മറുതീരം തേടി: ഭാഗം 19

marutheeram thedi shiva

രചന: ശിവ എസ് നായർ

"ഇനി കല്യാണമൊന്ന് നടന്ന് കിട്ടുന്നത് വരെ എനിക്കൊരു സമാധാനമുണ്ടാവില്ലെടാ." ആതിര അവന്റെ തോളിലേക്ക് ചാഞ്ഞു. ആശ്വസിപ്പിക്കും പോലെ അവനവളെ അവനിലേക്ക് ചേർത്തണച്ചു. "നമ്മുടെ കല്യാണം നടക്കും ആതി. എന്നിട്ട് നിന്റെ കൈയ്യും പിടിച്ച് വീട്ടിലേക്ക് പോയി പപ്പയോടും മമ്മിയോടുമൊക്കെ ഞാൻ പറയും ഇതാണ് ഞാൻ മിന്നുകെട്ടിയ പെണ്ണെന്ന്."  "അവര് നമ്മളെ അടിച്ചോടിക്കാതിരുന്നാൽ ഭാഗ്യം." "ഏയ്‌... എന്റെ പപ്പയും മമ്മിയുമൊന്നും അങ്ങനെ ചെയ്യില്ല. രണ്ടുംകൈയ്യും നീട്ടി സ്വീകരിക്കില്ലായിരിക്കും. അതെനിക്ക് ഉറപ്പാ. ദേഷ്യണ്ടാവും. പ്രത്യേകിച്ച് നീ അന്യമതക്കാരി ആയോണ്ട്. എങ്കിലും ഞാൻ കല്യാണം കഴിച്ച വിവരം വീട്ടുകാർ അറിഞ്ഞിരിക്കണമല്ലോ." "അത് വേണം. എന്റെ വീട്ടിൽ അമ്മയോട് അമ്മാമ്മ സാവകാശം പറയാമെന്നാണ് പറഞ്ഞിരിക്കുന്നത്." "എന്റെ അമ്മച്ചിയിപ്പോ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ നിന്നെയും കൊണ്ട് ഞാൻ നേരെയാങ്ങോട്ട് ധൈര്യമായി കേറിച്ചെന്നേനെ. പക്ഷേ നിന്നെ കാണാനുള്ള ഭാഗ്യം അമ്മച്ചിക്ക് കിട്ടിയില്ല."

"ഇങ്ങനെ സംസാരിച്ച് നിന്ന് സമയം കളയാതെ നമുക്ക് ബാക്കി പണികൾ തുടങ്ങണ്ടേ ആൽഫി." "ഉം വേണം... നീയെന്നാ ഹോസ്റ്റലിലേക്ക് പൊയ്ക്കോ. ഞാൻ നമുക്ക് താമസിക്കാനുള്ള വീട് കിട്ടുമോന്ന് നോക്കട്ടെ." "ആഹ് ശരിയെടാ... എന്തെങ്കിലും ഓക്കേ ആവുകയാണെങ്കിൽ വിളിച്ചു പറയണേ." "ഓക്കേ... ഞാൻ വിളിക്കാം നിന്നെ." ആൽഫി മൊബൈൽ എടുത്ത് ആരെയൊക്കെയോ വിളിക്കാൻ തുടങ്ങി. ആതിര തിരികെ ഹോസ്റ്റലിലേക്ക് മടങ്ങി. ഉച്ചകഴിഞ്ഞപ്പോൾ അവൾക്ക് ആൽഫിയുടെ കാൾ വന്നു. "ആതി... ഒരു വീട് ഒത്തുവന്നിട്ടുണ്ട്. സെക്യൂരിറ്റി ഡെപ്പോസിറ്റ് കുറച്ച് കൂടുതലാണ് പറഞ്ഞത്. നമ്മുടെ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്ന രാജീവേട്ടനാണ് ഇത് തരപ്പെടുത്തി തന്നത്." "എന്നിട്ട് നീ വീട് പോയി കണ്ടോ?" "ഇല്ല... അത് പറയാനാ നിന്നെ ഞാൻ വിളിച്ചത്. രാജീവേട്ടൻ കുറച്ചുമുൻപാ ആ വീടിന്റെ കാര്യം വിളിച്ചു പറഞ്ഞത്. നമ്മൾ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിന് അടുത്തായിട്ടാണ്. നീ കൂടി വരുകയാണെങ്കിൽ നമുക്കിപ്പോ തന്നെ വീട് പോയി കാണാം."

