മറുതീരം തേടി: ഭാഗം 20

marutheeram thedi shiva

രചന: ശിവ എസ് നായർ

ഉൾക്കിടിലത്തോടെയാണ് ആതിര അമ്മാമ്മയുടെ ഫോണിലേക്ക് വിളിച്ച് നോക്കിയത്. റിംഗ് ചെയ്യുന്നുണ്ടെങ്കിലും മറുതലയ്ക്കൽ ആരും ഫോൺ എടുത്തില്ല. അവളുടെ മുഖത്ത് ആശങ്ക നിറഞ്ഞു. അത് ആൽഫിയുടെ മുഖത്തും പ്രകടമായി. "ആൽഫി അമ്മാമ്മ കാൾ എടുക്കുന്നില്ല. എനിക്കെന്തോ പേടിയാവുന്നു. ട്രെയിനിൽ വച്ച് ആരെങ്കിലും അമ്മാമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടാവുമോ?" "ഏയ്‌... അങ്ങനെയൊന്നും ഉണ്ടാവില്ല. നീ വെറുതെ വേണ്ടാത്തതൊന്നും ചിന്തിക്കണ്ട. നമുക്ക് ട്രെയിനുള്ളിൽ കയറി നോക്കാം. അമ്മാമ്മ രാത്രി കയറിയതല്ലേ ട്രെയിനിൽ, ചിലപ്പോൾ സീറ്റിലിരുന്ന് ഉറങ്ങിപ്പോയിട്ടുണ്ടെങ്കിലോ?" ആൽഫിയുടെ ചോദ്യം ന്യായമായിരുന്നു. "അതിനും സാധ്യതയുണ്ട് ആൽഫി. നമുക്ക് ജനറൽ കമ്പാർട്ട്മെന്റിലൊക്കെ ഒന്ന് കയറി നോക്കാം." "ഞാനും അതാ ഇപ്പൊ ആലോചിച്ചത്." ആൽഫിക്കൊപ്പം ആതിരയും ജനറൽ കമ്പാർട്ട്മെന്റിൽ കയറിയിറങ്ങി അമ്മാമ്മയെ തിരയാൻ തുടങ്ങി. സീറ്റിൽ ഉറക്കം തൂങ്ങി ഇരുന്നിരുന്നവരൊക്കെ ഞെട്ടിപ്പിടഞ്ഞ് എണീറ്റ് പുറത്തേക്കിറങ്ങി പോവുന്നുണ്ടായിരുന്നു.

ഓരോ കോച്ചിലും പ്രതീക്ഷയോടെയാണ് ഇരുവരും നോക്കിയത്. പക്ഷേ അവിടെയെങ്ങും ഭാർഗവി അമ്മ ഉണ്ടായിരുന്നില്ല. ഒടുവിൽ സ്ലീപ്പർ ക്ലാസ്സിൽ കയറി നോക്കാമെന്ന് കരുതി വെറുതെ അതിലും കയറി നോക്കിയപ്പോഴാണ് ബാഗ് തലയിണയാക്കി വച്ച് സീറ്റിൽ കിടന്ന് ഉറങ്ങുന്ന അമ്മാമ്മയെ രണ്ടുപേരും കണ്ടത്. ഭാർഗവി അമ്മ മുൻപത്തേതിലും നന്നേ ക്ഷീണിതയായി കാണപ്പെട്ടു. മെല്ലിച്ചുണങ്ങിയ അവരുടെ രൂപം കാണവേ ഇരുവരുടെയും കണ്ണുകൾ ഒരു നിമിഷം നിറഞ്ഞു. ട്രെയിൻ നിന്നതൊന്നുമറിയാതെ അഗാധമായ ഉറക്കത്തിലാണ് അവർ. "അമ്മാമ്മ ഇവിടെ വന്ന് കിടക്കുവായിരുന്നോ." ആൽഫിയും ആതിരയും അവർക്കരികിലേക്ക് ചെന്ന് കുലുക്കി വിളിച്ചു. ഉറക്കച്ചടവോടെയാണ് ഭാർഗവി അമ്മ കണ്ണ് തുറന്നത്. തന്റെ മുന്നിൽ നിൽക്കുന്ന ആൽഫിയെയും ആതിരയെയും അമ്മാമ്മ മിഴിച്ച് നോക്കി.

