മറുതീരം തേടി: ഭാഗം 2

marutheeram thedi shiva

രചന: ശിവ എസ് നായർ

 ചായക്കപ്പ് പയ്യന് നേരെ നീട്ടുമ്പോൾ അവൾ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി. പൂമടത്തെ വേലായുധന്റെ മകൻ ശിവനെ കണ്ട് അവൾ ഞെട്ടി. അതേ ഭാവത്തോടെ ആതിര അമ്മയെ നോക്കി. പിന്നെ ദയനീയ ഭാവത്തിൽ അച്ഛനെയും. "ഈ വയസ്സനെ ആണോ അച്ഛൻ തനിക്ക് വേണ്ടി കണ്ടുപിടിച്ചു കൊണ്ട് വന്നത്." പൊട്ടിവന്ന സങ്കടം ഉള്ളിലടക്കി ആതിര തിരികെ മുറിയിലേക്ക് പോയി. മുരളിക്കും ഭാരതിക്കും ശിവനെ ഇഷ്ടപ്പെട്ട മട്ടാണ്. ഇട്ട് മൂടാൻ സ്വത്തുണ്ട്. അതാണ് അവർ അവനിൽ കണ്ട നല്ല കാര്യം. ആതിരയ്ക്ക് വയസ്സ് പതിനേഴു കഴിഞ്ഞിട്ടേയുള്ളു. ശിവന് മുപ്പത്തിരണ്ട് വയസ്സുണ്ട്. രണ്ടുപേരും തമ്മിൽ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. പക്ഷേ അതൊന്നും ആരും അത്ര കണ്ട് ഗൗനിച്ചില്ല. സ്വത്തും പണവും കുറെ ഉണ്ടെങ്കിലും ശിവന് ഇതുവരെ കല്യാണം ആകാത്തതിന് കാരണം അയാളുടെ സ്വഭാവ ദൂഷ്യം ഒന്നുകൊണ്ടു മാത്രമാണ്. പരസ്ത്രീ ബന്ധവും കള്ളുകുടിയും ഉള്ളത് കൊണ്ട് ആരും അവന് തങ്ങളുടെ പെണ്മക്കളെ കെട്ടിച്ചു കൊടുത്തില്ല.

മോൻ പെണ്ണ് കെട്ടിയാൽ സകല കൊല്ലരുതായ്മയും നിർത്തുമെന്നാണ് പൂമടത്തുകാരുടെ വിശ്വാസം. ശിവന് പെണ്ണ് നോക്കുന്ന കാര്യം അറിഞ്ഞപ്പോൾ മുരളി തന്നെയാണ് തന്റെ മകൾ ആതിരയ്ക്കും കല്യാണം നോക്കുന്നുണ്ടെന്ന് പൂമടത്തെ വേലായുധനെ അറിയിച്ചത്. അറിഞ്ഞ പാടെ അയാൾ മകനെയും കൂട്ടി പെണ്ണ് കാണാൻ മുരളിയുടെ വീട്ടിലെത്തി. ശിവന് പെണ്ണിനെ ഇഷ്ടമായാൽ ആതിരയ്ക്ക് മിഥുനത്തിൽ പതിനെട്ടു കഴിഞ്ഞ ഉടനെ കല്യാണം നടത്താമെന്ന് ഇരുകൂട്ടരും വാക്ക് പറഞ്ഞു വച്ചു. ഹാളിലെ ചർച്ചകൾ എല്ലാം കേട്ടുകൊണ്ട് മുറിയിലിരിക്കുകയാണ് ആതിര. ഈ ഊരാകുടുക്കിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്നും അവൾക്കറിയില്ലായിരുന്നു. അമ്മയ്ക്കും അച്ഛനും ഈ ബന്ധം എത്രയും പെട്ടെന്ന് നടത്തി വയ്ക്കാനാണ് ആഗ്രഹമെന്ന് അവൾക്ക് മനസിലായി.