"ഞാൻ ദേ ഇപ്പൊ വരാം. എന്തായാലും പോയി നോക്കാം." "ഞാൻ നിന്റെ ഹോസ്റ്റലിന് പുറത്തുണ്ടാവും. നീ റെഡിയായി താഴേക്ക് വാ." "ആ ശരി." ആതിര പെട്ടന്നുതന്നെ മുഖം കഴുകി തുടച്ച ശേഷം മുഖത്ത് കുറച്ച് പൗഡറുമിട്ട് നെറ്റിയിൽ ചാന്ത് കൊണ്ട് കുഞ്ഞ് പൊട്ടും തൊട്ട് മുഖമൊന്ന് മിനുക്കി. മുടി പോണി ടെയിൽ കെട്ടിയിട്ടു. പിന്നെ ഒരു ഇളം പച്ച ചുരിദാർ ഇട്ട് കഴുത്തിലൂടെ ഷാൾ ചുറ്റി. പത്ത് മിനിറ്റ് കൊണ്ടുതന്നെ അവൾ റെഡിയായി. സ്റ്റെപ്പിറങ്ങി താഴേക്ക് വരുമ്പോൾ ആൽഫി അവളെയും കാത്ത് ഗേറ്റിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. "പോവാം ആൽഫി." ചിരിയോടെ അവൾ അവന്റെ അടുത്തേക്ക് വന്നു. "നീ ഇത്ര പെട്ടന്ന് റെഡിയായോ?" ആൽഫിയുടെ കണ്ണുകൾ അവളെ അടിമുടി വീക്ഷിച്ചു. "എങ്ങനെയുണ്ട് കൊള്ളാമോ?" "ഹ്മ്മ് കുഴപ്പമില്ല... നിന്റെ ചന്തോം നോക്കി ഇരുന്നാൽ വീടിന്റെ ഓണർ വന്നിട്ടങ്ങു പോകും." ആതിരയുടെ കൈയ്യിൽ പിടിച്ച് മുന്നോട്ട് നടക്കവേ അവൻ പറഞ്ഞു. ഓട്ടോ സ്റ്റാൻഡിൽ ചെന്ന് ഒരോട്ടോ പിടിച്ചാണ് അവർ രാജീവ്‌ പറഞ്ഞുകൊടുത്ത വീട്ടിലേക്ക് പോയത്.  

അരമണിക്കൂറിനുള്ളിൽ ഇരുവരും പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു. ഹൌസ് ഓണർ സുബ്ബയ്യ നായിഡു അവരെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. "ചേട്ടൻ വന്നിട്ട് കുറേനേരമായോ?" കന്നഡയിൽ അയാളോട് ചോദിച്ചുകൊണ്ട് ആൽഫി ഓട്ടോയിൽ നിന്നിറങ്ങി അയാൾക്കടുത്തേക്ക് ചെന്നു. "ഇല്ല ഇപ്പൊ വന്നതേയുള്ളു. നിങ്ങൾ കേരളത്തിൽ നിന്നാണോ?" അയാൾ ഇരുവരെയുമൊന്ന് ചൂഴ്ന്ന് നോക്കി. "അതെ... ഇതെന്റെ ഭാര്യ, ആതിര. ഞങ്ങളിവിടെ ജിൻഡൽ സഞ്ജീവിനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നേഴ്സുമാരാണ്. പോയിവരൻ സൗകര്യത്തിന് ഒരു വീട് നോക്കുമ്പോഴാണ് ഈ വീടിനെ പറ്റി അറിയുന്നത്. ഇപ്പൊ ഞങ്ങളൊരു ഹോസ്റ്റലിലാണ് നിൽക്കുന്നത്. ഞങ്ങളെ വീടൊന്ന് കാണിക്കാമോ ഇഷ്ടമായാൽ നമുക്ക് നാളെതന്നെ എഗ്രിമെന്റ് എഴുതാം." ആൽഫിയാണ് ഓണറോട് സംസാരിച്ചതൊക്കെ.