സ്ഥലകാല ബോധം വീണ്ടെടുക്കാൻ അവർക്ക് ഒരു നിമിഷം വേണ്ടി വന്നു. "ട്രെയിൻ നിർത്തിയത് അമ്മാമ്മ അറിഞ്ഞില്ല മോളെ. അറിയാതങ്ങ് കണ്ണടഞ്ഞുപോയി." "അമ്മാമ്മ ഇന്നലെ സ്ലീപ്പർ കോച്ചിലാണോ കയറിയിരുന്നത്. ട്രെയിൻ വന്ന് നിന്നപ്പോൾ അമ്മാമ്മയെ കാണാഞ്ഞിട്ട് ഞങ്ങൾ എവിടെയൊക്കെ തിരഞ്ഞുവെന്ന് അറിയോ?." വിഷമത്തോടെയും അൽപ്പം ദേഷ്യത്തോടെയും ആതിര ചോദിച്ചു. "അത് മോളെ... ഇന്നലെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ശിവനെ കണ്ടായിരുന്നു. അവനാ എനിക്ക് ടിക്കറ്റ് എടുത്ത് തന്നത്. എടുത്തോണ്ട് വന്നത് സ്ലീപ്പർ കോച്ചിലാ. എന്റേന്ന് ടിക്കറ്റിന്റെ പൈസേം മേടിച്ചില്ല. ട്രെയിൻ കേറിയ സമയം നിന്നെ വിളിച്ചപ്പോ ഞാനിക്കാര്യം പറയാൻ വിട്ടുപോയി മോളെ. പിന്നെ ക്ഷീണം കാരണം ഇന്നലെ സീറ്റിലേക്ക് കിടന്നതേ ഓർമ്മയുള്ളു... പിന്നെ അങ്ങ് ഉറങ്ങിപ്പോയി.

ഇങ്ങനെ ഉറങ്ങിപ്പോവുമെന്ന് ഞാനും വിചാരിച്ചില്ല." ക്ഷമാപണത്തോടെ അമ്മാമ്മ ഇരുവരെയും നോക്കിയപ്പോൾ ആതിരയ്ക്കാകെ വിഷമം തോന്നി. "പെട്ടന്ന് അമ്മാമ്മയെ കാണാതായപ്പോൾ ഞങ്ങളെത്ര പേടിച്ചൂന്ന് അറിയോ. ഒരു നിമിഷം എന്റെ നല്ല ജീവനങ്ങ് പോയി." ആതിര അമ്മാമ്മയെ എഴുന്നേൽക്കാൻ സഹായിച്ചു. "ഇത് ലാസ്റ്റ് സ്റ്റേഷൻ ആയോണ്ട് അമ്മാമ്മ രക്ഷപെട്ടു. അതുകൊണ്ട് വന്ന് ഞങ്ങൾക്ക് കണ്ടുപിടിക്കാനും പറ്റി." ആൽഫി പറഞ്ഞത് കേട്ട് ഭാർഗവി അമ്മ ചിരിച്ചു. "ഇത് ലാസ്റ്റ് സ്റ്റേഷനല്ലേന്ന് കരുതിയാ ഞാൻ ധൈര്യമായിട്ട് കിടന്നുറങ്ങിയത്. അല്ലാത്തപ്പോ കിടന്നാ ഒരു സമാധാനോം ഉണ്ടാവില്ലായിരുന്നു." "എന്തായാലും അമ്മാമ്മ വരൂ. നമുക്ക് വീട്ടിലേക്ക് പോവാം. ആതി പറഞ്ഞില്ലേ പുതിയ വീടെടുത്ത കാര്യം." അമ്മാമ്മയുടെ ബാഗ് വാങ്ങി ആൽഫി മുൻപിൽ നടന്നു. "പുതിയ വീടെടുത്ത കാര്യം മോള് പറഞ്ഞായിരുന്നു. നമ്മൾ നേരെ പോണത് അങ്ങോട്ടേക്കല്ലേ." "ആഹ് അമ്മാമ്മേ.. നമ്മള് വീട്ടിലേക്കാ പോണത്." ആൽഫിയും ആതിരയും ഒരേ സ്വരത്തിൽ പറഞ്ഞു.