ശിവനെ പോലൊരു വൃത്തികെട്ടവന് തന്നെ കെട്ടിച്ചു കൊടുക്കാൻ അവർക്കെങ്ങനെ മനസ്സ് വന്നുവെന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ഓരോന്ന് ഓർത്ത് അവളങ്ങനെ സങ്കടപ്പെട്ട് ഇരിക്കുമ്പോഴാണ് വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്. " ഞാൻ അകത്തേക്ക് വരട്ടെ. " ശിവന്റെ ശബ്ദമായിരുന്നു അത്. ആതിര പെട്ടന്ന് തന്നെ കട്ടിലിൽ നിന്നും പിടഞ്ഞെഴുന്നേറ്റു. "മോനെന്താ വാതിൽക്കൽ തന്നെ നിൽക്കുന്നത് അകത്തേക്ക് ചെല്ല്. രണ്ടുപേരും പരിചയപ്പെട്ടിട്ട് വരൂ.." ഭാരതി അവനെ അവളുടെ മുറിയിലേക്ക് പറഞ്ഞു വിട്ടു. ശിവൻ മുറിയിലേക്ക് കയറിയതും അവർ വാതിൽ പുറത്ത് നിന്ന് ചാരിയ ശേഷം ഉമ്മറത്തേക്ക് പോയി. അത്‌ കണ്ട് ആതിര ഒന്ന് ഞെട്ടി. ഈ അമ്മ എന്താ ഇങ്ങനെയെന്ന് അവൾ മനസ്സിൽ ചിന്തിച്ചു. ശിവനെ പോലൊരു മനുഷ്യനെ എന്ത് ധൈര്യത്തിലാണ് അവർ കുറച്ചു സമയത്തെ പരിചയത്തിന്റെ പുറത്ത് മുറിയിലേക്ക് പറഞ്ഞു വിട്ടത്.

ദേഷ്യവും അമർഷവും ഭയവും അവളെ ഒരുപോലെ പൊതിഞ്ഞു. മനസിലെ സംഘർഷം മുഖത്ത് പ്രകടമാകാതിരിക്കാൻ അവൾ ശ്രമിച്ചു. "കുട്ടിക്ക് എന്നെ ഇഷ്ടപ്പെട്ടില്ല അല്ലെ." ഭിത്തിയിലേക്ക് ചാരി മുഖം താഴ്ത്തി നിൽക്കുന്ന ആതിരയോടായി അയാൾ ചോദിച്ചു. "തന്നെ പോലെയുള്ളവരെ ഏത് പെൺകുട്ടിക്കാണ് ഇഷ്ടപ്പെടുക.?" അവൾ തന്റെ ഇഷ്ടക്കേട് മറച്ചു വച്ചില്ല. "ഹാ അത് ശരിയാണ്. എന്റെ ഈ സ്വഭാവം കാരണമാണ് എനിക്ക് പെണ്ണ് കിട്ടാത്തതും." ശിവൻ താടിയുഴിഞ്ഞുകൊണ്ട് അവളെ നോക്കി. "അത് അറിയാമെങ്കിൽ പിന്നെ എന്തിനാ താനിങ്ങോട്ട് വന്നത്." ശബ്ദം നന്നേ താഴ്ത്തിയാണ് അവൾ സംസാരിച്ചത്. ശിവനോട് താൻ ചൂടായി സംസാരിക്കുന്നത് അച്ഛനും അമ്മയും കേട്ടിട്ട് അടുത്ത പ്രശ്നം ഉണ്ടാവേണ്ടെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. കാരണം അതിന്റെ പേരിൽ അടി കൊള്ളാൻ അവൾക്ക് വയ്യായിരുന്നു.

"ഈ വീട്ടിൽ താനൊരു അധികപറ്റാണെന്ന് തന്റെ ആലോചന എനിക്ക് വന്നപ്പോൾ തന്നെ മനസിലായി. അല്ലെങ്കിൽ പിന്നെ എന്നെപ്പറ്റി നന്നായി അറിയുന്ന മക്കളോട് സ്നേഹമുള്ള ഈ നാട്ടിലുള്ള ഒരാളും എനിക്ക് പെണ്ണ് തരില്ലല്ലോ. അതുകൊണ്ട് ഇത്രടം വരെ വന്ന് തന്നെ ഒന്ന് കാണാമെന്ന് വിചാരിച്ചു." "എനിക്കിനിയും തുടർന്ന് പഠിക്കണം. ഉടനെ ഒരു കല്യാണം കഴിക്കാനും താല്പര്യമില്ല." " നിന്നെ എന്തായാലും വീട്ടുകാർ പഠിപ്പിക്കില്ല. നിന്നെ എത്രയും പെട്ടെന്ന് എനിക്ക് കെട്ടിച്ചു തരാനാണ് അവരുടെ തീരുമാനം. പിന്നെ എന്റെ കൂടെ വന്നാൽ നിനക്ക് ഇഷ്ടമുള്ളത് ഞാൻ പഠിപ്പിക്കാം. " "നിങ്ങളെ പോലെ ഒരു ആഭാസന്റെ കൂടെ ഞാൻ എങ്ങനെ ജീവിക്കും. നിങ്ങളെക്കാൾ എത്രയോ ചെറുപ്പമാണ് ഞാൻ." ആതിരയുടെ മിഴികൾ നിറഞ്ഞു. "കാര്യം ഞാനൊരു പെണ്ണ് പിടിയനും കള്ള് കുടിയനുമാണെങ്കിലും ഒരു പെണ്ണിനെയും അവളെ സമ്മതം കൂടാതെ ഞാൻ തൊട്ടിട്ടില്ല, കരയിച്ചിട്ടുമില്ല. നമ്മൾ തമ്മിലുള്ള വയസ്സ് വ്യത്യാസമൊന്നും നീ നോക്കണ്ട.