ആതിര മിണ്ടാതെ അവനൊപ്പം നിന്നതേയുള്ളു. കർണാടകയിൽ പഠിക്കാൻ വന്നതിന് ശേഷം ഇത്രയും വർഷങ്ങൾ കൊണ്ട് ഇരുവരും നന്നായി കന്നഡ സംസാരിക്കാൻ പഠിച്ചിരുന്നു. "ഓ വരൂ.." കീശയിൽ നിന്നും വീടിന്റെ ചാവി എടുത്തുകൊണ്ട് സുബ്ബയ്യ അവരെ ക്ഷണിച്ചു. പൂട്ടികിടന്ന മുൻവാതിൽ തുറന്ന് സുബ്ബയ്യ അകത്തേക്ക് കയറി. പിന്നാലെ ആൽഫിയും ആതിരയും അയാളെ അനുഗമിച്ചു. രണ്ട് മുറിയും ഒരു ചെറിയ ഹാളും ഒരു കുഞ്ഞ് അടുക്കളയും കോമൺ ബാത്റൂമുമാണ് ആ വീട്ടിലെ സൗകര്യം. ആൽഫിക്കും ആതിരയ്ക്കും ഒറ്റ നോട്ടത്തിൽ തന്നെ വീടിഷ്ടമായി. തൊട്ടടുത്തൊക്കെ വേറെയും വീടുകളുണ്ട്. "ഞങ്ങൾക്ക് വീട് ഇഷ്ടപ്പെട്ടു. നാളെതന്നെ ടോക്കൺ അഡ്വാൻസ് തന്ന് നമുക്ക് എഗ്രിമെന്റ് എഴുതാം." ആൽഫി അയാളോട് പറഞ്ഞു. "സെക്യൂരിറ്റി ഡെപ്പോസിറ്റും രണ്ട് മാസത്തെ വാടകയും അഡ്വാൻസായി തരണം.

അതുപോലെതന്നെ എല്ലാ മാസവും കൃത്യം പത്താം തീയതിക്കുള്ളിൽ വാടകയും കിട്ടിയിരിക്കണം. അങ്ങനെയല്ലെങ്കിൽ നിങ്ങളെന്റെ തനിക്കൊണം കാണും. വാടക കാര്യത്തിൽ ഞാൻ ഭയങ്കര കണിശക്കാരനാണ്. എന്നിൽ നിന്ന് ഒരു ഇളവും പ്രതീക്ഷിക്കണ്ട. വാടക മുടങ്ങിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും പിടിക്കും. എന്നിട്ടും കുടിശിക തന്ന് തീർത്തില്ലെങ്കിൽ ഞാൻ വന്ന് സാധനം വാരി പുറത്തിട്ട് വീട് പൂട്ടി പോകും. കഴിഞ്ഞ ആഴ്ചയാണ് വാടക തരാതിരുന്ന ഒരു ഫാമിലിയെ ഒഴിപ്പിച്ചു വിട്ടത്. നിങ്ങളെ പോലെ വരത്തന്മാരായിരുന്നു അവരും. ഇതൊക്കെ സമ്മതമാണെങ്കിൽ മാത്രം എഗ്രിമെന്റ് എഴുതാം നമുക്ക്. എന്ത് പറയുന്നു?" സുബ്ബയ്യ നായിഡു ചോദ്യ ഭാവത്തിൽ ഇരുവരെയും നോക്കി. "ഞങ്ങൾക്ക് സമ്മതമാണ്. വാടക തുക എല്ലാ മാസവും കൃത്യം പത്താം തീയതിക്ക് മുൻപുതന്നെ തരുന്നതാണ്." ആൽഫി പറഞ്ഞു.