മൂവരും ട്രെയിനിൽ നിന്നിറങ്ങി ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് തിരിച്ചു. പോകുന്ന വഴി അവർക്ക് രാവിലെ കഴിക്കാനുള്ള ഭക്ഷണം പാഴ്‌സൽ വാങ്ങിച്ചു. ഒപ്പം കുറച്ച് പലവ്യഞ്ജനങ്ങളും പച്ചക്കറിയും വാങ്ങി. *************** ഭാർഗവി അമ്മയ്ക്ക് വീട് ഒത്തിരി ഇഷ്ടമായി. ആതിരയും ആൽഫിയും ചേർന്ന് അടുക്കിലും ചിട്ടയിലും വീട് ഒതുക്കി വൃത്തിയാക്കിയിരുന്നു. ഭാർഗവി അമ്മതന്നെ ഗ്യാസ് അടുപ്പിൽ പാല് തിളപ്പിച്ച്‌ മൂവർക്കും ഏലക്ക ഇട്ട നല്ല കടുപ്പമുള്ള ചായ തയ്യാറാക്കി. ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയ ദോശയും ചമ്മന്തിയും അമ്മാമ്മ തന്നെ ഒരു പാത്രത്തിലാക്കിയിട്ട് രണ്ടുപേർക്കും വാരി കൊടുത്തു, ഒപ്പം അവരും കഴിച്ചു. ഉച്ചയ്ക്കത്തെ ചോറും കറികളും മൂന്നുപേരും ചേർന്നാണ് റെഡിയാക്കിയത്. ആൽഫിയും ആതിരയും കറിക്ക് അരിഞ്ഞ് കൊടുക്കുകയും തേങ്ങ ചിരകി കൊടുക്കുകയും ചെയ്തപ്പോൾ അമ്മാമ്മ അരി തിളപ്പിച്ച്‌ വാർത്ത്, സാമ്പാറും തോരനും ഉണ്ടാക്കി പപ്പടവും കാച്ചിയെടുത്തു.

ഭാർഗവി അമ്മയുടെ സാമീപ്യം ആൽഫിയിൽ അവന്റെ അമ്മച്ചിയുടെ ഓർമ്മകൾ ഉണർത്തി. അത് മനസ്സിലാക്കിയ അമ്മാമ്മ അവനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. ഉച്ചയ്ക്കുള്ള ഊണ് കഴിഞ്ഞ് മൂവരും നാളത്തെ കാര്യങ്ങളുടെ ചർച്ചയിലേക്ക് കടന്നു. "ഞങ്ങൾ നിന്ന ഹോസ്റ്റലിന് അടുത്ത് ഒരു ചെറിയ ദേവി ക്ഷേത്രമുണ്ട് അമ്മാമ്മേ. കല്യാണം അവിടെ വച്ച് നടത്താനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്." ആൽഫി സംസാരത്തിന് തുടക്കമിട്ടു. "മോള് പറഞ്ഞിരുന്നു. എന്റെ കുട്ടിയെ നിന്റെ കൈയ്യിൽ ഏൽപ്പിച്ചു തരുകയാ ഞാൻ. കരയിപ്പിക്കാതെ നോക്കണം നീയവളെ." ഭാർഗവി അമ്മയുടെ സ്വരമിടറി. "എന്റെ ജീവൻ കളഞ്ഞും ഞാൻ ആതിരയെ സംരക്ഷിക്കും അമ്മാമ്മേ. ഒരവസ്ഥയിലും ഞാനവളെ കൈവിടില്ല." "നിങ്ങളുടെ പ്രായം വളരെ ചെറുതാണ്. നിനക്ക് ഇരുപത്തി നാലും ഇവൾക്ക് ഇരുപത്തി രണ്ടുമേ ആകുന്നുള്ളൂ. ഇത്രയും പെട്ടന്ന് ധൃതി പിടിച്ച് കല്യാണം കഴിപ്പിച്ചു തരുന്നത്, നാളെ എനിക്കെന്തെങ്കിലും സംഭവിച്ചു പോയാൽ ഇവള്ടെ കാര്യം എന്തായി തീരുമെന്ന് ഒരു നിശ്ചയവുമില്ലാഞ്ഞിട്ടാ.

