പോലെത്തന്നെ നിനക്ക് നാട് വിട്ട് പോകാം.

അവിടെ ഇവിടത്തെക്കാൾ ശമ്പളം ഉണ്ട്. നീ രക്ഷപ്പെടേം ചെയ്യും. പൈസയൊക്കെ വന്ന് തുടങ്ങുമ്പോ എനിക്കും നിന്റെ കൂടെ വന്ന് നിക്കാലോ." ഭാരതി മനസ്സിൽ സ്വപ്‌നങ്ങൾ കണ്ട് തുടങ്ങിയിരുന്നു. "എനിക്കീ ബന്ധത്തോട് വല്യ താല്പര്യമില്ല അമ്മേ." അനിഷ്ടത്തോടെ അവൾ പറഞ്ഞു. "അതെന്താ നിനക്ക് ഇഷ്ടമില്ലാത്തത്." സ്വരത്തിൽ ഗൗരവം വരുത്തി അവർ ചോദിച്ചു. "എനിക്ക് എന്റെ കൂടെ പഠിച്ച ഒരു പയ്യനെ ഇഷ്ടാണ്. അവനെ കല്യാണം കഴിക്കാനാണ് എനിക്കിഷ്ടം."  "ആരാ ആൾ." "പറഞ്ഞാ അമ്മ അറിയും." "നീ ആളെ പറയ്യ്." "ആൽഫി... അന്ന് എന്റെയൊപ്പം പത്രത്തിലെ ഫോട്ടോയിലുണ്ടായിരുന്ന പയ്യൻ." ആതിര ധൈര്യം സംഭരിച്ച് പറഞ്ഞു....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story