അങ്ങനെ എത്രയോ ആൾക്കാർ ജീവിക്കുന്നു. നിന്നെ കരയിപ്പിക്കാതെ നോക്കാമെന്നു ഞാൻ ഉറപ്പ് തരാം. അതുപോലെ ഇന്ന് മുതൽ ഞാൻ നന്നാവാനും ശ്രമിക്കും. പിന്നെ നീ സമ്മതിച്ചാലും ഇല്ലെങ്കിലും അവർ നിന്നെ എനിക്ക് തന്നിരിക്കും. പക്ഷേ ഈ ശിവൻ നിന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രേ നിന്നെ ഇവിടുന്ന് കെട്ടികൊണ്ട് പോവു. ഒരു പെണ്ണ് എന്റെ ജീവിതത്തിൽ വരാൻ സമ്മതം മൂളിയാൽ തന്നെ എനിക്ക് എന്റെ ദുഷിച്ച സ്വഭാവം മാറ്റാൻ പറ്റുമെന്ന വിശ്വാസം ഉണ്ട്. അമ്മ ഇല്ലാതെ വളർന്നതും അച്ഛൻ തന്ന അമിത സ്വാതന്ത്ര്യവും പണവും കാരണമാണ് ഞാൻ ഇങ്ങനെയായി പോയത്." "എനിക്ക് നിങ്ങളെ എന്റെ ഭർത്താവായി ഒരിക്കലും കാണാൻ കഴിയില്ല. ഒരുപക്ഷേ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കേണ്ടി വന്നേക്കാം. അങ്ങനെ സംഭവിച്ചാൽ അതെന്റെ നിസ്സഹായതയും ഗതികേടും കൊണ്ട് മാത്രമായിരിക്കും." ആതിര അയാളോട് പറഞ്ഞു. "തല്ക്കാലം നിനക്ക് വേണ്ടി വീട്ടുകാർ ഉടനെയൊന്നും വേറെ ആലോചന നോക്കില്ല.

നിന്റെ മനസ്സ് മാറുമോന്നറിയാൻ വേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. പൂമടത്തെ ശിവൻ ആലോചിച്ച പെണ്ണാണെന്ന് അറിഞ്ഞാൽ പിന്നെ ഈ നാട്ടിൽ വേറൊരു ചെക്കനും നിന്നെ കെട്ടില്ല. അതുകൊണ്ട് നീ എന്ത് വേണമെന്ന് ആലോചിക്ക്. ഒരു കാര്യം ഞാൻ വീണ്ടും പറയുന്നു നിന്റെ സമ്മതമില്ലാതെ ഞാൻ നിന്നെ ബലാത്‌കാരമായി കെട്ടികൊണ്ട് പോവില്ല. വീട്ടുകാർക്ക് ബാധ്യതയായി എത്ര നാൾ നീയിവിടെ ജീവിക്കും. അതുകൊണ്ട് നന്നായി ആലോചിച്ചു ഒരു തീരുമാനം എടുക്ക്." അത്രയും പറഞ്ഞിട്ട് ശിവൻ മുറിവിട്ട് പുറത്തേക്ക് പോയി. ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്കിരുന്ന് കാൽമുട്ടിൽ മുഖം പൂഴ്ത്തി അവൾ പൊട്ടിക്കരഞ്ഞു. ശിവന്റെ കുടുക്കിൽ നിന്ന് തനിക്ക് രക്ഷ കിട്ടുമോന്ന് അവൾക്കറിയില്ലായിരുന്നു. ഒരാളും കെട്ടികൊണ്ട് പോകാതെ താനിവിടെ വീട്ടുകാർക്ക് ബാധ്യതയായി ഇവരുടെ അടിയും തൊഴിയും കൊണ്ട് കിടന്ന് അവസാനം അയാളെ കെട്ടാൻ സമ്മതം മൂളുമെന്നാണ് ശിവന്റെ മനസ്സിലിരിപ്പ് എന്ന് അവൾക്ക് മനസിലായി.