അനാഥ കുട്ടികളെ പോലെ എന്റെ കുഞ്ഞിനെ ഭാരമൊഴിപ്പിക്കാൻ എന്നോണം ഇവളുടെ അച്ഛൻ ആരെയെങ്കിലും തലയിൽ പിടിച്ച് കെട്ടിവച്ചാലുമായി. പത്ത് പൈസ കിട്ടുമെങ്കിൽ എന്ത് തെണ്ടിത്തരവും ചെയ്യാൻ മടിക്കാത്തവനാ ഇവളെ അച്ഛൻ. എന്നെ പേടിച്ച് മാത്രമാണ് ഇപ്പൊ അടങ്ങിയിരിക്കുന്നത്. അതൊക്കെ കൊണ്ടാ ആതിരയുടെ ഭാവി സുരക്ഷിതമാക്കണമെന്ന് ചിന്തയിൽ നിങ്ങളെ ഒരുമിപ്പിക്കാമെന്ന് വിചാരിച്ചത്. ഞാനിനി എത്ര നാൾ ഉണ്ടാവുമെന്ന് അറിയില്ല. ഇപ്പൊതന്നെ വയ്യാതായി വരുവാ." ഭാർഗവി അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. "അമ്മാമ്മയ്ക്ക് ഒന്നും വരില്ല. അത്ര പെട്ടന്ന് എന്നെ വിട്ട് പോവാൻ അമ്മാമ്മയ്ക്ക് പറ്റില്ല." ആതിര അവരുടെ മടിയിലേക്ക് തല ചായ്ച്ചു. "അമ്മാമ്മയ്ക്ക് ഇവിടെ ഞങ്ങളുടെ കൂടെ നിന്നൂടെ." ആൽഫി ചോദിച്ചു. "രാജൻ ഗൾഫിൽ ആയോണ്ട് സുമതിയും പിള്ളേരും വീട്ടിൽ ഒറ്റയ്ക്കാണ്. അതുകൊണ്ട് വല്ലപ്പോഴും വന്ന് കൂടെ നിന്നിട്ട് പോവാനേ എനിക്ക് പറ്റുള്ളൂ മക്കളെ. അതും എത്ര നാളത്തേക്ക് ആണെന്ന് അറിയില്ല. ആരോഗ്യം ഉള്ള കാലം വരെ ഇടയ്ക്കിടെ ഞാൻ നിങ്ങളുടെ കൂടെ നിൽക്കാൻ വരാം. "

"വല്ലപ്പോഴാണെങ്കിലും അമ്മാമ്മ വന്നാമതി." ആൽഫിയും അവരുടെ മടിയിലേക്ക് തല വച്ച് കിടന്നു. "ഞങ്ങളുടെ കല്യാണ കാര്യം അമ്മാമ്മ എപ്പഴാ അമ്മയോട് പറയുന്നേ." ആതിര ചോദിച്ചു. "സമയംപോലെ ഒരുദിവസം വീട്ടിലേക്ക് പോവുന്നുണ്ട്. അപ്പൊ പറയാം. അല്ലാതെ ഫോണിലൂടെ പറഞ്ഞാ ശരിയാവില്ല. എല്ലാം അറിഞ്ഞ് കഴിയുമ്പോഴുള്ള ഭാരതീടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് പറയാൻ പറ്റില്ല." "ഇതറിയുമ്പോ ഉറപ്പായും അമ്മയെന്നോട് പിണങ്ങും. ഇപ്പൊ കാണിക്കുന്ന സ്നേഹവും പിന്നെ കാണില്ല. അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. അമ്മാമ്മ എനിക്കൊപ്പം ഉണ്ടല്ലോ, എനിക്ക് അതുമാത്രം മതി." "ഭാരതിക്ക് നിന്നോട് ഇപ്പൊ ഉള്ളത് ആത്മാർത്ഥമായ സ്നേഹമാണെങ്കിൽ നിന്റെ ഇഷ്ടം അറിഞ്ഞ് കൂടെ നിൽക്കും. എന്തായാലും ഞാൻ പറയുന്നുണ്ട്. മോള് ഇപ്പൊ അതൊന്നും ഓർക്കണ്ട. നാളെ മുതൽ നിങ്ങൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഒറ്റയ്ക്ക് കഴിഞ്ഞത് പോലെയാവില്ല ഇനിയങ്ങോട്ട്. ഒരുമിച്ച് ഒരു വീട്ടിൽ കഴിയുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ഉണ്ടാവും.