"എങ്കിൽ നാളെ രാവിലെ ടോക്കൺ അഡ്വാൻസുമായി വരൂ. എന്ന് മുതലാണ് താമസം തുടങ്ങാൻ ഉദ്ദേശിക്കുന്നത്." വീട് പൂട്ടി താക്കോൽ കീശയിലേക്ക് ഇടുമ്പോൾ അയാൾ ചോദിച്ചു. "ഈ വരുന്ന ശനിയാഴ്ച താമസം തുടങ്ങാമെന്ന് വിചാരിക്കുന്നു." "സെക്യൂരിറ്റി ഡെപ്പോസിറ്റും രണ്ട് മാസത്തെ അഡ്വാൻസ് വാടകയും തന്ന് കഴിഞ്ഞാൽ വീടിന്റെ താക്കോൽ തന്നേക്കാം. സൗകര്യം പോലെ താമസം തുടങ്ങിക്കോളു." "വളരെ നന്ദിയുണ്ട് ചേട്ടാ." "അപ്പൊ നാളെ കാണാം." സുബ്ബയ്യ നായിഡു അയാളുടെ ബൈക്കിൽ കയറിക്കൊണ്ട് അവരോട് പറഞ്ഞു. ആൽഫി അയാളെ നോക്കി തലയനക്കിയിട്ട് ആതിരയെയും കൂട്ടി വന്ന ഓട്ടോയിൽ തന്നെ തിരികെ മടങ്ങി. "നീയെന്തിനാ ആൽഫി അയാളോട് ഞാൻ നിന്റെ ഭാര്യയാണെന്ന് പറയാൻ പോയത്. നമ്മുടെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ." മടക്ക യാത്രയിൽ ഓട്ടോയിലിരിക്കുമ്പോൾ അവൾ ചോദിച്ചു. "അയാള് ചുഴിഞ്ഞുനോക്കുന്നത് നീ കണ്ടതല്ലേ. ഒരു സേഫ്റ്റിക്കാ ഞാനങ്ങനെ പറഞ്ഞത്. പരിചയമില്ലാത്ത നാടും ആൾക്കാരുമല്ലേ.

ഹോസ്റ്റലിൽ കിട്ടുന്ന സുരക്ഷിതത്വം അവിടെ കിട്ടുമോന്ന് ഉറപ്പില്ലല്ലോ. ഭാര്യാ ഭർത്താക്കന്മാരാണെന്ന് കേട്ടാൽ വേറെ സംശയമൊന്നും തോന്നില്ല. പിന്നെ ജോലി ചെയ്യുന്ന സ്ഥലമൊക്കെ പറഞ്ഞു കൊടുത്തത് കൊണ്ട് അയാൾക്ക് നമ്മളിൽ ഒരു വിശ്വാസം വന്നിട്ടുണ്ട്. പിന്നെ ഈ വരുന്ന ഞായറാഴ്ച മുതൽ നീ എന്റെ ഭാര്യ തന്നെയല്ലേ." ചിരിയോടെ ആൽഫി അവളെ നോക്കി. "നീ ഒരുപാട് ചിന്തിക്കുന്നുണ്ട്." "എത്രയായാലും അന്യ നാടല്ലേ മോളെ. നമ്മുടെ നാട്ടിൽ കിട്ടുന്ന സുരക്ഷിതത്വം വേറൊരു നാട്ടിൽ കിട്ടാൻ പാടാണ്. ഇവിടെ ഇവന്മാർക്ക് നമ്മളെന്നും വരാത്തന്മാരാണ്. ഭാഷ കൂടി അറിയില്ലെങ്കിൽ ജീവിക്കാൻ തന്നെ ബുദ്ധിമുട്ടാ." "നാളെ അഡ്വാൻസ് കൊടുത്ത് എഗ്രിമെന്റ് എഴുതണ്ടേ." "ഉം വേണം. നാളെ രാവിലെ നീയെ ന്നെ കാത്തുനിൽക്കണ്ട. നേരെ ഹോസ്പിറ്റലിലേക്ക് പൊയ്ക്കോ. ഞാൻ വീടിന്റെ കാര്യമൊക്കെ സെറ്റാക്കിയിട്ട് വരാം. നാളെത്തന്നെ മുഴുവൻ കാശും കൊടുത്ത് വീടിന്റെ താക്കോൽ ഇങ്ങ് വാങ്ങാം. എന്നിട്ട് ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങിയിടാം."

