മറുതീരം തേടി: ഭാഗം 18

marutheeram thedi shiva

രചന: ശിവ എസ് നായർ

"എനിക്ക് എന്റെ കൂടെ പഠിച്ച ഒരു പയ്യനെ ഇഷ്ടമാണ്. അവനെ കല്യാണം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം."  "ആരാ ആൾ." ഭാരതിയുടെ സ്വരം വിറപൂണ്ടു. "പറഞ്ഞാ അമ്മ അറിയും." "നീ ആളെ പറയ്യ്." "ആൽഫി... അന്ന് എന്റെയൊപ്പം പത്രത്തിലെ ഫോട്ടോയിലുണ്ടായിരുന്ന പയ്യൻ." ആതിര ധൈര്യം സംഭരിച്ച് പറഞ്ഞു. "നീയവിടെ പഠിക്കാൻ പോയത് കണ്ട ക്രിസ്ത്യാനി ചെക്കന്മാരെ പ്രേമിക്കാനാണോ. നിന്റെ അമ്മാമ്മ ഇതറിഞ്ഞാൽ സഹിക്കോ?" ഭാരതിക്ക് ഒരേ സമയം ദേഷ്യവും സങ്കടവും തോന്നി. "അമ്മാമ്മയ്ക്ക് ആൽഫിയുടെ കാര്യമറിയാം. ഞങ്ങളെ കല്യാണം നടത്തിത്തരാനും അമ്മാമ്മയ്ക്ക് സമ്മതമാണ്." "എന്ന് നീ മാത്രം പറഞ്ഞാ മതിയോ. അമ്മാമ്മയെ കൂട്ട് പിടിച്ച് വെറുതെ ഓരോ നുണകൾ പടച്ച് വിടണ്ട. നാട്ടിൽ നിന്ന് ദൂരെ പോയത് നിന്റെ തോന്നിയ ഇഷ്ടത്തിന് അഴിഞ്ഞാടി നടക്കാനാണോ?"

"അമ്മേയെന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഞാനിവിടെ എന്ത് അഴിഞ്ഞാടി നടന്നൂന്നാ." "നീ പറഞ്ഞത് സത്യമാണെങ്കിൽ ആ ബന്ധം നമുക്ക് വേണ്ട മോളെ. അമ്മ നിനക്ക് വേണ്ടി ഇപ്പൊ കണ്ട് പിടിച്ചത് നല്ല പയ്യനെയല്ലേ." "അമ്മ കണ്ട് പിടിച്ച പയ്യൻ നല്ലതായാലും മോശമായാലും എനിക്ക് പ്രവീണിനെ കെട്ടണ്ട. പിന്നെ എന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ അമ്മയ്‌ക്കൊരു അവകാശവുമില്ല. എന്നെ ഇത്രത്തോളം എത്തിച്ചത് എന്റെ അമ്മാമ്മയല്ലേ. അമ്മാമ്മ പറയുന്നതെന്തും ഞാൻ അനുസരിക്കും. അതുകൊണ്ട് ഇക്കാര്യത്തിൽ നമ്മൾ തമ്മിലൊരു തർക്കം വേണ്ടമ്മേ." "നീ ഒത്തിരി മാറിപ്പോയി മോളെ. അന്യനാട്ടിൽ പോയി നിൽക്കുമ്പോ സൂക്ഷിച്ചും കണ്ടും നിൽക്കണം. നിന്റെ തന്നിഷ്ടത്തിന് തോന്നിയ പോലെ നടക്കാനാണോ നീ പഠിപ്പ് കഴിഞ്ഞിട്ടും അവിടെതന്നെ ജോലിക്ക് കേറിയത്. നാട്ടിലെങ്ങും നിനക്ക് ജോലി കിട്ടില്ലേ." "എനിക്ക് ഇവിടെ നിൽക്കാനാ അമ്മേ ഇഷ്ടം. അമ്മാമ്മയെ ഓർത്ത് മാത്രമാണ് ഞാൻ അവിടെ വന്ന് നിൽക്കുന്നത്.