അതൊക്കെ പരിഹരിച്ചുവേണം ജീവിക്കാൻ. നിങ്ങൾക്ക് താങ്ങായി നിങ്ങൾ മാത്രമേയുള്ളൂ എന്ന ചിന്ത എപ്പോഴും ഉണ്ടാവണം, കേട്ടല്ലോ." "അമ്മാമ്മ ഒന്നോർത്തും ടെൻഷനാവണ്ട. ഞങ്ങളിവിടെ ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് സന്തോഷത്തോടെ ജീവിക്കും." ആൽഫിയും ആതിരയും ഒരേ സ്വരത്തിൽ പറഞ്ഞു. "ആ ഒരുറപ്പ് മതി എനിക്ക്." ഭാർഗവി അമ്മ ഇരിവരുടെയും നെറുകയിൽ തലോടികൊണ്ട് പറഞ്ഞു. രാത്രി മൂവരും ഒരു മുറിയിൽ ഒരുമിച്ചാണ് കിടന്നത്. അമ്മാമ്മയ്ക്ക് ഇരുവശവും രണ്ടുപേരും സ്ഥാനം പിടിച്ചു. അവരുടെ സ്നേഹച്ചൂടിൽ ഇരുവരും സുഖമായി ഉറങ്ങി. ഭാർഗവി അമ്മ മാത്രം ഉറക്കം വരാതെ ഇരുട്ടിൽ കണ്ണുകൾ തുറന്ന് കിടന്നു. നാളത്തെ ദിവസത്തെ കാര്യങ്ങളാലോചിച്ചു അവർക്ക് ഉറക്കം വന്നതേയില്ല. ************** പിറ്റേ ദിവസം വെളുപ്പിന് അഞ്ചുമണിക്ക് തന്നെ ഭാർഗവി അമ്മ രണ്ടുപേരെയും വിളിച്ച് എഴുന്നേൽപ്പിച്ചു. ഏഴരയ്ക്കാണ് മുഹൂർത്ത സമയം. അതുകൊണ്ട് അവരോട്, വേഗം പോയി കുളിച്ച് റെഡിയായി വരാൻ അവർ നിർദ്ദേശിച്ചു.

ആദ്യം കുളിച്ചു വന്നത് ആതിരയാണ്. ശിവൻ വാങ്ങി കൊടുത്ത പട്ടുസാരിയാണ് അവൾ ഉടുത്തത്. അമ്മാമ്മയാണ് അവൾക്ക് സാരിയുടുപ്പിച്ച് കൊടുത്തത്. പീച്ച് കളർ സാരിയിൽ ആതിര കൂടുതൽ മനോഹരിയായി കാണപ്പെട്ടു. തലമുടി നന്നായി തുവർത്തി സാംബ്രാണി പുക കാണിച്ച് ഉണക്കിയെടുത്തു. ശേഷം മുടി പുറകിലേക്ക് പിന്നിയിട്ട് തലേദിവസം രാത്രി ആൽഫി വാങ്ങികൊണ്ട് കൊടുത്ത മുല്ലപ്പൂ മുടിയിൽ ചൂടി. കണ്ണിൽ കണ്മഷി എഴുതി, മുഖത്ത് അൽപ്പം പൗഡർ പൂശി, നെറ്റിയിൽ ചാന്ത് കൊണ്ട് ചെറിയ പൊട്ട് തൊട്ട് കൈയ്യിൽ സാരിക്ക് മാച്ച് കുപ്പിവളകളിട്ട് അവൾ അണിഞ്ഞൊരുങ്ങി. കഴുത്തിലൊരു ചുവന്ന കല്ല് വച്ച ഫാൻസി നെക്ക്ലസും ധരിച്ചു. അപ്പോഴേക്കും ആൽഫിയും റെഡിയായി വന്നു. വെള്ളയിൽ സ്വർണ്ണ കസവുള്ള മുണ്ടും ചന്ദന കളർ ഷർട്ടുമിട്ട് മുടി ഒരു വശത്തേക്ക് കൈകൊണ്ട് ചീകി ഒതുക്കി വരുന്ന ആൽഫിയെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു.