"ഇത്ര പെട്ടന്ന് ഒരു വീട് ശരിയായി കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല." "രാജീവേട്ടൻ എടുക്കാനിരുന്ന വീടാ. പുള്ളിക്കാരൻ വീടൊക്കെ എടുത്തിട്ട് അച്ഛനെയും അമ്മയെയും ഭാര്യയെയും ഇങ്ങോട്ട് കൊണ്ട് വരാനുള്ള പ്ലാനിലാ. നമുക്ക് അത്യാവശ്യമാണെന്ന് അറിഞ്ഞിട്ടാ രാജീവേട്ടന് ഒത്തുവന്ന വീട് നമുക്ക് ശരിയാക്കി തന്നത്." "നാളെ രാജീവേട്ടനെ കാണുമ്പോ ഒരു താങ്ക്സ് പറയണം." ആതിരയുടെ വാക്കുകൾ അവനും ശരിവച്ചു. "അതെ.. ചേട്ടനില്ലായിരുന്നെങ്കിൽ ഇപ്പോഴൊന്നും ശരിയാവില്ലായിരുന്നു. ഈ ഏരിയയിൽ വീട് ഒത്തുകിട്ടാൻ നല്ല പാടാണ്." ആൽഫി പറഞ്ഞു.  ഇരുവരും തങ്ങൾ ആഗ്രഹിച്ചത് പോലെതന്നെ ഓരോ കാര്യങ്ങൾ നടക്കുന്നതിൽ ഒത്തിരി സന്തോഷിച്ചു. പിറ്റേ ദിവസം രാവിലെതന്നെ ആൽഫി സുബ്ബയ്യ നായിഡുവിനെ പോയിക്കണ്ട്  എഗ്രിമെന്റ് എഴുതിപ്പിച്ച ശേഷം മുഴുവൻ തുകയും കൊടുത്ത് വീടിന്റെ താക്കോൽ വാങ്ങി. ആൽഫിയുടെയും ആതിരയുടെയും വിവാഹ കാര്യം രാജീവനിൽ നിന്ന് ഹോസ്പിറ്റലിൽ എല്ലാവരും അറിഞ്ഞിരുന്നു. രണ്ടുപേർക്കും സഹപ്രവർത്തകരിൽ നിന്ന് പൂർണ്ണ പിന്തുണ കിട്ടി.

കല്യാണത്തിന് ആരെയും വിളിക്കാത്തത് കൊണ്ട് കല്യാണശേഷം സ്റ്റാഫുകൾക്ക് എല്ലാവർക്കും പാർട്ടി വേണമെന്ന് ഒരേ സ്വരത്തിൽ അവരോട് എല്ലാവരും ആവശ്യപ്പെട്ടു. ഗന്ത്യന്തരമില്ലാതെ ആൽഫിക്കും ആതിരയ്ക്കും അത് സമ്മതിക്കേണ്ടി വന്നു. വിവാഹം കഴിഞ്ഞ ശേഷം വരുന്ന ബുധനാഴ്ച ഉച്ചയ്ക്ക് അവരുടെ വക ഊണ് നൽകാമെന്ന് ഇരുവരും വാക്ക് കൊടുത്തു. ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്ന വേളയിൽ സമയം പോലെ അവർ വാടകയ്‌ക്കെടുത്ത വീട്ടിൽ ചെന്ന് വീട് മുഴുവൻ തൂത്തു തുടച്ച് വൃത്തിയാക്കി എടുത്തു. ആൾറെഡി പെയിന്റ് അടിച്ചിട്ടുള്ളത് കൊണ്ട് ആ പണി ഒഴിവായി കിട്ടി. ഒരു ടീപോയും രണ്ട് കസേരയും അടുക്കളയിൽ പാചകത്തിന് ആവശ്യമായ പാത്രങ്ങളും ഗ്യാസ് അടുപ്പ് തുടങ്ങി അത്യാവശ്യ വീട്ട് സാധനങ്ങളൊക്കെ അവർ വാങ്ങിച്ചിട്ടു. കട്ടിലൊന്നും വാങ്ങിയിടാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ രണ്ട് പായും തലയിണയും ഒരു ചെറിയ മെത്തയുമാണ് ഇരുവരും ബെഡ് റൂമിലേക്ക് വാങ്ങിയത്.