ഞാനിവിടെ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അമ്മാമ്മയ്ക്കറിയാം. അമ്മ വെറുതെ എന്നെക്കുറിച്ച് ഓരോന്നോർത്ത് ആധി പിടിക്കണ്ട." "നിന്നോട് തർക്കിക്കാൻ ഞാനില്ല. എന്തായാലും അമ്മാമ്മയെ ഞാനൊന്ന് വിളിക്കുന്നുണ്ട്. നീ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോന്ന് അറിയണമല്ലോ. നീയെന്നെ അകറ്റി നിർത്തിയാലും നിന്റെ കാര്യത്തിൽ എനിക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. അത് നീ മറക്കരുത്." മൂക്ക് പിഴിഞ്ഞുകൊണ്ട് ഭാരതി തേങ്ങി. "അമ്മയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ. അമ്മയോട് എനിക്ക് സ്നേഹക്കുറവൊന്നുമില്ല. ആൽഫിയെ എനിക്കിഷ്ടാണ്. ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹം. അത് അമ്മയുടെയും കൂടി അനുഗ്രഹത്തിലാണ് നടക്കുന്നതെങ്കിൽ അത്രയും സന്തോഷം. അല്ലാതെ അമ്മയെ അകറ്റി നിർത്തണമെന്ന ഉദ്ദേശമൊന്നും എനിക്കില്ല. പക്ഷേ എന്റെ ഇഷ്ടം അമ്മ അംഗീകരിച്ചേ പറ്റു." അനുനയത്തിൽ അവൾ പറഞ്ഞു. "ആൽഫിയുടെ വീട് എവിടെയാ.?" "കോട്ടയം ആണ്." "അവന്റെ വീട്ടിൽ സമ്മതമാണോ?"

"അവരാരും അറിഞ്ഞിട്ടില്ല. അറിയുമ്പോൾ നല്ല എതിർപ്പായിരിക്കും. അതുകൊണ്ട് കല്യാണം കഴിഞ്ഞിട്ട് വീട്ടിൽ പറയാമെന്നാണ് ആൽഫിയുടെ തീരുമാനം. അവരൊക്കെ വല്യ കാശുള്ള ആളുകളാണ്." "ഇത്രേം പണക്കാരുമായുള്ള ബന്ധം നമുക്ക് വേണോ മോളെ. അവന്റെ വീട്ടിൽ അംഗീകരിച്ചില്ലെങ്കിൽ നിങ്ങളെന്താ ചെയ്യാ. ഇവിടെ വന്ന് നിൽക്കാൻ പോലും നിങ്ങൾക്ക് പറ്റില്ല." "പൈസേടെ അഹങ്കാരമൊന്നും ആൽഫിക്കില്ലമ്മേ. അതുപോലെതന്നെ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ അവന് അവന്റെ വീട്ടുകാരുടെ സമ്മതം വേണ്ടെന്നാണ് പറയുന്നത്." "നമുക്ക് അടുത്തുള്ള പയ്യന്മാരെ ആരെയെങ്കിലും നോക്കാം. കോട്ടയത്ത്‌ നിന്നൊന്നും വേണ്ട മോളെ. അന്വേഷിച്ചു പോകാൻ പോലും ആരുമില്ല. നീ ഇത് തന്നെ നടക്കണമെന്ന് വാശി പിടിക്കരുത്." "അമ്മ എന്തൊക്കെ പറഞ്ഞാലും ആൽഫിയെ എനിക്ക് മറക്കാൻ പറ്റില്ല. അത് മാത്രം അമ്മയെന്നോട് പറയരുത്." "ഞാൻ പറഞ്ഞാൽ നീ കേൾക്കില്ലെന്ന് എനിക്കറിയാം. ഞാൻ അമ്മാമ്മയെ കൊണ്ട് പറയിപ്പിക്കുന്നുണ്ട് നിന്നോട്.