എന്ത് വന്നാലും തനിക്ക് ഇഷ്ടപ്പെടാത്ത ഒരാളോടൊപ്പം ജീവിക്കാൻ താൻ സമ്മതിക്കില്ലെന്ന് അവൾ മനസ്സിൽ തീരുമാനമെടുത്തിരുന്നു. ശിവനും അച്ഛനും ബന്ധുക്കളും യാത്ര പറഞ്ഞു പോയി. ആതിരയെ തനിക്ക് ഇഷ്ടമായെന്നും അവൾക്ക് വയസ്സ് പതിനെട്ടു കഴിഞ്ഞിട്ട് വിവാഹ കാര്യത്തെ കുറിച്ച് തീരുമാനം എടുക്കാമെന്ന് അറിയിച്ചാണ് അവർ മടങ്ങിയത്. 💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮 ഒരാഴ്ച കടന്നുപോയി. ഇന്നാണ് ആതിരയുടെ പ്രീഡിഗ്രി പരീക്ഷഫലം വരുന്നത്. രാവിലെത്തന്നെ എഴുന്നേറ്റ് കുളിച്ചു അമ്പലത്തിൽ പോയി അവൾ ഈശ്വരനോട്‌ പ്രാർത്ഥിച്ചു. നല്ല മാർക്ക്‌ കിട്ടാനും തന്റെ ആഗ്രഹം പോലെ നഴ്സിംഗ് പഠിക്കാൻ പോകാനും കഴിയണേയെന്ന് മാത്രമായിരുന്നു അവൾ ദൈവത്തോട് പ്രാർത്ഥിച്ചത്. വൈകുന്നേരത്തോടെ റിസൾട്ട്‌ വന്നു. ആ നാട്ടിൽ പ്രീഡിഗ്രി പരീക്ഷ എഴുതിയ കുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക്‌ കിട്ടിയത് ആതിരയ്ക്കായിരുന്നു. റിസൾട്ട്‌ അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞുപോയി.

പക്ഷേ ആ സന്തോഷത്തിനു നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ചേച്ചി അധികം സന്തോഷിക്കണ്ട. ശിവേട്ടനെ കെട്ടി പോവാനുള്ള ചേച്ചി എന്തിനാ വീണ്ടും പഠിക്കണേ. അച്ഛൻ എന്തായാലും ചേച്ചിയെ ഇനി പഠിക്കാൻ വിടില്ല. അതുകൊണ്ട് ഇവിടെ കടിച്ചു തൂങ്ങി നിന്ന് ഞങ്ങളുടെ സമാധാനം കളയാതെ എത്രയും പെട്ടന്ന് ഒന്ന് ഇവിടുന്ന് പോയി തരോ. ഇനിയും പഠിക്കണമെന്ന് പറഞ്ഞു അച്ഛനെ ദേഷ്യം പിടിപ്പിക്കാൻ പോവരുത്. ചേച്ചിക്ക് നല്ലത് അയാളെ കെട്ടിപോവുന്നതാണ്." അനിയത്തി ആരതിയുടെ വാക്കുകൾ അവളെ പൊള്ളിച്ചു. "ആരതിയേച്ചി പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്. അച്ഛന് ചേച്ചിയെ കാണുന്നത് തന്നെ വെറുപ്പാണ്. അതുപോലെ എന്നും അച്ഛന്റെ കൈയ്യിൽ നിന്ന് വഴക്കും അടിയും മേടിക്കാൻ എന്തേലുമൊക്കെ ചേച്ചി ഒപ്പിച്ചു വയ്ക്കാറുമുണ്ടല്ലോ.