ആർഭാടമൊന്നുമില്ലാതെ സിമ്പിളായി ഒരുങ്ങി നിൽക്കുന്ന ആതിരയെയും ആൽഫിയുടെ കണ്ണുകൾ തേടിയെത്തി. "സാരിയിൽ നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് ആതി." അവളെ ആദ്യമായിട്ടാണ് അവൻ സാരിയുടുത്തു കാണുന്നത്. "ഞാൻ ആദ്യമായിട്ടാണ് ആൽഫി സാരിയുടുക്കുന്നത്." ചിരിയോടെ അവൾ പറഞ്ഞു. "ഞാൻ എങ്ങനെയുണ്ട് കാണാൻ." മുണ്ടിന്റെ ഒരു വശം ഇടത് കൈകൊണ്ട് തൊട്ടെടുത്ത് ലാലേട്ടന്റെ സ്റ്റൈലിൽ ആൽഫി ചോദിച്ചു. "ചുള്ളനായിട്ടുണ്ട്." പ്രണയപൂർവ്വം അവളവനെ നോക്കി. "രണ്ടുപേരും റെഡിയായെങ്കി നമുക്കിറങ്ങാം." അവർക്കരികിലേക്ക് വന്ന ഭാർഗവി അമ്മ ഇരുവരോടും ചോദിച്ചു. "ഞാൻ പോയി ഓട്ടോ വിളിച്ചുവരാം. അപ്പഴേക്കും നിങ്ങള് വാതിലടച്ച് ഗേറ്റ് പൂട്ടി പുറത്ത് നിൽക്ക്." ആൽഫി പേഴ്‌സുമെടുത്ത് പുറത്തേക്കിറങ്ങി. ആതിര മുൻവാതിൽ അടച്ച് പുറത്ത് നിന്ന് പൂട്ടി ഗേറ്റും അടച്ച് അമ്മാമ്മയെയും കൂട്ടി പുറത്തേക്കിറങ്ങി നിന്നു. അഞ്ചുമിനിറ്റിനുള്ളിൽ തന്നെ ആൽഫി ഓട്ടോറിക്ഷ വിളിച്ച് വന്നു. രണ്ടുപേരും വണ്ടിയിൽ കയറി ഇരുന്നപ്പോൾ ഡ്രൈവർ ഓട്ടോ എടുത്തു.

എഴ് മണിക്ക് അവർ ദേവി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ചെറിയൊരു അമ്പലമാണ്. മൂന്നുപേരും ദേവിയെ തൊഴുത് വന്നു. അമ്മാമ്മ നൽകിയ താലിയും മാലയും ആൽഫി പൂജാരിയുടെ കൈയ്യിൽ കൊടുത്തിരുന്നു. അവർ തൊഴുത് വന്നപ്പോൾ ദേവിയുടെ അരികിൽ വച്ച് പൂജിച്ച താലിമാല നമ്പൂതിരി ആൽഫിയുടെ കൈയ്യിലേക്ക് കൊടുത്തു. ദേവിയുടെ പ്രതിഷ്ഠയ്ക്ക് മുന്നിൽ കൂപ്പുകരങ്ങളോടെ കണ്ണടച്ച് നിൽക്കുകയാണ് ആതിര. ആളും ആരവങ്ങളൊന്നുമില്ലാതെ ദേവിയെ സാക്ഷിയാക്കി ആൽഫി അവളുടെ കഴുത്തിൽ താലി ചാർത്തി. നമ്പൂതിരി നൽകിയ കുങ്കുമം മോതിര വിരലിൽ നുള്ളിയെടുത്ത് അവളുടെ സീമന്ത രേഖയിൽ തൊട്ട് കൊടുത്തു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ നേര്യതിന്റെ തുമ്പാലെ ഒപ്പിയെടുത്ത് ഭാർഗവി അമ്മ ആ കാഴ്ച കണ്ടുനിന്നു. അവരുടെ മനസ്സ് നിറഞ്ഞു. ആതിരയും കരയുകയായിരുന്നു. ആൽഫിയുടെ കരങ്ങൾ അവളുടെ കവിളിനെ നനച്ചിറങ്ങിയ നീർതുള്ളികളെ തൊട്ടെടുത്തു. "ഇനിയീ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല. ഇനിമുതൽ നമ്മൾ രണ്ടല്ല... ഒന്നാണ്. നീ എന്റെ എല്ലാമാണ് ആതി." അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ അമർന്നു. ...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story