എന്തായാലും നിന്റെ ഇഷ്ടത്തിന് കൂട്ട് നിൽക്കാൻ എനിക്ക് പറ്റില്ല മോളെ. ഇനിയും സംസാരിച്ചാൽ നിന്നോട് വഴക്കിട്ടേ ഫോൺ വയ്ക്കാൻ പറ്റു. അതുകൊണ്ട് ഞാൻ വയ്ക്കുവാ." ആതിരയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഭാരതി കാൾ കട്ട്‌ ചെയ്തു. ഫോണും കൈയ്യിൽ പിടിച്ച് നിമിഷങ്ങളോളം അവൾ നിശബ്ദയായി ഇരുന്നു. അമ്മ അമ്മാമ്മയോട് എന്തെങ്കിലും പറഞ്ഞ് ആ മനസ്സ് മാറ്റിയെടുക്കുമോ എന്ന് അവളൊന്ന് ശങ്കിച്ചു. ഉടനെതന്നെ ആതിര അമ്മാമ്മയുടെ ഫോണിലേക്ക് വിളിച്ചു നോക്കിയെങ്കിലും നമ്പർ ബിസിയായിരുന്നു. അമ്മയായിരിക്കും അമ്മാമ്മയെ വിളിച്ചതെന്ന് അവൾ ഊഹിച്ചു. ആതിരയുടെ ഊഹം ശരിയായിരുന്നു. അവളുടെ കാൾ കട്ട്‌ ചെയ്തിട്ട് ഭാരതി, ഭാർഗവി അമ്മയെ ഫോണിൽ വിളിക്കുക്കുകയായിരുന്നു. "എന്താടീ ഭാരതീ ഈ നേരത്ത്." ഭാർഗവി അമ്മയുടെ ക്ഷീണിച്ച സ്വരം ഫോണിലൂടെ കേട്ടു. "അമ്മേ... ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ." "എന്താ..?"

"ആതിരയ്ക്ക് അവളുടെ കൂടെ പഠിച്ച ഏതെങ്കിലും ക്രിസ്ത്യാനി ചെക്കനുമായി അടുപ്പമുണ്ടോ?" "എന്താ നീ അങ്ങനെ ചോദിച്ചത്. അവളെന്തെങ്കിലും പറഞ്ഞോ?" "ഉവ്വ്.. അവൾ അവനെ മാത്രേ കെട്ടുള്ളു പോലും. അമ്മയ്ക്കും ഇക്കാര്യം അറിയാമെന്ന് അവൾ പറഞ്ഞല്ലോ." "ആഹ്.. സംഗതി ശരിയാണ്. അവൻ നല്ല പയ്യനാ മോളെ." "എന്റെ അമ്മേ... കണ്ടവന്മാർക്കൊക്കെ എന്ത് വിശ്വസിച്ചാ പെണ്ണിനെ കെട്ടിച്ചു കൊടുക്കുന്നെ. അവന്റെ വീട് അങ്ങ് കോട്ടയത്താണ്. പോരെങ്കിൽ നമ്മളെക്കാൾ കാശ് കാരും. എന്തെങ്കിലും സംഭവിച്ചാൽ അത്രയും ദൂരം വരെ ഒന്ന് അന്വേഷിച്ചു പോകാൻ പോലും ആരുമില്ല. അവൾക്ക് നമ്മുടെ നാട്ടിൽ തന്നെ നല്ല പയ്യന്മാരെ കിട്ടില്ലേ. അമ്മയൊന്ന് അവളെ പറഞ്ഞ് മനസ്സിലാക്ക്. അവിടത്തെ ജോലി മതിയാക്കി നാട്ടിലേക്ക് വരാൻ പറയ്‌. ഇതൊക്കെ കേട്ട ശേഷം പെണ്ണിനെ അവിടെ നിർത്താൻ എനിക്ക് മനസ്സ് വരുന്നില്ല." "എന്റെ ഭാരതീ നീയിങ്ങനെ പേടിക്കാതെ. നീ കരുതുന്ന പോലൊന്നുമില്ല." "അമ്മയാണ് അവളുടെ താളത്തിനൊത്തു തുള്ളി അവളെ വഷളാക്കുന്നത്.