അമ്മാമ്മ വരുമ്പോൾ കിടക്കാൻ കൊടുക്കാമെന്ന് കരുതിയാണ് മെത്ത കൂടി വാങ്ങിച്ചത്. ഇത്രയും ആയപ്പോൾ തന്നെ അവരുടെ കയ്യിലുണ്ടായിരുന്ന കാശ് ഏകദേശം തീർന്നിരുന്നു. വിട്ടുപോയ ബാക്കി സാധനങ്ങളൊക്കെ പിന്നീട് വാങ്ങിക്കാമെന്ന് അവർ തീരുമാനിച്ചു. വ്യാഴാഴ്ച ദിവസം ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ ശേഷം ആതിരയും ആൽഫിയും തുണിക്കടയിൽ കയറി വിവാഹത്തിന്റെയന്ന് ആൽഫിക്ക് ഉടുക്കാനുള്ള വെള്ള മുണ്ടും ഷർട്ടും വാങ്ങിച്ച് വച്ചു. അവരുടെ വിവാഹത്തിന് എത്താൻ പറ്റാത്തതിൽ വിഷ്ണുവിന് നല്ല സങ്കടമുണ്ടായിരുന്നു. നാട്ടിൽ തന്നെ ഒരു കമ്പനിയിൽ അവൻ ജോലിക്ക് കയറിയിരുന്നു. ലീവ് കിട്ടുമ്പോൾ അവരോടൊപ്പം ഒരു ദിവസം നിൽക്കാൻ വരാമെന്ന് അവൻ ഉറപ്പ് കൊടുത്തു. വിഷ്ണുവിനെ മാത്രമായിരുന്നു അവർ കല്യാണത്തിന് ക്ഷണിച്ചിരുന്നത്. അവന് വരാൻ പറ്റില്ലെന്ന് അറിഞ്ഞപ്പോൾ ആൽഫിക്കും ആതിരയ്ക്കും വിഷമം തോന്നി. ഹോസ്പിറ്റലിൽ നിന്ന് രാജീവേട്ടനെയും അവർക്ക് അടുത്ത് പരിചയമുള്ള വേറെ രണ്ട് മലയാളി വനിത നേഴ്‌സുമാരെയും വിവാഹത്തിന് ക്ഷണിച്ചാലോ എന്ന് വിചാരിച്ചുവെങ്കിലും അവർ പിന്നീടത് വേണ്ടെന്ന് വച്ചു. കാരണം, പിന്നീട് മറ്റുള്ളവരെയും വിളിച്ചില്ലെന്ന പരാതി വരും. **************