അതൊക്കെ കണ്ട് ഞങ്ങൾക്ക് മടുത്തു. ചേച്ചി ഇനിയും ഇവിടെ നിന്നാൽ ഞങ്ങളുടെ അച്ഛന് എന്തേലും പറ്റുമോന്നാ എന്റെ പേടി. വേഗം ആ ശിവേട്ടനെ കെട്ടി പോവാൻ നോക്ക്. ചേച്ചി ഇനിയും ഇവിടെ നിന്ന് ഈ വീട്ടിലെ സമാധാനം കളഞ്ഞു കുളിക്കരുത്." അഞ്ജുവും ആരതിയെ പിന്താങ്ങി. "അങ്ങനെ നിങ്ങടെ ഇഷ്ടം നോക്കി വല്ലവന്റെയും കെട്ടി എന്റെ ജീവിതം തുലയ്ക്കാൻ എന്നെ കിട്ടില്ല. ഞാനിവിടെ വലിഞ്ഞു കയറി വന്ന് താമസിക്കുന്നവളല്ല. നിങ്ങളുടെ സ്വന്തം കൂടപ്പിറപ്പ് ആണ് ഞാൻ. ആ ബോധം വേണം നിങ്ങൾക്ക്. എന്നോട് ഇങ്ങനെയൊക്കെ പറഞ്ഞിട്ട് എന്ത് മനഃസുഖം ആണ് നിങ്ങൾക്ക് കിട്ടുന്നത്. നിങ്ങളെ ചേച്ചിയാണെന്ന പരിഗണന തന്നില്ലെങ്കിലും വേണ്ടില്ല. ഇങ്ങനെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാതിരുന്നൂടെ." ആതിര അവർക്ക് നേരെ ആദ്യമായി ദേഷ്യപ്പെട്ടു.

"കുടുംബം മുടിപ്പിക്കാൻ ഉണ്ടായ അസത്തെ.." അവൾ പറഞ്ഞത് കേട്ടുകൊണ്ട് വന്ന മുരളി പാഞ്ഞു വന്ന് അവളുടെ മുടിയിൽ പിടുത്തമിട്ടു. "അച്ഛനോടും കൂടിയാ പറയുന്നത് ആ ശിവനെന്ന് പറയുന്ന വൃത്തികെട്ടവനെ കെട്ടാൻ എനിക്ക് മനസ്സില്ല." ആതിര ചീറിക്കൊണ്ട് അയാളെ നോക്കി. മുഖമടച്ചൊരു അടിയായിരുന്നു അതിനുള്ള മറുപടി. ശക്തമായ അടിയിൽ അവൾ നിലത്തേക്ക് വീണുപോയി. നിലത്ത് കിടന്ന അവളെ അയാൾ അവിടെയിട്ട് ചവുട്ടി. "എന്ത് കണ്ടിട്ടാ നീയിങ്ങനെ നെഗളിക്കുന്നതെന്ന് മനസിലായി. ഞാൻ പറയുന്നത് അനുസരിച്ചാൽ ജീവനെങ്കിലും ബാക്കി കാണും. അല്ലെങ്കിൽ കൊന്ന് കുഴിച്ചു മൂടും ഞാൻ. മര്യാദക്ക് അവനെയും കെട്ടി ഇവിടുന്ന് ഇറങ്ങി പൊക്കോണം."

കലിതുള്ളി മുരളി മുറ്റത്തേക്ക് ഇറങ്ങിപ്പോയി. "അച്ഛൻ പറയുന്ന കേൾക്കുന്നതാണ് നിനക്ക് നല്ലത്. പൊന്നും പണവും ഇങ്ങോട്ട് തന്ന് നിന്നെ കെട്ടികൊണ്ട് പോകാമെന്നാണ് ശിവന്റെ അച്ഛൻ പറഞ്ഞത്. അങ്ങനെ എങ്കിലും നിന്റെ പേരിൽ അച്ഛന് പത്തു കാശ് കിട്ടിക്കോട്ടേ. വെറുതെ ധിക്കാരം കാട്ടി അങ്ങേരെ കൈയ്യിൽ നിന്ന് തല്ല് മേടിച്ച് കൂട്ടണ്ട." താക്കീതോടെ ഭാരതി അവളോട് പറഞ്ഞു. "ചേച്ചിക്ക് അച്ഛന്റെ കൈയ്യിൽ നിന്ന് എത്ര കിട്ടിയാലും പഠിക്കില്ല." ആരതിയും അഞ്ജുവും അവളെ നോക്കി പുച്ഛിച്ചു. അടികൊണ്ട് വീങ്ങിയ കവിളിൽ കൈപൊത്തി പിടിച്ചുകൊണ്ട് ആതിര അവളുടെ മുറിയിലേക്ക് പോയി. തലയിണയിൽ മുഖം പൂഴ്ത്തി തന്റെ സങ്കടങ്ങളുടെ ഭാണ്ഡകെട്ട് അവൾ ഇറക്കി വച്ചു. നാളത്തെ പുലരി അവളുടെ ജീവിതം മാറ്റി മറിക്കുന്ന സംഭവങ്ങൾക്ക് സാക്ഷിയാകാൻ കാത്തിരുന്നു ........ തുടരും സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story