അവളെന്റെ മോളാ. അവളുടെ ഭാവി ആലോചിച്ച് എനിക്ക് പേടിയുണ്ടാവില്ലേ. അതുകൊണ്ട് അമ്മ തന്നെ അവളോട് അവനെ ഒഴിവാക്കാൻ പറയണം. ഞാൻ പറഞ്ഞാ കേൾക്കില്ല. ആതിരയ്ക്ക് ജർമ്മനിയിൽ നേഴ്സ് ആയ ഒരു പയ്യന്റെ ആലോചന വന്ന് കിടപ്പുണ്ട്. ഇവിടെ അടുത്തുള്ള കൂട്ടരാണ്. നല്ല കുടുംബം. എനിക്ക് നേരിട്ടറിയാവുന്നവരാണ്." "ഞാൻ ഏതായാലും അടുത്ത ആഴ്ച അവളെ പോയി കാണുന്നുണ്ട്. തിരിച്ചുവന്നിട്ട് സമയം പോലെ ഞാൻ വീട്ടിലേക്ക് വരാം. നമുക്ക് കാര്യങ്ങളൊക്കെ നേരിട്ട് സംസാരിക്കാം. തല്ക്കാലം നീയൊന്ന് മിണ്ടാതിരിക്ക്." ഭാർഗവി അമ്മ മകളെ സമാധാനിപ്പിച്ചു. "അമ്മ തന്നെ അവളോട് സംസാരിക്ക്. എന്നിട്ടേ ഞാനിനി അവളെ വിളിക്കുന്നുള്ളു. ഇല്ലെങ്കിൽ ഇക്കാര്യം പറഞ്ഞ് ഞങ്ങൾ വഴക്കാവും." ഭാരതിയിൽ അനിഷ്ടം പ്രകടമായിരുന്നു. "ഉം... ശരി ശരി.. നീ ഫോൺ വയ്ക്ക്." ഭാർഗവി പറഞ്ഞു. ഭാരതിയുടെ കാൾ കട്ടായതും അവരുടെ ഫോണിലേക്ക് ആതിര വിളിച്ചു. "ഹലോ മോളെ..." ഭാർഗവി അമ്മ വിളിച്ചു. "അമ്മാമ്മയെ അമ്മയാണല്ലേ വിളിച്ചോണ്ടിരുന്നത്."

"ആഹ് അതേ... നിന്റെ അമ്മ തന്നെയാ. നീ അവളോട് ആൽഫിയുടെ കാര്യം പറയാൻ പോയതെന്തിനാ." "അതുപിന്നെ അമ്മാമ്മേ... അമ്മ ഏതോ ജർമ്മനിക്കാരന്റെ ആലോചനയും കൊണ്ട് വന്നപ്പോൾ ഒരൊഴുക്കിലങ്ങ്ഞാൻ പറഞ്ഞു പോയതാ. പിന്നെ തോന്നി പറയണ്ടായിരുന്നുവെന്ന്." "അവള് അമ്പിനും വില്ലിനും അടുക്കാതെ നിൽക്കാ. ഞാൻ ഒരു വിധത്തിൽ സമാധാനിപ്പിച്ചു. നിന്നോട് സംസാരിക്കാൻ പറഞ്ഞേക്കുവാ എന്നോട്." "എന്നിട്ട് അമ്മാമ്മ എന്ത് പറഞ്ഞു." "ഞാൻ അടുത്ത ആഴ്ച നിന്റെ അടുത്തേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു. എന്നിട്ട് നിന്റെ അമ്മയുടെ അടുത്തേക്ക് ചെല്ലാം." "അമ്മയുടെ വാക്കും കേട്ട് എന്നെയും ആൽഫിയെയും തമ്മിൽ പിരിക്കാനാണോ അമ്മാമ്മ വരുന്നത്. അമ്മാമ്മയുടെ സമ്മതം  കിട്ടിയ ശേഷമാണ് ഞാനവനെ ഇഷ്ടപ്പെട്ടത്. ഇനിയെന്നോട് ആൽഫിയെ മറക്കാൻ പറയല്ലേ അമ്മാമ്മേ." അവൾ വിതുമ്പലടക്കി.