ശനിയാഴ്ച രാവിലെയാണ് ഭാർഗവിഅമ്മ കർണാടകയിൽ എത്തുമെന്ന് പറഞ്ഞിരുന്നത്. വെള്ളിയാഴ്ച ദിവസം രാത്രി ഭാർഗവി ട്രെയിനിൽ കയറുന്നതിന് മുൻപും കയറിയ ശേഷവും ആതിരയെ വിളിച്ച് അക്കാര്യം അറിയിച്ചിരുന്നു. രാവിലെ അവരെ കൂട്ടികൊണ്ട് പോകാൻ സ്റ്റേഷനിൽ വരാമെന്ന് അവൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ ഹോസ്റ്റലിലുണ്ടായിരുന്ന തങ്ങളുടേതായ സാധനങ്ങളെല്ലാം അവർ വീട്ടിലേക്ക് മാറ്റിയിരുന്നു. പിറ്റേദിവസം മുതൽ അമ്മാമ്മയ്‌ക്കൊപ്പം വീട്ടിൽ താമസം തുടങ്ങാമെന്ന ഐഡിയയിലായിരുന്നു ഇരുവരും. ആ രാത്രി ഉറക്കമില്ലാതെ കഴിച്ചുകൂട്ടുകയായിരുന്നു ആൽഫിയും ആതിരയും. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വസ്ത്രം മാറി തോളിലിടുന്ന ബാഗുമെടുത്ത് ഹോസ്റ്റൽ ജീവിതത്തോട് വിട പറഞ്ഞ് രണ്ടുപേരും റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. വിവാഹം പ്രമാണിച്ച് ആൽഫിയും ആതിരയും ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ലീവിലാണ്. ശനിയാഴ്ച രാവിലെ എഴ് മണിക്കാണ് ഭാർഗവി അമ്മ കയറിയ ട്രെയിൻ കർണാടക റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുക. ആറേ മുക്കാലയപ്പോൾ രണ്ടുപേരും സ്റ്റേഷനിൽ എത്തിച്ചേർന്നു.

അമ്മാമ്മയുടെ വരവും കാത്ത് സിമെന്റ് ബെഞ്ചിൽ അവരിരുന്നു. ആൽഫിയുടെ തോളിലേക്ക് ചാരി കൈകളിൽ ചുറ്റിപ്പിടിച്ചു ആതിര അവനെ നോക്കി. ഒരു ദിവസം കൂടി കഴിഞ്ഞാൽ തങ്ങളുടെ വിവാഹമാണെന്ന ചിന്ത ഇരുവരെയും ത്രസിപ്പിച്ചു. ആൽഫിയുടെ വലതുകൈ അവളുടെ കൈകളിൽ മുറുകെപ്പിടിച്ചു. സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു. ദൂരെ നിന്നും പുക തുപ്പികൊണ്ട് തീവണ്ടി മെല്ലെ മെല്ലെ പ്ലാറ്റ്ഫോമിലേക്ക് അടുത്ത് കൊണ്ടിരുന്നു, അവസാന സ്റ്റേഷനാണ്. ട്രെയിൻ നിന്നപ്പോൾ ആളുകളെല്ലാവരും ഇറങ്ങി തുടങ്ങി. ആൽഫിയുടെയും ആതിരയുടെയും മിഴികൾ ആൾക്കൂട്ടത്തിനിടയിൽ അമ്മാമ്മയെ തിരഞ്ഞു. ഇറങ്ങുന്ന യാത്രക്കാർ പലവഴി പിരിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. പക്ഷേ ഭാർഗവി അമ്മയെ മാത്രം അവിടെയെങ്ങും കണ്ടില്ല. നിമിഷങ്ങൾക്കകം പ്ലാറ്റ്ഫോം വിജനമായി കൊണ്ടിരുന്നു. ട്രെയിനിൽ നിന്നിറങ്ങിയ ആളുകൾക്കിടയിലൊന്നും അമ്മാമ്മ ഉണ്ടായിരുന്നില്ലെന്ന സത്യം അവർ ഞെട്ടലോടെ മനസ്സിലാക്കി. ഉൾക്കിടിലത്തോടെ ആതിര അമ്മാമ്മയുടെ ഫോണിലേക്ക് വിളിച്ചു. റിംഗ് ചെയ്യുന്നുണ്ടെങ്കിലും മറുതലയ്ക്കൽ ആരും ഫോൺ എടുത്തില്ല. അവളുടെ മുഖത്ത് ആശങ്ക നിറഞ്ഞു. അത് ആൽഫിയുടെ മുഖത്തും പ്രകടമായി....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story