"അയ്യേ അമ്മാമ്മേന്റെ കുട്ടി കരയുവാണോ. നിങ്ങളുടെ കല്യാണം നടത്തിത്തരാനാ ഞാൻ വരുന്നത്. ഇനിയും വൈകിപ്പിച്ചിട്ട് എനിക്കെന്തെങ്കിലും പറ്റിപോയാൽ ഭാരതി നിന്നെ ജർമ്മനിക്കാരനെ കൊണ്ട് കെട്ടിക്കും. അതുകൊണ്ട് നിങ്ങളെ തമ്മിൽ ഒന്നിപ്പിച്ചേക്കാമെന്ന് ഞാനങ്ങ് തീരുമാനിച്ചു. ഭാരതിയെ ഞാൻ സാവകാശം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം. തല്ക്കാലം ഇക്കാര്യം നമ്മള് മൂന്നുപേരുമല്ലാതെ വേറെയാരും അറിയണ്ട. ഞാൻ നിങ്ങളെ മനസ്സിലാക്കിയത് പോലെ വേറെയാരും മനസ്സിലാക്കില്ല." സാന്ത്വനം പോലെയുള്ള അമ്മാമ്മയുടെ വാക്കുകൾ കേൾക്കവേ ആതിര അന്ധാളിച്ചുപോയി. "സത്യാണോ അമ്മാമ്മ പറയുന്നത്. എന്നെ പറ്റിക്കാൻ വെറുതെ തമാശ പറയുവല്ലല്ലോ." "അല്ലെടി കൊച്ചേ.. ഞാൻ അടുത്ത ശനിയാഴ്ച അങ്ങോട്ട്‌ വരുന്നുണ്ട്. ഞായറാഴ്ച അവിടുത്തെ ഏതെങ്കിലും അമ്പലത്തിൽ വച്ച് നിങ്ങളെ താലികെട്ട് നടത്താം. അതിന് വേണ്ടി അമ്മാമ്മ ഒരു താലിയും മാലയും ഒരുക്കി വച്ചിട്ടുണ്ട്." "എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല." അവളുടെ സന്തോഷം വാക്കുകളിൽ തെളിഞ്ഞുനിന്നു.

"നീ ആൽഫിയോടും കാര്യങ്ങൾ പറഞ്ഞേക്ക്. വേണ്ടതൊക്കെ ഞാൻ വരുമ്പോഴേക്കും ചെയ്ത് തീർക്കാൻ പറയ്യ്. നിന്നോട് സംസാരിക്കുന്നത് സുമതി കേട്ടുകൊണ്ട് വന്നാൽ ഉടനെ ഭാരതിയുടെ ചെവിയിലെത്തും. അതുകൊണ്ട് ഒരുക്കങ്ങൾ ഒക്കെ വേഗം തീർത്ത് വയ്ക്ക്." "അമ്മാമ്മ ഫോൺ വച്ചോ. ഞാനിപ്പോ തന്നെ ആൽഫിയെ വിളിച്ചു വിവരം പറയട്ടെ." ആതിര തിടുക്കപ്പെട്ട് പറഞ്ഞു. "എങ്കിൽ ശരി മോളെ.. നേരിട്ട് കാണുമ്പോൾ വിശദമായി സംസാരിക്കാം നമുക്ക്." ഭാർഗവി അമ്മയോട് സംസാരിച്ച് ഫോൺ വയ്ക്കുമ്പോൾ ആതിര സന്തോഷം കൊണ്ട് തുള്ളിച്ചാടി. കയ്യോടെ തന്നെ അവൾ ആൽഫിയെ വിളിച്ചു വിവരം പറഞ്ഞു. ആ വാർത്ത അവനും ഒരു സർപ്രൈസായിരുന്നു. ഇരുവരുടെയും ഹൃദയം സന്തോഷത്താൽ തുടികൊട്ടി. ഒന്നിച്ച് ചേരാനുള്ള വെമ്പലിൽ അവരുടെ ഹൃദയം കൂടുതൽ മിടിച്ചുകൊണ്ടിരുന്നു.  പിറ്റേ ദിവസം രണ്ടുപേർക്കും ഓഫായിരുന്നതിനാൽ ഇരുവരും രാവിലെതന്നെ ഒരുമിച്ച് കൂടി. "ആതി അടുത്ത ആഴ്ച അമ്മാമ്മ വരുമ്പോൾ കല്യാണം നടത്താമെന്നല്ലേ പറഞ്ഞത്.

അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങണ്ടേ നമുക്ക്." ആൾഫിയിൽ ഉത്സാഹം ജനിച്ചു. "അത് വേണം. ഒരാഴ്ച കൊണ്ട് നമുക്ക് കാര്യങ്ങളൊക്കെ സെറ്റ് ആക്കണം ആൽഫി." "കല്യാണം കഴിഞ്ഞാൽ പിന്നെ നമുക്കിങ്ങനെ രണ്ടിടത്തായി നിൽക്കാൻ പറ്റില്ലല്ലോ. നമുക്ക് താമസിക്കാൻ ഒരു വീട് വാങ്ങണ്ടേ ആതി." "അതിനൊക്കെ ഒരുപാട് കാശാവില്ലേ. നമ്മുടെ കൈയ്യിൽ അതിന് മാത്രം എന്താ ഉള്ളത്." "ഞാൻ പറഞ്ഞത് വാടകയ്ക്ക് ഒരു വീട് എടുക്കുന്നതാടി." "അതിനും സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒക്കെ കൊടുക്കേണ്ടി വരില്ലേ. പിന്നെ ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ട എല്ലാം വാങ്ങണ്ടേ. എല്ലാത്തിനും കൂടി നല്ല പൈസ വേണ്ടി വരില്ലേ?" "അമ്മച്ചിയെനിക്ക് പഠിക്കാൻ തന്ന പൈസയിൽ ബാക്കി കുറച്ച് അക്കൗണ്ടിൽ കിടപ്പുണ്ട്. വീട് എടുക്കാനും സെക്യൂരിറ്റി ഡെപ്പോസിറ്റ് കൊടുക്കാനും അത്യാവശ്യം വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങാനൊക്കെ അത് മതിയാവും. പക്ഷേ..." പറഞ്ഞുവന്നത് നിർത്തി ആൽഫി മൗനം പൂണ്ടു.

"എന്താ ആൽഫി? എന്ത് പറ്റി?" "നിന്റെ കഴുത്തിലണിയിക്കാൻ സ്വർണ്ണത്തിൽ ഒരു താലിയും മാലയും വാങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹം. കൈയിലുള്ള പൈസയൊക്കെ വീട് എടുക്കാനും മറ്റും ചിലവാക്കിയാൽ പിന്നെ നീക്കിയിരിപ്പ് ഒന്നും കാണില്ല ആതി." അത് പറയുമ്പോൾ അവനിൽ നിരാശ നിറഞ്ഞിരുന്നു.  "അതൊന്നും ഓർത്ത് നീ സങ്കടപ്പെടണ്ട ആൽഫി. താലിയും മാലയുമൊക്കെ അമ്മാമ്മ വാങ്ങിയിട്ടുണ്ട്. ഇന്നലെ വിളിച്ചപ്പോൾ ഇക്കാര്യം നിന്നോട് പറയാൻ ഞാൻ വിട്ടുപോയതാ." "പക്ഷേ ആതീ... എന്റെ പൈസ കൊണ്ട് നിനക്കൊരു പൊന്ന് അണിയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം." "നീയിങ്ങനെ സെന്റി ആവല്ലേ ആൽഫി. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ. നമ്മളൊരുമിച്ച് ജീവിക്കാൻ തുടങ്ങുന്നതല്ലേ ഉള്ളു." ആതിര അവനെ സമാധാനിപ്പിച്ചു. "ഉം... ഇനിയിപ്പോ അതോർത്ത് വിഷമിച്ചിട്ട് കാര്യമില്ലല്ലോ." "എടാ ഈ ഒരാഴ്ച കൊണ്ട് നമുക്ക് വീട് ശരിയാവുമോ? " ആതിര വിഷയം മാറ്റാനെന്നോണം ചോദിച്ചു.

"ഹോസ്പിറ്റലിൽ കൂടെ ജോലി ചെയ്യുന്നവരോടൊക്കെ നമുക്ക് പറയാം. ആഞ്ഞുശ്രമിച്ചാൽ കിട്ടാതിരിക്കില്ല. വീട് കിട്ടിയാൽ അമ്മാമ്മയെ നമുക്കൊപ്പം കുറച്ചുദിവസം നിർത്തുകയും ചെയ്യാലോ." "ഞാനും അത് ആലോചിച്ചു. എന്തായാലും ഒരാഴ്ച കൊണ്ട് നമുക്ക് എല്ലാം സെറ്റ് ആക്കണം." "കല്യാണത്തിന് നിനക്ക് ഉടുക്കാൻ സാരിയൊക്കെ വാങ്ങണ്ടേ." "പണ്ട് ശിവേട്ടൻ വാങ്ങി തന്ന സാരിയുണ്ട് എന്റെ കൈയ്യിൽ. ആൽഫിക്കുള്ള മുണ്ടും ഷർട്ടും മാത്രം വാങ്ങിച്ചാ മതി." "എന്നാലും ഞാനൊരു സാരി വാങ്ങും നിനക്ക്. കല്യാണത്തിന് നീ അതുടുത്താൽ മതി." "ഈ സമയത്ത് നീ വെറുതെ അനാവശ്യമായി വാശി പിടിക്കരുത് ആൽഫി. നമുക്ക് കാശിന് വളരെ അത്യാവശ്യമുള്ള സമയമാണ്. അതുകൊണ്ട് മാക്സിമം ചുരുക്കി വേണം ഉപയോഗിക്കാൻ. എനിക്ക് സാരി വാങ്ങി തരാൻ ഇനിയും സമയമുണ്ടല്ലോ.

ഇപ്പൊ നമുക്ക് ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രം വാങ്ങിയാൽ മതി. നീ അങ്ങനെ ചിന്തിക്ക്." "ഹ്മ്മ് ശരി..." മനസ്സില്ലാമനസ്സോടെ ആണെങ്കിലും ആൽഫി അവളുടെ അഭിപ്രായത്തോട് യോജിച്ചു. "അമ്മാമ്മ വേഗമൊന്ന് ഇങ്ങ് വന്നാ മതിയെന്നാ ഇപ്പൊ. ശനിയാഴ്ച ആകുംവരെ ടെൻഷനായിരിക്കും ആൽഫി." "എനിക്കും ടെൻഷനുണ്ട്. കാര്യങ്ങളൊക്കെ ഇതുവരെ നമ്മൾ വിചാരിച്ച പോലെതന്നെ എത്തിയില്ലേ." "ആണ്.. എങ്കിലും ഉള്ളിലൊരു ടെൻഷനുണ്ട്. എന്തോ ഒരാപത്ത് വരാനിരിക്കുന്നെന്ന് മനസ്സ് പറയുന്നു." "ഹേയ് കൂൾ ആവ് ആതി. ഒന്നുമുണ്ടാവില്ല. ഒക്കെ നിന്റെ തോന്നലാ." ആൽഫി അവളുടെ കൈകളിൽ മുറുക്കിപ്പിടിച്ചു. "ഇനി കല്യാണമൊന്ന് നടന്ന് കിട്ടുന്നത് വരെ എനിക്കൊരു സമാധാനമുണ്ടാവില്ലെടാ." ആതിര അവന്റെ തോളിലേക്ക് ചാഞ്ഞു. ആശ്വസിപ്പിക്കും പോലെ അവനവളെ തന്നിലേക്ക് ചേർത്തണച്ചു....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story